ശബരിമല പശ്ചിമഘട്ടത്തെ പ്ലാസ്റ്റിക് മലയാക്കി മാറ്റുന്നു
സി.എം. മനോജ് ജൈവസമ്പന്നമായ ഒരു വനമേഖലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മാരക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവും ശബരിമല. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമൂഹമായിരുന്നിട്ടും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്ളിലേക്ക് ജനകോടികള്‍ ഇരച്ചെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വിരളമാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിച്ച ഈ വിഷയം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചും ജൈവസമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്. ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് വനത്തിന്റെ സ്വാഭാവിക സ്വച്ഛത എന്നതിനാലാണ് സംരക്ഷിത […]
ജൈവസമ്പന്നമായ ഒരു വനമേഖലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മാരക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവും ശബരിമല. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമൂഹമായിരുന്നിട്ടും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്ളിലേക്ക് ജനകോടികള്‍ ഇരച്ചെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വിരളമാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിച്ച ഈ വിഷയം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചും ജൈവസമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്. ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് വനത്തിന്റെ സ്വാഭാവിക സ്വച്ഛത എന്നതിനാലാണ് സംരക്ഷിത വനപ്രദേശങ്ങള്‍ പുറം ഇടപെടലുകളെയെല്ലാം ഒഴിവാക്കി പ്രത്യേകമായി സംരക്ഷിച്ചുപോരുന്നത്. കടുവാ സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും വന്യജീവി സാങ്ച്വറികളുമെല്ലാം ഈ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളതും വലിയ സന്നാഹങ്ങളോടെ സംരക്ഷിച്ചുപോരുന്നതും. കടുവകളുടെ സംരക്ഷണത്തിനായി രൂപീകൃതമായ സങ്കല്‍പ്പമായ കടുവാ സങ്കേതങ്ങള്‍ സംരക്ഷിത പ്രദേശങ്ങളുടെ കൂട്ടത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കാടിന്റെ ആരോഗ്യത്തിന്റെ സൂചകങ്ങളാണ് കടുവകള്‍. ലോകത്തിലെ കടുവകളുടെ എഴുപത് ശതമാനവും കാണപ്പെടുന്ന ഇന്ത്യയില്‍ അതിനാല്‍ത്തന്നെ കടുവാസങ്കേതങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വനാശ്രിതരായ ആദിവാസി സമൂഹങ്ങളെ പരമ്പരാഗത ആവാസവ്യവസ്ഥകളില്‍ നിന്നും പിഴുതെടുത്തുകൊണ്ട് പോലും കടുവാ സങ്കേതങ്ങള്‍ സംരക്ഷിതപ്രദേശങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്. (ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്).
ഇന്ത്യയിലെ 48 കടുവാ സങ്കേതങ്ങളില്‍ വച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ് 925 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പെരിയാര്‍ കടുവാ സങ്കേതം. വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഒട്ടേറെ സസ്യജന്തു ജാലങ്ങളുടെ കലവറയായ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ക്രട്ടിക്കല്‍ ഹാബിറ്റാറ്റിന്റെ കോര്‍ ഏരിയയിലാണ് ശബരിമല എന്ന തീര്‍ത്ഥാടന ടൂറിസ നഗരം വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്നതാണ് വിരോധാഭാസം. പെരിയാര്‍ കടുവാ സങ്കേതത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും ജൈവപ്രാധാന്യം കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടനം ഒരു പാരിസ്ഥിതിക ദുരന്തമായി തീരാതിരിക്കാനുള്ള ഒട്ടേറെ നടപടികള്‍ വനം വകുപ്പിന്റെയും ചില പരിസ്ഥിതി ഗ്രൂപ്പുകളുടെയും ശ്രമഫലമായുണ്ടായെങ്കിലും അതിനെയെല്ലാം പരാജയപ്പെടുത്തുന്ന തരത്തിലുള്ള നയസമീപനങ്ങളാണ് തീര്‍ത്ഥാടന ടൂറിസത്തിന്റെ വരുമാനത്തില്‍ മാത്രം കണ്ണുവച്ചിരിക്കുന്ന ദേവസ്വം ബോര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്ന തരത്തിലുള്ള പുനര്‍ചിന്തകള്‍ മാത്രമാണ് ശാശ്വത പരിഹാരമായി ശബരിമലയ്ക്ക് മുന്നിലുള്ളത്. അതല്ലാതെയുള്ള ഏതു ശ്രമവും പരാജയപ്പെടും എന്നതിന് തെളിവാണ് ഈ സീസണില്‍ നടത്തിയ ബോധവത്കരണ-മലിനീകരണ നിയന്ത്രണ ശ്രമങ്ങളുടെ പരാജയം. കോളീഫോം ബാക്ടീരിയയുടെ കലവറയായി മാറിയ പമ്പ ഇനിയുമൊരു ആക്ഷന്‍ പ്ലാനിന് ബാക്കിയുണ്ടാകുമോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തില്‍ മരണക്കിടക്കയിലാണ്. ശബരിമല ടൗണ്‍ഷിപ്പിന്റെ വികസനത്തിനായി ഇനിയും വനഭൂമി വിട്ടുകിട്ടുമോ എന്ന ആലോചനയിലാണ് ദേവസ്വം ബോര്‍ഡ്. ഹൈന്ദവവാദികളുടെയും ഭൗതികവാദികളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ശബരിമലയിലെ പാരിസ്ഥിതിക വിനാശത്തെക്കുറിച്ച് മറിച്ചൊരഭിപ്രായമില്ല.
ഈ വര്‍ഷം സംഭവിച്ചത്
ശബരിമല തീര്‍ത്ഥാടനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ശ്രദ്ധേയമായ ഇടപെടലുകളുണ്ടായി എന്നതാണ് ഈ സീസണിലെ പ്രത്യേകത. എന്നാല്‍ അതിനെയൊന്നും ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയാത്തവിധം ഭക്തജന പ്രവാഹം പ്രളയ സമാനമായിരുന്നു. ആന്ധ്രയിലും കര്‍ണ്ണാടകയിലുമെല്ലാം ശബരിമല ട്രിപ്പ് നടത്തിക്കൊടുക്കുന്ന ടൂര്‍ ഓപ്പറേറ്റേഴ്‌സ് വ്യാപകമായതോടെ പമ്പയിലേക്കുള്ള പാതകളെല്ലാം നിറഞ്ഞുകവിഞ്ഞു. 2011ലെ മകരവിളക്കിന് പിറ്റേന്ന് തിക്കിലും തിരക്കിലും പെട്ട് 104 മനുഷ്യജീവനുകള്‍ പൊലിഞ്ഞുപോയ പുല്ലുമേട് ദുരന്തമെല്ലാം കേരളം മറന്നുകഴിഞ്ഞു. (അല്ലെങ്കിലും അയല്‍സംസ്ഥാനക്കാര്‍ മാത്രം മരിച്ച ഒരു ദുരന്തത്തില്‍ അത്രവലിയ ഖേദം അന്നേ കേരളക്കരയിലുണ്ടായിരുന്നില്ല). ശബരിമലയിലെ തിരക്ക് എങ്ങനെ നിയന്ത്രിക്കണമെന്ന ആലോചനകള്‍ക്ക് തുടക്കമിടാന്‍ പോലും പുല്ലുമേട്ടില്‍ മരിച്ചുവീണ 104 ഭക്തന്മാര്‍ ഒരു കാരണമായിത്തീര്‍ന്നില്ല എന്നതാണ് ദുരവസ്ഥ. കാണിക്കയില്‍ വീഴുന്ന കാശ് ആരെയൊക്കെയോ നിശബ്ദമാക്കുന്നുണ്ട്. അവരാണ് കുറച്ചു കാടുകൂടി വിട്ടുകിട്ടിയാല്‍ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്ന അസംബന്ധത്തിന്റെ വക്താക്കളായി അവതരിച്ചിരിക്കുന്നത്.
ശബരിമലയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ശിക്ഷാര്‍ഹരാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ശബരിമല, പമ്പ, കാനനപാത എന്നിവിടങ്ങളില്‍ ഭക്തര്‍ ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളുമടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ ശക്തമായ നടപടികളുണ്ടാകണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും അനു ശിവരാമനുമടങ്ങിയ ഡിവിഷന്‍ബെഞ്ച് ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ ഇവര്‍ക്ക് ബാധകമാണെന്നാണ് കോടതി നിരീക്ഷിച്ചത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും ഈടാക്കാന്‍ വകുപ്പുള്ളതാണ് ഈ നിയമം. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശബരിമലയില്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്ന ക്ഷേത്രം അധികാരികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ക്ക് തടയാന്‍ ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്തര്‍ നിക്ഷേപിക്കുന്നുണ്ടെന്നും ഇത് വന്യമൃഗങ്ങള്‍ക്കും പ്രകൃതിക്കും ദോഷകരമായി മാറുന്നുണ്ടെന്നും ശബരിമല ഉള്‍പ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് കോടതി നടപടി ആവശ്യപ്പെട്ടത്. കോടതി ഇടപെടലുണ്ടായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉറക്കമുണര്‍ന്നു. ഗ്രീന്‍ മിഷന്‍ ശബരിമല എന്ന പേരില്‍ ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പരിപാടി ആരംഭിച്ചു. പമ്പയില്‍ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാകുന്നതും തടയുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യ ശേഖരണികളില്‍ മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവ-അജൈവമാലിന്യം പ്രത്യേകം വേര്‍തിരിച്ചെടുക്കുക തുടങ്ങിയ പദ്ധതികളാണ് മിഷന്‍ ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്തത്. ബോധവത്കരണമായിരുന്നു പരിപാടിയുടെ മുഖ്യ ഉദ്ദേശം. അയ്യപ്പന്മാര്‍ വരുന്ന വഴികളെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കേണ്ടുന്നതിന്റെ സന്ദേശം പതിപ്പിക്കുക എന്നതാണ് പ്രധാന ആക്ഷന്‍ പ്ലാന്‍. ഹൈദരാബാദ് മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രധാന ശബരിമല റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമെല്ലാം സന്ദേശങ്ങള്‍ പതിക്കപ്പെട്ടു. പമ്പയില്‍ വസ്ത്രമുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം നടത്തി. പമ്പയെ മലിനപ്പെടുത്തരുതെന്ന സന്ദേശമടങ്ങിയ പ്ലക്കാര്‍ഡ് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന് നല്‍കി രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നീ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണ് ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തിച്ചു. പമ്പ പുണ്യനദിയാണെന്നും വസ്ത്രം ഉള്‍പ്പെടെയുള്ള മാലിന്യം ഉപേക്ഷിക്കുന്നത് ആചാരവിരുദ്ധമാണെന്നും സന്ദേശമടങ്ങിയ പ്ലക്കാര്‍ഡുകള്‍ ആറ് ഭാഷകളില്‍ തയ്യാറാക്കി ഉറപ്പിച്ചു. പമ്പാനദിയില്‍ മലിനമായ തുണി നിക്ഷേപിച്ച 10 പേരെ പമ്പ പോലീസിന്റെ സഹായത്തോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പിടികൂടുകയുണ്ടായി. എന്തായാലും ഇക്കാര്യത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഫലമുണ്ടായത്. പമ്പയില്‍ ഭക്തന്മാര്‍ വസ്ത്രം ഉപേക്ഷിച്ചുപോകുന്നത് തടയാന്‍ വലിയ പരിശ്രമത്തിലൂടെ ഏറെക്കുറെക്കഴിഞ്ഞു. വര്‍ഷാവര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് ലേലം ചെയ്യുന്നതിലൂടെ മാത്രം ദേവസ്വം ബോര്‍ഡിന് വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ടായിരുന്നു.
പമ്പ മലിനപ്പെട്ടാലും അതും കാശാക്കിമാറ്റാം എന്നു ചിന്തിച്ചിരുന്ന ക്ഷേത്രം ഭാരവാഹികള്‍, കര്‍ശനമായ ഇടപെടല്‍ കോടതിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഭാഗത്ത് നിന്നുമുണ്ടായതോടെ മര്യാദക്കാരായി മാറി. അതിന് ഫലവുമുണ്ടായി. പമ്പ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി പറഞ്ഞത്. കുറച്ച് ഭക്തന്മാര്‍ ആദ്യ ദിവസങ്ങളില്‍ പിടിക്കപ്പെട്ടെങ്കിലും അവര്‍ക്കെതിരെ നിയമനടപടിയൊന്നും എടുക്കുകയുണ്ടായില്ല. പോലീസ് അവരെ പിടികൂടിയതിനെതിരെ പ്രതിഷേധവുമുണ്ടായി. പിന്നീട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി മാറിയ അയ്യപ്പസേവാ സമാജം രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി. വ്രതം നോറ്റ് ദര്‍ശനത്തിന് വരുന്നവരെ കസ്റ്റഡിയില്‍ എടുക്കുന്നത് അനുവദിക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി നടന്ന സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന കുമ്മനം രാജശേഖരന് ശബരിമല പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിഷയമേയല്ല.
ഗ്രീന്‍ ശബരിമല മിഷന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് നിന്നും ദിനംപ്രതി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പാണ്ടിതാവളത്തിലുള്ള മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റിന് സമീപത്തായി കുന്നുകൂടികിടക്കുന്ന സ്ഥിതിയാണുള്ളത്. ഇത്രയധികം പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സന്നിധാനത്തില്ല. തിരക്കുള്ള ദിവസങ്ങളില്‍ ശരാശരി 20മുതല്‍ 25വരെ ടണ്‍ മാലിന്യമാണ് സന്നിധാനത്ത് എത്തുന്നതെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ രണ്ട് ടണ്‍വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. സന്നിധാനത്ത് പ്ലാസ്റ്റിക് പൊടിക്കുന്നതിനുള്ള ഒരുപ്ലാന്റ് ഉണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ലേലം ചെയ്ത് ഈ മാലിന്യങ്ങള്‍ ഇവിടെ നിന്നും മാറ്റുക എന്നതു മാത്രമാണ് ഇനി ദേവസ്വം ബോര്‍ഡിന് മുന്നിലുള്ള പോംവഴി. മിഷന്‍ ഗ്രീനിന്റെ ഭാഗമായി ശേഖരിക്കാന്‍ കഴിഞ്ഞ മാലിന്യങ്ങളുടെ കണക്ക് മാത്രമാണിത്. കൊടും കാട്ടിനുള്ളില്‍ എത്രയോ തോതില്‍ മാലിന്യങ്ങള്‍ ഇനിയും ശേഖരിക്കപ്പെടാതെ കിടുപ്പുണ്ട്. അവ ഒരു കണക്കിലും ഒരിക്കലും വരുന്നതേയില്ല.
മ്ലാവ് ചത്ത സംഭവം
ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പരിപാടികള്‍ ആഘോഷപൂര്‍വ്വം ആവിഷ്‌കരിക്കുന്നതിനിടയിലാണ് ശബരിമല പൂങ്കാവനത്തിനടുത്ത് മ്ലാവ് ചത്ത സംഭവമുണ്ടായത്. പ്ലാസ്റ്റിക്കാണ് മ്ലാവിന്റെ മരണത്തിന് കാരണമായിത്തീര്‍ന്നത്. ചത്ത മ്ലാവിന്റെ ശരീരത്തില്‍ നിന്നും നാലര കിലോ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് പോസ്റ്റുമാര്‍ട്ടത്തെ തുടര്‍ന്ന് പുറത്തെടുത്തത്. അതിലേറെയും ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞ പ്ലാസ്റ്റിക്കായിരുന്നു. കൂടാതെ അലൂമിനിയം ഫോയില്‍, ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ലഘുഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകള്‍, ബിസ്‌കറ്റിന്റെ പ്ലാസ്റ്റിക് കവറുകള്‍, പാന്‍പരാഗിന്റെയും ഹാന്‍സിന്റെയും കവറുകള്‍ എന്നിവയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഗ്രീന്‍ ശബരിമല പരിപാടിയെല്ലാം പരാജയമായിരുന്നു എന്നതിന് തെളിവാണ് ഈ സാധു മൃഗത്തിന്റെ അവസ്ഥ. തീര്‍ത്ഥാടനം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ പൂങ്കാവനത്ത് ചരിഞ്ഞ ആനയുടെ ശരീരത്തില്‍ നിന്നും പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തിരുന്നു. ബോധവത്കരണ പരിപാടികള്‍ക്കള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാവുന്നതല്ല ശബരിമലയുടെ അവസ്ഥ എന്നതും ഈ ദുരന്തം തുറന്നു കാണിക്കുന്നു. സീസണ്‍ സമയത്ത് പ്രതിദിനം മൂന്നുനാലു ലക്ഷം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നാണു കണക്ക്; മകരവിളക്കിന് എത്തുന്നവരുടെ എണ്ണം 25 ലക്ഷത്തോളവും. ഇത്രയും ആളുകള്‍ വരുന്ന കാട്ടിനുള്ളിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വലിയ തോതില്‍ എത്തുമെന്ന് ഉറപ്പാണ്. കാരണം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണ സാധനങ്ങളോ, പ്ലാസ്റ്റിക്ക് കുപ്പിയിലുള്ള കുടിവെള്ളമോ നിരോധിച്ചിട്ടുള്ള നാടല്ല ഇന്ത്യ. പല ദേശത്തു നിന്നെത്തി, പലവഴികളിലൂടെ സന്നിധാനത്തില്‍ പ്രവേശിക്കുന്നവരെ പ്ലാസ്റ്റിക് കടത്തുന്നതില്‍ നിന്നും തടയാനും പ്രയാസമാണ്. കാട്ടിലൂടെ നടന്നാണ് ഭക്തര്‍ സന്നിധാനത്ത് എത്തുന്നത് എന്നതിനാല്‍ തന്നെ പോകുന്ന വഴികളിലെല്ലാം പ്ലാസ്റ്റിക് നിറയുന്നു. അഴുതമേട്, കരിമല, നീലിമല എന്നിങ്ങനെ ശബരിമലയിലേക്കുള്ള മൂന്ന് പ്രധാന വഴികളിലും പ്ലാസ്റ്റിക് നിറയുന്നു. ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ നിന്നും പുല്ലുമേട് വഴിയുള്ള വഴിയിലും മകരവിളക്ക് കഴിയുന്നതോടെ പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ പുതിയ മലകള്‍ തീര്‍ക്കും. ഈ പ്ലാസ്റ്റിക്കെല്ലാം പശ്ചിമഘട്ടത്തിലെ വനഭൂമിയില്‍ അടിഞ്ഞുചേരുകയാണ്. പെരിയാര്‍, പമ്പ എന്നീ കേരളത്തിലെ രണ്ട് പ്രധാനനദികളുടെ കൈവഴികളിലേക്ക് ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നു. സൈലന്റ്‌വാലി മുതലുള്ള വനസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന കേരളം ഈ ദുരന്തം കണ്ടുനില്‍ക്കുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന ഈ ദുരന്തം കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് അപമാനമാണ്.
പമ്പയുടെ സ്ഥിതിയെന്ത്?
കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പാ നദിയിലെ മാലിന്യത്തിന്റെ തോത് മുമ്പൊരിക്കലും ഇല്ലാത്ത വിധം വര്‍ദ്ധിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. മകരവിളക്കിന് തലേന്ന് പമ്പക്ക് പടിഞ്ഞാറ് ചെറിയാനവട്ടത്തിന് സമീപം നടത്തിയ പരിശോധനയില്‍ നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ 11,60,000 എം.പി.എന്‍ (മാക്‌സിമം പ്രോബബിള്‍ നമ്പര്‍) കോളിഫോം ബാക്ടീരിയ കണ്ടെത്തി. ഇതേ ദിവസംതന്നെ പമ്പയ്ക്ക് കിഴക്ക് ത്രിവേണിയില്‍നിന്ന് ഉദ്ദേശം നൂറ് മീറ്റര്‍ മാറി വാട്ടര്‍ അഥോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷന് സമീപം (കൊച്ചുപമ്പ) നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 10,40,000 ആയിരുന്നു. വെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജം കലര്‍ന്നതാണ് കോളിഫോം ബാക്ടീരിയയുടെ അളവ് ഇത്രയധികം കൂടാന്‍ കാരണമെന്ന് പി.സി.ബി വ്യക്തമാക്കി. സീസണിന്റെ തുടക്കമായ നവംബര്‍ 17 ന് ത്രിവേണിക്ക് സമീപം നടത്തിയ പരിശോധനയില്‍ നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 190 എം.പി.എന്നും പമ്പക്ക് താഴെ നടത്തിയ പരിശോധനയില്‍ 850 എന്‍.പി.എന്നുമായിരുന്നു അളവ്. അപ്പോള്‍ സീസണ്‍ കഴിയുമ്പോള്‍ കോളിഫോം ബാക്ടീരിയ കൂടുന്നു. ശബരിമല തീര്‍ത്ഥാടനം തന്നെയാണ് പുണ്യനദിയായി പറയപ്പെടുന്ന പമ്പയെ മലിനമാക്കുന്നത് എന്നതിന് ഇതില്‍പ്പരം തെളിവു വേണ്ടതില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം 2006-07 മുതലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പമ്പയില്‍ ദിവസവും ജലപരിശോധന നടത്തിവരുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും സീസണില്‍ പമ്പയിലെ മലിനീകരണ തോത് വര്‍ദ്ധിച്ചുവരുന്നതായാണ് പി.സി.ബിയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പമ്പയിലെ മലിനീകരണത്തിന്റെ തോത് കുറക്കാന്‍ ഏഴു ദശലക്ഷം മലിന ജലം (എം.എല്‍.ഡി) ശുദ്ധീകരിക്കാന്‍ കഴിയുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പമ്പയില്‍ സ്ഥാപിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം. ഇപ്പോഴുള്ളതിന്റെ ശേഷി വെറും മൂന്ന് എം.എല്‍.ഡി മാത്രമാണ്. ഇത്തവണ സന്നിധാനത്തെ വലിയ നടപ്പന്തലിന് കിഴക്ക് മാലിന്യ സംഭരണ ടാങ്ക് പൊട്ടി ഒഴുകുകയുണ്ടായി. ആ മാലിന്യവും ഒഴുകിയെത്തിയത് പമ്പാനദിയിലേക്കാണ്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന്റെ മൂക്കിന് താഴെയാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാകുന്ന കക്കൂസ് മാലിന്യ ചോര്‍ച്ച സംഭവിച്ചത്. അതുപോലെ ഇത്തവണ ശബരിമല ഇടത്താവളമായ നിലയ്ക്കലിലെ മാലിന്യപ്ലാന്റില്‍നിന്നുള്ള മാലിന്യങ്ങള്‍ പാലത്തടിയാര്‍ തോട്ടിലേക്ക് ഒഴുക്കി ആങ്ങമൂഴിയില്‍ കക്കാട്ടാറില്‍ കലര്‍ന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.തോട്ടില്‍ പലയിടത്തും മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടുണ്ട്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ആങ്ങമൂഴിയില്‍ കക്കാട്ടാറിലുള്ള വെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങള്‍ കഴിയുന്നത്. ഈ വെള്ളത്തിലേക്കാണ് മാലിന്യങ്ങള്‍ ഒഴുകിയെത്തി കലര്‍ന്നത്. ഇങ്ങനെ കാടിനെ മാത്രമല്ല, ജലസ്രോതസ്സുകളെയും ശബരിമല തീര്‍ത്ഥാടനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പമ്പയുടെ നാശം അതൊഴുകിയെത്തുന്ന മദ്ധ്യതിരുവിതാംകൂറിലെയും കുട്ടനാട്ടിലെയും ജനജീവിതത്തെക്കൂടിയാണ് കഷ്ടത്തിലാക്കുന്നത്.
ഇല്ല, തീര്‍ത്ഥാടക പ്രവാഹത്തെ നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ ആലോചിക്കുകയല്ലാതെ ഒരു മാസ്റ്റര്‍ പ്ലാനും ശബരിമലയേയോ, പെരിയാര്‍ കടുവാ സങ്കേതത്തേയോ, പമ്പയേയോ ഇനി രക്ഷിക്കാന്‍ പോകുന്നില്ല. ലോകത്തിലെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും അനുഭവം അതാണ്. ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ട് മക്കയില്‍ മരണം പതിവായിത്തീരുന്നത് നമുക്കിപ്പോള്‍ ഒരു വാര്‍ത്തയേയല്ല. ശബരിമലയില്‍ മനുഷ്യര്‍ മാത്രമല്ല, ജൈവസമൂഹവുമാണ് മരിച്ചുവീഴാന്‍ പോകുന്നത്. പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് ഗതിയില്ലാതെ വന്നപ്പോള്‍, മകരവിളക്ക് സര്‍ക്കാര്‍ കാശുമുടക്കി കത്തിക്കുന്നതാണെന്ന് കുറച്ച് വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡ് സമ്മതിച്ചിരുന്നു. ഈ തുറന്ന സമീപനം പമ്പയുടെയും പശ്ചിമഘട്ടത്തിന്റെയും കാര്യത്തില്‍ക്കൂടി ഉണ്ടാകുന്നത് നല്ലതാണ്. ഭക്തിയുടെ പേരില്‍ ഇത്ര വിനാശം മനുഷ്യനും പ്രകൃതിക്കും നേരിടേണ്ടി വരുന്നത് ശാസ്ത്രീയ ചിന്തയ്ക്ക് പ്രാധാന്യം നല്‍കുന്ന ഭരണഘടനയുള്ള ഒരു ആധുനിക-മതേതര-ജനാധിപത്യ സമൂഹത്തിന് ആശാസ്യമല്ല.
കേരളീയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in