ഇന്‍വെര്‍ട്ടറുകള്‍: ബുദ്ധിമുട്ട് ഒഴിവാക്കാം

ഡോ. തോമസ് ബേബി കെ.എസ്.ഇ.ബി. ലൈനില്‍നിന്നും വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ഇന്‍വെര്‍ട്ടറുകളും ജൂണ്‍ 2016നകം സൗരോര്‍ജ പാനല്‍ ഉപയോഗപ്പെടുത്തി മാറ്റിയിരിക്കണമെന്നുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തിലായിക്കഴിഞ്ഞു. കെ.എസ്.ഇ.ബിയിലൂടെയുള്ള ചാര്‍ജിങ് സംവിധാനം ഇനിമേല്‍ എമര്‍ജന്‍സി അവസരത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്ത് 20 ലക്ഷത്തിലധികം ഗ്രിഡ് ചാര്‍ജിങ് ഇന്‍വെര്‍ട്ടറുകള്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനും ഇന്‍വെര്‍ട്ടറുകളുടെ ‘നോ ലോഡ് പവര്‍’ ഉപയോഗത്തിനുമായി ദിവസവും ഒരു യൂണിറ്റ് വൈദ്യുതി വേണ്ടിവരും. അതായത് ഒരുദിവസം […]

INVERTORഡോ. തോമസ് ബേബി

കെ.എസ്.ഇ.ബി. ലൈനില്‍നിന്നും വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ഇന്‍വെര്‍ട്ടറുകളും ജൂണ്‍ 2016നകം സൗരോര്‍ജ പാനല്‍ ഉപയോഗപ്പെടുത്തി മാറ്റിയിരിക്കണമെന്നുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തിലായിക്കഴിഞ്ഞു. കെ.എസ്.ഇ.ബിയിലൂടെയുള്ള ചാര്‍ജിങ് സംവിധാനം ഇനിമേല്‍ എമര്‍ജന്‍സി അവസരത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനത്ത് 20 ലക്ഷത്തിലധികം ഗ്രിഡ് ചാര്‍ജിങ് ഇന്‍വെര്‍ട്ടറുകള്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനും ഇന്‍വെര്‍ട്ടറുകളുടെ ‘നോ ലോഡ് പവര്‍’ ഉപയോഗത്തിനുമായി ദിവസവും ഒരു യൂണിറ്റ് വൈദ്യുതി വേണ്ടിവരും. അതായത് ഒരുദിവസം കേരളത്തില്‍ ഇന്‍വെര്‍ട്ടറുകള്‍ മാത്രം ഊറ്റുന്നത് 20 ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതിയാണ്. ഇന്‍വെര്‍ട്ടറുകള്‍ മുഖാന്തിരം ഇത്തരത്തില്‍ വന്‍തോതില്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണു പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ അവസ്ഥയിലാണ് സോളാര്‍ പാനല്‍ ഉപയോഗിച്ചു ചാര്‍ജ് ചെയ്യുന്ന ഇന്‍വെര്‍ട്ടറുകളുടെ പ്രസക്തി വര്‍ധിക്കുന്നത്.
ഒരു കിലോവാട്ടും അതില്‍ താഴെ കപ്പാസിറ്റിയിലുമുള്ള ഗ്രിഡ് ചാര്‍ജിങ് ഇന്‍വെര്‍ട്ടറുകളാണ് കേരളത്തില്‍ കൂടുതലായും ഉപയോഗത്തിലിരിക്കുന്നത്. പുതിയ നിബന്ധനകള്‍ എല്ലാവിഭാഗം ഇന്‍വെര്‍ട്ടര്‍ ഉപയോക്താക്കളേയും അതുപോലെ തന്നെ നിര്‍മാതാക്കളേയും ഒരുപോലെ ചിന്താക്കുഴപ്പത്തിലാക്കും. പഴയ സിസ്റ്റം മാറ്റി പുതിയ സംവിധാനത്തിലേക്ക് പോകേണ്ടിവരുമ്പോഴുള്ള അധിക സാമ്പത്തിക ബാദ്ധ്യതയാണു മുഖ്യവിഷയം.
നിലവില്‍ ഇന്‍വെര്‍ട്ടര്‍ ഉള്ളവര്‍ സൗരോര്‍ജ സംവിധാനത്തിലാക്കാന്‍ വേണ്ടത് സോളാര്‍ പാനലും ചാര്‍ജ് കണ്‍ട്രോളറും മാത്രമാണെന്നറിയുക. നിലവിലുള്ള ഇന്‍വെര്‍ട്ടറിന്റെയും ബാറ്ററിയുടെയും കപ്പാസിറ്റിക്ക് അനുസൃതമായി 18,000 രൂപ മുതല്‍ 36,000 രൂപ വരെ ചെലവാക്കിയാല്‍ ഇപ്പോള്‍ ഇന്‍വെര്‍ട്ടറുകള്‍ ഉള്ള വീടുകള്‍ക്കും സൗരോര്‍ജത്തിലേക്ക് ചുവടുമാറ്റാം. അതിനു ചില ആനുകൂല്യങ്ങള്‍ കൂടി വൈദ്യുതിബോര്‍ഡ് കൊടുക്കുന്നുവെങ്കില്‍ പരമാവധി ഉപയോക്താക്കളും അത്തരത്തിലുള്ള മറ്റത്തിന് തയാറായേക്കും.
നിലവിലുള്ള ഇന്‍വെര്‍ട്ടറിലെ ഗ്രിഡ് ചാര്‍ജിങ് സര്‍ക്യൂട്ട് ബന്ധങ്ങള്‍ വിഛേദിച്ചായിരിക്കണം സോളാര്‍ പാനല്‍ ബന്ധിപ്പിക്കുവാനും അതുവഴി മാറ്റങ്ങള്‍ വരുത്തേണ്ടതും എന്നോര്‍ക്കുക. കെ.എസ്.ഇ.ബി. ലൈനില്‍ നിന്നും ബാറ്ററി ചാര്‍ജ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
കെ.എസ്.ഇ.ബി. ലൈനില്‍ ബന്ധിപ്പിക്കാതെ സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് ഒരു രൂപ നിരക്കില്‍ പ്രോത്സാഹന ആനുകൂല്യം നല്‍കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഒക്‌ടോബര്‍ 2014ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സൗരോര്‍ജം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി അളക്കുന്നതിനുള്ള മീറ്റര്‍ ഉപയോക്താക്കളുടെ ചെലവില്‍ നിലവിലുള്ള വൈദ്യുത മീറ്ററിന് സമീപം തന്നെ സ്ഥാപിച്ചിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അര്‍ഹമായ തുക പ്രതിമാസ ബില്ലില്‍ നിന്നും വിതരണ ലൈസന്‍സികള്‍ കുറവുചെയ്യുമത്രേ. ഇത് ഒട്ടുംതന്നെ പ്രായോഗിക തലത്തിലെത്തിയിട്ടില്ല. അംഗീകാരമുള്ള സിംഗിള്‍ ഫെയ്‌സ് വൈദ്യുത മീറ്ററിന്റെ വില ഏകദേശം 1,500 രൂപയോളമാവും. ആയതിനാല്‍ സൗരോര്‍ജത്തിലേക്ക് ചുവടു മാറ്റുന്നവര്‍ നിര്‍ബന്ധമായും ഇത്തരം ടെസ്റ്റ് ചെയ്തതും കാലിബറൈറ്റ് ചെയ്തതുമായ മീറ്റര്‍ ഇപ്പോഴുള്ള കെ.എസ്.ഇ.ബി. മീറ്ററിന് സമീപം സ്ഥാപിച്ചാല്‍ മാത്രമേ മേല്‍പറഞ്ഞ ആനുകൂല്യം ലഭ്യമാകാനുള്ള സാഹചര്യമുണ്ടാകൂ. ഇത്തരം ആനുകൂല്യം സോളാര്‍ വൈദ്യുതിയുടെ വ്യാപനത്തെ തീര്‍ച്ചയായും ത്വരിതപ്പെടുത്തുകയും ചെയ്യും.
ഒരു കിലോവാട്ടിന്റെ സൗരോര്‍ജ വൈദ്യുതനിലയം ഉപയോഗിച്ച് ഏകദേശം 800 വാട്ടിന്റെ വൈദ്യുത ഉപകരണങ്ങള്‍ പ്രതിദിനം നാല് മണിക്കൂറോളം പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും. സൂര്യപ്രകാശം തീരെ ലഭിക്കാത്ത പ്രത്യേകിച്ച് മഴയുള്ള അവസരങ്ങളില്‍ സോളാര്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തനരഹിതമാകാനിടയുണ്ട്. ഇത്തരം അവസരങ്ങളില്‍ കെ.എസ്.ഇ.ബി. ലൈനിലേക്ക് പെട്ടെന്ന് മാറ്റി പ്രവര്‍ത്തിപ്പിക്കുവാന്‍ കെ.എസ്.ഇ.ബി. സോളാര്‍ മീറ്ററുകളുടെ ഔട്ട്പുട്ട് ഭാഗത്ത് ‘ഡബിള്‍ പോള്‍ ടൂവേ സ്വിച്ച്’ സ്ഥാപിക്കുന്നത് നന്നായിരിക്കും (ചിത്രം 1). തന്മൂലം വീട്ടിലേക്കുള്ള ലൈറ്റ് ലോഡ് ബന്ധം (ലാംപുകള്‍, ഫാന്‍, ടി.വി. മുതലായവ) കാര്യമായ തടസം കൂടാതെ പ്രവര്‍ത്തിപ്പിക്കാനാവും. വീട്ടിലേക്കുള്ള പവര്‍ ലോഡ് ബന്ധം (എ.സി, വാഷിങ് മെഷീന്‍, മൈക്രോവേവ് ഓവന്‍ മുതലായവ) ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ കെ.എസ്.ഇ.ബി. മീറ്റര്‍ ഔട്ട്പുട്ട് ഭാഗത്തുനിന്നും നേരിട്ടായിരിക്കണം ബന്ധിപ്പിക്കേണ്ടത്.
(ലേഖകന്‍ കോട്ടയം റബര്‍ ഗവേഷണ കേന്ദ്രത്തില്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിംങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ്)

മംഗളം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply