എന്തിനീ എസ് എസ് എല്‍ സി അഭ്യാസം?

എസ് എസ് എല്‍ സി പരീക്ഷാഫലം വിവാദത്തിലായിരിക്കുകയാണ്. തിരക്കുപിടിച്ച് ഫലം പ്രഖ്യാപിച്ചതാണ് തകരാറുകള്‍ക്ക് കാരണമത്രെ. സോഫ്‌റ്റ്വെയറിനെ പഴിച്ച് മന്ത്രിയും അതല്ല കാരണമെന്ന് പല ഉദ്യോഗസ്ഥരും പറയുന്നു.  കഴിഞ്ഞ വര്‍ഷംവരെ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വേര്‍ മാറ്റി മറ്റൊന്നാണു ഫലപ്രഖ്യാപനത്തിനായി ഈ വര്‍ഷം ഉപയോഗിച്ചത്. ഇതാണു പിശകുകള്‍ കടന്നുകൂടാന്‍ കാരണമത്രെ. അപ്പോഴും അടിസ്ഥാനപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. എസ് എല്‍ എല്‍ സി പരീക്ഷതന്നെ എന്തിനാണെന്ന അടിസ്ഥാനപരമായ ചോദ്യവും ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനത്തെ പിന്നോക്കാവസ്ഥയുമാണ് വാസ്തവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. എസ്.എസ്.എല്‍.സി. പരീക്ഷാ […]

sslcഎസ് എസ് എല്‍ സി പരീക്ഷാഫലം വിവാദത്തിലായിരിക്കുകയാണ്. തിരക്കുപിടിച്ച് ഫലം പ്രഖ്യാപിച്ചതാണ് തകരാറുകള്‍ക്ക് കാരണമത്രെ. സോഫ്‌റ്റ്വെയറിനെ പഴിച്ച് മന്ത്രിയും അതല്ല കാരണമെന്ന് പല ഉദ്യോഗസ്ഥരും പറയുന്നു.  കഴിഞ്ഞ വര്‍ഷംവരെ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വേര്‍ മാറ്റി മറ്റൊന്നാണു ഫലപ്രഖ്യാപനത്തിനായി ഈ വര്‍ഷം ഉപയോഗിച്ചത്. ഇതാണു പിശകുകള്‍ കടന്നുകൂടാന്‍ കാരണമത്രെ. അപ്പോഴും അടിസ്ഥാനപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. എസ് എല്‍ എല്‍ സി പരീക്ഷതന്നെ എന്തിനാണെന്ന അടിസ്ഥാനപരമായ ചോദ്യവും ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനത്തെ പിന്നോക്കാവസ്ഥയുമാണ് വാസ്തവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.
എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം വിവാദമായതോടെ അപാകതകള്‍ തിരുത്തി പുതിയ ഫലം പ്രസിദ്ധീകരിക്കാാണ് വിദ്യാഭ്യാസവകുപ്പിന്റെ  തീരുമാനം. ഇതിനായി 54 പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നു നേരിട്ട് പുതിയഫലം ശേഖരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.  ഇതു ലഭിക്കുന്നതോടെ പൂര്‍ണമായ ഫലം പ്രസീദ്ധീകരിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പുതിയ ഫലത്തില്‍ വിജയശതമാനത്തില്‍ മാറ്റമുണ്ടാകും. നുറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും മാറ്റംവരും. ഫലപ്രഖ്യാപനം അടിമുടി മാറുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും. പലസ്ഥലങ്ങളിലും വിദ്യാര്‍ഥികളുടെ പൂര്‍ണ മാര്‍ക്ക് വിവരങ്ങള്‍ ഇല്ലാതെയാണ് ഫലം പ്രഖ്യാപിച്ചിരുന്നത്.
എല്ലാ വിഷയത്തിനും പാസായ വിദ്യാര്‍ഥി ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടില്ലെന്നും ഫലപ്രഖ്യാപനത്തില്‍ വന്നിട്ടുണ്ട്. പിഴവുകള്‍ക്കു കാരണം സോഫ്റ്റ്‌വെയര്‍ തകരാറാണെന്നും അപാകതകള്‍ രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഫലപ്രഖ്യാപനത്തിനിടെ മന്ത്രി നല്‍കിയ വാര്‍ത്താക്കുറിപ്പിലെ പല വിവരങ്ങളും പിന്നീട് പരീക്ഷാഭവനില്‍നിന്നു തിരുത്തിയിരുന്നു. ഫലമറിയാനുള്ള വെബ്‌സൈറ്റുകളും ഏറെ സമയം നിശ്ചലമായി.
പരീക്ഷാഫലം ഉള്‍ക്കൊള്ളുന്ന സി.ഡിയില്‍ എല്ലാ ജില്ലയിലെയും വിജയശതമാനമടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു മന്ത്രി അവകാശപ്പെട്ടത്.
അതേസമയം എസ്.എസ.്എല്‍.സി. ഫലം സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസത്തിലെ നിലവാരത്തകര്‍ച്ചയെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. 2010ലെ ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ചുവടുപിടിച്ച് എട്ടാം ക്ലാസുവരെ സമ്പൂര്‍ണവിജയമെന്ന ആശയത്തിനേറ്റ തിരിച്ചടിയും കൂടിയാണിത് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ ചോര്‍ച്ച, വിദ്യാഭ്യാസത്തിന്റെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍, പരീക്ഷകളുടെ അട്ടിമറി എന്നീ ഘടകങ്ങള്‍ നിലവാരത്തകര്‍ച്ചക്കു കാരണമാക്കി. പരീക്ഷയെഴുതുന്ന എല്ലാവരും വിജയിക്കുമെന്ന ആശയം തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂല്യത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. പത്താം ക്ലാസെന്ന കടമ്പ കടത്തി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരുകയാണെന്നും വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ തുടര്‍ന്നുവന്ന പൊള്ളയായ പ്രക്രിയയെ വെള്ളപൂശാനാണ് പരീക്ഷകളുടെ ഫലം നൂറുശതമാനത്തിലേക്കു കുതിക്കുന്നത്. സര്‍ക്കാരുകളുടെ ഭരണനേട്ടമായി എസ്.എസ്.എല്‍.സി. ഫലങ്ങള്‍ മാറുകയും ചെയ്യുന്നു. കൂടാതെ സര്‍ക്കാര്‍ അധികമായി സൃഷ്ടിച്ച പ്ലസ്ടു ഒഴിവുകളിലേക്കു കുട്ടികളെ നിറയ്ക്കുകയും വേണം. ഈ താല്‍പര്യങ്ങളുടെ ആകെത്തുകയാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി. ഫലമെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
ഒരു വശത്ത് പ്ലസ് ടുവിന് സീറ്റുകള്‍ തിയയാത്ത അവസ്ഥയും മറുവശത്ത് നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുമാണ് സംജാതമായിരിക്കുന്നത് എന്നതാണ് മറ്റൊരു വൈരുദ്ധ്യം.  അരലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലാകുമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. ഇക്കുറി 458841 റഗുലര്‍ കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ആകെ ഹയര്‍സെക്കന്‍ഡറിയില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം 388630 ആണ്. ഐ.ടി.ഐകളിലും പോളി ടെക്‌നിക്കുകളിലും സീറ്റുകള്‍ ലഭ്യമാണ്.
ഹയര്‍സെക്കന്‍ഡറി ആഗ്രഹിക്കുന്ന 75000 ഓളം കുട്ടികള്‍ക്ക് മറ്റ് സാധ്യത തേടേണ്ടി വരും. കഴിഞ്ഞവര്‍ഷം കുട്ടികളുടെ ഉപരി പഠന സൗകര്യത്തിനായി കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകളും ബാച്ചുകളും അനുവദിച്ചിരുന്നു.  ശാസ്ത്രീയമായ പഠനമോ വിലയിരുത്തലോ നടത്താതെ അധിക ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചതിലൂടെ 85987 പ്ലസ് വണ്‍ സീറ്റുകളാണ് കഴിഞ്ഞ അധ്യയനവര്‍ഷം സംസ്ഥാനത്ത് ഒഴിഞ്ഞുകിടന്നത്. വി.എച്ച്.എസ്.ഇ., ഐ.ടി.ഐ., പോളിടെക്‌നിക് മേഖലകളിലായി അയ്യായിരത്തിലധികം സീറ്റുകളും ഒഴിഞ്ഞുകിടന്നു. ഈ സാഹചര്യത്തിലാണ് അടുത്ത അധ്യയനവര്‍ഷത്തിലേക്ക് 218 സ്‌കൂളുകള്‍കൂടി അനുവദിച്ചിരിക്കുന്നത്. പുതിയ സ്‌കൂളുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നുണ്ടെങ്കിലും കൂടുതല്‍ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നു.
വരുംവര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളേതില്‍നിന്ന് കുറവായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016ല്‍ 439061, 2017ല്‍ 407430, 2018ല്‍ 385281, 2019ല്‍ 357322 എന്നിങ്ങനെയാകും എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്നവരുടെ എണ്ണം. 80000 ത്തിലധികം വിദ്യാര്‍ഥികളുടെ കുറവാണ് അഞ്ചുവര്‍ഷത്തിനപ്പുറം എസ്.എസ്.എല്‍.സി. എഴുതുന്നവരുടെ എണ്ണത്തിലുണ്ടാവുക. അതേകുറിച്ച് ഗൗരവമായി പഠി്ക്കാന്‍ വകുപ്പ് തയ്യാറല്ലതാനും.
ഏറ്റവും ഗൗരവമയാ പ്രശ്‌നം ഇതൊന്നുമല്ല. പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും എസ്എസ്എല്‍സി വിജയത്തെ കുറിച്ചും ഊറ്റം കൊള്ളുമ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ പോക്ക് എത്രയോ പുറകിലേക്കാണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡില്‍നിന്ന് പ്രവേശനപരീക്ഷയിലൂടെ കഴിഞ്ഞ വര്‍ഷം ഐ.ഐ.ടി. പ്രവേശനം നേടിയത് 0.42 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു. അയല്‍സംസ്ഥാനമായ ആന്ധ്രാ പ്രദേശില്‍നിന്ന് 17.48 ശതമാനം വിദ്യാര്‍ഥികള്‍ ഐ.ഐ.ടി. പ്രവേശനം നേടിയെന്ന് അറിയുമ്പോഴാണ് കേരളത്തിന്റെ അവസ്ഥ എത്ര പരിതാപകരമാണെന്നു വ്യക്തമാകൂ. ഉന്നത വിദ്യാഭ്യാസരംഗത്ത് പിന്നിലായിരുന്ന പശ്ചിമ ബംഗാളിനുപോലും 1.09 ശതമാനം വിദ്യാര്‍ഥികളെ ഐ.ഐ.ടിയില്‍ എത്തിക്കാനായി. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഐ.ഐ.ടി. പ്രവേശനഫലം പരിശോധിച്ചാല്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം വ്യക്തമാകും. 1.7 ശതമാനം, 1.5 ശതമാനം, 0.42 ശതമാനം എന്ന രീതിയില്‍ കുത്തനെയുള്ള ഇറക്കത്തിലാണു കേരളം.
2000 ത്തില്‍ കേരളത്തിലെ എസ്.എസ്.എല്‍.സി. വിജയ ശതമാനം 56.18 ആയിരുന്നു. 2013 ല്‍ അത് 94.17 ശതമാനവും 2014 ല്‍ 95.47 ശതമാനവും ഇത്തവണ 97.99 ശതമാനവുമായി. 17.48 ശതമാനം വിദ്യാര്‍ഥികളെ ഐ.ഐ.ടി. പ്രവേശനത്തിന് അര്‍ഹരാക്കിയ ആന്ധ്രാ പ്രദേശ് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയശതമാനം ഇങ്ങനെയാണ്. 2010  64.69 ശതമാനം. 2011  63.27 ശതമാനം, 2012  58.43 ശതമാനം, 2013  65.83 ശതമാനം, 2014  65.36 ശതമാനം.
അടിസ്ഥാന ജ്ഞാനം പോലുമില്ലാത്ത വിദ്യാര്‍ഥികളെ വിജയികളായി പ്രഖ്യാപിച്ച് വിജയ ശതമാനത്തിന്റെ റെക്കോഡില്‍ മേനി നടിക്കാന്‍ ശ്രമിക്കുന്നതുതന്നെ ഇതിനുകാരണം.  2006 ലാണു സംസ്ഥാനത്ത് നിരന്തര മൂല്യനിര്‍ണയം നടപ്പാക്കിത്തുടങ്ങിയത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതിലൂടെ 38  40 മാര്‍ക്ക് സൗജന്യമായി ലഭിക്കുന്ന രീതിയാണു നിലവിലുള്ളത്. ചോദ്യക്കടലാസിലെ തെറ്റുകളുടെ പേരില്‍ വീണ്ടും മാര്‍ക്ക് ദാനം ചെയ്യുന്നു.
കേവലം തിയറി പഠനത്തിനപ്പുറം, കുട്ടികളിലെ ഗവേഷണത്വര പ്രോത്സാഹിപ്പിക്കണമെന്നതാണ് നിരന്തര മൂല്യനിര്‍ണയത്തിന്റെ കാതല്‍. എന്നാല്‍ തിയറിയില്‍ പ്രാഥമിക അറിവു പോലുമില്ലതെതന്നെ അസൈന്‍മെന്റിലും പ്രോജക്ടിലും സെമിനാറിലും പ്രാക്ടിക്കലിലുമെല്ലാം എ ഗ്രേഡിനു മുകളില്‍ മാര്‍ക്ക് ദാനംചെയ്ത് വിജയശതമാനം ഉയര്‍ത്തുന്ന ചെപ്പടിവിദ്യയായി നിരന്തരമൂല്യനിര്‍ണയം മാറുന്നു.
വാസ്തവത്തില്‍ ഇത്തരത്തില്‍ എസ്എസ്എല്‍സി പരീക്ഷയുടെ ആവശ്യമെന്താണാണ്? എസ്എസ്എല്‍സിയും അതു കഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പ്ലസ് ടുവും പരീക്ഷകള്‍ സത്യത്തില്‍ കുട്ടികളിലുണ്ടാക്കുന്ന ടെന്‍ഷന്‍ ചില്ലറയല്ല. ഒപ്പം എന്‍ട്രന്‍സ് പരീക്ഷകളും. എസ്എസ്എല്‍സി പഴിയുന്ന മിക്കവാറും പേര്‍ പ്ലസ് ടു പഠിക്കുന്നുണ്ടല്ലോ. അടിസ്ഥാനവിദ്യാഭ്യാസയോഗ്യത ഏറെക്കുറെ പ്ലസ് ടു ആയിട്ടുണ്ട്താനും. ഈ സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകളിലും പ്ലസ് ടു അനുവദിച്ച് 10ലെ പൊതുപരീക്ഷ ഒഴിവാക്കുകയാണ് ഉചിതം. സിബിഎസി സ്‌കൂളുകളില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം ഇപ്പോള്‍ പൊതുപരീക്ഷ എഴുതിയാല്‍ മതിയല്ലോ. എല്ലാ സ്‌കൂളിലും പ്ലസ് ടു അനുവദിച്ച്, പ്ലസ് ടു പ്രവേശനമെന്ന അനാവശ്യ അദ്ധ്വാനം ഒഴിവാക്കാം. സര്‍ക്കാര്‍ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടത് ഉന്നതവിദ്യാഭ്യാസമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ്. അല്ലെങ്കില്‍ കേവലം സാക്ഷരതക്കാര്‍ മാത്രമായി നമ്മള്‍ മാറുമെന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply