എന്തുകൊണ്ട് രണ്ടാം കര്‍ഷക പ്രക്ഷോഭം? – കെ സഹദേവന്‍
ഇന്ന് ഫെബ്രുവരി 13ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. 2021 ഡിസമ്പറില്‍ ഒരു വര്‍ഷം നീണ്ടു നിന്ന സമരം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഒരു ഉറപ്പും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 200 ഓളം കര്‍ഷക സംഘടനകള്‍ വീണ്ടും ദില്ലി ചലോ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.
രണ്ടാം ഘട്ട കര്‍ഷക പ്രക്ഷോഭത്തില്‍ കിസാന്‍ – മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ പത്ത് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
1. മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിച്ച് നടപ്പിലാക്കുക.
2. 2020-21 കാലയളവിലെ കര്‍ഷക പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ക്കെതിരെ രാജ്യവ്യാപകമായി ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുക.
3. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്ക്ക് ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കുക.
4. വൈദ്യുതി (ഭേദഗതി) നിയമം, 2023 റദ്ദാക്കുക.
5. C2 + 50% ഫോര്‍മുലയില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് MSP നടപ്പിലാക്കുക.
6. രാജ്യവ്യാപകമായി മുഴുവന്‍ കര്‍ഷകരുടെയും തൊഴിലാളി സമൂഹത്തിന്റെയും വായ്പകള്‍ എഴുതിത്തള്ളുക.
7. ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ നിന്ന് പുറത്തുപോകുക.
8. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും ഇന്ത്യന്‍ കര്‍ഷകരെ ദ്രോഹിക്കുന്നതും അവസാനിപ്പിക്കുക.
9. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുക.
10. 2013-ന് മുമ്പുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരുജ്ജീവിപ്പിക്കുക 1894-ലെതായിരുന്നു അത്.
ഇന്ത്യന്‍ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും പരാശ്രിതത്വത്തിലേക്ക് തള്ളിവിടുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്ക് താല്‍ക്കാലികമായി തടയിടാന്‍ 2020-21 ലെ കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചുവെങ്കിലും കാര്‍ഷിക മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
കര്‍ഷകരുടെ വരുമാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് അടിയറവ് വെക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.
കാര്‍ഷിക മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് അടിയന്തിരമായി ചെയ്യേണ്ടത് നിലവിലുള്ള മിച്ചഭൂമിയും തരിശുഭൂമിയും ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുക എന്നതാണ്. (50% ഗ്രാമീണ കുടുംബങ്ങളുടെ കൈവശം 3% ഭൂമി മാത്രമാണ് ഇപ്പോഴുള്ളതെന്നറിയുക).
അതുപോലെത്തന്നെ, വ്യാവസായിക വികസനത്തിന്റെ പേരില്‍ കാര്‍ഷിക- വനഭൂമി കോര്‍പ്പറേറ്റ് മേഖലയിലേക്ക് തിരിച്ചുവിടുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.
ആദിവാസി – ഗോത്ര വിഭാഗങ്ങള്‍ക്കും പശുവളര്‍ത്തല്‍ ഉപജീവനമായി സ്വീകരിച്ചവര്‍ക്കും വനങ്ങളിലേക്കുള്ള മേച്ചില്‍ അവകാശങ്ങളും പൊതുഭൂമിയിലേക്കുള്ള അവരുടെ പ്രവേശനവും ഉറപ്പു വരുത്തേണ്ടതുണ്ട്.
ഭൂവിനിയോഗവുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ പാരിസ്ഥിതിക- കാലാവസ്ഥാ -വിപണന ഘടകങ്ങളുമായി
ബന്ധിപ്പിക്കുന്ന തരത്തില്‍ ദേശീയ ഭൂവിനിയോഗ നയം രൂപീകരിക്കുകയും അവ നടപ്പിലാക്കുന്നതിനായി നാഷണല്‍ അഡൈ്വസറി കമ്മറ്റി സ്ഥാപിക്കുകയും ചെയ്യുക.
ഭൂമിയുടെ അളവ്, നിര്‍ദ്ദിഷ്ട ഉപയോഗത്തിന്റെ സ്വഭാവം, വാങ്ങുന്ന വ്യക്തിയുടെ സാമ്പത്തിക-സാമൂഹിക പദവി എന്നിവ അടിസ്ഥാനമാക്കി കാര്‍ഷിക ഭൂമിയുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുക.
കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍ കണക്കാക്കിയ ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനത്തിന് മുകളില്‍ കര്‍ഷകര്‍ക്ക് മിനിമം സഹായ വില നല്‍കുക. ‘C2’ വില എന്ന് വിശേഷിപ്പിക്കുന്ന ഈ ഫോര്‍മുല തയ്യാറാക്കിയിരിക്കുന്നത് കാര്‍ഷിക ജോലികള്‍ക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്ന, പണം, വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, കൂലിപ്പണികള്‍, ഇന്ധനം, ജലസേചനം എന്നിവയോടൊപ്പം കൂലിയില്ലാത്ത കുടുംബ തൊഴിലാളികളുടെ ചെലവും വാടക, പലിശ, സ്ഥിര മൂലധന ആസ്തികളുടെ മൂല്യത്തകര്‍ച്ച എന്നിവയും ചേര്‍ത്താണ്.
കര്‍ഷകര്‍ക്ക് നല്‍കേണ്ട മിനിമം സഹായ വില കണക്കാക്കുന്നതിന് ഈ മൊത്തം ചെലവിന്റെ അമ്പത് ശതമാനം കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. നിലവില്‍, അവരുടെ ഭൂമിയുടെ വാടകച്ചെലവും മൂലധനത്തിന്റെ പലിശയും എംഎസ്പിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഒരു വര്‍ഷത്തില്‍ ശരാശരി ഇന്ത്യന്‍ കര്‍ഷകന്റെ വരുമാനം 77,124 രൂപ അല്ലെങ്കില്‍ പ്രതിമാസം 6,427 രൂപയാണെന്ന് സര്‍ക്കാര്‍ സര്‍വേകള്‍ കാണിക്കുന്നു. അവരുടെ പ്രതിമാസ ചെലവ് 6,223.161 രൂപയും! ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന കര്‍ഷകരുടെയും അവസ്ഥ എത്ര നിരാശാജനകമാണ് എന്നതിന്റെ സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.
മേല്‍പ്പറഞ്ഞ അടിസ്ഥാന പ്രശ്‌നങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും 20 കോടിയിലധികം വരുന്ന കര്‍ഷകരെ ദുരിതക്കയങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നതിന്ന് പകരം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ദേശീയ പാതകളില്‍ സിമന്റ് കോണ്‍ക്രീറ്റുകളും ഇരുമ്പാണികള്‍ ഉപയോഗിച്ചും മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിച്ചും കര്‍ഷക നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടച്ചു പൂട്ടിച്ചും, സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട വരെ തടഞ്ഞുവെച്ചും പ്രക്ഷോഭത്തെ തകര്‍ക്കാമെന്ന വ്യാമോഹത്തിലാണ് മോദി സര്‍ക്കാര്‍.
കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ പിന്തുണച്ചു കൊണ്ട് രണ്ടാം കര്‍ഷക പ്രക്ഷോഭത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
K Sahasevan
Transition Studies
Room no 101
Municipal Market Building,
Kokkale Thrissur 21
More details contact:
854769874
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in