ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ?

കോണ്‍ഗ്രസ് (ഐ) യെ ദുര്‍ബലപ്പെടുത്തുന്നത് അതിന്റെ ജനാധിപത്യ വിരുദ്ധവും ആര്‍.എസ്.എസ്., വി.എച്ച്.പി. തുടങ്ങിയ ഹിന്ദുത്വവാദ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തിയതുമായ ചരിത്രം തന്നെയാണ്. ജനാധിപത്യം പിച്ചിച്ചീന്തി സ്വകാര്യ കമ്പനിപോലെ കൊണ്ടു നടന്ന ഒരു പാര്‍ട്ടി ഒരു പിന്തുടര്‍ച്ചാവകാശിയുടെ മാത്രം പ്രചാരണ നാട്യങ്ങള്‍ കൊണ്ട് ജനാധിപത്യ കക്ഷിയാകുകയില്ല. എന്നാല്‍ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ജനാധിപത്യകക്ഷിയെങ്കിലും ആകേണ്ടത് കോണ്‍ഗ്രസിന് അടിയന്തരാവശ്യവുമാണ്. ഇവ തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുവാന്‍ രാഹുല്‍ ഗാന്ധി തന്റെ അടഞ്ഞ മനസ് തുറക്കുകയാണ് ആദ്യം വേണ്ടത്. ദേശീയ തലത്തില്‍ പദയാത്ര നടത്തുന്നത് വലിയ കാര്യമല്ലെന്നത് മുമ്പ് ചന്ദ്രശേഖര്‍ തെളിയിച്ചതാണ്.

തീസ്റ്റ ഷെതല്‍വാല്‍ഡിനെയും സിദ്ദിഖ് കാപ്പനെയും വെളിച്ചം കാണാത്ത ഇരുട്ടറകളിലേക്ക് തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെട്ട് ഭരണക്കാരുടെ അത്തരം ശ്രമങ്ങള്‍ക്ക് തടയിട്ടാണ് അവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആവര്‍ത്തിക്കുന്ന അത്തരം അറസ്റ്റും തടവും രാജ്യത്തെ ജനാധിപത്യ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല കലുഷിതമാക്കിയിരിക്കുന്നത്. വയോധികനായ ഒരു കത്തോലിക്കാ പുരോഹിതന്‍ സ്റ്റാന്‍ സാമി കളവായ മാവോയിസ്റ്റ് കുറ്റാരോപണത്തില്‍ ചുമത്തപ്പെട്ട നിലനില്‍ക്കാത്ത യു.എ.പി.എ. കേസില്‍ അറസ്റ്റിലാകുകയും ജാമ്യം നിഷേധിക്കപ്പെട്ട് തടവില്‍ കിടന്ന് മരിക്കുകയും ചെയ്തത് രാജ്യമൊട്ടാകെ ശ്രദ്ധിച്ച ഒരു ദാരുണ സംഭവമാണ്. രാഷ്ട്രത്തിന്റെ എല്ലാ തലങ്ങളിലും അടിച്ചമര്‍ത്തലവും അവകാശ നിഷേധങ്ങളും നിറഞ്ഞാടുമ്പോള്‍ രാഷ്ട്രചിന്തയുള്ള എല്ലാവരെയും അലട്ടുന്നത് ഒരേ ഒരു സംഗതിയായ സര്‍വ്വരംഗത്തും ജനങ്ങളെ അമര്‍ച്ച ചെയ്യുന്ന ബി.ജെ.പി.യുടെ ഭരണം ഏതുവിധേനയാണ് അവസാനിപ്പിക്കുവാന്‍ കഴിയുക എന്നതാണ്.

അടിയന്തരാവസ്ഥാ വിരുദ്ധമായ ജനമുന്നേറ്റത്തിന്റെ പ്രത്യേകമായ 1977 ലെ സാഹചര്യത്തിന് പുറമെ ആദ്യമായി കേന്ദ്രത്തിലെ ഭരണകുത്തക അവസാനിപ്പിച്ചത് 1989 ലാണ്. വിശ്വാസ്യത തകര്‍ന്ന ഭരണാധികാരിയെ മാറ്റണം എന്ന ഇടത്തരക്കാരുടെ ചിന്ത, സര്‍ക്കാരിന്റെ നയങ്ങളില്‍ തിരിച്ചടി നേരിട്ട കര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്പിക്കാനുള്ള അഭിവാഞ്ഛയും സ്വാതന്ത്ര്യം മുതല്‍ അധികാര പങ്കാളിത്തം കിട്ടുവാന്‍ തീഷ്ണമായി നില കൊണ്ട പിന്നാക്ക സമൂഹങ്ങളുടെ അഭിലാഷത്തിന്റെ ചാലകശക്തിയും ഒന്നു ചേര്‍ന്നപ്പോള്‍ 1989 ല്‍ ഭരണമാറ്റം യാഥാര്‍ത്ഥ്യമായി.

ഭരണമാറ്റം അനിവാര്യമാക്കുന്നചുറ്റുപാട്

ജനാധിപത്യാവകാശങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധികാരത്തില്‍ നിലനില്‍പ്പിനായി ശ്വാസം മുട്ടുകയാണ്. മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ എന്ന പോലെ അടിച്ചമര്‍ത്തപ്പെടുന്നു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ ഫാഷിസ്റ്റ് ആശയങ്ങളോട് കൂറുള്ളവരെ കുത്തി നിറച്ച്് കോടതി വീധികളില്‍ പ്രതിഫലിക്കുന്നതരത്തില്‍ നീതി ന്യായ വ്യവസ്ഥയെ പോലും സമ്മര്‍ദ്ദത്തിലാക്കുന്ന അവസ്ഥയാണെന്ന് പരാതികള്‍ വന്നിട്ടുണ്ട്. ഭരണ സംവിധാനങ്ങളം നീതിന്യായ വ്യവസ്ഥയും മലിനമാക്കുമ്പോള്‍ സാമൂഹിക അന്തരീക്ഷത്തിലും അത് ദൂരവ്യാപകമായ പ്രത്യഘാതകങ്ങളുണ്ടാക്കുന്നു.

ഉത്തരപ്രദേശിലെ ഹാത്രാസിലും കാശ്മീരിലും സ്ത്രീത്വത്തെ പിച്ചിച്ചീന്തിയത് ഭരണസംവിധാനങ്ങളുടെ അകമ്പടിയോടെയാണ്. ഗുജറാത്തിലെ കലാപത്തില്‍ ബില്‍ക്കിസ് ബാനു എന്ന ഗര്‍ഭിണിയുടെ മുമ്പിലാണ് അവരുടെ മറ്റൊരു കുഞ്ഞിനെ കൊലപ്പെടുത്തിയത്. അവര്‍ മരിച്ചതുപോലെ കിടന്നതിനാല്‍ കൊല്ലപ്പെടാതിരുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപ്പെട്ടാണ് അവരെ കൂട്ടബലാത്സംഗം ചെയ്ത 11 ക്രിമിനലുകള്‍ ഒടുവില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇപ്പോള്‍ ഗുജാറത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ ആ 11 കുറ്റവാളികളെയും 20 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞ് തുറന്ന് വിടുകയും കുറ്റവാളികള്‍ക്ക് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയക്കാര്‍ സ്വീകരണം നല്‍കുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷം എന്താണ് പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചതിന് രണ്ടു നാള്‍ കഴിഞ്ഞപ്പോഴാണ് ആ സംഭവമുണ്ടായത്. പരമ്പരാഗതമായ സ്ത്രീകളുടെ അടിമത്തം ആധുനിക കാലത്തും തോളിലേറ്റി നില്‍ക്കുവാന്‍ ആകാംക്ഷപ്പെടുന്ന ഇന്ത്യയിലെ സാമൂഹിക അവസ്ഥയില്‍ സ്ത്രീകള്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട എന്ന് തറപ്പിച്ചു പറയുകയാണത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്ത് വന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലാണ്. മഹാത്മഗാന്ധിയുടെ പ്രചോദനവും അദ്ദേഹത്തിന്റെ നൂതനമായ സമര സാങ്കേതവും ആണ് അതിനു കാരണം. സ്വാതന്ത്ര്യസമരം ഉണര്‍ത്തി വിട്ട ആ ജനശക്തിയെയാണ് ഈ ഭരണം തല്ലിക്കെടുത്തുന്നത്.

മുത്തലാക്ക് ക്രിമില്‍ കുറ്റകൃത്യമായി നിയമനിര്‍മ്മാണം നടത്തിയത് മുസ്ലീം സ്ത്രീകള്‍ക്ക് വലിയ മോചനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മറ്റു മതവിശ്വാസികള്‍ മുത്തലാക്ക് പോലെ അവരുടെ ഭാര്യമാരോട് പെരുമാറി ഉപേക്ഷിച്ചാല്‍ കുറ്റകൃത്യമാക്കാത്തത് എന്താണെന്ന് ചോദിക്കുവന്‍ മതനിരപേക്ഷവാദികള്‍ അപൂര്‍വ്വമായത്, മുസ്ലീം സമുദായത്തിലെ സ്ത്രീകളെ ആണുങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ആയിരിക്കാം കാരണമായി പറയുന്നത്. സമുദായ ഭേദം ലിംഗപരവും ജാതിപരവുമായ അടിച്ചമര്‍ത്തലില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റവും ഒടുവില്‍ ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദലിത് പെണ്‍കുട്ടികളെ ഏതാനും മുസ്ലീം ചെറുപ്പക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിതൂക്കിയത് ഒടുവിലത്തെ ഉദാഹരണമാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവായ ഒരു സ്ത്രീ ചോദിക്കുന്നു. ബില്‍ക്കീസ് ബാനു ഒരു മുസ്ലീമാണോ അതോ ഒരു സ്ത്രീയാണോ എന്ന മഹുവാ മൊയിത്രയുടെ ആ ചോദ്യമാണത്. ലോകത്തിലെ മഹത്തായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയ നമ്മുടെ നാടിനോട് ഹിന്ദുത്വ ഫാഷിസിറ്റ് ആശയക്കാരുടെ ഭരണം നല്‍കുന്ന മറുപടി ഒരു കുറ്റാരോപണമായിട്ടാണ് പരിണമിക്കുന്നത്. ബില്‍ക്കീസ് ബാനു ഒരു സ്ത്രീയാണ്. ബില്‍ക്കീസ് ബാനു ഒരു മുസ്ലീമാണ്. ബില്‍ക്കീസ് ബാനു ഒരു ആദിവാസിയാണ്. അവള്‍ ഒരു കാശ്മീരിയാണ്. അവള്‍ ഒരു ഉത്തരപൂര്‍വ്വ ദേശക്കാരിയാണ്. അവള്‍ കഴിഞ്ഞ അടച്ചുപൂട്ടലില്‍ കുടിവെളളവും ഭക്ഷണവും തേടി വന്‍നഗരങ്ങളില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കുടിവെള്ളത്തിനും ഒരിത്തിരി വറ്റിനും ഒരു കൂരയുടെ തണലിനും വേണ്ടി കാല്‍പ്പാദങ്ങള്‍ ചുട്ടുപഴുത്ത് വീണ്ടുകീറി മൈലുകള്‍ താണ്ടിയവളാണ്. എല്ലാ സ്ത്രീകളെയും പ്രതിനിധാനം ചെയ്യുന്നവളും പ്രത്യേകമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തില്‍പ്പെട്ടവളുമാണ്. ജനങ്ങള്‍ക്കെതിരെയുള്ള ആക്രോശങ്ങള്‍ അങ്ങനെ നീണ്ടു പോകുന്ന, സ്വാതന്ത്ര്യത്തിന്റെ പിന്‍നടത്തമായി ഇന്ത്യയെ പതിയെപ്പതിയെ മാറ്റുന്ന ഒരു ഭരണത്തെ പുറത്താക്കേണ്ടതു പൗരബോധത്തിന്റെ പ്രാഥമിക കടമയായി തീരുന്നു. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ സ്ഥിതിഎന്നാല്‍ ബി.ജെ.പി. ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ രാഷ്ട്രീയ കക്ഷികളുടെ സംഖ്യമോ ധാരണയോ ഉണ്ടായിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെയുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബി.ജെ.പി. ഇതര രാഷ്ട്രീയ കക്ഷികളുടെ ജനപിന്തുണയും വിജയിപ്പിക്കാവുന്ന എം.പി. മാരുടെ എണ്ണവുമാണ് കക്ഷികളുടെ അവകാശവാദങ്ങളില്‍ കണക്കിലെടുക്കാവുന്നത്. കോണ്‍ഗ്രസ് (ഐ) ആണല്ലോ ഒന്നാമതായി പരിഗണിക്കേണ്ടത്. ഒരു വിഭാഗം ആളുകള്‍ രാജ്യമൊട്ടാകെ ഇന്നും ജനസ്വാധീനമുള്ള പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസ് (ഐ) ആണെന്നും അതിനാല്‍ മതേതരത്വം രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് (ഐ) ശക്തിപ്പെടണമെന്നും ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ കുടുംബാധിപത്യമുള്ള കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി.യെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ഉറച്ചുവിശ്വസിക്കുന്നവരുടെ എണ്ണവും കുറവല്ല. അതല്ല ഉത്തരപ്രദേശ് ഉള്‍പ്പെടെ അഞ്ച് ചെറുതും വലതുമായ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തീര്‍ത്തും അപ്രസക്തമായ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരണം പിടിച്ചെടുത്തവരാണ്. വലിയ സംസ്ഥാനമായ ബീഹാറില്‍ കോണ്‍ഗ്രസിനെ ചേര്‍ത്ത് നിര്‍ത്തുന്നുവെങ്കിലും മുഖ്യശക്തി കോണ്‍ഗ്രസിതര കക്ഷികളാണ് അവിടെ കോണ്‍ഗ്രസ് അപ്രധാനവുമാണ്. മറ്റൊരു വലിയ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ഒപ്പത്തിനൊപ്പമോ അല്പം മേല്‍ ക്കൈയിലോ എന്നതാണ് കോണ്‍ഗ്രസിതര പ്രതിപക്ഷ കക്ഷികളുടെ ഇടയില്‍ കോണ്‍ഗ്രസിന് പറയാവുന്ന ഒരു സംഗതി. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, തെലാങ്കാനയിലെ റ്റി.ആര്‍.എസ്., കേരളത്തിലെ സി.പി.ഐ. എം. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ കോണ്‍ഗ്രസ് വിരുദ്ധമായ തെരഞ്ഞെടുപ്പ് പ്രചാരണം അവരുടെ അതിജീവന തന്ത്രമായി സ്വീകരിച്ചവയുമാണ്. ആ സാഹചര്യത്തില്‍ വിശാലമായ ഒരു ദേശീയ തല സംഖ്യം പെട്ടെന്നുള്ള സാദ്ധ്യതയായി കാണുന്നില്ല. എന്നാല്‍ ബി.ജെ.പി. ഇതര വോട്ടുകള്‍ ബി.ജെ.പി.യെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് തിരിച്ചു വിടേണ്ടത്. രാജ്യത്തിന്റെ ആവശ്യമാണ്.

ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന് പുറത്താക്കി ബി.ജെ.പി. ഇതര കക്ഷികള്‍ അധികാരത്തിലേറിയാലും ജനങ്ങളുടെ ദുരിതം അവസാനിക്കില്ല. മുതലയുടെ വായില്‍ പെട്ടതുപോലെ ഇന്ത്യ കഴിഞ്ഞ കാല നയങ്ങളിലൂടെ നവമായ അധിനിവേശത്തിന് കീഴ് വഴങ്ങിയിരിക്കുകയാണ്. പ്രത്യേകിച്ചും 1991 മുതല്‍ നടപ്പിലാക്കി വരുന്ന നയങ്ങള്‍, ചൂഷണത്തിന്റെയും തല്‍ഫലമായ ശോഷണത്തിന്റെയും ആ രാഷ്ട്രീയ സമ്പദ്ഘടന പൊളിച്ചെഴതാതെ ജനങ്ങളുടെ ദുരിതങ്ങളും രാജ്യത്തിന്റെ ദുരിതാവസ്ഥയും മാറുകയില്ല.

രാജ്യം വികസിക്കുകയാണ്, സമ്പദ്ഘടന വളരുകയാണ് എന്നെല്ലാം പാശ്വാത്യ ശക്തികളും അവരുടെ ഇവിടുത്തെ പിണിയാളുകളും നടത്തുന്ന കൊട്ടിഘോഷം ജനങ്ങളെ വിശ്വസിപ്പിക്കുന്നതിലാണ് ചൂഷക ശക്തികളുടെ വിജയം. ജനങ്ങള്‍ ഉല്പാദിപ്പിക്കുന്നവയെ തുറന്ന ഇറക്കുമതിയിലൂടെ വിലയിടിച്ച് നിര്‍ത്തുന്നതും പെട്രോള്‍, ഡീസല്‍, പാചക വാതകം, ഉരുക്ക്, അലുമിനിയം, വൈദ്യുതി , തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ക്ക് നിരന്തരം ഉയര്‍ത്തുന്ന വിലയും ജനങ്ങളെ പിഴിഞ്ഞൂറ്റിയെടുക്കുന്ന കൂടുതല്‍ വിപൂലികരിച്ച നികുതി പിരിവും (ജി.എസ്.റ്റി.) പാശ്ചാത്യ ആധിപത്യം നിലനിര്‍ത്തുന്നതിന് ഉപകരിക്കുന്ന രൂപയുടെ വിനിമയ മൂല്യം ഡോളറുമായി (യൂറോയും) കെട്ടുകഥയിലെ പോലെ താഴ്ത്തി നിര്‍ത്തുന്നതും മാത്രം പരിശോധിച്ചാല്‍ അത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം പൊളിച്ചെഴുതാം. എന്നാല്‍ അതിനുള്ള രാഷ്ട്രീയ നിലപാടും നയപരിപാടികളും യാതൊരു വ്യവസ്ഥാപിത കക്ഷികള്‍ക്കും ഇല്ലായെന്നുള്ളതാണ് സത്യം. ബി.ജെ.പി.മാത്രമല്ല. കേന്ദ്ര, സംസ്ഥാനങ്ങളിലെ ഭരണത്തിലൂടെ കോണ്‍ഗ്രസും കോണ്‍ഗ്രസ് പിരിഞ്ഞുണ്ടായ കക്ഷികളും ഒന്നു ചേര്‍ന്നാണ് അവയെല്ലാം നടപ്പിലാക്കിയതും ഇപ്പോഴും നടപ്പിലാക്കുന്നതും. ഏതാനും കാര്യങ്ങളിലെ ഇളവുകളും ആനുകൂല്യങ്ങളും ഭരണക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് അത്തരം നയങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ ലക്ഷണമല്ല. അവയെല്ലാം താല്‍കാലികമാണ്. പൊതുനയത്തിന് വിപരീതമായി മുന്നോട്ടുപോകുവാന്‍ അധികകാലം കഴിയില്ല. സമ്പദ്ഘടന ശോഷിക്കുകയും കടബാദ്ധ്യതകള്‍ ഉയരുകയും ജനങ്ങളുടെ ജീവിതചെല്ലവ് വന്‍ തീപിടുത്തം പോലെ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അവയെല്ലാം ഒന്നുകില്‍ അസാദ്ധ്യമായി തീരുകയോ അല്ലെങ്കില്‍ അര്‍ത്ഥമില്ലാത്തതാവുകയോ ചെയ്യും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ പോലും ഇന്നത്തെ പോക്കിനെ തള്ളിപ്പറയുന്നു എന്ന് അര്‍ത്ഥമില്ല.

ഇന്നലെവരെ പൊതുമേഖലയെ താങ്ങി പറഞ്ഞിരുന്ന കമ്യൂനിസ്റ്റ് കക്ഷികള്‍ കെ.എസ്. ആര്‍.റ്റി.സിയെ തള്ളിപ്പറയുന്നതും ജനവിരുദ്ധമായ വികസനത്തില്‍ നരേന്ദ്രമോദി നടപ്പിലാക്കുന്ന കടബാദ്ധ്യത ഉയര്‍ത്തുന്ന വന്‍കിട പദ്ധതികളുടെ ബുള്‍ഡോസര്‍ തള്ളി കൊടുക്കുന്നതും പിണറായി വിജയന്‍ കേരളത്തില്‍ വിധം നരേന്ദ്രമോദി നയങ്ങള്‍ ശക്തമായി നടപ്പിലാക്കുകയാണ്. കെ.റെയിലും വിഴിഞ്ഞം പദ്ധതിയും ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് നടപ്പിലാക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്നതും അതിന്റെ ഭാഗമാണ്. സ്റ്റാലിന്‍, കേജ്രി വാള്‍, നിതീഷ് കുമാര്‍, ചന്ദ്രശേഖര്‍ റാവൂ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാന സര്‍ക്കാരുകളും മറ്റൊന്നല്ല പറയുന്നത്.

ഉയര്‍ന്ന വര്‍ഗ/വിഭാഗത്തിന്റെ സുഖലോലുപതയില്‍ കുറവുണ്ടാകുമെങ്കിലും ഇന്നത്തെ നയങ്ങള്‍ക്ക് വിപീരത ദിശയിലേക്ക് നമ്മുടെ സമ്പദ്ഘടന കൊണ്ടുപോയ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തില്‍ ഗുണപരമായ വലിയ വ്യത്യാസം ഉണ്ടാക്കുവാന്‍ കഴിയും. എപ്പോഴും വികസനമായി കൊട്ടിഘോഷിച്ചുവരുന്ന സമ്പദ്ഘടനയ്ക്ക് പകരം ജനങ്ങള്‍ക്ക് ഗ്രാമങ്ങളിലും ചെറുപട്ടങ്ങളിലും കടലോരങ്ങളിലും വനാന്തരങ്ങളിലും ജനങ്ങളെ കുടിയൊഴിപ്പിക്കാതെ കാര്‍ഷിക, ചെറുകിട വ്യവസായങ്ങളിലൂടെ തൊഴിലും വരുമാനവും ഉണ്ടാക്കുന്ന പുതിയൊരു വികസനമാണ് അഭികാമ്യം. കടബാദ്ധ്യതകളുടെയും പിഴിഞ്ഞൂറ്റിയെടുക്കുന്ന ചൂഷണത്തിന്റെയും സമ്മര്‍ദ്ദങ്ങളേക്കാള്‍ സ്വസ്ഥതയും സമാധാനവും അത് നല്‍കും. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പാര്‍പ്പിടം തുടങ്ങിയ മേഖലകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള ഉപാധികള്‍ ആക്കാതെ എല്ലാവരെയും കണക്കിലെടുത്തുള്ളതു കൊണ്ട് സാദ്ധ്യമാകുന്നത്ര പൊതുവായി നേടുവാന്‍ കഴിയുന്ന ലളിതമായ സമ്പദ്ഘടന ആയിരിക്കുമത്. ചലനാത്മകല്ലാതെ മുരടിച്ച പഴഞ്ചന്‍ വ്യവസ്ഥയയല്ല, മറിച്ച് ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങളെ പോലും അനുയോജ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്തി മുതല്‍ മുടക്കിന്റെ ബാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാതെയും ജീവിതത്തിന്റെ ലാളിത്യം നഷ്ടപ്പെടുത്താതെയും വികസനം നേടുമ്പോഴാണ് ജനങ്ങള്‍ക്ക് പൊതുവായ നന്മ ഉണ്ടാകുന്നത്. അല്ലാതെ പൊതു നന്മയെന്ന് കൊട്ടിഘോഷിച്ച് കുടിയൊഴിപ്പിക്കല്‍ നടത്തിയും അടുക്കളയിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും ഗതാഗതത്തിലും പാര്‍പ്പിടം കൈവരിക്കുന്നതിലും കാട്ടു തീപിടിച്ച അവസ്ഥ ഉണ്ടാക്കുന്ന, ഉപജീവനമാര്‍ഗ്ഗങ്ങള്‍ കാണാതെ കടബാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതല്ല വികസനം. യുവതീ യുവാക്കളുടെ സമ്പൂര്‍ണ്ണമായ തൊഴില്‍ എന്ന സങ്ക്‌ലപം അപ്രകാരം മാത്രമാണ് യാഥാര്‍ത്ഥ്യമാകുക.

കോണ്‍ഗ്രസ് സാധ്യതകള്‍

കോണ്‍ഗ്രസ് ദേശീയ കക്ഷിയാണെന്നും ബി.ജെ.പി.ക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്നും പറയുമ്പോള്‍ മേല്‍ സൂചിപ്പച്ചതുപോലെ അനവധി വലിയ സംസ്ഥാനങ്ങളിലും ചെറിയ സംസ്ഥാനങ്ങളിലും ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ കോണ്‍ഗ്രസ് അസംഗതമാണ്. അനദി വിദൂരമായ ഭാവിയില്‍ കോണ്‍ഗ്രസ് അവിടെ തിരിച്ചു വരുന്ന ലക്ഷണമോ സാഹചര്യമോ ഒന്നും കാണിക്കുന്നുമില്ല. എന്നാല്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് തന്ത്രം വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ ബി.ജെ.പി.യെ പുറത്താക്കുവാന്‍ ഒട്ടും സാധ്യവുമല്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്വാധീനം തിരിച്ചു വരാത്തവണ്ണം തകര്‍ന്നടിഞ്ഞ സംസ്ഥാനങ്ങള്‍ ഏറെയാണെന്നും കോണ്‍ഗ്രസ് മേല്‍ കൈയുള്ള സംസ്ഥാനങ്ങള്‍ കുറവാണെന്നും അംഗീകരിക്കാതെ വയ്യ. രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാഡ്രയും പല തെരഞ്ഞെടുപ്പുകളിലും മാധ്യമങ്ങളുടെ വന്‍പ്രചാരണത്തോടെ ശക്തവും ഊര്‍ജ്ജിതവുമായ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും ഉത്തരപ്രദേശത്ത് വളരെ കുറഞ്ഞ സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലായെന്ന് വിളിച്ചു പറയുന്നതാണ് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും വലിയ സംസ്ഥാനത്തിന് നീക്കി വച്ചിട്ടുള്ള ദിവസങ്ങള്‍. നേര്‍ രേഖയില്‍ ഒരു യാത്ര നടത്തുകയല്ലല്ലോ വിഭവശേഷിയുള്ള ഒരു കക്ഷി ചെയ്യേണ്ടത്.

എന്നാല്‍ കോണ്‍ഗ്രസ് (ഐ) യെ ദുര്‍ബലപ്പെടുത്തുന്നത് അതിന്റെ ജനാധിപത്യ വിരുദ്ധവും ആര്‍.എസ്.എസ്., വി.എച്ച്.പി. തുടങ്ങിയ ഹിന്ദുത്വവാദ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തിയതുമായ ചരിത്രം തന്നെയാണ്. ജനാധിപത്യം പിച്ചിച്ചീന്തി സ്വകാര്യ കമ്പനിപോലെ കൊണ്ടു നടന്ന ഒരു പാര്‍ട്ടി ഒരു പിന്തുടര്‍ച്ചാവകാശിയുടെ മാത്രം പ്രചാരണ നാട്യങ്ങള്‍ കൊണ്ട് ജനാധിപത്യ കക്ഷിയാകുകയില്ല. എന്നാല്‍ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ജനാധിപത്യകക്ഷിയെങ്കിലും ആകേണ്ടത് കോണ്‍ഗ്രസിന് അടിയന്തരാവശ്യവുമാണ്. ഇവ തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുവാന്‍ രാഹുല്‍ ഗാന്ധി തന്റെ അടഞ്ഞ മനസ് തുറക്കുകയാണ് ആദ്യം വേണ്ടത്. പഴഞ്ചന്‍ സ്തുതി പാഠക കരുത്തന്മാരെ ഒതുക്കണമെന്ന അദ്ദേഹത്തിന്റെ ചിന്തയും അവര്‍ ജി-23 എന്ന ലേബലില്‍ ഒന്നിച്ചു നിന്ന് ചെറുക്കുന്നതും ഒട്ടൊരു വലിയ പ്രതിസന്ധി തന്നെയാണ്. ദേശീയ തലത്തില്‍ പദയാത്ര നടത്തുന്നത് വലിയ കാര്യമല്ലെന്നത് മുമ്പ് ചന്ദ്രശേഖര്‍ തെളിയിച്ചതാണ്. കാര്യമായ യാതൊരു ചലനവും ഏറെ കൊട്ടിഘോഷിച്ച ചന്ദ്രശേഖറുടെ പദയാത്ര ഉണ്ടാക്കിയില്ല. 1980 – കളില്‍ തന്നെ പ്രതിപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ മധുലിമായെ അക്കാര്യം ചൂണ്ടികാണിച്ചിട്ടുള്ളതുമാണ്. പ്രസിഡന്റ് പദവി വേണ്ടായെന്ന് നിര്‍ബന്ധം പിടിക്കുകയും മറുവശത്ത് പാര്‍ട്ടിയുടെ മുഴുവന്‍ നിയന്ത്രണവും കുടുംബത്തിന്റെ കൈയ്യില്‍ വേണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയ പാപ്പരത്തമാണ്. മറ്റുള്ള എല്ലാ വ്യവസ്ഥാപിത കക്ഷികളും കുടുംബാധിപത്യ പ്രസ്ഥാനങ്ങള്‍ ആയിക്കഴിഞ്ഞു. ബി.ജെ.പി.യെ പോലെ ഫാഷിസ്റ്റ് ചുവയുളള ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ളതോ തികഞ്ഞ കേന്ദ്രീകൃത സേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്ന കമ്യൂണിസ്റ്റ് കക്ഷികളോ കുടുംബാധിപത്യം കാണിക്കാത്തത് അവ ജനാധിപത്യ കക്ഷികള്‍ ആയതുകൊണ്ടല്ല. കക്ഷികളില്‍ ജനാധിപത്യം തകരുന്നത് രാജ്യത്തെ ജനാധിപത്യ തകര്‍ച്ചയുടെ മുന്നോടിയാണെന്ന ഡോ.ലോഹ്യയുടെ പ്രവചനപരമായ മുന്നറിയിപ്പ് രാഷ്ട്രീയ കക്ഷികളും ജനങ്ങളും ഇന്നത്തെ സാഹചര്യത്തില്‍ ഗൗരവമായി എടുക്കണം. അതുകൊണ്ട് കോണ്‍ഗ്രസിലെ ജനാധിപത്യ അഭിലാഷത്തിനുള്ള സമ്മര്‍ദ്ദം ഒട്ടും തള്ളികളയാവുന്നതല്ല. അത് ബി.ജെ.പി.ക്ക് എതിരെയുള്ള ജനാധിപത്യ ദിശയിലുള്ള ഒരു കാല്‍വയ്പ്പ് തന്നെയാണെന്ന് രാഹുല്‍ ഗാന്ധി അംഗീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ നേതൃത്വത്തിന്റെ സ്വേച്ഛാധിപത്യം എതിര്‍ക്കുന്നതോടൊപ്പം ജനാധിപത്യപരമായ വിയോജനവും പാര്‍ട്ടി തകര്‍ക്കലും രണ്ട് സംഗതികളാണെന്ന രാഷ്ട്രീയ സംസ്‌കാരവും നമ്മുടെ രാജ്യത്ത് ഇനിയും പച്ചപിടിക്കണം. കോണ്‍ഗ്രസ് സ്വാധീനത്തിന്റെ പരിമിതിയും നെഹ്രു കുടുംബം ഇതുവരെ പുലര്‍ത്തിയ ആധിപത്യം പരിമിതപ്പെടുത്തി ജനാധിപത്യവല്‍ക്കരിക്കുന്നതും കണക്കിലെടുത്ത് മുന്നോട്ട് പോകുവാന്‍ കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന പക്വത കുറേക്കൂടി ശരിയായ ബി.ജെ.പി. വിരുദ്ധ വിജയത്തിന്റെ ഒരു ആണിക്കല്ലാണ്. ബി.ജെ.പി.ക്കെതിരെ കോണ്‍ഗ്രസിതര കക്ഷികളോട് സഹകരിച്ച് അണിനിരത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന വിവേകം അതിന്റെ വിധി നിര്‍ണ്ണയിക്കും.

കോണ്‍ഗ്രസിതര കക്ഷികളുടെ ബി.ജെ.പി. വിരുദ്ധത

തന്റെ കോണ്‍ഗ്രസ് വിരുദ്ധതയില്‍ കര്‍ഷക സംഘടനകളെ ഏകീകരിച്ചും വ്യാപിപ്പിച്ചും ബി.ജെ.പി.ക്ക് എതിരെ ഒരു കോണ്‍ഗ്രസിതര ബദല്‍ ഉണ്ടാക്കാമെന്ന പ്രതീക്ഷ തെലങ്കാന രാഷ്ട്രസമതിയുടെ നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവു വച്ചു പുലര്‍ത്തുന്നു. ആ ലക്ഷ്യത്തില്‍ അദ്ദേഹം കര്‍ഷക സംഘടനകളുടെ ഒരു യോഗം ഹൈദ്രാബാദില്‍ വിളിച്ചു കൂട്ടുകയും ചെയ്തു. എന്നാല്‍ ഈ ലേഖകനും പങ്കെടുത്ത ആ യോഗത്തില്‍ പ്രബലമായ കര്‍ഷക സംഘടനകള്‍ ഭൂരിപക്ഷവും പങ്കെടുക്കുകയുണ്ടായില്ല. എന്നുമാത്രമല്ല, തെലങ്കാനയുടെ പുറത്ത് റ്റി.ആര്‍.എസിന്റെ സ്വാധീനം ഒട്ടും തന്നെയില്ലായെന്നു പറയാം. ശരത് പാവറും പ്രധാനമന്ത്രി പദവി മോഹിക്കാതെയിരിക്കുന്നില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിലാഷമാണ് ഏറ്റവും ശക്തം.

എന്നാല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അദ്ദേഹത്തിന്റെ ചേരി മാറ്റം പുതിയൊരു സാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരപ്രദേശിലെ സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്നവര്‍ നിതീഷിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. ഉത്തര പ്രദേശിലെ 80 സീറ്റും ബീഹാറിലെ 40 സീറ്റും ചേര്‍ത്ത് 120 സീറ്റ് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ നിര്‍ണ്ണയാകമായ ഒരു ഘടകമാണ്. ആ സീറ്റുകളില്‍ ബി.ജെ.പി.യെ തറപറ്റിക്കുവാന്‍ കഴിഞ്ഞാല്‍ അത് 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ഒരു വാട്ടര്‍ ലൂ ആയിത്തീരും. എന്നാല്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ പക്വവും വിവേകപൂര്‍ണ്ണവുമായ നിലപാടില്ലെങ്കില്‍ അവയെല്ലാം വെറും കണക്കുകൂട്ടലുകള്‍ മാത്രമാണ്.

എന്തായാലും ഒരു സംഗതിയുണ്ട് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളായ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി. മേല്‍ക്കൈ നേടില്ല. തമിഴ്‌നാട്, കേരളം , തെലങ്കാന, ആന്ധ്ര എന്നീ നാല് തെക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി. നേടുന്നത് തുലോം തുച്ഛമായിരിക്കും. അതില്‍ ആന്ധ്രയിലെ രാജശേഖര്‍ റെഡി കോണ്‍ഗ്രസ് ബി.ജെ.പി. പക്ഷത്തേക്കാണ്് ചാഞ്ഞു നില്‍ക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ രണ്ട് വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തീര്‍ത്തും മോശമല്ലാത്ത ശക്തി തെളിയിക്കാം. രാജ്സ്ഥാനില്‍ കോണ്‍ഗ്രസിന് ആയിരിക്കും മേല്‍കൈ എന്ന് വിലയിരുത്തേണ്ടി വരും. പടിഞ്ഞാറ് പഞ്ചാബില്‍ ബി.ജെ.പി. മുന്നില്‍ വരാന്‍ പോകുന്നില്ല. ദില്ലിയിലും അത് തന്നെയാകും സ്ഥിതി. ഹരിയാനയില്‍ ബി.ജെ.പി. മേല്‍കൈ നിലനിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യമാണിപ്പോള്‍. എന്നാല്‍ ബി.ജെ.പി. വിരുദ്ധ ചേരിയുടെ ഭിന്നത ആയിരിക്കും അതിന്റെ ദൗര്‍ബല്യം. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറുവശത്ത് ഓംപ്രകാശ് ചൗട്ടാലയുടെ ഐ.എന്‍.എല്‍.ഡി. മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണ സമാഹരിക്കാന്‍ നടത്തുന്ന ശ്രമവും ബി.ജെ.പി.ക്ക് എന്തുമാത്രം ഗുണം ചെയ്യുമെന്ന് കാണേണ്ടിയിരിക്കുന്നു. അത്തരം ഭിന്നതകളെ 1967- ല്‍ കോണ്‍ഗ്രസിന്റെ മാറ്റമില്ലാത്ത ഭരണകുത്തക തകര്‍ക്കുന്നതിന് വേണ്ടി അവലംബിച്ച കോണ്‍ഗ്രസിതര കക്ഷികളുടെ തെരഞ്ഞെടുപ്പ് ധാരണ എന്ന തന്ത്രമാണ് ഇപ്പോഴും സ്വീകരിക്കേണ്ടത്. ഒരു തരത്തിലും ആശയപരമായോ സംഘടനാപരമായോ യോജിക്കാത്ത കക്ഷികള്‍ക്ക് രാജ്യം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിപത്തായ ബി.ജെ.പി. ഭരണത്തെ അവസാനിപ്പിക്കണമെന്ന വലിയ ലക്ഷ്യം കൈവരിക്കുവാന്‍ പ്രതിപക്ഷത്തെ കക്ഷികള്‍ പരസ്പരം മത്സരിക്കാത്ത തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുകയാണ് കരണീയം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് അവലംബിച്ച കാലുമാറ്റത്തിന്റെയും കുതിര കച്ചവടത്തിന്റെയും മാര്‍ഗ്ഗം കൂടുതല്‍ ശക്തമായും കൂടുതല്‍ കോര്‍പറേറ്റ് പണശക്തി ഉപയോഗിച്ചും ബി.ജെ.പി. പ്രയോഗത്തിലാക്കുന്ന കാലഘട്ടമാണിത്. മറ്റ് രാഷ്ട്രീയ കക്ഷികളും ആ പാത പിന്‍തുടരുന്നു. എന്നാല്‍ രാഷ്ട്രീയ കക്ഷികളെയും ജനപ്രതിനിധികളെയും വിലയ്ക്കുവാങ്ങുവാന്‍ ബി.ജെ.പി.ക്ക് വേണ്ടി കോര്‍പറേറ്റ് ശക്തികള്‍ ആവശ്യത്തിലധികം പണം ഒഴുക്കുകയാണ്. ഏതെല്ലാം പാര്‍ട്ടികള്‍ എവിടെയെല്ലാം മേല്‍കൈ നേടിയാലും തെരഞ്ഞെടുപ്പിന് ശേഷം അവരെയെല്ലാം കുതിര കച്ചവടത്തിലൂടെ വിലയ്ക്കു വാങ്ങുവാന്‍ കഴിയുമെന്ന സാഹചര്യം ജനവിധിയെ അട്ടിമറിച്ച് ബി.ജെ.പി.യെ വീണ്ടും ഭരണത്തിലേറ്റി കളയുമോ എന്ന ആശങ്ക തള്ളികളയുവാനുമാവില്ല. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എം. മാരെ വിലയ്‌ക്കെടുത്ത് കോണ്‍ഗ്രസിനെ ഗോവയില്‍ ഒന്നുമല്ലാതാക്കിയ അനുഭവം ഉണ്ടല്ലോ. രാഷ്ട്രീയ കക്ഷികള്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ പ്രത്യയ ശാസ്ത്രത്തിലും പരിപാടിയിലും ആദര്‍ശങ്ങളിലും യാതൊരു ഉറപ്പും ഇല്ലായെന്നുള്ള ദു:ഖകരമായ സാഹചര്യമാണ് അത്തരം കുതിരക്കച്ചവടത്തിന്റെ അടിസ്ഥാനം.

മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ മുന്‍കരുതലെങ്കിലും എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ചേര്‍ന്ന് എടുക്കുവാന്‍ കടപ്പെട്ടവരാണ്. തങ്ങളുടെ കക്ഷികളുടെ മാത്രം മേല്‍കൈയും ആധിപത്യവും അധികാര പ്രാപ്തിയും ലക്ഷ്യമാക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയെ വിലയിരുത്തി വലിയൊരു അപകടത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ സംസ്ഥാന തലത്തിലെങ്കിലും മുന്നണിയോ ധാരണയോ ഉണ്ടാക്കുവാന്‍ തയ്യാറകണം. തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ വിജയപരാജയങ്ങളുടെ അവസ്ഥ എന്തുതന്നെയായിരുന്നാലും ബി.ജെ.പി.യെ ഭരണത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തണമെന്ന ലക്ഷ്യം നേടുവാന്‍ വിശാലമായി മുന്നണിയുണ്ടാക്കുകയോ പിന്തുണയക്കുകയോ ചെയ്യുന്നതിന് തയ്യാറാകണം.

കോര്‍പ്പറേറ്റ് ശക്തികളുടെ തേര്‍വാഴ്ച

വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ രാജ്യത്തോടും ജനങ്ങളോടും കൂറില്ലാത്ത നിലപാടും പ്രവര്‍ത്തനശൈലിയും ബി.ജെ.പി. ഭരണത്തെ മാറ്റിയാലും ജനങ്ങള്‍ക്ക് നേരിടേണ്ട ഗൗരവമായ പ്രശ്‌നമാണ്. ഒരു വശത്ത് വര്‍ഗ്ഗീയതയും അക്രമങ്ങളും അവയോടൊപ്പം വര്‍ദ്ധിച്ചുവരുന്ന ദലിത, ആദിവാസി, സ്ത്രീകള്‍, മൂന്നാം ലിംഗക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള പീഡനങ്ങളും രാജ്യത്ത് ജനങ്ങളുടെ ഐക്യത്തിനും രാജ്യം അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്‌നങ്ങളെ ഒരുമയോടെ നേരിടുന്നതിനും വിഘാതമാണ്. വര്‍ഗ്ഗീത, മുസ്ലീം – ക്രിസ്ത്യന്‍ വിരുദ്ധത എന്നീ വിഭാഗീയ നിലപാടുകളുടെ ആക്രോശങ്ങളെയും അക്രമങ്ങളെയും വിഷം ചുരത്തുന്ന മൂലയൂട്ടല്‍ നടത്തുന്നത് കോര്‍പ്പറേറ്റ് ശക്തികളാണെന്ന് തിരിച്ചറയിവാനുള്ള ജനങ്ങളുടെ ശേഷി നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയത്തെയാണ് ഭയപ്പെടേണ്ടത്.

അധികാരം ചക്രവര്‍ത്തിമാരെ പോലെ ആസ്വദിക്കുന്ന ഏതെങ്കിലവും അധികാരിയോട് ഒട്ടി നില്‍ക്കുന്ന കോര്‍പ്പറേറ്റ് ബ്രാന്‍ഡിനോടും മുതലാളിയോടുമുള്ള എതിര്‍പ്പ് മാത്രമായി കോര്‍പ്പറേറ്റ് വിരദ്ധ രാഷ്ട്രീയത്തെ വെട്ടി ചുരുക്കുന്നത് യാഥാര്‍ത്ഥ വില്ലന്‍മാരെ രക്ഷിക്കുന്നതാണ്. ആഗോള മുതാലളിത്ത വ്യവസ്ഥയെ നിരാകരിക്കുന്നതിലാണ് കാര്യം. ജനങ്ങള്‍ക്കൊട്ടാകെ ഉല്പാദനത്തിലും വിതരണത്തിലും വിഭവങ്ങളിലും നടത്തിപ്പിലും പങ്കാളിത്തം ലഭിക്കുന്നതും ആവാസ്യവസ്ഥകള്‍ പൊതുവെ സംരക്ഷിക്കപ്പെടുന്നതുമായ ലോകം വേണമല്ലോ. കഴിഞ്ഞ കാലങ്ങളിലെ പ്രകൃതിയോടിണങ്ങിയ ഉല്പാദന വ്യവസ്ഥകളെ പുതിയ കാലത്ത് മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കി ജനാധിപത്യവല്‍ക്കരിക്കുകയാണ് വേണ്ടത്. അപ്രകാരം മാത്രമേ അതിഭീകരമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് അവസാനിപ്പിച്ച് ഏറെക്കുറെ സമത്വമുള്ള ഒരു സമൂഹം നമുക്ക് വിഭാവനം ചെയ്യുവാന്‍ എങ്കിലും കഴിയുകയുള്ളൂ.

വളരെക്കുറച്ച് ആളുകള്‍ക്ക് അത്യാഢംബര സൗകര്യങ്ങള്‍ അതിനെക്കാള്‍ കുറച്ചു കൂടി ആളുകള്‍ക്ക് അല്പം നല്ല സൗകര്യങ്ങള്‍. ദുരിതക്കയത്തില്‍ മുങ്ങിത്താഴ്ന്ന മഹാഭൂരിപക്ഷവും എന്ന സ്ഥിതിയാണ് ആഗോള മുതലാളിത്ത ക്രമം. എന്നാല്‍ അല്പം നല്ല സൗകര്യങ്ങള്‍ അനുഭവിക്കുന്ന സമ്പന്നരും മഹാഭൂരിപക്ഷത്തെ പോലെ കനത്ത നികുതി ഭാരവും സമ്പന്നതയുടെ അനുദിനം ഉയരുന്ന ജീവിതച്ചെലവിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുവാനുളള പ്രയത്‌നത്തില്‍ കടബാദ്ധ്യതകളില്‍ അമര്‍ന്ന് ഞെരുങ്ങും. രാജ്യവും ഭരണസംവിധാനവുമെന്നപോലെ മഹാഭൂരിപക്ഷം ജനങ്ങളും കടക്കെണിയില്‍ അകപ്പെട്ടിരിക്കും. അത്യാഡംബരത്തില്‍ ജീവിക്കുകയും ലോകമുതലാളിമാരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നവരാണെങ്കിലും അതിസമ്പന്നരായ കോര്‍പറേറ്റ് മുതലാളിമാരും വലിയ കടത്തില്‍ തന്നെയാണ്. രാജ്യമായാലും കോര്‍പറേറ്റ് കമ്പനികളായാലും വ്യക്തികളായാലും അപ്രകാരമെടുക്കുന്ന വായ്പകളും കടക്കാരെ നിയന്ത്രിക്കുന്ന വായ്പാ വ്യവസ്ഥകളും ആഗോളമുതലാളിത്ത ശക്തികളുടെ മുഖ്യമായ ഒരു നിയന്ത്രണോപാധിയാണ്. ആഗോള മുതലാളിത്ത സമ്പത്ത് കേന്ദ്രീകരിക്കുന്ന ഒരു ചാലകശക്തിയുമാണത്.

രാജ്യവും ഭരണസംവിധാനങ്ങളും സോവറിന്‍ ഷുവര്‍റ്റി അതായത് പരമാധികാരം പണയം വച്ച് കടവാങ്ങുന്നതിനാല്‍ അധിനിവേശ ശക്തികളുടെ നയപരിപാടികള്‍ നടപ്പിലാക്കുവാന്‍ വിധേയപ്പെടേണ്ടവരായിത്തീരുന്നു. അവര്‍ കല്പിക്കുന്ന കരാറുകളിലും സന്ധികളിലും ഒപ്പു വയ്ക്കുകയും തുറന്ന ഇറക്കുമതി, എല്ലാ രംഗവും മുതല്‍ മുടക്കിന് തുറുന്നു കൊടുക്കല്‍ എന്നിവയ്ക്ക് വഴങ്ങുകയും ചെയ്യേണ്ടി വരുന്ന ഒരു അടിമത്ത സമ്പദ്ഘടനയാണ് അത്.

അതിന് അടിമുടി നിരാകരിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ ശക്തികള്‍ ശേഷിയില്ലാത്തവരായി തീര്‍ന്ന ഇന്നത്തെ സാഹചര്യത്തെ നേരിടുവാന്‍ ജനങ്ങളും ജനങ്ങളോടും രാജ്യത്തോടും കൂറും രാഷ്ട്രീയ വ്യക്തതയും ഉള്ള പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും വലിയൊരു ഉത്തരവാദിത്തമുണ്ട്. ഒരു വശത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബി.ജെ.പി.യുടെ ഭരണമാറ്റം ഉണ്ടാക്കണമെന്ന രാഷ്ട്രീയ നിലപാട് ജനങ്ങളില്‍ ഉണര്‍ത്തിപ്പിടിക്കുവാനും നയപരമായ പുതിയ രാഷ്ട്രീയ ദിശാബോധം കൈവിടാതെ നിരന്തരം പ്രവര്‍ത്തിക്കുവാനും തയ്യാറാവുകയെന്ന ഉത്തരവാദിത്തമാണ്. കേവലമായ വിമര്‍ശനങ്ങള്‍ക്ക് അപ്പുറത്ത് മാറ്റമുണ്ടാക്കുന്ന നയപരിപാടികള്‍ ഉയര്‍ത്തിപിടിക്കുവാനും അതിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ ഭരണ നടപടികളെ ചോദ്യം ചെയ്യുവാനുമുള്ള ശക്തിയാണ് അവര്‍ ജനങ്ങള്‍ക്ക് പകരേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply