കുട്ടികള്‍ പുസ്തകം വായിക്കണമെന്നോ, ഹഹഹ!
സിവിക് ചന്ദ്രന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓരോ വായന വാരത്തിലും പ്രഭാഷണത്തിനുള്ള മൂന്നാലു ക്ഷണങ്ങളെങ്കിലും ഖേദപൂര്‍വ്വം നിരസിക്കേണ്ടി വരുന്നു. വായന രൂപപ്പെടുത്തിയ ഒരാളെന്ന നിലയില്‍ വായിക്കൂ, വായിച്ചു വളരൂ എന്ന കുട്ടികളെ ഉദ്‌ബോധിപ്പിക്കാനാണല്ലോ ഓരോ ക്ഷണവും. കുട്ടികളോട് സംസാരിക്കുന്നത് നല്ല കാര്യമാണെങ്കിലും (അവര്‍ നമ്മോട് സംസാരിക്കുന്നതാണ് കൂടുതല്‍ നല്ല കാര്യം) നമുക്ക് തന്നെ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ കുട്ടികളെ പറഞ്ഞ് ബോധിപ്പിക്കാനാവില്ലല്ലോ. ശരിയാണ്, വായന, വായിക്കുന്നവരുമായുള്ള സമ്പര്‍ക്കങ്ങള്‍ രൂപപ്പെടുത്തിയ ഒരാളാണ് ഞാനും. എന്റേയും എനിക്കു മുമ്പുള്ള ഒന്ന് രണ്ട് […]
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓരോ വായന വാരത്തിലും പ്രഭാഷണത്തിനുള്ള മൂന്നാലു ക്ഷണങ്ങളെങ്കിലും ഖേദപൂര്‍വ്വം നിരസിക്കേണ്ടി വരുന്നു. വായന രൂപപ്പെടുത്തിയ ഒരാളെന്ന നിലയില്‍ വായിക്കൂ, വായിച്ചു വളരൂ എന്ന കുട്ടികളെ ഉദ്‌ബോധിപ്പിക്കാനാണല്ലോ ഓരോ ക്ഷണവും. കുട്ടികളോട് സംസാരിക്കുന്നത് നല്ല കാര്യമാണെങ്കിലും (അവര്‍ നമ്മോട് സംസാരിക്കുന്നതാണ് കൂടുതല്‍ നല്ല കാര്യം) നമുക്ക് തന്നെ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ കുട്ടികളെ പറഞ്ഞ് ബോധിപ്പിക്കാനാവില്ലല്ലോ. ശരിയാണ്, വായന, വായിക്കുന്നവരുമായുള്ള സമ്പര്‍ക്കങ്ങള്‍ രൂപപ്പെടുത്തിയ ഒരാളാണ് ഞാനും. എന്റേയും എനിക്കു മുമ്പുള്ള ഒന്ന് രണ്ട് തലമുറയിലേയും ആള്‍ക്കാര്‍ അങ്ങനെത്തന്നെ. എന്നാല്‍ ഗുട്ടന്‍ബര്‍ഗ് യുഗം അവസാനിച്ചു കഴിഞ്ഞില്ലേ? പുസ്തകങ്ങളുടേയും വായനയുടേയും പ്രതാപ കാലം പൊയ്‌പ്പോയില്ലേ? പിന്നെയും എന്തിനാണ് വായിക്കൂ, വായിക്കൂ എന്ന് കുട്ടികളെ ബോധവത്ക്കരിച്ചു കൊണ്ടിരിക്കുന്നത്?
പുസ്തക വായനാ കാമ്പയിന് പിന്നില്‍ പ്രധാനമായും മൂന്ന് തരം ഗുണഭോക്താക്കളുടെ സ്ഥാപിത താത്പര്യങ്ങളാണ് ഉള്ളത്. ഒന്ന്: പ്രസാധകര്‍. ഉണക്കമീനും ചക്കക്കുരുവുമൊക്കെ പോലെ പുസ്തകം വിറ്റാണല്ലോ അവരുടെ ഉപജീവനം. അവര്‍ ഏകാദശി നോല്‍ക്കുന്നത് ചുമ്മാതല്ല, ലാഭത്തിനു തന്നെ. ആള്‍ക്കാര്‍ പുസ്തകം വായിച്ചില്ലെങ്കില്‍ ഈ പ്രസാധക പരിഷകള്‍ മറ്റെന്തോ ചെയ്യും? രണ്ട്: വാദ്ധ്യന്മാര്‍. ഗുരുവിനും ശിഷ്യനുമിടയില്‍ ഗുരുതരമായ തടസ്സമെന്ന് കുഞ്ഞുണ്ണി മാഷ് വിളിച്ച് പറഞ്ഞ അതേ പുസ്തകം കൊണ്ട് മുഖം മറച്ചാണല്ലോ വാദ്ധ്യാന്മാരുടെ ക്ലാസുമുറി ജീവിതം. ഈ പാവങ്ങള്‍ക്ക് പുസ്തകം ഉറക്കെ വായിച്ചു കൊടുക്കുക എന്നതൊഴിച്ച് മറ്റൊരു പണിയും അറിയില്ല താനും. വായനയുടെ മൂന്നാമത്തെ ഗുണഭോക്താക്കള്‍ എഴുത്തുകാരാണ്. വായിച്ച പുസ്തകങ്ങളും എഴുതിയ പുസ്തകങ്ങളും ബുദ്ധിജീവിതത്വത്തിന്റെ അടിത്തറയാണല്ലോ. സാംസ്‌കാരിക നായകനാവാനുള്ള പാസ്‌പോര്‍ട്ടും പുസ്തകങ്ങള്‍ തന്നെ. എഴുതി ജീവിക്കാവുന്ന ഒരു സമൂഹമല്ല നമ്മുടേത്. എന്നാലും എഴുത്തുകാര്‍ കൂടി പുസ്തകം കയ്യൊഴിഞ്ഞാലോ? പുസ്തകം പുഴുങ്ങി തിന്ന് ജീവിക്കുന്ന ഈ മുക്കൂട്ടു മുന്നണി കോറസ് ആയി പാടുന്ന ഹംസഗാനമാണ് ഈ വായന വാരാഘോഷ മഹാമഹങ്ങള്‍.
പെട്രോളിന് മുമ്പ് കല്‍ക്കരിയായിരുന്നു ഇന്ധനം. കല്‍ക്കരി ഏതാണ്ട് തീര്‍ന്നതോടെ പുതിയൊരു ഇന്ധനം കണ്ടുപിടിക്കപ്പെട്ടു. പെട്രോളും ഡീസലും തീരുകയാണ്. പുതിയ ഒരു ഇന്ധനത്തിനുള്ള ഗവേഷണങ്ങള്‍ പൊടിപൊടിക്കുന്നു. ഇതിലെല്ലാം അസ്വാഭാവികമായി എന്തുണ്ട്? അച്ചടിയും പുസ്തകവും കണ്ടുപിടിക്കുന്നതിന് മുമ്പ് വാമൊഴിയായിരുന്നു വിനിമയ മാധ്യമം. പിന്നീടത് വരമൊഴിയായി. വരമൊഴി അവസാനിക്കുന്നത് സ്വാഭാവികം മാത്രം. ഈ ലോകം വാമൊഴിയുടേതോ വരമൊഴിയുടേതോ അല്ല, തിരമൊഴിയുടേതാണ്. പെട്രോള്‍ അവസാനിച്ച് കഴിഞ്ഞിട്ടും ഇപ്പോഴും കല്‍ക്കരി അടുപ്പുകള്‍ കത്തിക്കുന്നവരുണ്ടാകാം. പക്ഷേ ഇത് കല്‍ക്കരിയുടെ കാലമല്ലല്ലോ. കല്ക്കരി തിന്നല്ല ഒരു തീവണ്ടിയുമിപ്പോള്‍ കൂകിപ്പായുന്നത്. പുസ്തകം വന്നിട്ടും നാം വര്‍ത്തമാനം പറച്ചില്‍ അവസാനിപ്പിച്ചിട്ടില്ല. പുസ്തകം അവസാനിച്ചാലും പുസ്തക വായന അവസാനിക്കണമെന്നില്ല. എങ്കിലും പുസ്തകം അവസാനിച്ചു, വരമൊഴി അവസാനിച്ചു, ഇനി തിരമൊഴിയുടെ കാലം എന്ന് വിളിച്ചു പറയേണ്ട കാലമായിരിക്കുന്നു.
പെരുക്കപ്പട്ടിക മനഃപാഠമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. കണക്കു മാഷുടെ പിച്ചും തിരുമ്മും അടിയും കൊണ്ട് പതിനാറ് വരെയുള്ള പെരുക്കപ്പട്ടിക ഞാനും കാണാപ്പാഠമാക്കിയതാണ്. നല്ല കാര്യം. കൂര്‍ക്കം വലിച്ച് കിടക്കുമ്പോള്‍പോലും ചോദിച്ചോളൂ: പതിനാറ് പതിനാറ്? ഇരുന്നൂറ്റി അമ്പത്തിയാറ്. പതിമൂന്ന് പതിമൂന്ന്? നൂറ്റിഅറുപത്തി ഒമ്പത്. പന്ത്രണ്ട് പന്ത്രണ്ട്? നൂറ്റി നാല്‍പ്പത്തിനാല്. പക്ഷെ എല്‍.കെ.ജിയില്‍ പോകാന്‍ തുടങ്ങിയ എന്റെ കൊച്ചുമോള്‍ എന്തിന് എന്നെപോലെ പെരുക്കപ്പട്ടിക മനഃപ്പാഠമാക്കണം? അവളുടെ സ്‌കൂള്‍ ബാഗില്‍ കാല്‍ക്കുലേറ്റര്‍ ഉണ്ടല്ലോ, പിന്നെന്തിന്?
പുസ്തകം അച്ചടിക്കലും അത് പ്രചരിപ്പിക്കലും ജീവിത വ്രതമാക്കിയ രണ്ട് കൂട്ടരെയെങ്കിലും ഈ സമയത്ത് പ്രത്യേകം പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തേണ്ടതുണ്ട്. ഒന്ന്: ശാസ്ത്രസാഹിത്യ പരിഷത്ത്. ഉള്ളി ഉള്ളില്‍ ചെന്നാല്‍ തുടങ്ങിയ ഉള്ളി തൊലിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണവര്‍ അച്ചടിച്ച്കൂട്ടി വിറ്റഴിക്കുന്നത്്. ഇടതുപക്ഷ ആഭിമുഖ്യമുള്ള എല്ലാവരുടെ വീടുകളിലും ഉണ്ടാകും ഇവരുടെ അഞ്ച് പത്തു ചവറു പുസ്തകങ്ങള്‍: എന്ത്, എന്തിന്, എന്തുകൊണ്ട്? രണ്ടാമത്തെ കൂട്ടര്‍ ജമാത്തെ ഇസ്ലാമിയാണ്. ഉമിക്കരി പൊതിയാന്‍ പോലും ഉപകാരമില്ലാത്ത മൗദൂദി സാഹിത്യം ലക്ഷക്കണക്കിന് കോപ്പികളാണിവര്‍ അച്ചടിച്ചുകൂട്ടി മുസ്ലിം വീടുകളില്‍ എത്തിച്ചിട്ടുള്ളത്. നിങ്ങള്‍ അവരുടെ ഏതെങ്കിലും പരിപാടിയുടെ ഏഴയലത്തെങ്കിലും പോയിട്ടുണ്ടെങ്കില്‍ നിങ്ങളേയും പിടിപ്പിക്കുമവര്‍ ഈ ഹലാല്‍ സാഹിത്യം! ഒന്നാമത്തെ കൂട്ടര്‍ സൈലന്റ്‌വാലി കാടുകള്‍ സംരക്ഷിച്ചെന്ന് അവകാശപ്പെടുന്നു. പക്ഷെ, ഓരോ ശാസ്ത്ര കലാജാഥയുടെ സമയത്തും എത്രയെത്ര സൈലന്റ്‌വാലി കാടുകളാണവര്‍ വെട്ടിനശിപ്പിച്ചു കൊണ്ടിരിക്കുന്നത്! രണ്ടാമത്തെ കൂട്ടര്‍ പ്ലാച്ചിമടയിലെ കുടിവെള്ളം കൊക്കകോളയില്‍ നിന്ന് രക്ഷിച്ചെന്ന് അവകാശപ്പെടുന്നു. ഓരോ സദാചാരം കാമ്പയിന്‍ സമയത്തും എത്ര പ്ലാച്ചിമടകള്‍ സൃഷ്ടിച്ചാണവര്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നത്!
പുസ്തക വായന നിര്‍ത്തിയിട്ടുള്ള ആളല്ല ഞാന്‍. പുതിയ പുതിയ പുസ്തകങ്ങളില്‍, ആശയങ്ങളിലുമുള്ള കൊതി ഇനിയും തീര്‍ന്നിട്ടില്ല തന്നെ. പക്ഷെ എന്റെ ദുശ്ശീലങ്ങള്‍ എന്തിന് ഞാന്‍ എന്റെ പേരമക്കളുടെ മേല്‍ കെട്ടിവെക്കണം? അതുകൊണ്ട് വായനാവാരത്തില്‍ പ്രസംഗിച്ച് വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ, പുത്തനൊരായുധമാണ് നിനക്കത്, പുസ്തകം കൈയിലെടുക്കൂ എന്ന് ഉദ്‌ബോധിപ്പിക്കാന്‍ ഞാനില്ലെന്നു മാത്രം. വായിച്ചില്ലേല്‍ വളയും എന്നിനിയും പിള്ളേരെ പേടിപ്പിക്കാന്‍ ഞാനില്ലെന്നു മാത്രം. ഗുട്ടന്‍ബര്‍ഗ് യുഗം അവസാനിച്ചു കഴിഞ്ഞു. കുട്ടികള്‍ എന്തിന് ഇനിയും പുസ്തകങ്ങള്‍ വായിക്കണം? തിരമൊഴിയുടെ സൈബര്‍ ലോകം അവരുടെ മുമ്പില്‍ തുറന്നു കിടക്കുന്നു.
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in