രാമായണം ഇന്ത്യയോട് ചെയ്തത്
ജാതി ചോദിക്കരുത് എന്നാണ് നാരായാണഗുരു പഠിപ്പിച്ചത്. എന്നാല്‍ വാല്മീകിയുടെ രാമന്‍ ശംബൂകനോട് ജാതി ചോദിക്കുന്ന ബീഭത്സരംഗമാണ് കാണുന്നത്. ഒരു ശൂദ്രന്‍ വധിയ്ക്കപ്പെട്ടപ്പോള്‍ ദേവന്‍മാരെല്ലാം സന്തോഷിക്കുകയും ചെയ്തു. ഈ ദേവന്മാരോട് പ്രാര്‍ത്ഥിയ്ക്കുന്ന ശൂദ്രര്‍ക്കും അതിശൂദ്രര്‍ക്കും ദളിതര്‍ക്കും ദേവന്മാരില്‍ നീതി ലഭിക്കുകയില്ല. ശംബൂകന്റെ വധം രാമന്റെ ഒരു താക്കീതായിരുന്നു-ബ്രാഹ്മണരൊഴികെ രാമരാജ്യത്ത് ഇനി ആരും തപസു ചെയ്യാന്‍ പാടില്ല എന്ന താക്കീത്. അബ്രാഹ്മണരായ ശൂദ്രരും അതിശൂദ്രരും തപസ് ചെയ്യുന്നതും വിജ്ഞാനം ആര്‍ജ്ജിക്കുന്നതും ബ്രാഹ്മണ്യത്തിന് തികച്ചും അസഹനീയവും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു പ്രവൃത്തിയായിരുന്നു. ശൂദ്രന്‍ തപസു ചെയ്ത് സ്വര്‍ഗത്തിലേക്ക് ഉയരുന്നത് ബ്രാഹ്മണ്യത്തിന് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണ്യത്തിന്റെ പതാകാവാഹകനാണ് വാല്മീകിയുടെ രാമന്‍ എന്നാണ് ശംബൂക വധവും തെളിയിയ്ക്കുന്നത്.
കാലത്തിന്റെ അനസ്യൂത പ്രവാഹത്തിലൂടെ ഒഴുകി വളരുകയും, ഓരോ കൈവഴികളിലും കൂടുതല്‍ ശക്തിയോടെയും ഓജസ്സോടെയും മനുഷ്യവംശത്തിന്റെ ചരിത്രാന്തരങ്ങളിലേക്ക് കുതിച്ചുപാഞ്ഞ കാലാന്തര നദീപ്രവാഹമാണ് രാമായണം. ഒറ്റവാക്കില്‍ അടയാളപ്പെടുത്താവുന്ന കൃതിയല്ല ആ നിലയ്ക്ക് രാമായണം. സാമൂഹിക-സാംസ്‌കാരിക നൈരന്തര്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാനമായ ഒരു പങ്ക് രാമായണ കഥകള്‍ക്കുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ ഒഴുകി നീങ്ങിയ രാമായണമെന്ന ഇതിഹാസത്തിന്റെ മഹാപ്രയാണം ഇന്ത്യയുടെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-ചരിത്രത്തില്‍ പതിപ്പിച്ച സ്വാധീനവും ആഘാതവും എന്തൊക്കെയാണ് എന്ന് പഠിക്കുന്നത് സാംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ ഗവേഷണ കുതുകികളെ മാത്രമല്ല ഇന്ത്യയിലെ ഓരോ സാധാരണക്കാരെയും പ്രചോദിപ്പിക്കും. നൂറു കണക്കായ രാമായണങ്ങള്‍ ഇന്ത്യയില്‍ തന്നെ രചിയ്ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്ത്യയെ സംബന്ധിച്ച് ആദികാവ്യം എന്ന സ്ഥാനം വാല്മീകി കൃതമായ രാമായണത്തിനാണുള്ളത്. അങ്ങനെ വാല്മീകി ആദികവിയുമായി. സംസ്‌കൃതത്തില്‍ രചിയ്ക്കപ്പെട്ട വാല്മീകി രാമായണം ഒരേസമയം മഹത്തായ ഇതിഹാസം എന്ന നിലയ്ക്കും ആദികാവ്യം എന്ന നിലയ്ക്കും ജനസംസ്‌ക്കാരങ്ങളില്‍ അതുല്യമായ സ്വാധീനമാണ് ചെലുത്തി പോരുന്നത്.
യഥാര്‍ത്ഥത്തില്‍ വാല്മീകി, രാമകഥ മാത്രം പറയുകയായിരുന്നില്ല. വാല്മീകികൃതമായ രാമായണം, രാമകഥയിലൂടെ ബ്രാഹ്മണ്യപ്രത്യയശാസ്ത്രങ്ങള്‍ ഊട്ടിയുറപ്പിയ്ക്കുകയായിരുന്നു. കഥകള്‍ കേട്ടവരുടെ ചെവികളിലൂടെ അവരുടെ ബോധത്തിലേക്ക് ബ്രാഹ്മണ്യലോകബോധം രാമകഥയോടൊപ്പം ലയിച്ചു ചേര്‍ന്നു. അതാകട്ടെ തലമുറകളിലൂടെ ഒരു വിചാരധാരയായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. വാല്മീകിരാമായണം ഇന്ത്യയോട് ചെയ്തത് എന്താണെന്ന ചോദ്യത്തിന്റെ ഉത്തരങ്ങള്‍ തേടിയുള്ള അന്വേഷണം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.
അയോധ്യ എന്ന ജാതിരാജ്യം
വാല്മീകിരാമായണത്തിന്റെ ബാലകാണ്ഡത്തില്‍ അയോധ്യയെപ്പറ്റി ആദര്‍ശാത്മകമായ ഒരു വാങ്മയചിത്രം അവതരിപ്പിയ്ക്കപ്പെടുന്നുണ്ട്. അയോധ്യയുടെ ഗുണഗണങ്ങളെയാണ് അല്‍പ്പം നീണ്ട വര്‍ണനയില്‍ കവി വാഴ്ത്തുന്നത്. അയോധ്യയില്‍ ദുര്‍വൃത്തരോ സങ്കരവര്‍ണക്കാരോ ഇല്ല. (കശ്ചിദാസീദയോധ്യായം നചാവൃത്തോ ന സങ്കര:, ബാലകാണ്ഡം, 6.12) എന്നാണ് വാല്മീകിരാമായണം പറയുന്നത്. വര്‍ണങ്ങള്‍ മാറി, ജാതിമാറി പരസ്പരം വിവാഹം കഴിക്കുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യുമ്പോഴാണ് സങ്കരവര്‍ണത്തില്‍പ്പെട്ടവര്‍ ജനിക്കുക. വര്‍ണസങ്കരത്തെപറ്റി ഭഗവദ്ഗീതയില്‍ അര്‍ജ്ജുനനും ദു:ഖിക്കുന്നുണ്ട്. അധര്‍മ്മം ബാധിക്കുന്നത് കൊണ്ട് കുലസ്ത്രീകള്‍ ദുഷിയ്ക്കുന്നു. സ്ത്രീകള്‍ ദുഷിച്ചു പോയാല്‍ ജാതിമിശ്രത (വര്‍ണസങ്കരം) ഉണ്ടാകുന്നു എന്ന് ഗീതയില്‍ അര്‍ജുനന്‍ കൃഷ്ണനോട് പറയുന്നുണ്ട്. വ്യത്യസ്ത ജാതികള്‍ ഇടപഴകി ജീവിക്കുന്നത് അര്‍ജ്ജുനന് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുപോലെ തന്നെ വാല്‍മീകി വര്‍ണിക്കുന്ന അയോധ്യയിലും ഭിന്നജാതികള്‍ പരസ്പരം കലര്‍ന്ന് ജീവിക്കുന്നത് സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല. വര്‍ണസങ്കരം വന്ന ജാതിവിഭാഗങ്ങള്‍ അയോധ്യയിലില്ല എന്ന് പറയുന്നതിലൂടെ കര്‍ശനമായ ജാതിനിയന്ത്രണങ്ങളുള്ള ചാതുര്‍വര്‍ണ്യ സിദ്ധാന്തങ്ങള്‍ പാലിച്ച ഒരു ദേശമായിരുന്നു അയോധ്യ എന്നാണ് തെളിയുന്നത്. ബ്രാഹ്മണസ്ത്രീയെ ശൂദ്രന്‍ വിവാഹം കഴിക്കുക എന്നത് അസംഭവ്യമായി നിലനിന്നു. അങ്ങനെ സംഭവിച്ചാല്‍ അതിലുണ്ടാകുന്ന സന്താനങ്ങളെ സങ്കരജാതിയായി കണക്കാക്കി. ഇതിലൂടെ ജാതിശുദ്ധി നിലനിര്‍ത്താനാഗ്രഹിച്ചിരുന്നു എന്നാണ്
വാല്മീകിരാമായണം ഉറപ്പിച്ച് പറയുന്നത്.
രാമരാജ്യം എന്ന കീര്‍ത്തികേട്ട ഈ അയോധ്യയില്‍ ക്ഷത്രിയര്‍ ബ്രാഹ്മണരെ അനുസരിച്ചു പോന്നു. വൈശ്യര്‍ ക്ഷത്രിയരെയും അനുസരിച്ചു. ശൂദ്രരരാവട്ടെ ബ്രാഹ്മണ-ക്ഷത്രിയ-വര്‍ണങ്ങളെ സേവിച്ച് കാലം കഴിച്ചു. (ബാലകാണ്ഡം, 6.19). ഡോ.ബി.ആര്‍.അംബേദ്കര്‍ സൂചിപ്പിയ്ക്കുന്ന ശ്രേണീകൃതമായ അസമത്വത്തെ നിലനിര്‍ത്തുന്ന വിധത്തിലുള്ള ജാതിജീവിതമാണ് അയോധ്യയില്‍ പാലിയ്ക്കപ്പെട്ടിരുന്നതെന്ന് ബാലകാണ്ഡത്തിലെ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നു. ഈ സാമൂഹ്യ വ്യവസ്ഥയില്‍ ബ്രാഹ്മണന്‍ ഏറ്റവും മുകളിലും ശൂദ്രന്‍ ഏറ്റവും താഴെയും പ്രതിഷ്ഠിക്കപ്പെട്ടു. അതിശൂദ്രരുടേയും മഹാദളിതരുടെയും കാര്യം പറയേണ്ടതില്ല. ചുരുക്കത്തില്‍ മിശ്രവിവാഹ സമ്പ്രദായങ്ങള്‍ക്ക് സാധുത നല്‍കുന്ന ഒന്നായിരുന്നില്ല വാല്മീകി സൃഷ്ടിച്ച അയോധ്യാസങ്കല്‍പ്പങ്ങള്‍. അയോധ്യയില്‍ ജനങ്ങള്‍ ജാതിയുടെ ചാതുര്‍വര്‍ണ്യത്തിന്റെ കര്‍ശന ചിട്ടകള്‍ പാലിച്ചാണ് ജീവിച്ചതെന്ന് വാല്മീകിരാമായണം പറയുന്നു.
ചുരുക്കത്തില്‍ അയോധ്യ എന്നത് ഒരു ജാതിരാജ്യം ആയിരുന്നു എന്ന് സാരം. ഇത്തരമൊരു രാമരാജ്യം മടങ്ങി വന്നാലുള്ള അവസ്ഥ അചിന്ത്യമാണ്.
ചാതുര്‍വര്‍ണ്യ പാലനത്തിന് രാമന്റെ താടകാവധം വീരകൃത്യമായാണ് കവികളും ഭക്തരും വാഴ്ത്തുന്നത്. എന്നാല്‍ ലോകഹിതമെന്ന ആശയത്താല്‍ പ്രചോദിതനായല്ല രാമന്‍ താടകയെ വധിച്ചത്. രാമന്റെ ഏകഹിതം ഗോബ്രാഹ്മണഹിതമായിരുന്നു. വിശ്വാമിത്രന്‍ രാമനോട് ഉപദേശിക്കുന്നത് പശുവിന്റെയും ബ്രാഹ്മണന്റെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി (ഗോബ്രാഹ്മണഹിതാര്‍ത്ഥായ ജഹി ദുഷ്ടപരാക്രമാം, വാ.രാ.,ബാലകാണ്ഡം, 25:15) താടകയെ വധിയ്ക്കുക എന്നാണ്. സ്ത്രീകളെ വധിക്കാമോ എന്ന സംശയത്തിന് ഇടമില്ലെന്നും ചാതുര്‍വര്‍ണ്യം പാലിക്കേണ്ടത് രാമന്റെ കര്‍ത്തവ്യമാണെന്നും വിശ്വാമിത്രന്‍ പറയുന്നു. (ചാതുര്‍വര്‍ണ്യഹിതാര്‍ത്ഥം ഹി കര്‍ത്തവ്യം രാജസൂനുനാ, വാ.രാ, ബാലകാണ്ഡം, 25.17). ഇതിന് രാമന്‍ പറയുന്ന മറുപടി, പശുവിന്റെയും ബ്രാഹ്മണന്റെയും ഇച്ഛയെ മുന്‍നിര്‍ത്തിക്കൊണ്ട് ഞാന്‍ താടകയെ വധിക്കാമെന്നാണ്. (ഗോബ്രാഹ്മണഹിതാര്‍ത്ഥായ ദേശസ്യ ച ഹിതായ ച/തവ ചൈവാപ്രമേയസ്യ വചനം കര്‍ത്തുമുദ്യത:/വാ.രാ,ബാലകാണ്ഡം, 26.5) ഇതില്‍ നിന്നും
ചാതുര്‍വര്‍ണ്യം നിലനിന്നു കാണാന്‍ ആഗ്രഹിയ്ക്കുന്ന ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ദാസനാണ് രാമനെന്ന് തെളിയുന്നു. രാമന്റെ മുഖ്യധര്‍മ്മം എന്നത് തന്നെ ബ്രാഹ്മണഹിതം നടപ്പിലാക്കുക എന്നുള്ളത് തന്നെയായിരുന്നു.
ബ്രാഹ്മണര്‍ക്കു മാത്രം ദാനം നല്‍കുന്നവര്‍
പരിദീനര്‍ക്കും ദരിദ്രര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും ദാനം നല്‍കണമെന്ന ഒരു പ്രസ്താവന പോലും വാല്മീകി രാമായണത്തിലെ കാണ്ഡങ്ങള്‍ മുഴുവന്‍ അരിച്ചു പെറുക്കിയാല്‍ പോലും കാണുകയില്ല. ദാനം നല്‍കേണ്ടത് ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നാണ് വാല്മീകിരാമായണം പേര്‍ത്തും പേര്‍ത്തും ഉച്ചരിക്കുന്നത്. വനവാസത്തിനായി തയ്യാറാകുന്ന രാമന്‍ നല്‍കുന്ന ദാനങ്ങളെപ്പറ്റി അറിഞ്ഞിട്ട് ത്രിജടന്‍ എന്ന ദരിദ്ര ബ്രാഹ്മണന്‍ രാമനെ കാണാനെത്തുന്നുണ്ട്. ത്രിജടനോട് രാമന്‍ പറയുന്നത്: ‘ഞാന്‍ സത്യമായി പറയുന്നു അങ്ങേയ്ക്ക് യാതൊരു നിയന്ത്രണവും തോന്നേണ്ടതില്ല. ഞാന്‍ ആര്‍ജ്ജിച്ച മുഴുവന്‍ ധനവും ബ്രാഹ്മണര്‍ക്കുള്ളതാണ്. അങ്ങയെ പോലുള്ളവര്‍ക്ക് നല്‍കിയാലേ എന്റെ സമ്പാദ്യം കീര്‍ത്തികരമാവൂ’ (ബ്രവിമീ സത്യേന ന തേസ്മ യന്ത്രണാം/ധനം ഹി യദ്യന്മമ വിപ്രകാരണാത്//….. അയോദ്ധ്യാകാണ്ഡം, 32.28-4-3) വനവാസത്തിനായി പോകുമ്പോള്‍ ഗംഗാനദി തരണം ചെയ്യവെ സീത പ്രാര്‍ത്ഥിയ്ക്കുന്നത്, വനവാസം കഴിഞ്ഞ് സസുഖം തിരിച്ചെത്തിയാല്‍ നൂറായിരം പശുക്കളെയും വാസ്ത്രാദ്യന്നങ്ങളെയും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യാമെന്നാണ്. (ഗവാം ശതസഹസ്രം ച വസ്ത്രാണ്യന്നം ച പേശലം/ബ്രാഹ്മണേഭ്യ: പ്രദാസ്യാമി തവ പ്രിയചികീര്‍ഷയാ//അയോദ്ധ്യാകാണ്ഡം, 52.88). ഇത്തരം നിരവധി പ്രസ്താവങ്ങള്‍ വാല്മീകിരാമായണത്തിലുണ്ട്. ദാനത്തിന്റെ കാര്യം വരുമ്പോഴെല്ലാം അത് ബ്രാഹ്മണര്‍ക്ക് മാത്രം അര്‍ഹതപ്പെട്ട ഒന്നാണെനാണ് വാല്മീകിരാമായണം അസന്ദിഗ്ദമായി പ്രഖ്യാപിയ്ക്കുന്നത്. കഷ്ടപ്പെടുന്നവരുടെയോ, പട്ടിണി കിടക്കുന്നവരുടേയോ ക്ലേശങ്ങളായിരുന്നില്ല ദാനത്തിന് ആധാരം. ബ്രാഹ്മണ്യമായിരുന്നു ദാനത്തിന് അര്‍ഹതയും അവകാശവും നിശ്ചയിച്ചിരിക്കുന്നത് എന്ന് ചുരുക്കം. രാമന്‍ ദീനരെ കണ്ടില്ല, രാമന്‍ കണ്ടത് ബ്രാഹ്മണനെ മാത്രമാണ്.
വിജ്ഞാനം ബ്രാഹ്മണന്റെ കുത്തക
ധര്‍മശാസ്ത്രങ്ങളും മറ്റും ഊട്ടിയുറപ്പിച്ചതുപോലെ അറിവ് ബ്രാഹ്മണന്റെ കുത്തകയാണെന്ന് ആശയം തന്നെയാണ് വാല്മീകീരാമായണം പിന്‍പറ്റുന്നത്. രാവണന്‍ സീതയെ അപഹരിച്ചു കൊണ്ടുപോകാന്‍ വരുന്ന രംഗത്തില്‍ പ്രസ്താവിക്കുന്ന ഒരു ശ്ലോകമുണ്ട്. അവിടെ പറയുന്നത് വേദമന്ത്രം അബ്രാഹ്മണന് നല്‍കാനാവില്ല, എന്നതുപോലെ സീത, രാവണന് അപ്രാപ്യയാണെന്നാണ് വാല്മീകി രാമായണം പ്രസ്താവിക്കുന്നത് (മലം ദ്വിജോ മന്ത്രമിവാദ്വിജായ, സുന്ദരകാണ്ഡം 28.5) അതായത് മന്ത്രമെന്ന ജ്ഞാനം അബ്രാഹ്മണര്‍ക്ക് നല്‍കാനാവില്ല എന്നതായിരുന്നു ആദികവിയുടെ പക്ഷം. ആദികവി ഒരു വ്യക്തിയല്ല, ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ബോധവും അറിവും പ്രക്ഷേപിക്കുന്ന, നിലനിര്‍ത്താനാഗ്രഹിക്കുന്ന കവിപക്ഷമാണത്.
ആരണ്യകാണ്ഡത്തില്‍ ഒരിടത്ത് വിവരിക്കുന്നത് യജ്ഞശാലയില്‍, യജ്ഞസാമഗ്രികള്‍ നിറഞ്ഞ പരിശുദ്ധ വേദിയില്‍ ചണ്ഡാളനെ പ്രവേശിപ്പിക്കരുത് എന്നാണ്. (ന ശക്യാ യജ്ഞാമധ്യസ്ഥാ വേദീ: സ്രുഗ്ഭാണ്ഡ മണ്ഡിതാ/ദ്വിജാതി മന്ത്രസമ്പൂതാ ചണ്ഡാലേനാവമര്‍ദിതും// ആരണ്യകാണ്ഡം, 53.18) ചണ്ഡാളലനെ ഏറ്റവും നികൃഷ്ടനായാണ് സ്മൃതിഗ്രന്ഥങ്ങള്‍ കണക്കാക്കിയിരുന്നത്. അതേ പാത തന്നെ വാല്മീകിരാമായണവും പിന്തുടരുന്നു എന്നത് സൂചിപ്പിക്കന്നത് മനുസ്മൃതിയുടെ ചിന്താപാരമ്പര്യമാണ് വാല്മീകിരാമായണത്തിലും കടന്നിരിയ്ക്കുന്നതെന്നാണ്.
രാമായണം വായിക്കേണ്ടത് ബ്രാഹ്മണര്‍
വാല്മീകിരാമായണത്തില്‍ യുദ്ധകാണ്ഡത്തിന്റെ അന്ത്യത്തില്‍ ഫലശ്രുതി രൂപേണ ചില ശ്ലോകങ്ങളുണ്ട്. അതിലൊന്നില്‍ പറഞ്ഞു വയ്ക്കുന്നത് രാമായണം ക്ഷത്രിയര്‍ കേള്‍ക്കേണ്ടത് ബ്രാഹ്മണരില്‍ നിന്നായിരിക്കണം എന്നാണ്. (….ശ്രോതവ്യം ക്ഷത്രിയൈര്‍ ദ്വിജാത്/യുദ്ധകാണ്ഡം, 128.118) രാമായണം ഇതരജാതിവിഭാഗങ്ങള്‍ വായിക്കാന്‍ പാടില്ല എന്ന് സാരം. ബ്രാഹ്മണര്‍ വായിക്കുന്നതാകട്ടെ ക്ഷത്രിയര്‍ മുതലായ ഉന്നതവര്‍ണത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി മാത്രമാണുതാനും.
ശംബൂകവധം- ജാതി ചോദിയ്ക്കുന്ന രാമന്‍
ധര്‍മ്മപരിപാലനം ചെയ്ത് രാമന്‍ അയോധ്യ വാഴുമ്പോള്‍ വൃദ്ധനായ ഒരു ബ്രാഹ്മണന്‍ മൃതനായ ഒരു ബാലകന്റെ ശരീരവുമായി അയോധ്യാ രാജധാനിയുടെ കവാടത്തിലെത്തി. രാമന്‍ ചെയ്ത ദുഷ്‌കൃതം കൊണ്ടാണ് തന്റെ മകന്‍ മരണപ്പെട്ടതെന്ന് വൃദ്ധബ്രാഹ്മണന്‍ ഉറക്കെ പറഞ്ഞു. ബ്രാഹ്മണന്റെ പരിദേവനങ്ങള്‍ കേട്ട രാമന്‍ വസിഷ്ഠാദി ബ്രാഹ്മണരെ വിളിച്ചു വരുത്തി ബ്രാഹ്മണകുമാരന്റെ മരണത്തിന്റെ കാര്യമാരാഞ്ഞു. വസിഷ്ഠാദികള്‍ രാമനോടു പറഞ്ഞു: ‘മൂന്നു യുഗങ്ങളിലായി ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യാദികള്‍ക്ക് തപസിന് അംഗീകാരം ലഭിച്ചു. എന്നാല്‍ ശൂദ്രന് തപസിന് അധികാരം ലഭിച്ചില്ല. ശൂദ്രന്‍ തപസ് ചെയ്യുന്നതു പരമമായ അധര്‍മ്മമാണ്. ഏതോ ശൂദ്രന്‍ രാമന്റെ രാജ്യാതിര്‍ത്തിയില്‍ തപസ് ചെയ്യുന്നുണ്ട്. ദുര്‍മതിയായ അവന്റെ തപസ് മൂലമാണ് ബ്രാഹ്മണ ബാലന്‍ മരിച്ചത് ‘ (ഉത്തരകാണ്ഡം, 74.26-29). ഇതുകേട്ട മാത്രയില്‍ ആ ശൂദ്രനെ തേടി രാമന്‍ പുറപ്പെട്ടു. ഹിമവല്‍പാര്‍ശ്വത്തിലുള്ള സരസ്സിന്റെ തീരത്തുള്ള വൃക്ഷത്തില്‍ തലകീഴായി തൂങ്ങിനിന്ന് തപസ് ചെയ്യുന്ന ശൂദ്രനോട് രാമന്‍ ചോദിച്ചു: ‘താങ്കള്‍ ഏതു യോനിയില്‍ (കസ്യാം യോന്യാം തപോ വൃദ്ധവര്‍തസേ ദൃഢവിക്രമ) പിറന്നവനാണ്; അങ്ങ് ബ്രാഹ്മണനാണോ, ക്ഷത്രിയനാണോ വൈശ്യനാണോ, അതോ ശൂദ്രനാണോ (ബ്രാഹ്മണോ വാസി ഭദ്രം തേ ക്ഷത്രിയോ വാസി ദുര്‍ജയം വൈശ്യസ്തൃതീയോ വര്‍ണോ വാ ശൂദ്രോ വാ സത്യവാഗ് ഭവ// ഉത്തരകാണ്ഡം, 75.16-18).’ താന്‍ ശൂദ്രയോനിയില്‍ പിറന്ന ശംബൂകനാണെന്ന് (ഉത്തരകാണ്ഡം, 76. 2-3) പറഞ്ഞ മാത്രയില്‍ തന്നെ രാമന്‍ ശംബൂകന്റെ ശിരസ്സ് ഛേദിച്ചു (7, 76-4) ശൂദ്രനായ ശംബൂകന്‍ മരിച്ചതു കണ്ടിട്ട് ദേവന്‍മാരെല്ലാം അതു നന്നായി എന്നു പറഞ്ഞു. (വാ. രാ . 7.76.5). ശൂദ്രന് സ്വര്‍ഗപ്രാപ്തി ഉണ്ടാകാത്തതില്‍ ദേവന്മാര്‍ സന്തോഷിച്ചു (വാ. രാ.7.76.9). ശൂദ്രന്‍ മരിച്ച ഉടനെ ബ്രാഹ്മണ ബാലന് ജീവന്‍ തിരികെ ലഭിക്കുകയും ചെയ്തു. ശൂദ്രനായ ശംബൂകന്‍ തന്റെ വര്‍ഗത്തെ ലംഘിക്കുകയും ബ്രാഹ്മണനാവാന്‍ ആഗ്രഹിക്കുകയും ചെയ്തു. അതാണ് രാമന്‍ ശംബൂകനെ കൊല്ലാനുള്ള കാരണം എന്ന് ഡോ.ബി.ആര്‍ അംബേദ്കര്‍ ജാതി ഉന്മൂലനത്തില്‍ പ്രസ്താവിക്കുന്നുണ്ട്.
ജാതി ചോദിക്കരുത് എന്നാണ് നാരായാണഗുരു പഠിപ്പിച്ചത്. എന്നാല്‍ വാല്മീകിയുടെ രാമന്‍ ശംബൂകനോട് ജാതി ചോദിക്കുന്ന ബീഭത്സരംഗമാണ് കാണുന്നത്. ഒരു ശൂദ്രന്‍ വധിയ്ക്കപ്പെട്ടപ്പോള്‍ ദേവന്‍മാരെല്ലാം സന്തോഷിക്കുകയും ചെയ്തു. ഈ ദേവന്മാരോട് പ്രാര്‍ത്ഥിയ്ക്കുന്ന ശൂദ്രര്‍ക്കും അതിശൂദ്രര്‍ക്കും ദളിതര്‍ക്കും ദേവന്മാരില്‍ നീതി ലഭിക്കുകയില്ല. ശംബൂകന്റെ വധം രാമന്റെ ഒരു താക്കീതായിരുന്നു-ബ്രാഹ്മണരൊഴികെ രാമരാജ്യത്ത് ഇനി ആരും തപസു ചെയ്യാന്‍ പാടില്ല എന്ന താക്കീത്. അബ്രാഹ്മണരായ ശൂദ്രരും അതിശൂദ്രരും തപസ് ചെയ്യുന്നതും വിജ്ഞാനം ആര്‍ജ്ജിക്കുന്നതും ബ്രാഹ്മണ്യത്തിന് തികച്ചും അസഹനീയവും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു പ്രവൃത്തിയായിരുന്നു. ശൂദ്രന്‍ തപസു ചെയ്ത് സ്വര്‍ഗത്തിലേക്ക് ഉയരുന്നത് ബ്രാഹ്മണ്യത്തിന് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണ്യത്തിന്റെ പതാകാവാഹകനാണ് വാല്മീകിയുടെ രാമന്‍ എന്നാണ് ശംബൂക വധവും തെളിയിയ്ക്കുന്നത്.
കലങ്ങിമറിഞ്ഞും വന്‍ചുഴികള്‍ സൃഷ്ടിച്ചും കാലത്തിന്റെ കുത്തൊഴിക്കില്‍ ആധുനിക കാലത്ത് ആര്‍ത്തലച്ച് ഓളം തല്ലി തീരങ്ങള്‍ സൃഷ്ടിച്ച വാല്മീകിരാമായണം എന്ന മഹാനദി, ഇന്ത്യന്‍ ഭൂമിയില്‍ സ്ഥാപിയ്ക്കാന്‍ ശ്രമിച്ചത് ജാതി-വര്‍ണ്ണമേല്‍ക്കോയ്മയും ബ്രാഹ്മണ്യ പ്രത്യശാസ്ത്രങ്ങളുമാണ്. രാമായണ നദിയില്‍ നിന്നും ഇന്ത്യയുടെ തീരഭൂമിയിലേക്ക് അടിച്ചു കയറി ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര മേല്‍ക്കോയ്മകള്‍ സ്ഥാപിയ്ക്കപ്പെട്ടു കഴിഞ്ഞു. ജാതിവര്‍ണ്ണ സിദ്ധാന്തത്തിന്റെ അടിത്തറയിലാണ് വാല്മീകിരാമായണം എഴുതപ്പെട്ടിരിയ്ക്കുന്നത്. ജാതിയുടെ മതരൂപമാണ് വാല്മീകി രാമായണത്തില്‍ അനാവൃതമാവുന്നത്. ജാതിയെന്നത് ഡോ.അംബേദ്കറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രാഹ്മണ്യത്തിന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല. രാമരാജ്യം എന്നതാവട്ടെ ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനമാക്കിയ ഭരണക്രമവും. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, സഹോദര്യം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇത്തരം മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരായ സാമൂഹ്യ സങ്കല്‍പ്പങ്ങളാണ് വാല്മീകി രാമായണം മുന്നോട്ട് വയ്ക്കുന്നത് എന്നാണ്. വിശുദ്ധ ഗ്രന്ഥമായി അടിയുറച്ച ഗ്രന്ഥ സമുച്ചയങ്ങളുടെ വിശുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് മാത്രമേ നവജനാധിപത്യ ലോകങ്ങള്‍ ഭാവന ചെയ്യാന്‍ പോലും കഴിയുകയുള്ളു. വിശുദ്ധമായ കഥയെന്ന രീതിയില്‍ ഇന്ത്യയില്‍ രചിയ്ക്കപ്പെട്ട ഇതിഹാസ ഗ്രന്ഥങ്ങള്‍ ഉറപ്പിയ്ക്കാന്‍ ശ്രമിച്ചത് ബ്രാഹ്മണ്യ ലോകക്രമത്തെയാണ്. ഈ ഒരു ലോകക്രമാകട്ടെ സമത്വം, സാഹോദര്യം തുടങ്ങിയ ആദര്‍ശങ്ങള്‍ക്ക് അല്‍പ്പംപോലും വില കല്‍പ്പിക്കുന്നതല്ല. ഓരോ തവണ വാല്മീകി രാമായണം വായിക്കപ്പെടുമ്പോഴും, പ്രത്യേകിച്ച് ഭക്തിയില്‍ മുങ്ങിയ രാമായണ പാരായണം സ്വാംശീകരിക്കാന്‍ പ്രേരിപ്പിക്കുന്നത് ബ്രാഹ്മണ-ആണ്‍കോയ്മ പറഞ്ഞുവച്ച വ്യവഹാര ക്രമങ്ങളാണ്. വാല്മീകിരാമായണം ഇന്ത്യയോട് ചെയ്ത കഠിനമായ ‘കര്‍മ്മവിപാകവും’ അതാണ്. ബ്രാഹ്മണ്യത്തിന്റെ അസമത്വപൂര്‍ണമായ രാമകഥാ വ്യവഹാരങ്ങളെ കൈയ്യൊഴിയാതെ സാമൂഹ്യനീതിയിലധിഷ്ഠിതമായ നവജനാധിപത്യസമൂഹമായി മാറിത്തീരാന്‍ ഇന്ത്യയ്ക്ക് ഒരിക്കലും കഴിയുകയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in