കോര്‍പ്പറേറ്റാഭിമുഖ്യ പുനര്‍നിര്‍മ്മാണമല്ല, പരിസ്ഥിതി സൗഹൃദ ജനപക്ഷ കേരളമാണ് കെട്ടിപ്പടുക്കേണ്ടത്

പരിസ്ഥിതി സൗഹൃദ ജനപക്ഷ വികസനത്തിനായുള്ള കൂട്ടായ്മ പ്രളയം സൃഷ്ടിച്ച മഹാദുരന്തത്തില്‍ 350 ഓളം പേര്‍ മരണപ്പെടുകയും 12 ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയും ചെയ്തതിന്റെ തുടര്‍ച്ചയായി നിരവധി പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ്. ലക്ഷത്തിലേറെ ഏക്കറില്‍ കൃഷിയും ചെറുകിട ഉല്പാദന, തൊഴില്‍ മേഖലകളും തകര്‍ന്നു. ഏറ്റവുമധികം ദുരന്തങ്ങള്‍ക്ക് വിധേയരായ ദരിദ്ര-പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് തിരിച്ചുപോകാനാകാത്ത വിധം പാര്‍പ്പിടവും ഉപജീവനവു നഷ്ടപ്പെട്ടവരായിരിക്കുന്നു. ഉല്പാദന, ഉപഭോഗ മേഖലകകള്‍ തകര്‍ന്നതെ തുടര്‍ന്ന് സമ്പദ് ഘടനയും സാമൂഹ്യ […]

kk

പരിസ്ഥിതി സൗഹൃദ ജനപക്ഷ വികസനത്തിനായുള്ള കൂട്ടായ്മ

പ്രളയം സൃഷ്ടിച്ച മഹാദുരന്തത്തില്‍ 350 ഓളം പേര്‍ മരണപ്പെടുകയും 12 ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയും ചെയ്തതിന്റെ തുടര്‍ച്ചയായി നിരവധി പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ്. ലക്ഷത്തിലേറെ ഏക്കറില്‍ കൃഷിയും ചെറുകിട ഉല്പാദന, തൊഴില്‍ മേഖലകളും തകര്‍ന്നു. ഏറ്റവുമധികം ദുരന്തങ്ങള്‍ക്ക് വിധേയരായ ദരിദ്ര-പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് തിരിച്ചുപോകാനാകാത്ത വിധം പാര്‍പ്പിടവും ഉപജീവനവു നഷ്ടപ്പെട്ടവരായിരിക്കുന്നു. ഉല്പാദന, ഉപഭോഗ മേഖലകകള്‍ തകര്‍ന്നതെ തുടര്‍ന്ന് സമ്പദ് ഘടനയും സാമൂഹ്യ ജീവിതവും ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്നു.

ആഗോളതാപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ ന്യൂനമര്‍ദ്ദമാണ് ഈ പ്രളയത്തിനു അടിസ്ഥാനമെങ്കിലും, അത് മഹാദുരന്തത്തിലേക്ക് നയിച്ചത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത് പോലെ പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലടക്കം വ്യാപകമായ ക്വാറികളും വനനശീകരണവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സൃഷ്ടിച്ച ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളുമാണ്. അതിതീവ്ര മഴക്കൊപ്പം മൂന്നു ഡസനോളം ഡാമുകള്‍ തുറന്ന് വിട്ടതും വിനാശത്തിന് കാരണമായി. പുഴയുടെ സ്വാഭാവിക അതിരുകള്‍ വിനിയോഗിച്ചുകൊണ്ടുള്ള ഭൂവിനിയോഗവും അവയിലേക്കുള്ള തോടുകളുടേയും കൈവഴികളുടേയും വെള്ളമൊഴുക്ക് തടസ്സപ്പെട്ടത്, ജലനിര്‍ഗമന ചാലുകളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത്, പുഴതീരങ്ങളില്‍ വ്യാപകമായ റിയല്‍ എസ്റ്റേറ്റും നഗരവല്‍ക്കരണവും തുടങ്ങിയവ സ്ഥിതി ഗുരുതരമാക്കി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ മാത്രം നെല്‍കൃഷി പ്രദേശങ്ങള്‍ അഞ്ചിലൊന്നായി ചുരുങ്ങുകയും അരനൂറ്റാണ്ടിനുള്ളില്‍ കുട്ടനാടന്‍ കായല്‍ പ്രദേശങ്ങളുടെ അറുപത് ശതമാനവും നഷ്ടപ്പെടുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷണ – ഡാം മാനേജ്‌മെന്റ് – ദുരന്ത നിവാരണ സംവിധാനങ്ങള്‍ നിഷ്ഫലമായി. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഫലപ്രദമാകാത്തവിധം കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ശക്തമായി.

പ്രളയാനന്തര കേരളത്തെ നവനിര്‍മ്മിക്കാനെന്ന പേരില്‍ പുനര്‍നിമ്മാണ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 30 നു പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്. ഈ സന്ദര്‍ഭത്തില്‍ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, തീരദേശ വനിത ഫെഡറേഷന്‍, പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി തുടങ്ങിയ സംഘടനകളും ജനാധിപത്യവാദികളും ഓഗസ്റ്റ് 27 ന് എറണാകുളത്ത് യോഗം ചേരുകയും, ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലുണ്ടായ പേമാരിയും അത് പ്രളയദുരന്തമായി മാറിയ ഇവിടത്തെ സവിശേഷ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ‘പരിസ്ഥിതി സൗഹൃദത്തിനും ജനപക്ഷ വികസനത്തിനുമായുള്ള കൂട്ടായ്മ’ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു:

1) ദുരിതാശ്വാസ ക്യാമ്പുകളായ സ്‌കൂളുകള്‍ തുറക്കാനിരിക്കെ വീടുകളിലേക്ക് പോകാനാകാത്തവര്‍ക്ക് ഒഴിഞ്ഞുകിടക്കുന്ന ഫ്‌ലാറ്റുകളും വീടുകളും റിസോര്‍ട്ടുകളും റിലീഫ് ക്യാമ്പുകളായി സര്‍ക്കാര്‍ ഉടന്‍ തുറന്നുകൊടുക്കണം. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ കൂടി പങ്കെടുപ്പിക്കണം.

2) നിശ്ചിതതുക പണമായി നല്‍കുന്നതിനേക്കാള്‍ ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കളും ഉപജീവനവും ഉറപ്പ് വരുത്തുവാനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത്. ഉപഭോഗ വിപണിയെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് കച്ചവട ശക്തികള്‍ക്ക് കൊള്ളക്കവസരമുണ്ടാക്കാത്ത തരത്തില്‍ പൊതുവിപണിയിലെ ഇടപെടല്‍ അടിയന്തിരമായി ശക്തിപ്പെടുത്തണം.

3) പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനകീയാവശ്യങ്ങള്‍ക്കുതകുന്നതും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതുമായിരിക്കണം.

4) ദുരിതബാധിതരായ മുഴുവന്‍ കര്‍ഷകരുടേയും കടങ്ങള്‍ എഴുതിതള്ളുകയും കാര്‍ഷിക പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം.

5) ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന പശ്ചിമഘട്ട പരിസ്ഥിതി മേഖലയിലെ റിസോര്‍ട്ടുകളും കെട്ടിട സമുച്ചയങ്ങളും പുനര്‍നിര്‍മ്മിക്കാതിരിക്കുകയും അവശേഷിക്കുന്നവ അടച്ച് പൂട്ടുകയും വേണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയ സോണ്‍ 1 ലെ ക്വാറി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക.

6) അതിവൃഷ്ടിയെ ആഘാതത്തെ ചെറുക്കാനുള്ള മണ്ണിന്റേയും പുഴകളുടേയും സ്വാഭാവിക ശേഷിയെ തടസ്സപ്പെടുത്തുന്ന എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിക്കുക. പുഴതീരങ്ങളില്‍ കൃഷിമാത്രം അനുവദിക്കുക. പ്രളയാനന്തരം അവസരം കാത്ത് കഴിയുന്ന മണല്‍, മണ്ണ് മാഫിയകളെ നിലക്ക് നിര്‍ത്തുക.

7) നെല്‍വയല്‍ തണ്ണീര്‍തട നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് അവസാനിപ്പിച്ച് കൃഷിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഉതകുംവിധം ശക്തിപ്പെടുത്തുക.

8) നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളില്‍ ഊന്നുന്നതും പിപിപി മാതൃകയിലുള്ളതുമായ റോഡു വികസന പദ്ധതികള്‍ ശാസ്ത്രീയ ഭൂവിനിയോഗവും ജനകീയ താല്പര്യങ്ങളും മുന്‍നിര്‍ത്തി അവസാനിപ്പിക്കുക. തീരദേശ-മലയോര ഹൈവേ പദ്ധതികള്‍ നിര്‍ത്തിവെക്കുക.

9) സംസ്ഥാനത്തിനു വന്‍ സാമ്പത്തിക ബാധ്യതയും കൊടിയ പാരിസ്ഥിതിക വിനാശവും വരുത്തി വെക്കുന്നതും മല്‍സ്യ തൊഴിലാളികളുടെ വാസസ്ഥലങ്ങളും ഉപജീവനവും ഇല്ലാതാക്കുന്നതുമായ വിഴിഞ്ഞം പദ്ധതി, ആലപ്പാട്-ആറാട്ട്പുഴ മേഖലയിലെ കരിമണല്‍ ഖനനം പുതുവൈപ്പിനിലെ ഐഒസി പ്ലാന്റ് ഗെയില്‍ പദ്ധതി തുടങ്ങിയവ ഉപേക്ഷിക്കുക. മല്‍സ്യ മേഖലയെ തകര്‍ക്കും വിധം ഏലൂര്‍ ഫാക്റ്ററിയില്‍ നിന്നും ചവറ കെഎംഎല്‍ നിന്നും കടലിലേക്ക് വിഷമാലിന്യം തള്ളുന്നതിന് അറുതി വരുത്തുക.

10) കേരളീയരുടെ സുരക്ഷ ഉറപ്പാക്കികൊണ്ടും തമിഴ്‌നാടിനു ജലം ലഭ്യമാക്കുന്ന വിധത്തിലും ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളിലെ വിശ്വാസത്തിലെടുത്തുകൊണ്ട് ടണല്‍ നിര്‍മ്മാണം ഉള്‍പ്പടെയുള്ള സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുക. പശ്ചിമഘട്ട മേഖലയില്‍ ഇനിയൊരു ഡാമിനു പ്രസക്തിയേയില്ല. ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് സോളാര്‍ ഉള്‍പ്പടെയുള്ള ബദല്‍ സ്രോതസ്സുകള്‍ തേടുക.

11) നികുതി-സെസ്സുകള്‍ ഏര്‍പ്പെടുത്തി സ്വകാര്യ വാഹന ഉപഭോഗത്തെ നിരുല്‍സാഹപ്പെടുത്തുക, സബ്‌സിഡികള്‍ നല്‍കിയും യാത്രാ നിരക്കുകള്‍ കുറച്ചും പൊതുഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുക.

12) കേരളമോഡല്‍ വികസനത്തിലൂടെ വന്‍നേട്ടമുണ്ടാക്കിയ അതിസമ്പന്ന-കോര്‍പ്പറേറ്റ് വിഭാഗങ്ങളിലൂന്നി പുനരധിവസത്തിനും സുസ്ഥിരവികസനത്തിനുമുള്ള ഫണ്ട് കണ്ടെത്തുക.

13) ഫെഡറല്‍ ഘടനയെ തകര്‍ത്ത്, ജനങ്ങള്‍ക്ക് മേല്‍ വമ്പിച്ച വിലക്കയറ്റം അടിച്ചേല്‍പ്പിച്ച ജിഎസ്ടി യുടെ മേല്‍ വീണ്ടും പത്ത് ശതമാനം സെസ്സ് ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ജനദ്രോഹമാണ്. ഇതടക്കം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നവഉദാര നയങ്ങള്‍ തിരുത്തുക.

14) പ്രകൃതി ദുരന്തത്തിന്റെ കാര്യത്തില്‍ പോലും സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശങ്ങളെ ഹനിക്കുന്നതും ആവശ്യമായ ഫണ്ട് നിഷേധിക്കുന്നതുമായ കേന്ദ്ര കാവിഭരണത്തിനെതിരെ സമാനമനസ്‌കരായ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പൊതുവേദി കെട്ടിപ്പടുക്കുക.

15) ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റേയും കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളുടേയും പാശ്ചാത്തലത്തില്‍ കാലാവസ്ഥാ നിരീക്ഷണവും ദുരന്ത നിവാരണവും പരിഗണനയിലെടുക്കുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുക. കാലാവസ്ഥ ശാസ്ത്രജ്ഞരുടേയും പരിസ്ഥിതി വിദഗ്ദരുടേയും മുന്‍കയ്യില്‍ സമഗ്രമായ ഡാം മാനേജ്‌മെന്റ്, ഫ്‌ലഡ് ഏരിയ മാപ്പിങ്ങ്, ദുരന്ത നിവാരണ മോണിറ്ററിങ്ങ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും സുതാര്യമാക്കുകയും ചെയ്യുക.

16) പരിസ്ഥിതി സന്തുലനവും ജനങ്ങളുടെ ഉപജീവനവും, ആദിവാസികള്‍, ദളിതര്‍, മല്‍സ്യതൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത-മര്‍ദ്ദിത ജനവിഭാഗങ്ങളുടെ സവിശേഷ അവകാശങ്ങളും ഉറപ്പ് വരുത്തക്ക വിധം കേരള വികസന കാഴ്ചപ്പാടുകളെ സമൂലമായ പുന:പരിശോധനക്ക് വിധേയമാക്കുക.

17) പ്രളയ ദുരന്ത തീവ്രത വര്‍ദ്ധിപ്പിക്കുന്നതില്‍ ഭരണരംഗത്തെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും വഹിച്ച പങ്കിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും നടപടികള്‍ കൈകൊള്ളുകയും ചെയ്യുക.

നവകേരള നിര്‍മ്മാണം എന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ വികസനത്തിന്റെ മറവില്‍ ഇതോടകം വരുത്തി വെച്ച തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിന് ഇടയായിക്കൂടാ. പരിസ്ഥിതി സൗഹൃദവും ജനപക്ഷ വികസനത്തിലൂന്നുതുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിന് മുകളില്‍ നിന്നും കെട്ടിയിറക്കിയ പദ്ധതികള്‍ക്കാവില്ല. നയതീരുമാനം മുതല്‍ നടത്തിപ്പ് വരെ എല്ലാ തലങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply