ഫുട്‌ബോള്‍ ഒരു മഹാകാവ്യം – യുദ്ധവും
കുരിയന്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ലോകകപ്പ് ഫുട്‌ബോളിന് ആദ്യവിസില്‍ മുഴങ്ങുന്നു. ജൂലായ് 13നാണ് ഫൈനല്‍. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിലേക്കാണ് എല്ലാ മിഴിയും മനസ്സും. ഇനി ലോകത്തെ ഭരിക്കുന്നത് ഫുട്‌ബോള്‍ മാത്രമാണ്. കാക്കത്തൊള്ളായിരം കായിക ഇനങ്ങള്‍ ഉണ്ടെങ്കിലും ഫുട്‌ബോള്‍ ജനകീയമായത് ആ കളിയുടെ മികവുകൊണ്ടാണ്. ക്രിക്കറ്റില്‍ അതികായരായ ഇന്ത്യയില്‍പ്പോലും ഫുട്‌ബോള്‍ ഭ്രമം തിട്ടപ്പെടുത്താനാകാത്തതാണ്. കേരളവും തമിഴ്‌നാടും തമ്മിലുള്ള രഞ്‌ജിട്രോഫി മത്സരം കാണാന്‍ 2000 കാണികളെ കൂട്ടാന്‍ നേര്‍ച്ച നേരിടേണ്ടിവരും. എന്നാല്‍ ഫുട്‌ബോളിലെ സ്ഥിതി അതല്ല. […]
കുരിയന്‍
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ലോകകപ്പ് ഫുട്‌ബോളിന് ആദ്യവിസില്‍ മുഴങ്ങുന്നു. ജൂലായ് 13നാണ് ഫൈനല്‍. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിലേക്കാണ് എല്ലാ മിഴിയും മനസ്സും. ഇനി ലോകത്തെ ഭരിക്കുന്നത് ഫുട്‌ബോള്‍ മാത്രമാണ്.
കാക്കത്തൊള്ളായിരം കായിക ഇനങ്ങള്‍ ഉണ്ടെങ്കിലും ഫുട്‌ബോള്‍ ജനകീയമായത് ആ കളിയുടെ മികവുകൊണ്ടാണ്. ക്രിക്കറ്റില്‍ അതികായരായ ഇന്ത്യയില്‍പ്പോലും ഫുട്‌ബോള്‍ ഭ്രമം തിട്ടപ്പെടുത്താനാകാത്തതാണ്. കേരളവും തമിഴ്‌നാടും തമ്മിലുള്ള രഞ്‌ജിട്രോഫി മത്സരം കാണാന്‍ 2000 കാണികളെ കൂട്ടാന്‍ നേര്‍ച്ച നേരിടേണ്ടിവരും. എന്നാല്‍ ഫുട്‌ബോളിലെ സ്ഥിതി അതല്ല.
ഫുട്‌ബോളിന്റെ അന്താരാഷ്‌ട്രസംഘടനയായ ഫിഫയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള 150ലേറെ രാജ്യങ്ങളില്‍നിന്ന് പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ അര്‍ഹതനേടിയവരാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. വിവിധ വന്‍കരകളെ പ്രതിനിധീകരിച്ച് മൊത്തം 32 ടീമുകള്‍. ലോകത്തെ ഒരു മാസക്കാലം മുള്‍മുനയില്‍ നിര്‍ത്തുന്നത് ഈ 32 രാജ്യങ്ങളും അവിടുത്തെ ഫുട്‌ബോള്‍ താരങ്ങളുമാണ്.
എട്ടുഗ്രൂപ്പുകളിലായാണ് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. ഐ ഗ്രൂപ്പില്‍ ആതിഥേയരായ ബ്രസീല്‍, ക്രൊയേഷ്യ, മെക്‌സിക്കോ, കാമറൂണ്‍ ടീമുകളും ബിഗ്രൂപ്പില്‍ സ്‌പെയിന്‍, ഹോളണ്ട്, ചിലി, ആസ്‌ത്രേലിയ ടീമുകളും ഏറ്റുമുട്ടുന്നു. സി ഗ്രൂപ്പില്‍ കൊളംബിയ, ഗ്രീസ്, ഐവറികോസ്റ്റ്, ജപ്പാന്‍. ഡി ഗ്രൂപ്പിലാകട്ടെ ഉറുഗ്വേ, കോസ്റ്ററിക്ക, ഇംഗ്ലണ്ട്, ഇറ്റലി ടീമുകളും. ഇ ഗ്രൂപ്പില്‍ സ്വിറ്റ്‌സര്‍ലണ്ട്, ഇക്വഡോര്‍, ഫ്രാന്‍സ്, ഹോണ്ടുറാസ് ടീമുകളുമാണ് ശക്തി പരീക്ഷിക്കുന്നത്.
എഫ് ഗ്രൂപ്പില്‍ അര്‍ജന്റീന, ബോസ്‌നിയ, ഇറാന്‍, നൈജീരിയ ടീമുകളും ജി ഗ്രൂപ്പില്‍ ജര്‍മനി, പോര്‍ച്ചുഗല്‍, ഘാന, യു.എസ്.എ ടീമുകളും എച്ച് ഗ്രൂപ്പില്‍ ബെല്‍ജിയം, അള്‍ജീരിയ, റഷ്യ, ദക്ഷിണകൊറിയ എന്നീ ടീമുകളുമാണ് ഉള്ളത്.
പ്രാഥമിക റൗണ്ടില്‍ തീ പാറുന്ന മത്സരങ്ങള്‍ കുറവാണ്. അത്ഭുതങ്ങള്‍ സംഭവിക്കാവുന്ന രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഗ്രൂപ്പ് ഡിയാണ് ഇതില്‍ പ്രധാനം. യൂറോപ്യന്‍ ശക്തികളായ ഇംഗ്ലണ്ട്, ഇറ്റലി എന്നിവരോടൊപ്പം ലാറ്റിനമേരിക്കന്‍ ശക്തിയായ ഉറുഗ്വേയും കൊമ്പുകോര്‍ക്കുന്നു. മൂന്നുപേരും മുന്‍ ലോകകപ്പ് ജേതാക്കള്‍. പ്രതിരോധമികവുകൊണ്ട് വിജയം കൊയ്‌തെടുക്കുന്ന ഇറ്റലി, ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായ ഇംഗ്ലണ്ട്, ലാറ്റിനമേരിക്കന്‍ കാലുകളിലൊളിപ്പിച്ചെത്തുന്ന ഉറുഗ്വേ… തീപാറുന്ന ഈ ഗ്രൂപ്പിലെ ലോകത്തിലെ മികച്ചൊരു ടീമിന് രണ്ടാം റൗണ്ടിലെത്താനാവില്ലായെന്നതാണ് ഏറെ ദുഃഖകരം.
ഗ്രൂപ്പ് ജിയും പോരാട്ടവീര്യം നിറഞ്ഞതാണ്. ജര്‍മനി, പോര്‍ച്ചുഗല്‍, ഘാന, യുഎസ്.എ എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. മുന്‍ ലോകകപ്പ് ജേതാക്കളായ ജര്‍മ്മനി രണ്ടാം റൗണ്ടിലെത്തുമെന്നതില്‍ ഫുട്‌ബോള്‍ ലോകം സംശയിക്കുന്നില്ല. എന്നാല്‍ രണ്ടാമത്തെ ടീം ഏതാകുമെന്നത് പ്രവചനാതീതമാണ്. യൂറോപ്പിലെ പ്രബലശക്തികളിലൊന്നായ പോര്‍ച്ചുഗലിന് ലോകകപ്പ് ഇപ്പോഴും കിട്ടാകനിയാണ്. ലോകത്തിലെ മികച്ച ഫുട്‌ബോളറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കിന്റെ പിടിയിലാണെങ്കിലും ടീമില്‍ തിരിച്ചെത്തിയത് പോര്‍ച്ചുഗലിന് പ്രതീക്ഷയേറുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും അര്‍ഹത നേടിയ ഘാന ഫുട്‌ബോളിന്റെ അക്ഷയഖനിതന്നെയാണ്. അതിശക്തരായ ഫുട്‌ബോള്‍ താരങ്ങളാല്‍ സമ്പന്നമാണ് ഘാന. ഒളിമ്പിക്‌സ് മെഡല്‍ നേടിയ ചരിത്രമുള്ള ഘാന ഇത്തവണ മികച്ച ഫോമിലാണ്. കായികരംഗത്ത് അനിഷേധ്യസ്ഥാനമുണ്ടെങ്കിലും ഫുട്‌ബോളില്‍ യുഎസ്‌എയുടെ സ്ഥിതി ആശാവഹമല്ല. മുന്‍ ജര്‍മ്മന്‍ ക്യാപ്‌റ്റന്‍ ജര്‍ഗന്‍ക്ലിന്‍സ്‌മാന്റെ പരിശീലനത്തില്‍ യുഎസ്‌എയും രണ്ടാം റൗണ്ട് സ്വപ്‌നം കാണുന്നു.
ലോകകപ്പിന് ആദ്യവിസില്‍ മുഴങ്ങും മുമ്പേ ഫുട്‌ബോള്‍പ്രേമികള്‍ ജേതാക്കളെ പ്രവചിക്കാറുണ്ട്. ബ്രസീലിനും അര്‍ജന്റീനക്കുമാണ് ആരാധകര്‍ ഏറെയുള്ളത്. സ്‌പെയിനും ജര്‍മ്മനിയും ഇറ്റലിയും ഇംഗ്ലണ്ടുമൊക്കെ തൊട്ടുപിറകില്‍ വരുന്നു.
ഫുട്‌ബോളിന് ഓരോ രാജ്യങ്ങളിലും ഓരോ രീതിയാണ്. ഇതില്‍ കാണാന്‍ ചന്തമുള്ളത് ലാറ്റിനമേരിക്കന്‍ ശൈലിയാണ്. ചടുലവും ചാരുതയുമാര്‍ന്ന കൊച്ചുകൊച്ചുപാസുകളിലൂടെ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തുന്ന ലാറ്റിനമേരിക്കന്‍ ശൈലി അതിമനോഹര കായിക കവിതയാണ്. ലാറ്റിനമേരിക്ക കടന്ന് ഫുട്‌ബോള്‍ യൂറോപ്പിലെത്തുമ്പോള്‍ കളിയുടെ ശൈലി വീണ്ടും മാറുന്നു. ടോട്ടല്‍ ഫുട്‌ബോളാണ് യൂറോപ്യന്‍ ശൈലിയുടെ പ്രത്യേകത. കുറിയ പാസുകള്‍ക്കു പകരം ലോങ്ങ് പാസുകളിലാണ് കളിക്കാര്‍ക്ക് കൂടുതല്‍ വിശ്വാസം. കഴിഞ്ഞ തവണ 100 മേനി നേടിയ സ്‌പെയിനിന്റെ ടിക്ക-ടാക്ക ഇത്തവണ എത്രമാര്‍ക്ക് നേടുമെന്ന് കണ്ടറിയണം.
ആഫ്രിക്കയില്‍ എത്തുമ്പോള്‍ ഫുട്‌ബോളിന് മറ്റൊരു രീതിയാകുന്നു. കാരിരുമ്പിന്റെ കരുത്താണ് ഇവിടുത്തെ ഫുട്‌ബോളിന്. കണ്ണിനും കരളിനും കുളിരേകുന്ന ശൈലിയല്ല, മറിച്ച് വന്യമായ ഫുട്‌ബോള്‍ യുദ്ധമാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ കഴിവ്. കുറവാകട്ടെ, അന്താരാഷ്‌ട്രമത്സരങ്ങളിലെ പരിചയക്കുറവും.
ഏഷ്യയിലെത്തുമ്പോള്‍ ഫുട്‌ബോളിനു ഒരു സങ്കലനരീതിയാണ്. അതുകൊണ്ടുതന്നെ ഫുട്‌ബോളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കരുത്തരല്ല; ജപ്പാനും ദക്ഷിണകൊറിയയും മികച്ച ടീമുകളാണെന്നത് മറക്കുന്നില്ല. യൂറോപ്യന്‍ രീതിയാണ് ആസ്‌ത്രേലിയ പിന്തുടരുന്നത്.
ലോകകപ്പ് ഫുട്‌ബോള്‍ അതിമനോഹരമായ ഒരു മഹാകാവ്യമാണ്. അതോടൊപ്പം യുദ്ധവുമാണ്. നാലുകൊല്ലം കൂടുമ്പോള്‍ നടക്കുന്ന ഈ കായികമാമാങ്കത്തില്‍ ഫൈനലിലെത്തുന്ന ടീമുകള്‍ ആരായിരിക്കുമെന്ന് പ്രവചിക്കാനെളുപ്പമല്ല. ബ്രസീല്‍-അര്‍ജന്റീന ഫൈനലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നമാണിത്.
ലോകകപ്പ് ബ്രസീലിലാണെങ്കിലും ആവേശം കേരളത്തിലാണ്. നാടും നഗരവും ഫ്‌ളക്‌സ്‌ബോര്‍ഡുകളാലും കൊടിതോരണങ്ങളാലും നിറഞ്ഞുകഴിഞ്ഞു. വാതുവെപ്പുകളും റോഡ്‌ഷോകളും പൊടിപൊടിക്കുന്നു. ഫിഫാ റാങ്കിങ്ങില്‍ അവസാന പത്തു സ്ഥാനങ്ങളില്‍ പെടാതിരിക്കാന്‍ പൊരുതുന്ന ഇന്ത്യയിലാണ് ലോകകപ്പിന്റെ അതിരുകടന്ന ആവേശമെന്നത് ആരും മറന്നുപോകരുത്. സ്വാതന്ത്ര്യദിനത്തില്‍ രാഷ്‌ട്രപിതാവായ മഹാത്മജിയുടെ ഒരു ചിത്രംപോലും വെക്കാന്‍ മടികാണിക്കുന്നവരാണ് അന്യരാജ്യങ്ങളുടെ സ്‌തുതിപാഠകരാകുന്നത്. ആരാധകരുടെ സംഭാഷണം അത്തരത്തിലാണ്. ബ്രസീലിനേയും അര്‍ജന്റീനയേയും ഇറ്റലിയേയും ഇംഗ്ലണ്ടിനേയുമൊക്കെ എന്റെ രാജ്യം എന്നുപറഞ്ഞാണ് അഭിസംബോധനചെയ്യുന്നത്.
കഴിഞ്ഞ ലോകകപ്പ് നടക്കുമ്പോള്‍ അര്‍ജന്റീനയില്‍ നിന്നും ഒരു നാടക കലാകാരി തൃശൂരിലെത്തി. ഫുട്‌ബോള്‍ മാമാങ്ക ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ട് അവര്‍ ശരിക്കും ഞെട്ടി. അര്‍ജന്റീനിയന്‍ ടീമിന്റെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ട് അവര്‍ വിസ്‌മയം പൂണ്ടു. എന്നിട്ടവര്‍ പറഞ്ഞു, ഇതിന്റെ നൂറിലൊരംശം ആവേശംപോലും അര്‍ജന്റീനിയയുടെ തെരുവിലില്ലായെന്ന്. അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ ആവേശം മനസ്സിലാണ്, തെരുവിലല്ല. കേരളത്തിലാകട്ടെ ആവേശം തെരുവില്‍ മാത്രമാണ്.
ഇതൊക്കെയാണെങ്കിലും ലോകകപ്പ് ഫുട്‌ബോള്‍ മറക്കാനാവാത്ത ദൃശ്യവിരുന്നാണ്. പുല്‍മൈതാനങ്ങള്‍ക്ക് ആവേശം പെരുമഴ തീര്‍ക്കുന്ന അവാച്യമായ അനുഭൂതിയുടെ തിരമാലകള്‍ ലോകത്തെ കീഴടക്കുകയാണ്. ഫുട്‌ബോളിന്റെ ഉദ്വേഗനിമിഷങ്ങളെ, ഹൃദയമിടിപ്പുകളെ ഒരു സ്‌പന്ദമാപിനിക്കും അളക്കാനാവില്ല. അതാണ് ലോകഫുട്‌ബോളിന്റെ സവിശേഷത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in