ദയാവധം : അന്തസ്സുള്ള മരണം മനുഷ്യാവകാശമാണ്
ഒരുപാട് കാലം നീണ്ട ചര്‍ച്ചകള്‍ക്കും വിചാരണകള്‍ക്കുമൊടുവില്‍ ദയാവധത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധി വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കെസിബിസിയും ഐഎംഎയില്‍ ഒരു വിഭാഗവും പല മനുഷ്യാവകാശപ്രവര്‍ത്തകരരും വിധിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. അതേസമയം സുഗതമാരിയും ഡോ ബി ഇക്ബാലുമടക്കമുള്ള വലിയൊരു വിഭാഗം വിധിയെ അനുകൂലിക്കുന്നു. കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ‘നിഷ്‌ക്രീയ ദയാവധം’ കോടതി അനുവദിച്ചിരിക്കുന്നത്. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളവരും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ മാത്രം ജീവന്‍ പിടിച്ചുനിര്‍ത്തുന്നവര്‍ക്കുമാണ് ദയാവധത്തിന് അനുമതിയുള്ളത്. അതില്‍ മനുഷ്യത്വവിരുദ്ധമായ എന്താണുള്ളത്? അത്തരത്തിലുള്ളവര്‍ ജീവിക്കുന്നതുകൊണ്ടുള്ള ഏകമെച്ചം […]
ഒരുപാട് കാലം നീണ്ട ചര്‍ച്ചകള്‍ക്കും വിചാരണകള്‍ക്കുമൊടുവില്‍ ദയാവധത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധി വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കെസിബിസിയും ഐഎംഎയില്‍ ഒരു വിഭാഗവും പല മനുഷ്യാവകാശപ്രവര്‍ത്തകരരും വിധിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. അതേസമയം സുഗതമാരിയും ഡോ ബി ഇക്ബാലുമടക്കമുള്ള വലിയൊരു വിഭാഗം വിധിയെ അനുകൂലിക്കുന്നു.
കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ‘നിഷ്‌ക്രീയ ദയാവധം’ കോടതി അനുവദിച്ചിരിക്കുന്നത്. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളവരും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ മാത്രം ജീവന്‍ പിടിച്ചുനിര്‍ത്തുന്നവര്‍ക്കുമാണ് ദയാവധത്തിന് അനുമതിയുള്ളത്. അതില്‍ മനുഷ്യത്വവിരുദ്ധമായ എന്താണുള്ളത്? അത്തരത്തിലുള്ളവര്‍ ജീവിക്കുന്നതുകൊണ്ടുള്ള ഏകമെച്ചം സ്വകാര്യ ആശുപത്രികള്‍ക്കു മാത്രമാണ്. ദയാവധം അനുവദിക്കണമെന്ന് പല കോണുകളില്‍ നിന്നും മുറവിളി ഉയര്‍ന്നിരുന്നുവെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അവയെല്ലാം തള്ളിയിരുന്നത്. ഏതു നിയമത്തിലും അതിനുള്ള സാധ്യതയുണ്ട്. നടക്കുന്നുമുണ്ട്. ‘കോമണ്‍ കോസ്’ എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഒടുവില്‍ കോടതി അന്തിമ തീരുമാനമെടുത്തത്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരം അന്തസ്സോടെ ജീവിക്കാന്‍ അവകാശം ഉള്ളതുപോലെ അന്തസ്സോടെ മരിക്കാനും അവകാശമുണ്ടെന്നും അത് മൗലികാവകാശമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അതാണ് ഈ വിധിയെ സംബന്ധിച്ചിടത്തോളം ഏറ്റവംു പ്രധാനം. അന്തസ്സിലാതെയുള്ള ജീവിതവും മരണവും അവസാനിപ്പിക്കാന്‍ ദയാവധം അനിവാര്യമാണെന്നു എത്രയോ രാജ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ധാര്‍മ്മികതയുടെ പേരു പറഞ്ഞ് അതിനെതിരെ മുഖം തിരിക്കുന്നതില്‍ എന്തര്‍ത്ഥം?
കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രോഗം മൂലമോ മറ്റോ ജീഐവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ല എന്നുറപ്പുള്ള ഒരാള്‍ക്ക് താന്‍ ആരോഗ്യമുള്ള സമയത്ത് മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന മരണപത്രത്തിലൂടെ ദയാവധം അനുവദിക്കാം. ഇത്തരം മരണങ്ങളെ സ്വാഭാവിക മരണമായി കണക്കാക്കും. എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ദയാവധ അപേക്ഷകളില്‍ അനുമതി നല്‍കാനുള്ള സമിതികള്‍ രൂപീകരിക്കണമെന്നു നിര്‍ദ്ദേശമുണ്ട്. തെറ്റായ വിവരം നല്‍കുകയോ വ്യാജരേഖ ഉണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിന തടവും 20 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും നല്‍കുമെന്ന മുന്‍കരുതലും കോടതി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് പ്രസക്തമാണ്.
അതിക്രീരമായ പീഡനത്തിനു വിധേയയായി 43 വര്‍ഷം അബോധാവസ്ഥയില്‍ കിടന്നു മരിച്ച നഴ്സ് അരുണ ഷാനുബാഗിന്റെ ദുരന്തമാണ് ഇന്ത്യയില്‍ ദയാവധ ചര്‍ച്ച തുടങ്ങാന്‍ കാരണമായത്. 2011 ജനുവരി 24ന് മാധ്യമപ്രവര്‍ത്തകയായ പിങ്കി വിരാനിയാണ് ആദ്യമായി അരുണയ്ക്ക് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡിനെ വച്ച് പരിശോധിച്ച ശേഷം 2011 മാര്‍ച്ച് ഏഴിന് കോടതി ഈ ആവശ്യം നിരസിച്ചു. മരിക്കാനുള്ള അവകാശം മൗലികമല്ല എന്നായിരുന്നു കോടതി നിലപാട്. ന്യൂമോണിയ ബാധയേ തുടര്‍ന്ന് 2015 മേയ് 18ന് അരുണ ലോകത്തോട് വിടപറഞ്ഞു. അരുണയ്ക്ക്് വേണ്ടി ഉയര്‍ത്തിയ ശബ്ദം അന്ന് കേള്‍ക്കാതിരുന്ന നീതിപീഠം ഇപ്പോഴാണ് കാതുതുറന്നത്. തുടര്‍ന്ന് തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹപ്രകാരം മരണത്തിനു വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആദ്യമായി ഇന്ത്യയില്‍ ദയാവധത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. മാരകരോഗം പിടിപെട്ട് ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വാസ്തവത്തില്‍ ദയാവധം സംബന്ധിച്ച് വിദഗ്ധസമിതി ചില ചട്ടങ്ങളും വകുപ്പുകളും രൂപവത്കരിക്കുകയും അതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും ദുരുപയോഗം ഭയന്ന് നിയമമാക്കാന്‍ നിരസിക്കുകയായിരുന്നു. 2002 ല്‍ ലോക്സഭയില്‍ ഇതുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ അവതരിപ്പിക്കപ്പെട്ടു. 2006 ല്‍ ദയാവധം നിയമമാക്കാന്‍ ശിപാര്‍ശചെയ്യുന്ന നിയമ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ വിഷയം വീണ്ടും സജീവമാക്കി. എന്നാല്‍, ദയാവധം വൈദ്യരംഗത്തെ ധാര്‍മികതയ്ക്ക് എതിരാണെന്നും അതു കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ക്കായി ദുരുപയോഗിച്ചേക്കാമെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് ദയാവധത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമകമ്മിഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തെത്തുടര്‍ന്ന് കമ്മിഷന്‍ സര്‍ക്കാരിനു വിശദ റിപ്പോര്‍ട്ട് നല്‍കി. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലായിരുന്നു സത്യവാങ്മൂലം. ദൈവം തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ മനുഷ്യനവകാശമില്ല എന്ന നിലപാടില്‍ നിന്നാണ് മതസംഘടനകള്‍ ദയാവധത്തെ എതിര്‍ക്കുന്നത്. ജീവന്‍ രക്ഷിക്കാനേ തങ്ങള്‍്കകാവൂ, കൊല്ലുന്നത് മെഡിക്കല്‍ എതിക്‌സിനു വിരുദ്ധമാണ് എന്നാണ് ഐഎംഎ പറയുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരില്‍ ഒരു വിഭാഗമാകട്ടെ സ്വന്തം പ്രാണനെക്കുറിച്ചുള്ള പരമാധികാരം ഒരു മെഡിക്കോജുഡിഷ്യല്‍ സംവിധാനത്തില്‍ നിക്ഷിപ്തമാകുന്നതുവഴി തികച്ചും ഭയാനകമായ മരണലോബിയും, മരണവ്യവസായവുമാണ് രാജ്യത്തിനകത്ത് സംജാതമാകുക എന്ന നിലപാടില്‍ നിന്നു ദയാവധത്തെ എതിര്‍ക്കുന്നു.
ലോകത്തെങ്ങും ദയാവധത്തിനു നിയമമില്ലാത്തതു കാരണം ഇനി ജീവിക്കില്ലെന്ന് ഉറപ്പുള്ള നിരവധി രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ വേദന തിന്നു കഴിയുന്നുണ്ട്. സത്യത്തില്‍ ഒരാളെ സ്വാഭാവിക മരണത്തില്‍ നിന്ന് തടയുകയാണ് അവിടെ ചെയ്യുന്നത്. രോഗികള്‍ക്കും കുടുംബത്തിനും അതു വലിയ പീഡനമാണ്. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമാകട്ടെ കൊള്ളലാഭവും.
നെതര്‍ലന്‍ഡ്സാണ് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യം. അതിനായവര്‍ പ്രത്യേക നിയമമുണ്ടാക്കി. ബെല്‍ജിയവും പിന്നീട് ദയാവധം അനുവദിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് ആകട്ടെ ദയാവധം നിയമവിരുദ്ധമാക്കുകയും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുകയും ചെയ്തു. യു.എസില്‍ ചില സംസ്ഥാനങ്ങളില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാണ്. ഇന്ത്യയിലാകട്ടെ 1994ല്‍ പി. രത്തിനം കേസില്‍ സുപ്രീം കോടതി ദയാവധത്തിനനുകൂലമായി വിധിയെഴുതിയെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം അതു തിരുത്തുകയായിരുന്നു. ജീവിക്കാനുള്ള അവകാശം മരിക്കാനുള്ള അവകാശം കൂടിയല്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കണമെന്ന് 1999ല്‍ നാലു വൃദ്ധര്‍ ഹര്‍ജി നല്‍കി. പത്താം വയസു മുതല്‍ തളര്‍ന്നുകിടക്കുന്ന ഇരുപത്തഞ്ചുകാരനെ മരിക്കാന്‍ അനുവദിക്കണമെന്ന അമ്മയുടെ ഹര്‍ജി 2004ല്‍ ആന്ധ്ര ഹൈക്കോടതി തള്ളി. കോമ അവസ്ഥയിലായ സ്ത്രീക്കു മരണം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെയും മകന്റെയും അപേക്ഷ പിറ്റേവര്‍ഷം പട്ന ഹൈക്കോടതിയും നിരസിച്ചു. ഇപ്പോഴും ഇത്തരം കേസുകള്‍ തുടരുന്നു. സ്വാഭാവിക മരണം വരെയും ജീവച്ഛവമായി കിടക്കുമെന്ന് ഉറപ്പുള്ള രോഗികളുടെ ജീവന്‍രക്ഷാ ഉപകരണം നീക്കിക്കൊണ്ട് പരോക്ഷ ദയാവധം അനുവദിക്കാമെന്നു അരുണാ ഷാന്‍ബാഗ് കേസില്‍ സുപ്രിംകോടതി വിധിച്ചിരുന്നു. പക്ഷെ രോഗിയുടെ അടുത്ത ബന്ധുവോ ഉറ്റ സുഹൃത്തോ ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രി ജീവനക്കാരോ നല്‍കുന്ന അപേക്ഷയില്‍ ഹൈക്കോടതിയുടെ അനുമതിയോടെയാകണം അതു നടപ്പാക്കേണ്ടതെന്നും കോടതി പറഞ്ഞു.
ദയാവധം തന്നെ പല വിധത്തിലുണ്ട്. ഡോക്ടറോ മറ്റാരെങ്കിലുമോ രോഗിക്കു മരണം സമ്മാനിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യുന്ന പ്രത്യക്ഷ ദയാവധവും രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്ന എന്തെങ്കിലും ഡോക്ടര്‍മാര്‍ അവസാനിപ്പിക്കുന്ന പരോക്ഷ ദയാവധവും രോഗി ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്ന അസിസ്റ്റഡ് സൂയിസൈഡ് രീതിയുമാണ് പ്രധാനം. സംസാരിക്കാനോ ചലിക്കാന്‍ പോലുമോ കഴിയാതാകുന്ന അവസ്ഥയില്‍ തന്റെ ജീവന്‍ കൃത്രിമമായി പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നു നേരത്തേ എഴുതിവയ്ക്കുന്ന ‘വില്‍പത്രം’ അംഗീകരിച്ച് ദയാവധം നടപ്പാക്കുന്ന രീതിയാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. തിരിച്ചുവരവ് അസാധ്യമെന്ന് ആധുനികവൈദ്യശാസ്ത്രത്തിനു വിധിയെഴുതാനാകുമെങ്കില്‍ അങ്ങനെയുള്ളൊരു ജീവനെ ആ ശരീരത്തില്‍ നിലനിര്‍ത്തണോ എന്ന ചോദ്യം എത്രയോ പ്രസക്തമാണ്. അന്തസ്സോടെ ജീവിക്കുകയെന്നത് മനുഷ്യരുടെ അവകാശമാണ്. അതുപോലെതന്നെയാണ് അന്തസ്സോടെ മരിക്കലും. അത് മനുഷ്യാവകാശമാണ്. അതാണ് കോടതി ഉയര്‍ത്തിപിടിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസം പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ശക്തമാകുന്നതാണ്. വാസ്തവത്തില്‍ അവര്‍ക്കു മാത്രമേ ദയാവധത്തിനെതിരെ എന്തെങ്കിലും പറയാന്‍ ധാര്‍മ്മികമായ അവകാശമുള്ളു. ദയാവധം തെറ്റാണെന്നും അതേസമയം മരണം അന്തസ്സോടെയാക്കുക എന്നുമുള്ള സന്ദേശമാണവര്‍ നല്‍കുന്നത്. അതാകട്ടെ ബന്ധുക്കളുടെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നും പാലിയേറ്റീവ് കെയര്‍ നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ലോകത്തെമ്പാടും മരണം കാത്തുകിടക്കുന്ന ലക്ഷങ്ങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ അതു വളര്‍ന്നിട്ടുമില്ല. ഇന്ത്യയിലെ അവസ്ഥ വളരെ പുറകിലാണ്. ഈ പ്രസ്ഥാനത്തെ ഇപ്പോഴും ഗൗരവത്തോടെ കാണാന്‍ നമ്മുടെ ഭരണകൂടമോ ഡോക്ടര്‍മാരോ തയ്യാറായിട്ടില്ല. ഇപ്പോഴും നമ്മുടെ വൈദ്യശാസ്ത്ര സിലബസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പാലിയേറ്റീവ് കെയര്‍ കടന്നു കൂടിയിട്ടില്ല. ഒരാള്‍ അവശനായി കിടക്കുന്നത് അയാളുടേയോ കുടുംബത്തിന്റേയോ മാത്രമല്ല സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും വിഷയം കൂടിയാവണം. എങ്കില്‍ മാത്രമേ ദയാവധത്തെ എതിര്‍ക്കുന്നതില്‍ പോലും അര്‍ത്ഥമുള്ളു. അല്ലാത്തപക്ഷം അന്തസ്സോടെ മരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതനുവദിക്കപ്പെടുക തന്നെയാണ് വേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in