ദയാവധം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…
പതിനാലുവര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദയാവധത്തിന് നിയമപരിരക്ഷ നല്‍കാനുള്ള കേന്ദ്രതീരുമാനം സ്വാഭാവികമായും വ്യത്യസ്ഥമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ദയാവധത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹപ്രകാരം മരണത്തിനു വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആദ്യമായി ഇന്ത്യയില്‍ ദയാവധത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. മാരകരോഗം പിടിപെട്ട് ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന […]
പതിനാലുവര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദയാവധത്തിന് നിയമപരിരക്ഷ നല്‍കാനുള്ള കേന്ദ്രതീരുമാനം സ്വാഭാവികമായും വ്യത്യസ്ഥമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ദയാവധത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്.
തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹപ്രകാരം മരണത്തിനു വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആദ്യമായി ഇന്ത്യയില്‍ ദയാവധത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. മാരകരോഗം പിടിപെട്ട് ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദയാവധം സംബന്ധിച്ച് വിദഗ്ധസമിതി ചില ചട്ടങ്ങളും വകുപ്പുകളും രൂപവത്കരിക്കുകയും അതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും ദുരുപയോഗം ഭയന്ന് നിയമമാക്കാന്‍ നിരസിക്കുകയായിരുന്നു.
2002 ല്‍ ലോക്‌സഭയില്‍ വന്ന സ്വകാര്യ ബില്ലിനെത്തുടര്‍ന്നാണ് ദയാവധം സജീവ ചര്‍ച്ചയായത്. 2006 ല്‍ ദയാവധം നിയമമാക്കാന്‍ ശിപാര്‍ശചെയ്യുന്ന നിയമ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ വിഷയം വീണ്ടും സജീവമാക്കി. എന്നാല്‍, ദയാവധം വൈദ്യരംഗത്തെ ധാര്‍മികതയ്ക്ക് എതിരാണെന്നും അതു കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ക്കായി ദുരുപയോഗിച്ചേക്കാമെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് ദയാവധത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമകമ്മിഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ കമ്മിഷന്‍ സര്‍ക്കാരിനു വിശദ റിപ്പോര്‍ട്ട് നല്‍കി. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് സത്യവാങ്മൂലം.
കൂട്ടബലാല്‍സംഗത്തിനിരയായി തലച്ചോര്‍ മരവിച്ച് ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന അരുണാ ഷാന്‍ബാഗ് എന്ന നഴ്‌സിനെ ദയാവധത്തിന് ഇരയാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയത്. കേസില്‍ 2011ല്‍ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ആദ്യം ദയാവധത്തിന് അനുകൂലമായി നിലപാടെടുത്തെങ്കിലും പിന്നീട് മൂന്നംഗ ബെഞ്ച് ആ വിധി അസാധുവാക്കുകയായിരുന്നു. പിന്നീടാണ് കേസ് ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയത്.
ലോകത്തെങ്ങും ദയാവധത്തിനു നിയമമില്ലാത്തതു കാരണം ജീവിക്കാന്‍ ആഗ്രഹമില്ലാത്ത നിരവധി രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ വേദനതിന്നു കഴിയുന്നുണ്ട്. അവര്‍ക്കും കുടുംബത്തിനും അതു വലിയ പീഡനമാണ്. നെതര്‍ലന്‍ഡ്‌സാണ് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യം. അതിനായവര്‍ പ്രത്യേക നിയമമുണ്ടാക്കി. ബെല്‍ജിയവും പിന്നീട് ദയാവധം അനുവദിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആകട്ടെ ദയാവധം നിയമവിരുദ്ധമാക്കുകയും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുകയും ചെയ്തു. യു.എസില്‍ ചില സംസ്ഥാനങ്ങളില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാണ്. ഇന്ത്യയിലാകട്ടെ 1994ല്‍ പി. രത്തിനം കേസില്‍ സുപ്രീം കോടതി വിധിയെഴുതിയെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം അതു തിരുത്തുകയായിരുന്നു. ജീവിക്കാനുള്ള അവകാശം മരിക്കാനുള്ള അവകാശം കൂടിയല്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്.
തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കണമെന്ന് 1999ല്‍ നാലു വൃദ്ധര്‍ ഹര്‍ജി നല്‍കി. പത്താം വയസു മുതല്‍ തളര്‍ന്നുകിടക്കുന്ന ഇരുപത്തഞ്ചുകാരനെ മരിക്കാന്‍ അനുവദിക്കണമെന്ന അമ്മയുടെ ഹര്‍ജി 2004ല്‍ ആന്ധ്ര ഹൈക്കോടതി തള്ളി. കോമ അവസ്ഥയിലായ സ്ത്രീക്കു മരണം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെയും മകന്റെയും അപേക്ഷ പിറ്റേവര്‍ഷം പട്‌ന ഹൈക്കോടതിയും നിരസിച്ചു. ഇപ്പോഴും ഇത്തരം കേസുകള്‍ തുടരുന്നു. അരുണയ്ക്കു ദയാവധം വേണമെന്ന് പിങ്കി വിരാനി സമര്‍പ്പിച്ച സുപ്രീം കോടതി തള്ളി. എന്നാല്‍ സ്വാഭാവിക മരണം വരെയും ജീവച്ഛവമായി കിടക്കുമെന്ന് ഉറപ്പുള്ള രോഗികളുടെ ജീവന്‍രക്ഷാ ഉപകരണം നീക്കിക്കൊണ്ട് പരോക്ഷ ദയാവധം അനുവദിക്കാമെന്നു അരുണാ ഷാന്‍ബാഗ് കേസില്‍ സുപ്രിംകോടതി വിധിച്ചു. പക്ഷെ രോഗിയുടെ അടുത്ത ബന്ധുവോ ഉറ്റ സുഹൃത്തോ ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രി ജീവനക്കാരോ നല്‍കുന്ന അപേക്ഷയില്‍ ഹൈക്കോടതിയുടെ അനുമതിയോടെയാകണം അതു നടപ്പാക്കേണ്ടത്. എന്നാല്‍ അരുണയെ പൊന്നുപോലെ നോക്കിയ സഹപ്രവര്‍ത്തകര്‍ അതിനു തയ്യാറായില്ല.
ഡോക്ടറോ മറ്റാരെങ്കിലുമോ രോഗിക്കു മരണം സമ്മാനിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യുന്ന പ്രത്യക്ഷ ദയാവധവും രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്ന എന്തെങ്കിലും ഡോക്ടര്‍മാര്‍ അവസാനിപ്പിക്കുന്ന പരോക്ഷ ദയാവധവും രോഗി ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്ന അസിസ്റ്റഡ് സൂയിസൈഡ് രീതിയും. വൈദ്യശാസ്ത്രമേഖലയിലും നിയമമേഖലയിലുമൊക്കെ സജീവചര്‍ച്ചാവിഷയമാണ്. സംസാരിക്കാനോ ചലിക്കാന്‍ പോലുമോ കഴിയാതാകുന്ന അവസ്ഥയില്‍ തന്റെ ജീവന്‍ കൃത്രിമമായി പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നു നേരത്തേ എഴുതിവയ്ക്കുന്ന ‘വില്‍പത്രം’ അംഗീകരിച്ച് ദയാവധം അനുവദിക്കണമെന്ന ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ജീവന്‍ പവിത്രമാണെന്നും അതു തിരിച്ചെടുക്കാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളൂ എന്നും വിശ്വസിക്കുന്നവരാണ് ഇന്ത്യയില്‍ ഭൂരിഭാഗവുമെന്നതിനാല്‍ തീരുമാനം വൈകുകയാണ്.
ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നതാണ് ദയാവധത്തിനെതിരായ പ്രധാന വിമര്‍ശനം. അതിനു സാധ്യതയില്ലാതില്ല. എത്രയോ അടുത്ത ബന്ധുക്കളെപോലും ഒഴിവാക്കുന്നതിനാല്‍ ഭ്രാന്താശുപത്രികളില്‍ പോലും തള്ളുന്ന നാടാണല്ലോ നമ്മുടേത്. എന്നുവെച്ച് ഭ്രാന്താശുപത്രികള്‍ വേണ്ട എന്നു വെക്കുന്നില്ലല്ലോ. അതുപോലെ അവയവക്കച്ചവടത്തിനും ദയാവധം ഉപയോഗിക്കപ്പെടാം. കര്‍ശനമായ വ്യവസ്ഥകളില്‍ ദയാവധം അനുവദിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ശക്തിപ്പെടുകയാണ്. മരിക്കാനുള്ള അവകാശം മനുഷ്യനുണ്ടെന്ന നിലപാടിലാണല്ലോ ആത്ഹത്യപോലും മിക്കരാജ്യങ്ങളിലും കുറ്റമല്ലാത്തത്. എന്നാല്‍ അതിനുപോലുമാകാത്തവരുടെ കാര്യമോ? മരണം പോലും രോഗിയോടുള്ള കരുണയാകാവുന്ന സാഹചര്യങ്ങളില്‍, കര്‍ശനമായ ഉപാധികളോടെ ദയാവധം അനുവദിക്കുകയാണ് വേണ്ടത്. ഏറെ ദുരിതമായെങ്കിലും അരുണയെ സഹപ്രവര്‍ത്തകര്‍ പരിപാലിച്ചു. അതിനുള്ള അവസരം പോലുമില്ലാതെ മാറാരോഗങ്ങള്‍ക്കടിമപ്പെട്ടും അക്രമിക്കപ്പെട്ടും അപകടങ്ങള്‍ പറ്റിയും എത്രയോ പേര്‍ മരണം കാത്തുകിടക്കുന്നു. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അവര്‍ക്ക് മരണം നല്‍കുന്നതാണ് ശരി. തിരിച്ചുവരവ് അസാധ്യമെന്ന് ആധുനികവൈദ്യശാസ്ത്രത്തിനു വിധിയെഴുതാനാകുമെങ്കില്‍ അങ്ങനെയുള്ളൊരു ജീവനെ ആ ശരീരത്തില്‍ നിലനിര്‍ത്തണോ എന്ന ചോദ്യം എത്രയോ പ്രസക്തമാണ്. അന്തസ്സോടെ ജീവിക്കുകയെന്നത് മനുഷ്യരുടെ അവകാശമാണ്. അതുപോലെതന്നെയാണ് അന്തസ്സോടെ മരിക്കലും.
ഇത്തരം ചര്‍ച്ചകള്‍ക്കിടയിലാണ് അല്‍പ്പമെങ്കിലും ആശ്വാസമായി പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ശക്തമാകുന്നത്. ദയാവധം തെറ്റാണെന്നും മരണം അന്തസ്സോടെയാക്കുക എന്നുമുള്ള സന്ദേശമാണവര്‍ നല്‍കുന്നത്. എന്നാലതിപ്പോഴും ഗൗരവത്തോടെ കാണാന്‍ നമ്മുടെ ഭരണകൂടമോ ഡോക്ടര്‍മാരോ തയ്യാറായിട്ടില്ല. ഇപ്പോഴും നമ്മുടെ വൈദ്യശാസ്ത്രസിലബസില്‍ പാലിയേറ്റീവ് കെയര്‍ കടന്നു കൂടിയിട്ടില്ല. ഒരാള്‍ അവശനായി കിടക്കുന്നത് അയാളുടേയോ കുടുംബത്തിന്റേയോ മാത്രമല്ല സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും വിഷയം കൂടിയാവണം. എങ്കില്‍ മാത്രമേ ദയാവധത്തെ എതിര്‍ക്കുന്നതില്‍ പോലും അര്‍ത്ഥമുള്ളു. അല്ലാത്തപക്ഷം അന്തസ്സോടെ മരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതനുവദിക്കപ്പെടണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in