പേരാമ്പ്ര, ഗോവിന്ദാപുരം.. ജാതികേരളം മുഖംവെളിവാക്കുന്നു
എം.ഗീതാനന്ദന്‍ പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിവാസികളായ ചക്ലിയര്‍ സമുദായത്തിനെതിരെ നടക്കുന്ന അയിത്താചരണവും ജാതിവിവേചനവും ഈയിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭൂഅധികാരസംരക്ഷണ സമിതി അവിടം സന്ദര്‍ശിച്ച് നടത്തിയ വസ്തുതാന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമായത്. ആ വിവരങ്ങള്‍ വച്ചുകൊണ്ട് അവിടെ നടക്കുന്ന അയിത്താചരണവും ജാതിവിവേചനവും അവസാനിപ്പിച്ച് ജാതികോളനികള്‍ക്ക് അറുതിവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഭൂഅധികാരസംരക്ഷണസമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്…. കേരളത്തിലെ 30,000-ത്തോളം വരുന്ന ചക്‌ളിയ സമുദായാംഗങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് പാലക്കാട് ജില്ലയിലാണ്. പട്ടികജാതി […]
പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിവാസികളായ ചക്ലിയര്‍ സമുദായത്തിനെതിരെ നടക്കുന്ന അയിത്താചരണവും ജാതിവിവേചനവും ഈയിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭൂഅധികാരസംരക്ഷണ സമിതി അവിടം സന്ദര്‍ശിച്ച് നടത്തിയ വസ്തുതാന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമായത്. ആ വിവരങ്ങള്‍ വച്ചുകൊണ്ട് അവിടെ നടക്കുന്ന അയിത്താചരണവും ജാതിവിവേചനവും അവസാനിപ്പിച്ച് ജാതികോളനികള്‍ക്ക് അറുതിവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഭൂഅധികാരസംരക്ഷണസമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്….
കേരളത്തിലെ 30,000-ത്തോളം വരുന്ന ചക്‌ളിയ സമുദായാംഗങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് പാലക്കാട് ജില്ലയിലാണ്. പട്ടികജാതി വികസനവകുപ്പിന്റെ 2013-ലെ സ്ഥിതിവിവരകണക്കനുസരിച്ച് കേരളത്തിലെ ചക്‌ളിയ സമുദായാംഗങ്ങളുടെ ജനസംഖ്യ 27,834 ഉം, ചക്‌ളിയ സമുദായത്തിന്റെ ഒരു അവാന്തരവിഭാഗമായ അരുന്ധതിയാര്‍ വിഭാഗത്തിന്റെ ജനസംഖ്യ 1354 ഉം ആണ്. ഏറെക്കുറെ എല്ലാ ജില്ലകളിലും മറ്റ് പട്ടികജാതി വര്‍ഗ്ഗവിഭാഗങ്ങളേക്കാള്‍ ജാതിവിവേചനത്തിനും അയിത്തത്തിനും ഈ വിഭാഗം വിധേയമാണ്. ആയതിനാല്‍ സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കാവസ്ഥയിലുമാണ്. തമിഴ്‌നാടിനോട് ചേര്‍ന്ന മേഖലയെന്നനിലയില്‍ പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശത്തുള്ള ഗ്രാമമെന്ന നിലയില്‍ ഗോവിന്ദാപുരം, അംബേദ്കര്‍ കോളനിയിലെ ചക്‌ളിയ വിഭാഗക്കാര്‍ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ജാതിവിവേചനത്തിനും അയിത്തത്തിനും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദലിതര്‍, ആദിവാസികള്‍, മറ്റു പാര്‍ശ്വവല്‍കൃതര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത വേദിയായ ഭൂഅധികാര സംരക്ഷണസമിതി 2017 ജൂണ്‍ 19, 21 എന്നീ തീയതികളില്‍ ഗോവിന്ദാപുരം കോളനിയില്‍ വസ്തുതാന്വേഷണം നടത്തുകയുണ്ടായി. സണ്ണി എം.കപിക്കാട്, എം.ഗീതാനന്ദന്‍, ഡോ.ജയശീലന്‍രാജ്, ടി.എല്‍.സന്തോഷ്, അഡ്വ.ഭഗത്‌സിങ്, വി.രാജന്‍, കെ.മായാണ്ടി, വിജയന്‍ അമ്പലക്കാട്, രാജേഷ് ഗുരുവായൂര്‍, മേരി ലിഡിയ, മാരിയപ്പന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. വസ്തുതാന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടി ന്റെ പശ്ചാത്തലത്തില്‍ മേല്‍ജാതി വിഭാഗങ്ങളില്‍ നിന്നും ഭരണകൂടസംവിധാനങ്ങളില്‍ നിന്നും നീതിനിര്‍വ്വഹണസംവിധാനങ്ങളില്‍ നിന്നും സമഗ്രമായ ജാതിവിവേചനം നേരിടുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിലൂടെ അറിയാന്‍ കഴിഞ്ഞത്.
വസ്തുതാന്വേഷണസംഘത്തിന്റെ നിരീക്ഷണങ്ങള്‍.
1. അംബേദ്കര്‍ കോളനിയില്‍ ചക്‌ളിയ സമുദായത്തില്‍പ്പെട്ട 133 വീടുകളാണുള്ളത്. ഇവയില്‍ 210 കുടുംബങ്ങള്‍ അധിവസിക്കുന്നു. 80 എരവാളര്‍ (എസ്.ടി.) വിഭാഗവും മലസര്‍ വിഭാഗവും താമസിച്ചുവരുന്നു. അംബേദ്കര്‍ കോളനിയുടെ ഭാഗമായ മേല്‍ സമുദായത്തില്‍പ്പെട്ട ഗൗണ്ടര്‍ വിഭാഗക്കാരും ഒറ്റപ്പെട്ട നിലയില്‍ മറ്റ് ജാതിക്കാരും താമസിച്ചുവരുന്നതായി കാണുന്നു. സര്‍ക്കാര്‍ പരിരക്ഷയുള്ള പട്ടികജാതി സങ്കേതമായാണ് അംബേദ്കര്‍ കോളനി കണക്കാക്കപ്പെടുന്നതെങ്കിലും വിശ്വാസാചാരസ്ഥാനങ്ങള്‍, കുടിവെള്ളസ്രോതസ്സുകള്‍, വ്യാപാരസ്ഥാപനങ്ങളായ കടകള്‍, ശ്മശാനം, സ്‌കൂള്‍ തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം ഈ വിഭാഗക്കാര്‍ കടുത്ത വിവേചനത്തിനും അയിത്തത്തിനും വിധേയമാക്കപ്പെടുന്നു. കൂടാതെ സര്‍ക്കാര്‍ ഭരണസംവിധാനങ്ങളായ പട്ടികജാതിവികസനവകുപ്പ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ജാതിവിവേചനത്തോടെ പെരുമാറുന്നതിനാല്‍ അന്തസ്സുള്ള ഭവനം, ശുചിമുറികള്‍, സാമൂഹിക ക്ഷേമപെന്‍ഷനുകള്‍, വിധവാപെന്‍ഷന്‍, റേഷന്‍ സംവിധാനങ്ങള്‍, വോട്ടവകാശം തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെടുന്നു.
2. കുടിവെള്ളം എടുക്കാന്‍ സ്ഥാപിച്ച ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നതില്‍ അയിത്തവും ജാതിവിവേചനവും നടത്തുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
3. അംബേദ്കര്‍ കോളനിയിലെ കിഴക്കുഭാഗത്തുള്ള തെരുവിന്റെ ഒരു ഭാഗം സാമാന്യം നല്ല നിലയിലുള്ള ഭവനങ്ങളും, തെരുവിന്റെ പടിഞ്ഞാറുവശം കൂരകളും പൊട്ടിപൊളിഞ്ഞ വീടുകളും കാണുന്നു. സാമൂഹികമായ പരിരക്ഷയും, എസ്.സി.പി.- ടി.എസ്.പി. ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഗ്രാന്റും നല്‍കുന്നതില്‍ തദ്ദേശസ്വയംഭരണവകുപ്പ്, ബ്ലോക്ക്, പട്ടികജാതി വര്‍ഗ്ഗവികസന വകുപ്പ് വിവേചനം തുടരുന്നതായി അനുമാനിക്കാം. പൊട്ടിപൊളിഞ്ഞ വീടുകളിലും കൂരകളിലും ചക്‌ളിയ വിഭാഗങ്ങള്‍ താമസിക്കുന്നവയാണ്. അംബേദ്കര്‍ കോളനിയുടെ ഭാഗമായി താമസിക്കുന്ന മേല്‍ജാതിക്കാര്‍ക്ക് മാത്രം അന്തസ്സുള്ള പാര്‍പ്പിടം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ കഴിഞ്ഞത് ഭരണകൂടസംവിധാനങ്ങള്‍ ജാതിവിവേചനം തുടരുന്നതുകൊണ്ടാണ്.
4. ചക്‌ളിയ വിഭാഗങ്ങളില്‍ നിന്ന് നാളിതുവരെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒരു പ്രതിനിധി പോലും ഉണ്ടായിട്ടില്ല. ചക്‌ളിയര്‍ കൂടുതല്‍ താമസിക്കുന്ന ഭാഗത്ത് കമ്മ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, ലൈബ്രറി തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ ഒന്നും സ്ഥാപിച്ചതായി കാണുന്നില്ല. ഗ്രാമസഭകള്‍ ഇവരെ അറിയിക്കാറില്ല. ഇവരുടെ അഭിപ്രായങ്ങളും ആവശ്യ ങ്ങളും ഗ്രാമസഭകള്‍ കേള്‍ക്കാറില്ല. മേല്‍ജാതിയില്‍പ്പെട്ട ഗ്രാമമുഖ്യനും പഞ്ചായത്ത് മെമ്പറും ഒരാള്‍ തന്നെയായത് ജാതിവിവേചനം ശക്തമാകുന്നതിന് കാരണമാണ്.
5. തൊഴിലുറപ്പ് പദ്ധതി ചക്‌ളിയര്‍ താമസിക്കുന്ന ഭാഗത്ത് എത്താറില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കുറവാണ്. മറ്റു വാര്‍ഡുകളില്‍ മാത്രമാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാറുള്ളു.
6. അംബേദ്കര്‍ കോളനിയോട് ചേര്‍ന്ന് പൊതുശ്മശാനമില്ല. മീന്‍കര ഡാമിന്റെ മേല്‍ഭാഗമായ പൊങ്കല്‍ കണ്ടി പുഴയില്‍ ഏതാണ്ട് രണ്ട് സെന്റ് സ്ഥലത്താണ് ശവസംസ്‌കാരം നടത്തുന്നത്. ശവസംസ്‌കാരം നടത്തിയതിന് മുകളില്‍ വീണ്ടും നടത്തേണ്ടിവരുന്നതിനാല്‍ അസ്ഥികൂടങ്ങള്‍ ചിതറികിടക്കുന്നത് കാണാം. കുടിവെള്ള സ്രോതസ്സിലേക്ക് ശ്മശാനത്തില്‍ നിന്നും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നു. ജാതിവിവേചനത്താല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ സ്ഥിതി പരിശോധിച്ചിട്ടില്ല. പാരമ്പര്യമായി ഇവര്‍ക്കുണ്ടായിരുന്ന ശ്മശാനഭൂമി മറ്റുള്ളവര്‍ തട്ടിയെടുത്തതും ഈ ദു:സ്ഥിതിക്ക് കാരണമാണ്.
7. പൊതുസ്ഥലങ്ങളായ ചായക്കട, അമ്പലം, വിദ്യാഭ്യാസസ്ഥാപനം, തൊഴില്‍മേഖല എന്നിവിടങ്ങളില്‍ ജാതിവിവേചനവും അയിത്തവും നിലനില്‍ക്കുന്നു. കളിസ്ഥലത്ത് ക്രിക്കറ്റ് പോലുള്ള കളികളില്‍ നിന്ന് ചക്‌ളിയ വിഭാഗം കുട്ടികളെ ഒഴിവാക്കുന്നതായി പരാതി നിലനില്‍ക്കുന്നു.
8. എം.എസ്.ഡബ്ല്യു. പഠിച്ച ഒരു വിദ്യാര്‍ത്ഥി ആടുമേയ്ക്കുന്ന തൊഴി ല്‍ ചെയ്യുന്നു. എം.കോം വിദ്യാര്‍ത്ഥി ഡ്രൈവര്‍ ജോലി ചെയ്യുന്നു. ഇരുപതോളം പേര്‍ മാലിന്യനീക്കം തുടങ്ങിയ ജോലികള്‍ ചെയ്യുന്നു. മേല്‍ ജാതിക്കാര്‍ മരണപ്പെട്ടാല്‍ കുഴിയെടുക്കാനും വിവരം കൊട്ടിയറിയിക്കാനും ചക്‌ളിയരെ നിയോഗിക്കുന്നു.
9. ചക്ലിയരുടെ വിവാഹത്തിന് മേല്‍ ജാതിക്കാര്‍ പങ്കെടുക്കാറില്ല. ഉണ്ടെങ്കില്‍ തന്നെ ഭക്ഷണം കഴിക്കാറില്ല. ചക്ലിയ സമുദായക്കാര്‍ മരണപ്പെട്ടാല്‍ റോഡില്‍ വന്നുപോകുന്നു, വീടുകളില്‍ കയറില്ല.
10. ക്ഷേത്രങ്ങളിലെ പണപിരിവിന് വേണ്ടി ഉയര്‍ന്ന ജാതിക്കാര്‍ ചക്ലിയ ഭവനങ്ങളില്‍ സന്ദര്‍ശിക്കാറില്ല.
11. അയിത്തം വിവാദമായതോടെ മേല്‍ജാതിക്കാര്‍ തൊഴില്‍ നല്‍കുന്നില്ല. മേല്‍ജാതിക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നു.
12. പഞ്ചായത്തുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍- കോണ്‍ട്രാക്ട് വര്‍ക്കുകള്‍-മേല്‍ ജാതിക്കാര്‍ മാത്രം ചെയ്യുന്നു. ചക്ലിയവിഭാഗക്കാരില്‍ ഏറെപ്പേരും മറ്റു മേഖലകളിലേക്ക് തൊഴില്‍ തേടിപ്പോകാന്‍ നിര്‍ബന്ധിതമാകുന്നു.
13. തൊട്ടടുത്ത വാര്‍ഡില്‍ 3 വലിയ ഫാക്ടറികള്‍ ഉണ്ടെങ്കിലും ചക്‌ളിയര്‍ക്ക് തൊഴില്‍ നല്‍കുന്നില്ല.
14. പഞ്ചായത്തിന്റെ സ്വയംതൊഴില്‍ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായപദ്ധതികള്‍ എസ്.സി.പി. ഫണ്ട് തുടങ്ങിയവയൊന്നും നല്‍കുന്നില്ല.
15. 70% പേര്‍ക്കും എ.പി.എല്‍. കാര്‍ഡുകളാണുള്ളത്.
16. വിധവാപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷനുകള്‍ ഇവര്‍ക്ക് നല്‍കുന്നില്ല.
17. 30 വര്‍ഷമായിട്ടും റേഷന്‍കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ഇവയൊന്നും ഇല്ലാത്ത കുടുംബം ചക്‌ളിയ സമുദായത്തിലുണ്ട്.
18. 210 ചക്ലിയ വീടുകളില്‍ 40 വീടുകള്‍ 97-98 കാലഘട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കിയവയും, പല വീടുകളും ഏതു നിമിഷവും നിലംപൊത്താറായവയുമാണ്. 10 വര്‍ഷക്കാലം ആവര്‍ത്തിച്ച് അപേക്ഷ നല്‍കിയിട്ടും ഭവനഗ്രാന്റ് നല്‍കാത്തതിനാല്‍ ഏത് നിമിഷവും നിലംപൊത്താറായ വീട് ചക്ലിയര്‍ക്കുണ്ട്. ജാതിമേധാവികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഹൗസ് നമ്പര്‍ 248/8 (വീരന്മാള്‍) പൊളിഞ്ഞവീട് മാറ്റിപണിയാന്‍ എസ്.സി. വികസനഓഫീസര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍, ”നിങ്ങള്‍ക്ക് വീട് തന്നാല്‍ എന്റെ കസേര പോകും” എന്ന് മറുപടി കിട്ടിയ സംഭവം ഉണ്ടായിട്ടുണ്ട്.
19. ചക്ലിയ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമമുണ്ടായാല്‍ പോലീസ് കേസെടുക്കുന്നില്ല. 1989-ലെ ടഇടഠ ജഅ അര േനിലവില്‍ വന്നതിന് ശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ വിരലിലെണ്ണാവുന്ന കേസ്സുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ ക്കെതിരെ നടന്ന അതിക്രമം ഉള്‍പ്പെ ടെ പോലീസ് കേസ്സെടുക്കുന്നില്ല.
ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങളാണ് വസ്തുതാന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. ഈ വിവരങ്ങള്‍ തെളിവു സഹിതം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
വാസസ്ഥലവും സാമൂഹ്യസുരക്ഷയും നിഷേധിക്കപ്പെടുന്നവരില്‍ ചിലര്‍
1. ഹൗസ് നമ്പര്‍ 248/8 – വീരന്മാര്‍/വീരമുത്തു. 20 വര്‍ഷത്തെ പഴക്കമുള്ള കൂര. ഏത് നിമിഷവും തകര്‍ന്നുവീഴാറായ കൂരയില്‍ 3 കുടുംബം. (വീരന്മാര്‍/വീരമുത്തു, കവിത/കാളിമുത്തു, സാവിത്രി/കതിര്‍വേര്‍). 2009 മുതല്‍ അപേക്ഷ നല്‍കുന്നുണ്ടെങ്കിലും, ജാതിമേധാവികളായ രാഷ്ട്രീയ പ്രതിനിധികളുടെ സമ്മര്‍ദ്ദത്താല്‍ ”നിങ്ങള്‍ ക്ക് വീട് തന്നാല്‍ എന്റെ പണി പോകുമെന്നാണ്” എസ്.സി. വികസന ഓഫീസറുടെ മറുപടി.
2. ഹൗസ് നമ്പര്‍ 179/8 (കിട്ടന്‍) 26 വര്‍ഷമായി 3 സെന്റില്‍ പട്ടയം കിട്ടി താമസിക്കുന്നു. നിലവില്‍ 5 കുടുംബങ്ങള്‍ ഒരു കൂരക്ക് കീഴില്‍. ഒറ്റ റേഷന്‍ കാര്‍ഡ്. കിട്ടന്‍ മകന്‍ വിജയന്‍, ഓല കൊണ്ടുള്ള ഷെഡും, ശൗചാലയവും. കുമാരന്‍, സര്‍ക്കാര്‍ സഹായം കിട്ടാത്തതിനാല്‍ വാസസ്ഥലം വിട്ട് തമിഴ്‌നാട്ടിലേക്ക് പോയി.
3. ഹൗസ് നമ്പര്‍ 176/8. വേലന്‍ (62) വാര്‍ദ്ധക്യപെന്‍ഷന്‍ കിട്ടുന്നില്ല. സുബ്ബന്‍ മകന്‍ പാറന്മേല്‍ (78 വയസ്സ്), വിധവാപെന്‍ഷന്‍ ഇല്ല. തിരുമ്മല്‍ (മരിച്ചു) ഭാര്യ പാറന്മേല്‍- വിധവാപെന്‍ഷന്‍ ഇല്ല. ഭര്‍ത്താവ് മരിച്ചിട്ട് 20 വര്‍ഷം. ഏ.പി.എല്‍. റേഷന്‍ കാര്‍ഡ്.
4. ഹൗസ് നമ്പര്‍ 182/8. ധര്‍മ്മന്‍ ഭാര്യ കാളിമുത്തു (47). 30 വര്‍ഷമായി താമസിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേരില്ല, റേഷന്‍ കാര്‍ഡില്ല, ആധാറില്ല.
5. ഹൗസ് നമ്പര്‍ 249/3. രുഗ്മിണി (വിധവ), എ.പി.എല്‍ കാര്‍ഡ്, വീട് പൊളിഞ്ഞു വീഴാറായത്. 4 കിലോ അരി കൊണ്ട് ജീവിക്കുന്നു.
6. ഹൗസ് നമ്പര്‍ 260/8. സരസ. റേഷന്‍ കാര്‍ഡിന് പുറത്ത് (കവറില്‍) ബി.പി.എല്‍. എന്നാല്‍ ഉള്ളില്‍ എ.പി.എല്‍. എന്ന് എഴുതിക്കൊടുത്തു. ഉയര്‍ന്ന ജാതിക്കാരെ ബി.പി.എല്‍. ലിസ്റ്റില്‍ കൊണ്ടുവരാന്‍ ചെയ്തത്.
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്താചരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതുപോലെ കുടിവെള്ളം ശേഖരിക്കുന്ന മേഖലയില്‍ മാത്രമല്ല. നീതിനിര്‍വ്വഹണം ഉറപ്പാക്കേണ്ട എല്ലാ ഭരണകൂടസംവിധാനങ്ങളിലും ഇത് നടമാടുന്നുണ്ട് എന്നാണ് കാണാന്‍ കഴിഞ്ഞത്. അംബേദ്കര്‍ കോളനിയിലെ പല കുടുംബങ്ങളും ഏത് നിമിഷവും തകര്‍ന്നുവീഴാറായ കൂരയിലാണ് താമസിക്കുന്നതെന്നും കുട്ടികളും പ്രായമായവരുമായ പന്ത്രണ്ടോളം പേരുടെ ജീവന്‍ അപകടത്തിലാണെന്നും അന്തസ്സുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതുവരെ ഇവരുടെ ജീവന്റെ രക്ഷയ്ക്കായി അവരെ മാറ്റിപാര്‍പ്പിക്കണമെന്നും ഭൂഅധികാര സംരക്ഷണസമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍, പാലക്കാട് ജില്ലാ കളക്ടര്‍, പട്ടികജാതി വികസന ഓഫീസര്‍ എന്നിവര്‍ക്കാണ് ഭൂഅധികാരസംരക്ഷണസമിതി പരാതികളും പരിഹാര നടപടി നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുള്ളത്.
നിവേദനത്തിലെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും
1) ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനത്തെക്കുറിച്ചും സാമൂഹിക- സാമ്പത്തിക ജീവിതനിലവാരത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുക.
2) പോലീസ് പിക്കറ്റ് സ്ഥിരമായി സ്ഥാപിക്കുക. കോളനിയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക.
3) കുടിവെള്ളടാങ്കുകളുടെ പരിസരത്ത് അയിത്തം ആചരിക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുക.
4) മുഴുവന്‍ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീട് നല്‍കുക.
5) ജീവിക്കാനുള്ള വരുമാനം ലഭിക്കുന്ന തരത്തില്‍ ഓരോ കുടുംബത്തിലും ഒരാള്‍ക്ക് ജോലി നല്‍കുക.
6) എന്‍.ആര്‍.ഇ.ജി./പഞ്ചായത്തീരാജ് സംവിധാനം/എസ്.സി. ഡവലപ്പ്‌മെന്റ് സംവിധാനം എന്നിവ വഴിയുള്ള ഫണ്ടിന്റെ ചെലവിനെ സംബന്ധിച്ച് (ടഇജ ഠടജ) അന്വേഷണം നടത്തുക.
7) കൃഷിഭൂമി നല്‍കി അവരെ പുന:രധിവസിപ്പിക്കുക.
8) പട്ടികജാതി യുവാക്കള്‍ക്കുള്ള ടെക്‌നിക്കല്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും മറ്റ് തൊഴില്‍ സംരംഭങ്ങളും നടപ്പാക്കുക.
9) മുഴുവന്‍ പേര്‍ക്കും ബി.പി.എല്‍. കാര്‍ഡ് നല്‍കുക. സാമൂഹിക സുരക്ഷാപദ്ധതികള്‍ നടപ്പാക്കുക.
10) ചക്ലിയ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥി കള്‍ക്ക് സംരക്ഷണം നല്‍കുക.
11) അന്തസ്സായി ശവസംസ്‌കാരം നടത്താനുള്ള സൗകര്യമൊരുക്കുക.
12) എസ്.സി./എസ്.ടി., പി.എ. ആക്ട് കര്‍ശനമായി നടപ്പാക്കുക. കുറ്റക്കാര്‍ക്കെതിരെ കേസ്സെടുക്കുക.
13) ജാതിക്കോളനികള്‍ ഇല്ലാതാക്കാന്‍, ജാതി തിരിച്ചുള്ള കോളനികള്‍ സ്ഥാപിക്കുന്നത് ഇല്ലാതാക്കുക.
എന്നീ ആവശ്യങ്ങളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് പേരാമ്പ്രയിലും ഗോവിന്ദാപുരത്തും മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഇവ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു, അങ്ങിനെ ചര്‍ച്ചയായി, വിഷയമായി… എന്നതാണ് ഒരു യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ കാണുന്ന അയിത്തത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും ഭീകരമുഖം ഇവിടെ കേരളത്തിലും കാലങ്ങളായി സജീവമായി നടമാടുന്നുണ്ടെന്നതിന്റെ സംസാരിക്കുന്ന തെളിവുകളാണിത്. പരിദേവനങ്ങള്‍ കൊണ്ടോ അവക്കുമേല്‍ സഹതാപവാക്കുകള്‍ ചൊരിഞ്ഞതു കൊണ്ടോ കാര്യമില്ല. പരിഹാരങ്ങളാണ് വേണ്ടത്…. ശാശ്വതമായ പരിഹാരങ്ങള്‍. അതാണ് ഭൂഅവകാശ സംരക്ഷണസമിതി അതിന്റെ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനി ഇക്കാര്യത്തില്‍ ബഹുജന പിന്തുണയോടെ സംസ്ഥാനമൊട്ടുക്കുള്ള ജാഗ്രതയും അവകാശങ്ങള്‍ക്കായുള്ള നിരന്തര ഇടപെടലുകളുമാണ് ആവശ്യമായിവരുന്നത്. അതിനായി എല്ലാതരം വേര്‍തിരിവുകളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ചുകൊണ്ട് ഓരോ സംഘടനകളും വ്യക്തികളും മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.
എം.ഗീതാനന്ദന്‍ (കണ്‍വീനര്‍) ഭൂഅധികാര സംരക്ഷണ സമിതി
(ഒന്നിപ്പ് മാസിക)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in