യോഗക്ഷേമസഭ വിടി ഭട്ടതിരിപ്പാടിനെ റദ്ദു ചെയ്യുമോ?
തനൂജ ഭട്ടതിരി മാതൃ ഭൂമി ആഴ്ച പ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് യോഗ ക്ഷേമ സഭ ആവശ്യപ്പെട്ടിരിക്കുന്നു. പത്രാധിപര്‍ക്കയച്ച കത്തിലാണാവശ്യം. ‘ ഈ വികല സൃഷ്ടിയുടെ തുടര്‍പ്രസിദ്ധീകരണം നിറുത്തി വെച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോടും ബ്രാഹ്മണ സമൂഹത്തോടും ഹിന്ദു സമുദായത്തോടും നിങ്ങള്‍ പരസ്യമായി മാപ്പു പറയണം. ”എന്നത് കത്തിലെ ഒരു വാചകം മാത്രം. നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാന്‍ പിടിച്ച യോഗ ക്ഷേമ സഭ എന്നസംഘടന ഇന്ന് […]
തനൂജ ഭട്ടതിരി
മാതൃ ഭൂമി ആഴ്ച പ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് യോഗ ക്ഷേമ സഭ ആവശ്യപ്പെട്ടിരിക്കുന്നു. പത്രാധിപര്‍ക്കയച്ച കത്തിലാണാവശ്യം. ‘ ഈ വികല സൃഷ്ടിയുടെ തുടര്‍പ്രസിദ്ധീകരണം നിറുത്തി വെച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോടും ബ്രാഹ്മണ സമൂഹത്തോടും ഹിന്ദു സമുദായത്തോടും നിങ്ങള്‍ പരസ്യമായി മാപ്പു പറയണം. ”എന്നത് കത്തിലെ ഒരു വാചകം മാത്രം.
നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാന്‍ പിടിച്ച യോഗ ക്ഷേമ സഭ എന്നസംഘടന ഇന്ന് എവിടെ എത്തി നില്ക്കുന്നു? താലിബാനികളെപ്പോലെ പുസ്തകം നിരോധിക്കാന്‍ നടക്കുകയാണോ സ്വതന്ത്രചിന്തയുടെ വെളിച്ചം വിതറിയ ഈ സഭയുടെ ഇന്നത്തെ പ്രവര്‍ത്തകര്‍! സഭയെ വെച്ച് ഒരു നമ്പൂതിരി താലിബാനുണ്ടാക്കാനുള്ള ശ്രമം ആളുകള്‍ക്ക് ചിരിക്കാന്‍ മാത്രമേ വകയുണ്ടാക്കൂ എന്നത് വിവേകമുള്ളവര്‍ ആലോചിക്കണം.നിങ്ങള്‍ മാതൃഭൂമിക്ക് അയച്ചകത്ത് ഒരു ചരിത്രവസ്തുവാകും. ഹരീഷിനെപ്പോലെ പുതുതലമുറയിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെ എത്ര പാമരത്വത്തോടെയാണ് കണ്ടത് എന്നതിന്റെ എന്നത്തേക്കുമുള്ള തെളിവ്.
സദാചാരത്തിന്റെപേരില്‍, അമ്പലത്തെയും കാമത്തെയും തമ്മില്‍ ബന്ധപ്പെടുത്തിയതിനെപ്പറ്റി പുസ്തകം പിന്‍വലിക്കണമെങ്കില്‍ വിടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിന്‍വലിക്കേണ്ടത്? പതിനേഴുകാരി അമ്മുക്കുട്ടി വാരസ്യാരുമായി അമ്പലത്തില്‍ വച്ച് വിടി നടത്തിയ പ്രേമം വിവരിക്കുന്ന കണ്ണീരും കിനാവും? ലളിതാംബിക അന്തര്‍ജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? ചെറുപ്പം മുതല്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന ഒരു ബ്രഹ്മചാരിക്ക് തൊഴാന്‍ വരുന്ന ഒരു പെണ്‍കുട്ടിയോട് താന്‍ പൂജിക്കുന്ന ദേവിയോടെന്ന പോലെ അടുപ്പം തോന്നുകയും വാര്‍ദ്ധക്യത്തിലും അതേ അടുപ്പം വിധവയായി ക്ഷേത്രത്തില്‍ വരുന്ന അവളോട് തോന്നുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള കഥ? ഐഹിക സുഖങ്ങള്‍ ഒരു മനുഷ്യനു മാത്രമെ മറ്റൊരു മനുഷ്യനു നല്‍കാനാവൂ. ഒരീശ്വരനും അതിനാവില്ല എന്നു മനസ്സിലാക്കി ശ്രീകോവിലിനുള്ളില്‍ ദേവിയുടെ പട്ട് കത്തിച്ച് ആഭരണങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്കിയ വൃദ്ധപൂജാരിയെക്കുറിച്ചുള്ള കഥ? ക്ഷേത്രാധികാരികള്‍ പൂജാരിയെ ആട്ടിപ്പായിക്കുമ്പോള്‍ ദരിദ്രരുടെ കണ്ണീര്‍ തുടച്ചു കൊണ്ട് റോഡരുകില്‍ ജീവിക്കുന്നു ആ മനുഷ്യന്‍. കണ്ണീരിനെ നിങ്ങള്‍ റദ്ദ് ചെയ്യുമോ? സ്വാതന്ത്ര്യത്തെ? പ്രേമത്തെ? ലൈംഗീകതയെ? എനിക്കുറപ്പുണ്ട് ഈ ബഹളം വെച്ച വരാരും ഈ നോവല്‍ വായിച്ചിട്ടില്ല. ആ ഖണ്ഡിക മാത്രം കേട്ടവര്‍ കേട്ടവര്‍ വായിച്ചെടുത്തു. ലമ്പടനായ ഒരാളുടെ പതിവ് വാചക കസര്‍ത്തുകളിലൊന്നാ ണതെന്ന് വായന ശീലമാക്കിയവര്‍ ക്ക് മനസ്സിലാവും.
സ്ത്രീവിരുദ്ധത എന്തെന്ന് ആദ്യം മനസ്സിലാക്കണം. അതിന്റെ മഹത്വ വത്കരണമെന്തെന്നു മനസ്സിലാക്കണം . ഇതില്‍ അങ്ങനെ ഇല്ല..മനസ്സ്, രചന ഇതൊക്കെ എന്താണെന്നാലോചിക്കണം. ലേഖനവും കഥയും തമ്മിലുള്ള വ്യത്യാസമറിയില്ലേ ?മുതിര്‍ന്ന ആളുകളാണ് നിങ്ങളൊക്കെ. അതിനാല്‍ ആദരവോടെ പറയുന്നു. ഈ പഴഞ്ചത്തരം കാണിക്കരുത്. ഒരു എഴുത്തുകാരി എന്ന നിലയില്‍ പറയുന്നു, എഴുത്തിന്റെ സ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യത്തിലല്ല. ഹരീഷ് എഴുതിയതിനെക്കാളും രൂക്ഷമായ സാഹചര്യങ്ങള്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്, ഇനിയും എഴുതപ്പെടും, ഈ പേന വാങ്ങി ഉടച്ചു കളയാനാണ് നിങ്ങളുടെ വിചാരമെങ്കില്‍ വരൂ, ഒരു കൈ നോക്കൂ. ഇത്തരം സമുദായ ചങ്ങലകളില്‍ നിന്നൊക്കെ ഞാനെന്നേ പുറത്ത് വന്നതാണ്പക്ഷേ, പുസ്തകം കത്തിച്ചാല്‍ നിങ്ങള്‍ ജയിച്ചു എന്ന മണ്ടത്തരം കണ്ടതു കൊണ്ട് എഴുതിപ്പോയതാണ്. സിഗ്മണ്ട് ഫ്രോയ്ഡ് എന്നൊരു മനശാസ്ത്രജ്ഞന്‍ സ്ത്രീപുരുഷന്മാരുടെ ലൈംഗികകാര്‍ഷണത്തെക്കുറിച്ച് എഴുതിയത് കേട്ടിട്ടുണ്ടോ? മനസ്സിലെ ഇത്തരം വിചാരങ്ങളെ ഇഴകീറി പരിശോധിച്ചെഴുതിയതിന് ആ സിദ്ധാന്തങ്ങളെ എതിര്‍ക്കണ്ടെ?
സ്വതന്ത്ര ചിന്തയുടേതാണ് നമ്മുടെ എഴുത്തിന്റെപാരമ്പര്യം. സീതയുടെ പക്ഷത്തു നിന്ന് രാമനെ കാണുന്നതാണ്, ശ്രീരാമ വിമര്‍ശനമാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ കൃതി. ”ചിന്താവിഷ്ടയായ സീത .” ഗോപികമാരുടെ ഉടുതുണി മോഷ്ടിച്ച് മരക്കൊമ്പിലിരിക്കുന്ന കണ്ണന്‍ സ്ത്രീകള്‍ അരയ്‌കൊപ്പം വെള്ളത്തില്‍ നിന്ന് കൈകള്‍ മാറത്ത് പിണച്ച് തൊഴുതുകൊണ്ട് വസ്ത്രം തിരികെ ചോദിക്കുമ്പോള്‍ തലക്കു മുകളിലേക്ക് കൈ കൂപ്പി യാല്‍ തിരികെ തരാം ആടകള്‍ എന്നു പറയുന്നു. എത്ര ആസ്വദിച്ചു അവയൊക്കെനമ്മള്‍ .എന്താ സ്ത്രീ വിരുദ്ധതയല്ലേ അത്? നമ്മുടെ കുട്ടികളുടെ കുളിമുറിയില്‍ എത്തി നോക്കുന്നവനെ നമ്മള്‍ എന്ത് ചെയ്യും? പൂവിട്ട് പൂജിക്കുമോ? അപ്പോള്‍ കഥയുടെ വ്യത്യാസം നമുക്കറിയാം..പുരാണങ്ങള്‍ വിടൂ. കോളറകകാലത്തെ പ്രണയമോ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളോ ഒക്കെ വായിച്ചിട്ടുണ്ടാവുമോ?ബഷീറിന്റെയും മാധവിക്കുട്ടിയുടെയും പുസ്തകങ്ങള്‍ ?
യോഗക്ഷേമ സഭയുടെ പാരമ്പര്യം വിടിയെപ്പോലുള്ള പുരോഗമനവാദികളുടേതാണ്. അവരുടെ പ്രവൃത്തിയാണ് വെടിവട്ടവും കളിവട്ടവും വിടവട്ടവുമായി നടന്നവരെ കാലത്തിനനുസരിച്ച് മാറ്റിയെടുത്തത്. ഇഎം എസ്സ് വിടി ലളിതാംബിക അന്തര്‍ജനം എന്നിവരൊക്കെ എഴുത്തില്‍ കൂടിയും പ്രസംഗത്തില്‍ കൂടിയും നമ്പൂതിരിമാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചു. വിധവാ വിവാഹം, പ്രായപൂര്‍ത്തി ആയതിനു ശേഷമുള്ള വിവാഹം, സ്വത്ത് ഓഹരി എന്നിവയൊക്കെ ഇവര്‍ നമ്പൂതിരി സമുദായത്തില്‍ സാദ്ധ്യമാക്കി. നമ്പൂതിരി സമുദായത്തിലെ പുരുഷന്മാര്‍ക്ക് അതിനുമുമ്പുള്ള പഴയ കാലത്തിന്റെ ഓര്‍മകള്‍ ഇന്നുമുണ്ടാവണം .മൂത്ത പുത്രന്‍ മാത്രം വിവാഹം കഴിക്കുകയും ഇളയ ആണ്‍പ്രജകളെല്ലാം സംബന്ധവുമായി നാടാകെ നടന്ന കാലമുണ്ടായിരുന്നു. അന്തര്‍ജനങ്ങളെയെല്ലാം വീട്ടിനുള്ളിലെ ഇരുട്ടില്‍ വീട്ടുവേലക്കും വേഴ്ചക്കും അടിമകളാക്കി വച്ചിരുന്ന കാലമുണ്ടായിരുന്നു. കാലമിനി പുറകോട്ടില്ല. ബ്രാഹ്മണരെ പറഞ്ഞു എന്നു പറഞ്ഞല്ലഒച്ചയിടേണ്ടത് . ചുറ്റും നടക്കു ന്ന മനുഷ്യത്വ രഹിത പ്രവൃത്തികള്‍ക്ക് എതിരേയാണ് ഏവരുടെയും ഒച്ച ഉയരേണ്ടത്. ഇനി, ലോക സാഹിത്യവും വിവിധ മത പുരാണങ്ങളും ആധുനിക സാഹിത്യവും വായിച്ചാസ്വദിക്കുന്ന ഒരാള്‍ കൂടെയുണ്ടെങ്കില്‍ മുന്നോട്ട് വരു ഹരീഷിന്റെ നോവലിനെ കുറിച്ച് എഴുത്തുകാരോട് സംസാരിക്കാംഅതല്ലാതെ മൂക്കിന്‍ തുമ്പില്‍ മുട്ടി ഒരീച്ച പറന്നാല്‍ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! എല്ലാവരോടുമായി ഒരപേക്ഷയുണ്ട്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചേ എന്തും ചെയ്യാവൂ.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in