മതഭീകരതയും സാമ്രാജ്യത്തവും ഇരട്ടപെറ്റകുട്ടികള്‍
വി.എച്ച്. ദിരാര്‍ മാര്‍ച്ച് മാസം 27ന് ഞായറാഴ്ച ലാഹോറിലെ താപനില 30 ഡിഗ്രിയായിരുന്നു. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആ ചൂട് വളരെ കുറവാണ്. എന്നാല്‍ അതേ സന്ധ്യയില്‍ മനുഷ്യജീവിതത്തെ നൂറ് ഡിഗ്രിയില്‍ തിളപ്പിച്ചുക്കൊണ്ട് ഒരു ചാവേര്‍ ആക്രമണം അവിടെ നടന്നു. അത് ഒരു ഈസ്റ്റര്‍ സന്ധ്യയായിരുന്നു. ലാഹോറിലെ പാര്‍ക്കില്‍ അന്ന് പതിവിലേറെ തിരക്കുണ്ടായിരുന്നു. 8000ത്തോളം ആളുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. 72 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 29 പേര്‍ കുട്ടികളായിരുന്നു. 300 […]
മാര്‍ച്ച് മാസം 27ന് ഞായറാഴ്ച ലാഹോറിലെ താപനില 30 ഡിഗ്രിയായിരുന്നു. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആ ചൂട് വളരെ കുറവാണ്. എന്നാല്‍ അതേ സന്ധ്യയില്‍ മനുഷ്യജീവിതത്തെ നൂറ് ഡിഗ്രിയില്‍ തിളപ്പിച്ചുക്കൊണ്ട് ഒരു ചാവേര്‍ ആക്രമണം അവിടെ നടന്നു. അത് ഒരു ഈസ്റ്റര്‍ സന്ധ്യയായിരുന്നു. ലാഹോറിലെ പാര്‍ക്കില്‍ അന്ന് പതിവിലേറെ തിരക്കുണ്ടായിരുന്നു. 8000ത്തോളം ആളുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. 72 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 29 പേര്‍ കുട്ടികളായിരുന്നു. 300 പേര്‍ക്ക് പരിക്ക് പറ്റി. നിസ്സാരപരിക്കുകള്‍ പറ്റിയ 100 പേരെ പ്രാഥമികചികിത്സകള്‍ നല്‍കി വിട്ടയച്ചു. പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്ക്താലിബാനില്‍ നിന്ന് വിട്ടുപോയ ജമായത്ത്-ഉള്‍-അഹരാസ് എന്ന സംഘടന ഏറ്റെടുത്തു. ക്രിസ്ത്യാനികളെ കൊല്ലുക എന്നതാണ് ആ സംഘടനയുടെ ലക്ഷ്യമെന്ന് പറയുന്നു. കഴിഞ്ഞവര്‍ഷം ക്രിസ്ത്യന്‍പള്ളികളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013 ലും സമാനമായ ആക്രമണം അവര്‍ നടത്തിയിരുന്നു. പെഷവാറിലെ ഒരു ചര്‍ച്ചില്‍ അന്ന് അവര്‍ നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു. 20 കോടി ജനസംഖൃയുള്ള പാക്കിസ്ഥാനില്‍ 32 ലക്ഷത്തോളം ജനങ്ങള്‍ മാത്രമാണ് ക്രിസ്തൃനികള്‍. ഏകദേശം അത്ര തന്നെ ഹിന്ദുക്കളും അവിടെയുണ്ട്. കൂടാതെ അതിലും കുറച്ച് ജനസംഖ്യയുള്ള അഹമ്മദീയവിഭാഗവവുമുണ്ട്. ഈ നൃൂനപക്ഷവിഭാഗങ്ങളെല്ലാം ഈ ഭീകരവാദസംഘടനകളുടെ ലക്ഷ്യവും ഇരകളുമാണ്. ഈ ചാവേര്‍ ആക്രമണം ലക്ഷ്യം വെച്ചത് ക്രിസ്ത്യാനികളെയാണെങ്കിലും കൊല്ലപ്പെട്ടവരില്‍ നിരവധിപേര്‍ മുസ്ലീമുകളാണ്. അതിന് കാരണം ലാഹോര്‍ പാക്കിസ്ഥാനിലെ ഏറ്റവും മതമൈത്രിയും പുരോഗമനസ്വഭാവവും നിലനില്‍ക്കുന്ന പ്രദേശമാണ് എന്നതാണ്. ആരാധനാലയങ്ങള്‍ക്കപ്പുറമുള്ള പൊതുമണ്ഡലത്തില്‍ മതേതരസാന്നിദ്ധ്യം അവിടെ വളരെ ദൃശ്യമാണ്.
ഇതിന് മുമ്പ് 2014ല്‍ പാക്ക് താലിബാന്‍ നടത്തിയ ആക്രമണമായിരുന്നു നാളതുവരെയുള്ള എല്ലാ ക്രൂരകത്യങ്ങളേയും ചെറുതാക്കിക്കളഞ്ഞത്. ലോകത്തിന്റെ ഹൃദയരക്തം അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഉറഞ്ഞുപ്പോയി. ക്രൂരതക്ക് ഇതിനപ്പുറം സഞ്ചരിക്കാനാവില്ല. പാക്കിസ്ഥാനിലെ പെഷവാര്‍ അന്ന് കടലോളം വലിയ ഒരു കണ്ണുനീര്‍തുള്ളിയായിതീര്‍ന്നു. പാക്കിസ്ഥാനിന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന 120 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന പെഷവാറിലെ സ്‌ക്കൂളിലേക്ക് ഇരച്ചു കയറിയ തെഹ് രിക്കെ-ഇ- താലിബാന്‍- പാക്കിസ്ഥാന്‍ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകര്‍ 2014 നവമ്പര്‍ 16ന് 10.30 മണിയോടുകൂടി 135 വിദ്യാത്ഥികളെയാണ് നിഷ്‌ക്കരുണം കൊന്നൊടുക്കിയത്. വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ ഒരു ഹാളില്‍ പ്രഥമശുശ്രൂഷരീതികളുമായി ബന്ധപ്പെട്ട പരിശീലനത്തിലായിരുന്നു. അധ്യാപകരും പാക്കിസ്ഥാന്‍ പട്ടാളക്കാരുമുള്‍പ്പടെ 145 പേര്‍ കൊല്ലപ്പെട്ടു. ന്തൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അവരില്‍ പലരും പിന്നീട് മരിച്ചു. മരിച്ചവരിലധികവും 12 നും 16നുമിടയില്‍ പ്രായമുള്ളവരാണ്. അയിരത്തി ഒരുനൂറ് വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. അതില്‍ ഭൂരിപക്ഷം പേരും പാക്കിസ്ഥാന്‍ സൈനികരുടെ മക്കളാണ്. ആക്രമണത്തില്‍ വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഹമ്മദ് ഫറാസ് എന്ന 14വയസ്സുക്കാരന്‍ പറയുന്നു. ‘ വെടിയൊച്ച കേട്ടപ്പോള്‍ കുട്ടികള്‍ ബെഞ്ചിനടിയില്‍ ഒളിക്കാന്‍ തുടങ്ങി. അത് കണ്ട് ഒരു താലിബാന്‍ ഭീകരന്‍ അവരെ കൊല്ലൂ എന്ന് ആക്രോശിച്ചു.’ അങ്ങനെ നിസ്സഹായരും നിരപരാധികളുമായ കുട്ടികളെ അവര്‍ കൂട്ടത്തോടെ കൊന്നൊടുക്കി. കൊല്ലുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരെ ബന്ദികളാക്കി വിലപേശാന്‍ പോലും അവര്‍ വിചാരിച്ചില്ല. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക്കിസ്ഥാന്‍ താലിബാന്‍ പ്രതിനിധിയുടെ വാക്കുകള്‍ അതിന് അടിവരയിടുന്നു. ‘ഉറ്റവര്‍ മരിക്കുമ്പോളുണ്ടാകുന്ന വേദന അവരും അറിറയണ’മെന്ന്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങളില്‍ നടത്തിവരുന്ന ഭീകരവിരുദ്ധപോരാട്ടങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്നാണ് ഈ പ്രതികരണത്തിന് അര്‍ത്ഥം. ശരീയത്തില്‍ അധിഷ്ഠിതമായ ഒരു ഇസ്ലാം രാജ്യം നിര്‍മ്മിക്കുക എന്നത് പ്രഖ്യാപിതലക്ഷ്യമായി സ്വീകരിച്ച ഒരു സംഘടനയാണ് തങ്ങളുടെ ക്രൂരകൃത്യത്തെ ഈ രീതിയില്‍ ന്യായീകരിക്കുന്നത്. നാസി ജര്‍മ്മനിയേക്കാള്‍ ഭീകരമായിരിക്കും അവരുടെ സ്വപ്നലോകമെന്ന് അത് നമ്മെ ജാഗ്രതപ്പെടുത്തുന്നു. ചിതറികിടക്കുന്ന കുട്ടികളുടെ ശവശരീരങ്ങള്‍ കണ്ട് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി പറഞ്ഞ വാക്കുകള്‍ ഇതാണ്.’ശവപ്പെട്ടികള്‍ വളരെ ചെറുതാണ്. പക്ഷെ അവയുടെ ഭാരം താങ്ങാനാവുനാവുന്നില്ലല്ലൊ’
പാക്കിസ്ഥാനില്‍ ആഭ്യന്തരപ്രശ്‌നത്തിന്റേയും ഭീകരാക്രമണത്തിന്റേയും പേരില്‍ കൊലപാതകപരമ്പരകള്‍ അരങ്ങേറുന്നത് പുതിയ കാര്യമല്ല. ഇസ്ലാമിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഒരു മേഖലയാണ് പാക്കിസ്ഥാന്‍. വിഭജനകാലത്ത് ഇന്‍ഡ്യയില്‍ നിന്ന് കുടിയേറി സിന്ധ് പ്രവിശ്യയില്‍ താമസമുറപ്പിച്ച മുസ്ലീം വിഭാഗത്തിനു (മുജാഹീറുകള്‍) നേരെയും അഹമ്മദീയ വിഭാഗത്തിനുനേരെയും ഒരുപാട് ആക്രമണങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. വെള്ളിയാഴ്ചകളുടെയൊ റംസാന്‍ മാസത്തിന്റെയൊ വിശുദ്ധികളൊന്നും ഭീകരവാദികള്‍ക്ക് ബാധകമല്ലെന്ന് തെളിയിച്ചുക്കൊണ്ട് പള്ളികളില്‍ നമസ്‌ക്കാരവേളകളില്‍ നൂറുക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മതത്തിന്റെ പേരില്‍ ഉത്ഭവിച്ച് അന്യമതസ്ഥരെ മാത്രമല്ല, സ്വമതസ്ഥരെതന്നെ കൊന്നൊടുക്കുന്ന ഈ ഭീകരവാദത്തിന് ഭീകരത തന്നെയാണ് മതം. അതുക്കൊണ്ടാണ് ഭീകരവാദത്തിന് മതമില്ല, അത് സ്വയം ഒരു മതമാണ് എന്ന് പറയുന്നത്. പെഷവാറിലെ സൈനികസ്‌ക്കൂളില്‍ കുട്ടികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ താലിബാന്‍ അക്കാലത്ത് അഭിമാനപൂര്‍വ്വം പുറത്ത് വിട്ടിരുന്നു. ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അറബിഭാഷയിലെഴുതിയ ഖുര്‍ആനിലെ അതിപ്രശസ്തമായ ഒരു വാചകവുമുണ്ട്.’ലാ ഇലാഹ് ഇല്ലള്ള മുഹമ്മദ് റസൂലുള്ളാ’ ആരാധനക്കര്‍ഹന്‍ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നും അദ്ദേഹത്തിന്റെ പ്രവാചകന്‍ മുഹമ്മദാണെന്നുമാണ് അതിനര്‍ത്ഥം. കോടാനുകോടി മുസ്ലീമുകള്‍ നെഞ്ചോടുചേര്‍ത്തുവെക്കുകയും സ്തീകളേയും കുട്ടുകളേയും കൊല്ലുന്നതിനേക്കാള്‍ ഭീകരമായ കുറ്റകൃത്യം ലോകത്തിലില്ലെന്ന് പ്രബോധനം ചെയ്യുകയും ചെയ്ത ഒരു മതത്തിന്റെ പവിത്രവചനങ്ങള്‍ എത്ര നിഷ്‌ക്കരുണമായാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.
അതിനുമുമ്പും പാക്കിസ്ഥാനെ ഞെട്ടിച്ച കൊടുംഭീകരതകള്‍ പാക്കിസ്ഥാന്‍ താലിബാന്‍ ചെയ്തിട്ടുണ്ട്. 2007 ഒക്‌ടോബറില്‍, പുറത്താക്കപ്പെട്ട പാക്കിസ്ഥാന്‍ പ്രസിഡണ്ട് ബെനസീര്‍ ഭൂട്ടോവിന് പിന്‍തുണ പ്രഖ്യാപിച്ച് , നടന്ന ജനകീയമാര്‍ച്ചില്‍ ബോംബ്‌സ്‌ഫോടനം നടത്തി 139 പേരെ അവര്‍ കൊന്നൊടുക്കി. 250 പേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തു. 2009ല്‍ പെഷവാറിലെ മാര്‍ക്കറ്റില്‍ താലിബാന്‍ നടത്തിയ ബോംബ്‌സ്‌ഫോടനത്തില്‍ സ്തീകളും കുട്ടികളും ഉല്‍പ്പടെ ന്തൂറുപേര്‍ കൊല്ലപ്പെട്ടു. 2012ല്‍ മലാലയൂസഫിനെ നോരെ താലിബാന്‍ നിറയൊഴിച്ചു. 2013ല്‍ പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 80 പേര്‍ മരിച്ചു.
ഒരര്‍ത്ഥത്തില്‍ ഈ മഹാദുരന്തം പാക്കിസ്ഥാന്‍ വിലകൊടുത്ത് വാങ്ങിയതാണ്. കാരണം താലിബാന്‍ എന്ന ഭീകരപ്രസ്ഥാനത്തിന്റെ സൃഷ്ടാവും പ്രയോജകനുമായിരുന്നു പാക്കിസ്ഥാന്‍. അത് തെഹ് രീക്കെ-ഇ- താലിബാന്‍- പാക്കിസ്ഥാനല്ല, അഫ്ഗാന്‍ താലിബാനായിരുന്നു എന്ന് പറഞ്ഞ് ആശ്വസിക്കാനാവില്ല. എന്തെന്നാല്‍ അഫ്ഗാന്‍ താലിബാന്റെ തുടര്‍ച്ചയൊ വളര്‍ച്ചയൊ ആണ് പാക്കിസ്ഥാന്‍ താലിബാന്‍. മാരകവിഷാംശമുള്ള ആശയങ്ങള്‍ കുത്തിനിറച്ച് ,മനസ്സില്‍ നിന്ന് ആര്‍ദ്രതകള്‍ വറ്റിച്ച് കളഞ്ഞ് നിര്‍മ്മിച്ചെടുക്കുന്ന വധയന്ത്രമാണ് ഒരു മതഭീകരവാദി. അയാളെ സംബന്ധിച്ച് ഓരോ കൊലപാതകവും ദൈവത്തിന് നല്‍കുന്ന പ്രസാദമാണ് . കൊല്ലുന്നതും ചാകുന്നതും ഒരുപോലെ പുണ്യകര്‍മ്മമാവുന്നു. കൊല്ലുക എന്നത് ആദ്യം ഒരു മാര്‍ഗ്ഗമായിരുന്നുവെങ്കില്‍ പിന്നീട് അത് തന്നെ ഒരു ലക്ഷ്യമായിതീരുന്നു.ശത്രു എന്ന മുദ്രകുത്തി കൊല്ലാന്‍ പുറത്ത് നിന്ന് ആരേയും കിട്ടിയില്ലെങ്കില്‍ അയാള്‍ വീട്ടിലുള്ളവരെ തന്നെ വെടിവെച്ചുക്കൊല്ലും. കാരണം അയാള്‍ ഒരു വധയന്ത്രമാണ്. അതാണ് പാക്കിസ്ഥാനില്‍ സംഭവിച്ചത്. പെഷവാറിലെ സൈനികസ്‌ക്കൂളില്‍ 145 പേരെ കൊന്നിട്ടും പിന്നെയും കൊല്ലാനുള്ള ഉത്തരവിനായി കാത്തുനിന്ന ആ വധയന്ത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് പാക്കിസ്ഥാന്‍ എന്ന മൂശയിലാണ്.
1980 കളില്‍ അഫ്ഗാനിലെ സോവിയറ്റ് അധിനിവേശകാലത്ത്, അഫ്ഗാനിലെ നജീബുള്ള സര്‍ക്കാരിനും സോവിയറ്റൂണിയനും എതിരെ പൊരുതുന്നതിനുവേണ്ടി കിഴക്കന്‍ പാക്കിസ്ഥാനിലെ രഹസ്യതാവളങ്ങളില്‍ പാക്കിസ്ഥാന്‍ തന്നെ പരിശീലിപ്പിച്ചെടുത്ത മുജാഹിദ്ദീന്‍ പോരാളികളിലാണ് താലിബാന്റെ വേരുകള്‍. മുഹമ്മദ് ഒമര്‍ (താലിബാന്റെ അവസാനവാക്കും ആദ്ധൃത്മിക നേതാവും ) ഉള്‍പ്പെടെ 90.000 അഫ്ഗാനികള്‍ക്കാണ് അക്കാലത്ത് പാക്കിസ്ഥാന്‍ സായുധപരിശീലനം നല്‍കിയത്. അമേരിക്കയും സൗദി അറേബ്യയും പാക്കിസ്ഥാന്‍ വഴി ആളും അര്‍ത്ഥവും നല്‍കി അവരെ സഹായിക്കുകയും ചെയ്തു. അമേരിക്കന്‍ സിനിമയായ റാമ്പോ (മൂന്നാം ഭാഗം) സമര്‍പ്പിച്ചിരിക്കുന്നത് തന്നെ അഫ്ഗാനിലെ മുജാഹിദ്ദീന്‍ പോരാളികള്‍ക്കാണ്. 1992 ല്‍ നജീബുള്ള സര്‍ക്കാര്‍ നിലംപതിച്ചു. സോവിയററ് യുണിയന്‍ പരാജയപ്പെട്ട് പിന്‍വാങ്ങി. അഫ്ഗാന്‍ ആഭ്യന്തരയുദ്ധത്തിന്റെ തീചൂളയിലമര്‍ന്നു. അഫ്ഗാന്റെ വിവിധപ്രവിശ്യകള്‍ യുദ്ധപ്രഭുക്കള്‍ പങ്കിട്ടെടുത്തു. ഈ ശൈഥില്ല്യവും അന്തച്ഛിദ്രവും താലിബാന്‍ എന്ന സംഘടനക്ക് വളക്കൂറുള്ള മണ്ണ് നല്‍കി.
1991 ല്‍ തന്നെ താലിബാന്‍ എന്ന പേര് രൂപപ്പെട്ടിരുന്നു. അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പാക്കിസ്ഥാനില്‍ സ്ഥാപിച്ച ജാമിയത്ത്-ഉലമ-ഇ-ഇസ്ലാം എന്ന മതപാഠശാലകളില്‍ നിന്നാണ് ആ പേരിലുള്ള സംഘടന പിറന്നുവീണത്. പഷ്തൂണ്‍ ഭാഷയില്‍ താലിബ് എന്നാല്‍ വിദ്യാര്‍ത്ഥിയെന്നാണ് അര്‍ത്ഥം.താലിബാന്‍ എന്ന വാക്ക് അതിന്റെ ബഹുവചനമാണ്- വിദ്യാര്‍ത്ഥികള്‍. മതപാഠശാലകളിലെ വിദ്യാര്‍ത്ഥികളാണ് അന്ന് ആ സായുദ്ധസംഘടനക്ക് നേതൃത്വം നല്‍കിയതെന്ന് പേരില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇന്‍ഡ്യയിലെ നിരോധിത ഇസ്ലാമിക് തീവ്രവാദ സംഘടനയുടെ പേര് സിമി (സ്റ്റൂഡന്റ് ഇസ്ലാമിക്ക് മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ)യെന്നായതും യാദൃശ്ചികമാകാനിടയില്ല. സിമി എന്ന സംഘടന ഇപ്പോള്‍ കേരളത്തിലില്ല. എന്നാല്‍ പുരോഗമനാശയങ്ങളുടേയൊ മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെയൊ മേലങ്കിയണിഞ്ഞ് ചില സംഘടനകള്‍ സിമിയുടെ ആശയങ്ങള്‍ രഹസ്യമായി കൊണ്ടുനടക്കുന്നുണ്ട് എന്നത് വാസ്തവമാണ്.
മുല്ല ഒമറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഈ സംഘടനയില്‍ തുടക്കത്തില്‍ 50 പേര്‍ മാത്രമാണ് അണിചേര്‍ന്നത്. എന്നാല്‍ വളരെ വേഗത്തില്‍ സംഘടന ശക്തി പ്രാപിച്ചു. മാസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനിലെ മതപാഠശാലകളില്‍ നിന്ന് മാത്രം 15000 വിദ്യാര്‍ത്ഥികള്‍ താലിബാനില്‍ ചേര്‍ന്നു. 1994 ആയപ്പോഴേക്കും അഫ്ഗാനിലെ വളരെ വലിയ സായുധസംഘടനയായി മാറി താലിബാന്‍. അഫാഗാനിലെ 33 പ്രവിശ്യകളില്‍ 12 ഉം താലിബാന്‍ പിടിച്ചെടുത്തു. തങ്ങളുടെ അധീനതയിലായി തീര്‍ന്ന പ്രവിശ്യകളില്‍ ശരീയത്തിന്റെ പേരില്‍ ഭീകരനിയമങ്ങള്‍ താലിബാന്‍ അടിച്ചേല്പിക്കാന്‍ തുടങ്ങി. പെണ്‍ക്കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നിരോധിച്ചു. ന്തൂറക്കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടി. സ്ത്രീകള്‍ പുറംതൊഴില്‍ ചെയ്യുന്നതും ഒറ്റക്ക് പുറത്തിറങ്ങുന്നതും വിലക്കി. എന്നാല്‍ കാബൂള്‍ ഉള്‍പ്പടെ സുപ്രധാനമായ പല പ്രവശ്യകളും യുദ്ധപ്രഭുക്കളില്‍ നിന്ന് പിടിച്ചെടുക്കുകയും അഫ്ഗാനിസ്ഥാനില്‍ ഒരു ജനകീയസര്‍ക്കാര്‍ രൂപീകരിക്കാനുള്ള പദ്ധതിയുമായി പുരോഗമനകാരിയും ജനാധിപത്യവാദിയുമായ അഹമ്മദ് ഷാ മസൂദ് അപ്പോള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നു.( വടക്ക്- കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍വെച്ച് ഒന്‍പത് തവണ സോവിയറ്റ് യൂണിയന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് അദ്ദേഹം.) 1994ല്‍ അദ്ദേഹം താലിബാനോട് അഫ്ഗാനിസ്ഥാനില്‍ ഒരു ഭാവിജനാധിപത്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളിയാകാന്‍ അഭ്യാര്‍ത്ഥിച്ചു. എന്നാല്‍ ഈ ആവശ്യം നിരസിക്കുന്ന നിലപാടാണ് താലിബാന്‍ കൈക്കൊണ്ടത്. എന്നാല്‍ പിന്നെയും അദ്ദേഹം തന്റെ ശ്രമം തുടരുകയും നിരായുധനായി ഒരിക്കല്‍ താലിബാന്‍ നേതാക്കന്മ•ാരെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തുകയും ചെയ്തു. ചര്‍ച്ച പരാജയപ്പെട്ടെങ്കിലും മസൂദിന് ജീവനോടെ തിരിച്ചുപോകാന്‍ സാധിച്ചു. പക്ഷെ അതിന് വില കൊടുത്തത് ആ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത താലിബാന്‍ നേതാവാണ്. നിരായുധനായി ചര്‍ച്ചക്കെത്തിയ മസൂദിനെ കൊല്ലാന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയതിന് മസൂദിനെ സ്വീകരിച്ച നേതാവിനെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു. ഭ്രാന്തമായ ആശയക്കാരും മനുഷ്യരക്തത്തിനു വേണ്ടി ദാഹിക്കുന്നവരുമായ ആളുകളുടെ ഒരു സംഘമായി മാറി താലിബാന്‍ എന്നതിന്റെ ഒരു സൂചനയായിരുന്നു ഈ സംഭവം.
1995ല്‍ കാബൂള്‍ ഉള്‍പ്പെടെ മിക്കവാറും പ്രവിശ്യകള്‍ താലിബാന്‍ ഭരണത്തിന്‍ കീഴിലായി. താലിബാനെ ഭരണത്തിലേറ്റുന്നതിനും ഭരണം നിലനിര്‍ത്തുന്നതിനുമായി 1994-1999 കാലത്ത് ഒരു ലക്ഷം പാക്കിസ്ഥാന്‍ പോരാളികളെ അന്നത്തെ ആര്‍മി ചീഫായിരുന്ന, പിന്നീട് പാക്കിസ്ഥാനിന്റെ പ്രസിഡണ്ടായ, പര്‍വേഷ് മുഷാറഫ് അഫ്ഗാനിലേക്ക് നിയോഗിക്കുകയുണ്ടായി. ഒരു ജനാധിപത്യസര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാവരുതെന്ന് താലിബാനെപ്പോലെ പാക്കിസ്ഥാനും ആഗ്രഹിച്ചിരുന്നു. മാത്രമല്ല, പാക്കിസ്ഥാന്‍, അമേരിക്ക, സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങള്‍ താലിബാന്‍ ഭരണക്കൂടത്തെ അംഗീകരിക്കുകയും ചെയ്തു. അപ്പോഴും ചില പ്രവശ്യകള്‍ അഹമ്മദ്ഷാ മസൂദിന്റെ കീഴില്‍തന്നെയായിരുന്നു. സ്തീകളും പുരൂഷന്മാരും ദൈവത്തിന്റെ സൃഷ്ടികളാണെന്നും അതിനാല്‍ അവര്‍ക്ക് തുല്ല്യമായ അവകാശങ്ങളുണ്ടെന്നും വിശ്വസിച്ച മസൂദ് തന്റെ അധീനതയിലുള്ള ഭൂപ്രദേശത്ത് സ്തീകള്‍ക്ക് പഠിക്കാനും പുറംത്തൊഴില്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തുകയുണ്ടായി. അതേ സമയം പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചുപൂട്ടുകയും സ്ത്രീകളെ പീഢിപ്പിക്കുകയും ചെയ്തു വന്ന താലിബാന്‍ ഭരണക്കൂടത്തിന് അമേരിക്കയും പാക്കിസ്ഥാനും എല്ലാവിധ പിന്‍തുണയും നല്‍കിയെന്നതാണ് ദയനീയമായ കാര്യം ക്രമത്തില്‍ ഈ പിന്‍തുണക്കൊണ്ട് കൂടി മുഴുവന്‍ അഫ്ഗാന്‍ പ്രവശ്യകളും താലീബാന്റെ ഭീകരഭരണത്തില്‍ അമര്‍ന്നു.
2001 സെപ്തമ്പര്‍ 9 ന് മസൂദ് കൊല്ലപ്പെട്ടു. പത്രപ്രവര്‍ത്തകരായി നടിച്ചെത്തിയ രണ്ടു ചാവേറുകളുടെ ആക്രമണത്തിലാണ് മസൂദ് തന്റെ 48-ാം വയസ്സില്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസത്തിനുശേഷം, അതായത് 2001 സെപ്തമ്പര്‍ മാസം 11 ന് അമേരിക്കയിലെ ഇരട്ടഗോപുരവും ലോകവാണിജ്യകേന്ദ്രവും അല്‍ഖൈ്വദ തകര്‍ക്കുകയും അതില്‍ 3000 ത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.താലിബാനെ പിന്തുണച്ചതിന് അമേരിക്കക്ക് കിട്ടിയ നല്ല പ്രതിഫലമായിരുന്നു അത്. മാസങ്ങള്‍ക്കു മുമ്പുതന്നെ മസൂദ് ഇത്തരം ഒരു ഭീകരാക്രമണസാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും അമേരിക്കക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു മുമ്പ് തന്നെ അമേരിക്കക്ക് നല്ല പ്രഹരം അത്‌ഖൈ്വദയില്‍ നിന്ന് കിട്ടിയിരുന്നു. 1997ല്‍ ആഫ്രിക്കയിലെ രണ്ട് അമേരിക്കന്‍ എംബസികള്‍ അല്‍ഖൈ്വദ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 224 പേര്‍ മരിക്കുകയും 4500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്ക അഫ്ഗാനിസ്ഥാനിലെ അല്‍ഖൈ്വദ ഒളിത്താവളങ്ങളില്‍ അതിനെ തുടര്‍ന്ന് മിസൈല്‍ ആക്രമണം നടത്തുകയുണ്ടായി. ഈ സംഭവമാണ് താലിബാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. സ്വന്തം നിലനില്‍പ്പിനപ്പുറത്ത് മറ്റൊരു ആദര്‍ശവുമില്ലെന്ന് അമേരിക്കയും താലിബാനും ഒരേപ്പോലെ ലോകത്തെ ബോധ്യപ്പെടുത്തി ഈ സംഭവത്തിലൂടെ. താലിബാന്റെ സാമ്രാജ്യത്തവിരുദ്ധത എത്രമാത്രം കപടമാണോ അത്രമാത്രം കപടമാണ് അമേരിക്കയുടെ ഭീകരവിരുദ്ധതയെന്ന് ലോകം അപ്രകാരം മനസ്സിലാക്കുകയുണ്ടായി.
തെഹരിക്കെ-ഇ-താലിബാന്‍-പാക്കിസ്ഥാന്‍
2007 ല്‍ ഈ സംഘടന പാക്കിസ്ഥാനില്‍ രൂപീകരിച്ചെങ്കിലും അത് വളരെ സജീവമാവുന്നത് 2011 നു ശേഷമാണ്. ആ വര്‍ഷത്തിലാണ് അഫ്ഗാനിസ്ഥാനിലെ ഐക്യ ഇസ്ലാമികസൈന്യവും നാറ്റോ (NATO)സൈന്യവും ചേര്‍ന്ന് താലിബാന്‍ ഭരണത്തെ അട്ടിമറിച്ചത്. അതോടുകൂടി പാക്കിസ്ഥാനില്‍ നിന്ന് താലിബാന് വേണ്ടി അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്തിതിരുന്ന 8000 വരുന്ന പോരാളികള്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ഈ സൈന്യമാണ് ബെയ്ത്തുള്ള മസൂദ് എന്ന നേതാവിന്റെ കീഴില്‍ സംഘടിച്ച് തെഹ്രിക്കെ-ഇ. താലിബാന്‍- പാക്കിസ്ഥാന്‍ (ടി.ടി.പി)എന്ന ഭീകരസംഘടനക്ക് രൂപം നല്‍കിയത് എന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പഠനം നടത്തിയ പല വിദഗ്ധരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിചിത്രമായൊരു കാര്യം, ഈ സംഘടനയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് അഫ്ഗാന്‍ താലിബാന്‍ പരസ്യപ്രസ്താവന നടത്തിയതാണ്. ന്യൂയോര്‍ക്ക് ടൈസിന്റെ റിപ്പോര്‍ട്ടനുസരിച്ച് അഫ്ഗാന്‍ താലിബാന്‍ പ്രതിനിധി 2008ല്‍ നടത്തിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു.’ഞങ്ങള്‍ക്ക് പാക്കിസ്ഥാന്‍ താലിബാനുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ അവരുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ചിട്ടുണ്ട്. മുസ്ലീം എന്ന നിലയിലുള്ള ദയ മാത്രമേ അവരോട് ഞങ്ങള്‍ക്കുള്ളൂ. അതിനപ്പുറം ഞങ്ങള്‍ക്കിടയില്‍ മറ്റു ബന്ധങ്ങളൊന്നുമില്ല.’ ഇതില്‍ കാര്യമുണ്ടെന്ന് തന്നെ വിചാരിക്കാന്‍ പറ്റുന്ന ചില സൂചനകള്‍ പിന്നീടുണ്ടായിട്ടുണ്ട്. അഫ്ഗാന്‍ താലിബാന്‍ നേതാവായ മുല്ല ഒമര്‍ പാക്കിസ്ഥാന്‍ താലിബാനോട് പാക്കിസ്ഥാനില്‍ അവര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ 2008ലും 2009ലും അഭ്യര്‍ത്ഥന നടത്തുകയുണ്ടായി. അഫ്ഗാന്‍ നാഷണല്‍ ആര്‍മിക്കുനേരെ യുദ്ധം ചെയ്യാന്‍ അദ്ദേഹം അവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പാക്കിസ്ഥാന്‍ താലിബാന്‍ അതിനോട് ഫലപ്രദമായി പ്രതികരിച്ചില്ല. അപ്പോഴേക്കും പാക്കിസ്ഥാന്‍ താലിബാനുനേരെ അമേരിക്ക ആക്രമണമാരംഭിച്ചിരുന്നു. പാക്കിസ്ഥാനാവട്ടേ അമേരിക്കയെ പിണക്കിക്കൊണ്ട് പാക്കിസ്ഥാന്‍ താലിബാനെ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. അഫ്ഗാന്‍ മേഖലയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിനു വേണ്ടി പാക്കിസ്ഥാന്‍ സൃഷ്ടിച്ച ഭീകരവാദികള്‍ പാക്കിസ്ഥാനെതന്നെ കടന്നാക്രമിക്കുന്നതാണ് ലോകം കാണുന്നത്. അതില്‍ അവസാനം സംഭവിച്ച അളക്കാനാവാത്ത കൊടുക്രൂരതയാണ് മാര്‍ച്ച് 27ന് ലാഹോറില്‍ കണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in