പ്രീതിഷാജിയുടെ സമരം ഏറ്റവും വലിയ കോര്‍പറേറ്റ് ബാങ്ക് കൊള്ളക്കെതിരായ സമരവുമാണ്.

സന്തോഷ് കുമാര്‍ ദരിദ്രരുടേയും കര്‍ഷകരുടേയും സാധാരണക്കാരുടെയും കിടപ്പാടവും നാലും അഞ്ചും സെന്റ് ഭൂമിയും കൃഷിയിടും ജപ്തി ചെയ്ത് അവരെ തെരുവിലിറക്കുകയും ആത്മഹത്യ ചെയ്യിപ്പിക്കുകയും ചെയ്യുന്ന ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കിട്ടാക്കടമായി ‘അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട്‌സ്’ ( എ യു സി എ ) എന്ന ഓമനപ്പേരിട്ടിരിക്കുന്ന സംവിധാനത്തിലേക്ക് മാറ്റുന്നത്. ബാങ്കുകള്‍ ഈ തുക ഒരിക്കലും തിരിച്ചു പിടിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം. 2017-18 ലെ ആര്‍ ബി ഐ റിപ്പോര്‍ട്ടു പ്രകാരം വന്‍കിട കോര്‍പറേറ്റുകള്‍ […]

pppസന്തോഷ് കുമാര്‍

ദരിദ്രരുടേയും കര്‍ഷകരുടേയും സാധാരണക്കാരുടെയും കിടപ്പാടവും നാലും അഞ്ചും സെന്റ് ഭൂമിയും കൃഷിയിടും ജപ്തി ചെയ്ത് അവരെ തെരുവിലിറക്കുകയും ആത്മഹത്യ ചെയ്യിപ്പിക്കുകയും ചെയ്യുന്ന ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കിട്ടാക്കടമായി ‘അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട്‌സ്’ ( എ യു സി എ ) എന്ന ഓമനപ്പേരിട്ടിരിക്കുന്ന സംവിധാനത്തിലേക്ക് മാറ്റുന്നത്. ബാങ്കുകള്‍ ഈ തുക ഒരിക്കലും തിരിച്ചു പിടിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം. 2017-18 ലെ ആര്‍ ബി ഐ റിപ്പോര്‍ട്ടു പ്രകാരം വന്‍കിട കോര്‍പറേറ്റുകള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കുവാനുള്ള കിട്ടാക്കടം 8.25 ലക്ഷം കോടി രൂപയാണ്. മൊത്തം ബാങ്കുകളുടെ കിട്ടാക്കടം 12 ലക്ഷത്തിന് മുകളില്‍ വരുമെന്നാണ് ഒദ്യോഗിക റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ ഇതിനേക്കാള്‍ അധികം വരും ബാങ്കുകളുടെ നിലവിലെ കടമെന്ന് ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയുടെ 2018 ബഡ്ജറ്റിലെ മൊത്തം പ്രതീക്ഷിക്കുന്ന നികുതി വരുമാനം 23 ലക്ഷം ( 23,99,147 കോടി ) കോടി രൂപയാണ്. അതായത്, ഇന്ത്യാ മഹാരാജ്യത്തിന്റെ റെവന്യൂ വരുമാനത്തിന്റെ പകുതിയിലധികം വരും ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍ നല്‍കുവാനുള്ള കിട്ടാക്കടം മാത്രം. ലോണ്‍ തുകയും കുടിശ്ശികയും എത്രയെന്ന് ആര്‍ക്കറിയാം !

ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഏറ്റവും സുഗമവും നിര്‍ഭയവും നടത്തിക്കൊണ്ടിരുന്ന ബാങ്കിംഗ്‌കൊള്ളക്കെതിരെ ആര്‍. ബി. ഐ. ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ 2016 ല്‍ രംഗത്തു വരുന്നതോട് കൂടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളയുടെ ചുരുളഴിയുന്നത്. ബാങ്കുകളുടെ വായ്പാരീതിയില്‍ അദ്ദേഹം സംശയമുന്നയിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം 500 കോടിയ്ക്ക് മുകളില്‍ കുടിശ്ശിക വരുത്തിയ കമ്പനികളുടെ രേഖകള്‍ ആര്‍. ബി. ഐ. കോടതിയില്‍ സമര്‍പ്പിച്ചു. രേഖ പ്രകാരം 2012- 2015 കാലയളവില്‍ വന്‍കിട കോര്‍പറേറ്റുകളുടെ 1.14 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതില്‍ സക്ഷാല്‍ മുകേഷ് അംബാനിയുടെ റിലയന്‍സും മോദിയുടെ തോഴന്‍ ഗൗതം അദാനിയുടെ കമ്പനിയും ഉള്‍പ്പെടും. 2015ല്‍ മാത്രം വന്‍കിട കോര്‍പറേറ്റുകളുടെ എഴുതിത്തള്ളിയത് 40,000 കോടി രൂപയാണ്. മുന്‍ സി.എ.ജി വിനോദ് റായിയും റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. കെ.സി. ചക്രബര്‍ത്തിയും കടം എഴുതിത്തള്ളലിനെ ബാങ്കിങ് കുംഭകോണം എന്നു വിശേഷിപ്പിച്ചത്.

രാജു വാഴക്കാല എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി അദ്ദേഹം അഴിമുഖത്തിലൂടെ വിശദ്ധീകരിക്കുന്നത് ‘കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എഴുതിത്തള്ളിയത് 39,475.35 കോടിയുടെ കിട്ടാക്കടമാണ്. 2013-14 കാലയളവില്‍ 10,378.06 കോടിയും 2014-15ല്‍ 15,509.16 കോടിയും 2015-16ല്‍ 13,588.15 കോടിയുമാണ് എസ്ബിഐ എഴുതിത്തള്ളിയത്. 2016 ഒക്ടോബര്‍ 30 വരെ എസ്ബിഐക്കുള്ള ആകെ കിട്ടാക്കടം 10,1506.79 കോടി രൂപയാണ്’ എന്നുമാണ് ( വിവരാവകാശ രേഖ ഈ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട് ) റിലയന്‍സ്, അദാനി, എസ്സാര്‍, വേദാന്ത, ജിന്‍ഡാല്‍, വീഡിയോകോണ്‍ തുടങ്ങിയ ഇന്ത്യയിലെ പ്രധാന 10 കമ്പനികളുടെ നിലവിലെ വായ്പക്കുടിശ്ശിക 7.33 ലക്ഷം കോടി രൂപയാണ്. ബാങ്കുകള്‍ എഴുതിത്തള്ളുന്ന കോടിക്കണക്കിന് രൂപയുടെ ഗുണഭോക്താക്കള്‍ ആരാണ് ? വിജയ് മല്യയിലൂടെയും, നീരവ് മോദിയിലൂടെയും, ലളിത് മോദിയിലൂടെയും ആ ഉത്തങ്ങള്‍ വളരെ ലളിതമായി നമ്മുക്ക് മുന്നിലുണ്ട്.

ലക്ഷക്കണക്കിന് കോടിയുടെ നികുതിയിളവാണ് ഇന്ത്യാ ഗവര്‍മെന്റ് കോര്‍പറേകള്‍ക്ക് ഓരോ സാമ്പത്തിക വര്‍ഷവും നല്‍കുന്നത്. 2016 – 17 സാമ്പത്തിക വര്‍ഷം ഇന്ത്യാ ഗവര്‍മെന്റ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതിയിളവ് 6.11 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 5.54 ലക്ഷം കോടി രൂപയായിരുന്നു.
വന്‍കിട കോര്‍പ്പറേറ്റുകള്‍ ബാങ്കുകള്‍ക്ക് ഉണ്ടാക്കിയ സാമ്പത്തിക അസ്ഥിരതയെ പിടിച്ചു നിര്‍ത്തുന്നതിനും കോര്‍പറേറ്റുകളെ രക്ഷിക്കുന്നതിനും ബാങ്കുകള്‍ക്ക് കടങ്ങള്‍ എഴുതി തള്ളാന്‍ 2,10,000 കോടി നല്‍കുവാന്‍ ഒരുങ്ങുകയാണ് ബി ജെ പി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ്കുമാര്‍ ദില്ലിയില്‍ ഇത് പ്രഖ്യാപിക്കുകയും ആദ്യഗഡുവായ 82000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയെ തീറ്റിപ്പോറ്റുന്ന ദരിദ്രരും പരമദരിദ്രരുമായ കര്‍ഷകര്‍ കൃഷിനാശം മൂലം വായ്പയെടുത്ത തുച്ഛമായ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയെ തുടര്‍ന്നും ബാങ്കുകളുടെ ജപ്തി ഭീഷണി ഭയന്നും ആത്മഹത്യ ചെയ്തത് പതിനായിരങ്ങളാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 1995 നും 2014 നും ഇടയില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 3 ലക്ഷം വരും. 2017 ല്‍ മാത്രം 12000 നു മുകളില്‍ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അപ്പോഴും ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ നൂറും നൂറ്റമ്പതും ശതമാനമാണ് ഇരട്ടിച്ചത്.

അയ്യായിരം രൂപയില്‍ താഴെ വരുമാനമുള്ള 75 ശതമാനം വരുന്ന ഇന്ത്യയിലെ പരമദരിദ്രര്‍ അരിയ്ക്കും മണ്ണണ്ണെക്കും മരുന്നിനും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളതിന് അടക്കുന്ന നികുതി കൊണ്ട്, അവരുടെ ഗ്യാസിന്റെയും മണ്ണണ്ണയുടെയും പെട്രോളിന്റേയും സബ്‌സിഡി കൊണ്ട് സ്റ്റേറ്റ്, കോര്‍പറേറ്റുകളെ ട്രില്ല്യനേഴ്‌സ് ആക്കി മാറ്റുന്ന വിചിത്ര രാജ്യത്താണ് നാം ജീവിക്കുന്നത്. Oxfam 2016 ല്‍ നടത്തിയ പഠന പ്രകാരം ഇന്ത്യയുടെ 73 ശതമാനം സ്വത്തും കൈയ്യടക്കി വെച്ചിരിക്കുന്നത് 1 ശതമാനം മാത്രം വരുന്ന കോര്‍പറേറ്റുകളും ശതകോടീശ്വരന്‍മാരുമാണ്. ഒരോ സാധാരണ ഇന്ത്യാക്കാരന്റേയും ചോരയും നീരുമാണ് ബാങ്കിലേക്കും ഖജനാവിലേക്കും എത്തുന്ന തുക. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിക്കും കൊള്ളക്കുമെതിരെ പ്രബുദ്ധരെന്നും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹമെന്നും അവകാശപ്പെടുന്ന നമ്മള്‍, നമ്മുടെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരു ചെറുവിരള്‍ അനക്കിയതായി പോലും അറിവില്ല. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സുരക്ഷിത സ്ഥാനത്തിരുന്ന് സമരത്തെ പിന്തുണക്കുമ്പോഴും പ്രീത ഷാജിയുള്‍പ്പെടെയുള്ളവര്‍ സമരത്തിലൂടെ ഉയര്‍ത്തിയ സര്‍ഫാസി പോലെയുള്ള മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിയമത്തിനെതിരെ, ബാങ്കിംഗ് കൊള്ളക്കെതിരെ എന്ത് നിലപാടാണ് എടുത്തിട്ടുള്ളതെന്ന് ആര്‍ക്കും അറിയില്ല. സമരത്തിന് നേതൃത്വം നല്‍കുന്ന വി സി ജെന്നി, പി ജെ മാനുല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് സമരത്തെ തകര്‍ത്തുവാനാണ് സ്റ്റേറ്റ് ശ്രമിക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ ബാങ്കിംഗ് കൊള്ളക്കെതിരായുള്ള ശക്തമായ പ്രതിരോധമാണ് പ്രീത ഷാജിയുടെ സമരം. സ്വയം ചിതയൊരുക്കി കിടപ്പാട്ടും ഭൂമിയും ജപ്തി ചെയ്യുന്നതിനെതിരെ നടത്തുന്ന സമരം ദേശീയ പ്രാധാന്യവും രാഷ്ട്രീയമാനമുളള സമരമായി മാറുന്നത് ഈ രാഷ്ട്രീയ പരിസരത്താണ്.

Reference :
Everybody Loves a Good Drought – P Sainath
വിവിധ പഠനങ്ങളും റിപ്പോര്‍ട്ടുകളും
മാധ്യമം, അഴിമുഖം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011 ലെ ജാതി സെന്‍സസ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply