ഗുലാബി ഗാങ്ങ്‌ – പിങ്ക്‌ സാരിയിലെ വിപ്ലവം

യുപിയില്‍ നിന്ന്‌ ദളിത്‌ പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ കൊല്ലുന്നതിന്റെ സംഭവങ്ങള്‍ കൂടുതല്‍ പുറത്തുവരുന്നു. അതേസമയം സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി പോരാടുന്ന ഗുലാബി ഗാങ്ങ്‌ എന്ന സംഘടന ആന്തരികമായ പ്രതിസന്ധി നേരിടുന്നു. വിദ്യാഭ്യാസരംഗത്ത്‌ ഒന്നാം സ്ഥാനത്താണ്‌ കേരളത്തിന്റെ സ്ഥാനമെന്ന്‌ വെപ്പ്‌. ഏറ്റവും പുറകിലാണ്‌ യുപിയുടെ സ്ഥാനം. മറുവശത്ത്‌ കേരളത്തില്‍ സ്‌ത്രീപീഡനങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രത്യകിച്ച്‌ ഗാര്‍ഹിക പീഡനങ്ങള്‍. യുപിയും പീഡനങ്ങളില്‍ നിന്നും വിമുക്തമല്ല. എന്നാല്‍ ഒരു വ്യത്യാസം കാണാതിരുന്നുകൂടാ. സ്‌ത്രീപീഡനങ്ങളോടുള്ള സ്‌ത്രീകളുടെ പ്രതികരണമാണത്‌. പീഡനങ്ങളോട്‌ മലയാളി […]

gulabi gang

യുപിയില്‍ നിന്ന്‌ ദളിത്‌ പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ കൊല്ലുന്നതിന്റെ സംഭവങ്ങള്‍ കൂടുതല്‍ പുറത്തുവരുന്നു. അതേസമയം സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി പോരാടുന്ന ഗുലാബി ഗാങ്ങ്‌ എന്ന സംഘടന ആന്തരികമായ പ്രതിസന്ധി നേരിടുന്നു.

വിദ്യാഭ്യാസരംഗത്ത്‌ ഒന്നാം സ്ഥാനത്താണ്‌ കേരളത്തിന്റെ സ്ഥാനമെന്ന്‌ വെപ്പ്‌. ഏറ്റവും പുറകിലാണ്‌ യുപിയുടെ സ്ഥാനം. മറുവശത്ത്‌ കേരളത്തില്‍ സ്‌ത്രീപീഡനങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രത്യകിച്ച്‌ ഗാര്‍ഹിക പീഡനങ്ങള്‍. യുപിയും പീഡനങ്ങളില്‍ നിന്നും വിമുക്തമല്ല. എന്നാല്‍ ഒരു വ്യത്യാസം കാണാതിരുന്നുകൂടാ. സ്‌ത്രീപീഡനങ്ങളോടുള്ള സ്‌ത്രീകളുടെ പ്രതികരണമാണത്‌. പീഡനങ്ങളോട്‌ മലയാളി സ്‌ത്രീകള്‍ ശക്തമായി പ്രതികരിച്ച ഒരു ചരിത്രവുമില്ല. മാധ്യമങ്ങളും ചില വ്യക്തികളും വിഷയമുയര്‍ത്തി കൊണ്ടുവന്നിരിക്കാം. പിന്നെ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായും. അതേസമയം ഗാര്‍ഹിക പീഡനങ്ങള്‍ പൊതുവില്‍ നമുക്ക്‌ കുടുംബകാര്യമാണ്‌. അവയിലിടപെടാന്‍ മടിയുമാണ്‌. എന്നാല്‍ യുപിയില്‍ നടക്കുന്നത്‌ മറ്റൊന്നാണ്‌. എവിടെ സ്‌ത്രീപീഡനം നടന്നാലും പിങ്ക്‌ സാരി ധരിച്ച്‌, കയ്യില്‍ മുളവടിയുമായി ഒരു സംഘം സ്‌ത്രീകള്‍ അവിടെയെത്തുന്നു. പ്രത്യകിച്ച്‌ ഗാര്‍ഹിക പീഡനം നടക്കുന്നിടങ്ങളിലേക്ക്‌. ഗാര്‍ഹികപീഡനങ്ങള്‍ കുടുംബകാര്യമല്ല, സ്‌ത്രീസമൂഹത്തിന്റെ പൊതുവായ വിഷയമാണെന്ന്‌ പ്രഖ്യാപിച്ച്‌, പീഡനം നടത്തിയയാളെ പൊതിര തല്ലുന്നു. അത്‌ ഭര്‍ത്താവായാലും പിതാവായാലും സഹോദരനായാലും മറ്റാരായാലും അടിയോടടി തന്നെ. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന്‌ പറഞ്ഞ്‌ മാപ്പിരക്കുന്നതുവരെ അടിതന്നെ, അടി. വെറുതെ അടിക്കുന്നതല്ല, നിത്യവുമുള്ള കായികാഭ്യാസത്തിലൂടെ ശാസ്‌ത്രീയമായിതന്നെ മുളവടി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്കറിയാം.
യുപിയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ബന്ദ ജില്ലയിലാണ്‌ ഗുലാബി ഗാങ്ങ്‌ എന്ന സ്‌ത്രീ മുന്നേറ്റം രൂപം കൊണ്ടത്‌. ദാരിദ്ര്യവും നിരക്ഷരതയും സ്‌ത്രീപീഡനങ്ങളും ബാല്യവിവാഹവും ബാലവേലയും ഗാര്‍ഹികപീഡനങ്ങളും സ്‌ത്രീധനപീഡനങ്ങളുമെല്ലാം ശരാശരിയേക്കാള്‍ വളരെ കൂടുതലായിരുന്നു ഇവിടെ. അതിനെതിരെ ഇപ്പോള്‍ 56 വയസ്സായ സമ്പത്‌ പാല്‍ ദേവി എന്ന സാധാരണ സ്‌ത്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ ഗാങ്ങില്‍ ഇന്ന്‌ പിങ്ക്‌ സാരിയണിഞ്ഞ്‌ ലാത്തി കയ്യിലേന്തി 4,00,000ത്തില്‍ പരം സ്‌ത്രീകള്‍ അംഗങ്ങളാണ്‌. യുപിയിലും എംപിയിലുമായി നിരവധി ജില്ലകളിലായി ഗാങ്ങ്‌ പരന്നു കിടക്കുന്നു. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ്‌ എന്ന രീതിയിലാരംഭിച്ച ഈ പ്രസ്ഥാനം ഇന്ന്‌ അഴിമതിക്കെതിരായും എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരായുമുള്ള മുന്നേറ്റമായി മാറികഴിഞ്ഞു. അധികാരവും സമ്പത്തുമില്ലാത്തവരുടെ സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്‌ ഇന്ന്‌ ഗുലാബി ഗാങ്ങ്‌.

sampat-pal

സമ്പത്‌ പാല്‍ ദേവിയും നാട്ടുനടപ്പനുസരിച്ച്‌ ബാല്യവിവാഹം കഴിക്കേണ്ടിവന്ന പെണ്‍കുട്ടിയായിരുന്നു. സഹോദരന്മാര്‍ സ്‌കൂളില്‍ പോകുമ്പോള്‍ നോക്കിനിന്ന്‌ നെടുവീര്‍പ്പിട്ടിരുന്ന സമ്പത്‌പാലിനെ ഒരു അമ്മാവന്‍ നാലാം ക്ലാസ്സ്‌ വരെ പഠിപ്പിച്ചു. എന്നാല്‍ 12-ാം വയസ്സില്‍ വീട്ടുകാര്‍ വിവാഹം കഴിച്ചുവിട്ടു. 13-ാം വയസ്സില്‍ ആദ്യപ്രസവം. തുടര്‍ന്ന്‌ 4 പ്രസവങ്ങള്‍ കൂടി. 16-ാം വയസ്സില്‍ ഭര്‍തൃഗൃഹത്തില്‍ വെച്ച്‌ അയല്‍പക്കക്കാരന്‍ തന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതു നേരില്‍ കണ്ടപ്പോഴായിരുന്നു അവരിലെ പൊരുതുന്ന സ്‌ത്രീ ഉയര്‍ത്തെഴുന്നേറ്റത്‌. നിരത്തിലറങ്ങി ഏതാനും സ്‌ത്രീകളുമായി മടങ്ങിവന്ന അവര്‍ അയല്‍ക്കാരനെ പൊതിരെ മര്‍ദ്ദിക്കുകയായിരുന്നു. ഇനി താന്‍ ഭാര്യയെ മര്‍ദ്ദിക്കില്ലെന്ന്‌ പരസ്യമായി അയാളെ കൊണ്ട്‌ സത്യം ചെയ്യിച്ചു. അവിടെ നിന്നാണ്‌ ലോകചരിത്രത്തില്‍തന്നെ അഭൂതപൂര്‍വ്വമായ സ്‌ത്രീമുന്നേറ്റം ആരംഭിച്ചത്‌. സംഭവമറിഞ്ഞ്‌ സാമൂഹ്യപ്രവര്‍ത്തകന്‍ ജയ്‌ പ്രകാശ്‌ ശിവാരേ അവരുമായി ബന്ധപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണ സമ്പത്‌ പാലിനു പ്രചോദനമായി. അങ്ങനെയാണ്‌ യുപി – എംപി സംസ്ഥാനങ്ങളിലെ പിന്നോക്കങ്ങളില്‍ പിന്നോക്കമായ മേഖലകളില്‍ നിന്ന്‌, ഫെമിനിസത്തെ കുറിച്ചൊന്നുമറിയാത്ത നിരക്ഷരരായ സ്‌ത്രീകള്‍ കൈകരുത്തുമായി രംഗത്തിറങ്ങിയത്‌. പീഡനങ്ങളുടെ വിവരം ലഭിച്ചാല്‍ അവരവിടെ പാഞ്ഞെത്തുന്നു. ആദ്യമൊക്കെ ചര്‍ച്ച. ഗുണമില്ലെങ്കില്‍ മുളവടി. എത്രയോ പുരുഷന്മാര്‍ ഇവരുടെ കൈചൂടറിഞ്ഞു. ്‌അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കത്തിച്ച സംഭവങ്ങള്‍പോലുമുണ്ടായി. സാമൂഹ്യപ്രതിബദ്ധതയുള്ള പോലീസ്‌ ഉദ്യാഗസ്ഥര്‍പോലും പരോക്ഷമായി ഇവരെ പിന്തുണച്ചു.
ഇതിനിടയില്‍ കുറച്ചുകാലം സമ്പത്‌ പാല്‍ ആരോഗ്യവകുപ്പില്‍ ജോലി ചെയ്‌തു. എന്നാല്‍ പീഡനകഥകളുമായുള്ള സ്‌ത്രീകളുടെ പ്രവാഹം അവരെ ജോലി വലിച്ചെറിഞ്ഞ്‌ രംഗത്തിറക്കാന്‍ പ്രചോദനമായി. സ്വാഭാവികമായും ഭര്‍തൃവീട്ടില്‍ നിന്ന്‌ 5 കുഞ്ഞുങ്ങളുമായി പുറത്തായി. എന്നാല്‍ അവര്‍ തളര്‍ന്നില്ല. ഇവരുടെ സംഘടനയില്‍ അംഗങ്ങള്‍ ആയിരങ്ങളിലേക്കും പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും വളരുകയായിരുന്നു. 2006ലാണ്‌ സംഘത്തിന്‌ ഗുലാബി ഗാങ്ങ്‌ എന്ന പേര്‍ നല്‍കിയത്‌. സംഘടനയുടെ കമാന്ററായി സമ്പത്‌ പാലും ദേശീയ കണ്‍വീനറായി ജയ്‌ പ്രകാശും ഉത്തരവാദിത്തമേറ്റെടുത്തു. സ്‌ത്രീപീഡകര്‍ക്ക്‌ പേടിസ്വപ്‌നമായി ഗുലാബി ഗാങ്ങ്‌ വളര്‍ന്നു.

Documentary Poster

അതിനിടെ സിനിമാ ലോകത്തും ഗുലാബി ഗാങ്ങ്‌ വന്‍വാര്‍ത്തയായി. സമ്പത്‌ പാലിനെതന്നെ മുഖ്യകഥാപാത്രമാക്കി നിഷാന്ത്‌ ജയിന്‍ സംവിധാനം ചെയ്‌ത ഗുലാബി ഗാങ്ങ്‌ എന്ന ഡോക്യുമെന്ററിക്ക്‌ ദേശീയ പുരസ്‌കാരം ലഭിച്ചു. മൂംബൈ ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ഗുലാബി ഗാങ്ങിന്‌ ദുബായ്‌, നോര്‍വേജിയ, ആംനസ്‌റ്റി ഇന്‍രര്‍ നാഷണല്‍ തുടങ്ങി മറ്റനവധി പുരസ്‌കാരങ്ങളും ലഭിച്ചു. അതേസമയത്തുതന്നെ മറ്റൊരു വിവാദവും കൊഴുത്തു. സമ്പത്‌ പാലിനേയും ഗുലാബി ഗാങ്ങിനേയും പ്രമേയമാക്കി സൗമിക്‌ സെന്‍ അതേപേരില്‍ ഒരു മസാലചിത്രം സംവിധാനം ചെയ്യുകയുണ്ടായി. മാധുരി ദീക്ഷിത്തും ജൂഹി ചൗളയുമാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. സിനിമ, തന്നേയും സംഘടനയേയും മോശമാക്കി ചിത്രീകരിക്കുന്നതാണെന്ന്‌ സമ്പത്‌ പാല്‍ കൊടുത്ത ഹര്‍ജിയില്‍ കോടതി ആദ്യം സ്റ്റേ അനുവദിച്ചെു. എന്നാല്‍ പിന്നീട്‌ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം അനുവദിച്ചു. ചിത്രം വന്‍ഹിറ്റായി.

film

സംഗതികള്‍ ഇങ്ങനെയാണെങ്കിലും ഇന്ന്‌ സമ്പത്‌ പാലും ഗുലാബി ഗാങ്ങും കടുത്ത പ്രതിസന്ധിയിലാണ്‌. സൗമിക്‌ സെന്നിന്റെ സിനിമക്ക്‌ പ്രദര്‍ശനാനുമതി ലഭിച്ച കഴിഞ്ഞ മാര്‍ച്ച്‌ നാലിനുതന്നെ സമ്പത്‌ പാലിന്‌ മറ്റൊരു പ്രഹരവുമേറ്റു. താന്‍ ജീവിതം നല്‍കി വളര്‍ത്തിയ പ്രസ്ഥാനത്തില്‍ നിന്ന്‌ അവര്‍ പുറത്താക്കപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പിന്തണച്ച്‌ രംഗത്തിറങ്ങിയതാണ്‌ അവര്‍ക്ക്‌ വിനയായത്‌. സംഘടനയുടെ ബൈലോയനുലരിച്ച്‌ നേതാക്കള്‍ രാഷ്ട്രീയപാര്‍ട്ടികളെ പരസ്യമായി പിന്തുണക്കാന്‍ പാടില്ല. 2002ല്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക്‌ അവര്‍ മത്സരിച്ചിരുന്നു. അന്നു നല്‍കിയ താക്കീത്‌ അവഗണിച്ച്‌ ലോകസഭാതിരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസ്സിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു സമ്പത്‌ പാല്‍. ദേശീയ കണ്‍വീനര്‍ ജയ്‌ പ്രകാശിന്റെ മുന്‍കൈയില്‍ തന്നെയായിരുന്നു പുറത്താക്കല്‍. ഒപ്പം സംമ്പത്തിക അഴിമതിയും സംഘടനയെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയും ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടു.
ഇനിയെന്ത്‌ എന്ന ചോദ്യത്തിനു മുന്നില്‍ സമ്പത്‌ പാലും സമ്പത്‌ പാലിനെപോലൊരു കരുത്തുറ്റ നേതൃത്വം നഷ്ടപ്പെട്ടതിനുമുന്നില്‍ ഗുലാബി ഗാങ്ങും പകച്ചുനില്‍ക്കുകയാണ്‌. എന്നാല്‍ തളരാതെ മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്‌ ഇരുവരും. അതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളു. എന്തായാലും ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ സ്‌ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ഒന്നാം സ്ഥാനത്താണ്‌ ഗുലാബി ഗാങ്ങും അതിനു നേതൃത്വം കൊടുത്ത സമ്പത്‌ പാലും എന്നതില്‍ സംശയംവേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply