വിജയിച്ചത് ലാവ്‌ലിന്‍

ഡോ ആസാദ് ലാവ്‌ലിന്‍ കേസില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത് പിണറായി വിജയനാണെങ്കിലും കുറ്റവിമുക്തി നേടിയത് ലാവ്‌ലിനാണ്. സമീപകാലത്തൊന്നും ഇത്ര ആവേശകരമായ വിജയം ആ കമ്പനിക്കുണ്ടായിട്ടില്ല. മാസങ്ങള്‍ക്കു മുമ്പാണ് ബംഗ്ലാദേശിലെ പത്മാപാലവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ലാവ്‌ലിനെ ലോകബാങ്കുപോലും കരിമ്പട്ടികയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അവരെത്തിപ്പെട്ട മിക്ക രാജ്യങ്ങളിലും അവര്‍ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ ലോകമാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. പത്മാപദ്ധതി ലഭിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേര്‍ക്കു പണം നല്‍കി സ്വാധീനിച്ചസംഭവമാണ് ദി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത്. ആഫ്രിക്കയിലെ ചില പദ്ധതികളിലും അഴിമതി […]

download

ഡോ ആസാദ്

ലാവ്‌ലിന്‍ കേസില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത് പിണറായി വിജയനാണെങ്കിലും കുറ്റവിമുക്തി നേടിയത് ലാവ്‌ലിനാണ്. സമീപകാലത്തൊന്നും ഇത്ര ആവേശകരമായ വിജയം ആ കമ്പനിക്കുണ്ടായിട്ടില്ല. മാസങ്ങള്‍ക്കു മുമ്പാണ് ബംഗ്ലാദേശിലെ പത്മാപാലവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ലാവ്‌ലിനെ ലോകബാങ്കുപോലും കരിമ്പട്ടികയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അവരെത്തിപ്പെട്ട മിക്ക രാജ്യങ്ങളിലും അവര്‍ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ ലോകമാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. പത്മാപദ്ധതി ലഭിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേര്‍ക്കു പണം നല്‍കി സ്വാധീനിച്ചസംഭവമാണ് ദി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത്. ആഫ്രിക്കയിലെ ചില പദ്ധതികളിലും അഴിമതി നടന്നതായി ലോകബാങ്കിനു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പത്തുവര്‍ഷത്തേക്ക് എല്ലാ പ്രവര്‍ത്തനങ്ങളിലും ലാവ്‌ലിനെ വിലക്കാന്‍ തീരുമാനമായത്. ലിബിയ,ടുണീഷ്യ, അല്‍ജീരിയ, കംബോഡിയ, അംഗോള, ഇന്ത്യ,സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങി പല രാജ്യങ്ങളിലും ലാവ്‌ലിന്‍ കമ്പനിക്കെതിരെ അഴിമതിക്കേസുകള്‍ നിലനില്‍ക്കുന്നു. ഇവയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കേസായിരുന്നു കേരളത്തിലേത്.
ലോകബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലാവ്‌ലിന്‍, നേരത്തേ ലോകബാങ്കിനുവേണ്ടി വൈദ്യുതി രംഗത്തെ സ്വകാര്യവല്‍ക്കരണത്തിന് വിവിധരാജ്യങ്ങളില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതിബോര്‍ഡുകളെ മൂന്നു കമ്പനികളാക്കി മാറ്റി പ്രൊഡക്ഷന്‍, ട്രാന്‍സ്മിഷ്യന്‍, ഡിസ്ട്രിബ്യൂഷന്‍ എന്നിവ വിഭജിക്കാനും സ്വകാര്യവല്‍ക്കാനുമുള്ള നീക്കം ലോകബാങ്ക് നേരത്തേതന്നെ ആരംഭിച്ചിരുന്നു. കേരളത്തില്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് പ്രോജക്റ്റിന്റെ നടത്തിപ്പു ചുമതല ലാവ്‌ലിനായിരുന്നു. കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഏജന്‍സിയുടെ കോടിക്കണക്കിനു രൂപ ഇതിനായി കേരളത്തിലേക്കുമൊഴുകി. 1997 ഫെബ്രുവരിയിലുണ്ടാക്കിയ ഇത്തരത്തിലുള്ള ഒരു കരാറില്‍ 24കോടിരൂപ വന്നതു സംബന്ധിച്ചു സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പഴയ ബാലാനന്ദന്‍ കമ്മീഷനില്‍ പ്രവര്‍ത്തിച്ച ഒരു മുതിര്‍ന്ന അംഗം ആവശ്യം ഉന്നയിച്ചിരുന്നു. കെ.എസ്.ഇ.ബിക്കു സിഡ പണം നല്‍കിയതു സ്വകാര്യവല്‍ക്കരണ അജണ്ട നടത്തിയെടുക്കാനായിരുന്നു. ഇതേ ശ്രമം ആന്ധ്രയില്‍ നടന്നപ്പോഴാണ് 2000 ആഗസ്തില്‍ സിപിഎം നേതൃത്വത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പുണ്ടായതും മൂന്നുപേര്‍ വെടിയേറ്റു മരിച്ചതും.

കേരളത്തില്‍ അധികാരത്തിലിരുന്ന എല്‍ഡിഎഫ് ലാവ്‌ലിനെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചു. പൊതുമേഖലാ സ്ഥാപനമായ ബെല്ലിന് താരതമ്യേന ചുരുങ്ങിയ ചെലവില്‍ നിര്‍വ്വഹിക്കാന്‍ കഴിയുമായിരുന്ന ദൗത്യമാണ് ലാവ്‌ലിന് വെച്ചുനീട്ടിയത്. കേരളത്തിലെ വൈദ്യുതിരംഗത്തേക്കു വലതുകാല്‍വെച്ചിരുന്ന ലാവ്‌ലിന് കാര്‍ത്തികേയന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിക്കൊണ്ടുള്ള ക്ഷണം റദ്ദാക്കുകയായിരുന്ന ഏതൊരിടതുപക്ഷ പ്രസ്ഥാനവും ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ നീട്ടിയ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായില്ല. വിദ്യാഭ്യാസരംഗത്തും ആസൂത്രണരംഗത്തുമെല്ലാം സാമ്രാജ്യത്വ പുനര്‍ക്രമീകരണ അജണ്ടക്കു വഴിപ്പെടുകയും ലോകബാങ്കു വായ്പ്പക്കുവേണ്ടി കൈനീട്ടി കാത്തിരിക്കുകയും ചെയ്ത ഒരു സര്‍ക്കാറിന് അതേ ചെയ്യാനാവുമായിരുന്നുള്ളു. മറ്റേതൊരു വലതുപക്ഷ പ്രസ്ഥാനവും ചെയ്യുന്നതേ വിജയനും ചെയ്തിട്ടുള്ളു എന്നു പറയാം. ലാവ്‌ലിനൊപ്പമുള്ള വഞ്ചനയുടെയും അഴിമതിയുടെയും ചരിത്രം സ്വാഭാവികമായും ആ സര്‍ക്കാറിനുമേലും കരിനിഴല്‍ വീഴ്ത്താതിരിക്കുന്നതെങ്ങനെ?
ഇപ്പോള്‍ ലോകത്തിനു മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ലാവ്‌ലിന് ആശ്വാസകരമായ കോടതിവിധിയാണ് തിരുവനന്തപുരത്തുനിന്നുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികള്‍പോലും കരിമ്പട്ടികയില്‍ പെടുത്തിയ അഴിമതിവീരന് തുണയായത് ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റുപാര്‍ട്ടികളിലൊന്നിന്റെ പോളിറ്റ്ബ്യൂറോ മെമ്പറാണെന്നത് ചരിത്രത്തിന്റെ ഒരു വിപരീതവിധി. കോടതിയില്‍ ഹാജരാകുകപോലും ചെയ്യാതുള്ള ഒരു മോക്ഷപ്രാപ്തിയായിരുന്നു അത്. കാര്‍ത്തികേയനും വിജയനും അന്യോന്യ പൂരകം. കോണ്‍ഗ്രസ്സും സിപിഎമ്മും അതേവിധംതന്നെ. ഒരേ നയം. ഒരേ നടത്തിപ്പ്. ഒരേ ലോകവീക്ഷണം.
ഇപ്പോഴത്തെ കോടതിവിധി സിപിഎമ്മിന്റെ രാഷ്ട്രീയ പരാജയത്തെ പ്രഖ്യാപിക്കുന്നു. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് ചൂഷണത്തെയും സ്വകാര്യവല്‍ക്കരണ സംരംഭങ്ങളെയും ചെറുക്കുന്ന ഇടതുപക്ഷ നിലപാടുകളില്‍നിന്നുള്ള പിന്‍മടക്കത്തിനാണ് കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലാവ്‌ലിനെപ്പോലുള്ള അഴിമതിക്കോര്‍പറേറ്റുകളെ എതിര്‍ക്കേണ്ട ഘട്ടത്തില്‍ ആ സമരത്തെ അവരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ എതിരായി മാത്രം തിരിച്ചുവിടുന്നതും അഴിമതി കോര്‍പറേറ്റുകള്‍ക്കെതിരായ സമരം തങ്ങളുടെ നേതാവിനോ പാര്‍ട്ടിക്കോ എതിരായ സമരം മാത്രമായി വ്യാഖ്യാനിക്കുന്നതും രണ്ടുതരത്തിലുള്ള അപകടങ്ങളാണ്. വലത്ഇടതു സംഘടനകള്‍ യഥാര്‍ത്ഥ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്നതങ്ങനെയാണ്.
ലഡു വാങ്ങിയതു വിജയനാണെങ്കില്‍ തിന്നത് ലാവ്‌ലിനാണ്. ശക്തിപ്രാപിക്കുന്നത് വിജയന്‍രാഷ്ട്രീയമാണെങ്കില്‍ അധികാരത്തിലെത്തുന്നത് ലാവ്‌ലിന്‍ രാഷ്ട്രീയമെന്നു വിളിക്കാവുന്ന ആഗോളവല്‍ക്കരണ രാഷ്ട്രീയമായിരിക്കും. ഒരാഴ്ച്ച മുമ്പ് വൈദ്യുതിബോര്‍ഡ് കമ്പനികളാക്കി മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ ഒരു പ്രതിഷേധപ്രകടനംപോലും നടന്നില്ലെന്നത് മറക്കരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വിജയിച്ചത് ലാവ്‌ലിന്‍

  1. …കോണ്ഗ്രസും,കമ്മ്യുണിസ്റ്റും,കോടതിയും നിര്‍ലജ്ജം,നിര്‍ദാക്ഷിണ്യം കുത്തകസേവ നടത്തുന്ന ഇക്കാലത്ത്,കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ഇത്തരം കുറിപ്പുകള്‍ക്കേ പ്രസക്തിയുള്ളൂ.നെറികേടുകളെ ചിക്കിച്ചികയുന്ന വിശകലനപടുത്വം സമയം കൊല്ലല്‍ മാത്രം.

Responses to mohan pee cee

Click here to cancel reply.