ജാലിയന്‍ വാലാബാഗ് സമകാലിക പ്രസക്തി

പി സി ഉണ്ണിച്ചെക്കന്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികമാണ് ഇന്ന്(ഏപ്രില്‍ 13). ഇന്ത്യന്‍ സ്വാതന്ത്ര സമര പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന ഒരദ്ധ്യായമാണ് ഇത്. സ്വാതന്ത്രപ്രസ്ഥാന ചരിത്രത്തെയെല്ലാം തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന മോദിയും സംഘവും ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ഇന്ന് എത്തിച്ചേര്‍ന്നില്ല. ഈ കൂട്ടക്കൊലയുടെ നിഷ്ഠൂരത സന്ദര്‍ശകരുടെ ഉള്ളുലയ്ക്കും വിധം വിവരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നിര്‍ത്തിയിട്ട് 4 വര്‍ഷത്തോളമായി. ചരിത്രത്തിന്റെ ഹൃദ്യത്തിലേറ്റ വെടിയുണ്ടകളുടെ അടയാളവും പേറി നില്‍ക്കുന്ന മതിലുകള്‍ ശാസ്ത്രീയമായി സംരക്ഷിക്കണമെന്ന് പുരാവസ്തു വിദഗ്ധര്‍ […]

jj

പി സി ഉണ്ണിച്ചെക്കന്‍

ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികമാണ് ഇന്ന്(ഏപ്രില്‍ 13). ഇന്ത്യന്‍ സ്വാതന്ത്ര സമര പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന ഒരദ്ധ്യായമാണ് ഇത്. സ്വാതന്ത്രപ്രസ്ഥാന ചരിത്രത്തെയെല്ലാം തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന മോദിയും സംഘവും ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ഇന്ന് എത്തിച്ചേര്‍ന്നില്ല. ഈ കൂട്ടക്കൊലയുടെ നിഷ്ഠൂരത സന്ദര്‍ശകരുടെ ഉള്ളുലയ്ക്കും വിധം വിവരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നിര്‍ത്തിയിട്ട് 4 വര്‍ഷത്തോളമായി. ചരിത്രത്തിന്റെ ഹൃദ്യത്തിലേറ്റ വെടിയുണ്ടകളുടെ അടയാളവും പേറി നില്‍ക്കുന്ന മതിലുകള്‍ ശാസ്ത്രീയമായി സംരക്ഷിക്കണമെന്ന് പുരാവസ്തു വിദഗ്ധര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ദേശീയരും വിദേശീയരുമായ 50000ലേറെ പേര്‍ പ്രതിദിനം അവിടെ സന്ദര്‍ശിക്കാറുണ്ട്. ട്രസ്റ്റിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായമൊന്നും ലഭിക്കുന്നില്ല. പ്രധാനമന്ത്രി അധ്യക്ഷനും കേന്ദ്രസാംസ്‌കാരിക മന്ത്രി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍, ലോകസഭാ പ്രതിപക്ഷ നേതാവ്, പഞ്ചാബ് ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ അംഗങ്ങളായ ട്രസ്റ്റാണ് ജാലിയന്‍ വാലാബാഗിന്റെ മേല്‍നോട്ടം വഹിക്കുന്നത്. 2010ന് ശേഷം ട്രസ്റ്റിന്റെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ലത്രേ. ട്രസ്റ്റിലെ സ്ഥിരം അംഗമായ കോണ്‍ഗ്രസ് അധ്യക്ഷനെ നീക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ ഒരു ബില്ല് കൊണ്ടുവന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സെയ്ദ് മല്ലിക്ക്, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ തര്‍ലോജന്‍ സിംഗ് എന്നിവരെ അംഗങ്ങളാക്കി ട്രസ്റ്റ് പുനഃസംഘടിപ്പിച്ചു.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജനകീയ പ്രതിഷേധങ്ങള്‍ അലയടിച്ചുയര്‍ന്നപ്പോള്‍ അതിനെ നേരിടാന്‍ വേണ്ടിയാണ് റൗലറ്റ് നിയമം കൊണ്ടുവരുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ ഗദ്ദര്‍ വിപ്ലവം(1915) പരാജയപ്പെട്ടെങ്കിലും 1857ലെ ഒന്നാം സ്വാതന്ത്ര സമരം പോലെ മറ്റൊന്നുണ്ടാകാന്‍ ഇടയുണ്ടെന്നവര്‍ കരുതി. ബംഗാളും പഞ്ചാബുമായിരുന്നു തീവ്ര വിപ്ലവാശയങ്ങളുടെ അന്നത്തെ കേന്ദ്രങ്ങള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പടരുന്ന അസ്വസ്ഥത തടയാന്‍ അന്നത്തെ വൈസ്രോയി ചെംസ്ഫോഡ് പ്രഭു, ജസ്റ്റീസ് സിഡ്‌നി റൗലറ്റിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയെ നിയമിച്ചു. ‘Anarchical and Revolutionary Crimes Act’ എന്ന കരിനിയമം 1919 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് ഇമ്പിരിയല്‍ ലെജിസ്ലെറ്റീവ് അസംബ്ലി പാസ്സാക്കി. മാര്‍ച്ചില്‍ അത് നിയമമായി. ഒന്നാം ലോകമഹായുദ്ധ കാലത്തെ Defence of India Act(1915) റദ്ദാക്കിക്കൊണ്ടാണ് സ്ഥിരം നിയമമായ റൗലറ്റ് ആക്ട് നിലവില്‍ വന്നത്. ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ രണ്ട് വര്‍ഷം തടവില്‍ വക്കാനും പൊലീസിന് വാറന്റ് ഇല്ലാതെ എവിടെയും കയറിച്ചെല്ലാനും പത്രസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടാനും അധികാരം നല്‍കിയ ഈ കിരാത നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു(സ്വാതന്ത്ര്യത്തിന്റെ 7 പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും റൗലറ്റ് ആക്ടിന് സമാനമായ കിരാതനിയമങ്ങള്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് ദുഖകരമായ വസ്തുതയാണ്). നിരോധനാജ്ഞ അവഗണിച്ച് അമൃത്സറിലെ ജാലിയന്‍ വാലാബാഗ് മൈതാനത്ത് 1919 ഏപ്രില്‍ 13ന് ഒരു പ്രതിഷേധയോഗം വിളിച്ചുകൂട്ടി. ഹിന്ദുക്കളും മുസ്ലീമുകളും സിഖുകാരുമടക്കം 15000നും 20000നും ഇടയിലുള്ള ആബാലവൃദ്ധം ജനങ്ങള്‍ അവിടെ ഒത്തുകൂടി. വൈകുന്നേരം 4.30ന് യോഗമാരംഭിച്ചു. പ്രാദേശിക നേതാക്കളായ ഹര്‍ദ്ദയാല്‍ റായ്, അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കവി ബ്രജ് ഗോപിനാഥ് ഒരു കവിത ചൊല്ലി: ‘നമ്മുടെ കൈകള്‍ മുറിച്ചുകളയുമെന്ന് ഓഫീസര്‍ പറഞ്ഞിരിക്കുകയാണ്,
ചില്ലകള്‍ മുറിച്ചുകളഞ്ഞാല്‍ വീണ്ടുമത് തളിര്‍ത്തുവരുമെന്ന് അയാള്‍ക്കറിയില്ല’ എന്നിങ്ങനെ അര്‍ത്ഥം വരുന്നതായിരുന്നു ആ കവിത. ഏപ്രില്‍ 10ന് അമൃത്സറില്‍ നടന്ന വെടിവയ്പിനെതിരേയും, റൗലറ്റ് നിയമം പിന്‍വലിക്കണം എന്നുമുള്ള 2 പ്രമേയങ്ങള്‍ പാസാക്കി. 65 ഗൂര്‍ഖാ സൈനികരും 25 ബലൂജി സൈനികരും യന്ത്രത്തോക്കുകള്‍ വഹിച്ച രണ്ട് കവചിത വാഹനങ്ങളുമായി റെജിനാല്‍ഡ് ഡയര്‍ മാര്‍ച്ച് ചെയ്ത് എത്തുകയും 5.15ഓടെ നഖശിഖാന്തം വെടിവെപ്പ് നടത്തുകയും ചെയ്തു. 10 മിനിട്ടോളം വെടിവെപ്പ് നീണ്ടു. 1650 റൗണ്ട് വെടിവെച്ചു. വെടിയുണ്ടകള്‍ തീര്‍ന്നപ്പോഴാണ് അവര്‍ തിരിച്ചുപോയത്.

ഈ കൂട്ടക്കുരുതിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഹണ്ടര്‍ കമ്മീഷനെ നിയമിച്ചു. 379 പേര്‍ കൊല്ലപ്പെട്ടു എന്നും 1200 പേര്‍ക്ക് പരിക്ക് പറ്റി എന്നുമാണ് ഹണ്ടര്‍ കമ്മീഷന്‍ രേഖപ്പെടുത്തിയത്. ഷഹീദ് പരിവാര്‍ സമിതി 464 പേര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ വിഭജനകാല മ്യൂസിയത്തിന്റെ ചെയര്‍പേഴ്സണ്‍ ആയിരുന്ന കിസ്വാര്‍ ദേശായി 502 രക്തസാക്ഷികളുടെ പേരുകള്‍ പ്രസിദ്ധീകരിച്ചു. 45 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്നും രേഖപ്പെടുത്തി.

പഞ്ചാബ് ചീഫ് സെക്രട്ടറി ആയിരുന്ന ജെ.പി. തോംസണ്‍ ഏപ്രില്‍ 14ന് തന്റെ ഡയറിയില്‍ എഴുതിയത് പട്ടാളക്കാര്‍ മുയലുകളെയെന്ന പോലെ മനുഷ്യരെ വെടിവച്ചിട്ടു എന്നാണ്. അമൃത്സറില്‍ നിന്നുള്ള ഗുലാബിന്റെ മകന്‍ 8 വയസ്സുകാരനായ നാദുവും 80 വയസ്സുകാരനായ അലക്കുകാരന്‍ നാദുവും അടക്കം ഒട്ടേറെ പേര്‍ രക്തസാക്ഷികളായി. നൂറ് വര്‍ഷം പിന്നിട്ടിട്ടും എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് കൃത്യമായി ലഭ്യമല്ല.

ഈ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മഹാകവി ടാഗോര്‍ ബ്രിട്ടീഷുകാര്‍ നല്‍കിയ സര്‍ സ്ഥാനം ഉപേക്ഷിച്ചു. ബ്രിട്ടീഷ് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍ സ്ഥാനം ചേറൂര്‍ ശങ്കരന്‍ നായരും വലിച്ചെറിഞ്ഞു. 1920 ജൂണ്‍ 24ന് ബ്രിട്ടണിലെ കാര്‍ബറില്‍ നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ കൂട്ടക്കുരുതിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന പ്രമേയം പാസാക്കി.

ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് ശരവേഗം നല്‍കിയ ഒന്നായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി. 1920ല്‍ തന്നെയാണ് AITUC രൂപംകൊള്ളുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങുന്നതും ഇതിന് ശേഷമാണ്. ജാലിയന്‍ വാലാബാഗിലെ ചോര കുതിര്‍ന്ന ഒരുപിടി മണ്ണ് വാരി ഒരു കുപ്പിയിലടച്ച് ഇതിന് പ്രതികാരം ചെയ്യുമെന്ന് ബാലനായിരുന്ന ഭഗത് സിംഗ് പ്രതിജ്ഞയെടുക്കുന്നതും ഇതിന് ശേഷമാണ്. ജാലിയന്‍ വാലാബാഗിലെ സമ്മേളനത്തില്‍ എത്തിയവര്‍ക്ക് വെള്ളം വിതരണം ചെയ്തിരുന്ന ഉദ്ധം സിംഗ് ഓഡയറിനേയും ജനറല്‍ ഡയറിനേയും ശിക്ഷിക്കാനായി വര്‍ഷങ്ങളോളം കാത്തിരുന്ന് ലണ്ടനിലെ പാക്സ്റ്റന്‍ ഹാളില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ ഓഡയറെ വെടിവെച്ചുകൊന്നു. പിടിക്കപ്പെട്ട ഉദ്ധം സിംഗ് റാം മുഹമ്മദ് സിംഗ് ആസാദ് എന്നാണ് പേര് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ നാനാത്വത്തെയും വൈജാത്യത്തെയും വെളിപ്പെടുത്തും വിധമായിരുന്നു ആ ധീര ദേശാഭിമാനിയുടെ ഈ പ്രഖ്യാപനം.

സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ ലാവയില്‍ ഉരുകിത്തിളച്ച് രൂപം കൊണ്ട ഇന്ത്യന്‍ ദേശീയതയെ മത ദേശീയതയാക്കി കളങ്കപ്പെടുത്താനുള്ള സംഘപരിവാര്‍ ശക്തികളുടെ ഗൂഡനീക്കങ്ങള്‍ക്കിടയിലാണ് ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കുന്നത്. കാവിപുതച്ച ചങ്ങാത്ത മുതലാളിത്തത്തിന്റെ കാവല്‍ക്കാരന്‍ ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യവും സാമ്രാജ്യത്വവിരുദ്ധ ദേശീയതയും അരക്കിട്ടുറപ്പിക്കാന്‍ ഈ പോരാളികളുടെ ഓര്‍മ്മ നമുക്കൂര്‍ജ്ജം പകരട്ടെ!

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply