കാരാട്ടും കൂട്ടരും ചെയ്യേണ്ടത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ വരുംകാല രാഷ്ട്രീയത്തിന്റെ സൂചനയായിരിക്കാം. അഴിമതിയും നവ ഉദാരവല്‍ക്കരണ നയങ്ങളും കാരണം ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടുമെന്നാണ് കാരാട്ട് കരുതുന്നത്. യുപിഎ സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് നടത്തിയ റെക്കോഡ് അഴിമതിക്കും ജനദ്രോഹത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അവര്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന റാലി ഉദ്ഘാടനം […]

Untitled-1ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ വരുംകാല രാഷ്ട്രീയത്തിന്റെ സൂചനയായിരിക്കാം. അഴിമതിയും നവ ഉദാരവല്‍ക്കരണ നയങ്ങളും കാരണം ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടുമെന്നാണ് കാരാട്ട് കരുതുന്നത്. യുപിഎ സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് നടത്തിയ റെക്കോഡ് അഴിമതിക്കും ജനദ്രോഹത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അവര്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയല്ലെങ്കിലും കാരാട്ട് പറഞ്ഞ അവസ്ഥയിലേക്ക് പൊതുവില്‍ ഇന്ത്യന്‍ രാഷ്ട്രീയം നീങ്ങുന്നു എന്നു തന്നെയാണ് ഭൂരിഭാഗം ജനങ്ങളും കരുതുന്നത്. പല അഭിപ്രായ സര്‍വ്വേകളും അങ്ങനെതന്നെ. അതേസമയം തുടര്‍ന്ന് കാരാട്ട് പറയുന്നതെന്താണ്? രാജ്യത്താകെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാണ്, ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷജനാധിപത്യമതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്കു മാത്രമേ കഴിയൂ എന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു. അതാണ് അത്രവേഗം വിഴുങ്ങാന്‍ കഴിയാത്തത്. അത്തരമൊരവസ്ഥയിലേക്ക് ഈ ശക്തികള്‍ ഉയരുമോ? കാരാട്ടിന് അങ്ങനെ ആശിക്കാം. യാഥാര്‍ത്ഥ്യം അതാണോ?
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷിയായ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന അവകാശവാദം അസംബന്ധമാണെന്ന് കാരാട്ട് പറഞ്ഞു. ഏതാനും സീറ്റിനും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. തെലങ്കാന മേഖലയില്‍ ഏതാനും സീറ്റ് മോഹിച്ചാണ് കോണ്‍ഗ്രസ് ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ചത്.
യുപിഎ നേതൃത്വത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് വന്‍കിട കുത്തകകള്‍ക്കും വിദേശ കമ്പനികള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്. 20092013 കാലത്ത് 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും നികുതിബാധ്യത ഒഴിവാക്കലുമാണ് വന്‍കിട കുത്തകകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നടത്തിയത്. അതേസമയം സാധാരണക്കാരുടെ മേല്‍ കോണ്‍ഗ്രസ് വലിയ ഭാരം അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ വിലക്കയറ്റം മുമ്പുണ്ടായിട്ടില്ല. 2004ല്‍ ലിറ്ററിന് 20 രൂപയുണ്ടായിരുന്ന ഡീസലിന് 60 രൂപയായി. ഭക്ഷ്യസാധനങ്ങളുടെയും വളത്തിന്റെയും എണ്ണയുടെയും സബ്‌സിഡി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 78,000 കോടി രൂപ വെട്ടിക്കുറച്ചതായി കാരാട്ട് പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനും ആര്‍എസ്എസ് നിയന്ത്രിക്കുന്ന വര്‍ഗീയ പ്രസ്ഥാനമായ ബിജെപിക്കുമെതിരെ ജനാധിപത്യമതനിരപേക്ഷ പാര്‍ടികളുടെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ശ്രമിക്കുന്നത്.
ശ്രമമെല്ലാം ശരി. എന്നാല്‍ തിരഞ്ഞെടുപ്പിതാ പടിവാതിലില്‍ എത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ 11 പാര്‍ടികളുടെ യോഗം ചേര്‍ന്നു എന്നതൊക്കെ ശശി. ഭാവിയിലേക്ക് അതൊരു സൂചനയാകാം. എന്നാല്‍ ഇക്കുറി എന്തായാരിക്കും ഈ പാര്‍ട്ടികളുടെ നിലപാട് എന്നതാണ് ചോദ്യം? ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയായി ബിജെപി മാറിയാല്‍, അതിനുള്ള സാധ്യതയാണല്ലോ കൂടുതല്‍, ഇവരില്‍ എത്രപേര്‍ അങ്ങോട്ടു ചായില്ല എന്നു കാരാട്ടിനു പറയാന്‍ കഴിയും?
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിന് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ സുദൃഢമാക്കുക, ജനങ്ങള്‍ക്ക് അനുകൂലമായ വികസന നയം നടപ്പാക്കുക, രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് സംരക്ഷിക്കുക എന്നീ നാല് സുപ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാനാണ് 11 കക്ഷികളുടെ യോഗം തീരുമാനിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രസക്തമായ നിലപാടുകളാണിവ. എന്നാല്‍ ബാലാരിഷ്ടതകള്‍ പരിഹരിച്ച് ഈ ഐക്യം ശക്തിയാകുമ്പോഴേക്കും നമ്മുടെ ഫെഡറല്‍ സംവിധാനം ഇതുപോലെ നിലനില്‍ക്കുമോ എന്നാണ് സംശയം.
കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് ശക്തിയുണ്ടെന്ന് കാരാട്ട ആശിക്കുന്നു. കേരളത്തിലെ മതനിരപേക്ഷ ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കണമെന്ന് കാരാട്ട് അഭ്യര്‍ഥിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ വലിയ ജനപിന്തുണയുള്ള കക്ഷികളാണ് കൂടെയുള്ളത്. തമിഴ്‌നാട്ടിലും യുപിയിലും ബിഹാറിലും ഒഡിഷയിലും ഭരണപക്ഷത്താണ് ഇതിലെ നാലു പാര്‍ടികള്‍.
ചരിത്രം പാഠങ്ങള്‍ പഠിക്കാനുള്ളതാണ്. തിരഞ്ഞെടുപ്പിനു മുമ്പ് സ്വാഭാവികമായും ഇത്തരത്തിലൊക്കെ അവകാശവാദങ്ങങ്ങള്‍ ഉന്നയിക്കേണ്ടി വരാം. എന്നാല്‍ 
തിരഞ്ഞെടുപ്പിനുശേഷം   സ്ഥിതിയാകെ മാറാം. ഇക്കുറി ബദല്‍ മുന്നണി ചെയ്യേണ്ടത് പഴയ ചരിത്രപരമായ വിഡ്ഢിത്തം ആവര്‍ത്തിക്കാതിരിക്കലാണ്. കോണ്‍ഗ്രസ്സ് പിന്തുണയോടെ ജ്യേതിബാസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം തട്ടിക്കളഞ്ഞ സംഭവത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത്. ബിജെപിയെയും കോണ്‍ഗ്രസ്സിനേയും ഒഴിവാക്കുകയും അതേസമയം കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ രാജ്യം ഭരിക്കാനുമുള്ള ലക്ഷ്യത്തോടയാണ് കാര്യങ്ങള്‍ നീക്കേണ്ടത്. അത്തരൊരു ഭരണം അധികകാലം നീണ്ടിനിന്നില്ലെങ്കിലും ഇന്ത്യയിലെ മതേതരത്വത്തിനും ഫെഡറലിസത്തിനും അത് മുതല്‍ക്കൂട്ടാവും. അത്തരമൊരു അജണ്ടയെ പഴയപോലെ അനാവശ്യമായ പ്രത്യയശാസ്ത്രം പറഞ്ഞ് ഒഴിവാക്കിയാല്‍ കാലം നിങ്ങള്‍ക്ക് മാപ്പുതരില്ല.  

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply