കണ്ടങ്കാളിയില്‍ ജനകീയ വയല്‍രക്ഷാ മാര്‍ച്ച്

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കണ്ടങ്കാളിയിലെ ജനങ്ങളുടെ അതിജീവനസമരം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കണ്ടങ്കാളി ജനതയുടെ ജീവന്റെ ആധാരമായ 80 ഏക്കറിലധികം വരുന്ന താലോത്ത് വയല്‍പ്രദേശം HPCLന്റെ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍സ് ലിമിറ്റഡ്) ഒരു വന്‍കിട എണ്ണസംഭരണശാല തുടങ്ങുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. 7 കോടി ലിറ്റര്‍ എണ്ണ സംഭരിക്കുന്നതിന് ശേഷിയുള്ള 20 ടാങ്കുകളാണ് ഈ വയല്‍പ്രദേശത്ത് നിര്‍മിക്കാന്‍ പോകുന്നത്. അതോടൊപ്പം 10 ഏക്കര്‍ വരുന്ന ഭൂമി വേറെ ഏറ്റെടുത്ത് പദ്ധതിപ്രദേശത്തേക്ക് വന്‍ റോഡ് നിര്‍മിക്കുന്നതിനുള്ള പരിപാടിയുമുണ്ട്. അതീവ […]

kk

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കണ്ടങ്കാളിയിലെ ജനങ്ങളുടെ അതിജീവനസമരം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കണ്ടങ്കാളി ജനതയുടെ ജീവന്റെ ആധാരമായ 80 ഏക്കറിലധികം വരുന്ന താലോത്ത് വയല്‍പ്രദേശം HPCLന്റെ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍സ് ലിമിറ്റഡ്) ഒരു വന്‍കിട എണ്ണസംഭരണശാല തുടങ്ങുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. 7 കോടി ലിറ്റര്‍ എണ്ണ സംഭരിക്കുന്നതിന് ശേഷിയുള്ള 20 ടാങ്കുകളാണ് ഈ വയല്‍പ്രദേശത്ത് നിര്‍മിക്കാന്‍ പോകുന്നത്. അതോടൊപ്പം 10 ഏക്കര്‍ വരുന്ന ഭൂമി വേറെ ഏറ്റെടുത്ത് പദ്ധതിപ്രദേശത്തേക്ക് വന്‍ റോഡ് നിര്‍മിക്കുന്നതിനുള്ള പരിപാടിയുമുണ്ട്. അതീവ ദുര്‍ബലമായ പാരിസ്ഥിതികമേഖലകളില്‍ പെടുന്ന പ്രദേശമാണ് കണ്ടങ്കാളി താലോത്ത് വയലും പരിസരപ്രദേശങ്ങളും. കവ്വായിക്കായലിനും പെരുമ്പപ്പുഴയ്ക്കുമിടയില്‍, കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമായ, നെല്‍വയലും തണ്ണീര്‍ത്തടവുമായ ഒരു പ്രദേശമാണ് ഒരു വന്‍കിട പദ്ധതിക്കുവേണ്ടി എന്നെന്നേക്കുമായി ഇല്ലാതാവാന്‍ പോകുന്നത്. ഇവിടം പദ്ധതി സ്ഥാപിക്കണമെങ്കില്‍ ഈ സ്ഥലം മുഴുവന്‍ ചുരുങ്ങിയത് 3 മീറ്ററെങ്കിലും ഉയരത്തില്‍ മണ്ണിട്ടുനികത്തേണ്ടതുണ്ട്. നിലവില്‍ ബാക്കിയുള്ള പശ്ചിമഘട്ടമലനിരകളെയോ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളെയോ തുരന്നല്ലാതെ ഇത്രയുമേറെ അളവില്‍ മണ്ണ് ഒരിക്കലും കിട്ടാന്‍ പോകുന്നുമില്ല. വയല്‍നികത്തലിലും കുന്നിടിക്കലിലും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിലുമൂന്നിയിട്ടുള്ള ‘വികസനക്കുതിപ്പ്’ എന്തുമാത്രം ആപത്കരമാണെന്നത് പച്ചയായി തെളിയിച്ച് ഒരു മഹാപ്രളയം ഇപ്പോള്‍ കഴിഞ്ഞുപോയതേയുള്ളൂ. ആ പ്രളയം ഇല്ലാതാക്കിയ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ എവിടെയുമെത്തിയിട്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള പാഠങ്ങളെ മുഴുവന്‍ അപ്രസക്തമാക്കിക്കൊണ്ടാണ് നമ്മുടെ വികസനത്വര മുന്നേറിക്കൊണ്ടിരിക്കുന്നതെങ്കിലും, പ്രകൃതിദുരന്തങ്ങള്‍ക്ക് ഭാവിയില്‍ ഇരകളാകേണ്ടിവന്നേക്കാവുന്ന സാധാരണമനുഷ്യര്‍ പാഠങ്ങള്‍ നന്നായി തന്നെയാണ് പഠിച്ചിരിക്കുന്നത്. ഇത്തരം പരിസ്ഥിതിലോലപ്രദേശങ്ങളില്‍ എണ്ണസംഭരണപദ്ധതി പോലെയുള്ള വന്‍കിട പദ്ധതികള്‍ സ്ഥാപിക്കുന്നത് അനുവദിക്കാതിരിക്കുക എന്നത് ഒരു വലിയ തിരിച്ചറിവാണ്. പ്രളയം നടന്നതിന് മുമ്പായിട്ടുപോലും, കണ്ടങ്കാളിയില്‍ നടന്ന പാരിസ്ഥിതികപ്രത്യാഘാതനിര്‍ണയത്തിന്റെ ഭാഗമായ പബ്ലിക് ഹിയറിങിന് എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഒന്നടങ്കം നിര്‍ദിഷ്ടപദ്ധതിക്കെതിരായി കലക്ടര്‍ക്ക് മൊഴി കൊടുത്തതാണ്.

നാട്ടുകാരും പരിസരവാസികളുമായ ജനങ്ങള്‍ ഒന്നടങ്കം എതിരായിട്ടും പദ്ധതി തുടങ്ങാനുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്. പദ്ധതിക്കെതിരെ കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് വിവിധ സമരപരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. കണ്ടങ്കാളി പെട്രോളിയം സംഭരണപദ്ധതി ഉപേക്ഷിക്കുവാനും പ്രകൃതിവിഭവങ്ങള്‍ പാടേ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് വികസനനയം തിരുത്തുവാനുമായിട്ടാണ് ഇവിടെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത്.

തൃശൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള പെട്രോള്‍, ഡീസല്‍ തുടങ്ങിയ എണ്ണ സംഭരിക്കുന്നതിനായിട്ടാണ് ഈ വന്‍കിട സംഭരണശാല ഒരുങ്ങാന്‍ പോകുന്നത്. നിലവില്‍ പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന എണ്ണസംഭരണശാലകളെല്ലാം അടച്ചുപൂട്ടി പയ്യന്നൂരില്‍ മാത്രമായി വന്‍കിട എണ്ണസംഭരണശാല ആണ് വിഭാവനം ചെയ്യുന്നത്. ലോകത്തെല്ലായിടത്തും വന്‍കിടപദ്ധതികള്‍ മുഴുവന്‍ വികേന്ദ്രീകരിച്ച് ചെറുകിടപദ്ധതികളായി വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇത്തരത്തിലുള്ള ഒരു വന്‍കിട കേന്ദ്രീകൃത പദ്ധതി നിലവില്‍ വരുന്നത് എന്നതുതന്നെ ആദ്യമേ എതിര്‍ക്കപ്പെടേണ്ടുന്ന ഒരു കാര്യമാണ്. അതുകൂടാതെ 2030 ആകുമ്പേഴേക്കും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ എല്ലാം നിരോധിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം സൂചിപ്പിച്ചിട്ടുമുണ്ട്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഭീഷണി അത്രയേറെ കടുത്തതാണ്. അതിനുമപ്പുറം ഇനി പരമാവധി അമ്പത് വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള പെട്രോളിയം മാത്രമേ ഭൌമാന്തര്‍ഭാഗത്ത് അവശേഷിക്കുന്നുള്ളൂ എന്ന വസ്തുതയും നാം പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ വളരെ ചെറിയ കാലത്തേക്ക് മാത്രമേ നിര്‍ദിഷ്ട പെട്രോളിയം സംഭരണപദ്ധതികൊണ്ട് ഉപയോഗമുള്ളൂ എന്നതാണ് വാസ്തവം. ഈ വാസ്തവത്തെ മറച്ചുവെച്ചുകൊണ്ടാണ് പുതിയ വികസനക്ഷേത്രത്തിന്റെ നിര്‍മിതിക്കുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് ഭരണകൂടം ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത്. പാരിസ്ഥിതികവും മനുഷ്യകേന്ദ്രീകൃതവുമായ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ തീര്‍ത്തും അനാവശ്യമായ, പരമാവധി പത്തോ പതിനഞ്ചോ വര്‍ഷം മാത്രം പ്രവര്‍ത്തനസാധ്യതയുള്ള, പ്രളയാനന്തരകേരളത്തിന് ഒരിക്കലും താങ്ങാനാവാത്ത ഒരു വന്‍കിട പദ്ധതിക്കായി ഒരു പ്രദേശത്തെയും അവിടത്തെ ജനതയേയും ഭരണകൂടം പൂര്‍ണമായും കൈയൊഴിയുകയാണ. ഈ ഭരണകൂട അധിനിവേശത്തിനെതിരായി, ഈ വന്‍കിട പദ്ധതിക്കെതിരായി, പ്രദേശവാസികളും, പരിസ്ഥിതി-മനുഷ്യവകാശ പ്രവര്‍ത്തകരും, ആത്യന്തികമായി മനുഷ്യന്റെ സുസ്ഥിരനിലനില്‍പ് ആഗ്രഹിക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള മനുഷ്യരും ചേര്‍ന്ന് 2018 ഡിസംബര്‍ 15 മുതല്‍ 17 വരെ കണ്ണൂര്‍ കലക്റ്ററേറ്റിലേക്ക് ഒരു ജനകീയ വയല്‍രക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. 2018 ഡിസംബര്‍ 15ന് കണ്ടങ്കാളി താലോത്ത് വയല്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ, പരിയാരം, തളിപ്പറമ്പ്, കല്യാശേരി, പാപ്പിനിശേരി, വളപട്ടണം, പുതിയതെരു, പള്ളിക്കുന്ന് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഡിസംബര്‍ 17ന് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ സമാപിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply