നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമത്തെ സംരക്ഷിക്കുക

എന്തുവികസനത്തിന്റെ പേരിലായാലും നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രതിജ്ഞയെടുക്കാനുള്ള സമയമാണിത്. ആറന്മുള വിമാനത്താവളത്തിനെതിരായ ഹരിത ട്രൈബ്യൂണലിന്റെ വിധി നല്‍കുന്ന സന്ദേശമതാണ്. 2008ലെ നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങള്‍ ശക്തമായിതന്നെ നടക്കുന്നുണ്ട്. അതാകട്ടെ കേന്ദ്ര നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണുതാനും. 2010ലെ കേന്ദ്ര തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക് കടകവിരുദ്ധമാണ് ഈ നീക്കം. പാരിസ്ഥിതിക നാശം വരുത്തുന്ന എല്ലാ നടപടികള്‍ക്കും തടയിടുന്നതായിരുന്നു 1986ലെ കേന്ദ്ര പരിസ്ഥിതി നിയമം. എന്നാല്‍, കേന്ദ്ര […]

nel

എന്തുവികസനത്തിന്റെ പേരിലായാലും നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രതിജ്ഞയെടുക്കാനുള്ള സമയമാണിത്. ആറന്മുള വിമാനത്താവളത്തിനെതിരായ ഹരിത ട്രൈബ്യൂണലിന്റെ വിധി നല്‍കുന്ന സന്ദേശമതാണ്.
2008ലെ നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങള്‍ ശക്തമായിതന്നെ നടക്കുന്നുണ്ട്. അതാകട്ടെ കേന്ദ്ര നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണുതാനും. 2010ലെ കേന്ദ്ര തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക് കടകവിരുദ്ധമാണ് ഈ നീക്കം.
പാരിസ്ഥിതിക നാശം വരുത്തുന്ന എല്ലാ നടപടികള്‍ക്കും തടയിടുന്നതായിരുന്നു 1986ലെ കേന്ദ്ര പരിസ്ഥിതി നിയമം. എന്നാല്‍, കേന്ദ്ര തണ്ണീര്‍ത്തട സംരക്ഷണ ചട്ടമാകട്ടെ ഒരുപടി കൂടി കടന്ന് രാജ്യത്തെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വ്യക്തമായിതന്നെ നിരോധിക്കുന്നതാണ്. മാത്രമല്ല, തണ്ണീര്‍ത്തടങ്ങളെ ബാധിക്കുംവിധം പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യാനും ഈ നിയമം അനുവദിക്കുന്നില്ല. ഇതിനെ മറികടക്കാനുള്ള നീക്കവും ഹരിത െ്രെടബ്യൂണലില്‍ ചോദ്യം ചെയ്യുമെന്നുറപ്പ്.
1955-56 വര്‍ഷം 7.60 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍വയല്‍ 200102ല്‍ 2.30 ലക്ഷം ഹെക്ടറായി ചുരുങ്ങിക്കഴിഞ്ഞു. പിന്നീട് വീണ്ടും ചുരുങ്ങി. കൃഷിയുടെ ഉത്തരവാദിത്തം കൃഷിക്കാരന്റെ മാത്രമാകുകയും ജോലിക്കുപോലും ആളെ കിട്ടാതിരിക്കുകയും കേരളത്തിന്റെ തനതായ മറ്റനവധി പ്രശ്‌നങ്ങളും ഭൂമിയുടെ വില വന്‍തോതില്‍ ഉയര്‍ന്നതുമൊക്കെ വയലുകള്‍ തരിശിടുന്നതിനും പിന്നീട് നികത്തുന്നതിനും കാരണമായിട്ടുണ്ട്. മറ്റെല്ലാവരും ഭൂമി കച്ചവടവസ്തുവാക്കുമ്പോള്‍ കര്‍ഷകര്‍ക്കുമാത്രം അതുപാടില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കൃഷിഭൂമി സംക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിന്റെ മൊത്തമാകണം. അതില്ലാത്തതിനാലായിരുന്നു നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതായി വന്നത്. ഇനിയെങ്കിലും ആ തെറ്റുതിരുത്തണം. തൊഴിലുറപ്പുപദ്ധതിയും മറ്റും കാര്‍ഷികമേഖലയില്‍ വിജയകരമായി ഉപയോഗിക്കാന്‍ കഴിയണം.
കൃഷി സംരക്ഷിക്കലാണ് വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖം എന്ന് അംഗീകരിക്കലാണ് മുഖ്യം. അതില്ലാത്തതിനാലാണ് വിമാനത്താവളവും മെട്രോയും ഫഌറ്റ് സമുച്ചയങ്ങളും മറ്റും പ്രധാനമാകുന്നത്. ഓരോ നാടിന്റേയും സവിശേഷതകള്‍ അംഗീകരിക്കുന്ന വികസന സങ്കല്‍പ്പങ്ങളാണ് സ്വീകരിക്കേണ്ടത്. അതിനു കടകവിരുദ്ധമായിരുന്നു ആറന്മുള വിമാനത്താവള പദ്ധതി. വിമാനത്തവളത്തിനായി പാരിസ്ഥിതികാഘാത പഠനം നടത്തിയ ‘എന്‍വിറോ കെയറി’ന് ഇതിനുള്ള യോഗ്യത പോലുമില്ലെന്ന് ് ഉള്‍പ്പെടെ നാലു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനത്താവളം സര്‍ക്കാര്‍ നയമാണെന്നും ട്രിബ്യൂണലിന് ഇടപെടാന്‍ അനുമതിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും മുന്നോട്ടു വെച്ച വാദങ്ങളെല്ലാം ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് തള്ളുകയായിരുന്നു. പദ്ധതി പ്രദേശത്ത് നെല്‍വയല്‍ ഉണ്ടെന്ന് സമ്മതിക്കാന്‍ പോലും സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും തയ്യാറായില്ലെന്നും കോടതി വിമര്‍ശിച്ചു. അത്രത്തോളം പോയി നമ്മുടെ കാര്‍ഷികസ്‌നേഹം. കൂടാതെ വിമാനത്താവളം വരുമ്പോള്‍ ആവശ്യമായ പഠനം കെജിഎസ് ഗ്രൂപ്പ് നടത്തിയിട്ടില്ലെന്നും അതിനായി പൊതുജനാഭിപ്രായം തേടിയിട്ടില്ലെന്നും ട്രിബ്യൂണല്‍ കണ്ടെത്തി. പരിസ്ഥിതി സംഘടനകളുടെയും ആറന്മുള സമര സമിതിയുടെയും വാദങ്ങള്‍ ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു.
ആറന്മുളയില്‍ മാത്രമല്ല, മറ്റു പല മേഖലകളിലും ഇതേവിഷയം ഉയരുന്നുണ്ട്. കൊച്ചി മെട്രോയുടെ പേരില്‍ ആവശ്യമില്ലാഞ്ഞിട്ടുകൂടി പാടം നികത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നികത്തലുകള്‍ക്ക് നിയമപരമായ അംഗീകാരം നേടിയെടുക്കാന്‍ കൂടിയാണ് നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ നെല്‍കൃഷി വര്‍ധിപ്പിക്കലിന് പുറമെ ഭൂഗര്‍ഭജല സംരക്ഷണത്തില്‍ നെല്‍വയലുകള്‍ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് കേരളം നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയതുതന്നെ. വികസന പദ്ധതികള്‍ക്ക് തെങ്ങിന്‍തോട്ടങ്ങളും റബര്‍ എസ്‌റ്റേറ്റുകളും ഉള്‍പ്പെടുന്ന ഭൂമി ഏറ്റെടുത്താല്‍പോലും നെല്‍വയല്‍ ഏറ്റെടുക്കുന്നപോലെ പാരിസ്ഥിതികാഘാതം ഉണ്ടാകുകയില്ല. എന്നാല്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്നുള്ള നെല്‍വയലുകളില്‍ കണ്ണുവെച്ചിരിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് മുതിരുന്നതെന്ന് ആക്ഷേപമുണ്ട്. അവിടെയാണല്ലോ ഭൂമിക്ക് പൊന്നും വില ലഭിക്കുന്നത്. ഇത്തരത്തിലുള്ള മാഫിയയെ നിലക്കു നിര്‍ത്തുകയും നെല്‍വയല്‍ നാര്‍ത്തട സംരക്ഷണ നിയമങ്ങള്‍ പോലുള്ളവ മുറുക്കി പിടിക്കുകയുമാണ് ജനകീയ സര്‍ക്കാര്‍ ഇന്നു ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply