കൈയേറ്റക്കാരെ തുരത്താന്‍ ഒന്നിച്ചു നീങ്ങണം

വി എം സുധീരന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി, മൂന്നാറില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണല്ലോ. പൊതുസമൂഹത്തിന്റെ പിന്തുണയുള്ള ഈ നടപടികളുമായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായും നിയമവിരുദ്ധമായും കൈവശംവച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. വന്‍കിടക്കാരുടെ കൈയേറ്റഭൂമി തിരിച്ചുപിടിക്കുന്നതിന് സഹായകരമായ ഹൈക്കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും ഇക്കാര്യത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ […]

mmmവി എം സുധീരന്‍

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മൂന്നാറില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണല്ലോ. പൊതുസമൂഹത്തിന്റെ പിന്തുണയുള്ള ഈ നടപടികളുമായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായും നിയമവിരുദ്ധമായും കൈവശംവച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
വന്‍കിടക്കാരുടെ കൈയേറ്റഭൂമി തിരിച്ചുപിടിക്കുന്നതിന് സഹായകരമായ ഹൈക്കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും ഇക്കാര്യത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം ഐ.എ.എസിന്റെ കാര്യക്ഷമമായ നടപടികളും റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വന്നിട്ടുള്ള നിരുത്തരവാദപരവും നിഷ്‌ക്രിയവുമായ നിലപാടുകളും യഥാസമയം നടപടി സ്വീകരിക്കുന്നതില്‍ വന്നിട്ടുള്ള വീഴ്ചയും വന്‍കിട കൈയേറ്റക്കാര്‍ക്ക് സഹായകരമായിരിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്ന ചില കാര്യങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
1. ഹാരിസണ്‍, ടാറ്റ തുടങ്ങിയവരുടെ കൈയേറ്റങ്ങള്‍ക്കെതിരേ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി കാര്യക്ഷമവും ഫലപ്രദവും വിജയകരവുമായി കേസുകള്‍ നടത്തിവന്നിരുന്ന അഡ്വ. സുശീല ഭട്ടിനെ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്നു നീക്കംചെയ്തു.
ഹാരിസണ്‍, ടാറ്റ തുടങ്ങിയവരുടെ കേസുകള്‍ ഹൈക്കോടതിയുടെ തുടര്‍ പരിഗണനയ്ക്ക് വരുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് ഈ നടപടി. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ച് പ്രശംസനീയമായി കേസ് നടത്തിപ്പോന്ന അഡ്വ. സുശീല ഭട്ടിനെ മാറ്റിയതിന്റെ ദുരൂഹത ഇന്നും നിലനില്‍ക്കുന്നു. ഈ നടപടി കേസുകളുടെ തുടര്‍ന്നുള്ള നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാക്കി.
2. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് രാജമാണിക്യം ഐ.എ.എസ്. സ്വീകരിച്ച നടപടികള്‍ക്കെതിരേ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി, പോബ്‌സ് എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നു സ്‌റ്റേ ഉത്തരവുകള്‍ ഉണ്ടായി. ഈ ഉത്തരവുകള്‍ ഒഴിവാക്കാനായി സര്‍ക്കാരിനുവേണ്ടി എതിര്‍ സത്യവാങ്മൂലം നല്‍കുകയോ ഹര്‍ജികള്‍ നല്‍കുകയോ ഇതേവരെ ഉണ്ടായില്ല. ഇതെല്ലാം കൈയേറ്റക്കാരെ സഹായിക്കാനല്ലെങ്കില്‍ മറ്റെന്താണ് ?
3. അടുത്തകാലത്ത് എ.വി.ടി. കമ്പനിക്കെതിരായി നിലവിലുണ്ടായിരുന്ന മരം വെട്ടരുത് എന്ന ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ഭൂമിയില്‍നിന്നു മരം മുറിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
അതിലൂടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്. ഇപ്പോഴത്തെ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ ഈ കേസില്‍ ഹാജരാകാത്തതാണ് ഇപ്രകാരം ഉത്തരവിന് ഇടവരുത്തിയത്. ഇതേവരെ ഈ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
4. വന്‍കിട കൈയേറ്റക്കാര്‍ക്കെതിരേ നാല്‍പ്പതോളം ക്രിമിനല്‍ കേസുകള്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് ഐ.ജിയുടെ മേല്‍ നോട്ടത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നു. അതൊക്കെ ഇപ്പോള്‍ നിഷ്‌ക്രിയമായ അവസ്ഥയിലാണ്.
5. ഹാരിസണ്‍ നടത്തിയ ഭൂമി കൈയേറ്റത്തില്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് രാജമാണിക്യം ഐ.എ.എസ്. സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.
മാസങ്ങള്‍ പിന്നിട്ടെങ്കിലും അതിന്മേല്‍ യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. സി.ബി.ഐ. അന്വേഷണം മുന്നില്‍ കണ്ട് തെളിവ് നശിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
ഇതെല്ലാം സംബന്ധിച്ച് 2016 ജൂലൈ 16, 2016 ഒക്‌ടോബര്‍ 31, 2017 ഫെബ്രുവരി 24 എന്നീ തീയതികളില്‍ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും എഴുതിയത് ഓര്‍മ്മപ്പെടുത്തുന്നു. അടിയന്തരമായി വേണ്ടതു വീഴ്ചകള്‍ പരിഹരിക്കുക എന്നതാണ്. അതോടൊപ്പംതന്നെ നേരത്തെ സര്‍ക്കാരിന് അനുകൂലമായി വന്നിട്ടുള്ള ഹൈക്കോടതി ഉത്തരവുകളുടെയും രാജമാണിക്യം ഐ.എ.എസിന്റെ നടപടികളുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍നിന്നുകൊണ്ട് നിലവിലുള്ള കേസുകള്‍ കാര്യക്ഷമമായും അതീവ ജാഗ്രതപാലിച്ചുകൊണ്ടും നടത്തേണ്ടിയിരിക്കുന്നു. പഴുതടച്ചു മുന്നോട്ടുപോയാല്‍ വന്‍കിടക്കാരായ കൈയേറ്റക്കാരില്‍നിന്നു സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനാകും.
സര്‍ക്കാര്‍ അഫിഡവിറ്റിലൂടെ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങളുടെയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍തന്നെയാണ് മുന്നോട്ടുപോകേണ്ടത്.
വിദേശകമ്പനികള്‍ കൃത്രിമരേഖകളിലൂടെ കൈവശം വച്ചിരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ അവര്‍ക്കോ അവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടവര്‍ക്കോ യാതൊരു അവകാശമില്ലെന്നും അവരത് കൈവശപ്പെടുത്തിയത് വ്യാജരേഖകള്‍ ചമച്ചിട്ടാണ് എന്ന നേരത്തെ മുതലുള്ള സര്‍ക്കാര്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുനീങ്ങുന്നതാണ് ഉചിതം.
യാതൊരു തരത്തിലുള്ള വീഴ്ചയോ ഹൈക്കോടതിയില്‍ അനുവര്‍ത്തിച്ചു വന്നിരുന്ന നിലപാടില്‍നിന്നുള്ള വ്യതിയാനമോ ഇല്ലാതെ ഏറ്റവും ഫലപ്രദമായി കേസുകള്‍ നടത്തുന്ന സാഹചര്യം ഉറപ്പുവരുത്തുകയാണ് വേണ്ടത്.
കേസുകളുടെ നടത്തിപ്പിലും വാദമുഖങ്ങളിലും സര്‍ക്കാരിന് നേരത്തെ മുതല്‍ കൈവന്നിട്ടുള്ള അനുകൂലമായ സാഹചര്യം കണക്കിലെടുത്ത് കൃത്യമായി കേസുകള്‍ നടത്താനും ബന്ധപ്പെട്ട് മറ്റ് നടപടികള്‍ മുന്നോട്ടുനീക്കാനും കഴിഞ്ഞാല്‍ സര്‍ക്കാരിന് വന്‍കിടക്കാരായ കൈയേറ്റക്കാരില്‍നിന്നു സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയും.
ട്രിബ്യൂണല്‍ പോലുള്ള മറ്റു സംവിധാനങ്ങളെക്കുറിച്ചുള്ള ആലോചനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നാണ് പല നിയമവിദഗ്ധരുടെയും അഭിപ്രായം.
അതൊക്കെ കൂടുതല്‍ നിയമക്കുരുക്കിലേക്കും കാലതാമസത്തിനും ഇടവരുത്തി കൈയേറ്റക്കാര്‍ക്ക് സഹായകരമായ സാഹചര്യത്തിലേക്ക് നയിക്കപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നുവന്നിട്ടുണ്ട്.
2010 ഓഗസ്റ്റില്‍ നിലവില്‍ വന്ന മൂന്നാര്‍ ട്രിബ്യൂണല്‍തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.
നിയമവാഴ്ചയെ വെല്ലുവിളിച്ച് എന്തും ചെയ്യാന്‍ മടികാണിക്കാത്ത കൈയേറ്റക്കാരില്‍നിന്നു കേരളത്തെ രക്ഷിക്കാന്‍ എല്ലാവിധ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അതീതമായി കൂട്ടായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ നാടിനോടും ജനങ്ങളോടും ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply