മലര്‍ പൊടിക്കാരനും തെരഞ്ഞെടുപ്പും ഓഹരി വിപണിയും

ഡോ. സെബാസ്റ്റിന്‍ ചിറ്റിലപ്പിള്ളി പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരും! അതൊരു ഉറച്ച സര്‍ക്കാരായിരിക്കും! വ്യാപാരി വ്യവസായികളൂടെ തോഴനായ പ്രധാനമന്ത്രിയും വന്നു ചേരും! പ്രതീക്ഷകള്‍ ഓഹരി വിപണിയെ റെക്കോര്‍ഡ്‌ നേട്ടത്തിലേക്ക്‌ നയിച്ചു കൊണ്ടിരിക്കയാണ്‌. ഫെബ്രുവരി മുതല് ബോംബെ ഓഹരി സൂചിക 13 ശതമാനം വര്‍ദ്ധിച്ചു കഴിഞ്ഞു. നിഫ്റ്റിയാകട്ടെ 14 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നിലയിലാണ്. സജീവമായ ഓഹരികളുടെ മൂല്യം കുതിച്ചുയരുന്നു. ഓഹരികളുടെ മൂല്യം വര്‍ദ്ധിക്കുകയെന്നാല്‍ അതിനടിസ്ഥാനമായ കമ്പനികളുടെ ആസ്‌തിമൂല്യം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയാണല്ലോ അതിന്റെ നിദാനം. പക്ഷേ ഇങ്ങേപ്പുറത്ത്‌ കാണുന്ന […]

downloadഡോ. സെബാസ്റ്റിന്‍ ചിറ്റിലപ്പിള്ളി


പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരും! അതൊരു ഉറച്ച സര്‍ക്കാരായിരിക്കും! വ്യാപാരി വ്യവസായികളൂടെ തോഴനായ പ്രധാനമന്ത്രിയും വന്നു ചേരും! പ്രതീക്ഷകള്‍ ഓഹരി വിപണിയെ റെക്കോര്‍ഡ്‌ നേട്ടത്തിലേക്ക്‌ നയിച്ചു കൊണ്ടിരിക്കയാണ്‌.
ഫെബ്രുവരി മുതല് ബോംബെ ഓഹരി സൂചിക 13 ശതമാനം വര്‍ദ്ധിച്ചു കഴിഞ്ഞു. നിഫ്റ്റിയാകട്ടെ 14 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നിലയിലാണ്. സജീവമായ ഓഹരികളുടെ മൂല്യം കുതിച്ചുയരുന്നു.
ഓഹരികളുടെ മൂല്യം വര്‍ദ്ധിക്കുകയെന്നാല്‍ അതിനടിസ്ഥാനമായ കമ്പനികളുടെ ആസ്‌തിമൂല്യം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയാണല്ലോ അതിന്റെ നിദാനം. പക്ഷേ ഇങ്ങേപ്പുറത്ത്‌ കാണുന്ന കാഴ്‌ച മറിച്ചാണ്‌. വളര്‍ച്ചാനിരക്കിലെ മാന്ദ്യം. കമ്പനികളുടെ കുറയുന്ന ലാഭം, നിപതിയ്‌ക്കുന്നു ഡിമാന്റ്‌ എന്നീ യാഥാര്‍ത്ഥ്യങ്ങള്‍ നല്‍കുന്ന സൂചനകളും പ്രതീക്ഷകളും തമ്മില്‍ വൈരുധ്യമുണ്ടോ?
തെരഞ്ഞെടുപ്പു വിശകലനം നടത്തുന്നവരൊക്കെത്തന്നെ ഒരു വിഭാഗത്തിന്‌ വലിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അവസാനഫലം അങ്ങിനെയായിക്കൊള്ളണമെന്നില്ല. വിഭജിക്കപ്പെട്ട ജനവിധി തൂക്കുസഭക്ക്‌ കാരണമായാല്‍, പിന്നെ രൂപപ്പെട്ടുവരുന്ന സര്‍ക്കാരിന്‌ വിപണിയുടെ പ്രതീക്ഷ്‌ക്കൊത്ത്‌ വലിച്ചുവാരി ആനുകൂല്യങ്ങള്‍ നല്‍കാനാവുമെന്ന്‌ തോന്നുന്നില്ല. ഇനി വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വന്നാല്‍ പോലും ഉല്‌പാദന മാന്ദ്യവും പണപ്പെരുപ്പവും കൂടിക്കലര്‍ന്നുള്ള ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയെ മറികടക്കുക എളുപ്പമായിരിക്കുകയുമില്ല. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ വേണ്ടി സര്‍ക്കാര്‍ വ്യയം വര്‍ദ്ധിപ്പിക്കുകയും സ്വകാര്യമേഖലയിലേക്കുള്ള കൈമാറ്റം വിപുലീകരിക്കുകയും ചെയ്‌താല്‍ പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിക്കും. മറിച്ചു പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ അമിതശ്രമം നടത്തിയാല്‍ അത്‌ വളര്‍ച്ചയെ ബാധിക്കും. വ്യക്തമായ ഒരു സാമ്പത്തിക ബദല്‍ രേഖ മറ്റൊരു കക്ഷിയും മുന്നോട്ടു വെയ്‌ക്കുന്നുമില്ല.
ഓഹരി വിപണി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെട്ടിപ്പൊക്കി കൊണ്ടുവന്നിട്ടുള്ള പ്രതീക്ഷകള്‍ പാളിയാല്‍ ഇപ്പോള്‍ രൂപപ്പെട്ടുവന്നിട്ടുള്ള കുമിള പൊട്ടുക തന്നെ ചെയ്യും. 2013 ആഗസ്റ്റ്‌ മുതല്‍ 2014 ജനുവരി വരെയുണ്ടായ ഓഹരി സൂചികകളുടെ സാമാന്യം ഭേദപ്പെട്ട നേട്ടത്തിനുമുകളിലാണ്‌ ഫെബ്രുവരി മുതല്‍ക്കുള്ള റെക്കോര്‍ഡ്‌ നേട്ടം. ഇനിയും ഇത്‌ കുറെക്കാലം നീണ്ടുനില്‍ക്കും എന്ന പ്രതീക്ഷയോടെ ലാഭം കൊയ്‌തെടുക്കുവാനുള്ള മോഹവും കൊണ്ട്‌ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക്‌ കൂട്ടത്തോടെ കടന്നു വന്നു കൊണ്ടിരിക്കയാണ്‌. പക്ഷേ, തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളി നിലയ്‌ക്കുന്നതോടെ, മുമ്പ്‌ പല തവണ സംഭവിച്ചിട്ടുള്ളതുപോലെ, വിപണി പെട്ടെന്ന്‌ കുത്തനെ കൂപ്പു കുത്താം.
ഓഹരി വിപണിയുടെ കുതിപ്പിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പലതാകാം. ആഗോള നിക്ഷേപകര്‍ ഊഹകച്ചവടത്തിന്‌ പറ്റിയ ഇടമായി ഇന്ത്യയെ കണക്കാക്കുന്നു എന്നത്‌ എന്തായാലും ഒരു പ്രധാന കാരണമാണ്‌. കഴിഞ്ഞ മാര്‍ച്ചുമാസം മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയിലേക്ക്‌ ഒഴുക്കിയത്‌ മുന്‍ റെക്കോര്‍ഡിന്‌ അടുത്തെത്തിയ 20000 കോടി രൂപയിലേറെയാണ്‌. വിപണിയുടെ കുതിപ്പില്‍ നാട്ടിലെ ഊഹക്കച്ചവടക്കാരും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ടെന്നത്‌ വ്യക്തമാണ്‌.
2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാനായി അമേരിക്ക പണമടിച്ചിറക്കി ബാങ്കുകളുടെ വിലയില്ലാത്ത കടപത്രങ്ങള്‍ വാങ്ങിക്കൂട്ടിയ നടപടി, ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് അഥവാ ഭക്യുയി’ പണ ലഭ്യത വര്‍ദ്ധിപ്പിച്ചതിനാല്‍ ആഗോള വിപണികളെ മൊത്തത്തില്‍ ഉത്തേജിപ്പിച്ചിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഭക്യൂയി’ ഇപ്പോള്‍ കുറച്ചു കൊണ്ടുവരുന്ന അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നടപടി പണ ലഭ്യത കുറയ്ക്കുകയും പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന സാധ്യത ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആഗോള നിക്ഷേപകര്‍ തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമേ നിക്ഷേപം നടത്തുന്നുള്ളൂ. മാത്രമല്ല നിസാരമായ കാരണങ്ങളുടെ പുറത്ത് ഇത്തരം നിക്ഷേപകര്‍ പിന്‍വലിയാനും മതി. ഓഹരി കുമിള പൊട്ടി വിപണി കൂപ്പുകുത്താനും അത് മതി.
വികസ്വര രാഷ്‌ട്രങ്ങളിലെ വിപണികളില്‍ വെച്ച്‌ ഇന്ത്യയിലെ ഓഹരിക്കമ്പോളം കൂടുതല്‍ നേട്ടമുണ്ടാക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്‌. തെരഞ്ഞെടുപ്പിനുശേഷം ഒരു ഉറച്ച സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നുള്ള പ്രതീക്ഷയാണ്‌ ഓഹരി വിപണിയുടെ കുതിപ്പിന്റെ കാരണമെന്നൊക്കെ പറയാമെങ്കിലും അതിനപ്പുറത്തേക്ക്‌ നീളുന്നതാണ്‌ സംശയങ്ങള്‍.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ ചെലവേറിയ ഒരു കെട്ടുകാഴ്‌ചയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട്‌ എല്ലാതെരഞ്ഞെടുപ്പുകള്‍ക്കുമായി 150000 കോടി രൂപയാണ്‌ ചെലവെന്നും അതില്‍ പകുതിയും കള്ളപ്പണമാണെന്നും വി.എം. എസ്‌. അക്കാദമി എന്ന ബൗദ്ധിക സ്ഥാപനം ഈയിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്‌ തെരഞ്ഞെടുപ്പിന്റെ ചെലവിന്റെ കാര്യത്തില്‍ ലോകരാഷ്‌ട്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെ ഇന്ത്യയുണ്ട്‌.
അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റെറ്റ്‌ (Apr) ന്‌ ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച്‌ 1334 കമ്പനികളില്‍ നിന്ന്‌ ബിജെപി 191.47 കോടി രൂപ സംഭാവന സ്വീകരിച്ചപ്പോള്‍ 418 കമ്പനികളില്‍ നിന്ന്‌ കോണ്‍ഗ്രസിന്‌ 172.25 കോടി രൂപ ലഭിച്ചു. വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച കണക്കനുസരിച്ച്‌ 2004-05 മുതല്‍ 2010-11 വരെ ആറു വര്‍ഷത്തെ ഇന്ത്യയിലെ പ്രധാന പാര്‍ട്ടികളുടെ വരവ്‌ ഇപ്രകാരമാണ്‌. കോണ്‍ഗ്രസ്‌-2008 കോടി, ബിജെപി -994 കോടി, ബിഎസ്‌പി 484 കോടി, കമ്യൂണിസ്റ്റ്‌ പാര്‍ട്ടി( മാര്‍ക്‌സിസ്റ്റ്‌)- 417 കോടി, സമാജ്‌ വാദി പാര്‍ട്ടി- 279 കോടി, കൂട്ടിമുട്ടാത്ത കണക്കുകള്‍ സ്വാഭാവികമായും കള്ളപ്പണമായിരിക്കണം.
ഇന്ത്യയിലെ തെരഞ്ഞെടുപ്പാഘോഷത്തിന്‌ വേണ്ട ഈ ഭീമമായ പണം ഊതിവീര്‍പ്പിച്ച ഓഹരി വിലയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ എന്ന്‌ സംശയിക്കാവുന്നതാണ്‌. അവിഹിതമായ പണം രാജ്യത്തേക്ക്‌ തിരിച്ചുകൊണ്ടുവന്ന്‌ ഓഹരി വിപണികളിലൂടെ ക്രയവിക്രയം ചെയ്‌ത്‌ തെരഞ്ഞെടുപ്പിന്റെ ശോഭായാത്രകളെ തരപ്പെടുത്തുകയാണോ? ഇതിന്‌ തെളിവുകളൊന്നുമില്ല. പക്ഷേ ശരിയാണെങ്കില്‍ ഓഹരി വിപണിയുടെ ഇപ്പോഴത്തെ പെരുമാറ്റത്തിന്‌ യുക്തിഭദ്രമായ വിശദീകരണമായി. കൂട്ടത്തില്‍ അരങ്ങൊഴിയുമ്പോള്‍ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള രാഷ്‌ട്രീയ കക്ഷികളുടെ കെട്ടുകാഴ്‌ചയ്‌ക്കുള്ള ഭീമമായ ചെലവും ഇവിടത്തെ സാധാരണ ഓഹരി നിക്ഷേപകരുടെ തലയിലിരിക്കുകയും ചെയ്യാം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply