തേക്കിന്‍ കാട് മൈതാനം പൊതുയിടം തന്നെയാണ് യുവര്‍ ഓണര്‍

ചെറിയൊരു ഇടവേളക്കുശേഷം ജുഡീഷ്യല്‍ ആക്ടിവിസം വീണ്ടും സജീവമാകുകയാണോ? തീര്‍ച്ചയായും ജനാധിപത്യത്തിന്റെ മറ്റു തൂണുകള്‍ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ജുഡീഷ്യറിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നവര്‍ നിരവധിയാണ്. ചിലപ്പോഴൊക്കെ ആ വിശ്വാസം തെറ്റാറുമില്ല. ചില സന്ദര്‍ഭങ്ങളിലാകട്ടെ ജനാധിപത്യമൂല്യങ്ങളെപോലും മറികടന്നു കോടതികല്‍ ഇടപെടുന്നതും കാണാം. അതു കണ്ട് ചിലരൊക്കെ കൈയടിക്കുമെങ്കിലും ആത്യന്തികമായി അത് ജനാധിപത്യ സംവിധാനത്തിനു ദോഷമേ ചെയ്യൂ എന്നു പറയാതിരിക്കാനാവില്ല.

തൃശൂര്‍ നഗരത്തിന്റെ തിലകക്കുറിയെന്നു പറയാവുന്ന തേക്കിന്‍കാട് മൈതാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി വിധിയാണ് ഇതെഴുതാനുള്ള ഇപ്പോഴത്തെ കാരണം. വിധി വന്ന് ഏതാനും ദിവസമായെങ്കിലും ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനവും അതിനോട് പ്രതികരിക്കുകയോ അപ്പീല്‍ പോകുമെന്നു പ്രഖ്യാപിക്കുകയോ ചെയ്തു കണ്ടില്ല. ദേവസ്വത്തിന്റെയും തൃശൂര്‍ കോര്‍പ്പറേഷന്റേയും നിയന്ത്രണത്തിലുള്ള മൈതാനം ഇനി ദേവസ്വ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം എന്നതാണ് വിധിയുടെ ഹൈലൈറ്റ്. ദേവസ്വം ബോര്‍ഡിന് കിട്ടുന്ന അപേക്ഷകള്‍ കോടതിയില്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണം. പൊതു പരിപാടികള്‍ മൈതാനത്ത് നടത്തരുതെന്നും ഉത്തരവിലുണ്ട്. തീര്‍ച്ചയായും. മൈതാനത്തിനകത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ പാടില്ല, മൈതാനം പൂര്‍ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം, പരസ്യ ബോര്‍ഡുകളും പാടില്ല തുടങ്ങി ആര്‍ക്കും എതിര്‍പ്പുണ്ടാകാനിടയില്ലാത്ത കാര്യങ്ങളും വിധിയിലുണ്ട്.

വടക്കുംനാഥന്‍ ക്ഷേത്രത്തിനു ചുറ്റും 65 ഏക്കറില്‍ പരന്നു കിടക്കുന്നതാണ് തേക്കിന്‍കാട് മൈതാനം. ചുറ്റുമുള്ള സ്വരാജ് റൗണ്ട് രണ്ടു കി മി വരും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. ഭരണകാര്യങ്ങളില്‍ കോര്‍പ്പറഷനും പങ്കുണ്ട്. ലോകത്ത് ഒരു നഗരത്തിലും കാണാത്ത വിധം ആകര്‍ഷകമായ ഒന്നാണ് തേക്കിന്‍ കാട് മൈതാനവും സ്വരാജ് റൗണ്ടും റൗണ്ടിലേക്കുള്ള രാജവീഥികളും കൈവഴികളും. ശക്തന്‍ തമ്പുരാനും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പല കഥകളും ഇതുമായി ബന്ധപ്പെട്ടു പറയാറുണ്ട്. അവയെന്തായാലും തൃശൂര്‍ നഗരത്തിന്റെ സൗന്ദര്യവും ജനങ്ങളുടെ ആശ്വാസവും ശുദ്ധവായുവുമാണ് വിശാലമായ ഈ മൈതാനം. Thekinkad Maidan is spread over 65 acres around the Vadakkumnathan Temple, Thrissur. The surrounding Swaraj Round is about 2 km. This place is under the jurisdiction of Cochin Devaswom Board. Corporation is also involved in administrative matters. The Teak Forest Maidan, Swaraj Round and the royal roads and tributaries leading to the round are one of the most attractive attractions in any city in the world. There are many stories related to Shaktan Tampuran and Thrissur Pooram.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ അതു തകര്‍ക്കാനുള്ള നീക്കം പലതവണ അധികാരികളില്‍ നിന്നുണ്ടായിട്ടുണ്ട്. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരിലാണ് പലപ്പോഴും വിശാലമായ മൈതാനത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം തകര്‍ക്കാന്‍ ശ്രമിക്കാറുള്ളത്. കൂടാതെ മൈതാനത്തെ തകര്‍ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമവും പലപ്പോഴും നടക്കുന്നു. വിശാലമായ മൈതാനത്ത് കെട്ടിടനിര്‍മ്മാണങ്ങള്‍ക്കായും വാഹനപാര്‍ക്കിംഗിനായുമുള്ള നീക്കങ്ങള്‍ പലപ്പോഴും നടന്നു. എന്നാല്‍ മൈതാനം അതേപടി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ മിക്ക ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അപ്പോഴും വാട്ടര്‍ അതോറിട്ടിയുടെ ഓഫീസ് പോലുള്ള ചിലസ്ഥാപനങ്ങള്‍ മൈതാനത്ത് സ്ഥാപിക്കപ്പെട്ടു.

തികഞ്ഞ മതേതരവാദിയായും ദീര്‍ഷദര്‍ശിയുമായിരുന്ന ശക്തന്‍ തമ്പുരാന്‍ അതനുസരിച്ചാണ് മൈതാനവും നഗരവും സൃഷ്ടിച്ചത്. അതായിരുന്നു മൈതാനത്തിന് വടക്കുനാഥന്‍ ക്ഷേത്ര മൈതാനം എന്നതിനു പകരം തേക്കിന്‍കാട് മൈതാനും എന്നദ്ദേഹം പേരു കൊടുത്തത്. പ്രദക്ഷിണവഴി എന്നതിനു പകരം സ്വരാജ് റൗണ്ടെന്നും. നഗരത്തിന്റെ വികസനത്തിനായി കൃസ്ത്യന്‍, മുസ്ലിം കച്ചവക്കാരെ ക്ഷണിച്ചുവരുത്തിയതും അവര്‍ക്കായി ബില്‍ഗേറ്റ്‌സിനെ പോലും അതിശയിപ്പിച്ച കുറി എന്ന സാമ്പത്തിക സംവിധാനം കൊണ്ടുവന്നതുമൊക്കെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണല്ലോ. നഗരം വളരുമ്പോള്‍ ആര്‍ക്കും വന്ന് കാറ്റു കൊള്ളാനും വിശ്രമിക്കാനുമുള്ള വിശാലമായ ഒരു മൈതാനത്തെ തന്നെയാവണം അദ്ദേഹം വിഭാവനം ചെയ്തത്. അതവിടെ നടക്കുന്നുണ്ട് താനും. മാത്രമല്ല കാശുവെക്കാതെയുള്ള ചീട്ടുകളിയും ചായയും കപ്പലണ്ടിയും മറ്റും വിറ്റ് നിരവധി പേരുടെ ജീവിതമാര്‍ഗ്ഗവും അവിടെ നടക്കുന്നു. മുന്‍മുഖ്യമന്ത്രി സി അച്യുതമേനോന്‍ പോലും ഇവിടത്തെ ചീട്ടുകളി ആസ്വദിച്ചിരുന്നല്ലോ.

അതിനിടയിലാണ് ഏതാനും വര്‍ഷം മുമ്പ് മൈതാനത്തിന്റെ ജനകീയവും മതേതരവുമായ മുഖം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധങ്ങളെ അവഗണിച്ച് തേക്കിന്‍ കാട് മൈതാനം എന്നതിനു പകരം വടക്കുംനാഥ ക്ഷേത്രമൈതാനം എന്ന ബോര്‍ഡ് സ്ഥാപിച്ചായിരുന്നു തുടക്കം. അതാകട്ടെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി ദേവസ്വം പ്രസിഡന്റായിരിക്കുമ്പോള്‍. തുടര്‍ന്ന് പലപ്പോഴും മൈതാനത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും സാംസ്‌കാരിക – രാഷ്ട്രീയ പരിപാടികള്‍ തടയാനുമുള്ള നീക്കങ്ങള്‍ സജീവമായി. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഒപ്പന പോലുള്ള ജനപ്രിയ ഇനങ്ങള്‍ തേക്കിന്‍കാട് മൈതാനിയിലെ ഒന്നാം നമ്പര്‍ വേദിയില്‍ നിന്നു മാറ്റിയിരുന്നു. 2019 ഡിസംബര്‍ 15 മുതല്‍ തൃശൂരില്‍ നടന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അനുബന്ധപരിപാടികള്‍ക്ക് തേക്കിന്‍ കാട് നിഷേധിച്ചതിന്റെ പുറകിലും ഇക്കൂട്ടരുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരിക്കുന്നതുകണ്ടാല്‍ പലപ്പോഴും സദാചാരഗുണ്ടരളും പിങ്ക് പോലീസിന്റെ രൂപത്തില്‍ സദാചാരപോലീസും രംഗത്തിറങ്ങുന്നു. ഒരിക്കല്‍ മൈതാനം ഹിന്ദുക്കളുടേതാണെന്നും അവിടെ അഹിന്ദുക്കള്‍ ഇരിക്കാന്‍ പാടില്ലെന്നും പറഞ്ഞ് ഹിന്ദു മഹാസഭ നേതാവ് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷവും ചൊരിഞ്ഞു. സ്വരാജ് റൗണ്ടിനെ പ്രദക്ഷിണവഴി എന്നു നാമകരണം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു.

ജാതിമതഭേദമന്യേ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന തൃശൂര്‍ പൂരത്തിന്റെ മുറ്റം, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ നിരവധി ചരിത്ര നിമഷങ്ങള്‍, അതിനുശേഷവും അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധേയമായ നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ എന്നിവക്കെല്ലാം സാക്ഷിയാണ് ഈ മൈതാനം. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയര്‍ത്തുന്നതും ജില്ലയില്‍ ഗാഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതും ഈ മൈതാനത്തുതന്നെ. പല ജനകീയ പ്രതിഷേധപരിപാടികളും പ്രകടനങ്ങളും ആരംഭിക്കുന്നതും ഇവിടെനിന്നുതന്നെ. ആ ചരിത്രത്തെയൊക്കെ കുഴിച്ചുമൂടാനാണ് നീക്കങ്ങള്‍ നടക്കുന്നത്. തീര്‍ച്ചയായും ഇതിനെതിരായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. എതാനും വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സമരം അത്തരത്തിലൊന്നായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൈതാനിയില്‍ ചിത്രം വരച്ചുള്ള പരിശീലനത്തിനെത്തിയ ഫൈനാര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ ബൈക്കുകളിലെത്തിയ സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ച് ഓടിച്ച സംഭവത്തിനെതിരെയായിരുന്നു സമരം. പുഞ്ചിരിസമരം എന്നു പേരിട്ട സമരത്തില്‍ ഫൈനാര്‍ട്സ് കോളേജിലേയും സ്‌കൂള്‍ ഓഫ് ഡ്രാമയിലേയും വിദ്യാര്‍ത്ഥികള്‍ക്കു പുറമെ നഗരത്തിലെ മറ്റു കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ചിത്രംവരകളും പാട്ടുകളും നാടകങ്ങളുമൊക്കെയായി തികച്ചും സര്‍ഗ്ഗാത്മകമായിട്ടായിരുന്നു പുഞ്ചിരിസമരം നടന്നത്. സദാചാരത്തിന്റെ പേരില്‍ അക്രമം കാണിക്കുന്നവര്‍ക്ക് പുഞ്ചിരികൊണ്ട് പ്രതിരോധം തീര്‍ത്ത് നടന്ന ‘പുഞ്ചിരി ബുധന്‍’ കൂട്ടായ്മ പുതുതലമുറയുടെ നവരാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായി.. കുറച്ചുപേര്‍ ഉറക്കെ പാട്ടുപാടി. മറ്റുചിലര്‍ പടം പിടിച്ചു. കുറച്ചുപേര്‍ ആസ്വദിച്ചിരുന്ന് വരച്ചു. ‘ഒരുമിച്ചിരിക്കരുത് എന്നു പറയുന്നവരോട്, ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു’ എന്നവര്‍ പ്രഖ്യാപിക്കാതെ പ്രഖ്യാപിച്ചു. പാടരുത് എന്നു പറയുന്നവരോട് അവര്‍ സ്നേഹത്തടെ പാടി. തമ്മില്‍ മിണ്ടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ മിണ്ടുന്നു എന്നവര്‍ മിണ്ടിപറഞ്ഞു. വിദ്യാര്‍ത്ഥികളെ സദാചാരഗുണ്ടകളുടെ സംഘം തല്ലിപ്പായിച്ച നടപടിക്കെതിരെയുള്ള സമാധാന പ്രതിഷേധമായിരുന്നു പുഞ്ചിരി ബുധന്‍. വിദ്യാര്‍ത്ഥികള്‍ക്കുപുറമെ സാംസ്‌കാരിക പ്രവര്‍ത്തകരും പുഞ്ചിരിച്ചുകൊണ്ട് കൂട്ടായ്മയില്‍ പങ്കെടുത്തു. ഉദ്ഘാടനം ചെയ്യാന്‍ സാറാ ജോസഫെത്തി.

ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം ഹൈക്കോടതിയിലെത്തിയ ഹര്‍ജിയേയും വിധിയേയും നോക്കികാണാന്‍. ഇപ്പോള്‍ തന്നെ ഇതരമതസ്ഥരുമായി ബന്ധപ്പെട്ട സംഘടനകളുടെ പരിപാടികള്‍ക്ക് മൈതാനം നിഷേധിക്കുന്നുണ്ട്. ഇനി കോടതിവിധിയുടെ ബലത്തില്‍ രാഷ്ട്രീയപരിപാടികള്‍ക്കും സാംസ്‌കാരികപരിപാടികള്‍ക്കും പ്രതിഷേധപരിപാടികള്‍ക്കും നിഷേധിക്കുമെന്നുറപ്പ്. അതുവഴി ഇല്ലാതാകുന്നത് പൊതുയിടങ്ങളാണ്. അതിനു അറിഞ്ഞോ അറിയാതേയോ േൈഹക്കാടതിയും കൂട്ടുനില്‍ക്കുന്നത് ഖേദകരമാണ്. ഇത് അതിരുകടന്ന ആക്ടിവിസമാണ്. ശക്തന്‍ തമ്പുരാന്‍ തേക്കിന്‍കാട് വെട്ടിനിരത്തി നഗരനിര്‍മ്മിതിക്കു തുടക്കമിടുമ്പോള്‍ തടയാന്‍ വന്ന വെളിച്ചപ്പാടിന്റെ തലയറുത്ത കഥ പ്രസിദ്ധമാണല്ലോ. ഇന്നൊരു പക്ഷെ ശക്തനുണ്ടായിരുന്നെങ്കില്‍ ആ വാളുമായി ഹൈക്കോടതിയില്‍ എത്തുമായിരുന്നു എന്ന് മൈതാനത്ത് സ്ഥിരമെത്തുന്ന ഒരു സുഹൃത്ത് പറഞ്ഞത് എത്രയോ പ്രസക്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply