അടിയന്തരാവസ്ഥയില്‍ ആര്‍.എസ്.എസ് ചെയ്തത്…
ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് അടിത്തറ പാകുന്ന ഭരണഘടനയെ തുറന്ന് എതിര്‍ത്ത് രംഗത്ത് പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന ആര്‍.എസ്.എസ്. ഭരണഘടന നിര്‍മ്മാണ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 1949 നവം.26 ന് നാലു ദിവസം കഴിഞ്ഞപ്പോള്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായതും ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് വിരുദ്ധവുമായ മനുസ്മൃതിയാണ് ഭാരതത്തിന്റെ ഭരണഘടനയാകേണ്ടത് എന്ന പ്രസ്താവനയുമായി ആര്‍.എസ്.എസ് രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി ഭരണം ഫാഷിസ്റ്റ് വ്യവസ്ഥയിലേക്ക് ക്രമാനുഗതമായി രാജ്യത്തെയും സാമൂഹിക ജീവിതത്തെയും കൊണ്ടു പോകുന്നതായിരുന്നു. 2024 ലെ പൊതു തെരഞ്ഞെടുപ്പ് അതിലേക്ക് ഒരു കുതിച്ചു ചാട്ടം നടത്താന്‍ കളമൊരുക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജനാധിപത്യ വ്യവസ്ഥ എന്തെല്ലാം പരാധീനതകളുണ്ടെങ്കിലും അത് അത്ര പെട്ടെന്ന് കൈവിടാന്‍ ഒരുക്കമല്ല എന്ന് ജനം പറഞ്ഞതുകൊണ്ട് മാത്രമാണ് തല്‍ക്കാലം നമ്മുടെ ജനാധിപത്യം രക്ഷപ്പെട്ടു നില്‍ക്കുന്നത്. മുമ്പത്തെക്കാളില്‍ നിന്നും ജനാധിപത്യത്തിന്റെ പ്രച്ഛന്ന വേഷം എടുത്തണിയുന്ന സംഘത്തെയാണ് നാം കാണുക. ജനാധിപത്യത്തിന്റെ സംരക്ഷകരാണെന്ന അവകാശവാദങ്ങള്‍ അവര്‍ കൂടുതല്‍ ശക്തമാക്കും, അത്തരം വേഷപ്രച്ഛന്നതയില്‍ കൂടി മാത്രമെ ഫാഷിസ്റ്റ് വല്‍ക്കരണത്തിലേക്ക് കൊണ്ടു പോകാന്‍ കഴിയൂ എന്നതിനാല്‍. സ്വാഭാവികമായും അതിന് അവര്‍ അടിയന്തിരാവസ്ഥയുടെ നാല്പത്തൊമ്പതാം വാര്‍ഷികം ഉപയോഗപ്പെടുത്തും.
ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് അടിത്തറ പാകുന്ന ഭരണഘടനയെ തുറന്ന് എതിര്‍ത്ത് രംഗത്ത് പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന ആര്‍.എസ്.എസ്. ഭരണഘടന നിര്‍മ്മാണ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 1949 നവം.26 ന് നാലു ദിവസം കഴിഞ്ഞപ്പോള്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായതും ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് വിരുദ്ധവുമായ മനുസ്മൃതിയാണ് ഭാരതത്തിന്റെ ഭരണഘടനയാകേണ്ടത് എന്ന പ്രസ്താവനയുമായി ആര്‍.എസ്.എസ് രംഗത്ത് വന്നു. അവര്‍ പ്രാഥമികമായി തന്നെ ജനാധിപത്യത്തെ അംഗീകരിക്കുന്ന ഒരു സംഘടനയല്ല. മഹാരാഷ്ട്രയിലെ ഇന്ത്യയിലെ തന്നെ ബ്രാഹ്മണരില്‍ ഏറ്റവും ഉയര്‍ന്നതെന്ന് സ്വയം അഹങ്കരിക്കുന്ന ചിത്പാവന്‍ ബ്രാഹ്മണരുടെ നേതൃത്വത്തില്‍ ബ്രാഹ്മണിക ഹിന്ദുത്വത്തിലധിഷ്ഠിതമായ ഒരു സവര്‍ണ ഫാഷിസ്റ്റ് രാഷ്ട്രം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട സംഘടനയാണത്. സര്‍സംഘചാലകെന്ന അതിന്റെ തലവന്‍ പിന്തുടര്‍ച്ചാവകാശമായി പ്രഖ്യാപിക്കപ്പെടുന്നയാളാണ്. സര്‍സംഘചാലകന്‍ മരണപ്പെടുകയോ പദവി ഒഴിയുകയോ ചെയ്യുന്നതിനു മുന്നോടി ആയി താവഴിക്കാരന്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുകയാണ് ചെയ്യുക. ജനാധിപത്യത്തോടും വിഭിന്ന സ്വരങ്ങളോടും ഒരിക്കലും സഹിഷ്ണുത പുലര്‍ത്തിയിട്ടില്ലാത്ത ഇക്കൂട്ടര്‍ ജനാധിപത്യ നാട്യങ്ങള്‍ പുലമ്പുകയും ജനാധിപത്യത്തിന്റെ രക്ഷകരായി സ്വയം അവരോധിക്കുകയും ചെയ്യാറുണ്ട്. അതിനായി ചരിത്ര വസ്തുതകളെ തമസ്‌കരിച്ചു കൊണ്ട് വ്യാജ അവകാശവാദങ്ങളുമായി രംഗത്തു വരുന്നത് അവരുടെ പതിവു രീതിയാണ്. ആധുനിക ജനാധിപത്യ വ്യവസ്ഥയെ നിരാകരിക്കുന്ന ആര്‍.എസ്.എസ്. 1948ല്‍ അവരെ നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് ആധുനിക പൗരസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എന്നതാണ് വിരോധാഭാസം. ജനാധിപത്യത്തിന്റെ വ്യാജ സംരക്ഷകരായി രംഗത്ത് വരാനള്ള അവസരം അവര്‍ പാഴാക്കാറില്ല. അത്തരമൊന്നാണ് അടിയന്തിരാവസ്ഥയെ ഇല്ലാതാക്കി ജനാധിപത്യം പുന:സ്ഥാപിച്ചത് തങ്ങളാണെന്ന അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരാവസ്ഥയുടെ 48ആമത് വാര്‍ഷിക ദിനത്തില്‍ 2023 ല്‍ നടത്തിയ അവകാശവാദം അതുകൊണ്ട് തന്നെ യാതൊരു അത്ഭുതവും ഉളവാക്കുന്നില്ല.
ആര്‍.എസ്.എസ്. അടിയന്തിരാവസ്ഥാ വിരുദ്ധമുന്നേറ്റത്തെ ഒറ്റുകൊടുത്തുവെന്ന ചരിത്രം മുമ്പും പൊതുമണ്ഡലത്തില്‍ വന്നിട്ടുള്ളതാണ്. ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചു കൊണ്ട് ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് അതിവിദഗ്ദ്ധമായി പ്രത്യക്ഷപ്പെടാന്‍ വിരുതുള്ള സംഘത്തിന്റെ യഥാര്‍ത്ഥ ചരിത്രം വീണ്ടും വീണ്ടും ഉന്നയിക്കുകയെന്നത് തന്നെ ഒരു ജനാധിപത്യ പ്രവര്‍ത്തനമാണ്.
ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ജനസംഘവും എക്കാലവും പിന്നാമ്പുറ ഒത്തുതീര്‍പ്പുകള്‍ നടത്തിയവരാണെന്നത് ഇന്ന് ഒരു പുതിയ അറിവല്ല. ക്ഷമാപണത്തിന്റെയും മാപ്പിരക്കലിന്റെയും കാര്യത്തില്‍ വീര്‍ സവര്‍ക്കര്‍ മുതല്‍ ഇങ്ങോട്ട് അവയുടെ എല്ലാ നേതാക്കളും ഒരുപോലെ പ്രാവീണ്യരായിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളായ കൗമാരക്കാര്‍ തൂക്കുമരങ്ങളെയും ബ്രിട്ടീഷ് വെടിയുണ്ടകളെയും സധൈര്യം നേരിട്ടപ്പോള്‍ ഭീരുത്വത്തിന്റെ മാളങ്ങളിലൊളിച്ചവര്‍ ‘ഗര്‍വ് സെ കഹോ, ഹം ഹിന്ദുഹെ’ എന്ന മുദ്രാവാക്യ പകിട്ടുമായി രംഗത്ത് വന്നത് തന്നെ അശ്ലീലകരമായ ഒന്നായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ, രാഷ്ട്രീയ രംഗത്ത് കോണ്‍ഗ്രസ്സിന് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതു പോലെ സാംസ്‌കാരിക മണ്ഡലത്തില്‍ തങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ടെന്ന സിദ്ധാന്തവുമായി ആര്‍.എസ്.എസ്.മേധാവിയായിരുന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സമീപിക്കുന്നുണ്ട്. മുഗളന്‍മാരുടെ കാലത്ത് അവര്‍ക്ക് എല്ലാ പിന്തുണയും ഒത്താശയും ചെയ്തു കൊടുത്തത് ബ്രാഹ്മണരായിരുന്നു. ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ബ്രാഹ്മണര്‍ ബ്രിട്ടീഷ് ലോയലിസ്റ്റുകളായി മാറി എന്നതുപോലെയാണ് ബ്രാഹ്മണിക സാമൂഹിക ക്രമത്തിനു വേണ്ടി നിലകൊള്ളുന്ന ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ബ്രിട്ടീഷ് ഭരണകാലത്ത് അതിന്റെ പിന്തുണക്കാരായതും. അതേ നിലപാടിന്റെ അടിസ്ഥാനത്തിലാണ് അധികാരശക്തിയുമായി സന്ധിയിലേര്‍പ്പെടുക എന്ന നയത്തിന്റെ ഭാഗമായി സ്വതന്ത്ര്യാനന്തര ഭരണകൂടവുമായുള്ള സംഭാഷണം ആര്‍.എസ്.എസ്. നടത്തിയതും. എന്നാല്‍ ജവഹര്‍ലാല്‍ നെഹൃവിന്റെ പിന്തുണയില്ലാതിരുന്നതിനാല്‍ ഇത് വിജയിച്ചില്ല.
പിന്നീട് 1971ലെ പാക്- ബംഗ്ലാദേശ് യുദ്ധത്തില്‍ കിഴക്കന്‍ ബംഗാളിനെ പാകിസ്താനില്‍ നിന്നു വേര്‍പെടുത്തി ശക്തമായ പ്രതിച്ഛായയുമായി നിന്നിരുന്ന ഇന്ദിരാഗാന്ധിയുമായി അടുക്കാനുള്ള തീവ്രമായ ശ്രമങ്ങള്‍ അക്കാലത്തെ സര്‍സംഘചാലകായിരുന്ന മധുകര്‍ ദത്താത്രേയ ദേവറസിന്റെ കാലത്ത് ആര്‍.എസ്.എസ്.നടത്തുകയുണ്ടായി. തങ്ങളുടെ പാരമ്പര്യ പാകിസ്താന്‍ വിരോധത്തിന്റെ ശക്തയായ വക്താവിനെ അവര്‍ ഇന്ദിരാഗാന്ധിയില്‍ കണ്ടു. ഇന്ദിരാഗാന്ധി ദേവറസിന്റെ ശ്രമങ്ങളെ അവഗണിച്ചതിനു ശേഷം സഞ്ജയ് ഗാന്ധിയിലൂടെ ഇന്ദിരാ ഭരണത്തിന്റെ പങ്കുപറ്റാനായി പിന്നെയുള്ള ശ്രമം. ഈ കരുനീക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് 1974ല്‍ ഗുജറാത്തില്‍ നവനിര്‍മ്മാണ്‍ സമിതിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭം ആളിക്കത്തുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ചിമന്‍ ഭായ് പട്ടേല്‍ സര്‍ക്കാറിന് രാജിവെച്ചൊഴിയേണ്ടി വന്നു. ഇതിനു പിന്നാലെ ബീഹാറില്‍ മുഖ്യമന്ത്രി അബ്ദുള്‍ ഗഫൂറിനെതിരെയും തൊഴിലില്ലായ്മ, പട്ടിണി, അഴിമതി, ദുര്‍വാഴ്ച തുടങ്ങിയവക്കെതിരെ വിദ്യാര്‍ത്ഥി – യുവജന പ്രക്ഷോഭം ആരംഭിച്ചു. സോഷ്യലിസ്റ്റ് പാര്‍ടിയുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ സോഷ്യലിസ്റ്റ് യുവജന സഭയുടെ നേതൃത്വത്തില്‍ ബീഹാര്‍ ഛാത്ര സംഘര്‍ഷസമിതി രൂപീകരിച്ച് തുടങ്ങിയ പ്രക്ഷോഭത്തില്‍ എ.ബി.വി.പിയും പങ്കാളികളായി. എന്നാല്‍ എ.ബി.വി.പിയുടെ മാതൃസംഘടനകളായ ആര്‍.എസ്.എസും ജനസംഘവും സമരത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇതിനു കാരണം ഇന്ദിരാഭരണത്തോട് അവര്‍ക്കുണ്ടായിരുന്ന ആഭിമുഖ്യമായിരുന്നു. ബംഗ്ലാദേശ് വിമോചനത്തിന്റെ പേരില്‍ ഇന്ദിരാഗാന്ധിയെ ആര്‍.എസ്.എസ്. വാഴ്ത്തുകയായിരുന്നല്ലോ ചെയ്തത്. 1971 ഡിസം. 22 ന് സര്‍സംഘചാലകന്‍ ഇന്ദിരാഗാന്ധിയെ പുകഴ്ത്തി കത്തെഴുതിയിരുന്നു. അതേ സമയം പ്രക്ഷോഭത്തെ പിന്തുണക്കണമെന്ന നിലപാടുമായി അന്നത്തെ ജനസംഘത്തിന്റെ രാജ്യസഭാ അംഗമായിരുന്ന സുബ്രഹ്മണ്യസ്വാമി രംഗത്ത് വരികയും ചില ആര്‍.എസ്.എസ്.,ജനസംഘ നേതാക്കള്‍ യോഗം ചേര്‍ന്ന് നാനാജി ദേശ്മുഖിനെ ജെ.പി രൂപീകരിച്ച ലോക സംഘര്‍ഷസമിതിയിലേക്ക് ഒരു തന്ത്രമെന്ന നിലയില്‍ തങ്ങളുടെ പ്രതിനിധിയായി അയക്കുകയും ചെയ്തു. ജെ.പി മുന്നോട്ട് വെച്ച നയപരിപാടികളെയും അവര്‍ തന്ത്രപൂര്‍വ്വമാണ് സ്വീകരിച്ചിരുന്നത്. ആര്‍.എസ്.എസിനെ കൃത്യമായി മനസ്സിലാക്കാതെ അവരെ പ്രക്ഷോഭത്തില്‍ പങ്കാളിയാക്കിയതില്‍ ജെ.പിയുടെ സമീപനം തെറ്റായിരുന്നുവെന്ന വിമര്‍ശനം സംഗതമാണ്. ഒരു ഏകാധിപത്യ ഭരണകൂടത്തെ നേരിടാന്‍ സര്‍വ്വ സന്നാഹങ്ങളും സമാഹരിക്കുക എന്ന നയത്തിനാണ് അപ്പോള്‍ പ്രാമുഖ്യമുണ്ടായിരുന്നത്. 1974 നവംബര്‍ 4ന് പട്‌നയില്‍ വെച്ച് ജെ.പിയെ ക്രൂരമായി പോലീസ് മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ തോള്‍, കൈ കാലുകളിലെ അസ്ഥികള്‍ പൊട്ടുന്നതു വരെയായിരുന്നു മര്‍ദ്ദനം. ഈ സംഭവം ഇന്ദിരാഗാന്ധിക്കെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭമായി വളര്‍ന്നു. കോണ്‍ഗ്രസ്സിനുള്ളില്‍ ഇന്ദിരയുടെ നേതൃത്വത്തിനെതിരെയുള്ള കലാപങ്ങളും ഉണ്ടായി. പിന്നീട് ഇന്ദിരാഗാന്ധിക്കെതിരെ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണന്‍ നല്‍കിയ കേസ്സില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധിയും കൂടി വന്നപ്പോള്‍ തന്റെ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തിരാവസ്ഥ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രി പ്രഖ്യാപിച്ചു. 25 നും 26നുമായി നിരവധി ആര്‍.എസ്.എസ്.നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ജൂണ്‍ 30 ന് ആണ് ആര്‍.എസ്.എസ്.തലവന്‍ ദേവറസിനെ അറസ്റ്റു ചെയ്തത്. 1975 ജൂലായ് 4ന് ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ടു. ഇതും കൂടി ആയപ്പോള്‍ ആര്‍.എസ്.എസ്.നേതാക്കള്‍ ഭയചകിതരായി. ഒരു ഭാഗത്ത് ദേവറസിന്റെയും വാജ്‌പേയിയുടെയും നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുമായും സഞ്ജയ് ഗാന്ധിയുമായും പിന്നാമ്പുറത്ത് അക്ഷീണമായ ഒത്തുതീര്‍പ്പ് ശ്രമങ്ങളും മറുഭാഗത്ത് സമരത്തില്‍ പങ്കാളികളാകുകയും ചെയ്യുക എന്ന തന്ത്രമാണ് ആര്‍.എസ്.എസ്. സ്വീകരിച്ചത്. പ്രത്യക്ഷ സമരപക്ഷത്ത് ആര്‍.എസ്.എസ്. ഉണ്ടെന്നതിനു തെളിവായി കാണിക്കുന്നത് നാനാജി ദേശ്മുഖ്, മദന്‍ലാല്‍ ഖുറാന, സുബ്രഹ്മണ്യം സ്വാമി, ഗോവിന്ദാചാര്യ, ദത്തോപന്ത് തേങ്കാടി, മാധവ് റാവു മൂലെ, തുടങ്ങിയ നേതാക്കളുടെ ഒളിവിലുള്ള പ്രവര്‍ത്തനമാണ്. അതേ സമയം ആര്‍.എസ്.എസിന്റെ മേഖലാ നേതാക്കള്‍ കൂടിയായ ഇവര്‍ ഏകനാഥ് രാമകൃഷ്ണ റാനഡെയെ ഇന്ദിരാഗാന്ധിയുമായി സന്ധി സംഭാഷണത്തിന് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. റാനഡെ എം.എസ്.ഗോള്‍വാള്‍ക്കറുടെ കാലത്ത് ആര്‍.എസ്.എസിന്റെ നേതൃത്വനിരയിലെ രണ്ടാമനായിരുന്നു. 1948-49 ല്‍ ആദ്യനിരോധന കാലത്ത് കോണ്‍ഗ്രസ്സ് നേതൃത്വവുമായി ഒത്തുതീര്‍പ്പിലെത്തുന്നതിന് ആര്‍.എസ്. എസ് ചുമതലപ്പെടുത്തിയതും റാനഡെയെ ആയിരുന്നു. മാത്രമല്ല അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു. വിവേകാനന്ദ സ്മരണയ്ക്കുള്ള പദ്ധതികളില്‍ ഇന്ദിരാഗാന്ധി റാനഡെയ്ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR) ല്‍ റാനഡെയെ നിയമിച്ചതും ഇന്ദിരാഗാന്ധി ആയിരുന്നു. ICCRനെ യാണ് രണ്ട് പേരും രഹസ്യ സംഭാഷണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെന്ന് സംഘം അവകാശപ്പെടുന്ന അതിന്റെ നേതാക്കളായിരുന്ന മാധവറാവു മൂലെ, ദത്തോ പന്ത് തെങ്കടി, മോറോ പന്ത് പിംഗളെ എന്നിവര്‍ 1976 നവം.30 ന് സംഘ പ്രവര്‍ത്തകരെ വിട്ടയച്ചാല്‍ അടിയന്തിരാവസ്ഥയെ പിന്തുണക്കാമെന്ന് സമ്മതിച്ച് ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയിരുന്നു. എ.ബി.വി.പി.നേതാക്കളായ ബല്‍ബീര്‍ പുഞ്ചും പ്രഭു ചൗളയും ജയില്‍ മോചിതരിക്കാന്‍ വേണ്ടി ഇന്ദിരാഗാന്ധിയുടെ 20 ഇന പരിപാടിയെയും സഞ്ജയ് ഗാന്ധിയുടെ 5 ഇന പരിപാടിയെയും പിന്തുണക്കുന്നുവെന്ന് എഴുതിക്കൊടുത്ത വരില്‍ ഉള്‍പ്പെട്ടവരായിരുന്നു. ദേവറസ് ആണ് ഇവരുടെ ഇടയില്‍ ഈ പരിപാടികളെ ആദ്യമായി പിന്തുണച്ചത്. ഈ പരിപാടികള്‍ അടിയന്തിരാവസ്ഥക്കെതിരായ ആഗോളതലത്തിലും ഇന്ത്യക്കുളളിലും ഉയര്‍ന്ന പ്രതിഷേധങ്ങളെ മറികടക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ഭരണം നിയന്ത്രിച്ചിരുന്ന സഞ്ജയ് ഗാന്ധിയുടെ പ്രീതി സമ്പാദിക്കുക എന്നതുപോലെ ആര്‍.എസ്.എസി നെ ആഹ്ലാദിപ്പിച്ച പരിപാടിയായിരുന്നു മുസ്ലീംങ്ങളെ ലക്ഷ്യമിട്ടു കൊണ്ടുള്ള സഞ്ജയിന്റെ 5 ഇന പരിപാടിയിലെ സന്താന നിയന്ത്രണം. തുര്‍ക്ക്മാന്‍ ഗെയ്റ്റിലെ മുസ്ലീംങ്ങളെ ബലമായി പിടിച്ചു കൊണ്ടുപോയി നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയ സംഭവത്തെ മുന്‍നിര്‍ത്തിയാണ് ആര്‍.എസ്.എസ്.സഞ്ജയ് ഗാന്ധിയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
യര്‍വാദാ ജയിലില്‍ തടവിലായിരുന്ന ദേവറസ് 1975 ആഗസ്ത് 22 ന് ആണ് ഇന്ദിരാഗാന്ധിക്ക് ആദ്യ കത്ത് അയച്ചത്. അടിയന്തിരാവസ്ഥ 2 മാസം പിന്നിടുന്ന സമയത്ത്. 1975 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് രണ്ടാമത്തെ കത്ത് എഴുതിയത്. മൂന്നാമത്തെ കത്തെഴുതിയത് 1975 നവം 10 ന് ആയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് അസാധുവാക്കിയതില്‍ ഇന്ദിരാഗാന്ധിക്ക് അഭിനന്ദനമറിയിച്ചു കൊണ്ട് തുടങ്ങുന്ന നവം 10 ന്റെ കത്തില്‍ ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനവുമായി ആര്‍.എസ്.എസിനെ സര്‍ക്കാര്‍ ബന്ധപ്പെടുത്തിയത് യാതൊരു കാരണവുമില്ലാതെ ആണെന്നും ഗുജറാത്ത്, ബീഹാര്‍ പ്രക്ഷോഭങ്ങളുമായി ആര്‍.എസ്.എസിന് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുകയാണ് ദേവറസ് ചെയ്തത്. സുപ്രീം കോടതി വിധിയെ ഇന്ദിരാഗാന്ധിയുടെ സ്വാധീനത്താലുള്ള വിധിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്ന സമയത്താണ് ദേവറസിന്റെ ഈ കത്ത് എന്നത് പ്രധാനമാണ്. ദേവറസ് ഉപയോഗിച്ച ഭാഷ യാചനയുടെതായിരുന്നുവെന്ന് കത്ത് വായിക്കുമ്പോള്‍ മനസ്സിലാകും. എങ്ങിനെയെങ്കിലും നിരോധനം നീക്കി കിട്ടുന്നതിനു വേണ്ടിയുള്ള യാചനയായിരുന്നു അതില്‍. അതായത് നാനാജി ദേശ്മുഖിനെ സമര ഭാഗം ‘അഭിനയിക്കാന്‍ ‘ വിട്ടു കൊണ്ട് പിന്നാമ്പുറത്ത് കത്തുകളെഴുതുന്ന തിരക്കിലായിരുന്നു ആര്‍.എസ്.എസ്. ഇന്ദിരാഗാന്ധി ഈ രണ്ട് കത്തുകളെയും അവഗണിക്കുകയാണുണ്ടായത്. അതിനൊരു കാരണമുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ നായകരില്‍ ഒരാളായിരുന്ന ജെ.പിയെ തടവിലിട്ടതിനെയും അടിയന്തിരാവസ്ഥയെയും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര രംഗത്ത് ന്യായീകരിച്ചത് ജെ.പി ഗാന്ധി ഘാതകരായ ആര്‍.എസ്.എസി. നെ കൂട്ടുപിടിച്ച് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷടിക്കുന്നുവെന്ന് പറഞ്ഞായിരുന്നു. അതേ സമയം ആര്‍.എസ്.എസിന്റെ ഭീതിയെ പരമാവധി മുതലാക്കി, അവരുടെ ഭീതിയെ പരമാവധി വളര്‍ത്തി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നീക്കം ഇന്ദിരാഗാന്ധി റാനഡെയുടെ പിന്തുണയോടെ നടത്തുകയും ചെയ്തു. അതിനു ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന എസ്.ബി.ചവാനും ദേവറസ് കത്തുകള്‍ എഴുതിയിട്ടുണ്ട്. 1975 ജൂലായ് 15ന് എഴുതിയ കത്ത് ഭവ്യതയോടെ സര്‍ക്കാറിനെതിരെ വിദൂരമായി പോലും ആര്‍. എസ്.എസ്. പ്രവര്‍ത്തിക്കുകയില്ലെന്നും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉണര്‍ത്തിക്കുകയാണ് ചെയ്തത്. കത്തുകള്‍ക്ക് മറുപടിയില്ലാതായപ്പോള്‍ ദേവറസ് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ വിനോബ ഭാവയ്ക്ക് ‘അങ്ങയുടെ പാദങ്ങളില്‍ വിനീതനായി’ എന്ന സംബോധനയോടെ കത്തെഴുതുന്നുണ്ട്. പ്രധാനമന്ത്രിയുമായി വിനോബയുടെ കൂടി കാഴ്ച്ചയുടെ തലേ ദിവസമാണ് എഴുത്ത്. ആര്‍.എസി.എസിന്റെ നിരോധനം നീക്കാന്‍ ഇടപെടണമെന്ന ദീന സ്വരമാണ് എഴുത്തില്‍. സംഘ പ്രവര്‍ത്തകരെ വിട്ടയക്കുന്ന പക്ഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്‍ കീഴില്‍ സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാനും രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താനും ഉള്ള സാഹചര്യം സംജാതമാക്കണമെന്നതായിരുന്നു കത്തിലെ അഭ്യര്‍ത്ഥന. അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്നോ ജെ.പിയെ മോചിപ്പിക്കണമെന്നോ ഉള്ള ഒരു വരി പോലും അതിലില്ലായിരുന്നു. ഈ കത്തുകളൊക്കെ 1977 ഒക്ടോ.18 ന് മഹാരാഷ്ട്ര നിയമസഭയുടെ മേശപ്പുറത്ത് വെച്ചിട്ടുള്ളതും നിയമസഭാ രേഖകളുടെ ഭാഗമായതുമാണ്. നിരന്തരമായ മാപ്പപേക്ഷകളും യാചനയും കാരണം ഇന്ദിരാ സര്‍ക്കാര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ മോചിപ്പിക്കുവാന്‍ തയ്യാറായി. അതിനായി സര്‍ക്കാര്‍ മാപ്പപേക്ഷയുടെ മാതൃക പോലും തയ്യാറാക്കി നല്‍കിയിരുന്നു. ഓരോരുത്തരും പ്രത്യേകമായി നല്‍കേണ്ട ഉടമ്പടിയില്‍ വിമോചിക്കപ്പെടുന്ന പക്ഷം അടിയന്തിരാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടുന്നതല്ല എന്ന ഉറപ്പ് വളരെ വ്യക്തമായി തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ്. തടവുകാര്‍ കൂട്ടത്തോടെ ഈ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ തിടുക്കം കൂട്ടുന്നത് ശ്രദ്ധയില്‍ പ്പെട്ട മഹാരാഷ്ട്രയിലെ തടവുകാരായ സോഷ്യലിസ്റ്റ് നേതാക്കളായ ഭഗായ്ക്തര്‍, ബാബുറാവു സാമന്ത്, ദശരഥ് പാട്ടീല്‍ എന്നിവര്‍ ജനസംഘത്തിന്റെ നേതാവ് മാല്‍ഗിയോട് അവരെ അതില്‍ നിന്ന് പിന്മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അതിനുള്ള നിര്‍ദ്ദേശം ജയിലിനുള്ളില്‍ നിന്നല്ല ഉണ്ടായതെന്നും ആര്‍.എസ്.എസിന്റെയും ജനസംഘത്തിന്റെയും തലപ്പത്തു നിന്നാണെന്നും അറിയിക്കുന്നുണ്ട്. യര്‍വാദാ ജയിലിലെ തടവുകാരായിരുന്ന സോഷ്യലിസ്റ്റ് നേതാവും സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ ജനതയുടെ എഡിറ്ററുമായിരുന്ന ജി.ജി.പരീഖും മറ്റൊരു നേതാവായ ബാബ അഠാവെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 1979 സപ്തം.16 ന്റെ ‘ജനത’യിലെ ലേഖനത്തില്‍ അഠാവെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം പറയുന്നു: യര്‍വാദ ജയിലില്‍ ഉടമ്പടി പത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടുള്ള അറിയിപ്പുകള്‍ മൂന്നോ നാലോ പ്രാവശ്യം വന്നു. ഭൂരിപക്ഷം ആര്‍.എസ്.എസ് കാരും അത് ഒപ്പുവെച്ച് നല്‍കാന്‍ തിടുക്കം കാട്ടിയത് ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ്.
ദേവറസ് മാത്രമായിരുന്നില്ല മാപ്പപേക്ഷകരിലെ പ്രമുഖന്‍. അടിയന്തിരാവസ്ഥക്കു ശേഷം നടന്ന അധികാരമാറ്റത്തില്‍ ഭരണസുഖം നുണഞ്ഞ എ.ബി.വാജ്‌പേയിയും അക്കൂട്ടത്തിലെ പ്രമുഖനായിരുന്നു. ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധിക്ക് രോഗവിവരം കാണിച്ച് മോചനം വേണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ദില്ലിയിലെ എയിംസില്‍ ചികിത്സയും സ്വന്തം വീട്ടില്‍ താമസവും ഒരുക്കത്തക്കവിധത്തില്‍ സര്‍ക്കാര്‍ ദീര്‍ഘകാല പരോള്‍ വാജ്‌പേയിക്കനുവദിച്ചു. അതേ സമയം ജെ.പി .അങ്ങേയറ്റത്തെ രോഗാവസ്ഥയിലും ജയിലില്‍ ഏകാന്ത തടവിലുമായിരുന്നു. കൊടിയ മര്‍ദ്ദനത്തിനു വിധേയമായി ജീവച്ഛവമായിട്ടാണ് സോഷ്യലിസ്റ്റ് നേതാവ് സ്‌നേഹലത റെഡ്ഢിയെ വിട്ടയച്ചത്. അതിന്റെ നാലാം ദിവസം അവര്‍ മരണപ്പെടുകയും ചെയ്തു.
വാജ്‌പേയിയെയും ദേവറസിനെയും അടിയന്തിരാവസ്ഥ വിരുദ്ധമുന്നേറ്റത്തിന്റെ ഒറ്റുകാരെന്ന് വിശേഷിപ്പിച്ചു കൊണ്ട് 2000 ജൂണ്‍ 13ന് സുബ്രഹ്മണ്യം സ്വാമി ഹിന്ദുവില്‍ ഒരു ലേഖനം എഴുതിയിരുന്നു. വാജ്‌പേയിയെക്കുറിച്ച് ഗുരുതരമായ മറ്റൊരു ആരോപണവും നിലനില്‍ക്കുന്നുണ്ട്. 1976 ഡിസംബറില്‍ വാജ്‌പേയി സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ഓം മേത്തയെ സന്ദര്‍ശിക്കുകയുണ്ടായി. ആ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ശക്തമായ ഒരു അഭ്യൂഹം അക്കാലത്ത് ഉണ്ടായിരുന്നു. അദ്ദേഹം ആര്‍.എസ്.എസുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കാമെന്നും ഒളിവിലുള്ള സുബ്രഹ്മണ്യം സ്വാമിയെയും മറ്റ് ആര്‍.എസ്.എസ്. നേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ കൈമാറാമെന്നും ഉള്ള ഉറപ്പ് നല്‍കിയിരുന്നുവത്രെ. ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തിയത് ആ ചര്‍ച്ച കഴിഞ്ഞ ഉടനെ എ.ബി.വി.പി പ്രവര്‍ത്തകരോട് ഇന്ദിരാഗാന്ധിയോട് നിരുപാധികം മാപ്പപേക്ഷിക്കാന്‍ വാജ്‌പേയി നിര്‍ദ്ദേശിച്ച സംഭവമാണ്.
അതിന് കൂടുതല്‍ ശക്തി പകരുന്നതാണ് സുബ്രഹ്മണ്യം സ്വാമി തന്റെ ലേഖനത്തില്‍ നടത്തിയ മറ്റൊരു വെളിപ്പെടുത്തല്‍. 1976 നവംബര്‍ ആദ്യം മാധവ് റാവു മൂലെ അദ്ദേഹത്തോട് രാജ്യം വിടുന്നതാണ് നല്ലതെന്നും ആര്‍.എസ്.എസ്. നേതൃത്വം വാജ്‌പേയിയുടെ മുന്‍ കൈയില്‍ കീഴടങ്ങല്‍ രേഖ ( Document of Surrender)തയ്യാറാക്കിയിട്ടുണ്ടെന്നും 1977 ജനുവരിയില്‍ അത് നിലവില്‍ വരുമെന്നും ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും തൃപ്തിപ്പെടുത്തുന്നതിന് അവര്‍ സ്വാമിയെ ബലിയാടാക്കാന്‍ തുനിയുമെന്നും എഴുതിയിട്ടുണ്ട്. ജനാധിപത്യ പുന:സ്ഥാപനത്തിനു വേണ്ടിയുള്ള അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തെ ഒറ്റ് കൊടുത്ത് മാപ്പപേക്ഷ നല്‍കി Document of Surrender ല്‍ ഒപ്പുവെച്ച് പുറത്തു വന്നവര്‍ ചില സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ തടവുകാര്‍ക്കു വേണ്ടിയുള്ള പെന്‍ഷന്‍ പ്രതിമാസം 20000 രൂപ വരെ യാതൊരു ലജ്ജയുമില്ലാതെ പറ്റുന്ന അശ്ലീലവും നമ്മള്‍ കാണുകയാണ്. ആര്‍.എസ്.എസ്. 1980ലെയും 1984ലെയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനാണ് പിന്തുണ കൊടുത്തിരുന്നത്. വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് സംഘചാലകന്‍ കെ.എസ്.സുദര്‍ശനും, വി.എച്ച്.പി.നേതാവ് ഗിരിരാജ് കിഷോറും ഇന്ദിരാ ഗാന്ധിയെ ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് വാഴ്ത്തുകയും ചെയ്തിരുന്നു.
1976 ല്‍ പുതിയ പാര്‍ടിക്കു വേണ്ടി ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോള്‍ ചരണ്‍ സിംഗ് ആര്‍.എസ്.എസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറയുകയും പുതിയ പാര്‍ടിയില്‍ അവരെ ചേര്‍ക്കുന്നതില്‍ സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ജനസംഘ നേതാവായിരുന്ന ഒ.പി. ത്യാഗി അതിനു മറുപടി പറഞ്ഞത് നിരോധനത്തിനു ശേഷം സംഘം നില നില്‍ക്കുന്നില്ലെന്നും നിശ്ചയിക്കപ്പെടുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കുവാന്‍ തയ്യാറാണെന്നുമായിരുന്നു. അതിനനുസരിച്ച് ആര്‍.എസ്.എസ്. പിരിച്ചുവിട്ട് പാര്‍ടിയില്‍ പൂര്‍ണമായും ലയിക്കാമെന്ന ഉറപ്പും അവര്‍ നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി തുടര്‍ന്ന് അധികാരത്തില്‍ വന്ന ജനതാ പാര്‍ടിയെ ഉള്ളില്‍ നിന്നു തകര്‍ക്കുന്നതിനു വേണ്ടി ആര്‍.എസ്.എസ്.ശക്തിപ്പെടുത്തുകയും ദ്വയാംഗത്വത്തിനു വേണ്ടി നിലകൊള്ളുകയുമാണ് അവര്‍ ചെയ്തത്.
1980 ല്‍ അവര്‍ പ്രത്യക്ഷമായി തന്നെ ഇന്ദിരാഗാന്ധിയെ പിന്തുണച്ചതു വഴി ആദ്യത്തെ കോണ്‍ഗ്രസ്സിതര ദേശീയ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ഇന്ദിരാഗാന്ധിയുമായി ധാരണയുണ്ടാക്കിയെന്ന ആരോപണം സാധൂകരിക്കപ്പെടുകയാണുണ്ടായത്.
ആര്‍.എസ്.എസും അതിന്റെ വിഭിന്ന രാഷ്ട്രീയ രൂപങ്ങളും വഞ്ചനയുടെയും ചതിയുടെയും മാത്രമല്ല കുത്സിതത്തിന്റെയും പ്രതിരൂപങ്ങളാണെന്ന് ചരിത്രം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദിയിലൂടെയും അമിത് ഷായിലൂടെയും.
സൂചിക:
1. രവി വിശ്വേശ്വരായ ശാരദാ പ്രസാദ്, ദി പ്രിന്റ്, 2020 ജൂണ്‍ 25
2.ആര്‍.എസ്.എസ്. ആന്റ് എമര്‍ജന്‍സി, എ.ജി.നൂറാനി, ഫ്രണ്ട് ലൈന്‍
3. ശംസുല്‍ ഇസ്ലാം, സബ് രംഗ്, ജൂണ്‍ 25, 2020.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in