അഭയക്ക് നീതി ഇനിയും അകലെ…??

ഏറെ കോലാഹലങ്ങള്‍ക്ക് വഴി തെളിച്ച സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് മാര്‍ച്ച് 27ന് 25 വര്‍ഷം കഴിയുകയാണ്. 1992 മാര്‍ച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സിബിഐക്ക് നാണക്കേടാണ് ഈ കേസിന്റെ അന്വേഷണം. ഒരു കൊലക്കേസില്‍ ഇത്രയുംകാലം സി.ബി.ഐ. അന്വേഷണം നടത്തുന്നത് ആദ്യമായാണ്. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മുന്ന് പ്രതികളെ 2008 നവംബര്‍ 18ന് അറസ്റ്റുചെയ്തിരുന്നു. […]

abaya

ഏറെ കോലാഹലങ്ങള്‍ക്ക് വഴി തെളിച്ച സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് മാര്‍ച്ച് 27ന് 25 വര്‍ഷം കഴിയുകയാണ്. 1992 മാര്‍ച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സിബിഐക്ക് നാണക്കേടാണ് ഈ കേസിന്റെ അന്വേഷണം. ഒരു കൊലക്കേസില്‍ ഇത്രയുംകാലം സി.ബി.ഐ. അന്വേഷണം നടത്തുന്നത് ആദ്യമായാണ്. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മുന്ന് പ്രതികളെ 2008 നവംബര്‍ 18ന് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കെതിരെ 2009 ജൂലായ് 17ന് സി.ബി.ഐ കുറ്റപത്രവും നല്‍കി. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെയാണ് സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബര്‍ 19നു, കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.
സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂര് ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫാ. തോമസ് കോട്ടൂര്‍ കോട്ടയം അതിരൂപതാ ചാന്‍സലറായി പ്രവര്‍ത്തിക്കുകയായിരുന്നു. തലയ്ക്കടിക്കാന്‍ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പൂതൃക്കയില്‍ രണ്ടാം പ്രതിയാണ്. കൊലപാതകത്തില്‍ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാന്‍ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന് ഫാ. കോട്ടൂരിനോടൊപ്പമാണ് ഫാ. പൂതൃക്കയിലും പോയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കാസര്‍കോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെന്‍ത് കോളജിലെ പ്രിന്‍സിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവര്‍ത്തിക്കുകയായിരുന്നു റവ. ജോസ് പൂതൃക്കയില്‍.
കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സെഫി എന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂര്‍ അഭയയുടെ തലക്കടിച്ചപ്പോള്‍, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റര്‍ പ്രേരണ നല്‍കി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിസ്റ്റര്‍ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിസ്റ്റര്‍ സെഫി തിരുവല്ല സെന്റ് ജോസഫ് കോണ്‍വന്റിലെ അന്തേവാസിനിയായിരുന്നു.
ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് അന്തിമറിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് സി.ബി.െഎ. കേസ് ഏറ്റെടുത്തത്. കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നുകാട്ടി 1996ലും 99ലും 2005ലും അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.െഎ. കോടതിയുടെ അനുമതി തേടിയ ചരിത്രവും അഭയ കേസിനുണ്ട്. എന്നാല്‍, മൂന്നുപ്രാവശ്യവും അന്തിമറിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. കോടതിയുടെ ഈ ഇടപെടലാണ് മൂന്ന് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.
അതിനിടെ നീതിന്യാവ്യവസ്ഥക്ക് കളങ്കമായ നിരവധി സംഭവങ്ങള്‍ ഉണ്ടായി. തെളിവുനശിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി, കെ.റ്റി.മൈക്കിള്‍ ഉള്‍പ്പെടെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.െഎ. തുടരന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. ഹൈക്കോടതി ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെയുള്ള വിചാരണ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ തുടങ്ങിയിരുന്നു. എന്നാല്‍, തുടരന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി അത് സ്‌റ്റേ ചെയ്തു.
അതിനിടെ തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി വാര്‍ത്ത വന്നു. കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു. സി.ബി.ഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബര്‍ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സി.ബി.ഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു.. അഭയ ആത്മഹത്യയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ എ.എസ്.ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എ.എസ്.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് സി.ബി.ഐ. സംഘം വ്യക്തമാക്കിയിരുന്നു.
അഭയയുടെ ദുരൂഹമരണത്തിന്റഎ 25-ാം വാര്‍ഷികത്തില്‍ കേരളം ചര്‍ച്ച ചെയ്യുന്നത് വൈദികരില്‍ നിന്നുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ചും പ്രതികളെ രക്ഷിക്കാന്‍ സഭ നടത്തുന്ന ഇടപെടലുകളെ കുറിച്ചുമാണ്. അപ്പോഴും അഭയക്ക് നീതി കൊടുക്കാന്‍ കേരളത്തിനായിട്ടില്ല എന്നത് ദുഖകരമായി തുടരുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply