വ്യവസായിക നഗരവും സാംസ്‌കാരിക നഗരവും… കേരളത്തിന്റെ ഇരട്ട നഗരങ്ങള്‍

ഇരട്ടനഗരങ്ങള്‍ എന്നത് പുതിയ ഒരാശയമല്ല. ലോകത്തെവിടേയും, ഇന്ത്യയിലടക്കം ഇരട്ടനഗരങ്ങള്‍ നിലവിലുണ്ട്. ഒരു നഗരം വ്യവസായികമൈായി വന്‍തോതില്‍ വളരുമ്പോഴാണ് അതിനൊരു ഉപഗ്രഹനഗരം ആവശ്യമാകുന്നത്. നഗരം വളരുതോറും ജീവിതം ദുസ്സഹമാകുമല്ലോ. സ്വാഭാവികമായും സമീപത്തെ മറ്റൊരു നഗരത്തില്‍ താമസിച്ച് മഹാനഗരത്തില്‍ ജോലിചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. അത്തരമൊരു പ്രതിഭാസം കേരളത്തിലും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ തന്നെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിലാണല്ലോ ഇന്ന് എറണാകുളം. സമീപത്തെ മറ്റുനഗരങ്ങളെയെല്ലാം അതു വിഴുങ്ങികഴിഞ്ഞു. തൃപ്പൂണിത്തുറയും ആലുവയും കളമശ്ശേരിയും അങ്കമാലിയുമടക്കം. ഇനി എങ്ങോട്ട് വളരം എന്ന അവസ്ഥയിലാണ് […]

TSR

ഇരട്ടനഗരങ്ങള്‍ എന്നത് പുതിയ ഒരാശയമല്ല. ലോകത്തെവിടേയും, ഇന്ത്യയിലടക്കം ഇരട്ടനഗരങ്ങള്‍ നിലവിലുണ്ട്. ഒരു നഗരം വ്യവസായികമൈായി വന്‍തോതില്‍ വളരുമ്പോഴാണ് അതിനൊരു ഉപഗ്രഹനഗരം ആവശ്യമാകുന്നത്. നഗരം വളരുതോറും ജീവിതം ദുസ്സഹമാകുമല്ലോ. സ്വാഭാവികമായും സമീപത്തെ മറ്റൊരു നഗരത്തില്‍ താമസിച്ച് മഹാനഗരത്തില്‍ ജോലിചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. അത്തരമൊരു പ്രതിഭാസം കേരളത്തിലും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.
ഇന്ത്യയില്‍ തന്നെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിലാണല്ലോ ഇന്ന് എറണാകുളം. സമീപത്തെ മറ്റുനഗരങ്ങളെയെല്ലാം അതു വിഴുങ്ങികഴിഞ്ഞു. തൃപ്പൂണിത്തുറയും ആലുവയും കളമശ്ശേരിയും അങ്കമാലിയുമടക്കം. ഇനി എങ്ങോട്ട് വളരം എന്ന അവസ്ഥയിലാണ് അറബികടലിന്റെ റാണി. സ്മാര്‍ട്ട് സിറ്റിയും മെട്രോയുമൊക്കെ യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ വളര്‍ച്ച അതിന്റെ ഉച്ചസ്ഥായിയിലെത്തും. അതുതിരിച്ചറിഞ്ഞുകൊണ്ട് എറന്നാകുളത്തിന്റെ ഇരട്ടനഗരമായി തൃശൂരിനെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു.
മുംബൈയെപോലെയോ ഡെല്‍ഹിയെപോലേയോ കേരളത്തില്‍ ഒരു നഗരവും വളരില്ല. അതിനുള്ള ഭൂമി ഇല്ല എന്നതുതന്നെ പ്രധാനകാരണം. ഇനിയത്തെ കാലത്ത് അതൊട്ടും സാധ്യമല്ലതാനും. അപ്പോള്‍ എറണാകുളത്ത് തൊഴില്‍ ചെയ്ത് മറ്റൊരിടത്ത് താമസിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം? അങ്ങനെയാണ് തൃശൂര്‍ എന്ന ആശയം ഉയര്‍ന്നു വരുന്നത്. മുവാറ്റുപുഴയോ ചാലക്കുടിയോ പോലുള്ള പട്ടണങ്ങള്‍ ഇത്തരമൊരാവശ്യത്തിനു അപര്യാപ്തമാണ്. കോട്ടയമോ ആലപ്പുഴയോ ആകട്ടെ ആധുനികകാലം ആവശ്യപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങളില്‍ തൃശൂരിനേക്കാള്‍ പുറകിലുമാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനം ഇന്നു തൃശൂരാണ്. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററായി തൃശൂര്‍ മാറിയതോടെയാണ് അതു സംഭവിച്ചത്. ഇപ്പോള്‍ തന്നെ കേരളത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നു. അതുണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ വേറെയുണ്ട്. സര്‍ക്കാരിന്റേതടക്കം 3 മികച്ച മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജ്, നിരവധി എഞ്ചിനിയറിംഗ് കോളേജുകള്‍, കാര്‍ഷിക സര്‍വ്വകലാശാല, ആരോഗ്യ സര്‍വ്വകലാശാല, നിരവധി മികച്ച സ്‌കൂളുകളും കോളേജുകളും എല്ലാം ഇവിടെയുണ്ട്. ആരോഗ്യരംഗത്ത് പാലക്കാട്, മലപ്പുറം ജില്ലകള്‍ ആശ്രയിക്കുന്നത് തൃശൂരിനെയാണല്ലോ. അലോപ്പതിക്കുപുറമെ, ആയുര്‍വേദ, ഹോമിയോ പോലുള്ള മേഖലകളും തൃശൂരില്‍ സജീവമാണ്. ആരോഗ്യമേഖലയ്ക്ക് വളരെയേറെ പ്രാധാന്യം കൊടുക്കേണ്ടതാണ്.  എന്നാല്‍ ജില്ലാ ആശുപത്രിയില്‍ വേണ്ടത്രെ സൗകര്യങ്ങളില്ല. ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അപര്യാപ്തത, പാരാ മെഡിക്കല്‍ രംഗത്ത പോരായ്മകള്‍ തുടങ്ങി നിരവധിയാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍. ആരോഗ്യമേഖലയില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും കൊണ്ടുവരികയും സി.ടി.സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, ഡയാലിസിസ് യൂണിറ്റ്, പാരാമെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവ ജില്ലാ ആശുപത്രിയില്‍ വരികയുമാണെങ്കില്‍ പാവപ്പെട്ട ജനവിഭാഗത്തിന് വലിയ ആശ്വാസമായിരിക്കും. വിദ്യാഭ്യാസവും ആരോഗ്യവുമാണല്ലോ ജീവിക്കാന്‍ ഒരു പ്രദേശം തിരഞ്ഞെടുക്കുമ്പോള്‍ പ്രഥമപരിഗണന. കോയമ്പത്തൂര്‍, നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഇവിടെനിന്ന് ഏറെ ദൂരെയല്ല. എന്‍.എച്ച് 47ഉം 17ഉം ജില്ലയിലൂടെ കടന്നുപോകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പായുന്നത് ഷൊര്‍ണ്ണൂര്‍ – എറണാകുളം മേഖലയില്‍.
കേരളത്തിലെ നാലാമത്തെ കോര്‍പ്പറേഷനായി തൃശൂര്‍ വളര്‍ന്നെങ്കിലും നിരവധി പച്ചപ്പുകള്‍ ഇവിടെ ഇനിയും അവശേഷിക്കുന്നു. അവ സംരക്ഷിക്കുകയാണെങ്കില്‍ ശുദ്ധവായുവിനു ഇവിടെ ക്ഷാമമുണ്ടാകില്ല. നഗരമധ്യത്തില്‍ ഏക്കറകള്‍ വിസ്തീര്‍ണ്ണമുള്ള തേക്കിന്‍കാട് മൈതാനംപോലെയൊന്ന് ലോകത്തെവിടെ കാണാം? സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ ്അക്കാദമി, സ്‌കൂള്‍ ഓഫ് ഡ്രാമ, ഫൈനാര്‍ട്‌സ് കോളേജ്, കേരള കലാമണ്ഡലം തുടങ്ങി എത്രയോ സാംസ്‌കാരിക സ്ഥാപനങ്ങള്‍. വൈകീട്ടൊരു സാംസ്‌കാരിക പരിപാടിയെങ്കിലും ഇല്ലാത്ത ദിവസം ഈ നഗരത്തിലില്ല. തൃശൂര്‍ പൂരം, ആറാട്ടുപുഴ ഉത്സവം, കൊടുങ്ങല്ലൂര്‍ ഭരണി പോലുള്ള ഉത്സവങ്ങളുടെ നാട്. ഗുരുവായൂര്‍, വടക്കുംനാഥന്‍, തൃപ്രയാര്‍, ഇരിങ്ങാലക്കുട പോലുള്ള ക്ഷേത്രങ്ങള്‍. ചിരിത്ര പ്രസിദ്ധമായ ചേരമാന്‍ പള്ളി. പാലയൂര്‍.. തീര്‍ത്ഥാടക ടൂറിസത്തിന്റെ ആസ്ഥാനമാണ് ഇന്നു തൃശൂര്‍. കൂടാതെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അതിരപ്പിള്ളി. മൂന്നൂറില്‍പരം ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ മൃഗശാല പൂര്‍ത്തിയാകുമ്പോള്‍ വാഴാനി, പീച്ചി, മൃഗശാല, ചിമ്മിനി, അതിരപ്പിള്ളി, ഷോളയാര്‍, മലക്കപ്പാറ, വാല്‍പ്പാറ മേഖലകളെ ബന്ധപ്പെടുത്തി മലയോര ടൂറിസം. കോള്‍പാടങ്ങളെ കേന്ദ്രീകരിച്ചു വളര്‍ന്നു വരുന്ന ഫാം ടൂറിസം. കോയമ്പത്തൂര്‍ക്കാര്‍ക്കുപോലും ഏറ്റവും അടുത്ത ബീച്ചായ വാടാനപ്പിള്ളി ബീച്ച് കേന്ദ്രീകരിച്ച് കടലോര ടൂറിസം.
ചരിത്രപ്രസിദ്ധമായ മുസരീസിനു ശേഷം കേരളവികസനത്തിന്റെ കേന്ദ്രമായി കൊച്ചി മാറുകയായിരുന്നു. കടലിന്റെ അസാന്നിധ്യമായിരുന്നു തൃശൂരിനു പ്രതിബന്ധമായത്. അതേസമയം വളരെ ആസൂത്രിതമായ രീതിയില്‍ ശക്തന്‍ തമ്പുരാന്‍ നഗരത്തിന്റെ വികസനത്തിനു അടിത്തറയി്ടടു. ശക്തന്‍ കൊണ്ടുവന്നു പാര്‍പ്പിച്ച വ്യാപാരികള്‍ തങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്കായി പരസ്പര സഹായത്തോടെ അരംഭിച്ച കുറി പ്രസ്ഥാനം തൃശൂരിന്റെ സാമ്പത്തികാടിത്തരയായി. അങ്ങനെയാണ് കേരളത്തിലെ 4 പ്രമുഖ ബാങ്കുകളുടേയും ആസ്ഥാനം തൃശൂരായത്. അതേസമയം വന്‍തോതില്‍ വ്യവസായവല്‍ക്കരണം നടക്കാതിരുന്നത് തൃശൂരിനു അനുഗ്രഹവുമായി. അവേശേഷിക്കുന്ന പച്ചപ്പ് അതിന്റെ ഫലമാണ്.
അതേസമയം ഇത്തരമൊരു വികസനത്തിനു അനിവാര്യമായ പലതുമുണ്ട്. ഗതാഗതപ്രശ്‌നം തന്നെ ഒന്ന്. ടോളിന്റെ പേരിലുള്ള തര്‍ക്കം നിലനില്‍ക്കുമ്പോഴും റോഡുമാര്‍ഗ്ഗമുള്ള ഗതാഗതം വേഗതയിലായിട്ടുണ്ട്. എന്നാല്‍ മുംബൈ മോഡലില്‍ ലോക്കല്‍ ട്രെയിനുകളാണ് തൃശൂര്‍ – എറണാകുളം മേഖലയില്‍ ആവശ്യം. അതിന്റെ ആദ്യപടിയായി പോയവാരം മെമു സര്‍്വവീസ് ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ രണ്ടു സമാന്തര പാളങ്ങള്‍ കൂടി നിര്‍മ്മിച്ച് അര മണിക്കര്‍ ഇടവേളകളിലെങ്കിലും മെമു ആവശ്യമാണ്. എങ്കില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും തീവണ്ടിയാത്ര തിരഞ്ഞെടുക്കും. അതാണ് ആധുനിക വികസനത്തിനു അനിവാര്യം. ഭാവിയില്‍ മെട്രോ ഇങ്ങോട്ടു നീട്ടുകയുമാവാം.
നഗരത്തിനകത്തെ ഗതാഗതകുരുക്ക് കുറക്കുക, അതിനായി ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കുക, എറണാകുളം, പാലക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ പോകാനുള്ള സൗകര്യമുണ്ടാക്കുക, ബസ് സ്റ്റാന്റുകള്‍ നവീകരിക്കുക, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സെന്ററുകള്‍ സ്ഥാപിക്കുക, മൊബിലിറ്റി ഹബുകള്‍ നിര്‍മ്മിക്കുക,  മാലിന്യപ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുക, കുടിവെള്ള വിതരണം കുറ്റമറ്റതാക്കുക തുടങ്ങിയവും വിഭാവനം ചെയ്യുന്ന രീതിയിലുള്ള വികസനത്തിനു അനിവാര്യമാണ്. എങ്കില്‍ മാത്രമേ പരസ്പര ബന്ധിതമായ ഒരു വികസനം വ്യവസായികനഗരവും സാംസ്‌കാരികനഗരവും തമ്മിലുണ്ടാകൂ.
കേരളം മുഴുവന്‍ ഒരു നഗരമാണെന്ന് പറയാറുണ്ട്. ജീവിത നിലവാരത്തിന്റെ അളവുകോലിലാണ് അങ്ങനെ പറയുന്നത്. അതില്‍ ശരിയുണ്ട്താനും. അതേസമയം കൊച്ചിയുടെ വികസനം യാഥാര്‍ത്ഥ്യമാണ്. അതു തടയുക സാധ്യമല്ല. ഒപ്പം ഇരട്ടനഗരമെന്ന രീതിയില്‍ തൃശൂരും. എങ്കില്‍ നഗരജീവിതം ദുരിതമെന്ന അവസ്ഥക്കു മാറ്റം വരും. ഓട്ടപ്പന്തയത്തില്‍ കേരളത്തെ നയിക്കാന്‍ കൊച്ചിയുണ്ടാകും.  ഒപ്പം ചേരികളുണ്ടാകുന്ന അവസ്ഥ ഇവിടെയെങ്കിലും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും വേണം. അല്ലെങ്കില്‍ ആ വികസനം സാമൂഹ്യനീതിയില്‍ നിന്നകലുകയായിരിക്കും ഫലം.

തൃശൂരിന്റെ വികസനം : ചില ചിന്തകള്‍
എറണാകുളം അടിസ്ഥാനപരമായി ഒരു വ്യവസായിക ജില്ലയാണെങ്കില്‍ തൃശൂര്‍ കാര്‍ഷികജില്ലയാണ്. ആലപ്പുഴയും പാലക്കാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പ്പാദനം നടക്കുന്നത് തൃശൂരിലെ കോള്‍പാടങ്ങളിലാണ്. എന്നാല്‍ കോള്‍കൃഷി മുരടിപ്പില്‍ന്നെ. കുട്ടനാടന്‍ പാക്കേജ് പോലെ ഒരു പാക്കേജ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കിയാല്‍ ഈ മേഖലയില്‍ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടാകും. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
തെങ്ങ് കൃഷി സംരക്ഷിക്കുന്നതിന് ക്ലസ്റ്റര്‍ പദ്ധതികല്‍ ഊര്‍ജ്ജിതമാക്കുകയും നശിച്ചുപൊകുന്ന തെങ്ങുകള്‍ മുറിച്ചുമാറ്റി നടുന്നതിനുള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുകയും വേണം. നാണ്യവിളകളുടെ കാര്യത്തില്‍ പ്രത്യേക പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു. അതുപോലെ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതാണ് പച്ചക്കറി കൃഷി. ഒരു വീടിന് ഒരു അടുക്കളത്തോട്ടം എന്ന നിലയില്‍ പച്ചക്കറി കൃഷി നമ്മുടെ വീടുകളിലേക്ക് കൂടി വ്യാപിപ്പിച്ചാല്‍ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തത നേടുവാന്‍ കഴിയും. കൃഷിക്കാരനും മാര്‍ക്കറ്റും തമ്മിലുള്ള ബന്ധം നല്ല രീതിയിലാക്കുകയും ഇടത്തട്ടുകാരെ ഒഴിവാക്കുകയും ചെയ്താല്‍ നല്ല വരുമാനവും ലഭിക്കും. അങ്ങനെ അന്യസംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കാം. മാത്രവുമല്ല ജൈവകൃഷി സമ്പ്രദായത്തിലൂടെ മാരകമായ വിഷാംശങ്ങള്‍ കലര്‍ന്ന ആരോഗ്യത്തിന് ഹാനികരമായ പച്ചക്കറികളുടെ ഉപയോഗം ഉപേക്ഷിക്കുകയും ചെയ്യാം.
സമൃദ്ധമായി മഴ ലഭിച്ചിട്ടും പല മേഖലകളിലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ജില്ലയാണ് തൃശൂര്‍. കൃഷിയേയും ജലസേചനത്തേയും ഇത് കാര്യമായി ബാധിക്കുന്നു.  ലഭിക്കുന്ന മഴവെള്ളം ശേഖരിക്കാന്‍ സാധിക്കാത്തതുകൊണ്ട് കടലിലേക്ക് ഒഴുക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കിയാല്‍ കൃഷിക്കും കുടിവെള്ള വിതരണത്തിനും പരിഹാരമുണ്ടാക്കുവാന്‍ സാധിക്കും.
ക്ഷീര വികസന രംഗത്ത് ഡയറി ഫാമുകളുടെ ക്ലസ്റ്ററുകള്‍ ആരംഭിച്ച് വേണ്ടത്ര പ്രോത്സാഹനം കൊടുക്കുകയാണെങ്കില്‍ ഈ മേഖലയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കുവാന്‍ സാധിക്കും.
വ്യവസായം.
എറണാകുളം പോലെയൊരു വ്യവസായിക ജില്ലയല്ലെങ്കിലും തൃശൂരിലെ പരമ്പരാഗത വ്യവസായങ്ങളും അതോടൊപ്പം ചെറുകിട വ്യാവസായങ്ങളും പരിപോഷിപ്പിക്കേണ്ടതായിട്ടുണ്ട്. കൂടുതല്‍ ചെറുകിട വ്യാവസായ യൂണിറ്റുകള്‍ രൂപീകരിച്ച് തൊഴിലില്ലായ്മ പരിഹരിക്കുവാനും സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിനും ഊന്നല്‍ നല്‍കണം. പുറമെ നിന്നുള്ള ഏജന്‍സികളുടെ സഹായവും ഇതിനായി വിനിയോഗിക്കുന്നതാണ്.
പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ആധുനിക വ്യവസായങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ വളരുന്നില്ല എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. നഗരത്തില്‍ ഏറ്റവുമധികം  വളര്‍ന്ന് വികസിച്ചത് സ്വര്‍ണവ്യാപാരമായിരുന്നു. കേരളത്തിന്റെ സ്വര്‍ണനഗരമായി  തൃശൂരും സ്വര്‍ണത്തെരുവായി ഹൈറോഡും മാറി. സ്വാഭാവികമായും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും  പാലയ്ക്കല്‍, ചേര്‍പ്പ്, വല്ലച്ചിറ ഭാഗങ്ങളിലും ആഭരണ നിര്‍മാണ വ്യവസായം സജീവമായി. പതിനായിരക്കണക്കിനുപേര്‍ ഈ മേഖലയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നു. ഹൈറോഡില്‍നിന്ന് ജ്വല്ലറികള്‍ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീക്കുകയും വന്‍കിട ജ്വല്ലറികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തപ്പോള്‍ സ്വര്‍ണാഭരണങ്ങളുടെ  ഇറക്കുമതി സജീവമായി. എങ്കിലും കാര്യമായ കോട്ടം തട്ടാതെ സ്വര്‍ണ വ്യവസായവും വ്യാപാരവും തൃശൂരിന്റെ തനിമയായി നിലനില്‍ക്കുന്നു.  മലയാളികളേക്കാള്‍ കൂടുതല്‍ ബംഗാളികളാണ് ഈ മേഖലയില്‍ തൊഴിലാളികളായിട്ടുള്ളത് എന്നത് വേറെ കാര്യം.
ടെക്‌സ്‌റ്റൈല്‍ വ്യവസായരംഗത്ത് സംസ്ഥാനത്തിന്റെ  മുന്‍നിരയിലായിരുന്നു തൃശൂരിന്റെ സ്ഥാനം. സീതാറാം ടെക്‌സ്‌റ്റൈല്‍സ് പോലെ ചരിത്രപ്രാധാന്യമുള്ള മില്ലുകളും അവയില്‍ ഉള്‍പ്പെടും. എന്നാല്‍ മിക്കവാറും മില്ലുകള്‍ അടച്ചുപൂട്ടി. ട്രിക്കോട്ട്, വനജ, രാജഗോപാല്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. സീതാറാമും അളഗപ്പയുമൊക്കെ പേരിന് പ്രവര്‍ത്തിക്കുന്നു. കാലത്തിനൊത്ത് ആധുനികവല്‍ക്കരിക്കാതിരുന്നതും കേരളത്തിലെ വ്യവസായ മേഖല നേരിട്ട പൊതുപ്രശ്‌നങ്ങളുമാണ് ടെക്‌സ്‌റ്റൈല്‍സ് മേഖലയേയും ബാധിച്ചത്.
തകര്‍ച്ചയുടെ വക്കിലെത്തിയതും പുനരുജ്ജീവിപ്പിക്കാന്‍ ഏറെ പ്രയാസമുള്ളതുമായ ഒന്നാണ് ഓട് വ്യവസായം. കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം ഒല്ലൂര്‍-ആമ്പല്ലൂര്‍ മേഖലയാണ്.  നമ്മുടെ നാട്ടില്‍ പരമ്പരാഗത രീതിയിലുള്ള ഓടിന്റെ ഉപയോഗം കുറഞ്ഞെങ്കിലും അലങ്കാര ഓടുകള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. കൂടാതെ മറ്റു സംസ്ഥാനങ്ങളിലേക്കും ഓട് വില്‍ക്കുന്നുണ്ട്. കളിമണ്‍ ലഭ്യതതന്നെയാണ് ഓട് വ്യവസായം നേരിടുന്ന പ്രതിസന്ധി. കൃഷിയെ ബാധിക്കാതെ കളിമണ്ണെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.  അതേക്കുറിച്ച് നിരന്തരമായ അന്വേഷണങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ടെങ്കിലും ഒരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. കൃഷിയെ തകര്‍ക്കാതെ കളിമണ്ണ് കണ്ടെത്താന്‍ കഴിഞ്ഞാലേ ഈ വ്യവസായത്തിന് ഭാവിയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ൂന്ന് കോടി മുതല്‍മുടക്കി നാല് ഏക്കര്‍ സ്ഥലത്ത് മുണ്ടൂര്‍ കൈപ്പറമ്പ് മേഖലകളില്‍ സ്ഥാപിച്ചിരിക്കുന്ന ടൈല്‍ ക്ലസ്റ്റര്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാ്. കിട്ടാവുന്ന ഏത് മണ്ണ് ഉപയോഗിച്ചും ടൈല്‍സ് ഉണ്ടാക്കാവുന്ന സാങ്കേതികവിദ്യ ഇറ്റലിയില്‍നിന്ന് പ്രസ്തുത ക്ലസ്റ്റര്‍ സ്വായത്തമാക്കിയിട്ടുണ്ട്.
മുണ്ടൂര്‍-കൈപ്പറമ്പ് മേഖലയിലെ വൈരക്കല്‍ വ്യവസായമാണ് മറ്റൊന്ന്. പൂര്‍ണമായും പുറംവിപണിയെ ആശ്രയിച്ചു നില്‍ക്കുന്ന ഒന്നാണിത്. ഒരുകാലത്ത് ഹൈസ്‌കൂള്‍ അധ്യാപകരേക്കാള്‍ ശമ്പളം ഇവിടത്തെ തൊഴിലാളികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍ പഠനംപോലും പൂര്‍ത്തിയാക്കാതെ ഈ മേഖലയിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. കാലക്രമത്തില്‍ വൈരക്കല്‍ മേഖലയും പ്രതിസന്ധി നേരിട്ടു. ആദ്യകാലത്ത് ആധുനികവല്‍ക്കരണത്തിന് വേഗത പോരാത്തതായിരുന്നു പ്രശ്‌നം. അതേറെക്കുറെ പരിഹരിച്ചെങ്കിലും കമ്പനികളുടേയും തൊഴിലാളികളുടേയും എണ്ണം നാലിലൊന്നായി കുറഞ്ഞു. ഈ മേഖലയിലെ ഇടനിലക്കാര്‍ മിക്കവാറും കേരളത്തെ ഉപേക്ഷിച്ചതാണ് മുഖ്യ കാരണമായത്. തുടര്‍ന്ന് ഇവിടങ്ങളില്‍നിന്ന് നിരവധിപേര്‍ മുംബൈയിലേക്കും  സൂറത്തിലേക്കും കുടിയേറി. സൂറത്തിലെ വൈരക്കല്‍  മേഖല നിയന്ത്രിക്കുന്നത് മുണ്ടൂര്‍-കൈപ്പറമ്പ് മേഖലകളില്‍നിന്നുള്ളവരാണ്. എന്നാല്‍ ഇവിടത്തെ കാര്യം അധോഗതിയും. സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് എന്തെങ്കിലും പാക്കേജ് കൊണ്ടുവന്നാല്‍  മാത്രമേ ഈ വ്യവസായം രക്ഷപ്പെടാന്‍ പോകുന്നുള്ളൂ. ഡയമണ്ട് മാനുഫാകചറിംഗ് യൂണിറ്റുകളുടെ  നവീകരണവും  ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള അവരുടെ പ്രവര്‍ത്തനവും  അന്താരാഷ്ട്ര വിപണി കീഴടക്കുവാന്‍ സഹായിക്കും.
ചെവ്വൂര്‍ മേഖലയില്‍ ഫര്‍ണിച്ചര്‍ വ്യവസായവും ഒല്ലൂര്‍ മേഖലയില്‍ പാക്കിംഗ് വ്യവസായവും സജീവമായി നിലനില്ക്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ വിലയ്ക്ക്  വിദേശ നിര്‍മിത ഫര്‍ണിച്ചറുകള്‍ ലഭ്യമാകുന്ന അവസ്ഥയില്‍ അവയോട് മത്സരിക്കാവുന്ന രീതിയില്‍ ഇവ ഉടച്ചുവാര്‍ക്കപ്പെടണം. കുന്നംകുളത്തെ നോട്ടുബുക്ക് വ്യവസായത്തിനും ഒന്ന് ശ്രദ്ധിച്ചാല്‍ നല്ല ഭാവിയുണ്ടെന്ന് കാണാം. അതേസമയം ഒല്ലൂരിലും മുളംകുന്നത്തുകാവിലും  നിലനില്‍ക്കുന്ന വ്യവസായപാര്‍ക്കുകള്‍ പ്രതീക്ഷയോടെ ഏഴയലത്തുപോലും എത്തിയിട്ടില്ല. ഏറെ വിവാദമുണ്ടാക്കിയ വിഷയമാണെങ്കിലും ഗുജറാത്തിലേയും മറ്റും  വ്യവസായപാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും. ആധുനികീകരണത്തിന് മടിച്ചുനിന്നതിന്റെ പേരില്‍ തകര്‍ന്ന  ഒന്നാണ് കൊടുങ്ങല്ലൂര്‍ മേഖലയിലെ ചകിരി-കയര്‍വ്യവസായം.  തെങ്ങിനെ അംസ്‌കൃത വസ്തുവാക്കി എത്രയോ വ്യവസായങ്ങള്‍ക്ക് ജില്ലയില്‍ സാധ്യതയുണ്ട്. എന്നാല്‍  അതൊക്ക ചര്‍ച്ചകളില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അതുപോലെ ത്രെഡ് റബര്‍ വ്യവസായത്തിനും ഒരു പുഷ് അപ് ആവശ്യമാണ്.
വല്ലാര്‍പ്പാട കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ആവിര്‍ഭാവത്തോടുകൂടി എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലും  തൃശൂര്‍ ജില്ലയിലെ  കൊടുങ്ങല്ലൂരും  കണ്ടെയ്‌നര്‍ ടെര്‍മിനിലിനോടുബന്ധിച്ചുള്ള ഉപവ്യവസായങ്ങള്‍ക്ക് സാധ്യതകളേറെയാണ്. ഇപ്പോള്‍ ഷിപ്പ് ബില്‍ഡിംഗ് രംഗത്ത് ഇന്ത്യയുടെ 50 ശതമാനം ആവശ്യങ്ങളും നിറവേറ്റുന്നത് ഗുജറാത്താണ്. ആ സ്ഥിതി മാറ്റിയെടുക്കുവാന്‍ തൃശൂരിലെ തീരപ്രദേശങ്ങള്‍ക്ക് സാധിക്കും. കൊടുങ്ങല്ലൂര്‍ അഴിക്കോട് മേഖലകളില്‍ ബോട്ട് റിപ്പയറിംഗ് സ്ഥാപനങ്ങള്‍ ഉടലെടുക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ മാറ്റിമറിക്കുവാന്‍ സാധിക്കും.
കപ്പലുകള്‍ കൊണ്ടുവരുവാന്‍ ആഴമുള്ള അഴിമുഖം തന്നെയാണ് ചേറ്റുവ. അതുകൊണ്ട് ചേറ്റുവയില്‍ ഷിപ്പ് ബ്രേക്കിംഗ് യൂണിറ്റ് ഉണ്ടാക്കുവാന്‍ അധികൃതര്‍ തയ്യാറാണെങ്കില്‍ അത് ആ സ്ഥാപനത്തിന് കൂടുതല്‍ ലാഭകരമായിരിക്കും. തീരപ്രദേശമായ മതിലകം ആസ്ഥാനമായി ഒരു ലൈറ്റ് എന്‍ജിനീയറിംഗ് ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ രൂപാന്തരപ്പെട്ടുകഴിഞ്ഞു.
കേരളത്തിലെ നോട്ടുബുക്ക് ആവശ്യങ്ങളുടെ 40 ശതമാനവും കുന്നംകുളത്തെ നോട്ട് ബുക്ക് നിര്‍മാണ യൂണിറ്റുകളാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ആധുനിക രീതിയില്‍ നോട്ടുബുക്ക് നിര്‍മാണം ഒരു ക്ലസ്റ്റര്‍ രൂപീകരിച്ച് വിപുലപ്പെടുത്തുത്തിനാവശ്യമായ ഡയഗനോസ്റ്റിക് സ്റ്റഡി ജില്ലാ വ്യവസായ കേന്ദ്രവും സ്‌മോല്‍ ഇന്‍ഡസ്ട്രീസ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടും  നടത്തിക്കഴിഞ്ഞു.  കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം തൃശൂര്‍ ജില്ലയിലെ അയ്യന്തോല്‍ മേഖലയിലാണ്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ  സേവനം പൂര്‍ണമായും ഉപയോഗപ്പെടുത്തുവാന്‍ തൃശൂര്‍ ജില്ലക്ക്  സാധിക്കുന്നില്ലെന്നത് ഒരു ദു:ഖസത്യമായി അവശേഷിക്കുന്നു.
തൃശൂര്‍-ഗുരുവായൂര്‍ റെയില്‍പാതക്ക് ഒരു റെയില്‍വേ സൈഡിംഗ് ലൈന്‍ കൂടി വരുകയാണെങ്കില്‍ അതിനോടനുബന്ധിച്ച് ആ മേഖലയെ ഒരു കണ്ടെയ്‌നര്‍ ലോഡിംഗ് സ്‌റ്റോക്ക് യാര്‍ഡാക്കി മാറ്റുവാന്‍ സാധിക്കും. തൃശൂര്‍ ജില്ലയുടെ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ഇരുമ്പ് ഉരുക്ക് സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നതിന് അത് സാഹകരമാകും. വൈദ്യുതി പ്രശ്‌നം പരിഹൃതമാകുകയാണെങ്കില്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍തന്നെ എന്‍ജിനീയറിംഗ് മേഖലയില്‍  ആയുര്‍വേദ മരുന്നു നിര്‍മാണത്തിനുള്ള മെഷിനറികള്‍, ഫുഡ് പ്രൊസ്സസിംഗ് മെഷിഷറികള്‍, ടയര്‍ റീട്രെഡിംഗ് മെഷിനറികള്‍, റബര്‍ അധിഷ്ടിത വ്യവസായങ്ങല്‍ക്കുള്ള മെഷിനറികല്‍ എന്നിവയുടെ ഒരു എന്‍ജിനീയറിംഗ് വ്യവസായ ക്ലസ്റ്റര്‍ രൂപീകരിച്ച് അന്താരാഷ്ട്രതലത്തില്‍ വിപണി കണ്ടെത്തുവാന്‍ ശ്രമിക്കേണ്ടതാണ്.
ഐ.ടി., ടൂറിസം, ആയുര്‍വേദം എന്നിവയെ  ജില്ലയുടെ ഭാവി നിര്‍ണയിക്കുന്ന ആധുനിക വ്യവസായങ്ങളായി അംഗീകരിച്ച്  അവ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അടിയന്തര കടമയായി കാണണം. കൊച്ചി കേരളത്തിന്റെ  ഐ.ടി കേന്ദ്രമായി മാറുമ്പോള്‍ തൃശൂരിനും സാധ്യതകള്‍ നിരവധിയാണ്. കൊരട്ടിയില്‍ ഐ.ടി. പാര്‍ക്ക്  പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ കൊച്ചി-തൃശൂര്‍ ഐ.ടി. കോറിഡോര്‍ വികസിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. വിദ്യാഭ്യാസരംഗത്ത്  ഏറെ മുന്നിലാണെന്നത് അതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഈ മേഖലയുടെ പ്രാധാന്യം  ബന്ധപ്പെട്ടവര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല എന്നതിന് തെളിവ് തൃശൂര്‍ നഗരസഭ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചതും എന്നാല്‍ പ്രവര്‍ത്തനരഹിതമായതുമായ പറവട്ടാനി ഐ.ടി. പാര്‍ക്ക്. എറണാകുളത്തുള്ള  ഐ.ടി. മേഖലയുടെ  സാറ്റലൈറ്റ് ടവറിന്റെ ഇന്റര്‍നാഷണല്‍ കേബിള്‍ കണക്ഷന്റെ വ്യാപ്തി തൃശൂരിലേക്കുകൂടി വ്യാപിപ്പിച്ചെങ്കില്‍ മാത്രമേ തൃശൂരിന് ഐ.ടി. രംഗത്തെ വികസനം ത്വരിതപ്പെടുത്തുവാന്‍ സാധിക്കുകയുള്ളുവെന്ന സത്യവും മറക്കരുത്.
തൃശൂരിലെ വ്യവസായ വികസനത്തിന് തടസ്സമായി വരുന്നത് പലപ്പോഴും സ്ഥലത്തിന്റെ ദൗര്‍ലഭ്യമാണ്. അത് പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ രുപപ്പെടുത്തിയെടുത്ത ലാന്റ് ബാങ്കിന് സാധിക്കും. ജില്ലാ വ്യവസായ കേന്ദ്രം അഞ്ച് വര്‍ഷത്തേക്കുള്ള  വികസന പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. വികസനത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കേണ്ട വകുപ്പുകളുടെ ഏകോപനമില്ലായ്മ വികനസത്തെ പലപ്പോഴും കടിഞ്ഞാണിടാറുണ്ട്. അതിനും പരിഹാരമാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply