ആന : രഘുലാലിന്റെ മാതൃകയും ശശികുമാറിന്റെ ധാരണയും

ആനയുമായി ബന്ധപ്പെട്ട രണ്ടുവാര്‍ത്തകള്‍ ഇന്നു പത്രങ്ങളില്‍ കണ്ടു. ഒന്ന്‌ 15 വര്‍ഷമായി താന്‍ വളര്‍ത്തുന്ന ഇന്ദ്രജിത്ത്‌ എന്ന ആനയെ രഘുലാല്‍ എന്ന തൃശൂര്‍ക്കാരനായ വ്യവസായി കാട്ടിലേക്ക്‌ തിരിച്ചുവിടാന്‍ തീരുമാനിച്ചത്‌. സ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ മനുഷ്യന്‍ ഗജവീരന്മാരോടു ചെയ്യുന്ന ക്രൂരതകള്‍ക്കു പ്രായശ്ചിത്തമായാണ്‌ ഈ നടപടിയെന്നു രഘുലാല്‍ പറയുന്നു. ഇതൊരു തുടക്കമാകട്ടെ എന്നാഗ്രഹിക്കുന്നതായും. ഇന്ദ്രജിത്‌ മോഴയായതിനാലാണ്‌ രഘുലാല്‍ ഇതു ചെയ്യുന്നതെന്ന്‌ വിമര്‍ശിക്കുന്നവരുണ്ട്‌. എന്നാല്‍പോലും അത്‌ ഈ പ്രവര്‍ത്തിയുടെ മഹത്വവും സന്ദേശവും ഇല്ലാതാക്കുന്നില്ല. രണ്ടാമത്തേത്‌ കേരള എലിഫെന്റ്‌ ഓണേഴ്‌സ്‌ ഫെഡറേഷന്റെ സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട്‌ […]

anaആനയുമായി ബന്ധപ്പെട്ട രണ്ടുവാര്‍ത്തകള്‍ ഇന്നു പത്രങ്ങളില്‍ കണ്ടു. ഒന്ന്‌ 15 വര്‍ഷമായി താന്‍ വളര്‍ത്തുന്ന ഇന്ദ്രജിത്ത്‌ എന്ന ആനയെ രഘുലാല്‍ എന്ന തൃശൂര്‍ക്കാരനായ വ്യവസായി കാട്ടിലേക്ക്‌ തിരിച്ചുവിടാന്‍ തീരുമാനിച്ചത്‌. സ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ മനുഷ്യന്‍ ഗജവീരന്മാരോടു ചെയ്യുന്ന ക്രൂരതകള്‍ക്കു പ്രായശ്ചിത്തമായാണ്‌ ഈ നടപടിയെന്നു രഘുലാല്‍ പറയുന്നു. ഇതൊരു തുടക്കമാകട്ടെ എന്നാഗ്രഹിക്കുന്നതായും. ഇന്ദ്രജിത്‌ മോഴയായതിനാലാണ്‌ രഘുലാല്‍ ഇതു ചെയ്യുന്നതെന്ന്‌ വിമര്‍ശിക്കുന്നവരുണ്ട്‌. എന്നാല്‍പോലും അത്‌ ഈ പ്രവര്‍ത്തിയുടെ മഹത്വവും സന്ദേശവും ഇല്ലാതാക്കുന്നില്ല.
രണ്ടാമത്തേത്‌ കേരള എലിഫെന്റ്‌ ഓണേഴ്‌സ്‌ ഫെഡറേഷന്റെ സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട്‌ ജനറല്‍ സെക്രട്ടറി പി ശശികുമാര്‍ എഴുതിയ കുറിപ്പാണ്‌. ആനകള്‍ ഇല്ലാത്ത പൂരം മലയാളികള്‍ക്ക്‌ ആലോചിക്കാന്‍ കഴിയുമോ എന്നാണ്‌ അദ്ദേഹം ചോദിക്കുന്നത്‌. തീര്‍ച്ചയായും ആനയുടമകള്‍ക്ക്‌ അതാലോചിക്കാന്‍ കഴിയില്ല. മോഷണങ്ങളില്ലാത്ത അവസ്ഥ വക്കീലിനും രോഗങ്ങളില്ലാത്ത അവസ്ഥ ഡോക്ടര്‍ക്കും ആലോചിക്കാനാവില്ലല്ലോ. എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഈ ആനക്കമ്പം എത്രയോ കള്ളമാണെന്ന്‌ ആനകളേല്‍ക്കുന്ന പീഡനങ്ങള്‍ പറഞ്ഞുതരും.
സത്യത്തില്‍ ഉത്സവങ്ങള്‍ക്ക്‌ ആനവേണമെന്ന്‌ ഒരു നിര്‍ബന്ധവുമില്ല എന്നതാണ്‌ വസ്‌തുത. എത്രയോ തന്ത്രിമാരും ചരിത്രകാരന്മാരും അതംഗീകരിച്ചിരിക്കുന്നു. ദേവസ്വം ഒംബുഡ്‌സ്‌മാന്‍ തന്നെ ഇക്കാര്യത്തില്‍ പല നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ആന ഇടയുന്നതും ആളപായം വരുന്നതും കൂടിവരുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ അവയെ ആചാരത്തിന്‌ മാത്രം എഴുന്നള്ളിച്ചാല്‍ മതിയെന്നായിരുന്നു പ്രധാന ശുപാര്‍ശ. മനുഷ്യന്റെ സുരക്ഷയുടെ പേരിലാണെങ്കിലും നല്ല നിര്‍ദ്ദേശങ്ങളായിരുന്നു അവ. നിര്‍ദേശങ്ങള്‍ ഓംബുഡ്‌സ്‌മാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ആഘോഷങ്ങള്‍ക്ക്‌ രഥം ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു പ്രധാന ശുപാര്‍ശ. പാപ്പാന്മാരുടെ ദ്രോഹം മൂലവും മറ്റും ഇടയുന്ന ആനയുടെ ആക്രമണത്തില്‍ പലരും കൊല്ലപ്പെടുന്നത്‌ ഈ നിലപാടിന്‌ ആധാരമായി ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക്‌ ദേവസ്വത്തിന്‌ കീഴിലുള്ള ആനകളെ ഉപയോഗിച്ചാല്‍ മതിയെന്നും ശുപാര്‍ശയില്‍ പറയുന്നു.
വിശ്രമമില്ലാത്ത ജോലി, ദീര്‍ഘയാത്ര, പാപ്പാന്മാരുടെ പീഡനം, വേണ്ടത്ര വെള്ളമോ ഭക്ഷണമോ വിദഗ്‌ദ്ധചികിത്സയോ ലഭിക്കാത്ത അവസ്ഥ, മദക്കാലത്തുപോലും വിശ്രമംനല്‍കാതെ ആനകളെ ആഘോഷപരിപാടികള്‍ക്ക്‌ കൊണ്ടുപോകുക, രാസവസ്‌തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്തുനല്‍കി മദപ്പാട്‌ കുറക്കാന്‍ ശ്രമിക്കുക, ദീര്‍ഘമായ ലോറിയാത്ര, പാപ്പാന്മാരുടെ മദ്യപാനം തുടങ്ങിയവയൊക്കെ ആനകളിടയാന്‍ കാരണമാകുന്നു. തുടര്‍ച്ചയായി അക്രമം കാട്ടുന്നതിനാല്‍ പരിപാടികള്‍ക്കു കൊണ്ടുപോകാന്‍ വിലക്കുള്ള ആനകളെ പേരുമാറ്റി മറ്റുജില്ലകളിലേയ്‌ക്ക്‌ കൊണ്ടുപോയി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതും സാധാരണമാണ്‌. ആനപരിപാലനവുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമങ്ങളും നിരന്തരമായി ലംഘിക്കപ്പെടുന്നു. ആനയുടമകളുടേയും ദേവസ്വങ്ങളുടേയും സമ്മര്‍ദ്ദനുള്ളതിനാല്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നുമാത്രം.
അടിസ്ഥാനപരമായി ആന കാട്ടുമൃഗമാണ്‌. കാട്ടില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ജീവി. ചൂടുകൂടിയാല്‍ മണിക്കൂറുകളോളം കാട്ടരുവികളില്‍ കുളിച്ചുതിമര്‍ക്കുന്ന ജീവി. വൃക്ഷലതാതികളുടെ തണല്‍പറ്റി ഗര്‍വ്വോടെ തലയുയര്‍ത്തി നടക്കുന്ന കാട്ടിലെ രാജാവ്‌.. അവനെയാണ്‌ മണിക്കൂറുകളോളം പൊരി വെയിലത്ത്‌ അനങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്തി നാം പൊരിക്കുന്നത്‌.. ദൈവമാകട്ടെ അവന്‌ നല്‌കിയത്‌ കറുത്ത ശരീരം. കറുപ്പ്‌ താപവികിരണങ്ങളെ ഒന്നടങ്കം ആഗിരണം ചെയ്യുമെന്ന്‌ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. പോരെങ്കില്‍ ഇത്‌ ആഗോളതാപനത്തിന്റെ കാലവും. മദപ്പാടുപോലും മറച്ചുവെച്ച്‌ ആനകളെ എഴുന്നള്ളിക്കാന്‍ മടിക്കാത്ത ആന ഉടമകളും ഏജന്റുമാരും പാപ്പാന്മാരും. ഏതൊരു ജീവിയുടേയും ശാരീരികായ ആവശ്യമായ ലൈംഗികതപോലും നാമവര്‍ക്കു നിഷേധിക്കുന്നു. ആനകളോട്‌ മനുഷ്യന്‍ ചെയ്യുന്ന ക്രൂരത നേരില്‍ കാണാന്‍ ഗുരുവായൂര്‍ ആനക്കോട്ടയില്‍ പോയാല്‍മതി.
ഇത്തരമൊരു സാഹചര്യത്തിലാണ്‌ ഒരു വശത്ത്‌ ശശികുമാറിന്റെ പ്രസ്‌താവനയും മറുവശത്ത്‌ രഘുലാലിന്റെ തീരുമാനവും പ്രസക്തമാകുന്നത്‌. തീര്‍ച്ചയായും രഘുലാല്‍ തന്നെയാണ്‌ ശരി. പണ്ടേ വൈലോപ്പിള്ളി സഹ്യന്റെ മകനെന്ന കവിതയില്‍ ഇക്കാര്യം പറയുന്നുണ്ടല്ലോ. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply