ആണ്‍ ലിംഗങ്ങളുടെ ആഘോഷം
ജിസ ജോസ് 1993 ജൂണ്‍ 23 നാണ് ലോകം മുഴുവന്‍ ആശങ്കയോടെ ശ്രദ്ധിച്ച ഒരു ലിംഗച്ഛേദം നടന്നത്.ആദ്യമായിട്ടാവാം ,അല്ലെങ്കില്‍ ചര്‍ച്ചയായതോ ശ്രദ്ധിക്കപ്പെട്ടതോ ആയ ആദ്യത്തെ ലിംഗച്ഛേദമാവാം. വൈകാരികമായും ശാരീരികമായും ലൈംഗികമായും ചൂക്ഷണം ചെയ്യപ്പെട്ട ലോറിനയെന്ന ഭാര്യ നാലു വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷം അടുക്കളക്കത്തി കൊണ്ടാണ് ഭര്‍ത്താവ് ജോണ്‍ ബോബിറ്റിന്റെ ലിംഗം മുറിച്ചു കളഞ്ഞത്. പരസ്പരം മുറിപ്പെടുത്തിയ രണ്ടുപേര്‍ക്കിടയിലെ അത്ര സ്വാഭാവികമല്ലാത്ത പ്രതിക്രിയയെന്നു ജോണ്‍ ബോബിറ്റ് തന്നെ അതിനെ പില്ക്കാലത്ത് വിശേഷിപ്പിച്ചു. തെരുവില്‍ ഒരു കൈയ്യില്‍ കത്തിയും […]
ജിസ ജോസ്
1993 ജൂണ്‍ 23 നാണ് ലോകം മുഴുവന്‍ ആശങ്കയോടെ ശ്രദ്ധിച്ച ഒരു ലിംഗച്ഛേദം നടന്നത്.ആദ്യമായിട്ടാവാം ,അല്ലെങ്കില്‍ ചര്‍ച്ചയായതോ ശ്രദ്ധിക്കപ്പെട്ടതോ ആയ ആദ്യത്തെ ലിംഗച്ഛേദമാവാം. വൈകാരികമായും ശാരീരികമായും ലൈംഗികമായും ചൂക്ഷണം ചെയ്യപ്പെട്ട ലോറിനയെന്ന ഭാര്യ നാലു വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷം അടുക്കളക്കത്തി കൊണ്ടാണ് ഭര്‍ത്താവ് ജോണ്‍ ബോബിറ്റിന്റെ ലിംഗം മുറിച്ചു കളഞ്ഞത്. പരസ്പരം മുറിപ്പെടുത്തിയ രണ്ടുപേര്‍ക്കിടയിലെ അത്ര സ്വാഭാവികമല്ലാത്ത പ്രതിക്രിയയെന്നു ജോണ്‍ ബോബിറ്റ് തന്നെ അതിനെ പില്ക്കാലത്ത് വിശേഷിപ്പിച്ചു. തെരുവില്‍ ഒരു കൈയ്യില്‍ കത്തിയും മറുകൈയ്യില്‍ ലിംഗവുമായുള്ള തന്റെ വിഭ്രാമകമായ നില്പിനെക്കുറിച്ച് ലോറിനയും അനുസ്മരിക്കുന്നുണ്ട്. ലോകത്തെ നിസ്സഹായമായ നില്‍പ്പുകളിലൊന്നാവണം അത്. എന്തു കാരണം കൊണ്ടു ചെയ്തതായാലും പിന്തുണ കിട്ടാന്‍ ഏറ്റവും പ്രയാസമുള്ള ഒന്ന്.
ബലാല്‍ക്കാരം, ലിംഗച്ഛേദം അഗമ്യ വാഞ്ഛകള്‍ ഇവ പ്രമേയമാക്കിയ, കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ സിനിമ ‘ങീലയശൗ’െ ഉം ലോകം ചര്‍ച്ച ചെയ്ത സിനിമയാണ്. മലയാളത്തില്‍ 22 ഫിമെയ്ല്‍ കോട്ടയം എന്ന സിനിമ ലിംഗച്ഛേദം പ്രമേയമായതും അതുകൊണ്ടു മാത്രം ശ്രദ്ധിക്കപ്പെട്ടതുമാണ്. ഒരു പുരുഷന്റെ അതിക്രമത്തിന്/ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന സ്ത്രീ ചെയ്യാനിടയുള്ള ഏറ്റവും ക്രൂരവും ശക്തവുമായ പ്രതികരണമായി ലിംഗച്ഛേദം ന്യായീകരിക്കപ്പെടുന്നുവെന്ന് ഈ സിനിമകള്‍ പറയുന്നു. എക്കാലത്തും മാനസിക ഘടനയില്‍ത്തന്നെ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ലിംഗച്ഛേദ ഭീതിയുമായി നടക്കുന്ന പുരുഷന്മാര്‍ പക്ഷേ താരതമ്യേനെ സുരക്ഷിതരാണെന്ന് യഥാര്‍ത്ഥമായോ സിനിമകള്‍ പോലുള്ള മാധ്യമങ്ങളിലോ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായേ നടക്കുന്നുള്ളുവെന്നതില്‍ നിന്നു തന്നെ വ്യക്തമാവുന്നു.
കേരളത്തില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു വരെ ഇത് സിനിമയില്‍ വഞ്ചിതയായ നായികക്ക് ശാസ്ത്രീയമായി നടത്താനുള്ള സര്‍ജിക്കല്‍ സ്‌െ്രെടക്ക് മാത്രമായിരുന്നു. പ്രത്യേകിച്ച് മുന്‍ കരുതലുകളോ നഴ്‌സിങ് / സര്‍ജറി വൈദഗ്ദ്ധ്യമോ ഒന്നുമില്ലാതെയും ഒരു പെണ്‍കുട്ടി ഇതു ചെയ്‌തേക്കുമെന്ന അതിശയമാണ് ആ സംഭവത്തിന്റെ ആദ്യ പ്രതികരണം. ജീവഹാനി തന്നെ സംഭവിക്കാവുന്നത്രയും അശാസ്ത്രീയമായാണ് അവളത് ചെയ്തത്. പ്രതി ബ്രഹ്മചര്യ ധര്‍മ്മം അനുഷ്ഠിക്കുന്ന സ്വാമിയാണെന്നത് പക്ഷേ അത്രയും അതിശയപ്പെടുത്തില്ല. അതൊക്കെ സ്വാഭാവികമെന്നു കരുതാന്‍ മാത്രം കേരളീയ സമൂഹം മാറിക്കഴിഞ്ഞു. പക്ഷേ ലിംഗച്ഛേദമെന്ന ഹിംസയെ ലൈംഗികാതിക്രമമെന്ന ഹിംസ കൊണ്ട് സമീകരിക്കാനുള്ള പൊതുബോധം സൃഷ്ടിക്കാന്‍ പ്രതിയുടെ രാഷ്ട്രീയവും അയാളുടെ സ്വാമിത്തവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പുരോഹിതന്മാര്‍ അവര്‍ ഏതു മതത്തിലുമാവട്ടെ, പ്രതിയാവുന്ന ലൈംഗികാതിക്രമ കേസുകള്‍ സമൂഹം സ്വീകരിക്കുന്നതിലും ചര്‍ച്ച ചെയ്യുന്നതിലും വ്യക്തമായ ചില മാനദണ്ഡങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യമായ ജനപിന്തുണ ഇല്ലാത്ത, അനുചര വൃന്ദങ്ങളോ ആത്മീയാഡംബരങ്ങളോ ഇല്ലാത്ത സാധാരണക്കാരന്‍ സ്വാമി. അതുകൊണ്ടു തന്നെ അയാളുടെ രാഷ്ട്രീയം അയാളെ ഒറ്റപ്പെടുത്തുന്നതിനും കല്ലെറിയുന്നതിനും വലിയൊരു കാരണമാവുന്നു. ആത്മീയാചാര്യന്മാരുടെ ഉപരിഘടനയിലെ അംഗമായിരുന്നു ഇയാളെങ്കില്‍ ഈ സംഭവം സ്വീകരിക്കപ്പെടുന്നതില്‍ വലിയ അന്തരമുണ്ടാവുമായിരുന്നു, അയാളുടെ രാഷ്ട്രീയച്ചായ്‌വ് ഏതു ദിശയിലേക്കായിരുന്നാലും. കുറ്റകൃത്യങ്ങളെ കേവലം കുറ്റകൃത്യങ്ങളായി മാത്രം കാണാനുള്ള കാഴ്ചയല്ല കേരളത്തിനുള്ളത്. പൊതു സമൂഹത്തിന്റെ സവിശേഷമായ നീതിബോധത്തിന്റെ വാള്‍മുനയില്‍ ഏതാണ്ട് ഏകാകിയായിത്തന്നെ ജന രോഷമഭിമുഖീകരിക്കുന്നു ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി.
ആറു വര്‍ഷമായി നിരന്തരം പീഡിപ്പിക്കപ്പെടുന്നവളായിരുന്നു ഇവിടെ ഇരയായ പെണ്‍കുട്ടി. മുന്‍കൂട്ടി ആസൂത്രണം ചെയ്തതോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമോ ആയിരുന്നിരിക്കാം അവളുടെ പ്രവൃത്തി. ചര്‍ച്ചയാവുന്ന എന്നു വെച്ചാല്‍ അതിക്രൂരമായ ലൈംഗികാതിക്രമ കേസുകളിലെല്ലാം തീര്‍ച്ചയായും ആള്‍ക്കൂട്ടത്തിന്റെ ആദ്യ പ്രതികരണങ്ങളിലൊന്നാണ് ഇവന്റെയൊക്കെ ലിംഗം മുറിച്ചുകളയണ്ടതാണെന്നത്. അതിന്റെ സാധ്യത, സംഭവ്യത എന്നിവ വളരെ സംശയാസ്പദമായിരിക്കും. പെട്ടെന്നുള്ള ശാരീരികാക്രമണത്തിനിടയില്‍ ഒരു സ്ത്രീക്ക് കൃത്യമായി ആക്രമിയുടെ ലിംഗം ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്താന്‍ കഴിയുന്നതും അതിനാവശ്യമായ പരിജ്ഞാനം, ആയുധം, മനഃസാന്നിധ്യം ഇതെല്ലാമുണ്ടാവുന്നതും അത്ര സാധാരണമല്ല. മാതൃകയായി മുമ്പിലുള്ള അവസാനത്തെ സംഭവത്തിലടക്കം പ്രതിയും ഇരയും വര്‍ഷങ്ങളായി പരിചിതരാണ്. പക്ഷേ അവന്റെ ലിംഗം മുറിച്ചു കളയേണ്ടതാണ് എന്നതൊരു സ്വാഭാവിക ഉടന്‍ പ്രതികരണം മാത്രം. യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യണമെന്ന അര്‍ത്ഥത്തിലല്ല, അതിവൈകാരികവും അരാഷ്ട്രീയവുമായ ഇത്തരം പ്രസ്താവനകള്‍/ ആഗ്രഹങ്ങള്‍ ഉണ്ടാവുന്നത്. സമൂഹത്തിന്റെ സദാചാര നിര്‍മ്മിതികളില്‍ വൈകാരികതയും പ്രബുദ്ധതയും പരസ്പരം വേര്‍തിരിക്കപ്പെടാനാവാത്ത വിധം കൂടിക്കുഴഞ്ഞതാണ്. പക്വമായ തരംതിരിവുകള്‍ക്കു വഴങ്ങാത്ത വിധം അത് വികാരത്തോടു മാത്രം ചേര്‍ന്നു നില്‍ക്കുന്നു.
കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍, പ്രതീകാത്മകമായല്ല, വാചകക്കസര്‍ത്തുമല്ല, ലിംഗഛേദം നടന്നപ്പോള്‍ എങ്ങനെയാണത് സ്വീകരിക്കപ്പെട്ടത് എന്നന്വേഷിക്കുന്നത് കൗതുകകരമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാവരും സന്തോഷിക്കുന്നു. ഭരണകൂടത്തിന്റെ പിന്തുണ പെണ്‍കുട്ടിക്കു കിട്ടുന്നു. നിയമത്തിന്റെ കുരുക്കുകളില്‍ അവളെ കുടുക്കില്ലെന്ന ഉറപ്പുണ്ടാവുന്നു. എല്ലാ ബലാല്‍ക്കാരികളും ഇനി ഭയപ്പെടുമെന്ന ശുഭ പ്രതീക്ഷയുണ്ടാവുന്നു. പ്രത്യക്ഷത്തില്‍ അതൊക്കെ നല്ലതെന്ന തോന്നലുളവാക്കുന്നുമുണ്ട്. 2012 ല്‍ ദല്‍ഹിയിലെ ജ്യോതിസിങ്ങിനെ ധീരവനിത, ദേശപുത്രി എന്നു വിശേഷിപ്പിച്ച, അവളുടെ യഥാര്‍ത്ഥ പേരു പോലും മറച്ചുവെച്ച് അവളെ നിര്‍ഭയയാക്കിയ അന്നത്തെ പ്രധാനമന്ത്രിയുടെ അതേ മനോഭാവമാണ് കേരളത്തിലെ പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നു പ്രശംസിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത മുഖ്യമന്ത്രിയുടേതും. രണ്ടും ഭരണാധികാരികളില്‍ നിന്നുണ്ടാവാന്‍ പാടില്ലാത്ത വികാര വിക്ഷോഭത്തിന്റെ പ്രതിസ്ഫുരണം മാത്രം. യാഥാസ്ഥിതികവും പുരുഷ കേന്ദ്രിതവുമായ മൂല്യ വിചിന്തനമാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്. സ്വന്തം വീട്ടിലേക്ക് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന പെണ്‍കുട്ടി അതിക്രൂരമായി ബലാല്‍ക്കാരം ചെയ്യപ്പെടുന്നതിനേയും കൊല്ലപ്പെടുന്നതിനേയും ന്യായീകരിക്കാനാണുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് അവളെ ധീരപുത്രിയാക്കല്‍. സ്വന്തം വീട്ടില്‍ ഗതികേടു കൊണ്ട്, പീഡകനെ മുറിപ്പെടുത്തുന്ന പെണ്‍കുട്ടിയെ ധീരയാക്കുന്നതിലും ഒരു രക്ഷപെടല്‍ തന്ത്രം കൂടിയുണ്ട്. ഇരകള്‍ക്കു ചുറ്റും, അവര്‍ കൊല്ലപ്പെട്ടാല്‍, അല്ലെങ്കില്‍ ആത്മഹത്യാപരമായ ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ മാത്രം ഉദാത്തമായ പരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത് ഭരണകൂടത്തിന്റെ നയമാണ്. ജീവിച്ചിരിക്കുന്ന,കീഴടങ്ങുന്ന ഇരകള്‍ക്ക് ഇതൊന്നും കിട്ടാതെ പോവുന്നു. അവര്‍ക്ക് നീതി പോലും നിഷേധിക്കപ്പെടുന്നു.
ബലാല്‍ക്കാരത്തെ തടയാന്‍ അക്രമിയുടെ, പുരുഷ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന വൃഷണങ്ങള്‍ നീക്കം ചെയ്യുക, ആന്റി ആന്‍ഡ്രിജന്‍ മരുന്ന് കുത്തിവെച്ച് ഹോര്‍മോണ്‍ ഉല്പാദനം തടയുക (രാസ ഷണ്ഡീകരണം)തുടങ്ങിയ ശിക്ഷാരീതികളെക്കുറിച്ച് 1920 കള്‍ മുതലേ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ 2011 ലെ ദിനേശ്‌ദേവ് കേസുമായി ബന്ധപ്പെട്ടാണ് രാസ ഷണ്ഡീകരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങിയത്. ലിംഗച്ഛേദമെന്ന അക്ഷരാര്‍ത്ഥത്തിലല്ല നീതിന്യായ വ്യവസ്ഥ അതിനെക്കുറിച്ചു സംസാരിക്കുന്നത്. പക്ഷേ പ്രതിയുടെ മനുഷ്യാവകാശങ്ങള്‍ ജനാധിപത്യ ഘടനയില്‍ പ്രധാനമായതു കൊണ്ടുതന്നെ ഇത്തരം പ്രതിവിധികള്‍ക്ക് നിയമ സാധുതയുണ്ടായില്ല. ബലാല്‍സംഗത്തിന് പരിഹാരമുണ്ടാക്കാന്‍, ഷണ്ഡീകരണം/ വധശിക്ഷ തുടങ്ങിയ കടുത്ത നിയമങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തുന്നതു കൊണ്ട് സാധിക്കുകയുമില്ല. മറ്റു െ്രെപമേറ്റുകളില്‍ നിന്നു വ്യത്യസ്തമായി പുരുഷന്മാരില്‍ സിരാസമ്മര്‍ദ്ദം കൊണ്ടാണ് ലൈംഗികോദ്ധാരണം നടക്കുന്നതെന്ന ശാരീരിക യുക്തിയെ അവലംബമാക്കിത്തന്നെ പറയാം അവന്‍ ബലാല്‍സംഗം ചെയ്യുന്നത് ലിംഗം കൊണ്ടു മാത്രമല്ല, തല കൊണ്ടു കൂടിയാണ്. പക്വമായ ലൈംഗിക സംസ്‌കാരത്തിന്റെ, ഗൗരവമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം നമ്മുടെ സമൂഹത്തില്‍ സ്ത്രീശരീരത്തെ മുറിപ്പെടുത്തുന്ന ആണ്‍നോട്ടങ്ങളെ, അതിക്രമങ്ങളെ സ്വാഭാവികമാക്കുന്നുവെന്നു ചുരുക്കം.
ലിംഗച്ഛേദം ഇനിയുള്ള ബലാല്‍ക്കാര ശ്രമങ്ങളെ ഭയപ്പെടുത്തും എന്നുള്ള പ്രതീക്ഷയും തീര്‍ത്തും അസ്ഥാനത്താണ്. ബലാല്‍ക്കാരികള്‍ എന്നൊരു പ്രത്യേക വിഭാഗം പുരുഷന്മാര്‍ എവിടെയുമില്ല. അല്ലെങ്കില്‍ എല്ലാ പുരുഷന്മാരിലും ഒരു ബലാല്‍ക്കാരി ഒളിഞ്ഞിരിപ്പുണ്ട്. അനുകൂലമായ സന്ദര്‍ഭങ്ങള്‍, പ്രകോപനങ്ങള്‍, അഹിതകരമായ പെരുമാറ്റങ്ങള്‍ ഇങ്ങനെ ഏതു സാഹചര്യത്തിലും സംഭവിക്കാവുന്നതാണ് ലൈംഗികാതിക്രമങ്ങള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തവയോ, ഇരയെ കരുതിക്കൂട്ടി ലക്ഷ്യം വെയ്ക്കുന്നവയോ അല്ല ഭൂരിഭാഗം അതിക്രമങ്ങളും. അത് ആകസ്മികമായി സംഭവിച്ചു പോവുന്നതാണ്. ‘ആക്രമം സങ്കല്പിക്കാതെ പുരുഷന്മാര്‍ക്ക് ലൈംഗികാഹ്ലാദം ഉണ്ടാവില്ല. സ്ത്രീയോടുള്ള ആസക്തി പോലെ അക്രമണോത്സുകതയും ലൈംഗികോത്തേജകമാവുന്നുവെന്ന് സുധീര്‍ കാക്കര്‍ (ഠവല കിറശമി െജീൃൃേമശ േീള ുലീുഹല) പറയുന്നത് ശ്രദ്ധേയമാണ്. പുരുഷ മനോഭാവത്തിലന്തര്‍ലീനമായ അധികാര ബോധമാണ് അവനെക്കൊണ്ട് ബലാല്‍സംഗം ചെയ്യിക്കുന്നത്. ലൈംഗിക തൃഷ്ണക്കവിടെ രണ്ടാം സ്ഥാനം പോലുമില്ല. ശരീരത്തിന്റെ അനുഭവമോ സ്ഖലനത്തിന്റെ ആനന്ദമോ അവനെ പ്രചോദിപ്പിക്കുന്ന പ്രേരണകളല്ല മിക്കപ്പോഴും. എതിര്‍ക്കുന്നവരെ കൂടുതല്‍ ആക്രമിക്കുന്നതിലും മുറിപ്പെടുത്തുന്നതിലും സവിശേഷവും ഹിംസാത്മകവുമായ ആനന്ദം അവനനുഭവിക്കുന്നു. പെണ്ണിനെ മര്യാദ പഠിപ്പിക്കാന്‍, ഒരു ആശയത്തെ, രാഷ്ട്രത്തെ, വര്‍ഗ്ഗത്തെ, വര്‍ണത്തെ ഒക്കെ നിശബ്ദമാക്കാന്‍ ആദിമകാലം മുതല്‍ ബലാല്‍സംഗം ആണ്‍കോയ്മയുടെ അവകാശമാണ്. വംശീയ-ജാതീയ വിദ്വേഷങ്ങള്‍ തീര്‍ക്കാന്‍ സ്ത്രീശരീരത്തെ ലൈംഗികമായി കീഴടക്കുന്നതും അപമാനിക്കുന്നതും ഇന്നത്തെക്കാലത്ത് പോലും ഒരു പഴങ്കഥയല്ല. സാമൂഹികമായി അനുവദനീയതയുള്ള ഒരു സാംസ്‌കാരിക നിര്‍മ്മിതി തന്നെയായി സമൂഹത്തില്‍ ബലാല്‍ക്കാരം അടയാളപ്പെടുത്തപ്പെടുന്നു. പോര്‍ണോഗ്രാഫി, അശ്ലീല കഥകള്‍, ശബ്ദരേഖകള്‍ തുടങ്ങിയവയുടെ ലഭ്യതയിലെ അനായാസത പുതിയ കാലത്തിന്റെ ലൈംഗിക ബോധത്തെ അപകടകരമാക്കുന്നുണ്ട്. സമൃദ്ധമായ അശ്ലീല ദൃശ്യ സാഹിത്യ വിപണി പെണ്ണുടലിനെ ബലാല്‍ക്കാര യോഗ്യമായി പ്രതിഷ്ഠിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഒരു ലിംഗച്ഛേദം എല്ലാ പുരുഷന്മാര്‍ക്കുമുള്ള താക്കീതാണെന്നു വിശ്വസിക്കുക പ്രയാസമാണ്. ബലാല്‍ക്കാരം ഇല്ലാതാവുകയല്ല, കൂടുതല്‍ നിഷ്ഠുരമാവാനുള്ള സാധ്യത കൂടി അവശേഷിപ്പിക്കുന്നു ഈ സംഭവം. മുറിഞ്ഞുവീണ ലിംഗത്തിന് പകരം ചോദിക്കേണ്ടതുണ്ട് ആണധികാരത്തിന്.
ഉദ്ധൃതമായ ആണ്‍ലിംഗങ്ങള്‍
പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നു എന്നു തോന്നിപ്പിച്ചു കൊണ്ട്, ലിംഗനഷ്ടം വന്ന പുരുഷനെ പരിഹസിക്കുന്ന എണ്ണമറ്റ ട്രോളുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യല്‍ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും ഈ സംഭവത്തിനു ശേഷം നിറഞ്ഞുനിന്നത്. ഒന്നാമത് ഇതുവരെ കേള്‍ക്കാത്ത ഒരു സംഭവത്തിലുള്ള പുതുമ എല്ലാവരെയും ആകര്‍ഷിക്കുന്നു. സ്ത്രീ ശരീരം തകര്‍ത്തു തരിപ്പണമാക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ചുമാത്രമേ ഇക്കാലമത്രയും ചര്‍ച്ച ചെയ്തിട്ടുള്ളൂ. രണ്ടാമത്തേത് ഇതിലുള്‍പ്പെട്ട വ്യക്തിയുടെ രാഷ്ട്രീയവും സാമൂഹ്യ പദവിയും. മൂന്നാമത്തതാണ് വളരെ പ്രധാനപ്പെട്ടത്. ഈ ട്രോളുകള്‍/പോസ്റ്റുകള്‍/കമന്റുകള്‍/വാര്‍ത്തകള്‍ എല്ലാം പുരുഷ ലിംഗത്തിന്റെയും അതിലൂന്നിയ അധികാരത്തിന്റെയും അപ്രമാദിത്വത്തെ തന്നെയാണു സ്ഥാപിക്കുന്നത്. തനിക്കു കീഴടക്കാനവകാശമുള്ള ഒന്നായി സ്ത്രീ ശരീരത്തെ കാണുക, അതിനുള്ള ഉപകരണമായി ലിംഗത്തെ കാണുക എന്ന അതേ ആധിപത്യ മനോഭാവത്തിന്റെ ബാഹ്യ സ്ഫുരണമാണ് സ്വാമിയെ ലിംഗശൂന്യാനന്ദനായുമൊക്കെ പരിഹസിക്കുന്ന ട്രോളുകള്‍. ആ പെണ്‍കുട്ടിക്ക് ഉന്നം തെറ്റി സ്വാമിയുടെ മറ്റേതെങ്കിലും അവയവമാണ് മുറിഞ്ഞുപോയിരുന്നതെങ്കില്‍ അയാള്‍ ഇത്രയ്ക്കും അപഹാസ്യനാവുമായിരുന്നില്ല. ബലാല്‍ക്കാര ശ്രമത്തിനിടെ പരിക്കേറ്റവര്‍ ഒരിക്കലും പൊതു സമൂഹത്തിന്റെ ചര്‍ച്ചാ വിഷയമായിരുന്നില്ല എന്നുമോര്‍ക്കണം. ലിംഗത്തിന്റെ അഭാവമാണ് പുരുഷനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനം. പാതി ലിംഗസ്വാമി, അണ്ടി കളഞ്ഞ സ്വാമി, ലിംഗശൂന്യാനന്ദ, ലിംഗ ത്യാഗാനന്ദ.. തുടങ്ങി പ്രതിയുടെ ആത്മീയ പദവിയിലും പുരുഷ ലിംഗത്തിന്റെ ആധിപത്യ സ്വഭാവത്തിലുമൂന്നിയ നൂറുകണക്കിനു പേരുകളാണ് മുറിവേറ്റ അപരാധിയായ പുരുഷന് കിട്ടിയത്. സ്വയം ടൂള്‍ മുറിക്കല്‍, തനിക്ക് ആവശ്യമില്ലാത്തത്, ഉപയോഗമില്ലാത്തത് മുറിച്ചു കളഞ്ഞു എന്നെല്ലാമുള്ള പരിഹാസങ്ങള്‍ കൂടുതല്‍ ശക്തമായി ലിംഗാധികാരത്തെ സൂചിപ്പിക്കുന്നു. ലിംഗത്തിന്റെ ഒരേയൊരു ധര്‍മ്മം തുളച്ചുകയറലാണെന്നു വ്യംഗ്യമായി പറയുകയാണിവയൊക്കെ. കേസിന്റെ സങ്കീര്‍ണ്ണതകള്‍ പരമാവധി ലഘൂകരിക്കാന്‍ മാത്രമായിരിക്കില്ല ഇവിടെ പ്രതി താന്‍ സ്വയം ലിംഗച്ഛേദം നടത്തിയതാണെന്നു കുറ്റസമ്മതം നടത്തിയതും. സ്ത്രീയെ കീഴടക്കാന്‍, വഴിപ്പെടുത്താന്‍, ഭയപ്പെടുത്താന്‍ കാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന അവയവം അവളാല്‍ത്തന്നെ ഛേദിക്കപ്പെടുന്നതില്‍ ആദിമമായ ഒരപമാന ഭീതി കൂടി അവനുണ്ട്. അത് ഇവിടെ പ്രതിയുടേതു മാത്രമല്ല, അയാളെ പരിഹസിക്കുന്ന എല്ലാ പുരുഷന്മാരുടേതും കൂടിയാണ്. ചുരുക്കത്തില്‍ ഈ സംഭവവും അതിനെക്കുറിച്ചുണ്ടായ പ്രതികരണങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആണ്‍ലോകത്തിന്റെ വിവസ്ത്രീകരണമാണ് നടത്തുന്നത്. നഗ്‌നവും ഉദ്ധൃതവുമായ ആണ്‍ലിംഗങ്ങളുടെ നാണം കെട്ട പ്രദര്‍ശനം. അതിലൊന്ന് മുറിഞ്ഞറ്റു പോയതെന്നു മാത്രം.
പുരുഷന്റെ ലൈംഗികക്ഷമതയില്‍ ഊന്നിയിട്ടുള്ള പ്രയോഗങ്ങള്‍, അവകാശവാദങ്ങള്‍ ഭാഷയില്‍, മാധ്യമങ്ങളില്‍ വളരെ സ്വാഭാവികമായാണ് സ്വീകരിക്കപ്പെടുന്നത്. സ്ത്രീയെ ഭല്‍സിക്കാനും ലൈംഗിക ക്രിയയുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ തന്നെ ഉപയോഗിക്കുന്നതും കാണാം. വാക്കുകളില്‍പോലും ഒളിഞ്ഞിരിക്കുന്ന ഉദ്ധൃത ലിംഗവുമായാണ് പുരുഷന്‍ പലപ്പോഴും സംസാരിക്കുന്നത്. അതിന്റെ വലുപ്പക്കൂടുതലും ഉറപ്പും പ്രയോഗക്ഷമതയും അവന്റെ ആണത്തത്തെ നിര്‍ണയിക്കുന്നു. ലിംഗകേന്ദ്രിതമായ ഭീഷണികള്‍, തമാശകള്‍, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ എന്നിവ എത്രയോ സ്വാഭാവികമായാണു നമ്മള്‍ സിനിമയിലും ജീവിതത്തിലും ഉള്‍ക്കൊള്ളുക. പുളിമാങ്ങ തീറ്റിക്കലും അറിഞ്ഞു വിളയാടലും തുടങ്ങി ലിംഗത്തെ പ്രാമാണീകരിക്കുന്ന ഭാഷ/ആംഗ്യം/ഭാവം എന്നിവ ഉച്ചത്തിലുള്ള കൈയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്.
പുരുഷന്റെ സ്വത്വ രൂപീകരണത്തിലെ കേന്ദ്ര സങ്കല്പനമാണ് ലിംഗമെന്നു മനഃശാസ്ത്രം പറയുന്നു. അവന്റെ അധികാരത്തിനും അവകാശങ്ങള്‍ക്കുമെല്ലാമുള്ള ആധാരമാണത്. അതിനെ കേന്ദ്രീകരിച്ചാണവന്റെ സാമൂഹിക ലൈംഗിക സ്വത്വങ്ങള്‍ പരുവപ്പെടുക. ആണത്തത്തെ ശക്തിയുമായും പെണ്ണത്തത്തെ മൃദുലതയുമായും ബന്ധപ്പെടുത്തുന്നത് സാധാരണമാണ്. ലൈംഗികതയിലെ അധികാരം പുരുഷന്റേതായതു കൊണ്ട് അതുമായി ബന്ധപ്പെടുത്തിയായിരിക്കും സ്‌െ്രെതണ ലൈംഗികതയേയും നിര്‍വചിക്കുക. സ്ത്രീ അവളുടെ ലൈംഗിക വാഞ്ഛകളെക്കുറിച്ച്, ആവശ്യങ്ങളെക്കുറിച്ച് തുറന്നു പറയുന്നില്ല. പറയുന്നവര്‍ കുലീനകളുമല്ല. സ്‌െ്രെതണ ലൈംഗികതയെ അഭാവം (കമരസ) കൊണ്ടും പുരുഷ ലൈംഗികതയെ ലിംഗം (ജലിശ)െ കൊണ്ടും സൂചിപ്പിക്കുകയായിരുന്നു ഫ്രോയ്ഡ്. ഏക ലൈംഗികത എന്ന പരികല്പന കൊണ്ട് ലകാന്‍ ഇതിനെ കൂടുതല്‍ വിശദമാക്കുന്നുമുണ്ട്. പുരുഷ/ സ്ത്രീ ദ്വന്ദ്വമെന്നത് സാങ്കല്പികമാണ്. ഈ ദ്വന്ദ്വത്തെ പ്രതിനിധീകരിക്കുന്ന ഏക രൂപകം പുല്ലിംഗമാവുന്നു. പരിശുദ്ധവും അധികാര ധാര്‍ഷ്ട്യമുള്ളതുമായ പുരുഷ ലിംഗത്തിനു മേല്‍ക്കൈയുണ്ടാവുക സ്വാഭാവികം. ലിംഗനഷ്ടം സംഭവിച്ചവന്‍ അപൂര്‍ണനും തരം താഴ്ന്നവനുമാണ്. സ്‌െ്രെതണ ഗുണങ്ങളുള്ളവന്‍. സ്വന്തം ശരീരത്തെ സമ്പൂര്‍ണമായും സ്വന്തം ലിംഗത്തെ ആത്മരതിയോടെയും അഹങ്കാരത്തോടെയും വീക്ഷിക്കുന്നു പുരുഷ സ്വത്വം. ലിംഗച്ഛേദമെന്നത് അവനെ സംബന്ധിച്ച് കേവലമൊരു അവയവ നഷ്ട്മല്ല, കര്‍ത്തൃത്വ വിച്ഛേദം തന്നെയാണ്. ലിംഗത്തിന്റെ അപ്രമാദിത്വത്തിലടിയുറച്ച ഇത്തരം സ്വത്വബോധമാണ് പുരുഷന്റെ എല്ലാ സാമൂഹിക പ്രവൃത്തികളേയും നിയന്ത്രിക്കുന്നത്. അവന്റെ നിന്ദ്യവും ക്രൂരവുമായ അധീശ വ്യവഹാരങ്ങള്‍ക്കെല്ലാം നിമിത്തം ലിംഗ കേന്ദ്രിതമായ അഹന്തയും. കൂട്ടത്തിലൊരാള്‍ക്ക് ലിംഗച്ഛേദം സംഭവിക്കുമ്പോള്‍ അവനെ ഒറ്റപ്പെടുത്തുന്നതും അതുകൊണ്ടു തന്നെ.
ഫ്രോയ്ഡ് പറയുന്ന പെനിസ് എന്‍വി (ലിംഗാസൂയ) പുല്ലിംഗമില്ലാത്ത സ്ത്രീകള്‍ക്ക് പുരുഷനോടുള്ള അസൂയ പില്ക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയൊന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ പുരുഷന്മാര്‍ക്കു പരസ്പരമുള്ള ഒരു വിഭ്രാന്തിയാവാനാണിട. ലിംഗം നഷ്ടപ്പെട്ടതോടെ നിസഹായനായ പുരുഷനെ കൂട്ടം ചേര്‍ന്നാക്രമിക്കുന്നതിലൂടെ അയാളുടെ ലൈംഗികാധിപത്യം നഷ്ടപ്പെട്ടുവെന്നു സ്ഥാപിക്കുവാന്‍ വ്യഗ്രതപ്പെടുന്നു. ലിംഗത്തിന്റെ വലുപ്പം, ലൈംഗിക വേഴ്ചയുടെ ദൈര്‍ഘ്യം, സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള കഴിവ് തുടങ്ങി ഒട്ടനവധി ഭീതികളും സന്ദേഹങ്ങളും അസൂയകളും ചേര്‍ന്ന് അരക്ഷിതം കൂടിയാണ് പുരുഷന്റെ ലൈംഗിക കര്‍ത്തൃത്വം. അതിന്റെ ആധികാരികത, ആധിപത്യം ചോദ്യം ചെയ്യപ്പെടുന്നത് അവനെ തകര്‍ക്കുകയും ചെയ്യും. ഇവിടെ 6 വര്‍ഷങ്ങളായി അനധികൃതമായി രതിസുഖമനുഭവിച്ചിരുന്നവന്റെ ലിംഗച്ഛേദം മറ്റുള്ളവര്‍ക്ക് സന്തോഷകരമാവുന്നത്, അവര്‍ ഇത്രയും ഹിംസാത്മകമായി അയാളെ ആക്രമിക്കുന്നത് ലൈംഗികാവബോധങ്ങളിലെ യാഥാസ്ഥിതിക ധാരണകള്‍ കൊണ്ടു തന്നെ.
ഈ ലിംഗഛേദം ഒറ്റപ്പെട്ട സംഭവമാണ്. ലിംഗാധികാരത്തിന്റെ സവിശേഷ രാഷ്ട്രീയത്തെ നിഷേധിക്കാനുള്ള യാതൊരു സാധ്യതയും അതവശേഷിപ്പിക്കില്ലെന്ന് ജനക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ വ്യക്തമാക്കുന്നു. ഉപരിപ്ലവമായ ഇക്കിളികള്‍ക്കപ്പുറം ലിംഗനീതിയെന്ന ന്യായമായ ആവശ്യത്തിന്റെ അടുത്തേക്കു പോലും ഈ സംഭവം എത്തിച്ചേരില്ല. ലിംഗച്ഛേദത്തെ ആഘോഷിക്കുന്ന, അത്യന്തികമായി സ്ത്രീവിരുദ്ധമായ നിലപാടുകള്‍ക്ക് സമാന്തരമായി മറ്റൊരു പൊതുബോധ നിര്‍മ്മിതി കൂടി നടക്കുന്നുണ്ട്. അത് പെണ്‍കുട്ടിയുടെ സദാചാര ചരിത്രം, പാളിച്ചകള്‍, ബ്ലാക് മെയിലിങ്, അമ്മ കൂടി അറിഞ്ഞു കൊണ്ടുള്ള കൂട്ടിക്കൊടുപ്പ് തുടങ്ങിയവയെക്കുറിച്ചു സംസാരിക്കുന്നു. ലിംഗച്ഛേദത്തിന്റെ ഉത്സവം അടങ്ങിയാല്‍ അതൊക്കെ ശക്തമായി മുഖ്യധാരയിലേക്കു പൊങ്ങിവരും. ലൈംഗികാതിക്രമങ്ങളില്‍ സ്ത്രീയെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള വ്യഗ്രത പൊതു സമൂഹത്തിനുണ്ട്. ഒന്നു മാത്രം ഉറപ്പാണ്. ആരോഗ്യകരമായ ആണ്‍-പെണ്‍ ബന്ധങ്ങളില്ലാത്ത ,ലൈംഗിക സംസ്‌കാരമില്ലാത്ത സമൂഹങ്ങളില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വാഴ്ത്തപ്പെടുകയും അത്രയും കൂടുതല്‍ കൂടുതല്‍ ശക്തമായി ലിംഗാധികാരം ഉറപ്പിക്കപ്പെടുകയും ചെയ്യും.
ഈ ലിംഗച്ഛേദത്തില്‍ സ്ത്രീകള്‍ക്കു സന്തോഷിക്കാന്‍ കാര്യമായൊന്നുമില്ലെന്നതാണ് വാസ്തവം.ലിംഗം നഷ്ടപ്പെട്ട ജോണ്‍ ബോബിറ്റിന് ലൈംഗികശേഷി നഷ്ടപ്പെട്ടില്ല. ലിംഗമാറ്റ ശസ്ത്രക്രിയകളൊക്കെ സാധാരണമായ കാലത്ത് കൃത്രിമ ലിംഗം അസാധ്യമായതല്ല. ബോബിറ്റ് രക്തസാക്ഷിയുടെ പരിവേഷത്തോടെ പോണ്‍ സിനിമകളിലഭിനയിച്ചു കാലക്ഷേപം നടത്തിയെന്നു കൂടി ചേര്‍ത്തുവായിക്കണം. ലോറിന ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാവുന്നവരെ സഹായിക്കാന്‍ റെഡ് വാഗണ്‍ എന്നൊരു സംഘടനയുമായി ജീവിതം തുടര്‍ന്നു. ചുരുക്കത്തില്‍ സ്ത്രീകളുടേതല്ല ഇവിടെ മുഴങ്ങുന്ന ആഹ്ലാദാരവങ്ങള്‍. കത്തി ഒളിപ്പിച്ചും സൂക്ഷിച്ച് മര്‍മ്മവേധിയായി അത് പ്രയോഗിക്കാന്‍ പരിശീലിച്ചും ജീവിക്കേണ്ടി വരുന്ന കെട്ട കാലത്തെക്കുറിച്ച് ഭയാനകമായ സൂചനകളാണവര്‍ക്കായി ഈ സംഭവം ബാക്കി വെക്കുന്നത്.
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in