കേരളം കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുമോ?
ഐക്യ രാഷ്ട്ര സഭയുടെ ദാരിദ്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഉള്ള റിപ്പോര്‍ട്ടില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനങ്ങളായിരിക്കുമെന്നും, കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ചു സാമൂഹികാവിവേചനം ഉണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. കേരളത്തിലും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നായിരിക്കില്ല. ഒരു വരള്‍ച്ചയെയെയും വെള്ളപ്പൊക്കത്തെയും നേരിടുവാന്‍ കേരളത്തിന് കരുത്തില്ല. ജലത്തെയും പ്രകൃതി ബന്ധങ്ങളെയും ആശ്രയിച്ചാണ് ജനജീവിതവും ആരോഗ്യമേഖലയും സംസ്ഥാനത്തെ ടൂറിസവും വൈദ്യുതിയും എല്ലാം തന്നെ നിലനില്‍ക്കുന്നത്. ജലക്ഷാമം സമൂഹത്തിന്റെ ആരോഗ്യനിലയെപോലും ബാധിക്കാവുന്ന കടുത്ത സാമൂഹിക പ്രശ്‌നമാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം മധ്യേന്ത്യയിലേക്ക് നീങ്ങുന്നതോടെ കേരളത്തില്‍ മഴക്കുള്ള സാധ്യത നീളുന്നു. ഉത്തര അറേബ്യന്‍ കടലിനോട് ചേര്‍ന്ന ഗുജറാത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കൊങ്കണ്‍ ഗോവ, മഹാരാഷ്ട്ര, മറാത്തവാടാ എന്നിവിടങ്ങളിലും ജൂണ്‍ 3 മുതല്‍ മഴക്ക് സാധ്യത എന്നാണ് ഇന്ത്യന്‍ കാലാവസ്ഥാകേന്ദ്രം അറിയിക്കുന്നത്. നിലവില്‍ തന്നെ കേരളത്തില്‍ ലഭിക്കേണ്ടതായ മഴയില്‍ 46 ശതമാനത്തിന്റെ കുറവുണ്ട്. 671.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടയിടത്തു ഇത്തവണ അത് 360.8 മില്ലി മീറ്റര്‍ ആയി കുറഞ്ഞിരിക്കുകയാണ്. രാജ്യത്താകമാനം ലഭിക്കേണ്ടതായ മഴയില്‍ കാര്യാമായ മാറ്റമുണ്ടായിരിക്കുകയാണ്. രാജസ്ഥാന്‍ കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ പ്രതീക്ഷിക്കുന്ന നിലയില്‍ അല്പമെങ്കിലും മഴ ലഭിച്ചിരിക്കുന്നത്. ബാക്കി സംസ്ഥാനങ്ങളില്‍ മുഴുവനും 60%നും താഴെ മഴയാണ് ലഭ്യമായത്.
രാജ്യത്തെ 21 നഗരങ്ങള്‍ വരള്‍ച്ചയാല്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ എത്തി കഴിഞ്ഞു. 44% പ്രദേശവും വരള്‍ച്ചയിലാണ്. അതില്‍ 17% ത്തിന്റെ അവസ്ഥ അതി രൂക്ഷമായി കഴിഞ്ഞു. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് 17% സ്ഥലങ്ങളും എത്തിയിരിക്കുന്നു.രാജ്യത്തെ 36 ജല സബ്ഡിവിഷനുകളില്‍ 31 ഉം വരള്‍ച്ച ബാധിച്ചു എന്നാണര്‍ത്ഥം. 60 കോടി ആളുകള്‍ ജലക്ഷാമത്തിന്റെ ബുദ്ധിമുട്ടില്‍ ആണ്. അവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. നമ്മുടെ ആകെയുള്ള ദേശിയ റിസര്‍വോയറില്‍ ഈ വര്‍ഷം27.265 ബില്ല്യണ്‍ ച. മീറ്റര്‍ വെള്ളമാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം ഇതേ സമയം 29.699 ബില്ല്യണ്‍ ച.മീറ്റര്‍ വെള്ളം ഉണ്ടായിരുന്നു.മൊത്തം വാഹക ശേഷിയുടെ 17% മാത്രമാണ് ഇന്നത്തെ അവസ്ഥ. മഹാരാഷ്ട്രയിലെ 28,524 ഗ്രാമങ്ങള്‍, 151 താലൂക്കുകള്‍(മൊത്തം താലൂക്കുകള്‍ 358)( 42% വും വരള്‍ച്ചയില്‍) എത്തി. മഹാരാഷ്ട്രയുടെ ഡാമുകളില്‍ 5.96% വെള്ളമാണ് അവശേഷിക്കുന്നത്. മറാത്താവാഡയില്‍ അവസ്ഥ .47%മാത്രം. ഔറംഗ ബാദിലെ 9 ഡാമുകളില്‍ 8 ഉം വറ്റി കഴിഞ്ഞു. കര്‍ണാടകയില്‍ 100 താലൂക്കുകള്‍ (24 ജില്ലകളില്‍) വെള്ളം കിട്ടാതെ വിഷമിക്കുന്നു. അതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം 16500 കോടി വരും. ഗുജറാത്തില്‍ 3367 ഗ്രാമങ്ങള്‍ കുടിക്കുവാന്‍ പോലും വെള്ളം കിട്ടാതെ ഗതികേടില്‍ എത്തി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് മുതല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും വളര്‍ച്ച ബാധിച്ചു. ചെന്നൈക്ക് മൂന്ന് നദികള്‍ ഉണ്ട്. കൂവം നദി, അടയാര്‍,കോസസ് ലൈന്‍. ഇവ മൂന്നും ഇന്നുനഗര സൗന്ദര്യവത്കരണത്തിന്റെ രക്തസാക്ഷികളാണ്. നഗരത്തില്‍ ഉണ്ടായിരുന്ന 350 തടാകങ്ങളും 3900ഓളം മറ്റു ജല സ്രോതസുകളും പൂര്‍ണ്ണമായോ ഭാഗികമായോ മൂടി.അതിനു മുകളില്‍ വികസനം നടപ്പിലാക്കി. നഗരത്തിലെ തണ്ണീര്‍ തടങ്ങളുടെ വിസ്തൃതി 7000 ഹെക്റ്ററി ല്‍നിന്നും 2000 ആയി ചുരുങ്ങി. അതേ സമയം 20000 കോടി രൂപ ജല വിതരണ പദ്ധതികള്‍ക്കായി മാറ്റി വെച്ച സര്‍ക്കാര്‍ ജലസേചന പരിപാടികള്‍ ആസൂത്രണം ചെയ്തു.നഗരത്തിന്റെ 4 റസര്‍വോയറുകളില്‍ മൂന്നെണ്ണവും വരണ്ടുണങ്ങിയിരിക്കുന്നു.
രാജ്യത്താകമാനം ഈ കാലാവസ്ഥ വ്യതിയാനവും ജലസ്രോതസുകളുടെ നശീകരണവും നടക്കുന്നുണ്ടെങ്കിലും കേരളം പോലൊരു സംസ്ഥാനത്തു ഇതിന്റെ രൂക്ഷത മറ്റു സംസ്ഥാനങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പും പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥി പ്രവര്‍ത്തകരും വ്യക്തമാകുന്നത്. മുന്‍കാലങ്ങളില്‍ നിന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങള്‍ തുടര്‍ച്ചയായി തെറ്റിപോകുന്നത് കാലാവസ്ഥയിലുണ്ടായ കാര്യമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് കേരള ഫോറസ്‌റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിലെ ശാസ്ത്രജ്ഞനായ സജീവന്‍ അഭിപ്രായപ്പെട്ടു. ‘തിരുവാതിര ഞാറ്റുവേല’ വൈകിയതുപോലും വളരെ ഗൗരവത്തോടെയാണ് കാലാവസ്ഥാനിരീക്ഷകര്‍ കാണുന്നത്. ജൂണ്‍ 4,6,8 തീയതികളില്‍ എല്ലാം മണ്‍സൂണ്‍ പ്രവചിച്ചിരുന്നങ്കിലും തുടര്‍ച്ചയായി തെറ്റിപോയതു അസ്വാഭാവികമാണ്. കനത്ത മഴയോ അല്ലെങ്കില്‍ വരള്‍ച്ചയെ ആയിരിക്കും ഈ കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍. ആരോഗ്യകരമായ പരിഥിതി ഉണ്ടാകുമ്പോള്‍ മാത്രമേ ഇത്തരം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാന്‍ കഴിയുകയുള്ളു എന്നും അത്തരത്തിലുള്ള സാമൂഹിക വികസനമാണ് കാലാവസ്ഥ വ്യതിയാനത്തിനെ പ്രതിരോധിക്കുവാന്‍ കഴിയുകയുള്ളു എന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് പുറത്തെ സാഹചര്യവും കേരളത്തിനകത്തെ സാഹചര്യവും വ്യത്യസ്തമാകുന്നത് തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രത്യക്ഷത്തില്‍ കേരളത്തെ ബാധിച്ചിട്ടില്ല എന്നിടത്താണ്. 2018ല്‍ ഉണ്ടായ വെള്ളപൊക്കം പോലെ പ്രകൃതി ദുരന്തത്തിലേക്ക് നീങ്ങിയ സാഹചര്യങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ വളരെ കുറവാണ്. എന്നാല്‍ തീവ്രമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ കേരളം ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ പ്രാപ്തമല്ല എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. കേരളത്തിലെ ആറോളം വരുന്ന സൂക്ഷ്മ കാലാവസ്ഥ മേഖലകള്‍ കടുത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ജലശേഖരങ്ങള്‍ ഭൂരിഭാഗവും മലിനപ്പെട്ടതും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും, കണ്ടല്‍ കാടുകളും വലിയ തോതില്‍ നശിപ്പിക്കപ്പെട്ടതു ജലസ്രോതസിനെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു ഭൂഗര്‍ഭജലസ്രോതസ് വളരെ കുറവാണ്. നിലവിലെ മഴയുടെ കുറവ് ഒരു വരള്‍ച്ചയിലേക്ക് നീങ്ങുകയാണെങ്കില്‍ കേരളം അതിജീവിക്കുമോ എന്നുള്ളത് സംശയമാണ്.
കാലാവസ്ഥ വ്യതിയാനം ഒരു വലിയ സാമൂഹിക പ്രശ്‌നമായി ലോകമൊട്ടാകെയുള്ള രാജ്യങ്ങളും വീക്ഷിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ മാനിഫെസ്റ്റോകളിലൊന്നും തന്നെ ഇതൊരു പ്രധാനഘടകമായി വരുന്നില്ല. നിത്യോപയോഗത്തിനും കൃഷിക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയില്‍പോലും ജലത്തിനുള്ള പ്രാധാന്യവും അതുവഴി കാലാവസ്ഥക്കുള്ള പ്രാധാന്യവും രാഷ്ട്രീയ കക്ഷികള്‍ മനസിലാക്കുന്നില്ല എന്നത് വസ്തുതയാണ്. വികസനം എന്നത് കാലാവസ്ഥാനുകൂലമായി തീരുമാനിക്കപ്പെടേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യ രാഷ്ട്ര സഭയുടെ ദാരിദ്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഉള്ള റിപ്പോര്‍ട്ടില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനങ്ങളായിരിക്കുമെന്നും, കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ചു സാമൂഹികാവിവേചനം ഉണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. കേരളത്തിലും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നായിരിക്കില്ല. ഒരു വരള്‍ച്ചയെയെയും വെള്ളപ്പൊക്കത്തെയും നേരിടുവാന്‍ കേരളത്തിന് കരുത്തില്ല. ജലത്തെയും പ്രകൃതി ബന്ധങ്ങളെയും ആശ്രയിച്ചാണ് ജനജീവിതവും ആരോഗ്യമേഖലയും സംസ്ഥാനത്തെ ടൂറിസവും വൈദ്യുതിയും എല്ലാം തന്നെ നിലനില്‍ക്കുന്നത്. ജലക്ഷാമം സമൂഹത്തിന്റെ ആരോഗ്യനിലയെപോലും ബാധിക്കാവുന്ന കടുത്ത സാമൂഹിക പ്രശ്‌നമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in