ഓണ്‍ലൈന്‍ ടാക്സിയെ പേടിക്കുന്നതെന്തിന്?
വിപിഎം സാലിഹ് ‘ആഗോള മലയാളി ലോക്കലാകരുത്’ എന്നത് ഒരു ഒരു പരസ്യവാചകമാണ്. പക്ഷേ, ചിലയിടങ്ങളിലെല്ലാം ഇന്ന് മലയാളികള്‍ക്ക് അനുയോജ്യമായ വാചകവുമാണ് ഇത്. ‘ഓണത്തിനിടെ പുട്ട് കച്ചവടം’ എന്നു പറഞ്ഞതുപോലെ ലോകകപ്പിനിടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചും നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചും സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പുതിയ സങ്കേതങ്ങളെ എതിര്‍ത്തും മലയാളികള്‍ ഇത് തെളിയിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാരന്‍ ഭരണതലത്തിലും സാധാരണ ജനങ്ങള്‍ അവരിടപഴകുന്ന ഇടങ്ങളിലും ഈ വാചകം അര്‍ഥവത്താക്കുകയാണ്. രാജ്യത്തെ പ്രധാനപട്ടണങ്ങളില്‍ ടാക്സി സര്‍വീസ് നടത്തുന്നവര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്സിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതും ഒരുമാതിരി […]
വിപിഎം സാലിഹ്
‘ആഗോള മലയാളി ലോക്കലാകരുത്’ എന്നത് ഒരു ഒരു പരസ്യവാചകമാണ്. പക്ഷേ, ചിലയിടങ്ങളിലെല്ലാം ഇന്ന് മലയാളികള്‍ക്ക് അനുയോജ്യമായ വാചകവുമാണ് ഇത്. ‘ഓണത്തിനിടെ പുട്ട് കച്ചവടം’ എന്നു പറഞ്ഞതുപോലെ ലോകകപ്പിനിടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചും നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചും സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പുതിയ സങ്കേതങ്ങളെ എതിര്‍ത്തും മലയാളികള്‍ ഇത് തെളിയിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാരന്‍ ഭരണതലത്തിലും സാധാരണ ജനങ്ങള്‍ അവരിടപഴകുന്ന ഇടങ്ങളിലും ഈ വാചകം അര്‍ഥവത്താക്കുകയാണ്. രാജ്യത്തെ പ്രധാനപട്ടണങ്ങളില്‍ ടാക്സി സര്‍വീസ് നടത്തുന്നവര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്സിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതും ഒരുമാതിരി ‘ലോക്കല്‍’ പരിപാടിയാണ്. എന്താണ് ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍? എന്തിനും ഏതിനും ആഗോള കുത്തകകളെ കുറ്റംപറയുന്ന സ്വഭാവവും പിന്നെ ഏത് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വരുമ്പോഴും കേള്‍ക്കുന്ന ജോലി നഷ്ടവും.
യഥാര്‍ഥത്തില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ പൊതുജനത്തിന് സാമ്പത്തികലാഭം നല്‍കുന്നതാണ്. എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയിടങ്ങളില്‍ നിന്ന് സമീപപ്രദേശങ്ങളിലേക്കുള്ള യാത്രക്ക് ടാക്സി കാറുകളും ഓട്ടോകളും ഉപയോഗിക്കുമ്പോള്‍ പലപ്പോഴും യാത്രക്കാരന്‍ കൊള്ളയടിക്കപ്പെടുന്നു. ഇതിന് പകരം ഓണ്‍ലൈന്‍ ടാക്സികള്‍ ഉപയോഗിക്കുമ്പോള്‍ യാത്രക്കാരന് പോകേണ്ട ഓരോ സ്ഥലത്തേക്കും നിശ്ചിതതുക ആദ്യമേ അറിയാന്‍ കഴിയുന്നുണ്ട്. തന്റെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ നിശ്ചിത തുക കൊടുത്ത് യാത്രക്കാരന് ഇറങ്ങിപ്പോകാനും കഴിയും. ഇത് തന്നെയാണ് നിലവിലുള്ള ടാക്സി സര്‍വീസുകാരെ പ്രകോപിപ്പിക്കുന്നതും. ഇത്തരം സര്‍വീസുകള്‍ക്കെതിരെ സംഘടിത അക്രമത്തിന് മുതിരുന്നത് പലര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരുന്നതിന് തടസ്സമാവുകയാണ്. ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേല്‍പ്പിച്ചും ഈ രംഗത്തുനിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണ്.
ഇന്ന് സാര്‍വത്രികമായ ഇന്റര്‍നെറ്റും കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നടക്കുക എന്ന ജനങ്ങളുടെ മനോഭാവവും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ പൊതുജനത്തിന് ആകര്‍ഷകമാക്കിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ പട്ടണങ്ങളില്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതില്‍ മുന്‍പന്തിയിലുള്ളത് യൂബര്‍, ഓല കമ്പനികളാണ്. ജി പി എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) നിയന്ത്രണത്തിലുള്ള ടാക്സികള്‍ യാത്രക്കാരന് ലഭ്യമാക്കാന്‍ പെട്ടെന്ന് കഴിയും. അതുപോലെ തന്നെ മൊബൈല്‍ ചാര്‍ജിംഗ്, എയര്‍കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ഇതെല്ലാം ഇത്തരം സര്‍വീസുകളുടെ പ്രത്യേകതയാണ്. യാത്രക്ക് ചെലവാകുന്ന തുകയാകട്ടെ സാധാരണ ടാക്സികളേക്കാള്‍ കുറവും. ലോകം സാങ്കേതികമായി വളരുന്നതിനനുസരിച്ച് നമ്മുടെ തൊഴിലിടങ്ങളും തൊഴിലാളികളും മാറുകയെന്നല്ലാതെ, പുതിയ സങ്കേതങ്ങളെ എതിര്‍ക്കുകയെന്ന ശൈലി മാറേണ്ടതുണ്ട്.
നിലവില്‍ ടാക്സി സര്‍വീസ് നടത്തുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ യൂനിയന്‍ അംഗമായിരിക്കും. ഏത് യൂനിയനായാലും ഭരണ-പ്രതിപക്ഷഭേദമന്യേ എല്ലാവരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരിക്കും. ഇവിടെ മാത്രമാണ് ഇവരുടെ ഐക്യബോധം കാണുന്നത്. കൊച്ചിയില്‍ ഷയര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ നടന്ന അക്രമത്തിനെതിരെ ഇവരുടെ ഭാഗത്തുനിന്നും പ്രതിഷേധമുയര്‍ന്നില്ല. നമ്മളില്‍പ്പെട്ടവനല്ല എന്ന ചിന്ത തന്നെ. അല്ലെങ്കില്‍ മിനിമം ഒരു ജില്ലാ ഹര്‍ത്താലിനെങ്കിലും സ്‌കോപ്പുള്ളതായിരുന്നില്ലേ ടാക്സി ഡ്രൈവര്‍ക്കെതിരെയുള്ള മര്‍ദനം. എന്നിട്ടിപ്പോള്‍ വാദി പ്രതിയാകുന്ന അവസ്ഥയും. ഡ്രൈവര്‍ക്കെതിരെ കേസുമായിട്ടാണ് നമ്മുടെ പോലീസിപ്പോഴുള്ളത്.
നിലവില്‍ ടാക്സി സര്‍വീസ് നടത്തുന്നവര്‍ അക്രമപാത സ്വീകരിക്കുന്നതിന് പകരം ഇത്തരം ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും തങ്ങളുടെ വാഹനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള വഴികള്‍ ആരായുകയാണ് വേണ്ടത്. യൂനിയന്‍ തലത്തില്‍ ഇത്തരത്തില്‍ കമ്പനികള്‍ രൂപവത്കരിച്ച് സര്‍വീസ് നടത്താവുന്നതേയുള്ളൂ. ഓരോ യൂനിയന് കീഴിലും ഒരേ തരത്തിലുള്ള വാഹനങ്ങളും ഡ്രൈവര്‍മാര്‍ക്ക് യൂനിഫോമും എല്ലാം ഏര്‍പ്പെടുത്തി, ഇത്തരം ‘കുത്തക കടന്നുകയറ്റ’ങ്ങളെ പ്രതിരോധിക്കുകയാവും അഭികാമ്യം. ഓണ്‍ലൈന്‍ ടാക്സികളെ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യമാണല്ലോ തനിക്ക് യാത്ര ചെയ്യേണ്ട ദൂരത്തേക്ക് എത്ര രൂപയാകുമെന്നത്, ഇത്തരത്തിലുള്ള സേവനം നല്‍കാന്‍ നിലവില്‍ ടാക്സി സര്‍വീസ് നടത്തുന്നവര്‍ തയ്യാറാകേണ്ടതുമുണ്ട്.
ആധുനിക സങ്കേതങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ രാജ്യത്ത് പലപ്പോഴും സമരങ്ങളും എതിര്‍പ്പുകളും നാം കണ്ടതാണ്. അത്തരത്തിലുള്ള ഒന്നായി മാത്രമേ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെയുള്ള അക്രമങ്ങളെയും കാണാന്‍ കഴിയൂ. കമ്പ്യൂട്ടറിനെതിരെ സംസാരിച്ചവരാരും ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കാതിരിക്കുന്നില്ല. അതുപോലെ തന്നെ കുത്തക ഭീമനായ റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റുകളുമായി രാജ്യത്ത് രംഗപ്രവേശം ചെയ്തപ്പോഴും നാട്ടിലെ പല യുവജന സംഘടനകളും അതിനെതിരെ സമരം ചെയ്തവരാണ്. എന്നിട്ട് റിലയന്‍സ് വന്നിട്ട് നാട്ടില്‍ കച്ചവടം ചെയ്തവരെല്ലാം നിര്‍ത്തിപ്പോകേണ്ടിവന്നിട്ടില്ലല്ലോ. അവരൊക്കെ ഇപ്പോഴും കച്ചവടം ചെയ്ത് ജീവിക്കുന്നില്ലേ? എന്നുമാത്രമല്ല പല വ്യാപാരികളും റിലയന്‍സിന്റെ വഴി സ്വീകരിച്ച് വ്യാപാരം ആ രീതിയിലേക്ക് മാറ്റി. ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലും സൂപ്പര്‍ മാര്‍ക്കറ്റുകളാണ്. ആവശ്യക്കാരന് യഥേഷ്ടം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നു വെന്നതാണ് ഇതിന്റെയെല്ലാം പ്രത്യേകത. കടയില്‍ പോയി സെയില്‍സ്മാനെ കാത്തിരിക്കേണ്ടതില്ല. നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍, നിശ്ചിത ബ്രാന്‍ഡുകള്‍ എല്ലാം തിരഞ്ഞെടുത്ത് കാശും കൊടുത്ത് പോരാം. എന്നുമാത്രമല്ല, പലരും ഹോം ഡെലിവറി സൗകര്യമേര്‍പ്പെടുത്തുകയുണ്ടായി. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്സ് ആപ്പ് ചെയ്താല്‍ നമ്മുടെ വീട്ടുപടിക്കല്‍ അവയെല്ലാം എത്തും. പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്താലും മതി. ഇതെല്ലാം എല്ലാവര്‍ക്കും കഴിയില്ല എന്നൊക്കെയായിരിക്കും ഇതിനെതിരെയുള്ള ന്യായീകരണം. മാറിയലോകത്ത് ഇങ്ങനെയെന്തെല്ലാം നാട്ടുകാര്‍ പഠിച്ചു. ഇനിയും പഠിക്കാനിരിക്കുന്നു. എല്ലാത്തിനേയും എതിര്‍ക്കുക എന്നതിന് പകരം എല്ലാത്തിന്റേയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളുക എന്നതിലേക്ക് നാം മാറേണ്ടിയിരിക്കുന്നു.
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച മറ്റൊരു സംവിധാനമാണ് ‘ബൈക്ക് ടാക്സി’. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ നിരീക്ഷണം. വര്‍ധിച്ചുവരുന്ന അപകടങ്ങളില്‍ കൂടുതലും ബൈക്കുകള്‍ വരുത്തിവെക്കുന്നതാണ് ഇതിനെതിരെ പറയുന്ന ന്യായം. കണക്കുകള്‍ അങ്ങനെയൊക്കെയായിരിക്കാം. എന്നാല്‍ ബൈക്ക് ടാക്സികള്‍ വരുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുക നിരത്തില്‍നിന്നും ഓട്ടോകളുടെ എണ്ണം കുറയുക എന്നതായിരിക്കും. പലപ്പോഴും ഒരു യാത്രക്കാരന് വേണ്ടി മാത്രമാണ് ഇപ്പോള്‍ ഓട്ടോകള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന് പകരം ബൈക്കുകള്‍ വരുമ്പോള്‍ റോഡില്‍ സ്ഥലം ബാക്കിയാകുകയല്ലേ ചെയ്യുക? നിലവില്‍ ബൈക്കുകള്‍ വരുത്തുന്ന അപകടങ്ങളില്‍ അധികപക്ഷവും യുവാക്കളുടെ സാഹസിക ഓട്ടത്തിന്റെ പരിണിതിയാണ്. എന്നാല്‍ ഇത് ഒരു നിശ്ചിത കമ്പനിയുടെ ഉടമസ്ഥതയിലാകുമ്പോള്‍ അതിനനുസരിച്ചുള്ള ചിട്ടകളും നിയന്ത്രണങ്ങളും പാലിക്കുന്നവര്‍ക്കേ അനുമതി ലഭിക്കുകയുള്ളൂ. ജി പി എസ് നിയന്ത്രണത്തിലുള്ള വാഹനം ഓടിക്കുന്നവര്‍ നിശ്ചിത യൂനിഫോമിലായിരിക്കും. യൂനിഫോമും ജി പി എസുമെല്ലാം ഡ്രൈവറെ അപകടകരമായ ഡ്രൈവിംഗില്‍ നിന്നും തടയുമെന്നതില്‍ സംശയമില്ല. അതിന് പുറമേ പിറകില്‍ കയറുന്ന യാത്രക്കാരന് ഹെല്‍മറ്റും ബൈക്ക് ടാക്സി ഓടിക്കുന്നവര്‍ ഉറപ്പുവരുത്തണം. രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ ഇത്തരത്തില്‍ ഇപ്പോള്‍ സര്‍വീസ് നടക്കുന്നുണ്ട്. ബൈക്കുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണെന്നതും ഗതാഗതക്കുരുക്കിനിടയില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സൗകര്യപ്രദമാണെന്നതും പട്ടണങ്ങളില്‍ ഇതൊരു വലിയ ഉപകാരമായിരിക്കും. എന്നുമാത്രമല്ല ഇത്തരം സര്‍വീസുകള്‍ നടക്കുന്നയിടങ്ങളില്‍ യുവാക്കള്‍ക്ക് അതൊരു വരുമാന മാര്‍ഗവുമായി മാറിയിട്ടുണ്ട്.
ആധുനികതയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ ഇത്തരം കേന്ദ്രീകൃത സംവിധാനങ്ങള്‍ക്കേ ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയൂ. യാത്രക്കായി റോഡുവക്കില്‍ മിനിറ്റുകളോ മണിക്കൂറുകളോ കാത്തിരിക്കുന്ന അവസ്ഥയെല്ലാം മാറേണ്ടതുണ്ട്. ഓണ്‍ലൈന്‍ ടാക്സികളും ബൈക്കുകളും വരുന്നതോടെ നിലവില്‍ സര്‍വീസ് നടത്തുന്നവരൊക്കെ അതെല്ലാം ഉപേക്ഷിച്ച് പോകണമെന്നല്ല, മറിച്ച് ഇത്തരം സാങ്കേതികവിദ്യകളിലേക്കും സൗകര്യങ്ങളിലേക്കും നിലവിലുള്ളവരും മാറുകയാണ് വേണ്ടത്. എന്നല്ല ഇത്തരം രീതികള്‍ സ്വീകരിക്കുന്നവര്‍ക്കേ ഭാവിയില്‍ ഈ രംഗത്തൊക്കെ പിടിച്ച് നില്‍ക്കാന്‍ കഴിയൂ എന്നതാണ് പരമാര്‍ഥം. ആഗോള കുത്തകകളെ പരാജയപ്പെടുത്തേണ്ടത് അക്രമത്തിന്റെ പാതയിലൂടെയല്ല. കാരണം പണവും അധികാരവുമെല്ലാം അവരുടെ കൈകളില്‍ ഭദ്രമാണ്. അതിനുപകരം ജനകീയബദലുകളിലൂടെ, സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാവട്ടെ, കുത്തകകള്‍ക്കെതിരെയുള്ള സമരമുറകള്‍. സാങ്കേതികവിദ്യകള്‍ക്കെതിരെ പൊരുതി മലയാളി ലോക്കലാകുന്നതിന് പകരം ഹൈടെക്കാകട്ടെ.
സിറാജ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in