വിളവ് കൂട്ടിയിട്ടെന്തു പ്രയോജനം?

കൃഷി ഉദ്യോഗസ്ഥരില്‍ വ്യത്യസ്ഥനും കൃഷിയുമായി ബന്ധപ്പെട്ട് നിരന്തരം വിശദമായ നല്ല ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന സുഹൃത്തായ ശ്രീ പ്രമോദ് മാധവന്റെ ഒരു ലേഖനത്തിനോടുള്ള പ്രതികരണക്കുറിപ്പാണിത്. ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് ഇത് വഴിതെളിയിക്കുമെന്ന് കരുതട്ടെ!

അദ്ദേഹം ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ അവകാശപ്പെടുന്നത് ഒരു ചതുരശ്ര മീറ്ററില്‍ നിന്ന് ഒരു കിലോ നെല്ല് ഉല്‍പാദിപ്പിക്കാം എന്നാണ്. ഏകദേശം 10000 ചതുരശ്ര മീറ്ററാണ് ഒരു ഹെക്ടര്‍. അതായത് ശ്രമിച്ചു കഴിഞ്ഞാല്‍ ഒരു ഹെക്ടറില്‍ നിന്ന് 10,000 കിലോ വരെ നെല്ലുണ്ടാക്കാം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ‘ശരിയായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അതീവ പരിചരണത്തിലൂടെ കൃഷി ചെയ്ത എടപ്പാള്‍ കോലൊളമ്പ് കോള്‍പ്പടവിലെ നെല്‍കര്‍ഷകനായ ശ്രീ അബ്ദുല്‍ ലത്തീഫിന് 10108 കിലോ നെല്ല് കിട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചതുരശ്ര മീറ്ററിലെ മാത്രം നെല്ലളന്ന് അത് മള്‍ട്ടിപ്ലൈ ചെയ്തതാണോന്നറിയില്ല. ഇനിയങ്ങനെ അത്രയും വിളവ് ലഭിച്ചെന്ന് തന്നെ കരുതുക! എല്ലാ വര്‍ഷവും ഇതേ വിളവ് ഇതേ പാടശേഖരത്തില്‍ നിന്ന് ലഭിക്കാറുണ്ടോ? എല്ലാ കണ്ടത്തില്‍ നിന്നും ഏകദേശം ഒരേ വിളവാണോ ലഭിക്കുന്നത്? കോള്‍പ്പടവിലെയോ അതല്ലെങ്കില്‍ കേരളത്തിലെ മറ്റു പാടശേഖരങ്ങളിലോ ഈ രീതിയില്‍ ‘മെച്ചപ്പെട്ട സാങ്കേതിക വിദ്യകള്‍’ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇത്രയും വിളവ് ലഭിക്കുമോ. ഇതെല്ലായിടത്തും സാധിക്കുമോ? ഇത് എത്ര കണ്ട് പ്രായോഗികമാണ്?

കൃഷി ശാസ്ത്രജ്ഞരും കാര്‍ഷിക ഉദ്യോഗസ്ഥരും എല്ലാ കാലത്തും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ഥിരം വാദമാണ് വിളവ് വര്‍ദ്ധിപ്പിക്കൂ.. വിളവ് വര്‍ദ്ധിപ്പിക്കൂ.. എന്നുള്ളത്. അനാവശ്യമായ അധികചെലവ് വരുത്തി വിളവ് വര്‍ദ്ധിപ്പിച്ചിട്ടെന്തു കാര്യം? വിളവ് കൂട്ടിയാല്‍ വരുമാനം കൂടുമോ? യഥാര്‍ത്ഥത്തില്‍ വിളവ് കൂടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്.?

അമിത വിളവെന്ന് പറയുന്നത് താല്‍ക്കാലികമായി കര്‍ഷകരെ കബളിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. വിളവ് വര്‍ദ്ധിപ്പിച്ചാല്‍ വരുമാനം കൂടുമെന്നും പട്ടിണി മാറുമെന്നുമൊക്കെ പറയുന്നത് ഒരു വലിയ മിഥ്യയാണ്. യഥാര്‍ത്ഥത്തില്‍ വലിയ വിളവെന്ന് പറയുന്നത് ഒരു വലിയ കെണിയാണ്! കര്‍ഷകരെ പതുക്കെ ദുരിതലേക്ക് നയിക്കുന്ന കെണി. കര്‍ഷകരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കെണി. കൃഷിയിടങ്ങള്‍ ഇല്ലാതാക്കുന്ന കെണി. പ്രാദേശിക ഭക്ഷ്യ സ്വാശ്രയത്തം തകര്‍ക്കുന്ന കെണി. നാട്ടുവിത്തുകളും നാട്ടു ഭക്ഷ്യ സംസ്‌കാരവും വിളകളും തകര്‍ക്കുന്ന കെണി, മാര്‍ക്കറ്റിന് വില കുറഞ്ഞ വിളകള്‍ ലഭ്യമാക്കാനുള്ള കെണി. കൃഷി ചെലവേറിയതാക്കുന്ന കെണി. ചെറുകിട കര്‍ഷകരുടെ വരുമാനം തകര്‍ക്കുന്ന, അവരെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഒരു വലിയ കെണിയാണ് വലിയ വിളവെന്ന് പറയുന്നത്. എന്തിന്, കര്‍ഷകരുടെ കൈയിലുള്ളത് മുഴുവന്‍ പെറുക്കിയെടുത്ത് കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് പറ്റാവുന്ന വിളവുണ്ടാക്കിയാല്‍ പോലും വിപണിയില്‍ ന്യായവില ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യമാണ് അമിത വിളവെന്ന് പറയുന്നത്!

അമിത വിളവെന്ന് പറയുന്നത് എല്ലാവര്‍ക്കും സാധ്യമായ ഒന്നല്ല. അത് ജൈവമായാലും രാസമായാലും! കാര്‍ഷിക മേഖലയുടെ വരേണ്യ വല്‍ക്കരണമാണ് അമിത വിളവ്! ചില വിളകള്‍ ചില സ്ഥലങ്ങളില്‍ കേന്ദ്രീകരിക്കുന്നു. ആ വിളയ്ക്ക് കൂടുതല്‍ വിളവ് ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രം അത് ലാഭകരമാകുന്നു. ഏകവിള സമ്പ്രദായത്തെ അത് പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായ കാര്‍ഷിക ആവാസവ്യവസ്ഥയെ അത് തകിടം മറിക്കുന്നു. ചെറിയ വിളവുണ്ടാക്കുന്നവരെ, ചെറുകിട കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്ന് പുറംതള്ളുന്ന പ്രക്രിയയാണ് അമിത വിളവ്!

ശരിക്കും വലിയ വിളവുണ്ടാക്കാന്‍ വേണ്ടി പുറപ്പെടുന്നവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.

താരതമ്യേന വിളവ് കൂടിയ വളക്കൂറുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സ്ഥലമെടുത്ത് കൂടുതല്‍ ചെലവ് ചെയ്ത് വില കൂടിയ വിത്തും വളവും വാങ്ങി, സ്ഥലമുടമയ്ക്ക് ചോദിക്കുന്ന തുക പാട്ടവും നല്‍കി കൃഷി തുടങ്ങുന്നു. ‘അതീവ കൃഷി പരിചരണത്തിലൂടെ’ താല്ക്കാലികമായി വിളവ് വര്‍ദ്ധിപ്പിക്കുന്നു. അമിത വിളവായതിനാല്‍ വില കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല. അതിലൂടെ കുറച്ച് കാലത്തേക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. അത് കണ്ട് അവിടുത്തെ തൊഴിലാളികളും സ്ഥലയുടമകളും കൂലിയും പാട്ടത്തുകയും വര്‍ദ്ധിപ്പിക്കുന്നു.. ആ പ്രദേശത്തെ ശരാശരി കൂലിയും പാട്ടത്തുകയും കുറഞ്ഞ കാലം കൊണ്ട് കൂടാന്‍ തുടങ്ങും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വിത്തിന്റെ ഗുണമേന്മയും കുറയുന്നതനുസരിച്ച് വിളവ് കുറയാന്‍ തുടങ്ങും. പക്ഷേ കൂടിയ കൂലിച്ചെലവ് കുറയില്ല. കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നവര്‍, വീട്ടാവശ്യത്തിനും മറ്റുമായി നെല്‍കൃഷി ചെയ്യുന്നവര്‍ക്കൊന്നും ഈ കൂലിചെലവ് താങ്ങാന്‍ പറ്റാതെയാകുന്നു. അവര്‍ നെല്‍കൃഷി ഉപേക്ഷിക്കാനിടയാകുന്നു. അവര്‍ ‘ശാസ്ത്രീയ കൃഷി രീതികള്‍ പിന്തുടരാത്തതു കൊണ്ടാണ് വിളവ് കുറഞ്ഞു പോയതെന്ന് പറഞ്ഞ്’ കൃഷി ഉദ്യേഗസ്ഥര്‍ അവരെ കുറ്റപ്പെടുത്തുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘അതീവ പരിചരണം’ കൊടുത്ത് ചെയ്യുന്ന കൃഷി എല്ലാവര്‍ക്കും സാധ്യമല്ലെന്ന് നാം മനസ്സിലാക്കണം! എല്ലാം കൃഷിയിടങ്ങളും ഒരുപോലെയല്ല, കര്‍ഷകരുടെ സാഹചര്യങ്ങളും ഒരുപോലെയല്ല. ഏകരൂപമല്ലാത്ത കൃഷിയിടങ്ങളില്‍ നിന്നും കാര്‍ഷിക സാഹചര്യങ്ങളില്‍ നിന്നും എങ്ങിനെയാണ് ഒരുപോലെ വിളവുണ്ടാക്കാന്‍ പറ്റുക?

കേരളത്തില്‍ നെല്‍കൃഷി മേഖലയില്‍ സംഭവിച്ചത് ഇതൊക്കെയാണ്. ഇപ്പോള്‍ കുട്ടനാട്ടിലും കോള്‍പ്പാടത്തുമൊക്കെ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ്. ഒന്നും രണ്ടും ഏക്കര്‍ കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ ഇല്ലാതെയായിക്കൊണ്ടിരിക്കുന്നു.

1960 കള്‍ക്ക് മുമ്പ് കേരളത്തിലെ നെല്‍കൃഷി ‘മെച്ചപ്പെട്ട സാങ്കേതിക വിദ്യകള്‍’ ഉപയോഗിക്കാത്തതിനാല്‍ നാടന്‍ വിത്തുകള്‍ ഉപയോഗിച്ച് ചെയ്യുന്ന പ്രാകൃതവും അപരിഷ്‌കൃതവുമായതു കൊണ്ടായിരുന്നല്ലോ വിളവ് വര്‍ദ്ധിപ്പാക്കാനെന്ന പേരില്‍ സങ്കരയിനം വിത്തുകളും രാസകീടനാശിനികളും കൊണ്ടുവന്നത്. എന്നിട്ട് കേരളത്തിലെ മൊത്തം നെല്ലുല്‍പാദനം കൂടിയോ? കര്‍ഷകരുടെ വരുമാനം കൂടിയോ?

ഈ പറയുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തുകളും ‘ശാസ്ത്രീയ രാസവളങ്ങളും, കീടനാശിനികളെല്ലാം ഉപോഗിച്ച്’ ഹെകടര്‍/വിളവ് വര്‍ദ്ധിപ്പിച്ചിട്ടും എന്തു കൊണ്ട് കേരളത്തിലെ മൊത്തം നെല്ലുല്‍പാദനം വര്‍ദ്ധിച്ചില്ല. 1970 കളില്‍ 9 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍കൃഷി എങ്ങിനെ ഇപ്പോള്‍ രണ്ട് ലക്ഷം ഹെക്ടറായി കുറഞ്ഞു? ഓരോ വര്‍ഷം ഹെക്ടര്‍/വിളവ് വര്‍ദ്ധിക്കുമ്പോഴും മൊത്തം ഉല്‍പാദനം കുറഞ്ഞു കൊണ്ടിരിക്കുന്നു. കൃഷിയിടങ്ങളും കുറഞ്ഞു കൊണ്ടിരിക്കുന്നു. ചെറുകിട നെല്‍കര്‍ഷകര്‍ ഇല്ലാതെയായി. സ്വന്തം ആവശ്യത്തിന് നെല്‍കൃഷി ചെയ്തിരുന്നവര്‍ പോലും ചെലവ് താങ്ങാന്‍ പറ്റാത്തതിനാല്‍ മാര്‍ക്കറ്റില്‍ നിന്ന് അരി വാങ്ങിക്കഴിക്കേണ്ട ഗതികേടിലെത്തി.

ഹെക്ടറിന് ശരാശരി 2.8 മെട്രിക് ടണ്‍ വരെ വിളവ് ലഭിക്കുന്ന കേരളത്തിലെ നെല്‍കൃഷി ഹെക്ടറിന് വെറും 1.8 മെട്രിക് ടണ്‍ മാത്രം വിളവ് ലഭിക്കുന്ന ഛാത്തിസ്ഗഢിനെ അപേക്ഷിച്ച് ഓരോ വര്‍ഷം കൂടുംതോറും കുറഞ്ഞു കൊണ്ടിരിക്കുന്നു. ഛത്തീസ്ഗഢില്‍ അഞ്ചു വര്‍ഷം കൊണ്ടും അഞ്ചു ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയാണ് വര്‍ദ്ധിച്ചത്. ഛത്തീസ്ഗഢിലെ ദന്തേവാഡ എന്ന ഒരു ജില്ല പൂര്‍ണമായും ജൈവകൃഷിയാണ് അവലംബിക്കുന്നത്! മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, അധികം രാസവളങ്ങളോ കീടനാശിനികളോ അതിതീവ്ര കാര്‍ഷിക മുറകളോ ‘മെച്ചപ്പെട്ട സാങ്കേതിക വിദ്യകളോ’ ഉപയോഗിക്കാത്ത, വിളവ് കുറവുള്ള, ചെറിയ ചെറിയ കൃഷിയിടങ്ങളുള്ള, ഛത്തീസ്ഗഢില്‍ എങ്ങിനെയാണ് നെല്‍കൃഷി ലാഭകരമാകുന്നത്! കാരണം ‘വിലയാണ് മുഖ്യം ബിഗിലേ’. ചെലവ് കുറവും വില കൂടുതലുമാണവിടെ! സര്‍ക്കാര്‍ ഇപ്പോള്‍ 31.00 രൂപയാണ് ഒരു കിലോ നെല്ല് സംഭരിച്ചാല്‍ നല്‍കുന്നത്. കേരളത്തില്‍ ഇപ്പോഴും 28.20 രൂപയാണ്. കേരളത്തിലെ പോലെയല്ല കൃത്യമായി സംഭരണ വിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടവിടെ!

കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ നേരിടാനോ പരിഹരിക്കാനോ ശ്രമിക്കാത്ത ഉദ്യോഗസ്ഥരും കാര്‍ഷിക വിദ്ഗദരുമാണ് വിളവ് കൂട്ടാന്‍ വേണ്ടി എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്!

അവര്‍ സംഭരണ വിതരണ സംവിധാനങ്ങളിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കില്ല, വന്യമൃഗശല്യത്തിനെരെയുള്ള പരിഹാര നടപടി സ്വീകരിക്കില്ല, കാലാവസ്ഥ വ്യതിയാനം മൂലം വിളനഷ്ടം സംഭവിക്കാന്‍ സാഹചര്യമുള്ള മേഖലയില്‍ മുന്‍കരുതലെടുക്കില്ല. കൃത്യമായി കൃഷിക്ക് വേണ്ട ആനുകൂല്യങ്ങള്‍ സമയത്തിന് നല്‍കാന്‍ തയ്യാറാകില്ല. നെല്‍കൃഷിയും നെല്‍വയലും കുറയുന്നധില്‍ അവര്‍ക്കാധിയില്ല. നെല്‍വയല്‍ കുറയാതിരിക്കാനുള്ള നിയമനടപടി സ്വീകരിക്കില്ല. ഇതൊന്നും ചെയ്യാതെ വിളവ് കൂട്ടാനുള്ള പുതിയ ‘മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുമായി’ നമ്മുടെ അടുത്തേക്ക് വരും! വിളവ് കൂട്ടിയാല്‍ മതി എല്ലാ പ്രശ്‌നങ്ങളും തീരും!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇനി മെച്ചപ്പെട്ട സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഉണ്ടാക്കിയെന്നിരിക്കട്ടെ സപ്ലൈകോ മുഴുവന്‍ നെല്ല് സംഭരിക്കുമോ? സംഭരിച്ച നെല്ലിന് കൃത്യമായ തുക നല്‍കുമോ? കൃഷി ചെലവിനനുസരിച്ച് വില വര്‍ദ്ധിപ്പിക്കുമോ?

കേരളത്തില്‍ സപ്ലൈകോ പരമാവധി ഒരു കര്‍ഷകനില്‍ നിന്ന് സംഭരിക്കുന്നത്. 22 മുതല്‍ 30 ക്വിന്റല്‍ നെല്ലാണ്. കുട്ടനാട്ടില്‍ പരമാവധി ഒരു കര്‍ഷകനില്‍ നിന്ന് അഞ്ചേക്കറില്‍ നിന്നായി 15000 കിലോ മാത്രമേ സംഭരിക്കൂ. അപ്പോള്‍ ഒരു ഹെക്ടറില്‍ നിന്ന് 10000 കിലോ നെല്ലുണ്ടാക്കിയാല്‍ അഞ്ചേക്കറില്‍ നിന്ന് 20,000 കിലോ നെല്ല് ലഭിക്കും. ബാക്കിയായത് ചെയ്യും? സ്വകാര്യ മില്ലുടമയ്ക്ക് കിട്ടിയ വിലയ്ക്ക് കൊടുക്കേണ്ടി വരും!

അപ്പോള്‍ എന്തിനാണിവര്‍ വിളവ് കൂട്ടാന്‍ പറയുന്നത്. സ്വകാര്യ മില്ലുകാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരി വില്‍ക്കാനോ?

ഇന്ത്യയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയ്ക്ക് ആത്മഹത്യ ചെയ്ത നാല് ലക്ഷം കര്‍ഷകരില്‍ 80 ശതമാനവും ചെറുകിട കര്‍ഷകരായിരുന്നു. അതിലേറെയും പാട്ടകര്‍ഷകരായിരുന്നു. അതില്‍ 40 ശതമാനവും ജനിതക മാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്ത കര്‍ഷകരായിരുന്നു. വിത്തിനും കൃഷിക്കും ചെലവേറിയതിനാല്‍ പണം കടം വാങ്ങേണ്ടി വന്നു. വിളവുണ്ടാക്കി കൊണ്ടുവന്നപ്പോള്‍ പക്ഷേ വിപണിയില്‍ വില ലഭിച്ചില്ല. മുടക്ക് മുതല്‍ പോലും കിട്ടിയില്ല.

അത്യാവശ്യം വിദ്യാഭ്യാസവും പിടിപാടുമുള്ളത് കൊണ്ട് കേരളത്തിലെ നെല്‍ കര്‍ഷകരിലേറെപ്പേരും കൃഷി ഉപേക്ഷിച്ച് മറ്റു ജോലിക്കു പോയി. കുറേപേര്‍ വിദേശത്തേക്കും കടന്നു. പക്ഷേ മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും കര്‍ഷകരുടെ സാഹചര്യം അതല്ല. അവര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നു!

വിളവ് ഒട്ടും വേണ്ടായെന്നല്ല പറയുന്നത്! വിലയും വിപണിയും ഉറപ്പില്ലാത്തിടത്തോളം കാലം അമിത വിളവ് കൊണ്ട് ഒരു പ്രയോജനവും ഇല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “വിളവ് കൂട്ടിയിട്ടെന്തു പ്രയോജനം?

  1. കൃഷി, ഭൂമിയുമായി ബന്ധപ്പെട്ട് മാത്രം നടത്താവുന്ന ഒരു വ്യവഹാരമാണ്. അതുകൊണ്ടുതന്നെ ഭൂമി ഉള്ളവർക്ക് മാത്രം ചെയ്യാവുന്ന ഒന്നാണ് കൃഷി. ഭൂമിയുടെ രാഷ്ട്രീയം കൃഷിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു.

    നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗം ഭൂമിയും സവർണ്ണർക്കി ക്കിടയിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. സവർണ്ണ വിഭാഗത്തിന്റെ കൃഷിയുമായി ബന്ധപ്പെട്ട് മാത്രമേ മറ്റു വിഭവങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നുള്ളൂ.

    കൃഷി ജൈവമായിരിക്കണമോ അത്യുൽപാദനം ആയിരിക്കണമോ എന്നൊക്കെ തീരുമാനിക്കുന്നത് ഈ ഘടകത്തെ മുൻനിർത്തിയാണ്.

    കൃഷി ചെയ്യാനുള്ള ഭൂമിയുടെ ലഭ്യത സ്ഥിരമായിരിക്കുകയോ അല്ലെങ്കിൽ കുറഞ്ഞു വരുകയോ ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ഭക്ഷ്യലഭ്യത കൂട്ടിയേ തീരൂ. അത് ജൈവമായാലും ശരി അത്യുൽപാദന രീതി ആയാലും ശരി. അതാണ് പ്രധാനമായിട്ട് ചർച്ച ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നുന്നു. ഇത്തരം കാര്യങ്ങൾ ഒന്നും പരിഗണിക്കാതെയാണ് ഏലിയാസ് കൃഷിയെ വിലയിരുത്തുന്നത്. അതാണ് ഈ ലേഖനത്തിന്റെ പരിമിതിയും.

  2. ശ്രീ. ഇലിയാസ് ന്റെ ലേഖനവുമായി ബന്ധപ്പെട്ട് ശ്രീ. നാരായണൻ ന്റെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു
    അതിൽ വിളവ് എത്ര കൂടിയാലും കർഷകന് (ഉല്പാദകന്) ആനുപാതികമായ പ്രയോജനം കിട്ടുന്നില്ല, ഉൽപാദിക്കപ്പെടുന്ന നെല്ല് എടുക്കാൻ സംവിധാനമില്ല. ഉൽപാദിപ്പിക്കാൻ ചിലവാക്കപ്പെടുന്ന അധ്വാനത്തിന് അതിന്റെ മൂല്യം കിട്ടുന്നില്ല. അവസാനം കുത്തകക്കാർക്ക് നിസാര വിലക്ക് കൊടുക്കേണ്ടി വരുന്നു എന്ന പച്ചയായ പരമാർദ്ധമാണ്. അല്ലാതെ ഭൂമിയുടെ ഉടമസ്ഥത മാറിയാൽ തീരുന്ന വിഷയമല്ലല്ലോ? ഭൂമി പൊതുമേഖലയിൽ വന്നാലും ഉത്പാദനം കൂട്ടിയാലും അത്‌ സംരക്ഷിക്കുന്നതിന് സ്റ്റേറ്റ് തയ്യാറാകുന്നില്ലെങ്കിൽ ഇപ്പോഴത്തെ BSNL ന്റെ അവസ്ഥയിലേക്ക് അത്‌ തീർച്ചയായും മാറും.
    അതുകൊണ്ട് തന്നെ കാർഷിക മേഖലയുടെ വളർച്ചക്കും തകർച്ചക്കും സ്റ്റേറ്റിനും അതിന്റെ പോളിസികൾ തീരുമാനിക്കുന്നവർക്കും പൂർണ ഉത്തരവാദിത്വമുണ്ട്. അല്ലാതെ ശ്രീ. നാരായണൻ വിമര്ശിക്കുന്നത് പോലെ
    ഭക്ഷ്യ ലഭ്യത കൂട്ടിയെന്ന് വെച്ച് ഒരു കർഷകനും രക്ഷ പെടാൻ പോകുന്നില്ല

Leave a Reply