ജനറിക് പേര് കുറിക്കാതെ മരുന്നു കമ്പനികള്‍ക്കായി കൊള്ള തുടരുന്നു
സി.ജി. ഡാല്‍മി മരുന്നുകളുടെ ജനറിക് പേര് കുറിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശവും മെഡിക്കല്‍ എത്തിക്‌സിലെ വ്യവസ്ഥകളും പാലിക്കാതെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രോഗികളെ കൊള്ളയടിക്കാന്‍ വന്‍കിട കമ്പനികള്‍ക്കു കൂട്ടുനില്‍ക്കുന്നു. ബ്രാന്‍ഡഡ് മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനറിക് മരുന്നുകളുടെ വില തുച്ഛമാണ്. ഇവയുടെ ഉപയോഗം ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കുമെന്നിരിക്കെയാണ് ഇത്. ജനറിക് പേരില്‍ നിലവാരമുള്ള മരുന്ന് ലഭ്യമാകുന്ന ജന്‍ ഔഷധി സ്‌റ്റോറുകള്‍ അറിവില്ലായ്മ മൂലം രോഗികള്‍ പ്രയോജനപ്പെടുത്തുന്നുമില്ല. ജനറിക് മരുന്നുകളുടെ ലേബലില്‍ ചേരുവയുടെ രാസനാമമാണു രേഖപ്പെടുത്തുന്നത്. മാര്‍ക്കറ്റിങ് […]
മരുന്നുകളുടെ ജനറിക് പേര് കുറിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശവും മെഡിക്കല്‍ എത്തിക്‌സിലെ വ്യവസ്ഥകളും പാലിക്കാതെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രോഗികളെ കൊള്ളയടിക്കാന്‍ വന്‍കിട കമ്പനികള്‍ക്കു കൂട്ടുനില്‍ക്കുന്നു. ബ്രാന്‍ഡഡ് മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനറിക് മരുന്നുകളുടെ വില തുച്ഛമാണ്. ഇവയുടെ ഉപയോഗം ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കുമെന്നിരിക്കെയാണ് ഇത്. ജനറിക് പേരില്‍ നിലവാരമുള്ള മരുന്ന് ലഭ്യമാകുന്ന ജന്‍ ഔഷധി സ്‌റ്റോറുകള്‍ അറിവില്ലായ്മ മൂലം രോഗികള്‍ പ്രയോജനപ്പെടുത്തുന്നുമില്ല.
ജനറിക് മരുന്നുകളുടെ ലേബലില്‍ ചേരുവയുടെ രാസനാമമാണു രേഖപ്പെടുത്തുന്നത്. മാര്‍ക്കറ്റിങ് ചെലവില്ലാതെ ഉല്‍പ്പാദനച്ചെലവും സംഭരണച്ചെലവും മാത്രം വരുന്നതിനാല്‍ അവ നിസാര വിലയ്ക്കു ലഭ്യമാകും. വന്‍കിട കമ്പനികള്‍ 100 രൂപ വരെ വാങ്ങുന്ന സ്ഥാനത്ത് നിലവാരമുള്ള ജനറിക് മരുന്ന് 10 രൂപയ്ക്കു വരെ ലഭ്യമാകും. മരുന്നു സംയുക്തം കണ്ടുപിടിച്ച് വിപണിയിലിറക്കുന്ന കമ്പനിയുടെ 20 വര്‍ഷ ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ മറ്റേതൊരു കമ്പനിക്കും അതേ മരുന്നിന്റെ കെമിക്കല്‍ ഫോര്‍മുല ഉപയോഗിച്ച് ജനറിക് മരുന്ന് ഉല്‍പ്പാദിപ്പിക്കാം.
കാന്‍സര്‍ രോഗത്തിന് അടക്കമുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ജനറിക് മരുന്നുകള്‍ ലഭ്യമാണെന്നിരിക്കെയാണ് രോഗികള്‍ കുത്തക്കമ്പനികളുടെ മരുന്നുകള്‍ വന്‍ വിലകൊടുത്തു വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. ഡോക്ടര്‍മാരും മരുന്നു കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു പിന്നില്‍.
എല്ലാ ഡോക്ടര്‍മാരും കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് പേര് ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ 2002ലെ കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സ് ഒന്ന് (അഞ്ച്) വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഡോക്ടര്‍മാരും ഇതു പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതു പാലിക്കാത്തവര്‍ക്കെതിരേ നടപടിക്കും വ്യവസ്ഥയുണ്ടെങ്കിലും മിക്ക ഡോക്ടര്‍മാരും രോഗികളെ കുത്തകക്കമ്പനികളുടെ ചൂഷണത്തിനു വിട്ടുകൊടുക്കുകയാണ്.
ഈ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അതീവ താല്‍പര്യമെടുക്കണമെന്നും ജനറിക് മരുന്ന് കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഉത്തരവിടണമെന്നും നിയമസഭാ കമ്മിറ്റികളുടെ 200911, 201114 റിപ്പോര്‍ട്ടുകള്‍ ശിപാര്‍ശ ചെയ്തിരുന്നു. ജനറിക് മരുന്നുകളെപ്പറ്റി ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാനായി പ്രചാരണം നടത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും പ്രാബല്യത്തിലാക്കാന്‍ ശക്തമായ നടപടിയുണ്ടായില്ല.
ജനറിക് മരുന്ന് കുറിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുന്‍ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്‍.എസ്. അലക്‌സാണ്ടര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടി.എന്‍. പ്രതാപന്‍ അധ്യക്ഷനായ നിയമസഭാസമിതിക്കു പരാതി നല്‍കിയിരുന്നു. സമിതി അനുകൂല ശിപാര്‍ശ നല്‍കിയിട്ടും സര്‍ക്കാരില്‍ നിന്നു ശക്തമായ നടപടി ഉണ്ടാകാതിരുന്നതോടെ എന്‍.എസ്. അലക്‌സാണ്ടര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു.
സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേര് കുറിക്കണമെന്നും അക്കാര്യം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സവീകരിക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ മനുഷ്യാവകാശ കമ്മിഷന് ഉറപ്പുനല്‍കി. ഇതു പാലിക്കാനാവശ്യമായ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ടാണ് കമ്മിഷന്‍ കേസ് നടപടികള്‍ അവസാനിപ്പിച്ചത്. എന്നാല്‍ രജിസ്ട്രാറുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഉത്തരവിറക്കുകയും നിയമം കര്‍ശനമായി നടപ്പാക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്താല്‍ മാത്രമേ ചികിത്സാച്ചെലവിന് ആശ്വാസമാകുന്ന ജനറിക് മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകൂ.
ജനറിക് മരുന്നുകള്‍ക്കു നിലവാരമില്ലെന്ന പ്രചാരണത്തിനും ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്. 2008ല്‍ നിലവില്‍വന്ന കേന്ദ്ര നിയമപ്രകാരം ജി.എം.പി. (ഗുഡ്‌സ് മാനുഫാക്ചറിങ്) സര്‍ട്ടിഫിക്കേഷനുള്ള കമ്പനികള്‍ക്കു മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളൂ. നിലവാരമില്ലാത്ത കമ്പനികള്‍ അതോടെ ഇല്ലാതായി. സ്വന്തമായി ക്ലിനിക്കകളും ആശുപത്രികളും നടത്തുന്ന ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും മൊത്തവ്യാപാരികളില്‍ നിന്നു ജനറിക് മരുന്നുകളാണു വാങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. മനുഷ്യാവകാശ കമ്മിഷനില്‍ സത്യവാങ്മൂലം നല്‍കിയതിന് അനുസൃതമായി ഡോക്ടര്‍മാര്‍ ജനറിക് മരുന്ന് കുറിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തിട്ടില്ല. ജനറിക് മരുന്നുകള്‍ മാത്രം വില്‍ക്കുന്ന ജന്‍ഔഷധി മെഡിക്കല്‍ സ്‌റ്റോറുകളുടെ പ്രയോജനവും ഇതുമൂലം രോഗികള്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. പല മരുന്നുകളും പത്തിലൊന്നു വിലയ്ക്കു വരെ ലഭ്യമാകുന്ന സൗകര്യം പ്രയോജനപ്പെടുത്താനുള്ള അവബോധം നല്‍കാന്‍ സര്‍ക്കാരും നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള് തയാറെടുപ്പിലാണ് മനുഷ്യാവകാശകമ്മിഷനില്‍ പരാതി നല്‍കിയ എന്‍.എസ്. അലക്‌സാണ്ടര്‍.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in