പാരീസ് ഉച്ചകോടി ചില സ്വപ്നങ്ങളിലേക്ക്

സി.ആര്‍. നീലകണ്ഠന്‍ 1972ലെ സ്റ്റോക്‌ഹോം പരിസ്ഥിതി വികസന സമ്മേളനത്തിനുശേഷമാണ് പാശ്ചാത്യ സമൂഹത്തില്‍ പരിസ്ഥിതി സംരക്ഷണം എന്നത് ഒരു അജണ്ടയായിതന്നെ മാറുന്നത്. തങ്ങള്‍ ഇക്കാലമത്രയും വികസനം, സുഖം, സൗകര്യം, സ്വാദ് തുടങ്ങിയവയ്ക്കായി കരുതിയിരുന്നവയെല്ലാം ലോകത്തിലെ വിഭവലഭ്യതയിലും അവയുടെ മലിനീകരണത്തിലും ആണെത്തിയിരിക്കുന്നതെന്ന സത്യം ഭാഗികമായി മാത്രം മനസ്സിലാക്കുകയായിരുന്നു അവര്‍. മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അവരുടെ വരാനിരിക്കുന്ന മുഴുവന്‍ തലമുറകള്‍ക്കും അവകാശപ്പെട്ട വിഭവങ്ങളുടെ വലിയൊരു പങ്ക് ഒന്നോ രണ്ടോ തലമുറയില്‍പ്പെട്ട കുറച്ചുപേര്‍ക്കു മാത്രമായി നശിപ്പിച്ചുകഴിഞ്ഞുവെന്നും ആ തെറ്റു തിരുത്തി മനുഷ്യര്‍ക്കും മറ്റു […]

ppp

സി.ആര്‍. നീലകണ്ഠന്‍

1972ലെ സ്റ്റോക്‌ഹോം പരിസ്ഥിതി വികസന സമ്മേളനത്തിനുശേഷമാണ് പാശ്ചാത്യ സമൂഹത്തില്‍ പരിസ്ഥിതി സംരക്ഷണം എന്നത് ഒരു അജണ്ടയായിതന്നെ മാറുന്നത്. തങ്ങള്‍ ഇക്കാലമത്രയും വികസനം, സുഖം, സൗകര്യം, സ്വാദ് തുടങ്ങിയവയ്ക്കായി കരുതിയിരുന്നവയെല്ലാം ലോകത്തിലെ വിഭവലഭ്യതയിലും അവയുടെ മലിനീകരണത്തിലും ആണെത്തിയിരിക്കുന്നതെന്ന സത്യം ഭാഗികമായി മാത്രം മനസ്സിലാക്കുകയായിരുന്നു അവര്‍. മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അവരുടെ വരാനിരിക്കുന്ന മുഴുവന്‍ തലമുറകള്‍ക്കും അവകാശപ്പെട്ട വിഭവങ്ങളുടെ വലിയൊരു പങ്ക് ഒന്നോ രണ്ടോ തലമുറയില്‍പ്പെട്ട കുറച്ചുപേര്‍ക്കു മാത്രമായി നശിപ്പിച്ചുകഴിഞ്ഞുവെന്നും ആ തെറ്റു തിരുത്തി മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും വേണ്ടി സ്വന്തം ജീവിത രീതി മാറ്റണമെന്നുള്ള ഏറ്റവും ശരിയായ നിഗമനത്തിലേക്കൊന്നും ചെല്ലാന്‍ അന്നു മാത്രമല്ല, ഇന്നും പാശ്ചാത്യ മാതൃകയില്‍ വികസനം നേടിയിട്ടുള്ള രാജ്യങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് ഏറെ കൊട്ടിഘോഷിച്ചുകൊണ്ടു നടത്തിയ പാരീസ് സിഒപി 21 സമ്മേളനം പാസ്സാക്കിയ രേഖ നമ്മെ ബോധ്യപ്പെടുത്തുന്നത്.
200 ഓളം രാജ്യങ്ങള്‍ പങ്കെടുത്ത ചര്‍ച്ചകളും അതിന്റെ ഫലമായി രൂപപ്പെട്ട രേഖകളും എന്താണ് മാനവരാശിക്ക് നല്‍കുന്ന മറ്റു സൂചനകള്‍? ആഗോളസാമ്പത്തിക സമ്മേളനങ്ങള്‍ക്കല്ല പരിസ്ഥിതി ഉച്ചകോടികള്‍ക്കാണ് ഇപ്പോള്‍ ലോകരാഷ്ട്രത്തലവന്മാര്‍ ഒന്നിക്കുന്നത് എന്ന അവസ്ഥ പുതിയതല്ല. 1992ലെ റിയോ സമ്മേളനത്തിലാണിത് കണ്ടത്. 1997ലെ ക്വോട്ടോ സമ്മേളനം പ്രഖ്യാപിച്ച നിയന്ത്രണ ലക്ഷ്യം (പ്രോട്ടോകോള്‍) എത്രമാത്രം നടപ്പിലായിയെന്ന് ലക്ഷ്യം വച്ച വര്‍ഷമായ 2012ല്‍ പരിശോധിച്ചപ്പോള്‍ ‘വഞ്ചി തിരുനക്കര തന്നെ’ എന്നുകണ്ടു. പലയിടത്തും ലക്ഷ്യത്തിന്റെ എതിര്‍ദിശയിലേക്കാണ് വഞ്ചിപോയത് എന്നും. തുടര്‍ നിരീക്ഷണങ്ങള്‍ നടത്താന്‍, കാലാവസ്ഥാ മാറ്റം സംബന്ധിച്ച് സൂക്ഷ്മവിലയിരുത്തലിന് നിയോഗിക്കപ്പെട്ട അതിന്റെ ദുരന്തങ്ങളും ‘വരുംകാല’ ത്തു നാം
തിരിച്ചറിയുന്നു. ഈ ഘട്ടത്തിലാണ് പാരീസ് പ്രഖ്യാപനം വിലയിരുത്തേണ്ടത്.
സമ്മേളനത്തിലെത്തിയ രാജ്യങ്ങളിലെ സംഘങ്ങള്‍ക്ക് നന്നായറിയാമായിരുന്നു, ഇതൊരു എളുപ്പമായ കാര്യമല്ല എന്ന്. രാജ്യങ്ങള്‍ തമ്മിലും ഗ്രൂപ്പുകള്‍ തമ്മിലും ഭൂഖണ്ഡങ്ങള്‍ തമ്മിലും നിലനില്‍ക്കുന്ന താല്‍പര്യ വൈരുദ്ധ്യങ്ങള്‍ വ്യക്തമായിരുന്നു. ലോകത്തെ പത്തുശതമാനം ജനത സൃഷ്ടിക്കുന്നത് മാലിന്യങ്ങളുടെ 80ശതമാനമാണെന്നും അതൊരു തെറ്റായി അവര്‍ കാണുന്നില്ലെന്നും ആ അനുപാതം മാറ്റാതെ പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്നും ആര്‍ക്കാണറിയാത്തത്? താരതമ്യേന ‘വികസിതര്‍’ എന്നുപറയുമ്പോഴും അതിലെ തന്നെ മെച്ചപ്പെട്ട രാജ്യങ്ങള്‍ (ഇന്ത്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക മുതലായവര്‍)മറ്റൊരു അജണ്ടയുമായാണ് അവിടെ എത്തിയിരിക്കുന്നത്. തീര്‍ത്തും വികസിതരല്ലാത്തവര്‍ക്ക് ശബ്ദം തീരെ കുറവായിരുന്നു എന്നുമാത്രമല്ല, അവരുടെ പ്രശ്‌നം ‘ഭാവി’ ആയിരുന്നില്ല. ‘വര്‍ത്തമാന’ കാലം തന്നെയാണ്. ഭൗതിക കാലാവസ്ഥാ മാറ്റംപോലെയോ അതിനേക്കാളേറെയോ അവര്‍ക്കു പ്രശ്‌നം രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മേഖലകളിലെ അസ്വാസ്ഥ്യങ്ങളായിരുന്നു. കാലാവസ്ഥാമാറ്റവും ആഗോളതാപനവും സമുദ്രനിരപ്പുയരലും മൂലം ഏറ്റവുമാദ്യം സര്‍വ്വനാശഭീഷണി നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളും ദ്വീപ് പ്രദേശങ്ങള്‍ ധാരാളമായുള്ള രാജ്യങ്ങളുമാണ് ഏറെ ശബ്ദമുയര്‍ത്തിയതെന്ന കാര്യത്തില്‍ അല്‍ഭുതമില്ല. സമ്മേളനം ലക്ഷ്യം വയ്ക്കുനന, ആഗോള താപനത്തിന്റെ അളവ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് എന്നതു തന്നെ ഇവര്‍ക്ക് ഏറെ ആപത്തുണ്ടാക്കുന്നതാണ്. അത് ഒന്നരഡിഗ്രിയെങ്കിലുമാക്കി നിജപ്പെടുത്തണമെന്നാണ് ബംഗ്ലാദേശ്, മാലി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.
രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കകത്തും വലിയ തോതിലുള്ള താല്‍പര്യസംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ആളോഹരി കാര്‍ബണ്‍ പുറത്തുവിടുന്നതിന്റെ കണക്കുവച്ച് തങ്ങള്‍ വളരെ താഴെയാണെന്നുള്ളതാണല്ലോ ഇവരുടെ വാദം. യുഎസ് പോലുള്ള വ്യവസായവല്‍കൃത രാജ്യങ്ങളുടെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ അതു ശരിയുമാണ്. (ഇന്ത്യയേക്കാള്‍ വളരെ താഴ്ന്ന ശരാശരിക്കാരില്ലേ എന്ന ചോദ്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കാറില്ല) അതുകൊണ്ടുതന്നെ കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടാന്‍ അതുവഴി വലിയ വികസനക്കുതിപ്പ് നടത്താന്‍ ഇന്ത്യയെ അനുവദിക്കണമെന്നതാണല്ലോ ഇന്ത്യയുടെ വാദം. നമുക്ക് ഇന്ത്യയ്ക്കകത്തേക്കൊന്നു നോക്കാം. രാജ്യത്തെ കാര്‍ബണ്‍ പുറത്തുവിടല്‍ മൊത്തത്തില്‍ എടുത്താല്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. അമേരിക്കയും മറ്റും ഈ കണക്കാണല്ലോ ഉയര്‍ത്തിക്കാട്ടുന്നത്. (ജനസംഖ്യ കൂടിയതിനാല്‍ ആളോഹരി താഴുന്നതല്ലേ?. അതു നിങ്ങളുടെ പ്രശ്‌നം !) ആളോഹരി കണക്കുവച്ച് ഇന്ത്യയ്ക്ക് കണക്കു കൂട്ടിയാല്‍ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 80 ശതമാനവും നടത്തുന്നത് ഇന്നാട്ടിലെ ചെറിയൊരു ശതമാനം മനുഷ്യരല്ലേ? ഇവിടെ ഉപഭോഗം കൂട്ടാന്‍ ഇന്ത്യയ്ക്ക് അനുമതി കിട്ടിയാല്‍ ആ അവകാശം ഉപയോഗിച്ച് ആരാണ് വികസിക്കുക? ഇപ്പോഴത്തെ രീതിയില്‍ നിന്നു വ്യത്യസ്തമാകാന്‍ ഒരു വഴിയുമില്ല. ലോകത്തില്‍ അമേരിക്കയെന്നപോലെ, ഇന്ത്യയ്ക്കകത്തും ഒരു അമേരിക്കയായി ഇന്ത്യയിലെ വലിയൊരു വിഭാഗം ജീവിക്കുകയല്ലേ? അതോടൊപ്പം ദളിതരുടെയും ആദിവാസികളുടെയും ദരിദ്രരുടെയും തീരദേശവാസികളുടെയുമടക്കം മഹാഭൂരിപക്ഷത്തിന്റെ പങ്കെത്രയാണ്? ചുരുക്കത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്നതിനേക്കാള്‍ പല മടങ്ങ് വ്യത്യാസം ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലില്ലേ? അതില്‍ മാറ്റംവരാതെ ഇന്ത്യയ്ക്ക് കൂടുതല്‍ ‘കാര്‍ബണ്‍ അവകാശം’ കിട്ടിയതുകൊണ്ടെന്തു കാര്യം ! അതുവഴി മഹാഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുമെന്ന് പറയുന്നതെങ്ങനെ? ചുരുക്കത്തില്‍ രാഷ്ട്രങ്ങള്‍ക്കകത്തും രാഷ്ട്രങ്ങള്‍ തമ്മിലുള്ള നിരവധി വൈരുദ്ധ്യങ്ങളുമായാണ് സംഘങ്ങള്‍ സമ്മേളനത്തിനെത്തിയത്.
പാരീസ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാന വസ്തുതയുണ്ട്. സാധാരണ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ മേല്‍പറഞ്ഞ വൈരുദ്ധ്യങ്ങള്‍, പ്രത്യേകിച്ചും ഭരണകൂടങ്ങള്‍ മറച്ചുപിടിക്കുന്ന വൈരുദ്ധ്യങ്ങള്‍ സമ്മേളനത്തിനു പുറത്തുനിന്നു ചൂണ്ടിക്കാട്ടിക്കൊണ്ടിരുന്നത് വിവിധ രാജ്യങ്ങളില്‍നിന്നും അനൗപചാരികമായെത്തുന്ന പരിസ്ഥിതി സംഘടനകളായിരുന്നു. പാരിസ്ഥിതിക നീതിയെ സംബന്ധിച്ച് ഇവര്‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്ന പരിഹാരനിര്‍ദ്ദേശങ്ങളുമാണ് സമ്മേളനങ്ങളെ അല്‍പമെങ്കിലും ജനാധിപത്യവല്‍ക്കരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെയൊന്നും ഉണ്ടായില്ല. ലോകവ്യാപാരസംഘടനയുടെ ദോഹാസമ്മേളനം നടന്ന സാഹചര്യം ഓര്‍ക്കുക. സെപ്തംബര്‍ 11 ആക്രമണത്തിനുശേഷം നടന്ന ആ സമ്മേളനത്തിലേക്ക് വളരെ നിയന്ത്രിതമായാണ് സന്നദ്ധസംഘങ്ങളെ കടത്തിവിട്ടത്. എന്നാല്‍ പാരീസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു സാധ്യത തന്നെ ഒഴിവാക്കി. സമ്മേളനം കേവലം ‘ബിസിനസ്’ സമ്മേളനം മാത്രമായി ചുരുക്കി. ഫലമോ? ജനാധിപത്യത്തിന്റെ വൈവിദ്ധ്യങ്ങളുടെ സ്വരങ്ങള്‍ കേട്ടതേയില്ല. ഇത്ര നിറംകെട്ട ഒരു അന്താരാഷ്ട്ര സമ്മേളനം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല.
സമ്മേളനഫലങ്ങളിലേക്കൊന്ന് നോക്കാം. ഇവിടെ പാസ്സാക്കിയ രേഖയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഇതില്‍ ഒന്നാം ഭാഗമാണ് യഥാര്‍ത്ഥ ‘കരാര്‍’. ഓരോ വിഷയത്തിലും (കാര്‍ബണ്‍ നിയന്ത്രണം, പുറത്തുവരുന്ന കാര്‍ബണിനെ തിരിച്ചുപിടിക്കല്‍ മുതലായവയില്‍) ഓരോ രാജ്യവും എത്രത്തോളം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിക്കുന്നു. അതു നടപ്പിലാക്കാന്‍ വേണ്ട നടപടിക്രമങ്ങളും സ്ഥാപനങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ടാംഭാഗം ‘തീരുമാനങ്ങള്‍’ ആണ്. ഈ ഭാഗത്തിനു നിയമസാധുതയുണ്ടോയെന്നത് പലര്‍ക്കും തര്‍ക്കിക്കാനുള്ള വിഷയമാണ്. രണ്ടിനും നിയമസാധുതയുണ്ടെന്നു വാദിക്കുന്നവരുമുണ്ട്. എന്തായാലും ‘തീരുമാന’ങ്ങളിലെ വ്യവസ്ഥകള്‍ അഞ്ചുവര്‍ഷം കഴിഞ്ഞു നടക്കുന്ന പുനഃപരിശോധയിലൂടെ മാറ്റം വരുത്താവുന്നതാണെന്നും വ്യവസ്ഥയുള്ളതിനാല്‍ അത് അന്തിമമാകില്ല.
പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ നേട്ടമായി ഇന്ത്യയും മറ്റും പറയുന്നത്, ‘വ്യത്യസ്ത രാജ്യങ്ങള്‍ക്ക് വ്യത്യസ്ത അളവുകോലുകള്‍’ എന്ന തത്വം ഫലത്തില്‍ ലോകം അംഗീകരിച്ചുവെന്നതാണ്. ആമുഖത്തില്‍ ഈ തത്വത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും കരാറിനകത്തേക്കു വരുമ്പോള്‍ പരാമര്‍ശം കേവലം ഒഴുക്കനാകുന്നുമുണ്ട്. വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ എന്താണു പറയുന്നത്. ഇത് കാര്യമായ വിട്ടുവീഴ്ചയാണെന്നു വിമര്‍ശിക്കുന്നു പലരും. വികസിതരും ഇന്ത്യ പോലുള്ള വികസ്വരരും തമ്മില്‍ വേര്‍തിരിക്കുന്നതില്‍ ഏറെ നേര്‍ത്തതായിരുന്നു എന്നതാണ് വിമര്‍ശനം. ഇതിനുള്ള കാരണം, വികസ്വര രാജ്യങ്ങളിലെ അതിസമ്പന്നരുടെ താല്‍പര്യത്തിന് ഭരണകൂടങ്ങള്‍ മുന്‍ഗണന നല്‍കുന്നതാണ്. മാത്രവുമല്ല, ഇതുവഴി വികസിത രാജ്യങ്ങള്‍ അവരുടെ ‘ചരിത്രപരമായ ബാധ്യത’യില്‍നിന്നും മോചിപ്പിക്കപ്പെട്ടിരിക്കുകയുമാണ്. ഇന്നുവരെയുള്ള പാരിസ്ഥിതിക നാശത്തിനു പ്രധാനകാരണക്കാരായ സമ്പന്ന രാജ്യക്കാര്‍ ആണെന്ന സത്യം ആവര്‍ത്തിക്കാന്‍ വികസ്വര സമൂഹത്തിലെ സമ്പന്നര്‍ക്കു താല്‍പര്യമില്ല. അവര്‍ തമ്മില്‍ ഒരു വൈരുദ്ധ്യവുമില്ലാതായിരിക്കുന്നു.
സമ്പന്നര്‍ നല്‍കുന്ന പൊതുഫണ്ടിനെക്കുറിച്ച് ഒമ്പതാം വകുപ്പില്‍ പറയുന്നുണ്ട്. മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നിരിക്കണം, തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കണം എന്നും അവര്‍ പറയുന്നുണ്ട്. പ്രതിവര്‍ഷം നൂറുബില്യണ്‍ ഡോളര്‍ (ആറുലക്ഷം കോടി രൂപ) എന്ന കണക്കില്‍ നല്‍കണമെന്നാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ക്കാവശ്യമായ കാര്‍ബണ്‍ കുറഞ്ഞ സാങ്കേതിക വിദ്യകള്‍ നല്‍കുന്നതിനും കാലാവസ്ഥാമാറ്റം ഉണ്ടായാല്‍ അതിനെ നേരിടാന്‍ കഴിയുംവിധം അവരെ ശാക്തീകരിക്കാനും വേണ്ടിയാണ് ഈ തുക നല്‍കുന്നത്. ഈ തുകയുടെ സമാഹരണവും വികസനവും എത്രമാത്രം സുതാര്യമായിരിക്കും എന്നതാണ് പ്രധാന പ്രശ്‌നം.
വരുംവര്‍ഷങ്ങളില്‍ പുറത്തുവിടുന്ന വാതകത്തിന്റെ കണക്കുകള്‍ വികസിത രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. വികസ്വരര്‍ക്ക് ഇക്കാര്യത്തില്‍ കുറച്ചുകൂടി സമയം നല്‍കിയിട്ടുണ്ട്. 2002ല്‍ ഓരോ രാജ്യവും ബഹിര്‍ഗമനം എത്ര കുറച്ചുവെന്നുള്ള കണക്ക് പ്രസിദ്ധീകരിക്കണം. തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉപഭോഗനിരക്ക് എന്തായിരിക്കണം, എത്രയായിരിക്കും എന്ന കണക്കും നല്‍കാന്‍ രാജ്യങ്ങള്‍ക്കു ബാധ്യതയുണ്ട്. ആഗോള കണക്കെടുപ്പുകള്‍ സുതാര്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത് ആര്‍ക്കും പൂര്‍ണ തൃപ്തി നല്‍കുന്ന കരാറല്ല എന്നല്ല, ഇനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുമുണ്ട്. എല്ലാ താല്‍പര്യ വൈരുദ്ധ്യങ്ങള്‍ക്കുമിടയില്‍ എത്താവുന്ന ഒരു കരാര്‍ മാത്രമാണിത്. എന്നാല്‍ ക്വോട്ടോ കരാര്‍ പോലെ വികസിത രാജ്യങ്ങള്‍ പിണങ്ങിപ്പോയി ഒരു കരാറേ ഉണ്ടായിരുന്നില്ലെങ്കിലോ? ഈ ചോദ്യം പ്രസക്തമല്ലേ? തീര്‍ച്ചയായും ഇന്നത്തേതിനേക്കാള്‍ മോശമാകുമായിരുന്നില്ലേ അവസ്ഥ? വരുംകാലത്തു നടക്കേണ്ട അനിവാര്യമായ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും ആദ്യത്തെ പടിയായിട്ടെങ്കിലും ഇതി അംഗീകരിക്കേണ്ടതില്ലേ? തങ്ങളുടെ വിനാശകരമായ ജീവിതരീതികളില്‍ ചെറുതായെങ്കിലും ഒരു മാറ്റം അനിവാര്യമാണെന്ന് വികസിത സമൂഹത്തിന് ചെറുതായ ഒരു ബോധ്യമുണ്ടാക്കാന്‍ ഇതുപകരിക്കില്ലേ? ഇത്തരമൊരു മാറ്റത്തിന് അന്നാട്ടിലെ ഭരണകൂടങ്ങളും രാഷ്ട്രീയപാര്‍ട്ടികളും തയ്യാറായില്ലെങ്കിലും പൊതു സമൂഹത്തിലൊരു ഭാഗം തയ്യാറാകുമായിരിക്കും. അവരുടെ സമ്മര്‍ദ്ദം കൂടിയല്ലേ, ഒരു കരാറില്‍ ഒപ്പിടാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകുന്നത്.
ഇന്ത്യ ഇനിയെങ്ങനെ മുന്നോട്ടുപോകും? വികസിത രാജ്യങ്ങളിലെ കാര്‍ബണ്‍ പുറത്തുവിടല്‍ കുറയ്ക്കുന്നതുപോലെ നമ്മുടെ രാജ്യത്തും ഇതേ നിലവാരത്തില്‍ ജീവിക്കുന്നവര്‍ക്കും നിയന്ത്രണം ആവശ്യമില്ലേ? ഇതിനും ശ്രമിക്കാതെ ‘ശേഷിക്കുന്ന ഇന്ത്യന്‍ അവകാശം’ നാം വിലപേശി വാങ്ങിയാല്‍ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍? ഗ്രാമീണ കര്‍ഷകര്‍ക്കു വൈദ്യുതി നല്‍കാനാണ് ആണവനിലയങ്ങള്‍ കൊണ്ടുവരുന്നതെന്നു വാദിക്കുന്ന ഭരണകര്‍ത്താക്കള്‍ നമുക്കുണ്ടായിരുന്നു. എത്ര വലിയ അബദ്ധമായിരുന്നു അത്? ഒരു മനുഷ്യനു പരമാവധി എത്ര ഉപഭോഗമാകാമെന്ന് തീരുമാനിക്കുന്നിടത്തുനിന്നാണ് നാം തുടങ്ങേണ്ടതെന്ന് രാമചന്ദ്രഗുഹ പറഞ്ഞിട്ടുണ്ട്.
ഏതുതരം സഹായമാണ് സമ്പന്ന രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ലഭിക്കേണ്ടത്? കുറെ പണം കിട്ടിയതുകൊണ്ടെന്തുകാര്യം? അതുകൊണ്ടെന്തു ചെയ്യും? ‘കാര്‍ബണ്‍ കുറഞ്ഞ സാങ്കേതിക വിദ്യ’ക്കായി ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സാങ്കേതിക വിദ്യയും നമുക്കാവശ്യമില്ല. ഏറെ നൂറ്റാണ്ടുകളായി ഇന്ത്യ പഠിച്ചു പ്രയോഗിക്കുന്നവയാണത്. നമ്മുടെ കൃഷിയും ജലസേചനവും ഭവനിര്‍മ്മാണവും ഊര്‍ജ്ജ ഉപഭോഗവുമെല്ലാം ഇതിനു മാതൃകകളാണ്. നമ്മുടെ മണ്ണും വിത്തും വെള്ളവും ആരോഗ്യവും ചിന്താശേഷിയുമെല്ലാം തകര്‍ത്ത രീതികളോട് വിട പറയേണ്ടതുണ്ട്. കാര്‍ഷിക രംഗത്തെ വളര്‍ച്ച സ്ഥായിയാകണമെങ്കില്‍ രാസകൃഷി ഉപേക്ഷിച്ചാല്‍ മാത്രം പോരാ, പരിഹാരമായി പറയുന്ന ബഹുരാഷ്ട്രകമ്പനിക്കാര്‍ പറയുന്ന ജനിതക രൂപഭേദം വരുത്തിയ വിത്തുകളടക്കം നിരോധിക്കപ്പെടണം. മൊണ്‍സാന്റോയുടെ സാങ്കേതിക വിദ്യ വാങ്ങാന്‍ ഇന്ത്യ സഹായം തേടരുത്. ഊര്‍ജ്ജോല്‍പാദനത്തിന്റെ 95 ശതമാനവും സൂര്യന്‍, കാറ്റ്, തിരമാല, ജൈവമാലിന്യങ്ങള്‍ മുതലായവയില്‍ നിന്നും സ്വീകരിക്കാന്‍ ശേഷി നേടിയെങ്കില്‍ അതിനേക്കാള്‍ എളുപ്പമാണ് ഇന്ത്യക്കിക്കാര്യം നടപ്പിലാക്കാന്‍.
അയിരാ കുറസോവയുടെ ‘സ്വപ്നങ്ങള്‍’ എന്ന ചലച്ചിത്രത്തിലെ അവസാന സ്വപ്നമാണ് ‘വില്ലേജ് ഓണ്‍ വാട്ടര്‍വീല്‍സ്’ എന്നത്. അതിലെ വൃദ്ധന്‍ പറയുന്നതുപോലെ, ഇതൊരു സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply