ഇടതുസര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍
ഈ ഭരണത്തിന്റെ അവസാനവര്‍ഷമാണ് വരുന്നത് എന്നതിനാല്‍ ഇരുകൂട്ടര്‍ക്കും ഇനിയുള്ള കാലം നിര്‍ണ്ണായകമാണ്. അടുത്തകാലത്തൊന്നും കേരളത്തില്‍ ഉണ്ടാകാത്ത രീതിയില്‍ ഭരണതുടര്‍ച്ചയുണ്ടാക്കാനായി എല്‍ഡിഎഫും സ്ഥിരം കീഴ്‌വഴക്കമായ ഭരണമാറ്റത്തിനായി യുഡിഎഫും ഇനിയുള്ള വര്‍ഷം ശക്തമായി രംഗത്തിറങ്ങുമെന്നുറപ്പ്. അതിനാല്‍തന്നെ നാലാംവര്‍ഷത്തെ കണക്കെടുപ്പ് ഇരുകൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലെന്ന് എല്‍ഡിഎഫും സമരങ്ങളില്ലെന്ന് യുഡിഎഫും പ്രഖ്യാപിച്ചു. കൊവിഡിനു നന്ദി. അതേസമയം ഈ ഭരണത്തിന്റെ അവസാനവര്‍ഷമാണ് വരുന്നത് എന്നതിനാല്‍ ഇരുകൂട്ടര്‍ക്കും ഇനിയുള്ള കാലം നിര്‍ണ്ണായകമാണ്. അടുത്തകാലത്തൊന്നും കേരളത്തില്‍ ഉണ്ടാകാത്ത രീതിയില്‍ ഭരണതുടര്‍ച്ചയുണ്ടാക്കാനായി എല്‍ഡിഎഫും സ്ഥിരം കീഴ്‌വഴക്കമായ ഭരണമാറ്റത്തിനായി യുഡിഎഫും ഇനിയുള്ള വര്‍ഷം ശക്തമായി രംഗത്തിറങ്ങുമെന്നുറപ്പ്. അതിനാല്‍തന്നെ നാലാംവര്‍ഷത്തെ കണക്കെടുപ്പ് ഇരുകൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്.
പറയുമ്പോള്‍ വിരോധാഭാസമാണെന്നു തോന്നാം, ദുരന്തങ്ങളില്‍ നിന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഊര്‍ജ്ജം കണ്ടെത്തിയിരിക്കുന്നത്. ഈ മന്ത്രിസഭയുടെ ആദ്യവര്‍ഷങ്ങള്‍ ഏറെ രാഷ്ട്രീയവിവാദങ്ങള്‍ കൊണ്ട് സജീമായിരുന്നു. അഴിമതി ആരോപണങ്ങളുടെപേരില്‍ മൂന്നു മന്ത്രിമാര്‍ക്കാണ് കസേര നഷ്ടപ്പെട്ടത്. മിടുക്കനായ ധനമന്ത്രിയെന്നൊക്കെ വിശേഷിക്കപ്പെടുമ്പോഴും സംസ്ഥാനത്തിന്റെ സമ്പദ് ഘടന അതിരൂക്ഷമായ പ്രതിസന്ധിയെ നേരിട്ടു. ട്രഷറി നിരോധനം നിത്യസംഭവമായി. ലോകകേരളസഭ, കിഫ്ബി, കേരളബാങ്ക്, മസാലബോണ്ട് തുടങ്ങിയ പരീക്ഷണങ്ങളൊന്നും കാര്യമായ നേട്ടങ്ങള്‍ സൃഷ്ടിച്ചില്ല, ജിഎസ്ടിപോലുള്ള കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പല കേന്ദ്രനയങ്ങളേയും അദ്ദേഹം ന്യായീകരിച്ചു. രണ്ടാം മുണ്ടശ്ശേരി എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ചിലമാറ്റങ്ങളെല്ലാം കണ്ടൈങ്കിലും ഉന്നതവിദ്യാഭ്യാസരംഗം പതിവിന്‍പടി തുടര്‍ന്നു. പിന്നീട് ഉന്നതവിദ്യാഭ്യാസം മറ്റൊരു മന്ത്രിയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. സര്‍ക്കാരിന്റെ മദ്യനയം എന്നും വിവാദത്തിലായിരുന്നു. കാര്‍ഷികരംഗത്തെ പുരോഗതിയെ കുറിച്ച് ഏറെ കേള്‍ക്കാനുണ്ടെങ്കിലും അതിനിടയില്‍ തന്നെ മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രധാന സംഭാവനയായ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ പോലും വെള്ളം ചേര്‍ത്തു. പ്രളയദുരന്തത്തിനുശേഷം പോലും പല പാരിസ്ഥിതിക നിയമങ്ങളും അട്ടിമറിച്ചു. ആരോഗ്യരംഗം ഏറ്റവും കയ്യടി നേടുമ്പോഴും ഡങ്കിപനി, എലിപനി, അരിവാള്‍രോഗം, കുരങ്ങുപനി തുടങ്ങി നാനാവിധത്തിലുള്ള പനികള്‍ വ്യാപകമായി. പനികൊണ്ടുള്ള മരണം എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. ജീവിതശൈലീരോഗങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവും വിമര്‍ശനവിധേയമായത് മുഖ്യമന്ത്രിതന്നെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പായിരുന്നു. ഈ ഭരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ലോക്കപ്പ് കൊലകളും രാഷ്ട്രീയകൊലകളും ദളിത് – ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ക്കെതിരായ പോലീസ് അതിക്രമങ്ങളും വ്യാപകമായിരുന്നു. ദശകങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ നടന്നു. തങ്ങള്‍ എതിരെന്ന് സിപിഎം പറയുന്ന യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ വ്യാപകമായി പ്രയോഗിച്ചു. ജനകീയ സമരങ്ങളെ ക്രുരമായി തല്ലിച്ചതച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ദളിത്, ആദിവാസി, സ്ത്രീ പീഡനങ്ങള്‍ വ്യാപകമായി. മധു, കെവിന്‍, വിനായകന്‍, ശ്രീജിത് തുടങ്ങി നിരവധി പേരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങള്‍ ആളിപടര്‍ന്നു. മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ സിപിഐ പലവട്ടം ആഭ്യന്തരവകുപ്പിനെതിരെ രംഗത്തുവന്നു. ശബരിമല വിഷയത്തിലാകട്ടെ ഒരേസമയം നവോത്ഥാനവും ലിംഗനീതിയും പ്രസംഗിക്കുകയും മറുവശത്ത് സുപ്രിംകോടതി വിധി അട്ടിമറിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളെ കുറിച്ചായിരുന്നെങ്കില്‍ അക്കാര്യത്തിലും എടുത്തുപറയത്തക്ക പുരോഗതിയുണ്ടായില്ല എന്നതാണ് വസ്തുത.
സര്‍ക്കാര്‍ ഏറ്റവും പ്രധാനമായി അവകാശപ്പെടുന്ന നേട്ടം ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയാണ്. കേറിക്കിടക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ചെറുതെങ്കിലും ഒരു വീടു കിട്ടുന്നത് നല്ലതുതന്നെ. എന്നാലതിന്റെ പേരില്‍ തിരസ്‌കരിക്കപ്പെട്ടത് കൃഷി ചെയ്യാന്‍ ഭൂമി എന്ന കാലങ്ങളായുള്ള ദളിത് വിഭാഗങ്ങളുടെ ആവശ്യമാണ്. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തില്‍ വഞ്ചിക്കപ്പെട്ട് നാലുസെന്റ് കോളനികളിലേക്ക് തള്ളപ്പെട്ട ദളിതര്‍ ഈ പദ്ധതിയിലൂടെ ഇപ്പോള്‍ കൊച്ചു കൊച്ചു ഫ്‌ളാറ്റുകളിലേക്കൊതുങ്ങുന്നു. അതാകട്ടെ വന്‍കിട കുത്തകകള്‍ അധികൃതമായി കൈവശം വെച്ചിട്ടുള്ള ലക്ഷകണക്കിനേക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാവശ്യപ്പെട്ട്, സര്‍ക്കാര്‍ തന്നെ നിയമിച്ച പല അന്വേഷണ കമ്മീഷനുകളുടേയും റിപ്പോര്‍ട്ടുകളുള്ളപ്പോള്‍.
ഭരണത്തിന്റെ ആദ്യപാതി ഏറെ കലുഷിതമായിരുന്നെങ്കിലും രണ്ടു പ്രധാന കാര്യങ്ങളാണ് സര്‍ക്കാരിനെ രക്ഷിച്ചത്. ഒന്ന് പ്രതിപക്ഷത്തിന്റെ കഴിവുകേട്. ഈ സംഭവങ്ങളെല്ലാം ഉണ്ടായത് യുഡിഎഫ് ഭരണത്തിലായിരുന്നെങ്കില്‍ കേരളത്തില്‍ എന്തെല്ലാം സംഭവിക്കുമായിരുന്നു എന്ന് തൊട്ടുമുമ്പത്തെ ഉമ്മന്‍ ചാണ്ടി ഭരണം തന്നെ തെളിവ്. അത്രത്തോളമൊന്നുമില്ലെങ്കിലും പ്രതിപക്ഷത്തിന്റെ മിനിമം ഉത്തരവാദിത്തമെങ്കിലും കാണിക്കാന്‍ യുഡിഎഫിനായില്ല. യൂത്ത് കോണ്‍ഗ്രസ്സാകട്ടെ യുവത്വത്തിനു തന്നെ അപമാനമായി. തുടര്‍ന്നാണ് ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങളെത്തിയത്. ഓഖി, നിപ, രണ്ടു പ്രളയങ്ങള്‍, കൊവിഡ്…. ഇവക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സാമാന്യം ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞതും ഇത്തരം സന്ദര്‍ഭത്തില്‍ പോലും പ്രതിപക്ഷം ഇരുട്ടില്‍ തപ്പിയതുമാണ് സര്‍ക്കാരിന് അഞ്ചാം വര്‍ഷത്തേക്കു പ്രവേശിക്കുമ്പോള്‍ കരുത്ത് നല്‍കുന്നത്. ആ കരുത്തില്‍ പിടിച്ച് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ്.
വാസ്തവത്തില്‍ ഈ ദുരന്തങ്ങളെ നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ച മികവ് കൊട്ടിഘോഷിക്കുന്നത്ര ഉയര്‍ന്നതാണോ എന്നു പരിശോധിച്ചാല്‍ അല്ല എന്നായിരിക്കും മറുപടി. പ്രളയസമയത്ത് കേരളം ഒന്നടങ്കം സര്‍ക്കാരിനൊപ്പം അണിനിരന്നു. എന്നാല്‍ രണ്ടുവര്‍ഷമാകാറായിട്ടും അവസ്ഥ എന്താണ്? ഇപ്പോള്‍ പോലും ആദ്യഗഡു ആശ്വാസമായ 10000 രൂപ പോലും കിട്ടാത്തവര്‍ സംസ്ഥാനത്തുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് സഹായധനം 10000ത്തില്‍ ഒതുങ്ങി. ജീവിക്കാനാവതെ പലരും ആത്മഹത്യപോലും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 2000 കോടി രൂപ കിടക്കുമ്പോഴാണ് നിരവധിപേര്‍ ഇപ്പോഴും വീടില്ലാതെ ദുരിതമനുഭവിക്കുന്നത്. പ്രളയസമയത്ത് എല്ലാ സഹായവും ദുരിതാശ്വാസനിധിയിലൂടെ എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത് എന്നു മറക്കരുത്. മറ്റൊന്ന് പ്രളയത്തില്‍ നിന്ന് നാമെന്തു പഠിച്ചു എന്നതാണ്. പരിസ്ഥിതി നശീകരണത്തിന് പ്രളയസൃഷ്ടിയിലുള്ള പങ്ക് വളരെ വ്യക്തമായിട്ടും നമ്മുടെ വികസന നയത്തെ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നു മാത്രമല്ല, നേരത്തെ സൂചിപ്പിച്ച പോലെ പല പാരിസ്ഥിതിക നിയമങ്ങളും അട്ടിമറിക്കുകയാണ്. അനധികൃത ക്വാറികള്‍ പോലും നിയന്ത്രിക്കാനോ ക്വാറികളെ ദേശസാല്‍ക്കരിക്കാനോ കഴിയുന്നില്ല. നമ്മുടെ പുഴകളേയും ഡാമുകളേയും കുറിച്ച് വിശദമായൊരു പഠനവും നടന്നതായി അറിയില്ല. ഈ വര്‍ഷവും പ്രളയമുണ്ടാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
കൊവിഡിലേക്കുവന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. സര്‍ക്കാര്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് പി ആര്‍ വര്‍ക്കുകള്‍. ഇതരസംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ വളരെ പുറകിലാണ് കേരളം. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടി പാക്കേജില്‍ 14000 കോടിയും മുന്‍കുടിശ്ശിക കൊടുക്കാനാണല്ലോ. ദുരിതബാധിതരെ സഹായിക്കുന്നതില്‍ പല സംസ്ഥാനങ്ങളും കേരളത്തേക്കാള്‍ മുന്നിലാണ്. അതേസമയം പ്രതിരോധപ്രവര്‍ത്തനങ്ങള ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ മെച്ചപ്പെട്ട് മികവ് കാണിക്കുന്നു. ഒപ്പം അത് തങ്ങളുടെ മാത്രം മികവാണെന്നു ലോകത്തെ ബോധ്യാമാക്കാന്‍ അതിനേക്കാളേറെ മികവും കാണിക്കുന്നു. എത്രയോ പതിറ്റാണ്ടുകളുടെ നേട്ടങ്ങളെയാണ് ഒരു സര്‍ക്കാരിന്റെ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. തുടക്കത്തില്‍ പറഞ്ഞപോലെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന പ്രതിപക്ഷം സര്‍ക്കാരിനു സഹായകരവുമായി. സ്പ്രിംങ്കളര്‍ വിഷയത്തില്‍ മാത്രമാണ് പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചത്.
ജനാധിപത്യസംവിധാനത്തെ സംബന്ധിച്ചിടത്തോളം വളരെ മോശപ്പെട്ട ഒരവസ്ഥയിലാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം എത്തിച്ചിരിക്കുന്നത്. അതു മറ്റൊന്നുമല്ല, ജനാധിപത്യത്തിനു ഒട്ടും അഭികാമ്യമല്ലാത്ത വ്യക്ത്യാധിപത്യവും വ്യക്തിപൂജയുമാണ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി എന്നതിനേക്കാള്‍ രാജഭരണത്തിലെ ഒരു രാജാവ് എന്ന അവസ്ഥയിലാണ് ഇന്നു പിണറായി വിജയന്‍. മുഴുവന്‍ ഭരണവും ഇന്നു അദ്ദേഹത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. സിനിമാതാരങ്ങളെ വെല്ലുന്ന രീതിയില്‍ ഫാന്‍സുകളുടെ വന്‍നിരയും സൈബര്‍പോരാളികളും അദ്ദേഹത്തിനൊപ്പമുണ്ട്. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ കൈയും കാലും വരിഞ്ഞുകെട്ടിയിരുന്നല്ലോ. എന്നാല്‍ പാര്‍ട്ടിക്കോ പാര്‍ട്ടി സെക്രട്ടറി കോടിയേരിക്കോ ഇപ്പോഴത്തെ ഭരണത്തില്‍ ഒരു നിയന്ത്രണവുമില്ല എന്നത് വ്യക്തമാണ്. ഭരണം ഒരു വ്യക്തിയിലേക്കു കേന്ദ്രീകരിക്കുന്നതും ആരാധകര്‍ അദ്ദേഹത്തിനു സ്തുതിഗീതങ്ങള്‍ പാടുന്നതും ഒരിക്കലും ജനാധിപത്യത്തിനു അനുഗുണമാകില്ല.
കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഏറെ ശക്തമാണെങ്കിലും കേരളത്തിലെ മുന്നണി സംവിധാനത്തിനു ചില ഗുണങ്ങളുണ്ട്. ഒരു പാര്‍ട്ടിയുടേയും സര്‍വ്വാധിപത്യം നടക്കാറില്ല എന്നതാണ് ഒന്ന്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നതിനാല്‍ ഒരു മുന്നണിയുടേയും സര്‍വ്വാധിപത്യവും നടക്കില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ഭരണതുടര്‍ച്ച് എല്‍ഡിഎഫിനു ലഭിച്ചേക്കാം. തീര്‍ച്ചയായും അവരത് അര്‍ഹിക്കുന്നെങ്കില്‍ ലഭിക്കട്ടെ. പക്ഷെ അത് ഏതെങ്കിലും മുന്നണിയുടേയോ പാര്‍ട്ടിയുടേയോ വ്യക്തിയുടേയോ സമഗ്രാധിപത്യത്തിലെത്തരുത്. അതുറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അതിനാല്‍ തന്നെ വരും വര്‍ഷം ഏറെ ജാഗരൂകരാകേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഭരണപക്ഷത്തിനെതിരെ മാത്രമല്ല, തങ്ങളുടെ ഉത്തരവാദിത്തം വേണ്ടരീതിയില്‍ നിര്‍വ്വഹിക്കാത്ത പ്രതിപക്ഷത്തിനു നേരേയും ജാഗരൂകരായിരിക്കാന്‍ ഓരോ മലയാളിയും തയ്യാറാകേണ്ട രാഷ്ട്രീയ സന്ദര്‍ഭമാണിത്. ഒപ്പം കൊവിഡാന്തരകേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണ്ടതിന്റേയും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in