ചക്കിട്ടപ്പാറയെ രക്ഷിക്കുക. മുഖ്യമന്ത്രിക്ക് തുറന്ന കത്ത്.

എം പി കുഞ്ഞിക്കണാരന്‍ ഇന്ത്യയില്‍ നിന്ന് ഇരുമ്പയിര് ഉള്‍പ്പെടെയുള്ള പ്രകൃതി ധാതുക്കള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യൂന്ന അന്താരാഷ്ട്ര കുത്തകയാണ് എം എസ് പി എല്‍ എന്ന കാര്യം താങ്കള്‍ക്ക് അറിവുളളതാണല്ലോ ?ഇന്ത്യയില്‍ നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതിനാല്‍ സിബിഐ അന്വേഷണത്തിന്റെ നിഴലിലാണ് ഈ കമ്പനി. കര്‍ണാടകയിലെ ഹോസ് പേട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ബോംബേ ആസ്ഥാനമായ കുപ്രസിദ്ധ ‘ബല്‍ ദോത്ത ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹോദര സ്ഥാപനമാണ് കര്‍ണാടകയിലെ കൊപ്പോള്‍ ജില്ലയില്‍ ബാസപുരത്ത് അനധികൃത ഖനനം നടത്തിയതിന്റെ […]

ccc

എം പി കുഞ്ഞിക്കണാരന്‍

ഇന്ത്യയില്‍ നിന്ന് ഇരുമ്പയിര് ഉള്‍പ്പെടെയുള്ള പ്രകൃതി ധാതുക്കള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യൂന്ന അന്താരാഷ്ട്ര കുത്തകയാണ് എം എസ് പി എല്‍ എന്ന കാര്യം താങ്കള്‍ക്ക് അറിവുളളതാണല്ലോ ?ഇന്ത്യയില്‍ നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതിനാല്‍ സിബിഐ അന്വേഷണത്തിന്റെ നിഴലിലാണ് ഈ കമ്പനി. കര്‍ണാടകയിലെ ഹോസ് പേട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ബോംബേ ആസ്ഥാനമായ കുപ്രസിദ്ധ ‘ബല്‍ ദോത്ത ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹോദര സ്ഥാപനമാണ് കര്‍ണാടകയിലെ കൊപ്പോള്‍ ജില്ലയില്‍ ബാസപുരത്ത് അനധികൃത ഖനനം നടത്തിയതിന്റെ പേരില്‍ മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് 2012 ജുലായില്‍ 2.48 കോടിയും മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി കടത്തിയതിന് 1.23 കോടിയും പിഴ ഈടാക്കിയിരുന്നതും ഗഭദ്ര തീരത്ത് 1200 ഹെക്ടര്‍ വനഭൂമി കയ്യേറിയതിന് കര്‍ണാടകയിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കിയ വിശദീകരണത്തില്‍ ഒന്നാം നമ്പര്‍ പ്രതിയായി വന്നതും ഈ കമ്പനി തന്നെ. സ്വന്തമായി ചരക്ക് കപ്പല്‍ സര്‍വ്വീസുള്ള എം എസ് പി എല്‍ ബലേക്കര തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ തിന് സിബിഐ ഇരുപത്തിരണ്ട് കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്്. ബല്‍ ദോത്ത ഗ്രൂപ്പിലെ രാഹുല്‍ ബല്‍ ദോത്ത, ശൃണ്യായ്ക്ബല്‍ ദോത്ത എന്നിവര്‍ ഈ കേസ്സുകളില്‍ മുഖ്യ പ്രതികളാണ്. കൂടുതല്‍ വിശദീകരിക്കുന്നില്ല ഈ തുറന്ന കത്തിനു ആധാരമായ മറ്റ് വസ്തുതകളിലേക്ക് കടക്കട്ടെ. ചക്കിട്ടപ്പാറയിലെ സമ്പന്നമായ ഈ പ്രകൃതി വിഭവം കൊള്ള ചെയ്യാനുള്ള എം എസ് പി എല്‍ കമ്പനിയുടെ നീക്കത്തെ ജനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ചെറുത്ത് തോല്പിച്ചതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനിക്ക് ഖനന പദ്ധതിക്ക് തത്വത്തില്‍ നല്കിയ അനുമതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദ് ചെയ്യൂന്നതിലേക്കെത്തിയത് ശക്തമായ ജനകീയ പ്രതിഷേധം ഒന്ന് കൊണ്ട് മാത്രമാണ്..
ചക്കിട്ടപ്പാറയിലെ നിര്‍ദ്ദിഷ്ട ഇരുമ്പയിര് ഖനന പദ്ധതി സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് താങ്കളുടെ ഗൗരവമായ ശ്രദ്ധ പതിയണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കട്ടെ. ചക്കിട്ടപ്പാറ വില്ലേജിലെ സര്‍വ്വേ നമ്പര്‍801,802,803,804,917to929, പാര്‍ട്ട് 924,929 എന്നിവയില്‍പ്പെട്ട 1400 ഏക്കര്‍ വനഭൂമിയാണു് നിര്‍ദ്ദിഷ്ട ഖനന മേഖല: കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴിയിലെ അണക്കെട്ട് ഖനന മേഖലക്ക് തൊട്ട് അപ്പുറത്താണു്: ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ‘ഡാമിന്റെ ജലസംഭരണിയാകട്ടെ ഖനന മേഖലക്ക് ചുറ്റപ്പെട്ട് നില്കുന്നു ‘ഖനന മേഖലയുടെ കിഴക്ക് ഭാഗം വയനാടന്‍ കുന്നുകളാണ്. ഖനനം ആരംഭിച്ചാല്‍ കല്ല് മണ്ണ് മറ്റ് ഖരമാലിന്യങ്ങള്‍ ജലസംഭരണിയില്‍ അടിയുകയും ജലസേചന പദ്ധതി തന്നെ ഇല്ലാതാകുകയും ചെയ്യും. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ‘വടകര താലൂക്കിലെ നെല്‍കൃഷി പൂര്‍ണ്ണമായും ആശ്രയിക്കുന്നത് അണക്കെട്ടിലെ വെള്ളത്തെയാണ്. ബല്ലാരി ഉള്‍പ്പെടെയുള്ള ഖനന മേഖലകളിലെ കൃഷി എന്തു കൊണ്ടില്ലാതായന്നും ജലസേചന കനാലിലൂടെ ഒഴുകിയെത്തുന്ന ചെളിമണ്ണ് മറ്റ് മാലിന്യങ്ങളും പാടശേഖരങ്ങളെ എങ്ങിനെ തരിശുനിലങ്ങളാക്കി മാറ്റുമെന്നും നമുക്ക് വേണ്ടത്ര അറിയില്ലങ്കിലും നാട്ടിലെ കര്‍ഷകര്‍ ഖനനം സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് ബോധവന്മാരാണ്. കോഴിക്കോട് കോര്‍പറേഷനിലും സമീപത്തെ ഇരുപതില്‍ പരം പഞ്ചായത്തുകളിലും വര്‍ദ്ധിച്ചു വരുന്ന ജലക്ഷാമത്തെ നേരിടാനായി 960 കോടി രൂപ ചെലവഴിച്ചു കൊണ്ട് പ്രതിദിനം 5 കോടി ലിറ്റര്‍ ശുദ്ധജലം എത്തിക്കാനുള്ള കുടിവെള്ള പദ്ധതി പെരുവണ്ണാമൂഴി അണക്കെട്ടിലാണ് ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്തത്.ഇരുമ്പയിര് ഖനനം ഈ കുടിവെള്ള പദ്ധതിക്ക് ഏല്പിക്കാന്‍ പോകുന്ന ആഘാതത്തെക്കുറിച്ച് ചിന്തിച്ചു നോക്കുക. ഭൂമിയുടെ ആഴങ്ങളില്‍ നടത്തുന്ന വന്‍ സ്‌ഫോടനങ്ങളിലൂടെയാണല്ലോ ഇരുമ്പയിരിന്റെ വന്‍ അടരുകള്‍ അടര്‍ത്തിമാറ്റുന്നത്. ഈ സ്‌ഫോടനങ്ങള്‍ ഒന്നര കിലോമീറ്റര്‍ അടുത്ത് കിടക്കുന്ന അണക്കെട്ടിന്റെ സുരക്ഷിതത്വത്തെ എങ്ങിനെ ബാധിക്കുമെന്ന് വല്ല പഠനവും നടന്നതായി അങ്ങേക്ക് അറിയുമോ? നിര്‍ദ്ദിഷ്ട ഖനന മേഖലയുടെ വളരെയൊന്നും അകലേയല്ല കക്കയം ജലവൈദ്യൂത പദ്ധതിയ്യടെ പവര്‍ ഹൌസും അണക്കെട്ടും. കക്കയം അണക്കെട്ടിന്റെ ജലസംഭരണിയാകട്ടെ ഖനന മേഖലക്ക് തൊട്ട് മുകളിലൂള്ള കുന്നുകള്‍ക്കിടയില്‍ പരന്നു കിടക്കുകയാണ്. ദുരമൂത്ത, ലാഭക്കൊതിയന്മാരായ മൂലധന ശക്തികള്‍ മനുഷ്യ ജീവിതങ്ങള്‍ക്കു് തരിമ്പ് വിലയും കല്പിക്കുന്നില്ല. സമീപകാലത്തുണ്ടായ എല്ലാ പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മിത / മൂലധന നിര്‍മ്മിത ദുരന്തങ്ങളായിരുന്നു എന്ന് എളുപ്പത്തില്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റും. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ഒരു അന്താരാഷ്ട്ര രാക്ഷസന് ജനങ്ങളുടെ ജീവിതം പന്താടാന്‍ നാം വിട്ട് കൊടുക്കണമോ എന്നത് തന്നെയാണു് പ്രശ്‌നം. വയനാടന്‍ കുന്നുകള്‍ക്കിടയിലൂള്ള ബാണാസുര സാഗര്‍ ഉള്‍പ്പെടെ മൂന്ന് അണക്കെട്ടുകള്‍ക്കിടയിലാണ് ഈ ഖനന പദ്ധതിയെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തട്ടെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മലബാര്‍ സാങ്ച്വറിയായി വനംവകുപ്പ് പ്രഖ്യാപിച്ച സംരക്ഷിത പ്രദേശത്താണ് ഖനന മേഖലയെന്ന് ഏറ്റവും പ്രാഥമികമായ അന്വഷണത്തില്‍ നമുക്ക് ബോധ്യപ്പെടും. എന്തായാലും ഈ ഖനന പദ്ധതി സൃഷ്ടിക്കാന്‍ പോകുന്നവ വളരെ ഗുരുതരമായ വിഷയങ്ങള്‍ മാത്രമാണു് ഇവിടെ സൂചിപ്പിച്ചത്. ഇവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് നേരിട്ട് ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ മാത്രം. നമ്മുടെ പരിസ്ഥിതിക്ക്, പ്രകൃതിക്ക് ഈ ഖനനം ഏല്പിക്കുന്ന ആഘാതങ്ങളുടെ പ്രാഥമിക പഠനങ്ങള്‍ പോലും നമ്മെ ഞെട്ടിപ്പിക്കുന്നതാണന്ന കാര്യവും ഇവിടെ കുറിക്കട്ടെ.
അങ്ങേക്ക് അറിയുന്നതാണങ്കിലും ഒരുകാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. പഴയ കുറുമ്പ്രനാട് താലൂക്കിലെ പേരാമ്പ്ര ഫര്‍ക്ക യില്‍ നാടുവാഴിയായിരുന്ന കൂത്താളി മൂപ്പില്‍ നായര്‍ക്കും പിന്നീട് പുനം കൃഷി നിഷേധിച്ച ബ്രട്ടീഷ് കാര്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടേയും കര്‍ഷക പ്രസ്ഥാനത്തിന്റേയും നേതൃത്വത്തില്‍ നടന്ന സഖാക്കള്‍ കേളുവേട്ടന്റെ യും എം കുമാരന്‍ മാസ്റ്ററുടേയും രക്തസാക്ഷി സഖാവ് കെ.ചോയിയുടേയും നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സമരങ്ങളിലൂടെയാണു് പഴയ കൂത്താളിയുടെ ഭാഗമായ പെരുവണ്ണാമൂഴി, പേരാമ്പ്ര എസ്റ്റേറ്റ്, പന്നിക്കോട്ടൂര്‍, മുതുകാട് തുടങ്ങിയ പ്രദേശങ്ങള്‍ മുഴുവന്‍ ജനങ്ങളുടെ അധീനതയില്‍ വന്നത്. ആ ധീരരായ സഖാക്കള്‍ ജീവനും ജീവിതവും കൊടുത്ത് നേടിയെടുത്ത നമ്മുടെ നാടിനെ നശിപ്പിക്കാന്‍ എം എസ് പി എല്‍ കമ്പനിക്ക് അടിയറ വെക്കാന്‍ ആരെയും അങ്ങ് അനുവദിക്കരുതെന്നും ,അത്തരം ശ്രമങ്ങള്‍ ആ രു ടെ ഭാഗത്ത് നിന്നുണ്ടായാലും അങ്ങ് ഇടപെട്ട് അതു തടയണമെന്നും വീണ്ടും വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. ‘

അഭിവാദനങ്ങളോടെ

എം പി കുഞ്ഞിക്കണാരന്‍ , കണ്‍വീനര്‍, ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനന വിരുദ്ധ സമിതി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply