
ആരാണ് ഗാന്ധിയന്‍ ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
എം പീതാംബരന്‍, സര്‍വ്വോദയമണ്ഡലം
ഒക്‌ടോബര്‍ 2 ഗാന്ധിജയന്തിദിനം വ്യാപകമായി നാം ആഘോഷിക്കുന്നു. കൂടാതെ ഐക്യരാഷ്ട്രസംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ 2 അഹിംസാദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഇന്ത്യയില്‍ പലയിടത്തും ഗാന്ധിജയന്തിവാരം എന്ന പേരില്‍ ഒരാഴ്ചത്തെ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇക്കുറിയും അതെല്ലാം നടന്നു.
ഗാന്ധിജി വിഭാവന ചെയ്ത സര്‍വ്വോദയ സമൂഹസൃഷ്ടിക്കായി ഈ ആഘോഷങ്ങളും ഈ ആചാരങ്ങളും സഹായകമാകുമ്പോഴാണ് ഈ ആചാരങ്ങളും ആഘോഷങ്ങളും സഫലമാകുന്നത്.
സര്‍വ്വോദയ സമൂഹസൃഷ്ടി സാധ്യമാകണമെങ്കില്‍ ഭൂരിഭാഗംപേരും സര്‍വ്വോദയ കാഴ്ചപ്പാടുളളവരും അതനുസരിച്ച് ജീവിക്കുന്നവരുമാകണം. അത്തരം ഒരു വ്യക്തിയെയാണ് ഗാന്ധിയന്‍ എന്ന് പറയാനാകുക. അതിനുവേണ്ടി പരിശ്രമിക്കുന്നയാള്‍ ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകനുമാണ്. പലരെക്കുറിച്ചും നാം ഗാന്ധിയന്‍ എന്നും ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകനെന്നും പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍, ആരാണ് ഗാന്ധിയന്‍?
* എന്നേയും പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളേയും ചലനാത്മകമാക്കുന്നത് ഒരേയൊരു ശക്തിയാണെന്നും, അതുകൊണ്ട് നമ്മളെല്ലാം ആത്മബന്ധുക്കളാണെന്നും തിരിച്ചറിയുന്ന വ്യക്തി.
* ഈ അടിസ്ഥാന സത്യത്തെ തിരിച്ചറിയുന്നതുകൊണ്ട് എല്ലാ തലങ്ങളിലും അഹിംസ പാലിക്കുന്ന വ്യക്തി.
* തമാശയ്ക്കുപോലും നുണ പറയാത്ത വ്യക്തി.
* തന്റെ ഉള്ളിലുള്ള ഈശ്വരാംശത്തെ സാക്ഷാത്കരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന വ്യക്തി.
* ഇതിനുവേണ്ടി കോപം, അസൂയ, പരദൂഷണം, അമിത ഭോഗങ്ങള്‍, ആസക്തി, ഭയം എന്നീ ഭാവ ങ്ങളെ തന്നില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തുന്ന വ്യക്തി.
* തന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണ്ണശ്രദ്ധ അര്‍പ്പിക്കുന്ന വ്യക്തി.
* സ്വാര്‍ത്ഥ താല്പര്യങ്ങളെ അകറ്റി നിര്‍ത്തുകയും കടമകള്‍ നിര്‍വഹിക്കുകയും ചെയ്യുക വഴി നിര്‍ഭയനായി മാറിയ വ്യക്തി.
* സര്‍വ്വമതങ്ങളുടെയും ലക്ഷ്യം ഏകമാണെന്ന് തിരിച്ചറിഞ്ഞ് മാതാതീതമായ ആദ്ധ്യാത്മികതയെ ജീവിതചര്യയാക്കിയ വ്യക്തി.
* കൊച്ചുകുട്ടി മുതല്‍ വയോവൃദ്ധന്‍ വരെയും പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളെയും ബഹുമാനിക്കുന്ന വ്യക്തി.
* ഞാന്‍ തന്നെ അവരും എന്ന് തിരിച്ചറിയുന്ന വ്യക്തി.
* അധികാരത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി
* അധികാരം പരമാവധി വികേന്ദ്രീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി
* പ്രകൃതിയില്‍ നിന്ന് പരിമിതമായി മാത്രം സ്വീകരിക്കുകയും പ്രകൃതിയിലേക്ക് നല്‍കാനും സംരക്ഷിക്കാനും പരിശ്രമിക്കുന്ന വ്യക്തി.
* അദ്ധ്വാനത്തെ ആരാധനയായി കാണുകയും ആചരിക്കുകയും ചെയ്യുന്ന വ്യക്തി.
* എല്ലാ രാജ്യത്തിലെയും വിവിധ സംസ്‌കാരങ്ങളിലെയും നന്മയെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള വ്യക്തി.
* സ്വന്തം ദേശത്തോടും രാഷ്ട്രത്തോടും സ്‌നേഹമുള്ള വ്യക്തി.
* ഓരോ ഗ്രാമവും പരമാവധി സ്വാശ്രയമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി.
* ഇതിനായി നമ്മുടെ പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന വസ്തുക്കളെ ഉപയോഗിക്കുന്നതിന് മുന്‍ഗണന നല്കുന്ന വ്യക്തി.
* ഗ്രാമീണ കൂട്ടായ്മകളേയും സ്വാശ്രയ ട്രസ്റ്റുകളേയും നിഷ്പക്ഷമായ സഹകരണപ്രസ്ഥാനങ്ങളേയും വളര്‍ത്തിയെടുത്ത് ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വ്യക്തി.
* സത്യത്തിലും അഹിംസയിലും ലാളിത്യത്തിലും സൗന്ദര്യം ദര്‍ശിക്കുന്ന സര്‍ഗ്ഗാത്മകതയെ അംഗീകരിക്കുന്ന, ആസ്വദിക്കുന്ന വ്യക്തി.
* സമൂഹത്തിന്റെ നന്മക്ക് ഗുണകരമായ വിധം ആത്മാര്‍ത്ഥമായി ചെയ്യുന്ന ഏതൊരു ജോലിക്കും തുല്യമായ സ്ഥാനവും മാന്യതയും കല്പിക്കുന്ന വ്യക്തി.
* ദല്ലാള്‍പ്പണി, കമ്മീഷന്‍ പറ്റല്‍, ലോട്ടറി, ചൂതാട്ടം, മദ്യവില്പന, ലഹരിവില്പന തുടങ്ങിയവയില്‍ നിന്ന് അകന്നു നില്‍ക്കുന്ന വ്യക്തി.
* മദ്യം- ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വര്‍ജ്ജിക്കുന്ന വ്യക്തി.
* ജാതി- മതം- സംഘടന എന്നിവയ്‌ക്കെല്ലാം അതീതമായി മാനവ ബന്ധങ്ങള്‍ക്കും സഹജീവനത്തിനും പ്രാധാന്യം നല്കുന്ന വ്യക്തി.
* പ്രകൃതിയാണ് മികച്ച വൈദ്യന്‍ എന്ന് തിരിച്ചറിയുന്ന വ്യക്തി.
* പ്രകൃതി ജീവനം ജീവിതചര്യയാക്കുന്ന വ്യക്തി.
* മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് താന്‍ കൈവശം വച്ചിരിക്കില്ല എന്ന നിഷ്ഠ പാലിക്കുന്ന വ്യക്തി.
* സുഖവും ദുഃഖവും വിജയവും പരാജയവും സ്വാഭാവികമാണ് എന്ന് തിരിച്ചറിഞ്ഞ് അമിതമായി ദുഃഖിക്കുകയോ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യാത്ത വ്യക്തി.
* സ്വധര്‍മ്മങ്ങളും (സ്വന്തം ജോലിയും കടമകളും), സദ്കര്‍മ്മങ്ങളും അനുഷ്ഠിക്കുക മാത്രമാണ് തന്റെ കടമയെന്ന് തിരിച്ചറിയുകയും അവയുടെ ഫലത്തക്കുറിച്ചോ പ്രതിഫലത്തെക്കുറിച്ചോ അമിതമായി ഉത്കണ്ഠപ്പെടാതിരിക്കുകയോ ചെയ്യുന്നവ്യക്തി.
ഇത്തരം ഒരു വ്യക്തിയാണ് ഗാന്ധിയന്‍. ഇപ്രകാരമാകാന്‍ ശ്രമിക്കുന്ന വ്യക്തി ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകനും.