വെള്ളിത്തിരയിലെ കാഴ്ചകള്‍

കെ.സി. സെബാസ്റ്റിന്‍ മുംബൈയില്‍ നടന്ന ‘മിഫ്’ (മുംബൈ അന്തര്‍ദേശീയ ചലച്ചിത്രോത്സവം) മികവുറ്റ അന്താരാഷ്ട്ര ചലച്ചിത്രോത്സവംതന്നെയാണെന്ന് ഒരിക്കല്‍കൂടി  തെളിയിച്ചു. എന്നാല്‍, രാഷ്ട്രീയപരവും സാഹസികവുമായി ധീരതയോടെ  ചിത്രീകരിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ മുന്‍വര്‍ഷത്തെപ്പോലെ ഉണ്ടായിരുന്നില്ല. നേരിന്റെ നേര്‍ക്കാഴ്ചകള്‍ അടയാളപ്പെടുത്തുന്ന രേഖീയമായ ചലച്ചിത്രങ്ങളുടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ മേളകളിലൊന്നാണ് ‘മിഫ്’ -MIFF (മുംബൈ അന്തര്‍ദേശീയ ചലച്ചിത്രോത്സവം). രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന ഡോക്യുമെന്ററി, ഷോര്‍ട്ട്, ആനിമേഷന്‍ ചിത്രങ്ങളുടെ ഗൗരവമേറിയ മേളയാണ് ‘മിഫ്’ (MIFF). സര്‍ക്കാറിന്റെ അധീനതയിലുള്ള ഫിലിംസ് ഡിവിഷനാണ് സംഘാടകര്‍. ഫീച്ചര്‍ സിനിമകളുടെ ഗ്‌ളാമറിനും മായക്കാഴ്ചകള്‍ക്കും […]

2016-01-30 16.39.53കെ.സി. സെബാസ്റ്റിന്‍

മുംബൈയില്‍ നടന്ന ‘മിഫ്’ (മുംബൈ അന്തര്‍ദേശീയ ചലച്ചിത്രോത്സവം) മികവുറ്റ അന്താരാഷ്ട്ര ചലച്ചിത്രോത്സവംതന്നെയാണെന്ന് ഒരിക്കല്‍കൂടി  തെളിയിച്ചു. എന്നാല്‍, രാഷ്ട്രീയപരവും സാഹസികവുമായി ധീരതയോടെ  ചിത്രീകരിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ മുന്‍വര്‍ഷത്തെപ്പോലെ ഉണ്ടായിരുന്നില്ല.

നേരിന്റെ നേര്‍ക്കാഴ്ചകള്‍ അടയാളപ്പെടുത്തുന്ന രേഖീയമായ ചലച്ചിത്രങ്ങളുടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ മേളകളിലൊന്നാണ് ‘മിഫ്’ -MIFF (മുംബൈ അന്തര്‍ദേശീയ ചലച്ചിത്രോത്സവം). രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന ഡോക്യുമെന്ററി, ഷോര്‍ട്ട്, ആനിമേഷന്‍ ചിത്രങ്ങളുടെ ഗൗരവമേറിയ മേളയാണ് ‘മിഫ്’ (MIFF). സര്‍ക്കാറിന്റെ അധീനതയിലുള്ള ഫിലിംസ് ഡിവിഷനാണ് സംഘാടകര്‍.
ഫീച്ചര്‍ സിനിമകളുടെ ഗ്‌ളാമറിനും മായക്കാഴ്ചകള്‍ക്കും ഉപരി നേരിന്റെ സുതാര്യത സ്‌ക്രീനില്‍ രേഖകളാക്കിയ ചലച്ചിത്രങ്ങളുടെ സമൃദ്ധമായ ഈ മേളക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റങ്ങളോ ബഹളങ്ങളോ ഇല്ല. സ്വച്ഛന്ദമായ അന്തരീക്ഷത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമത്തെിയ ഗൗരവബുദ്ധികളായ ചലച്ചിത്രകാരന്മാരും ആസ്വാദകരുമാണ് ഈ മേളയുടെ കരുത്ത്. പൂര്‍ണമായും വാണിജ്യമുക്തമായ ചിത്രങ്ങളാണ് മേളയുടെ മുഖമുദ്ര.
അന്താരാഷ്ട്ര, ദേശീയചിത്രങ്ങളുടെ മത്സരവിഭാഗമടക്കം 400 ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ തെളിഞ്ഞപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൈതികവും മാനുഷികവുമായ വിഷയങ്ങളുടെ വൈജ്ഞാനികതയിലേക്ക് പ്രേക്ഷകന്‍ നയിക്കപ്പെട്ടു.
സാമൂഹികപരമായ വിഷയങ്ങള്‍ക്ക് നോണ്‍ ഫിക്ഷന്‍ ചിത്രങ്ങള്‍ പ്രാമുഖ്യം നല്‍കിയപ്പോള്‍ വൈയക്തികമായ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു ഫിക്ഷന്‍ ചിത്രങ്ങള്‍.
അന്താരാഷ്ട്ര പുരസ്‌കാര ചിത്രങ്ങള്‍

1ഒരുമണിക്കൂറില്‍ താഴെയുള്ള മത്സരവിഭാഗത്തില്‍ 52 മിനിറ്റുള്ള ‘ഫുംഷാങ്’ എന്ന ഇംഗ്‌ളീഷ് ചിത്രമാണ് ഗോള്‍ഡന്‍ കൊഞ്ച് പുരസ്‌കാരത്തിന് അര്‍ഹമായത്. ‘AFSPA 1958’ എന്ന രാഷ്ട്രീയശ്രദ്ധേയവും വിവാദവുമായ മണിപ്പൂരി ചിത്രത്തിന്റെ സംവിധായകന്‍ ഹബം പബന്‍കുമാര്‍ ആണ് ഈ ചിത്രത്തിന്റെയും ശില്‍പി.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വടക്കുകിഴക്കന്‍ ഇന്ത്യയിലെ ബൃഹത്തായ ശുദ്ധജല തടാകമായ ലോക്തക്ലേക്കിനെ കുറിച്ചുള്ളതാണ് ‘ഫുംഷാങ്’. വിസ്മയമായി തോന്നാവുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സമാനമില്ലാത്ത ഫുംഡി (phumdi) എന്ന തുരുത്തുകള്‍ (biomass) കൊണ്ട് ശ്രദ്ധേയമാണ് ലോക്തക്ലേക്ക്. മത്സ്യത്തൊഴിലാളികള്‍ അവരുടെ ഉപജീവനത്തിനായി ഫുംഡിയില്‍ കുടില്‍കെട്ടി താമസിക്കുന്നു. ഇവിടെ നടക്കുന്ന മനുഷ്യനിര്‍മിതമായ വികസനവും മറ്റുംകൊണ്ട്, ജൈവവൈവിധ്യത്താല്‍ സമ്പന്നവും സമൃദ്ധവുമായ ഈ ശുദ്ധജലതടാകം ഇന്ന് മരിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ സംരക്ഷണത്തിലേക്ക് നമ്മെ എത്തിക്കുകയാണീ ചിത്രം.

2ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഫീച്ചര്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ ‘മൈ നെയിം ഈസ് സാള്‍ട്ട്’ മറ്റൊരു ചിത്രമായ ‘പ്‌ളേസ് ബോ’യുമായി ഗോള്‍ഡന്‍ കൊഞ്ച് പുരസ്‌കാരം പങ്കുവെച്ചു.
മുംബൈയില്‍ ജനിച്ച് അമേരിക്കയില്‍ പഠിച്ച് സ്വിറ്റ്‌സര്‍ലന്‍ഡുകാരനെ വിവാഹം കഴിച്ച് സൂറിച്ചില്‍ താമസിക്കുന്ന ഫരീദ പച്ചയാണ് ‘മൈ നെയിം ഈസ് സാള്‍ട്ട്’ എന്ന ചിത്രത്തിന്റെ സംവിധായിക. ഗുജറാത്തിലെ മരുഭൂമിയില്‍ 8 മാസം താമസിച്ച് ലോകത്തിലെ ഏറ്റവും വെളുത്ത ഉപ്പുണ്ടാക്കുന്നവരുടെ ജീവിതമാണിവിടെ അനാവരണം ചെയ്യുന്നത്. 40,000 ഗ്രാമീണര്‍ കുടുംബത്തോടെ ഈ വെയില്‍ തിളക്കുന്ന ഭൂമിയിലത്തെി താമസിച്ചാണ് ഉപ്പുകൃഷി ചെയ്യുന്നത്. വിളവെടുത്ത് കഴിഞ്ഞാല്‍ ഇവര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുന്നു. വര്‍ഷങ്ങളായി ഇത് തുടരുന്നു. കാരണം മണ്‍സൂണ്‍ സമയത്ത് ഈ ഉപ്പുപാടങ്ങള്‍ മുഴുവന്‍ ഒലിച്ചുപോകുകയും ഈ മരുഭൂമി മുഴുവന്‍ കടലായി മാറുകയും ചെയ്യും.
ഈ മരുഭൂമിയില്‍ ഇവര്‍ കുടുംബത്തോടെ വരുന്നതും ഉപ്പ് വിളയിച്ച് വില്‍പന നടത്തി തിരിച്ചുപോകുകയും ചെയ്യുന്ന ദീര്‍ഘമായ ഒരുകാലം 92 മിനിറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കഷ്ടപ്പെട്ടുണ്ടാക്കുന്ന ഉല്‍പന്നത്തിന് ന്യായമായ വില ലഭിക്കാതെ പോകുന്നതും ഡീലര്‍മാരാല്‍ ചൂഷണം ചെയ്യപ്പെടുന്നതും ഇവിടെ പതിവുകാഴ്ച. വിചിത്രമെന്ന് തോന്നാവുന്ന ഇവരുടെ ഉപ്പുകൃഷിയും ജീവിതവും നമ്മെ വിസ്മയിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. കാര്യമായി എഡിറ്റിങ്ങില്ലാതെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലുട്‌സ്‌കൊണര്‍മന്‍ ആണ് ഛായാഗ്രാഹകന്‍.
ചണ്ഡിഗഡില്‍ താമസിക്കുന്ന അഭയ്കുമാര്‍ ആണ് പ്‌ളേസ് ബോ യുടെ സംവിധാനം. ചിത്രസന്നിവേശത്തിനും മികച്ച നൂതനചിത്രത്തിനും രണ്ട് പുരസ്‌കാരങ്ങള്‍ ‘പ്‌ളെസീബൊ’ കരസ്ഥമാക്കിയിട്ടുണ്ട്.
വൈദ്യവിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന ആയാസവും സമ്മര്‍ദവും അന്വേഷണാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് ‘പ്‌ളെസീബൊ’. മെഡിക്കല്‍കോളജില്‍ പഠിക്കുന്ന തന്റെ സഹോദരന് ഹോസ്റ്റലില്‍വെച്ച് ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇതിന്റെ കാരണം അന്വേഷിച്ചുള്ള സംവിധായകന്‍ അഭയ്കുമാറിന്റെ യാത്രയാണ് വൈദ്യവിദ്യാര്‍ഥികളുടെ ജീവിതത്തെയും സ്ഥാപനത്തെയും തുറന്നുകാട്ടുന്ന നൂതന രേഖീയചിത്രമായി ‘പ്‌ളെസീബൊ’ രൂപാന്തരപ്പെട്ടത്. ചിത്രീകരണശൈലിയും എഡിറ്റിങ്ങും പുരസ്‌കാരങ്ങളെ അന്വര്‍ഥമാക്കി.
പ്രഥമ ചിത്രത്തിനുള്ള ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ഡെന്മാര്‍ക്കില്‍നിന്നുള്ള ‘ഫാര്‍ ഫ്രം ഹോം’ എന്ന ചിത്രത്തിനാണ്. ഡാനിഷ്, പഞ്ചാബി ഭാഷയിലുള്ള 71 മിനിറ്റുള്ള ഈ ചിത്രം നിതേഷ് അഞ്ജാന്‍ സംവിധാനംചെയ്തിരിക്കുന്നു. 39 വര്‍ഷത്തിനുശേഷം ഡെന്മാര്‍ക്കില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് ജന്മനാടായ പഞ്ചാബിലേക്ക് തിരിച്ചത്തെുകയും അവിടെ താന്‍ വിരാമമിട്ട ജീവിതം തുടരുകയും ചെയ്യുന്നു. സംവിധായകനായ നിതേഷിന്റെ അച്ഛനാണ് ഇയാള്‍. നിഗൂഢവും ഉള്ളില്‍ അടക്കിപ്പിടിച്ചതുമായ തന്റെ അച്ഛന്റെ നിശ്ചിതമായ തീരുമാനത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് നിതേഷ് അഞ്ജാന്‍ ഈ ചിത്രത്തിലൂടെ നടത്തുന്നത്. ചാപല്യത്തെയും ആസക്തിയെയും ലോലതയെയും കുറിച്ചുള്ള ഒരു വ്യക്തിപരമായ കഥയാണ് ‘ഫാര്‍ ഫ്രം ഹോം’. എന്നാല്‍ ഇതെല്ലാം ദൃഢവും അച്ഛനും മകനും തമ്മിലുള്ള കെട്ടുപാടുമാണ്.

3മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ‘ഛായ’ക്കായിരുന്നു. ദേബഞ്ചന്‍ നന്ദി സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റാണ്. സ്വന്തം നിഴലില്‍ ഭാര്യയുടെ ഓര്‍മകളുമായി ജീവിക്കുന്ന, ലൗകികമായി മുതിര്‍ന്ന പൗരന്മാരുടെ കേന്ദ്രത്തില്‍ കുടുങ്ങിപ്പോയ പ്രകാശ് എന്ന ഒരു വയോധികന്റെ കഥയാണ് ‘ഛായ’. പ്രകാശിന്റെ ഗതകാലം പ്രത്യക്ഷപ്പെടുന്നതുപോലെ ഭീഷണിപ്പെടുത്തുന്നതുമാകുന്നു അയാളുടെ വര്‍ത്തമാനകാലം. ഒരു വിഷമകരമായ തീരുമാനത്തിന് മുമ്പ് പ്രകാശ് സ്വയം കണ്ടത്തെുന്നു; ഒരു വശീകരണം എന്നാല്‍ അയഥാര്‍ഥമായ സ്വപ്നം അല്‌ളെങ്കില്‍ അപ്രകാരം, ഇതാണോ ജീവിതം?

4മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ പങ്കിട്ടു’അഗ്ലി ബാര്‍’, ‘സോളോ ഫിനാല്‍’.
ഇന്ന് ചേരിനിവാസികള്‍ അവരുടെ കുടിലുകള്‍ നിയമവിരുദ്ധമായി പൊളിക്കുന്നതിനെ തടയുന്നു. നാളെ അവര്‍ നീതിക്കുവേണ്ടി നിയമവിധേയ പോരാട്ടത്തിനായി ഹൈകോടതിയിലേക്ക്. ഇന്ന് രാത്രി ചിലര്‍ അതുറപ്പാക്കുന്നു. അതൊരിക്കലും സംഭവിക്കരുതെന്ന്; ആ സമയത്ത് ഒരു മാരകമായ കരച്ചില്‍. അവിടെ എല്ലാം അവസാനിക്കുന്നു, അവസാനിപ്പിക്കുന്നു. ഈ ഒരു യാഥാര്‍ഥ്യം ഭീതിദമായി നമ്മെ അനുഭവിപ്പിക്കുകയാണ് ‘അഗ്ലിബാര്‍’. കൊല നടത്തുന്നവര്‍ക്ക് പിന്നില്‍ ഹൈന്ദവരാഷ്ട്രീയത്തിന്റെ അദൃശ്യ കരങ്ങളുണ്ടെന്ന കൊച്ചുസൂചന നല്‍കുന്ന ചിത്രം, അടുത്ത ഇരയെ തേടിയത്തെുന്ന കൊലയാളി പ്രേക്ഷകരിലാരെയും കൊല്ലാം എന്ന ദൃശ്യത്തിന് പൂര്‍ണമാകുമ്പോള്‍ അടുത്ത പ്രാവശ്യം ആരെന്നത് നമ്മളില്‍ ഒരു സമസ്യയാകുന്നു. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹിന്ദി ചിത്രം ദേവാഷിഷ് മഖീജ സംവിധാനം ചെയ്തിരിക്കുന്നു.

5ഒരു സംസര്‍ഗം (relationship) വക്രമായി പോകുന്ന കഥയാണ് ‘സോളോ ഫിനാല്‍’. നമുക്കറിയാം എന്നും പ്രയോജനപ്പെടുത്താത്ത ലോകത്തിലെ ഊര്‍ജതന്ത്രത്തിന്റെ കാവ്യാത്മകവും അതിയാഥാര്‍ഥ്യവുമായ ദൃശ്യങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട പ്രണയത്തിന്റെ ധ്രുവാഭിമുഖതയുടെ ഒരു ദൃഷ്ടാന്തമാണീ ചിത്രം. ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ജര്‍മന്‍ ചിത്രത്തിന്റെ സംവിധായകന്‍ ഇന്റോ പുട്‌സെയാണ്.
ദേശീയ പുരസ്‌കാര ചിത്രങ്ങള്‍
ഒരു മണിക്കൂറില്‍ താഴെയുള്ള മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഗോള്‍ഡന്‍ കൊഞ്ച് ലഭിച്ചത് ‘ഫേമസ് ഇന്‍ അഹ്മദാബാദ്’ എന്ന ഗുജറാത്തി, ഹിന്ദി ചിത്രത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടം പറപ്പിക്കല്‍ ഉത്സവത്തിന്റെ വര്‍ണാഭമായ പശ്ചാത്തലത്തിലാണ് ‘ഫേമസ് ഇന്‍ അഹ്മദാബാദ്’ ചിത്രീകരിച്ചിരിക്കുന്നത്. ഈ പട്ടംപറത്തല്‍ ഉത്സവത്തിന് തോന്നിയ രീതിയിലുള്ള പ്രകൃതമാണ്. ഇത്തരം ഭ്രാന്ത് അഹ്മദാബാദ് നഗരത്തില്‍ മൊത്തത്തിലുള്ളതാണ്. 11

6വയസ്സുള്ള സെയ്ദിന്റെ പട്ടത്തോടുള്ള ഭ്രമം, തന്റെ കൂട്ടുകാരനൊത്ത് പട്ടം പറത്തുന്ന കെട്ടിടത്തിലെ പഴയ കാവല്‍ക്കാരനെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ തികച്ചും അതുല്യമായ ഇന്ത്യയുടെ വര്‍ണമിന്നൊളിയാണ് ചിത്രം പ്രതിപാദിക്കുന്നത്. ഹാര്‍ദിക് മെഹ്തയാണ് 29 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ സംവിധായകന്‍.
ചന്ദ്രശേഖര്‍ റെഡ്ഢി സംവിധാനം ചെയ്ത ‘ഫയര്‍ ഫൈ്‌ളസ് ഇന്‍ ദ അബീസ്’ ഒരു മണിക്കൂറിന് മുകളിലുള്ള മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. ഈ ഇന്ത്യന്‍ ചിത്രം 88 മിനിറ്റുള്ള ഇംഗ്‌ളീഷ്, ഹിന്ദി, നേപ്പാളി ഭാഷകളിലുള്ളതാണ്.
വടക്കുകിഴക്കന്‍ ഇന്ത്യയിലെ മേഘാലയയിലുള്ള ജയന്റിയ കുന്നുകളിലെ ‘റാറ്റ്‌ഹോള്‍’ ഖനികളില്‍ ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവിതമാണീ ചിത്രം. ഒരു പിക്ആക്‌സും ടോര്‍ച്ചുമായി ഇഴഞ്ഞുകയറി

7ഇടുങ്ങിയ തുരങ്കങ്ങളില്‍ മാളങ്ങള്‍ ഉണ്ടാക്കി കടുത്ത പാറകളില്‍നിന്ന് കല്‍ക്കരി കൊത്തി പൊട്ടിച്ചെടുക്കുന്നു. ഇതൊരു കുടില്‍വ്യവസായംപോലെയാണ്. ഇവിടെ ഇപ്പോള്‍ വന്‍കിട ഖനനങ്ങളും യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം ചിറാപുഞ്ചി റേഞ്ചിലാണെന്നുള്ളത് ഓര്‍ക്കുക.
ഈ മരണഖനികളില്‍ പണിയെടുക്കുന്ന ഓരോരുത്തരും വ്യത്യസ്ത കാരണങ്ങളാല്‍ എത്തിപ്പെട്ടവരാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരുദിവസം ഈ അപകടം പിടിച്ച തൊഴിലില്‍നിന്ന് രക്ഷപ്പെടണമെന്നുമുണ്ട്. സൂരജ് എന്ന 11 വയസ്സുകാരന്‍ ഒടുവില്‍ തന്റെ പ്രതിബന്ധങ്ങളോട് മല്ലിട്ട് വീണ്ടും സ്‌കൂളില്‍ ചേരുന്നു. സൂരജിന്റെയും അവനെപ്പോലെയുള്ള മറ്റ് ഖനനക്കാരുടെയും ജീവിതം അവനുമായി കൂട്ടിപ്പിരിച്ചിരിക്കുന്ന അസാധാരണമായ സാഹചര്യങ്ങളും ഓരോ പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിനായി അവരെ നിര്‍ബന്ധിതരാക്കുന്ന നിഷ്ഠുരമായ തെരഞ്ഞെടുപ്പുകളുമാണ് ഈ ചിത്രം പിന്തുടരുന്നത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും ദൈന്യം നിറഞ്ഞ കരിപിടിച്ച ഇവരുടെ മുഖങ്ങള്‍ തിയറ്റര്‍ വിട്ട് പുറത്തിറങ്ങിയാലും നമ്മെ വേട്ടയാടും.

8ഷോര്‍ട്ട് ഫിക്ഷന്‍ പുരസ്‌കാരം ഇന്ത്യന്‍ ചിത്രങ്ങളായ ‘കാമാക്ഷി’, ‘ദ ലാസ്റ്റ് മാംഗോ ബിഫോര്‍ ദ മണ്‍സൂണ്‍’ എന്നിവ പങ്കിട്ടു.
ഹിന്ദു ഐതിഹ്യത്തില്‍ അനുകമ്പയുടെ ദേവതയാണ് ‘കാമാക്ഷി’. അവര്‍ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും പ്രശാന്തതയും സമാധാനവും മൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഈ സങ്കല്‍പത്തിന്റെ സ്ത്രീപക്ഷ ആഖ്യാനമായി ഈ ചിത്രത്തെ കാണാം.
രാമന്റെ ഭാര്യയായ സീത തന്റെ പ്രിയമുള്ള ഭര്‍ത്താവില്‍നിന്ന് ക്‌ളേശങ്ങളും തനിക്കെതിരെ തെറ്റായ ആരോപണങ്ങളും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ വേദനയില്‍നിന്ന് മുക്തിക്കായി തന്റെ അമ്മയായ ഭൂമിയോട് അപേക്ഷിക്കുന്നു. ഭൂമി സീതയെ വിഴുങ്ങുന്നിടം മുതല്‍ കറുപ്പിലും വെളുപ്പിലുമാകുന്നു ചിത്രം. തുടര്‍ന്ന് വരണ്ട തരിശുഭൂമിയില്‍ ഒരു വൃദ്ധയായ സ്ത്രീ വെള്ളത്തിനായി കുഴിക്കുന്നു. ഒടുവില്‍ വെള്ളം കണ്ടത്തെുന്നതും ആ കുഴിയില്‍നിന്ന് ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെടുന്നതും വൃദ്ധയുടെ ആഗ്രഹപൂര്‍ത്തീകരണവും മറ്റും ഒരു ഫാന്റസിപോലെ സംഭവിക്കുന്നു. അതോടെ ഈ ചലച്ചിത്രം വര്‍ണത്തില്‍ അവസാനിക്കുകയാണ്.
മറാത്തി, തമിഴ്, മലയാളം ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്ന 18.3 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ദ ലാസ്റ്റ് മാംഗോ ബിഫോര്‍ മണ്‍സൂണ്‍’ പായല്‍ കപാഡിയയാണ് സംവിധാനം ചെയ്തത്.
രാത്രിയില്‍ മൃഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ പകര്‍ത്തുന്നതിനായി രണ്ട് സാങ്കേതികവിദഗ്ധര്‍ വനത്തില്‍ കാമറവെച്ചിരിക്കുന്നു. വളരെ നാളുകള്‍ക്ക് മുമ്പ് ഈ കാട്ടില്‍നിന്ന് ഒരു സ്ത്രീ എങ്ങോട്ടോ പോകുന്നു. അവര്‍ മരിച്ചുപോയ തന്റെ ഭര്‍ത്താവിനെയും കാടിനെയും അഭിലഷിക്കുന്നതുമായ പശ്ചാത്തലത്തിലാണ് ‘ദ ലാസ്റ്റ് മാംഗോ ബിഫോര്‍ മണ്‍സൂണ്‍’ സാക്ഷാത്കരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (IDPA) ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കായുള്ള പുരസ്‌കാരം ജയേഷ് അഖര്‍ഗെക്കര്‍ സംവിധാനംചെയ്ത ‘ഗോയിങ് ഹോം’ നേടി.

9കൊല്‍ക്കത്തയിലെ റെയില്‍പാളത്തിനരികില്‍ താമസിക്കുന്ന സോണിയുടെയും അവരുടെ 11 വയസ്സുള്ള മകന്‍ സൂരജിന്റെയും ജീവിതമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. ഹോണുകളുടെയും പ്രകമ്പനങ്ങളുടെയും വലയത്തില്‍ കഴിയുന്ന ഇവരുടെ ജീവിതം അപകടപ്പെടാവുന്ന രീതിയില്‍ പാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ എന്നും ഇവര്‍ക്ക് ഭീഷണിയാണ്. ഇതില്‍നിന്നെല്ലാം മകനെ സംരക്ഷിക്കാനും പഠനത്തെക്കാള്‍ ഉപരി രാത്രിവരെ റെയില്‍പാളങ്ങളില്‍ കളിക്കുന്ന അവനെ സ്‌കൂളിലും ട്യൂഷനും കൊണ്ടുപോകാനും കൂലിപ്പണിചെയ്യുന്ന സോണി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്നരവര്‍ഷം മുമ്പ് കുടിയിറക്കപ്പെട്ട ഇവര്‍ റെയില്‍പാളത്തിനരികില്‍ താമസിക്കുന്നതിന് 500 രൂപ മാസവാടക നല്‍കണം. മനസ്സിനെ അസ്വസ്ഥമാക്കുന്ന ‘ഗോയിങ് ഹോം’ 14 മിനിറ്റുള്ള ബംഗാളി, ഹിന്ദി ഭാഷകളിലുള്ളതാണ്.
10പുരസ്‌കാരം ലഭിക്കാതെപോയ ചിത്രങ്ങളില്‍ പലതും മികച്ചവതന്നെയായിരുന്നു. ‘ദ ഹണ്ട്’, ‘പരാഗ്വെറിമെമ്പേഡ്’, ‘ഒറിജിനല്‍ കോപ്പി’, ‘ദ ഡേ ദ സണ്‍ ഹെല്‍’, ‘ഓറിയന്റ്’, ‘ദ റോഡ് ലെസ് ട്രാവല്‍’ എന്നിവയെല്ലാം രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ ഉന്നയിക്കുന്ന ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്.
പ്രിസം വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പല ചിത്രങ്ങളും പ്രശംസനീയമായിരുന്നു. റെട്രോസ്‌പെക്ടിവ് വിഭാഗത്തില്‍ ഡോണ്‍ അസ്‌കറിയന്‍, ഫെര്‍ണാണ്ട് മെല്‍ഗര്‍, നരേഷ് ബേഡി, ഗീതാഞ്ജലി റാവു എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇവ കൂടാതെ പല വിദേശമേളകളില്‍ പുരസ്‌കാരം നേടിയവ, പ്രത്യേക സ്‌ക്രീനിങ്ങുകള്‍, ഹോമേജ്, ഫിലിംസ് ഡിവിഷന്‍, നോര്‍ത്ത് ഈസ്റ്റ് എന്നീ പാക്കേജുകള്‍ കൂടാതെ വര്‍ക്ഷോപ്പുകള്‍, സെമിനാറുകള്‍, ഓപണ്‍ ഫോറം, മീഡിയ കോണ്‍ഫറന്‍സുകള്‍ എന്നിവയെല്ലാംകൊണ്ടും തികച്ചും

11മികവുറ്റ അന്താരാഷ്ട്ര ചലച്ചിത്രോത്സവംതന്നെയാണ് മിഫ് എന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. എന്നാല്‍ പോയവര്‍ഷത്തെക്കാള്‍ രാഷ്ട്രീയപരവും സാഹസികവുമായി ധീരതയോടെ ചിത്രീകരിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ ഉണ്ടായില്‌ളെന്നത് ഈ മേളയുടെ പോരായ്മയാണ്. മാത്രമല്ല, കഴിഞ്ഞ മേളകള്‍ നടന്ന നരിമാന്‍പോയന്റിലെ എന്‍.സി.പി.എയില്‍നിന്ന് ഫിലിംസ് ഡിവിഷന്‍ പ്രദേശത്തേക്കുള്ള പറിച്ചുനടല്‍ മേളയുടെ ജനകീയ പങ്കാളിത്തം ന്യൂനീകരിച്ചു. പ്രദര്‍ശനകേന്ദ്രങ്ങള്‍ പല ഭാഗങ്ങളിലായതും പ്രശ്‌നമായി. നദീതട സംസ്‌കാരംപോലെ മുംബൈയില്‍ ‘റെയില്‍തട സംസ്‌കാര’മാണ്. റെയില്‍ ഇല്ലാത്തതുകൊണ്ട് എഫ്.ഡി ഭാഗത്തേക്ക് എത്തിച്ചേരുക ഇന്ന് പ്രയാസമേറിയതുതന്നെ. റെയില്‍മാര്‍ഗം എത്താന്‍ കഴിയാത്തതും പകരം മറ്റ് സംവിധാനങ്ങള്‍ ഒരുക്കാന്‍ സംഘാടകര്‍ക്ക് കഴിയാഞ്ഞതും മറ്റൊരു പോരായ്മതന്നെയാണ്.
ഇപ്പോള്‍ നടന്നത് ‘മിഫി’ന്റെ 14ാമത് എഡിഷനാണ്. ഇത്രയും കാലമായിട്ടും മീഡിയയുടെ പങ്ക് നാമമാത്രമാണ്. മീഡിയയുടെ വാണിജ്യതാല്‍പര്യങ്ങളും മേളയുടെ പ്രസക്തിയെക്കുറിച്ചുള്ള ധാരണക്കുറവുമാണ് സാമൂഹിക പുരോഗതിക്ക് പൂര്‍ണമായും ഗുണപ്രദമായ തികച്ചും വിജ്ഞാനപരവും കലാപരവുമായ ഈ ബൃഹദ് അന്തര്‍ദേശീയ മേളയെ തഴയുന്നതിന്റെ പിന്നിലെന്ന് അനുമാനിക്കാം.

ബി.ജെ.പി, ശിവസേന അച്ചുതണ്ടില്‍ തിരിയുന്ന ‘മിഫി’നെ ആശങ്കയോടെയായിരുന്നു വിദേശികളടക്കം പലരും വീക്ഷിച്ചത്. പക്ഷേ, പ്രതീക്ഷിച്ചത്രയും തീരെ മോശമായില്ല മേളയെന്നാണ് പൊതുവെ അഭിപ്രായം. അതേസമയം, കാവിവത്കരണത്തിനെതിരെ സമരം ചെയ്യുന്ന പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ ‘മിഫി’ല്‍നിന്ന് വിട്ടുനിന്നത് ശ്രദ്ധിക്കപ്പെടാതെപോയി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply