ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കുമ്പസാരിക്കുന്നു
സണ്ണി പൈകട മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണ്? ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലായിരുന്നിട്ടും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കുപ്രചരണങ്ങള്‍ വിജയിക്കുന്നതെന്തുകൊണ്ടാണ്? കഴിഞ്ഞ മുപ്പതുവര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന ഒരു മലയോര കര്‍ഷകനാണ് ഞാന്‍. പരിസ്ഥിതി നാശത്തിനെതിരായി നടന്നിട്ടുള്ള പല സമരങ്ങളിലും പങ്കാളിയാവാനും ചില സമരങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും അവസരമുണ്ടായിട്ടുണ്ട്. പ്രകൃതിസംരക്ഷത്തിനായുള്ള നിര്‍മ്മാണാത്മകമായ ചില ഉദ്യമങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെ എന്റെ ബോധ്യങ്ങളില്‍ നിന്ന് ഒന്ന് […]
സണ്ണി പൈകട
മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണ്? ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലായിരുന്നിട്ടും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കുപ്രചരണങ്ങള്‍ വിജയിക്കുന്നതെന്തുകൊണ്ടാണ്?
കഴിഞ്ഞ മുപ്പതുവര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന ഒരു മലയോര കര്‍ഷകനാണ് ഞാന്‍. പരിസ്ഥിതി നാശത്തിനെതിരായി നടന്നിട്ടുള്ള പല സമരങ്ങളിലും പങ്കാളിയാവാനും ചില സമരങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും അവസരമുണ്ടായിട്ടുണ്ട്. പ്രകൃതിസംരക്ഷത്തിനായുള്ള നിര്‍മ്മാണാത്മകമായ ചില ഉദ്യമങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെ എന്റെ ബോധ്യങ്ങളില്‍ നിന്ന് ഒന്ന് വിശകലം ചെയ്യുകയാണ്.
തൊണ്ണൂറു ശതമാനവും സ്വീകാര്യമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോരമേഖലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ആശങ്കകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കാര്യമായൊന്നും ഇടപെടാനോ ജനങ്ങളെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനോ ആവാതെ കാഴ്ചക്കാരായി നില്‍ക്കേണ്ടിവരുന്ന ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗതികേട് എന്നെ ദുഃഖിപ്പിക്കുന്നു. ആത്മസംതൃപ്തിക്കുവേണ്ടി പരിസ്ഥിതിപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള ചില ചെറുപ്രതികരണങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും, അതൊന്നും മലയോര ജനതയുടെ ചിന്താഗതിയില്‍ നേരിയതോതിലുള്ള സ്വാധീനം ചെലുത്താന്‍ പോലും പര്യാപ്തമല്ലായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇവിടെ ഞാന്‍ എന്നോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നത്? ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലേതാണെന്നിരിക്കെ, വളരെ സജീവമായ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സാന്നിദ്ധ്യം എല്ലാ കര്‍ഷക കുടുംബങ്ങളിലുമുണ്ടെന്നിരിക്കെ ആടിനെ പട്ടിയാക്കുന്ന പ്രചരണം ഈ വിധത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്നതിന്റെ രഹസ്യമെന്ത്? ചെറുതും വലുതുമായ പരിസ്ഥിതിസംഘടനകളും നേതാക്കളും പ്രസിദ്ധീകരണങ്ങളും കണ്ണിലെണ്ണയൊഴിച്ച് പ്രകൃതിസംരക്ഷണത്തിനായി നിലകൊള്ളുന്ന കേരളത്തില്‍ അവരുടെ വാക്കുകള്‍ക്ക് കര്‍ഷകജനത ചെവി കൊടുക്കാത്തതെന്തുകൊണ്ടാണ്? പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യം മനസ്സിലാക്കാന്‍ തക്ക ബുദ്ധിപരമായ വളര്‍ച്ചയില്ലാത്ത വെറും കിഴങ്ങുതീനികളാണോ മലയോര ജനത? ജൈവകൃഷിരീതികളും മറ്റും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്ന മലയോരജനത എന്തുകൊണ്ടാണ് പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ പുറം തിരിഞ്ഞുനില്‍ക്കുന്നത്? ഇത്തരം ചോദ്യങ്ങളാണ് ചില തുറന്നുപറച്ചിലുകള്‍ നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് നിരീക്ഷണങ്ങളാണ് പ്രധാനമായും ഞാനിവിടെ സൂചിപ്പിക്കുന്നത്. ഒന്നാമത്തെ കാര്യം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് മലയോരജനതയുടെ മനസ്സില്‍ കാര്യമായ വിശ്വാസ്യതയോ സ്വീകാര്യതയോ ഇല്ല എന്നതാണ്. രണ്ടാമത്തെ കാര്യം, കേരളീയ ജനസമൂഹത്തിന്റെ ഗണ്യമായ ഒരു പങ്കിന്റെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒരു വിഷയത്തില്‍ അവരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് സത്യം ബോധ്യപ്പെടുത്താനുള്ള യാഥാര്‍ത്ഥ്യബോധമോ നയതന്ത്രജ്ഞതയോ ആത്മവിശ്വാസമോ ഇനിയും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചിട്ടില്ല.ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരെക്കുറിച്ച് ആത്മവിമര്‍ശനപരമായി പ്രകടിപ്പിക്കുന്ന ഈ നിരീക്ഷണങ്ങളോട് പരിസ്ഥിതി സംരക്ഷണരംഗത്തെ സുഹൃത്തുകളേറെയും യോജിക്കില്ലായെന്നെനിക്കറിയാം. എങ്കിലും എന്റെ ഈ ബോധ്യങ്ങള്‍ക്ക് ആധാരമായ ചില കാര്യങ്ങള്‍ എനിക്ക് വിശദീകരിക്കാനുണ്ട്.
കേരളത്തിന്റെ പൊതുമനസ്സ് കര്‍ഷകരെ മാനിക്കുന്ന ഒന്നല്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ കൃഷിയെക്കുറിച്ച് വളരെ കാല്‍പ്പനികമായി സംസാരിക്കുമെങ്കിലും അവരിലേറിയ പങ്കിന്റെയും ഉപജീവനമാര്‍ഗ്ഗം കൃഷിയല്ലതാനും. നെല്‍കര്‍ഷകര്‍ ഒഴികെയുള്ള കര്‍ഷകരെ, പ്രത്യേകിച്ചും നാണ്യവിളകള്‍ കൃഷി ചെയ്യുന്ന മലയോര കര്‍ഷകരെക്കുറിച്ചുള്ള മിക്ക പരിസ്ഥിതിപ്രവര്‍ത്തകരുടെയും മുന്‍വിധി അവര്‍ വനം കയ്യേറ്റക്കാര്‍ ആണ് എന്നതാണ്. ഈ മുന്‍വിധിയോടെയുള്ള പ്രതികരണങ്ങളും നിലപാടുകളും ഞാന്‍ എത്രയോ തവണകണ്ടിരിക്കുന്നു കേട്ടിരിക്കുന്നു. എന്നാല്‍ മലയോരകര്‍ഷകര്‍ വെട്ടിവെളുപ്പിച്ചതിലുമധികം വനം വന്‍കിടപ്ലാന്റേഷനുകള്‍ക്കുവേണ്ടിയും സര്‍ക്കാരിന്റെ വന്‍കിടപദ്ധതികള്‍ക്കുവേണ്ടിയും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കയാണ്. മാത്രവുമല്ല മലയോരങ്ങളിലേക്കുള്ള കുടിയേറ്റം ആദ്യഘട്ടത്തില്‍ നടന്നത് അക്കാലത്തെ ഭരണ കര്‍ത്താക്കളുടെ പിന്‍ബലത്തോടെയും പ്രേരണയോടെയുമായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. ആദ്യകാല കുടിയേറ്റക്കാര്‍ സഹിച്ചിട്ടുള്ളയാതനകളും പലരും ഉള്‍ക്കൊള്ളുന്നില്ല. അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഇന്നത്തെ മലയോരജനത ഇടനാട്ടിലും തീരമേഖലകളിലുമായിരുന്നു പെറ്റ് പെരുകിയിരുന്നത് എങ്കില്‍ ആ മേഖലകളിലെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സമ്മര്‍ദ്ദം എത്രയാകുമായിരുന്നു എന്നതും ആലോചിക്കേണ്ടതാണ്.
ഇടനാട്ടിലും തീരപ്രദേശങ്ങളിലും അധിവസിക്കുന്നവരുടെ കൈകള്‍ പാരിസ്ഥിതികമായി ശുദ്ധമാണോ എന്നതും ആലോചിക്കേണ്ടതാണ്. പാടങ്ങള്‍ വന്‍തോതില്‍ നികത്തിയതും നദികളുടെയും കടലിന്റെയും തീരങ്ങള്‍ വന്‍തോതില്‍ കയ്യേറിയവരും മലയോരജനതയല്ലല്ലോ. അവരോടില്ലാത്ത പാരിസ്ഥിതികകാര്‍ക്കശ്യം എന്തിനാണ് മലയോരവാസികളോട് ചില പരിസ്ഥിതിക്കാര്‍ വച്ചുപുലര്‍ത്തുന്നത്. പാടം നികത്തി വീടുകളും, വിദ്യാലയങ്ങളും കളിസ്ഥലങ്ങളും മറ്റും കെട്ടിപ്പൊക്കിയവരെയും തീരങ്ങള്‍ കയ്യേറി കോണ്‍ക്രീറ്റ് കാടുകള്‍ വളര്‍ത്തിയവരെയും കുടിയൊഴിപ്പിച്ച് പാടങ്ങളും തീരങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആരും നിലപാടെടുക്കുന്നില്ലല്ലോ. സംഭവിച്ചുപോയ പാരിസ്ഥിതികമായ ചില ശരികേടുകളെ സാമൂഹികമായ ചില ശരികളായി അംഗീകരിക്കേണ്ടിവരുന്ന അനിവാര്യത മൂലമാണിങ്ങനെ നിലപാടെടുക്കാന്‍ കഴിയാത്തത്. എന്നാല്‍ മലയോരകര്‍ഷകരുടെ കാര്യത്തില്‍ ഈയൊരു യാഥാര്‍ത്ഥ്യബോധം പലരും പ്രകടിപ്പിക്കുന്നില്ല. 1977 വരെയുള്ള കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാനും തുറന്നംഗീകരിക്കാനും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആരാണ് തയ്യാറായിട്ടുള്ളത്?
ചിലരെങ്കിലും കോടതി വഴി ചില തടസ്സവാദങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടയം ലഭിക്കാനുള്ള നടപടികള്‍ തടസ്സപ്പെട്ട അനുഭവങ്ങള്‍ മലയോരകര്‍ഷകര്‍ക്ക് പറയാനുണ്ട്. രാഷ്ട്രീയനേതൃത്വം. 1977വരെയുള്ളകുടിയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് പറയുമ്പോഴും, ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ കുറെപ്പേര്‍ക്ക് മാത്രം പട്ടയം നല്‍കുകയും ബാക്കിയാളുകളെ പട്ടയമെന്ന പ്ലാവിലകാണിച്ച് പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. പട്ടയദാനം ഒരിക്കലും പൂര്‍ത്തിയാക്കാതെ ഇങ്ങനെ നീട്ടികൊണ്ടുപോകുന്നത് രാഷ്ട്രീയ നേട്ടത്തോടൊപ്പം പുതിയ കയ്യേറ്റങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ക്കൂടിയാണെന്ന സത്യമെങ്കിലും മനസ്സിവാക്കി 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കണമെന്ന ഉറച്ച നിലപാട് പരിസ്ഥിതി സംഘടനകളൊന്നും സ്വീകരിച്ചുകാണുന്നില്ല. പരിസ്ഥിതി സംഘടനകള്‍ അത്തരം നിലപാടെടുക്കാത്തതിനാലാണ് പട്ടയദാനം വൈകുന്നത് എന്നല്ല പറഞ്ഞുവരുന്നത്, മറിച്ച് വസ്തുനിഷ്ഠമായനിലപാട് യഥാസമയം സ്വീകരിച്ചിരുന്നെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകരോട് മലയോര ജനതക്ക് ഇന്നുള്ള മനോഭാവത്തില്‍ മാറ്റം വരുമായിരുന്നു എന്നാണ്.
മലയോരകര്‍ഷകര്‍ വിയര്‍പ്പുചിന്തി ഒരു ഹരിതമേലാപ്പ് എങ്കിലും വളര്‍ത്തിയവരാണ്. എന്നാല്‍ പാടം നികത്തിയവരും തീരങ്ങള്‍ കയ്യേറിയവരും വളര്‍ത്തിയത് കോണ്‍ക്രീറ്റ് കാടാണെന്നും, ചിലരെങ്കിലും അത്തരം കോണ്‍ക്രീറ്റ് കാടുകളില്‍ തപസ്സു ചെയ്തുകൊണ്ടും, തൊഴിലെടുത്തുകൊണ്ടുമാണ് ഹരിത വിചാരങ്ങള്‍ പ്രസരിപ്പിക്കുന്നത് എന്നതും മലയോരജനത മനസ്സിലാക്കുന്നുണ്ട്. മാത്രവുമല്ല കൃഷിയെക്കുറിച്ച് ഏറെ കാല്‍പ്പനികമായി സംസാരിക്കുന്നവരില്‍ ആരും തന്നെ സ്വന്തം മക്കളിലാര്‍ക്കെങ്കിലും രണ്ടേക്കര്‍ സ്ഥലം വാങ്ങി നല്‍കി പ്രകൃതി സൗഹൃദപരമായി കൃഷി ചെയ്ത് ജിവിക്കാന്‍ പ്രേരിപ്പിക്കുന്ന കാഴ്ച ഈ ഭൂമിമലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ല. ഓര്‍ക്കുക; ഉദ്യോഗസ്ഥരും സംഘടിതതൊഴിലാളികളും, സംഘടിതരായ വ്യാപാരി വ്യവസായി സമൂഹവും, അസംഘടിതരായ കര്‍ഷരുമെല്ലാം അടങ്ങുന്നതാണ് കേരളീയ സമൂഹം. ഈ സമൂഹം കമ്പോളം അഴിച്ചുവിടുന്ന ഉപഭോഗമോഹങ്ങളുടെ ഒരേ പ്രവാഹത്തിലാണ് നീന്തിത്തുടിക്കുന്നത്. ഏതെങ്കിലും ഒരു ജനവിഭാഗം മാത്രം ഈ പ്രവാഹത്തിനെതിരെ നിലകൊള്ളണമെന്ന് മറ്റ് ജനവിഭാഗങ്ങള്‍ പറയുന്നതിലര്‍ത്ഥമില്ല. നിങ്ങള്‍ മലയോരജനത മുഴുവന്‍ സമൂഹത്തിനും വേണ്ടി വലിയ വീടുവയ്ക്കാനും മുന്തിയ ഇനം കാറുവാങ്ങാനും, ആധുനിക ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനും നല്ല ഗതാഗത സൗകര്യങ്ങള്‍ അനുഭവിക്കാനുമൊക്കെയുള്ള മോഹങ്ങള്‍ മാറ്റിവയ്ക്കണമെന്ന് മറ്റ് ജനവിഭാഗങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലൂടെ പറയുന്നതായാണ് അവര്‍ക്ക്് തോന്നുന്നത്. അങ്ങനെയല്ല എന്നവരെ ബോധ്യപ്പെടുത്താനുള്ള സ്വീകാര്യതയും വിശ്വാസ്യതയും ജീവിതം കൊണ്ടും നിലപാടുകള്‍കൊണ്ടും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരിലെ പ്രാമാണിക വിഭാഗം ആര്‍ജ്ജിച്ചിട്ടില്ലായെന്നിടത്താണ് മലയോരജനത മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് ചെവികൊടുക്കുന്നത് എന്ന സത്യം നമ്മള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇനിയെങ്കിലും അംഗീകരിക്കണം.
ഇനി എന്റെ രണ്ടാമത്തെ നിരീക്ഷത്തിന്റെ അടിസ്ഥാനമെന്തെന്ന്് വിശദീകരിക്കാം. വലിയൊരു മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്ന ഒരു വിഷയത്തില്‍ യുക്തിസഹമായി ഇടപെടാനുള്ള തന്ത്രജ്ഞതയോ ആത്മവിശ്വാസമോ യാഥാര്‍ത്ഥ്യബോധമോ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നതാണ് എന്റെ രണ്ടാമത്തെ നിരീക്ഷണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതുവരെ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ നിരീക്ഷണത്തിനടിസ്ഥാനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വതന്ത്രമായി വിലയിരുത്തുന്നതിനുപകരം, അതിലടങ്ങിയിരിക്കുന്ന ശ്രദ്ധേയവും സ്വീകാര്യവുമായ നിര്‍ദ്ദേശങ്ങളില്‍ ആവേശം പൂണ്ട് റിപ്പോര്‍ട്ടിനൊന്നാകെ സ്തുതിഗീതങ്ങളാലപിച്ച് അതിന് പ്രതിരോധകവചം തീര്‍ക്കുന്ന നിലപാടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചത.് വ്യതസ്ത താല്പര്യങ്ങളും വീക്ഷണങ്ങളും നിലനില്‍ക്കുന്ന ഒരു വലിയ സമൂഹത്തില്‍ ഇതുപോലുള്ള വിഷയങ്ങളില്‍, സത്യമാണെങ്കില്‍ പോലും അതെങ്ങനെ അവതരിപ്പിക്കുന്നു എന്നത്, ഇക്കാര്യത്തിന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ആകമാനം ആവേശത്തോടെ വാഴ്ത്തിയപ്പോള്‍ നമ്മള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാതെ പോയ ചില ഗൗരവമാര്‍ന്ന പോരായ്മകളെ മറുപക്ഷം വിദഗ്ദമായും പ്രായോഗിക കൗശലങ്ങളോടെയും വികസിപ്പിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും നിറം പിടിപ്പിച്ചും ജനമദ്ധ്യത്തിലവതരിപ്പിക്കുകയും റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്തു. എന്തൊക്കയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിയ്ക്കാതെ പോയതും സ്ഥാപിത താല്പര്യക്കാര്‍ ഇന്ധനമാക്കിയതുമായ പോരായ്മകള്‍ എന്നു നോക്കാം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഉയര്‍ന്ന ഏറ്റവും മൂര്‍ച്ചയുള്ള വിമര്‍ശനം അത് ജനങ്ങളുടെ അഭിപ്രായം തേടാതെ തയ്യാറാക്കിയതാണെന്നാണ്. ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനു നല്‍കിയ നിര്‍ദ്ദേശങ്ങളിലൊന്ന്, ബന്ധപ്പെട്ട എല്ലാ സംസ്ഥാനഭരണകൂടങ്ങളുടെയും പ്രദേശികവാസികളായ ജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാര്‍ഗ്ഗരേഖകള്‍ നിര്‍ദ്ദേശിക്കുക എന്നതാണ്. എന്നാല്‍ നിരവധിസംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന പശ്ചിമഘട്ടത്തെക്കുറിച്ച് നടത്തിയ പഠനത്തിനായി ആകെ നടത്തിയത് നാല് ജനകീയ ചര്‍ച്ചകള്‍ മാത്രമാണെന്ന് വിദഗ്ദസമിതിയംഗമായ ഡോ.വി. എസ്.വിജയന്‍ തന്നെ പറയുന്നു. ആകെ 35 യോഗങ്ങള്‍ നടന്നെങ്കിലും അതില്‍ നാല് ജനകീയ ചര്‍ച്ചകളെ ഉണ്ടായുള്ളു എന്നോര്‍ക്കണം. ഇതില്‍ നിന്നു തന്നെ ജനാഭിപ്രായങ്ങളോട് സമിതിക്കുണ്ടായിരുന്ന മനോഭാവം വ്യക്തമാണ്. ആ നാലു ചര്‍ച്ചകളുടെയും സ്വഭാവമെന്തായിരുന്നു എന്നതും അതില്‍ പങ്കെടുത്ത ജനങ്ങള്‍ പശ്ചിമഘട്ടമേഖലയിലെ ജനസമൂഹത്തിന്റെ പരിഛേദമായിരുന്നോ എന്നൊന്നും അറിയില്ല. പശ്ചിമഘട്ടമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഉത്തരവാദിത്വപൂര്‍ണ്ണവും ബോധപൂര്‍വ്വകവുമായ പങ്കാളിത്തമില്ലാതെ ഏതു റിപ്പോര്‍ട്ട് വന്നാലും, എന്തു നിയമനിര്‍മ്മാണം നടത്തിയാലും, പട്ടാളനടപടി ഉണ്ടായാല്‍ പോലും പശ്ചിമഘട്ടസംരക്ഷണം അസാധ്യമാണെന്നിരികെ, നാല് ജനകീയ ചര്‍ച്ചകള്‍ കൊണ്ട് മതിയാക്കിയ വിദഗ്ദസമിതിയുടെ സമീപനം ധിക്കാരപരമാണ.് വൈദഗ്ധ്യം എന്നത് ഇന്നത്തെ സമൂഹത്തില്‍ അധികാരം കൂടിയാണ്. വിദഗ്ദസമിതികള്‍ അധികാരസമിതികള്‍ തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ വിദഗ്ദസമിതി റിപ്പോര്‍ട്ടുകളെയാണ് മിക്കപ്പോഴും ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കുമേലുള്ള അധികാരപ്രയോഗം വ്യവസ്ഥാപിതമാക്കാനുള്ള ഉപകരണങ്ങളാക്കുന്നത്. അത്തരമൊരു വിദഗ്ദസമിതിയായ ഗാഡ്ഗില്‍ കമ്മിറ്റി പേരിനു മാത്രം ജനകീയ ചര്‍ച്ച നടത്തി തങ്ങളുടെ വൈദഗ്ദ്യധാര്‍ഷ്ട്യം പ്രകടിപ്പിച്ചതിനെ ജനങ്ങളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ മറുപക്ഷം അതിവിദഗ്ദമായി ഉപയോഗപ്പെടുത്തി. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രാദേശികഭാഷയില്‍ ഈ മേഖലയിലെ ഗ്രാമപഞ്ചായത്തുകള്‍ മുതലുള്ള ഭരണസ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ട് പശ്ചിമഘട്ടത്തിലെ ഓരോ ജില്ലയിലും ഒന്നോ രണ്ടോ മേഖലാതല സിറ്റിംഗ് നടത്തി നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കില്‍ അത് എത്ര ജനാധിപത്യപരമാകുമായിരുന്നു. സമയക്കുറമൊന്നും ഈ വീഴ്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്ന ന്യായീകരണമല്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ട് തയ്യാറാക്കുന്ന പ്രക്രിയയില്‍ സംഭവിച്ച ഈ ജനാധിപത്യമില്ലായ്മ ചൂണ്ടിക്കാണിക്കാനും അതില്‍ പ്രതിഷേധിക്കാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു ഘട്ടത്തിലും കഴിഞ്ഞില്ല.
റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രക്രിയയില്‍ സംഭവിച്ച ഈ വീഴ്ചപോലെ തന്നെ, ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ വിദഗ്ദമായി ജനങ്ങളെ റിപ്പോര്‍ട്ടിനെതിരെ അണിനിരത്താന്‍ ഉപയോഗിച്ച ചില അവ്യക്തതകള്‍നിറഞ്ഞ ശുപാര്‍ശകളും ശ്രദ്ധിക്കേണ്ടതാണ്. അതിലൊന്ന് 30 ശതമാനമത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടു വിളകള്‍കൃഷി ചെയ്യാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ്. സദുദ്ദേശപരമായ ഈ ശുപാര്‍ശയില്‍ മതിയായ മണ്ണ്-ജല സംരക്ഷണ ഉപാധികള്‍ സ്വീകരിക്കാതെ 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടുവിളകള്‍ അനുവദിക്കരുതെന്ന ഒരു ചെറിയമാറ്റം വരുത്തിയിരുന്നെങ്കില്‍, ഇടുക്കി ബിഷപ്പിന് മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല എന്ന് വിലപിച്ച് ജനങ്ങളെ ഇളക്കാന്‍ അവസരമുണ്ടാകുമായിരുന്നില്ല. മലയോരത്ത് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി തന്നാണ്ടു വിളകള്‍ കൃഷിചെയ്യുന്ന ഞാനുള്‍പ്പെടെയുള്ള ആയിരക്കണക്കിന് കര്‍ഷകരുണ്ട്. ഞങ്ങള്‍ കൃഷി ചെയ്യുന്നത് കയ്യാലവച്ച് തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് ഒഴിവാക്കിയിട്ടാണെന്നുമാത്രം. അത്തരം സംര്കഷണ നടപടികളെടുക്കാതെ തന്നാണ്ടുവിളകള്‍ കൃഷി ചെയ്താലുണ്ടാവുന്ന പ്രശ്‌നം ഒരു വിദഗ്ദസമിതിയും ചൂണ്ടിക്കാണിക്കാതെ തന്നെ മനസ്സിലാക്കാനുള്ള വിവരം കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിയും വാഴയും മരച്ചീനിയും കൃഷിചെയ്യുന്നവര്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. ഈ കാര്യം പ്രത്യേകമായി ചൂണ്ടിക്കാണിച്ച് നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നെങ്കില്‍ ഇത് സംബന്ധിച്ച് ഒരു വിമര്‍ശനവുമുയരില്ലായിരുന്നു.
തന്നാണ്ടുവിളകളുടെ കാര്യത്തിലെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ശുപാര്‍ശപോലെ തന്നെയാണ് മൃഗങ്ങളുടെ സഞ്ചാരപാതകള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും. ഏതൊക്കെ വനമേഖലകള്‍ക്കിടയില്‍ എത്രകിലോമീറ്റര്‍ വീതിയില്‍ മൃഗങ്ങളുടെ സഞ്ചാരപാതകളൊരുക്കണമെന്നോ, അതിനായി കുടിയൊഴിപ്പിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കണമെന്നോ, തൊട്ടുചേര്‍ന്ന് കിടക്കുന്ന കൃഷി ഭൂമിയിലേക്ക് വന്യമൃഗങ്ങള്‍ കടക്കുന്നതിനെ ഏതുവിധത്തില്‍ പ്രതിരോധിക്കണമെന്നോ വ്യക്തമാക്കാതെ ഈ നിര്‍ദ്ദേശം വച്ചതോടെ പശ്ചിമഘട്ടത്തിലെവിടെയൊക്കെയോ വന്യമൃഗസംരക്ഷണത്തിനുവേണ്ടി വനങ്ങളുടെ പുനഃസൃഷ്ടിക്കായി കര്‍ഷകര്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ തല്‍പ്പരകക്ഷികള്‍ക്ക് എളുപ്പമായി.
അതുപോലെതന്നെയാണ് കെട്ടിട നിര്‍മ്മാണശൈലിയിലെ മാറ്റം പശ്ചിമഘട്ടത്തിനായി മാത്രം ശുപാര്‍ശചെയ്തതിലെ വിഢ്ഢിത്തം. മലയോരവാസികള്‍ കെട്ടിടം പണിയുമ്പോള്‍ കമ്പിയും സിമന്റും ഉപയോഗിക്കുന്നത് കുറയ്ക്കണം, മറ്റ് മേഖലകളിലുള്ളവര്‍ യഥേഷ്ടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയട്ടെ എന്ന മനോഭാവം പ്രകോപനപരമാണ്. കെട്ടിടനിര്‍മ്മാണശൈലിയിലെ നിയന്ത്രണങ്ങള്‍ എല്ലാ മേഖലകള്‍ക്കുമായി ശുപാര്‍ശചെയ്തിരുന്നെങ്കില്‍ അതില്‍ യുക്തിഭദ്രതയുണ്ട്. ഇടനാട്ടിലും തീരപ്രദേശങ്ങളിലുമുയരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും, റോഡ്-റയില്‍വേ ലൈനുകള്‍ക്കും വേണ്ടി പാറപൊട്ടിച്ചെടുക്കുന്നതും മണല്‍ ഒഴുകിയെത്തുന്നതും ഏറിയപങ്കും മലയോരമേഖലകളില്‍ നിന്നായതിനാല്‍ നിയന്ത്രണം എല്ലായിടത്തേക്കുമായി ശുപാര്‍ശ ചെയ്യുകയല്ലേയുക്തി. സാമാന്യജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഈ യുക്തിരാഹിത്യം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊതുവെ മലയോരവാസികളോട് ചിറ്റമനയം പുലര്‍ത്തുന്നഒന്നാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു.
ഒട്ടും ജനാധിപത്യപരമല്ലാത്ത പ്രക്രിയയിലൂടെ ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങളും കുറെ അവ്യക്തതകളും മുന്നോട്ടുവയ്ക്കുകയും, പശ്ചിമഘട്ട സംരക്ഷണത്തിനായി പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോ റിറ്റി, സംസ്ഥാന പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോറിറ്റി, ജില്ലാ ആവാസ വ്യവസ്ഥ കമ്മിറ്റി എന്നീ ത്രിതല അധികാര സംവിധാനം രൂപകല്പന ചെയ്യുകയുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയില്‍ നിന്നുണ്ടായത്. ഇങ്ങനെയെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ വച്ചിട്ട് ഇനി എല്ലാകാര്യങ്ങളും നിശ്ചയിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കുമുണ്ട്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട എന്ന് മലയോരവാസികളെ സമാശ്വസിപ്പിച്ചിട്ട് കാര്യമില്ല. ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയും കൊടികുത്തിവാഴുന്ന കേന്ദ്രീകൃത ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ഈ രാജ്യത്ത് പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും എന്തധികാരമാണ് പ്രായോഗികമായുള്ളത് എന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ പോലും ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് പ്രായോഗികമായി വിലയില്ലാത്ത സാഹചര്യമാണിവിടെയുള്ളത്. ഗ്രാമസഭായോഗങ്ങള്‍ വീട്, കക്കൂസ്, പശു, കോഴി വിതരണ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മാത്രമെ ഉപകരിക്കുന്നുള്ളു എന്നത് മനസ്സിലാക്കിയിട്ടുള്ളവരാണ് ജനങ്ങള്‍. സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കാനുള്ള സമയം ഉണ്ടാവാന്‍ സാധ്യതയില്ലാത്ത വിദഗ്ദന്‍മാര്‍ക്ക്് ഗ്രാമസഭകള്‍ സംബന്ധിച്ച് കാല്‍പ്പനികമായ ധാരണകളാവുമുണ്ടാവുക. ജനങ്ങള്‍ക്കങ്ങനെയല്ലല്ലോ.
പൊതുവില്‍ സ്വീകാര്യമെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഇവിടെ സൂചിപ്പിച്ചതുപോലുള്ള പരിമിതികള്‍ യഥാസമയം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ പോയതാണ് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറ്റിയ വീഴ്ചയെന്ന് ഞാന്‍ കരുതുന്നു. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മതയോടെ സ്വതന്ത്രവും ജനപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടെടുത്തുകൊണ്ടെ ഇനി മുന്നോട്ടുപോകാനാവു. ഇന്നത്തെ നിലയ്ക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കണ്ണടച്ച് പിന്തുണച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും കണ്ണടച്ച് എതിര്‍ത്തുകൊണ്ട് മലയോര കര്‍ഷകരും മുന്നോട്ട് പോയാല്‍ പശ്ചിമഘട്ട സംരക്ഷണവിചാരങ്ങള്‍ പരാജയപ്പെടുകയും കര്‍ഷകര്‍വഞ്ചിക്കപ്പെടുകയുമാവും ഫലം. ഇതിനിടയില്‍ വിജയിക്കുന്നത് ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ മാത്രമാകും.പരിസ്ഥിതിസംരക്ഷണം എന്നത് ഒരു അക്കാഡമിക് സബ്ജറ്റായി മാത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളം ജനങ്ങളോ ജനങ്ങളുടെ വികാരങ്ങളോ പരിഗണന അര്‍ഹിക്കുന്ന കാര്യമല്ലായിരിക്കാം. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ പങ്കാളിത്തമില്ലാതെ അസാധ്യമാണെന്ന് യാഥാര്‍ത്ഥ്യബോധമുള്ളവര്‍ ജനസമൂഹത്തെ ശരിയായി മനസ്സിലാക്കികൊണ്ടുവേണം മുന്നോട്ടുപോകാന്‍.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മലയോര കര്‍ഷകര്‍ക്കും ഒരുപോലെ സ്വീകാര്യമാകാവുന്ന കാര്യങ്ങളെക്കുറിച്ച് സമചിത്തതയോടെയും പക്വതയോടെയും കൂടിയാലോചനകള്‍ നടത്തേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിനയത്തോടെയും സത്യസന്ധതയോടെയും സ്വന്തം നിലപാടുകളെയും പ്രവര്‍ത്തന ശൈലികളെയും വിലയിരുത്തി ഇത്തരമൊരു കൂടിയാലോചനയ്ക്ക് മുന്‍കൈയെടുക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു. പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലുമൊക്കെ അങ്ങനെ തോന്നുന്നുണ്ടാവുമെന്നാണെന്റെ വിചാരം.
കടപ്പാട് – കേരളീയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
K M Venugopalan
November 20, 2013 at 9:25 am
Well said
കേവലം ബ്യൂറോക്രാറ്റിക്ക് നടപടികളിലൂടെ പശ്ചിമ ഘട്ടത്തെ പാരിസ്ഥിതിക ആപത്തുകളിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല; ജനങ്ങളെ വിശ്വാസത്തിൽ എടുത്തു കൊണ്ട് ദീര്ഘകാലാടിസ്ഥാനത്തിലും ഹ്രസ്വ കാലാടിസ്ഥാനത്തിലും നടക്കേണ്ട സാമൂഹ്യ രാഷ്ട്രീയവും ഭരണപരവും ആയ ഇടപെടലുകൾക്ക് ഗാദ്ഗിൽ റിപ്പോർട്ട് കുറച്ചൊക്കെ പ്രാധാന്യം നല്കുന്നുണ്ട് എന്നത് ശരിയാണെങ്കിലും, മലയോരവാസികളായ സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കുറെ ഏറെ കാര്യങ്ങളിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുന്നൊരു പ്രവണത ഈ റിപ്പോര്ട്ട് കാണിക്കുന്നില്ലേ ?
“… 30 ശതമാനമത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടു വിളകള്‍കൃഷി ചെയ്യാന്‍ അനുവദിക്കരുതെന്ന ..സദുദ്ദേശപരമായ ഈ ശുപാര്‍ശയില്‍ മതിയായ മണ്ണ്-ജല സംരക്ഷണ ഉപാധികള്‍ സ്വീകരിക്കാതെ 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടുവിളകള്‍ അനുവദിക്കരുതെന്ന ഒരു ചെറിയമാറ്റം വരുത്തിയിരുന്നെങ്കില്‍, ഇടുക്കി ബിഷപ്പിന് മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല എന്ന് വിലപിച്ച് ജനങ്ങളെ ഇളക്കാന്‍ അവസരമുണ്ടാകുമായിരുന്നില്ല. മലയോരത്ത് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി തന്നാണ്ടു വിളകള്‍ കൃഷിചെയ്യുന്ന ഞാനുള്‍പ്പെടെയുള്ള ആയിരക്കണക്കിന് കര്‍ഷകരുണ്ട്. ഞങ്ങള്‍ കൃഷി ചെയ്യുന്നത് കയ്യാലവച്ച് തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് ഒഴിവാക്കിയിട്ടാണെന്നുമാത്രം. അത്തരം സംര്കഷണ നടപടികളെടുക്കാതെ തന്നാണ്ടുവിളകള്‍ കൃഷി ചെയ്താലുണ്ടാവുന്ന പ്രശ്‌നം ഒരു വിദഗ്ദസമിതിയും ചൂണ്ടിക്കാണിക്കാതെ തന്നെ മനസ്സിലാക്കാനുള്ള വിവരം കര്‍ഷകര്‍ക്കുണ്ട്…”[സണ്ണി പൈകട]
KM Venugopalan
November 20, 2013 at 9:31 am
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക എന്ന ആശയം, പരിസ്ഥിതി ദുർബല പ്രദേശങ്ങൾ എന്ന് തരം തിരിച്ച ഗ്രാമങ്ങല്ക്ക് മാത്രം എന്തിനു ബാധകമാക്കണം ?അഥവാ ,അത് കൊണ്ട് മാത്രം സ്വകാര്യ ഉടമസ്ഥതയും കോർപ്പറേറ്റ് ലാഭക്കൊതിയും കൊള്ളയും ചേർന്ന് സൃഷ്ട്ടിച്ച സാമൂഹ്യ-രാഷ്ട്രീയ -പാരിസ്ഥിതിക അസന്തുലിതത്വങ്ങൽ ഇല്ലാതെയാകുമോ ?
പ്രാദേശിക സ്വയം ഭരണാധികാരം , കാവുകളുടെ സംരക്ഷണം , പാരിസ്ഥിതിക വീക്ഷണം ഉള്ക്കൊള്ളുന്ന ജീവിത ശൈലികൾ തുടങ്ങിയ ആശയങ്ങളെ ഗാദ്ഗിൽ റിപ്പോർട്ട് പുകഴ്ത്തിക്കാണിക്കുമ്പോഴും പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടിയായി നിർദേശിക്കുന്നത് അവ്യക്തമായ രൂപങ്ങളിലുള്ള ചില ബ്യൂറോക്രാറ്റിക് ഇടപെടലുകൾ തന്നെയാണ് .അതിനാൽ , ചർച്ചകൾ മുഖ്യമായും കേവലം ഭൂവിനിയോഗം സംബന്ധിച്ച ചില തർക്കങ്ങളിൽ ഒതുങ്ങുക എന്നത് റിപ്പോർട്ടിന്റെ ഒരു പരിമി തിയാണ് ! രാഷ്ട്രീയ പരിഹാരത്തിന് പകരം വെക്കാൻ techno centric /bureaucratic സ്വഭാവത്തിലുള്ള ഫോർമുലകൾ ഒരു പക്ഷെ അപര്യാപ്തമാണ്
belcy thomas
November 20, 2013 at 11:02 am
എപ്പോള്‍ ആണ് ഒരു ഭൂപ്രദേശം പരിസ്ഥിതിലോലം ആയി കരുതപ്പെടുന്നത് , അങ്ങനെയുള്ള ഒരു പ്രദേശത്തു എങ്ങിനെയുള്ള മാറ്റങ്ങള്‍ (കൃഷി ഭൂമി ആണെങ്കില്‍ , ജനങ്ങള്‍ താമസിക്കുന്നു എങ്കില്‍ )ആണ് ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത് ??
mohan pee cee
November 20, 2013 at 6:08 pm
..തീര്‍ച്ചയായും പരിഗണിക്കപ്പെടെന്ട നിര്‍ദേശങ്ങള്‍…
വളരെ ശരിയായ കാഴ്ചപ്പാട്.. നീ വിഷയത്തിൽ ഇത്ര നല്ല ഒരു വിലയിരുത്തൽ വേറെ ആരും എഴുതി കണ്ടില്ല.. congrats..
November 21, 2013 at 8:29 am
വളരെ ശരിയായ കാഴ്ചപ്പാട്.. നീ വിഷയത്തിൽ ഇത്ര നല്ല ഒരു വിലയിരുത്തൽ വേറെ ആരും എഴുതി കണ്ടില്ല.. congrats..
Alan Sebastian
November 21, 2013 at 7:07 pm
പ്രിയ സുഹൃത്തുക്കളെ ഇടുക്കിയുടെ അപ്പിയറന്സിനെ കുറിച്ച് അറിവില്ലതതുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ പ്രതികരിക്കുന്നത്. ഇടുക്കി ജില്ല നേരിട്ട് കാണുവാന്‍ എത്തിയ കസ്തുരി രംഗന്‍ കൂടുതലും സഞ്ചരിച്ചത് ഹെലികോപ്ടറില്‍ ആയിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. നാനാ ജാതി കൃഷികലുള്ള, പ്രത്യേകിച്ചും ഏലം പോലുള്ള കൃഷി സ്ഥലങ്ങള്‍ മുകളില്‍ നിന്നും നോക്കിയാല്‍ അതെല്ലാം വനഭൂമി ആയിട്ടെ തോന്നുകയുള്ളൂ. അവിടെയുള്ള വീടുകള്‍ മനസിലവുകയില്ല. അങ്ങനെയുള്ള സ്ഥലങ്ങളെല്ലാം വനഭൂമി ആയി റിപ്പോര്‍ട്ട് എഴുതി പോയാലുള്ള അവസ്ഥകള്‍ നിങ്ങള്‍ മനസിലാക്കണം. പിന്നെ ഇടുക്കിയിലുള്ള ആളുകള്‍ പ്രകൃതിയെ സംരക്ഷിക്കുന്നതുപോലെ കേരളത്തിലെ മെട്രോ സിറ്റികളില്‍ താമസിക്കുന്ന എത്ര പേര് അവരുടെ നാട്ടില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നുണ്ട് എന്നകാര്യം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്. വരും തലമുറയക്ക് കൂടി അവകാശപെട്ടതാണ് ഈ മണ്ണും ജീവനും ജലവും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. പക്ഷെ അത് ഇടുക്കിക്കാര്‍ മാത്രം പുതിയ തലമുറക്കായി സൂക്ഷിക്കണം എന്ന് പറയുന്നതിലെ ന്യായം മനസിലാകുന്നില്ല. മഴയും വെള്ളവും, ജീവ ശ്വാസവും എല്ലാം മറ്റുള്ളവരെ പോലെ മാത്രമേ ഇടുക്കിക്കാരും ഉപയോഗിക്കുന്നുള്ളൂ, ഇവിടുത്തെ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന വൈദുധി കേരളത്തിലെ മുഴുവനും ജനങ്ങള്‍ക്കയി കൊടുക്കുന്നതും ഇടുക്കിക്കാരാണ് എന്നകാര്യവും പരിഗണിക്കേണ്ടതാണ്. അതുകൊണ്ട് അവിടെ ജീവിക്കുന്നവരെ ഇനിയും ഉപദ്രവിക്കരുത് ഏകദേശം 800 ഏക്കര് വയല് നികത്തി സ്വകാര്യ കമ്പനി നിർമിക്കുന്ന ആറുംമുള വിമാനത്താവളം , തടാകവും,കടലും നികത്തി പണിയുന്ന ലുലു കണ്‍വെൻഷൻ സെന്റർ , എന്നിവക്കെതിരെ പറഞ്ഞാൽ വികസന വിരോധം ..കായലും കരയും കയ്യേറി പണിതു പൊക്കിയ നക്ഷത്ര ഹോട്ടലുകൾ പൊളിക്കാനായി രസീത് കുറ്റിയുമായി ക്യു നിന്നാൽ അതിനു തെറ്റില്ല നീറ്റ ജലാറ്റിൻ പുറം തള്ളുന്ന മാലിന്യം പുഴയിലെക്കൊഴുകുമ്പോളും അവിടെ മത്സ്യവും മനുഷ്യനും മരിച്ചു വീഴുമ്പോൾ അത് വികസനത്തിന്റെ ബാക്കി പത്രം ….. ദശകങ്ങളായി മനുഷ്യ വാസമുള്ള സ്ഥലങ്ങളെ പരിസ്ഥിതി ദുർബല പ്രദേശം എന്ന് ഉപഗ്രഹത്തിലൂടെ പഠിച്ചു അവിടെ ഇനി എന്ത് പുതിയ നിർമ്മാണവും , നവീകരണവും നടക്കണം എങ്കിൽ ഡൽഹിയിൽ നിന്നും വന്ന അണ്ണന്മാർ ഈ റിപ്പോർട്ടിൽ എഴുതി വച്ചത് പോലെയേ നടക്കുകയുള്ളുഎന്ന് പറയുന്നു …..
ജനസാദ്രത 100 നു മുകളിൽ ഉള്ള പ്രദേശങ്ങളിൽ ഇത് ബാധകമല്ല എന്നും പറഞ്ഞിട്ടുണ്ട് എങ്കിൽ 350 നു മുകളിലായി ജന സാദ്രത ഉള്ള ഇടുക്കിയിലെ താലൂക്കുകളെ എന്ത് കൊണ്ട് ഒഴിവാക്കിയില്ല തമിൾ നാടിൻറെ കൈവശം ഉള്ള ഊട്ടി, കൊടൈകനാൽ,കന്നടയുടെ കുടക് എന്നീ ഭൂ വിഭാഗങ്ങളെ എന്ത് കൊണ്ട് ഒഴിവാക്കി സോണ്‍ 1 നിന്നും … ? എല്ലാവരും പറഞ്ഞു റിപ്പോർട്ട് പഠിക്കതെയാണ് അഭിപ്രായം പറഞ്ഞതെന്ന് ഭാവിയിൽ ഈ കമ്മീഷൻ റിപ്പോർട്ടിൽ ഊന്നിയാകും ഇവടെ നടക്കുന്ന ഓരോ നിർമ്മാണ പ്രവർത്തനവും അതിനു മാത്രേ സർക്കാർ അംഗീകാരം നല്കുകയുള്ളൂ ,അല്ലെന്നു ഉറപ്പു നല്കാൻ പറ്റുമോ … ഇങ്ങനെ കുറെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങളാണ് ഇനിയും ഒരു സാധാരണ പരിസ്ഥിതി ദുര്ബല വാസിയുടെ മനസ്സിലുള്ളത് ….
(COURTESY ;FEBIN XAVIER)
Sunil K Mathew
November 25, 2013 at 7:43 am
താങ്കൾ പറയുന്ന ഓരോ സംഭവങ്ങളും തടയേണ്ടത് തന്നെയാണ്. ഇപ്പോൾ ഈ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ഇതേക്കുറിച്ചുള്ള കാര്യം മാത്രം പറയുന്നു എന്നേയുള്ളൂ. ഇനി ചോദിക്കട്ടെ? ഈ റിപ്പോർട്ടുകൾ ഒന്നും വേണ്ട. എല്ലാം ഇടിച്ചു നിരപ്പാക്കി കണ്ട കാട്ടുകള്ളന്മാർ കൊണ്ടുപോയി തിന്നട്ടെ എന്നാണോ താങ്കളുടെ അഭിപ്രായം?