ഇത്തവണ വന്നത് വവ്വാല്‍ പനി
സനൂപ് നരേന്ദ്രന്‍ എലിപ്പനി, കൊതുക് പനി, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങ് പനി ഭീതികള്‍ക്ക് ശേഷം, ഇത്തവണ മഴക്കാലത്തിന് തൊട്ട് മുമ്പ് തന്നെ പുതിയ അതിഥി എത്തി…. നിപാ വൈറസ് പനി…(മേല്‍ പറഞ്ഞ പനിപ്പേരുകളുടെ ചുവട് പിടിച്ചാല്‍ വവ്വാല്‍ പനി എന്ന് പറയാം). കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും കേരളം പനി ഭീതിയിലാണ്. എല്ലാ പനികള്‍ക്കും പിന്നില്‍ പുതിയ പുതിയ വൈറസുകളെയും മറ്റ് രോഗാണുക്കളെയും കണ്ടെത്തും. അവയെ മനുഷ്യനിലെത്തിക്കുന്ന വാഹകരേയും.. പിന്നെ ഇത്തരം ജീവികളെ കൊന്നൊടുക്കുവാനുള്ള പദ്ധതികള്‍ […]
എലിപ്പനി, കൊതുക് പനി, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങ് പനി ഭീതികള്‍ക്ക് ശേഷം, ഇത്തവണ മഴക്കാലത്തിന് തൊട്ട് മുമ്പ് തന്നെ പുതിയ അതിഥി എത്തി…. നിപാ വൈറസ് പനി…(മേല്‍ പറഞ്ഞ പനിപ്പേരുകളുടെ ചുവട് പിടിച്ചാല്‍ വവ്വാല്‍ പനി എന്ന് പറയാം). കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും കേരളം പനി ഭീതിയിലാണ്. എല്ലാ പനികള്‍ക്കും പിന്നില്‍ പുതിയ പുതിയ വൈറസുകളെയും മറ്റ് രോഗാണുക്കളെയും കണ്ടെത്തും. അവയെ മനുഷ്യനിലെത്തിക്കുന്ന വാഹകരേയും.. പിന്നെ ഇത്തരം ജീവികളെ കൊന്നൊടുക്കുവാനുള്ള പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നു. പ്രതിരോധ പ്രവര്‍ത്തനം എന്ന പേരില്‍ പലതും ചെയ്തു കൂട്ടുമ്പോഴും പനിമരണങ്ങള്‍ തുടര്‍ക്കഥയാകും…
ഓരോ രോഗത്തിനും നിദാനം Multifactorial (ബഹുവിധ കാരണങ്ങള്‍ ) ആണെന്നും Agent – Host – Environment ഘടകങ്ങള്‍ ആണ് രോഗകാരണത്തെ നിര്‍ണ്ണയിക്കുന്നതെന്നും ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ ആധുനിക ചികിത്സാ സംവിധാനം, രോഗകാരണത്തെ കേവലം Agent ല്‍ ആരോപിക്കുകയും ( രോഗാണുക്കള്‍), രോഗപ്രതിരോധത്തെയും ചികിത്സയെയും കേവലം രോഗാണു വേട്ടയിലും രോഗാണു വാഹകരെന്ന് കണ്ടു പിടിക്കപ്പെടുന്ന ജീവികളുടെ വംശത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലും പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ ആരോഗ്യ സ്ഥിതിയും അതിനെ നിര്‍ണയിക്കുന്ന ഭക്ഷണ- ജീവിത ശൈലികളും പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമതയും ( Host Factors) ആരോഗ്യ ജീവിതത്തിന് അനിവാര്യമായ പാരിസ്ഥിതിക – സാമൂഹ്യ സാഹചര്യങ്ങളും ( Environment Factor) തീര്‍ത്തും അവഗണിക്കപ്പെടുകയാണ്. കാരണം അതൊന്നും ലാഭം ഉണ്ടാക്കാന്‍ സഹായകരമായ ഉത്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കാന്‍ പറ്റുന്ന മേഖലകളല്ല…
നാം കണ്ടെത്തുന്ന ഓരോ പനിക്കും പിറകിലെ Agent മാത്രമായ സൂക്ഷ്മജീവികള്‍ ഈ ഭൂമിയില്‍ പുതിയതായി അവതരിക്കുന്നവയല്ല. അവ എത്രയോ കാലമായി ഇവിടെ ഉള്ളതാണ്. ആധുനിക ജീവിത സാഹചര്യങ്ങളില്‍, ഓരോ മനുഷ്യനും ഇത്തരം സൂക്ഷ്മജീവികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂലമായ ആന്തരികവും ബാഹ്യവുമായ പരിസ്ഥിതി (internal & External unhygienic conditions & variations in internal homeostasis ) ഒരുക്കി വെച്ചിരിക്കുന്നു എന്നതാണ് സത്യം. പോഷണം, ഉപാപചയം, ഉപാപചയ മാലിന്യങ്ങളുടെ വിസര്‍ജ്ജനം എന്നിവയില്‍ വരുന്ന അപാകതകളിലൂടെ, സ്വാഭാവിക പ്രതിരോധ സംവിധാനങ്ങള്‍ മുഴുവന്‍ വികലമായി, ഏത് രോഗാണുവിനും അവരുടെ സാമ്രാജ്യം ഒരുക്കാന്‍ പറ്റിയ വിളനിലമായി മനുഷ്യ ശരീരങ്ങള്‍ മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ആരും തയ്യാറാകുന്നില്ല.
ഈ സീസണില്‍ നിപാ വൈറസ് ആണ് വില്ലന്‍. വംശനാശത്തിന് വിധേയമാക്കാന്‍ വിധി കല്‍പിക്കാന്‍ പോകുന്നത് വവ്വാലുകളെ ആയിരിക്കും. അടുത്ത സീസണില്‍ (ഒരു പക്ഷേ ഈ മഴക്കാലത്ത് തന്നെ ) പുതിയ പനികളും വൈറസുകളും അവയെ പടര്‍ത്തുന്ന മറ്റ് ജീവികളും ഒക്കെ രംഗത്ത് വരാം. അവയേയും ഉന്മൂലനം ചെയ്യാന്‍ പദ്ധതി തയ്യാറാക്കപ്പെട്ടേക്കാം. ഒടുവില്‍ മനുഷ്യന്‍ മാത്രം മതി ഈ ഭൂമിയില്‍ എന്നും ബാക്കിയെല്ലാ ജീവികളും മനുഷ്യന് രോഗം ഉണ്ടാക്കുന്ന അണുക്കളേയും വഹിച്ച് നടക്കുന്ന ഭീകര സ്വത്വങ്ങളാണ് എന്ന് തീരുമാനിക്കപ്പെടും. (അണ്ണാരക്കണ്ണന്‍മാരും പൂമ്പാറ്റകളും തേനീച്ചകളും തുമ്പികളും ഒക്കെ ഉണ്ടല്ലോ നമുക്ക് ചുറ്റും). ഓര്‍മ്മ വച്ച കാലം മുതല്‍ പക്ഷികളും വവ്വാലും അണ്ണാരക്കണ്ണന്‍മാരും നുകര്‍ന്ന പഴങ്ങള്‍ മാധുര്യത്തോടെ കഴിച്ചു വളര്‍ന്ന നമ്മള്‍ ഓരോരുത്തരും നമ്മുടെ കുട്ടികളും, ഇന്ന് ഇതൊന്നും കഴിക്കരുതെന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാകുന്നു. പഴങ്ങള്‍ ,പച്ചക്കറികള്‍ എല്ലാം അണുനാശിനി ഉപയോഗിച്ച് കഴുകിയേ ഉപയോഗിക്കാവൂ എന്നാണ് ആഹ്വാനം.
ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും മനുഷ്യനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഭീകര സൂക്ഷ്മജീവികള്‍ ആണെന്നും എല്ലാം അണുവിമുക്തമാക്കി മാത്രമേ സ്വീകരിക്കാവൂ എന്ന ‘ശാസ്ത്രീയ ജീവിത വീക്ഷണം ‘ , ഹോമോസാപിയന്‍സ് എന്ന ജീവിവര്‍ഗ്ഗം പരിണാമ പരമായി നേടിയെടുത്ത അതിജീവനത്തിനുള്ള അനുകൂലനങ്ങളെയും സ്വാഭാവിക – ആര്‍ജ്ജിത പ്രതിരോധ സംവിധാനങ്ങളെയും നിര്‍ജ്ജീവമാക്കി ഈ വംശത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമായ ഒന്നായി മാറാന്‍ സാധ്യതയുണ്ട്. ജീവ ശാസ്ത്ര പരമായി മനുഷ്യന്‍ അനുകൂലനം നേടിയിട്ടില്ലാത്ത നിരവധി വിഷവസ്തുക്കളെ കുറിച്ച് ( വായുവിലും വെളളത്തിലും ഭക്ഷണത്തിലും ഇന്ന് യഥേഷ്ടം കണ്ടു വരുന്നവ) ഈ അണുക്കളുടെ അത്ര ഭീതി നിലവിലെ ചികിത്സാ വ്യവസ്ഥയ്ക്ക് കാണുന്നില്ല എന്നത് ഭീകരമായ, ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.
കോടിക്കണക്കിന് വ്യത്യസ്തമായ വൈറസ്സുകളും ബാക്ടീരിയകളും മറ്റ് സൂക്ഷ്മജീവികളും ഈ ഭൂമിയിലുണ്ട്. അവയില്‍ നാമമാത്രമായ എണ്ണങ്ങളെ മാത്രമേ നാം തിരിച്ചറിഞ്ഞിട്ടുള്ളൂ. വൈറസ്സുകളില്‍ പലതും ചുരുങ്ങിയ സമയത്തിനുള്ളില്‍ രൂപഭാവങ്ങള്‍ മാറുന്നവയുമാണ്. വൈറസ്സുകളുടെ അത്രയ്ക്ക് ഇല്ല എങ്കിലും ബാക്ടീരിയകളും അങ്ങനെ തന്നെ. അശാസ്ത്രീയമായ ജീവിത ശൈലി – ഭക്ഷണ രീതികള്‍ പിന്തുടരുന്ന ഒരു ജനസമൂഹത്തില്‍ ( ജീവിക്കുന്ന ആവാസവ്യവസ്ഥ തന്നെ വികലമായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍) പൊതു ആരോഗ്യ നിലയും സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളും തകരാറിലാകുമ്പോള്‍ പുതിയ പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടും. സൂക്ഷ്മപരിശോധനയില്‍ പുതിയ സൂക്ഷ്മജീവികളെ കണ്ടെത്തും. തീര്‍ച്ചയായും അവ Agent കള്‍ ആണ്. പക്ഷേ, അവയ്ക്ക് അനുകൂലമായ Host കളും അനുയോജ്യമായ ബാഹ്യ-ആഭ്യന്തര പരിസ്ഥിതികളും ഈ രോഗങ്ങളെ അപകടകാരികളാക്കും. അവിടെ മരുന്നോ ചികിത്സയോ പ്രത്യേകം പ്രത്യേകം സൂക്ഷ്മജീവികള്‍ക്കെതിരായ മരുന്നുകളോ, വാഹകരായ ജീവികളുടെ ഉന്‍മൂലനമോ പരിഹാരമാവില്ല. രോഗഭയവും ഫലപ്രദമല്ലാത്ത ചികിത്സയും കൂടുതല്‍ അപകടം ഉണ്ടാക്കുകയും ചെയ്യും.
ഹേ മനുഷ്യരേ….. നിങ്ങളുടെ ശരീരത്തിലെ ജൈവ ഉപാപചയ പ്രക്രിയകള്‍ താളം തെറ്റിയിരിക്കുന്നു എന്ന് തിരിച്ചറിയുക. ശരീരത്തിന്റെ ആന്തരിക സമസ്ഥിതി നിലനിര്‍ത്താനുള്ള പാരിസ്ഥിതിക – സാമൂഹ്യ സാഹചര്യങ്ങളും ജീവിത ശൈലിയും നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. (മുതലാളിത്തത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യവസ്ഥ നിങ്ങള്‍ക്കൊരുക്കിയ കെണിയില്‍ നിങ്ങള്‍ വീണു കഴിഞ്ഞത് നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നല്ലത്). നിങ്ങളുടെ ശരീരത്തിന്റെ അതിജീവനക്ഷമത തകര്‍ന്നു കൊണ്ടിരിക്കുന്നു. ഈ ഒരു സ്ഥിതിയില്‍, അടിയന്തിര ഘട്ടങ്ങളില്‍ ചിലപ്പോള്‍ സഹായകമായേക്കാവുന്ന മെഡിക്കല്‍ സാങ്കേതിക ഇടപെടല്‍ പോലും നിസ്സഹായരാകും. ഒരു പക്ഷേ, ദൂഷ്യഫലങ്ങള്‍ക്ക് നിമിത്തവുമാകാം. അതിനാല്‍ അടിസ്ഥാനപരമായ ജീവ ശാസ്ത്ര തത്വങ്ങള്‍ക്കനുസരിച്ച് ആരോഗ്യ ജീവിതത്തിലേക്ക് നടക്കാന്‍ തയ്യാറാവുക.
ആധുനിക ചികിത്സാ വ്യവസ്ഥിതിയോട് ഒറ്റ ചോദ്യം മാത്രം… നമ്മുടെ വികസനത്തിന്റെ പരിണിത ഫലമായ പാരിസ്ഥിതിക നാശവും, അശാസ്ത്രീയമായ ആധുനിക ജീവിത ശൈലിയും (വ്യായാമരാഹിത്യം, ഉറക്കമൊഴിക്കല്‍, മാനസിക സന്തുലനമില്ലായ്മ, വിശ്രമമില്ലാത്ത പരക്കം പാച്ചിലുകള്‍) തെറ്റായ ഭക്ഷണ രീതികളും ( ജങ്ക് ഫുഡുകളുടെ ഉപയോഗം, അമിതഭക്ഷണം, പോഷണ വൈകല്യം തരുന്ന ഭക്ഷണക്രമം , വിശക്കാതെയുള്ള ഭക്ഷണം കഴിക്കല്‍ etc) ഇന്നത്തെ സമൂഹത്തിലെ മനുഷ്യരുടെ ശരീരത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആരോഗ്യത്തകര്‍ച്ചകളെ കുറിച്ച്, പ്രതിരോധ സംവിധാനങ്ങളിലെ വൈകല്യങ്ങളെ കുറിച്ച് ഒരു പഠനം നടത്താന്‍ തയ്യാറാകുമോ…??? പ്രശ്‌നങ്ങളും പരിഹാരങ്ങളും ഇവിടെ അനാവരണം ചെയ്യപ്പെടും. GDP കൂടാന്‍ രോഗമാണ് വേണ്ടത്, ആരോഗ്യമല്ല. ആരോഗ്യമുള്ള സമൂഹത്തില്‍ നിന്ന്, മെഡിക്കല്‍ മേഖലയിലെ GDP യിലേക്കുള്ള സംഭാവന തുച്ഛമായിരിക്കും. അതു കൊണ്ട് തന്നെ, ഇങ്ങനെ ഒരു പഠനമോ, അതിനെ അടിസ്ഥാനമാക്കിയ ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങളോ ആരോഗ്യ വിദ്യാഭ്യാസമോ നിലവിലെ സാമൂഹ്യ- സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ മറ്റൊരു സമൂഹ നിര്‍മ്മിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ നടന്നു തുടങ്ങേണ്ടത് ഈ വഴിയിലാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആരോഗ്യം നില നിര്‍ത്തുന്ന ഒരു ജീവിത ശൈലി ജനകീയ സംസ്‌കാരമായി ആവിഷ്‌കരിക്കേണ്ടതുണ്ട്.
NB : ജീവിത ശൈലിയും ചുറ്റുപാടുകളും ആരോഗ്യത്തിന് ഹാനികരമാകുമ്പോള്‍, ജനങ്ങള്‍ രോഗം ഉദ്പാദിപ്പിക്കുന്ന ജീവിതരീതി തുടരുമ്പോള്‍, ആരോഗ്യത്തിന്റെ അസ്തിത്വപരമായ അടിത്തറകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ , വൈദ്യശാസ്ത്രം ആരോഗ്യം നല്‍കാന്‍ കെല്‍പ്പുള്ളതായിരിക്കില്ല – ഇവാന്‍ ഇല്ലിച്ച്
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in