അട്ടിമറിക്കപ്പെടുമോ ഇന്ത്യന്‍ ജനാധിപത്യം?
ഇനി അഥവാ ഇന്ത്യാസഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ മറ്റൊരാശങ്കയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറവായിരുന്നനു എന്നാണല്ലോ ബിജെപി പറയുന്നത്. ഒരുപക്ഷെ അത് ശരിയാകാം. എന്താണ് കാരണമെന്ന് വ്യക്തം. കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലെന്നതുതന്നെ. അധികാരം നഷ്ടപ്പെട്ടാല്‍ വീണ്ടും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ രാജ്യമെങ്ങും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും വംശീയ കൂട്ടകൊലകള്‍ക്കും തിരി കൊളുത്താനവര്‍ മടിക്കില്ല എന്നതാണ് ചൂണ്ടികാട്ടുന്നത്. എന്തതന്നെയായാലും മോശം ദിനങ്ങളാണ് മുന്നിലുള്ളതെന്ന് സാരം.
ഏറെ നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. പ്രതീക്ഷിച്ചപോലെ എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് അനുകൂലമാണ്. എന്നാല്‍ കേരളത്തില്‍ ബിജെപിക്ക് മൂന്നും നാലും സീറ്റൊക്കെ പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വിശ്വസനീയത എത്രമാത്രമെന്നത് അവിടെ നില്‍ക്കട്ടെ. വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് ഇവിടെ പ്രസക്തമാകുന്നത്. എക്‌സിറ്റ് ഫലങ്ങള്‍ പ്രവചിക്കുന്ന ഫലം വന്നാലും ഇല്ലെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയ തന്നെ അട്ടിമറിക്കപ്പെടുമോ എന്നതാണത്. അത്തരത്തില്‍ ആശങ്കപ്പെടാവുന്ന പല സംഭവങ്ങളും തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ സംഭവിച്ചിട്ടുണ്ട്, ഇപ്പോഴും സംഭവിക്കുന്നുണ്ട്.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നപോലെ ബിജെപിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചാല്‍ ഹിന്ദുത്വ രാഷ്ട്രമെന്ന രീതിയില്‍ ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതുമോ എന്ന ചോദ്യമാണ് ആദ്യത്തേത്. അതത്ര എളുപ്പമല്ലെങ്കിലും ബിജെപിയുടേയും അതിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെയും അടിസ്ഥാനലക്ഷ്യം അതായതിനാലും ആര്‍ എ് എസ് രൂപീകരണത്തിന്റെ 100-ാംവാര്‍ഷികമാണ് 2025 എന്നതിനാലും അത്തരമൊരാശങ്ക തള്ളിക്കളയാനാവില്ല. അതോടെ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഫെഡറലിസവും ബഹുസ്വരതയും നാനാത്വവുമൊക്കെ അവസാനിക്കും. ലോകത്ത് പല ഫാസിസ്റ്റുകളും അധികാരത്തിലെത്തിയത് ജനാധിപത്യത്തിലൂടെയാണെന്നത് കൂട്ടിവായിക്കാവുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നപോലെയല്ല കാര്യങ്ങളെങ്കിലും ഇത്തരമൊരാശങ്ക അസ്ഥാനത്തല്ല. തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെടുമോ എന്നതു തന്നെയാണ് ആദ്യഭീതി. ബിജെപിക്കോ എന്‍ഡിഎക്കോ 400 സീറ്രുപോയിട്ട് ഭൂരിപക്ഷം പോലും കിട്ടില്ല എന്നാണ് പൊതുവായ വിലയിരുത്തല്‍. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി തന്നെയാണ് മാറാനാണിട. ഈ സാഹചര്യത്തിലാണ് അത്തരമൊരു ഭീതി കൂടുതല്‍ പ്രസക്തമാകുന്നത്. പണമെറിഞ്ഞും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും കള്ളകേസുകളെടുത്തും നേതാക്കളെ തടവറക്കുള്ളിലാക്കിയും ഭീകരനിയമങ്ങള്‍ പ്രയോഗിച്ചുമെല്ലാം പല സംസ്ഥാന സര്‍ക്കാരുകളേയും അട്ടിമറിച്ച് ജനാധിപത്യത്തിന്റെ പ്രാഥമിക മൂല്യങ്ങള്‍ക്കുപോലും വില കൊടുക്കാതെ തങ്ങളുടെ സര്‍ക്കാരുകളെ പ്രതിഷ്ഠിച്ച ചരിത്രമാണല്ലോ ബിജെപിയുടേത്. അത് കേന്ദ്രത്തിലും ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇന്ത്യാ സഖ്യത്തിലെ പലരും എന്‍ഡിഎയിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന നേതാവ് തന്നെ പറയുന്നതു കേട്ടു. എങ്കിലതും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും.
ഗവര്‍ണര്‍ മുതല്‍ ഇ ഡിവരെയുള്ള മുഴുവന്‍ ഭരണകൂട സ്ഥാപനങ്ങളേയും തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരും ബിജെപിയും ഉപയോഗിക്കുമ്പോഴും ഇലക്ഷന്‍ കമ്മീഷനില്‍ ഏവര്‍ക്കും വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ആ വിശ്വാസം പോലും നഷ്ടപ്പെടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ടത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം പ്രഖ്യാപിച്ചത് 11-ാം ദിവസമായിരുന്നു എന്നതില്‍ പരം ആശങ്കപ്പെടുത്തുന്ന മറ്റെന്തുണ്ട്? ഇ വി എമ്മിനെ കുറിച്ചും വി വി പാറ്റിനെ കുറിച്ചുമുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുമ്പോഴാണ് ഇതും സംഭവിക്കുന്നത്. ഇ വി എം നിര്‍മ്മിക്കുന്ന കമ്പനിയുടെ തലപ്പത്ത് ബിജെപി നേതാക്കളുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്തിനേറെ വോട്ടവകാശമില്ലാത്ത ഒരു പയ്യന്‍ ഏഴോ എട്ടോ തവണ വോട്ടുചെയ്തതും സമാജ് വാദി. പാര്‍ട്ടിക്കാണ് തന്റെ വോട്ടെന്നു പറഞ്ഞ വൃദ്ധയുടെ വോട്ട് ഉദ്യോഗസസ്ഥര്‍ ബിജെപിക്കു ചെയ്യിച്ചതുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. രാജ്യത്ത് പലയിടത്തും ന്യൂനപക്ഷവിഭാഗങ്ങളെ വോട്ടുചെയ്യുന്നതില്‍ നിന്നു തടഞ്ഞതായ വാര്‍ത്ത വന്നിട്ടും ഇലക്ഷന്‍ കമ്മീഷന്‍ അനങ്ങിയില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി തന്നെ തുടര്‍ച്ചയായി വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും കമ്മീഷന്‍ നിശബ്ദനായിരുന്നു. രാഹുലിനു പുറകില്‍ പാക്കിസ്ഥാനാണ്, കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളുടെ സ്വത്തും ദളിതരുടെ സംവരണാവകാശവും പിടിച്ചെടുത്ത് ധാരാളം കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന മുസ്ലിമുകള്‍ക്കു നല്‍കും, പാലങ്ങള്‍ക്ക് കോണ്‍ട്രാക്ട് നല്‍കുമ്പോള്‍ പോലും മുസ്ലിമുകള്‍ക്ക് സംവരണം നല്‍കും, ഹിന്ദു സ്ത്രീകളുടെ കെട്ടുതാലി വരെ പിടിച്ചെടുക്കും, അയോദ്ധ്യയിലെ രാമക്ഷേത്രം തകര്‍ക്കും എന്നിങ്ങനെ പോയി താന്‍ ദൈവത്തിന്റെ അവതാരമാണെന്നും തനിക്കു വോട്ടുചെയ്താല്‍ പുണ്യം കിട്ടുമെന്നു വരെ അദ്ദേഹം പറഞ്ഞത് കേട്ടിട്ടും ഒരു വാണിംഗ് പോലും കമ്മീഷന്‍ നല്‍കിയോ? പിന്നാട് തെരഞ്ഞെടുപ്പുദവസം തന്നെ കന്യാകുമാരിയില്‍ ധ്യാനമിരുന്നതിന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ലല്ലോ. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലിട്ടപ്പോള്‍ ഇടപെട്ടത് കമ്മീഷനായിരുന്നില്ല, കോടതിയായിരുന്നു. ഒരു കാരണവുമില്ലാതെ കോണ്‍ഗ്രസ്സിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചപ്പോഴും അതുതന്നെ അവസ്ഥ. ശിവസേന പോലെ രാജ്യത്തെ ചിലപാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടായപ്പോള്‍ യാതൊന്നും പരിശോധിക്കാതെ ബിജെപിക്കൊപ്പം നില്‍ക്കുന്ന വിഭാഗത്തെയാണ് കമ്മീഷന്‍ അംഗീകരിച്ചത്. ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറിയ വാര്‍ത്ത ബിജെപി ഏറെ ആഘോഷിച്ചല്ലോ. എന്താണതിനു കാരണം? പിന്മാറിയില്ലെങ്കില്‍ 17 കൊല്ലം മുമ്പത്തെ ഒരു കേസില്‍ കൊലപാതകം കൂടി ചേര്‍ക്കുമെന്ന ഭീഷണിയായിരുന്നു അതിനു കാരണം. അപ്പോഴും കമ്മീഷന്‍ നിസംഗനായിരുന്നു. പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോള്‍ ദൂരദര്‍ശനിലൂടെ നടത്തിയ പല പ്രചാരണങ്ങളും ചൂണ്ടികാട്ടിയിട്ടും കമ്മീഷന്‍ മിണ്ടിയില്ല.
2019ല്‍ തന്നെ ഇത്തരത്തിലുള്ള പല സംഭവങ്ങളും ചൂണ്ടികാട്ടി 60 സിവില്‍ ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പു കമ്മീഷനു കത്തയച്ചിരുന്നു. എന്നാല്‍ ഇത്തവണയും അതു തന്നെയാണ് ആവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെയാകും ഇത്തവണയും ഈ വിഷയമുന്നയിച്ച് നിരവധി നിയമജ്ഞര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സംയുക്ത പ്രസ്താവനയില്‍ അവര്‍ തങ്ങളുടെ ആശങ്ക പ്രകടമാക്കിയിട്ടുണ്ട്. ഓരോ ബൂത്തിലെയും പോളിങ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ജാനധിപത്യത്തിനും സുതാര്യതക്കും നിരക്കാത്തതാണെന്നു അവര്‍ ചൂണ്ടികാട്ടി. ഓരോ ബൂത്തിലും ചെയ്തിരിക്കുന്ന വോട്ടുകളുടെ എണ്ണം ഫലപ്രഖ്യാപനം വരെ രഹസ്യമാക്കി സൂക്ഷിക്കണമെന്ന വാദം യുക്തിരഹിതവും പരസ്പരവിരുദ്ധവും നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനത്തില്‍ നിന്നും വരാന്‍ പാടില്ലാത്തതുമാണെന്നും സുപ്രീം കോടതി തന്നെ പല പ്രാവശ്യം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പൗരന്റെ അറിയാനുള്ള അവകാശത്തിന്റെ നിഷേധമാണിതെന്നും പ്രസ്താവന പറയുന്നു. ജനാധിപത്യത്തില്‍ രഹസ്യാത്മകതയല്ല സുതാര്യതയാണ് പ്രധാനം. എന്തുകൊണ്ടാണ് പോളിങ് വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചു പിടിക്കാന്‍ കമ്മീഷന്‍ ശ്രമിക്കുന്നത് എന്ന ചോദ്യം അടിയന്തരമായ വിശദീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. ഈ വിവരങ്ങള്‍ മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം കമ്മീഷന്‍ കോടതിയില്‍ നിന്നും മറച്ചു പിടിക്കുകയാണ്.
ഇതുവരെ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പ്രാഥമിക കരട് കണക്കിനേക്കാള്‍ 1.7 കോടി അധിക വോട്ടുകള്‍ അന്തിമ കണക്കില്‍ കൂടുതലായി കാണുന്നതായും നിയമജ്ഞര്‍ ചൂണ്ടികാട്ടുന്നു. ഇത് തെരഞ്ഞെടുപ്പിന്റെ അന്തിമഫലത്തെ ബാധിക്കുന്നതാണ്. പ്രത്യകിച്ച് ഒരുപാട് സീറ്റുകളില്‍ നടക്കുന്ന പോരാട്ടം വളരെ ശക്തമായ സാഹചര്യത്തില്‍. മാത്രമല്ല സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളക്കുന്നതും തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്നതുമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനും പൊതുജനസമ്മിതിയും പൊതുസമ്പത്തും കൊള്ളയടിക്കാനും നിലവിലുള്ള ഭരണകൂടത്തെ സ്ഥാപനങ്ങള്‍ എത്രയധികം സഹായിക്കുന്നു എന്നതു ഒരു പുതിയ പ്രതിഭാസമല്ലെങ്കിലും ഒരു ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇങ്ങനെ കൂട്ട് നില്‍ക്കുന്നതും അതുവഴി അവരുടെ നിഷ്പക്ഷത തന്നെ ചോദ്യം ചെയ്യപ്പെടുന്നതും നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവന പറയുന്നു. പ്രതിപക്ഷ കക്ഷികളില്‍ നിന്നും സിവില്‍ സമൂഹങ്ങളില്‍ നിന്നും പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കും എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള നിരവധി പരാതികള്‍ അവഗണിക്കുകയും അവരെ ഒരു നിയന്ത്രണവുമില്ലാതെ മുന്നോട്ടു പോകാന്‍ അനുവദിക്കുകയും ചെയ്യുക വഴി സര്‍ക്കാരിനോട് ഒരുവിധ സംശങ്ങളുമില്ലാത്ത വിധത്തില്‍ വിശ്വസ്തത പുലര്‍ത്തുന്ന ഒരു സ്ഥാപനമായി കമ്മീഷന്‍ മാറി എന്ന് രാജ്യത്തിനു മുന്നില്‍ വ്യക്തമായിരിക്കുകയാണ്. ക്രൂരമായ അധികാര പ്രയോഗത്തിലൂടെ തങ്ങളുടെ വിജയം ഉറപ്പിക്കാന്‍ ഭരണകക്ഷി ഇടപെടുന്നതിനെതിരെ നിശബ്ദത പാലിക്കാന്‍ കഴിയുമെന്ന് സൂററ്റിലെയും ഇന്‍ഡോറിലെയും കേസുകളില്‍ അവര്‍ തെളിയിച്ചിരിക്കുന്നു. ‘ എല്ലാം ചട്ടങ്ങള്‍ പ്രകാരം നടക്കുന്നു’ എന്ന ഒഴുക്കന്‍ യാന്ത്രിക സമീപനമാണ് ഇവിടെയെല്ലാം കമ്മീഷന്‍ എടുത്തത്. ഈയടുത്തകാലത്താണ് ചാണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ കാമറയ്ക്കു മുന്നില്‍ പോലും കൃത്രിമം കാണിച്ചു കൊണ്ട് ബിജെപിക്കാരനെ ‘വിജയി’ ആയി റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ചതും പ്രസ്താവനയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായും ന്യായമായും അവരുടെ കടമകള്‍ നിര്‍വ്വഹിക്കുന്നു എന്നുറപ്പു വരുത്താന്‍ ശ്രമിക്കണമെന്ന് അവസാന ആശ്രയമെന്ന രീതിയില്‍ തങ്ങള്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും നീതിയുടെ കാവലാള്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പദവിയും ഭരണഘടനയും ഭരണഘടനാതത്വങ്ങളും കോടിക്കണക്കിനു വരുന്ന പൗരസമൂഹത്തിന്റെ ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടുമെന്ന് പ്രത്യാശിക്കുന്നു എന്നും പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്. തീര്‍ച്ചയായും രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും ആശങ്കകള്‍ തന്നെയാണ് അവര്‍ ഈ പ്രസ്താവനയിലൂടെ പങ്കുവെക്കുന്നത്.
ഒന്നു തീര്‍ച്ചയാണ്. തുടക്കത്തില്‍ പറഞ്ഞപോലെ ബിജെപിക്കോ എന്‍ഡിഎക്കോ ഭൂരിപക്ഷം കിട്ടുമെന്ന് കരുതാനാകില്ല. കുറെ കൂടി ഐക്യത്തോടെ പ്രതിപക്ഷം നിന്നിരുന്നു എങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും വ്യക്തമായ ഭൂരിപക്ഷം തന്നെ കിട്ടുമായിരുന്നു. സംസ്ഥാനങ്ങള്‍ തിരിച്ച് അതിന്റെ കണക്കുകള്‍ നിരവധി പേര്‍ ചൂണ്ടികാണിച്ചിട്ടുണ്ട് എന്നതിനാല്‍ അതിലേക്ക് ഇവിടെ കടക്കുന്നില്ല. ഇനിയത് പറഞ്ഞിട്ട് കാര്യവുമില്ല. അതേസമയം തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കപ്പെടുമോ, അതിലൂടെ ഇത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായി മാറുമോ എന്ന ആശങ്കയാണ് വ്യാപകമാകുന്നത്. ആഗോളതലത്തില്‍ തന്നെ ഇത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. ബിജെപിക്കകത്തുള്ള ഭിന്നതകളും ബിജെപിയും ആര്‍എസ്എസുമായി ഉടലെടുത്തിട്ടുള്ള മത്സരവും ബിജെപിയേയും ആര്‍എസ്എസിനേയും പോലും അവഗണിച്ച് താനാണ് എല്ലാം എന്ന മോദിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളുമെല്ലാം ഈ ആശങ്കയെ രൂക്ഷമാക്കുകയാണ്. അതിനാല്‍ തന്നെ ജനാധിപത്യവാദികളെ സംബന്ധിച്ച് നല്ല ദിവസങ്ങളല്ല വരാനിരിക്കുന്നത് എന്നുതന്നെ പറയേണ്ടിവരും. അത് എന്‍ഡിഎക്ക് ഭൂരിപക്ഷം കിട്ടിയാലും കിട്ടിയില്ലെങ്കിലും.
ഇനി അഥവാ ഇന്ത്യാസഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ മറ്റൊരാശങ്കയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറവായിരുന്നനു എന്നാണല്ലോ ബിജെപി പറയുന്നത്. ഒരുപക്ഷെ അത് ശരിയാകാം. എന്താണ് കാരണമെന്ന് വ്യക്തം. കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലെന്നതുതന്നെ. അധികാരം നഷ്ടപ്പെട്ടാല്‍ വീണ്ടും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ രാജ്യമെങ്ങും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും വംശീയ കൂട്ടകൊലകള്‍ക്കും തിരി കൊളുത്താനവര്‍ മടിക്കില്ല എന്നതാണ് ചൂണ്ടികാട്ടുന്നത്. എന്തതന്നെയായാലും മോശം ദിനങ്ങളാണ് മുന്നിലുള്ളതെന്ന് സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
എൻ സി ഹരിദാസൻ
June 3, 2024 at 9:33 am
മണിപ്പൂരിൽ കഴിഞ്ഞ വർഷം ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തിൽ നടത്തിയതിനെക്കാൾ നീചമായ വർഗീയകലാപം ഇന്ത്യയിൽ വേറെ ഏതെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.ആയതിനാൽ സംഘപരിവാരത്തിന്റെ അവകാശവാദം തള്ളിക്കളയാൻ മടിക്കരുത്.