വേണു ഇപ്പോഴും ചില ”ഭൂതങ്ങളുടെ” പിടിയില്‍

ഡോ. കെ. ഗോപിനാഥന്‍ ജനസഞ്ചയവും അധികാരവും എന്ന വിഷയത്തെ കേന്ദ്രീകരകിച്ച് മാതൃഭുമി പ്രസിദ്ധീകരിച്ച കെ വേണുവും കരുണാകരനുമായുള്ള സംഭാഷണത്തോടുള്ള പ്രതികരണം കെ. വേണുവും കരുണാകരനുമിടയിലെ സംഭാഷണത്തിലെ ചില വിഷയങ്ങളോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. നെഗ്രെയുടെ സൈദ്ധാന്തിക നിലപാടുകളിലും അവയെ ആശ്രയിച്ച് നില്‍ക്കുന്നു എന്ന് വേണു പറയുന്ന ബി. രാജീവന്റെ നിഗമനങ്ങളിലും ഇടപെടുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പ്രത്യേകം പറയട്ടെ. വേണു ഇപ്പോഴും ചില ”ഭൂതങ്ങളുടെ” (കാലപരവും അല്ലാത്തതുമായ ധ്വനികള്‍ ഉദ്ദേശിക്കുന്നുണ്ട്) പിടിയിലാണല്ലോ എന്ന കൗതുകം പങ്കുവയ്ക്കുക മാത്രമാണ് കുറിപ്പിന്റെ  […]

k vഡോ. കെ. ഗോപിനാഥന്‍

ജനസഞ്ചയവും അധികാരവും എന്ന വിഷയത്തെ കേന്ദ്രീകരകിച്ച് മാതൃഭുമി പ്രസിദ്ധീകരിച്ച കെ വേണുവും കരുണാകരനുമായുള്ള സംഭാഷണത്തോടുള്ള പ്രതികരണം

കെ. വേണുവും കരുണാകരനുമിടയിലെ സംഭാഷണത്തിലെ ചില വിഷയങ്ങളോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. നെഗ്രെയുടെ സൈദ്ധാന്തിക നിലപാടുകളിലും അവയെ ആശ്രയിച്ച് നില്‍ക്കുന്നു എന്ന് വേണു പറയുന്ന ബി. രാജീവന്റെ നിഗമനങ്ങളിലും ഇടപെടുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പ്രത്യേകം പറയട്ടെ. വേണു ഇപ്പോഴും ചില ”ഭൂതങ്ങളുടെ” (കാലപരവും അല്ലാത്തതുമായ ധ്വനികള്‍ ഉദ്ദേശിക്കുന്നുണ്ട്) പിടിയിലാണല്ലോ എന്ന കൗതുകം പങ്കുവയ്ക്കുക മാത്രമാണ് കുറിപ്പിന്റെ  ലക്ഷ്യം.
യൂറോപ്യന്‍ നവോത്ഥാന – ആധുനികത പദ്ധതിയുമായി ചേര്‍ന്നും പലപ്പോഴും അതിന്റെ സ്വഭാവ നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക സ്വാധീനവുമായിരുന്ന ആധുനിക ശാസ്ത്രവും ഇവയുടെയെല്ലാം പാരമ്പര്യവും പിന്തുടര്‍ച്ചയും അവകാശപ്പെടുന്ന മാര്‍ക്‌സിസവുമാണ്, പ്രകടമായും, പലപ്പോഴും പ്രച്ഛന്നമായും ഇപ്പോഴും വേണുവിന്റെ സൈദ്ധാന്തിക ആസ്പദങ്ങള്‍. ഇതൊരു അപരാധമാണെന്ന സൂചനയൊന്നുമില്ല. ഉപയോഗമൂല്യം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം തന്നെ കണ്ടെത്തുകയും ഉപേക്ഷിക്കുകയും ചെയ്തു എന്ന് ധരിക്കുന്ന ചില രീതിശാസ്ത്ര സമീപനങ്ങളും നിഗമനങ്ങളും ഇപ്പോഴും വേണുവിന്റെ നിരീക്ഷണങ്ങളെ നിയന്ത്രിക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം.
മനുഷ്യസമൂഹപരിണാമം ചരിത്രത്തെ വളരെ സംക്ഷിപ്തമായി വിലയിരുത്തിയതിനൊടുവില്‍ ”ഭാവിയില്‍ ഇത് ലോകസമൂഹവും ലോകപൗരന്മാരുമായി രൂപാന്തരപ്പെടുകയുമാവാം” എന്ന് ഗണിച്ച് പറയുന്നത് വായിക്കുമ്പോള്‍, പഴയ ചുവപ്പന്‍ ഉട്ടോപ്യയുടെ സെപിയ ടോണിലുള്ള റീവൈന്‍ഡ് ആയിട്ടാണ് അനുഭവപ്പെടുന്നത്. മാരകമായ ചില ലഹരികള്‍ അത്ര പെട്ടെന്നൊന്നും വിട്ടുപോകുന്നവയല്ലെന്ന് സമാധാനിക്കാം. അമ്പതിനായിരം കൊല്ലങ്ങളുടെ ഭൂതകാലത്തെ ‘ശാസ്ത്രീയ’മായി നിരൂപിച്ചെടുക്കുകയും മനുഷ്യരാശിയുടെ ഇനിയങ്ങോട്ടുള്ള ഭാവിയെ ‘കൃത്യമായി’ പ്രവചിക്കുകയും ചെയ്യുന്ന വസ്തുനിഷ്ഠ ശാസ്ത്രീയതയായിരുന്നു ആ ലഹരികളുടെ സൈദ്ധാന്തിക അടിത്തറ. സമാനമായ മറ്റു പല ലഹരികള്‍ക്കും ഇവയില്‍നിന്നുള്ള ഒരു വ്യത്യാസം ശാസ്ത്രീയതയുടെ അവകാശവാദമില്ല എന്നതു മാത്രമാണ്. എങ്കിലും ‘ദൈവരാജ്യം’ പുലരുമെന്ന, സിരകളെ ത്രസിപ്പിക്കുന്ന വിശ്വാസം അവയെല്ലാം പങ്കുവച്ചു.
ശാസ്ത്രം ഒരു ഭാഷയാണ്. അന്വേഷണത്തിന്റെ ഒരു രീതി. എല്ലാ ഭാഷകള്‍ക്കുമെന്നപോലെ അതിനും അതിന്റേതായ ഒരു പ്രവൃത്തിലോകമുണ്ട്. അതിനപ്പുറത്തേക്കുള്ള അതിന്റെ നിര്‍ബന്ധിത വ്യാപനം അഭികാമ്യമായിരിക്കില്ല. ഇന്നേവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ അത്രയും വ്യക്തമായിട്ടുണ്ട് എന്ന് ന്യായമായും കരുതാം. അനുനിമിഷം അനാവൃതമാകുന്ന വര്‍ത്തമാനവും അതില്‍നിന്ന് സര്‍ഗ്ഗാത്മകമായി (ഉല്‍)ഭവിക്കുന്ന (സം)ഭവങ്ങളും മാത്രമാണ് ഉള്ളത്. ഭാവി എന്ന ഒരു കാലസംവര്‍ഗ്ഗം ഇല്ലാത്തതാണ്. മനുഷ്യജാതിക്ക് മാത്രമുള്ള ഒരു സങ്കല്പനമാണത്. എ കില്ലര്‍ കണ്‍സപ്റ്റ്. അതിന്റെ പേരിലാണ് മുന്‍പ് സൂചിപ്പിച്ച മാരകമായ ലഹരികളെല്ലാം ഇരകളെ കണ്ടെത്തിയത്. മനുഷ്യനെ ഏറ്റവും വലിയ ഉല്‍ക്കണ്ഠയും ലഹരിയുമില്ലാത്ത ഈ ഭാവിയെ കേന്ദ്രീകരിച്ചായിരുന്നു. വര്‍ത്തമാനത്തിലെ പീഡനങ്ങളും വേട്ടയാടലുകളും കൂട്ടക്കുരുതികളും ഭാവിക്കുവേണ്ടിയായിരുന്നു. നിരന്തരവര്‍ത്തമാനത്തില്‍ ജീവിച്ചുമരിക്കുന്നവയാണ് ജീവിവര്‍ഗ്ഗങ്ങളൊക്കെയും. ഭൂതം-വര്‍ത്തമാനം-ഭാവി എന്ന നേര്‍രേഖയിലുള്ള കാലഗണന താരതമ്യേന ആധുനികവും ‘ശാസ്ത്രീയ’ വുമാണ്. മറ്റൊരു കാലത്തില്‍ ജീവിക്കാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു. ഹെഗേലിയന്‍ പ്രപഞ്ച ആത്മാവിന്റെ ആത്മസാക്ഷാത്കാരത്തിലേക്കുള്ള പ്രയാണം തന്നെയാണിപ്പോഴും നമുക്ക് ചരിത്രം ! ലക്ഷ്യസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സമൂഹമോ, പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയോ; കര്‍തൃസ്ഥാനത്ത് തൊഴിലാളിവര്‍ഗ്ഗമോ ജനസഞ്ചയമോ ആയാലും. ഇവ തമ്മിലുണ്ടെന്ന് കരുതുന്ന വൈരുദ്ധ്യം അവയുടെ പ്രത്യക്ഷതയില്‍ മാത്രമാണ്. ഒരു മുന്‍ നിശ്ചിത പദ്ധതിയിലേക്ക് മനുഷ്യചരിത്രത്തെ ഒതുക്കാമെന്ന സൈദ്ധാന്തിക ഭ്രമമാണ് അവ പൊതുവായി പങ്കുവയ്ക്കുന്നത്. അനന്തസാദ്ധ്യതകളുടെ ഒരു ഗര്‍ഭസ്ഥലിയോടുകൂടിയ വര്‍ത്തമാനം ഒരു വിസ്മയമണ്ഡലമാണ്. നാളെയെകുറിച്ചുള്ള ഇന്നിന്റെ ഏകപക്ഷീയമായ തീര്‍പ്പുകള്‍ അതില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനുള്ള വിനയമാണ് നമുക്കാവശ്യം. അതില്ലാതെ പോകുന്നതുകൊണ്ടാണ് വിപ്ലവം എന്ന പരികല്പന തന്നെ നൈതികവും താത്വികവുമായി അശ്ലീലമാകുന്നത്; മനുഷ്യനുനേരെയുള്ള അന്യായമാകുന്നത്.
ജനാധിപത്യത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഹോബ്‌സ് മാത്രമല്ല, ദെക്കാര്‍ത്തും റൂസ്സോയം കടന്നുവരേണ്ടതുണ്ട്. എങ്കിലേ പാശ്ചാത്യ നവോത്ഥാന/ആധുനികതയുടെ അടിസ്ഥാന ദാര്‍ശനിക പരികല്പനയായി കേവലവല്‍ക്കരിക്കപ്പെട്ട വ്യക്തിയും അതിന്റെ ശത്രുപക്ഷത്ത് സമൂഹവും പ്രതിഷ്ഠിക്കപ്പെട്ടതിന്റെ മൂലത്തിലെത്താനൊക്കൂ. അമ്പതിനായിരം കൊല്ലങ്ങളായി മനുഷ്യചരിത്രം അനുസ്യൂതമായ ഒരു നേര്‍രേഖ പിന്തുടര്‍ന്ന്, വ്യക്തി-സമൂഹസംഘര്‍ഷം പരിഹരിച്ച് ബൂര്‍ഷ്വ ജനാധിപത്യത്തിലെത്തി അതിന്റെ ലക്ഷ്യം കണ്ടിരിക്കുകയാണെന്നത് ഇനിയും വേണുവില്‍നിന്നും പടിയിറങ്ങിയിട്ടില്ലാത്ത മാര്‍ക്‌സിസ്റ്റ് മുത്തശ്ശിക്കഥയുടെ സ്വാധീനത്തെ കാണിക്കുന്നതാണ്. ”ആശയപരമായ വ്യക്തതക്കുറവിനോടൊപ്പം അധികാരകേന്ദ്രങ്ങളോടുള്ള വിധേയത്വമോ ഭയമോ” മാത്രമല്ല; ഒരു തലമുറയില്‍ അതിന്റെ ജനിതകത്തോളം ആണ്ടിറങ്ങിയ സൈദ്ധാന്തിക  അഭിനിവേശമാണ് നിസ്സാര്‍ അഹമ്മദിനെപോലെയുള്ളവരില്‍ കാണുന്ന ‘ബുദ്ധിപരമായ സത്യസന്ധതയില്ലായ്മ’യുടെ കാരണം എന്നുവരാം. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നറിയുമ്പോഴും, കെട്ടുപോകാതെ, മനസ്സില്‍ നീറിപ്പിടിച്ചു നില്‍ക്കുന്ന ഒരു കൗമാര പ്രണയത്തിന്റെ തീക്ഷ്ണത പോലെയാണത്. സൈദ്ധാന്തികതയുടെ ക്ലിഷ്ടവ്യവഹാരങ്ങളിലെങ്കിലും അതിന് ഒളിച്ചേ മതിയാകൂ. പ്രവാചകരുടെ തെളിഞ്ഞ പറച്ചിലുകള്‍ മഠാധിപതികളുടെ ക്ലിഷ്ടവ്യവഹാരങ്ങളിലേക്ക് അന്യപ്പെടുന്ന സ്‌കോളാസ്റ്റിക് ഫേസ് മാര്‍ക്‌സിസത്തിന് മാത്രം സംഭവിച്ചിട്ടുള്ള ഒരു ദുരന്തമല്ലല്ലോ.
വ്യക്തി-സമൂഹ വൈരുദ്ധ്യമെന്ന, അത്ര സുരക്ഷിതമല്ലാത്ത ഒരു ആസ്പദത്തിലാണ് വേണു തന്റെ വാദങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. ”ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയ ആദിമ മനുഷ്യരുടെ ആദ്യസംഘം” മുതല്‍ തന്നെ ഈ ”വൈരുദ്ധ്യം ബീജാവാപം ചെയ്തിട്ടുണ്ട്” എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല. ചരിത്രത്തിന് പിന്നിലേക്ക് അത്രയും നീട്ടിയൊരേറ് അതിരു കടന്നതാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. അത്രയും തീവ്രമല്ലാത്ത ഒരു ”മുന്‍വിധി”യാണ് വ്യക്തി-സമൂഹവൈരുദ്ധ്യത്തിന്റെ വേരുകള്‍ യൂറോപ്യന്‍ മോഡേണിറ്റിയില്‍ തിരയുന്നത്. ലക്ഷണയുക്തനായ വ്യക്തി ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത് അപ്പോഴാണ്. I think therefore I am (Descarta) Man is born free but every where he is in chains (Rouseaw)  ഇത്തരം കാല്പനിക-രാഷ്ട്രീയ വ്യവഹാരങ്ങള്‍ ‘കണ്ടുപിടിച്ച’ താണ് വ്യക്തിയെ, ആ വ്യക്തിമുതലാളിത്ത മാര്‍ക്കറ്റിന് അത്യന്താപേക്ഷിതമായിരുന്നു. കൊളംബസ് ‘കണ്ടുപിടിക്കുകയും’ പിന്നീട് അതിനനുസരിച്ച് നിര്‍മ്മിച്ചെടുക്കുകയും ചെയ്ത അമേരിക്കക്ക് സമാനമാണത്.
വ്യക്തിയും സമൂഹവും തമ്മിലുള്ള ഉരസലുകളും താല്‍പര്യഭേദങ്ങളും ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല എന്നല്ല പറയുന്നത്. അത് എക്കാലവുമുണ്ടായിരുന്നു. ഇനിയും ഉണ്ടാവുകയും ചെയ്യും. പ്രകൃതിയില്‍നിന്ന് ചരിത്രത്തിലേക്ക്/ സമൂഹത്തിലേക്ക്/ സംസ്‌കാരത്തിലേക്ക്/ ഭാഷയിലേക്ക് കൂടുമാറിയ ഒരു ജീവജാതിയില്‍ അത് സ്വാഭാവികവുമാണ്. പക്ഷേ സംഘമായി/ സമൂഹമായി മാത്രം നിലനില്‍പ് സാദ്ധ്യമായിരുന്ന ദീര്‍ഘമായ ഒരു കാലയളവില്‍ ഇന്ന് നാം മനസ്സിലാക്കുന്ന തരത്തില്‍ ആ വൈരുദ്ധ്യം ഗണ്യമായിരിക്കാനിടയില്ല. സമൂഹമാണ് മൃഗത്തില്‍നിന്ന് മനുഷ്യനെ സാദ്ധ്യമാക്കിയത്. അമ്പതിനായിരം കൊല്ലത്തെ ചരിത്രത്തില്‍ എത്രയോ ചെറിയ ഒരു കാലയളവുമാത്രമാണ് അയ്യായിരം കൊല്ലത്തെ സാംസ്‌കാരിക ചരിത്രം. അത്യന്തം ശത്രുതാപരവും അപകടകരവുമായ പ്രാകൃതിക പരിതോവസ്ഥകളില്‍ ഒരു റോബിന്‍സണ്‍ ക്രൂസോ ഭ്രമകല്പന മാത്രമാണ്. സൂപ്പര്‍മാര്‍ക്കറ്റ് യുഗത്തിലെ ഒരു വ്യക്തിയുടെ സമൂഹവുമായുള്ള വൈരുദ്ധ്യ വിചാരങ്ങളെ ഇത്രയും പുറകോട്ട് വിക്ഷേപിക്കുകയും മനുഷ്യചരിത്രത്തിലെയാകെ നിര്‍ണ്ണായക വൈരുദ്ധ്യവുമായി കാണുന്നതില്‍ തരക്കേടുണ്ട്. ഊരിക്കളഞ്ഞ വര്‍ഗ്ഗവൈരുദ്ധ്യമെന്ന ഉറക്കു പകരം വ്യക്തി-സമൂഹവൈരുദ്ധ്യത്തെ പകരം ധരിക്കുന്നതും ആരംഭത്തില്‍ സൂചിപ്പിച്ച ഭൂതങ്ങളുടെ പിടി വേണ്ടത്ര അയഞ്ഞിട്ടില്ലാത്തതുകൊണ്ടാകാം.

മനുഷ്യസമൂഹത്തിന്റെ പരിണാമസാധ്യതകള്‍ അനന്തം

കെ വേണു

കെ ഗോപിനാഥിന്റെ പ്രതികരണം കണ്ടു. ഗോപിനാഥിനെ പോലെ ഉത്തരാധുനിക ശൈലി പിന്തുടരുന്നവര്‍ ആധുനികം എന്ന് വേര്‍തിരിച്ചു കാട്ടുന്ന ചിന്താപദ്ധതിയേയും അതിന്റെ ഭാഗമായ ശാസ്ത്രത്തേയും അംഗീകരിക്കുന്ന ആളാണ് ഞാനെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാധുനിക ചിന്താഗതിയെ കൃത്രിമമായ വാചകകസര്‍ത്ത് എന്നു മനസ്സിലാക്കി ഞാന്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ആ നിലക്ക് ഗോപിനാഥിന്റെ ഉത്തരാധുനിക ശൈലിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്?
ഞാന്‍ പറയാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങള്‍ എന്നില്‍ ആരോപിച്ച് വിമര്‍ശനങ്ങളുന്നയിക്കുന്നതിനെ കുറിച്ച് മാത്രം പറയാം. മനുഷ്യസമൂഹം ജനാധിപത്യം എന്ന അന്തിമ സാമൂഹ്യരൂപത്തില്‍ എത്തിയിരിക്കുന്നു എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പറയുകയുമില്ല. കാരണം പരിചിതനായ (ളശിശലേ യലശിഴ) മനുഷ്യന്റെ വ്യവഹാരമേഖലയായ ശാസ്ത്രത്തിന് അനന്തമായ പ്രകൃതിയെ സമഗ്രമായി മനസ്സിലാക്കാന്‍ ആവില്ലെന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിവലാണ് ഞാന്‍. പ്രകൃതിയുടെ അനന്തമായ പരിണാമപ്രക്രിയയിലെ ചെറിയൊരു കാലഘട്ടമായി മനുഷ്യസമൂഹത്തേയും അവന്റെ പരിണാമത്തേയും കാണുന്നു. അതുകൊണ്ടുതന്നെ ഈ പരിണാമത്തിന്റെ ഭൂത, വര്‍ത്തമാന, ഭാവികള്‍  എന്നും മനുഷ്യന്റെ പരിഗണനയില്‍ വരുകയും ചെയ്യും. ചിലര്‍ക്ക് വേണമെങ്കില്‍ ഇതില്‍ ചില മേഖലകളെ കൃത്രിമമായി തമസ്‌കരിച്ചു നിര്‍ത്താനായേക്കും. അതവരുടെ കാര്യം. മനുഷ്യസമൂഹത്തിന്റെ  പരിണാമസാധ്യതകള്‍ അനന്തമാണെന്ന് ഞാന്‍ കരുതുന്നു. എന്തെങ്കിലും ഒരു നിര്‍ണ്ണിത രൂപം പ്രകൃതിക്കുതന്നെയില്ലെന്നാണ് ഞാന്‍ കരുതുന്നത്. സമൂഹത്തിന്റെ ഭാവിയും അങ്ങനെതന്നെ. ജനാധിപത്യത്തെ കുറിച്ചുള്ള ഒരു സ്വപ്‌നരൂപവും മുന്നിലില്ല. ഞങ്ങളുടെ സംഭാഷണം ചെറിയൊരു വിഷയത്തില്‍ ഊന്നിയതുകൊണ്ട് വിശദമായ ചര്‍ച്ചയിലേക്ക് പോയില്ലെന്നേയുള്ളു.
ആധുനികമനുഷ്യന്റേയും ഭാഷയുടേയും ഉത്ഭവകാലത്തെ കുറിച്ചുള്ള ജൈവ പുരാവസ്തു നരവംശ ശാസ്ത്ര ഗവേഷണങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം തൃപ്തികരമായ ശാസ്ത്രീയാടിത്തറയില്‍ നിന്നുകൊണ്ടാണ് ആ കാലഘട്ടവുമായി ബന്ധപ്പെട്ട എന്റെ നിഗമനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അവ കാല്‍പ്പനിക സങ്കല്‍പ്പങ്ങളല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply