പെങ്ങള്‍സ്ഥാനിലേക്ക് പറക്കുന്ന ഇന്ത്യന്‍ പക്ഷികള്‍
കുരീപ്പുഴ ശ്രീകുമാര്‍ പ്രീഡിഗ്രിക്കാലത്ത് ഇന്ത്യാ ചരിത്രം പഠിപ്പിച്ച ദിവാകരന്‍സാറാണ് അവിശ്വസനീയമായ ആ വാര്‍ത്ത പറഞ്ഞത്. സിന്ധുനദി പാകിസ്ഥാനിലാണ്. കൗമാരക്കാരനായ എനിക്ക് അന്ന് ഇന്ത്യ എന്റെ മാതൃരാജ്യവും പാകിസ്ഥാന്‍ ശത്രുരാജ്യവുമായിരുന്നു. ഒരു ബോംബു കിട്ടിയിരുന്നെങ്കില്‍ റാവല്‍പ്പിണ്ടിയിലോ കറാച്ചിയിലോ കൊണ്ടു ചെന്നിട്ട് ആ രാജ്യത്തെ മുഴുവന്‍ ചാമ്പലാക്കണമെന്നായിരുന്നു അവിവേകിയായിരുന്ന എന്റെ ആഗ്രഹം. അപ്പോഴാണ് ദിവാകരന്‍ സാര്‍ ഞെട്ടിക്കുന്ന, സിന്ധുനദിയുടെ പാകിസ്ഥാന്‍ പൗരത്വത്തെക്കുറിച്ച് പറഞ്ഞത്. സ്റ്റാഫ് റൂമില്‍ അദ്ദേഹം വിശ്രമിക്കുന്ന സമയത്ത് അസ്വസ്ഥതയോടെ ഞാന്‍ ചെന്നു കണ്ടു. ഒരുപക്ഷേ അദ്ദേഹത്തിന് തെറ്റിയതാണെങ്കിലോ. […]
കുരീപ്പുഴ ശ്രീകുമാര്‍
പ്രീഡിഗ്രിക്കാലത്ത് ഇന്ത്യാ ചരിത്രം പഠിപ്പിച്ച ദിവാകരന്‍സാറാണ് അവിശ്വസനീയമായ ആ വാര്‍ത്ത പറഞ്ഞത്. സിന്ധുനദി പാകിസ്ഥാനിലാണ്.
കൗമാരക്കാരനായ എനിക്ക് അന്ന് ഇന്ത്യ എന്റെ മാതൃരാജ്യവും പാകിസ്ഥാന്‍ ശത്രുരാജ്യവുമായിരുന്നു. ഒരു ബോംബു കിട്ടിയിരുന്നെങ്കില്‍ റാവല്‍പ്പിണ്ടിയിലോ കറാച്ചിയിലോ കൊണ്ടു ചെന്നിട്ട് ആ രാജ്യത്തെ മുഴുവന്‍ ചാമ്പലാക്കണമെന്നായിരുന്നു അവിവേകിയായിരുന്ന എന്റെ ആഗ്രഹം. അപ്പോഴാണ് ദിവാകരന്‍ സാര്‍ ഞെട്ടിക്കുന്ന, സിന്ധുനദിയുടെ പാകിസ്ഥാന്‍ പൗരത്വത്തെക്കുറിച്ച് പറഞ്ഞത്.
സ്റ്റാഫ് റൂമില്‍ അദ്ദേഹം വിശ്രമിക്കുന്ന സമയത്ത് അസ്വസ്ഥതയോടെ ഞാന്‍ ചെന്നു കണ്ടു. ഒരുപക്ഷേ അദ്ദേഹത്തിന് തെറ്റിയതാണെങ്കിലോ. ഞാന്‍ ചോദിച്ചു, സാര്‍ പറഞ്ഞത് ശരിയാണോ സിന്ധുനദി പാകിസ്ഥാനിലാണോ. നിര്‍വികാരനായി അദ്ദേഹം പറഞ്ഞു, സിന്ധുനദി പാകിസ്ഥാനിലാണ്. അതിനു നീ ഇത്ര വിഷമിക്കുന്നതെന്തിന്?
എന്റെ മുത്തശ്ശന്മാരായ ദ്രാവിഡന്മാര്‍ മുങ്ങിക്കുളിച്ച നദിയാണ്. എനിക്ക് അവകാശപ്പെട്ടത്. മാത്രമല്ല, അവര്‍ സംസ്‌കാരസമ്പന്നമായ ഒരു ജീവിത വ്യവസ്ഥ കെട്ടിയുയര്‍ത്തിയ മോഹന്‍ജദാരോ പാകിസ്ഥാനിലാണ്. രവീനദിയുടെ തീരത്തുണ്ടായിരുന്ന ഹാരപ്പ പാകിസ്ഥാനിലാണ്.
ഇന്ത്യന്‍ യുവതലമുറയെ എക്കാലത്തും ആവേശം കൊള്ളിക്കുന്ന ഭഗത്സിങ്ങിന്റെ ജന്മഗൃഹവും ശവകുടീരവും പാകിസ്ഥാനിലാണ്. കൊല്ലം കരുനാഗപ്പള്ളിയിലെ ലാലാജി ലൈബ്രറിയുടെ വേരുകള്‍ തേടിപ്പോയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വജ്രനക്ഷത്രമായ ലാലാ ലജ്പത്‌റായിയിലെത്തും. ലാലാ ലജ്പത്‌റായ് അടികൊണ്ടുവീണ ലാഹോര്‍ പാകിസ്ഥാനിലാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല അധ്യായങ്ങള്‍ രചിച്ച കറാച്ചി പാകിസ്ഥാനിലാണ്. ടാഗോറിന്റെ മനസിലേക്ക് കാബൂളിവാല നടന്നുവന്ന വഴികള്‍ പാകിസ്ഥാനിലാണ്. സമരസംസ്‌കാരത്തിന്റെ അടയാളമായ പെഷ്‌വാര്‍ പാകിസ്ഥാനിലാണ്. തക്ഷശിലപാകിസ്ഥാനിലാണ്.
ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഇന്ത്യയാണെന്ന് എഴുതിയ അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ചിന്തയില്‍ വിരിഞ്ഞ പരിശുദ്ധിയുടെ നാട് എന്നര്‍ഥമുള്ള പാകിസ്ഥാന്‍ ഇന്ത്യയെ സംബന്ധിച്ച് പെങ്ങള്‍സ്ഥാനാണ്.
യുദ്ധങ്ങള്‍ ഭരണകൂടങ്ങളുടെ ആവശ്യമാണ്. സാധാരണ ജനങ്ങളോ പട്ടാളകുടുംബങ്ങളോ യുദ്ധത്തെ അനുകൂലിക്കുന്നില്ല. ഓരോ ശവപ്പെട്ടി വീട്ടിലെത്തുമ്പോഴും ഇന്ത്യയിലേയും പാകിസ്ഥാനിലേയും അമ്മമാര്‍ കരയുന്നത് ഒരേ ഭാഷയിലാണ്. വെയിലിനോ കാറ്റിനോ നിലാവിനോ ഭരണകൂട ശത്രുതയില്ല. മേഘങ്ങള്‍ക്കോ പക്ഷികള്‍ക്കോ വൈദ്യുതീകരിച്ച കമ്പിവേലികള്‍ പ്രശ്‌നമല്ല.
1947 ന് മുമ്പുള്ള പാകിസ്ഥാന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ്. അന്നും ഇന്നും പ്രകൃതി ഇന്ത്യന്‍ വന്‍കരയുടേതാണ്.
പകയും കൊലയും നിലനിര്‍ത്തേണ്ടത് ഇരു രാജ്യങ്ങളിലേയും ഹിന്ദുഇസ്ലാം മത തീവ്രവാദികളുടെ ആവശ്യമാണ്. സാധാരണ മതവിശ്വാസികള്‍ക്കുപോലും ഇങ്ങനെയൊരു ആവശ്യമില്ല. മതവും രാഷ്ട്രീയവുമാണ് ശത്രുത സൃഷ്ടിക്കുന്നത്.
ഹിന്ദുവര്‍ഗീയതയുടെ ഉസ്താദായിരുന്ന നാഥുറാം വിനായക ഗോഡ്‌സേയുടെ അനുയായികള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് അവിഭക്ത ഇന്ത്യയുടെ ഭൂപടമാണല്ലോ. ഗീതാപ്രഭാഷകനായിരുന്ന ചിന്മയാനന്ദന്റെ എബിസി സിദ്ധാന്തം പ്രസിദ്ധമായിരുന്നു. അഫ്ഗാനിസ്ഥാന്‍, ബര്‍മ, സിലോണ്‍ എന്നീ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യന്‍ ത്രികോണമാണ് ചിന്മയാനന്ദന്‍ വരച്ചിട്ടത്. അതൊക്കെ അംഗീകരിക്കുന്നവര്‍ വര്‍ഗീയ വിരുദ്ധരോട് പാകിസ്ഥാനില്‍ പോകാന്‍ പറയുന്നത് ഗോഡ്‌സേ നിന്ദയും ചിന്മയാനന്ദ നിന്ദയുമാണ്.
പാകിസ്ഥാനിലെ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റു മഹാകവിയായിരുന്നു ഫെയ്‌സ് അഹമ്മദ് ഫെയ്‌സ്. ലെനിന്‍ സമാധാന സമ്മാനം നല്‍കി സോവിയറ്റ് യൂണിയന്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. നോബല്‍ സമ്മാനത്തിനും ഫെയ്‌സ് പരിഗണിക്കപ്പെട്ടു. ഉര്‍ദു ഗസലുകളിലൂടെ പാകിസ്ഥാന്‍ ജനതയുടെ ഹൃദയത്തിലെ പൂമരമായി നിലകൊള്ളുന്ന ഫെയ്‌സ് അഹമ്മദ് ഫെയ്‌സിന്റെ സ്വപ്നങ്ങള്‍ സഫലമായില്ല. സ്വപ്നങ്ങള്‍ അവശേഷിക്കുകയാണ്.
പാകിസ്ഥാന് സ്വാതന്ത്ര്യം കിട്ടിയത് ബംഗാളിലും ബോംബെയിലും നടന്ന ഉജ്ജ്വലസമരങ്ങള്‍ കൊണ്ടുകൂടിയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ലാഹോറിലും കറാച്ചിയിലും നടന്ന സമരങ്ങള്‍ കൊണ്ടുകൂടിയാണ്.
ഇന്ത്യാക്കാര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതും പാകിസ്ഥാന്‍കാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതും പരസ്പരസൗഹൃദം മാത്രമല്ല ചരിത്രാവബോധവും ഉണ്ടാക്കിത്തരും.
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച എല്ലാവര്‍ക്കും എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍പെങ്ങളാണ് പാകിസ്ഥാന്‍. ശത്രുതയ്ക്കപ്പുറം സ്‌നേഹത്തിന്റെ പതാകയാണ് പാറേണ്ടത്.
(ജനയുഗം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in