മണ്ഡലിന്റെ രണ്ടാം വരവ് എന്ത്? എങ്ങനെ?
എണ്‍പതുകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ചില പ്രവണതകള്‍ രൂപം കൊണ്ടത്, ശക്തി പ്രാപിച്ചതും എണ്‍പതുകളിലാണ്. അവയില്‍ ചിലത് എടുത്ത് പറയേണ്ടതായിട്ടുണ്ട്.
ഒന്ന്, വര്‍ഗ്ഗീയത നാല്‍പതുകള്‍ക്ക് ശേഷം രാഷ്ട്രീയമായി ശക്തി പ്രാപിക്കുന്നത് എണ്‍പതുകളിലാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ വ്യാപകമായ ഖാലിസ്ഥാന്‍ പ്രസ്ഥാനവും ’84 ല്‍ ഇന്ദിരാഗാന്ധിയുടെ വധവും അതിനെ തുടര്‍ന്നുണ്ടായ കലാപവും സിഖ് വര്‍ഗ്ഗീയതയ്ക്ക് എന്ന പോലെ ഹിന്ദു വര്‍ഗ്ഗീയതയ്ക്കും വളമായി. അടിയന്തിരാവസ്ഥയുടെ സവിശേഷ സന്ദര്‍ഭത്തില്‍, ജയപ്രകാശ് നാരായണന്റെ സഹായത്തോടെ രാഷ്ട്രീയമാന്യത കൈവരിച്ച ഭാരതീയ ജനസംഘത്തിന്റെ ജനതാനന്തര രൂപമായ ഭാരതീയ ജനതാപാര്‍ട്ടി ഹിന്ദു വര്‍ഗ്ഗീയതയെ രാഷ്ട്രീയ വളര്‍ച്ചയ്ക്കായി കൂട്ടു പിടിക്കുന്നത് എണ്‍പതുകളുടെ രണ്ടാം പാദത്തിലാണ്. വിശ്വഹിന്ദു പരിഷത്തിന്റെ അജണ്ടയായിരുന്ന അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ബി.ജെ.പി ഏറ്റെടുക്കുന്നതും അതിനെച്ചുറ്റി വിപുലമായ രാഷ്ട്രീയ പ്രസ്ഥാനം തന്നെ സംഘടിപ്പിക്കുന്നതും ഇക്കാലത്താണ്.
മന്ദിര്‍ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധ്രുവങ്ങളിലൊന്നാണ് ഇന്ന്. ലാല്‍കൃഷ്ണ അദ്വാനി അതിനെ സവര്‍ക്കറുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ബി.ജെ.പിയെ ഒരു സവര്‍ക്കറൈറ്റ് സംഘടനയായി രൂപപ്പെടുത്താന്‍ തുടങ്ങുന്നത് എണ്‍പതുകളിലാണ്.
രണ്ടാമതായി, മന്ദിര്‍ രാഷ്ട്രീയത്തിനു ബദല്‍ എന്ന പോലെ പൊന്തിവന്ന മണ്ഡല്‍ രാഷ്ട്രീയത്തിന്റെ തുടക്കവും എണ്‍പതുകളിലാണ്. അറുപതുകളില്‍ ഹിന്ദി സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ച ലോഹ്യരാഷ്ട്രീയത്തിന്റെയും ഹരിതവിപ്ലവം കാര്‍ഷിക/ഗ്രാമീണ മേഖലയില്‍ സൃഷ്ടിച്ച സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളുടേയും തുടര്‍ച്ചയാണ് ഒരര്‍ത്ഥത്തില്‍ മണ്ഡല്‍. ജനതാസര്‍ക്കാര്‍ 1979ല്‍ നിയമിച്ച മണ്ഡല്‍ കമ്മീഷന്‍ പിന്നോക്കജാതികള്‍ക്ക് കേന്ദ്ര സര്‍വ്വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ സംവരണം നിര്‍ദ്ദേശിച്ചു. 1980ല്‍ ബി.പി. മണ്ഡല്‍ റിപ്പോര്‍ട്ട് ഇന്ദിരാഗാന്ധി സര്‍ക്കാരിനു സമര്‍പ്പിച്ചുവെങ്കിലും 1990ല്‍ വി.പി.സിംഗ് സര്‍ക്കാരാണ് മണ്ഡല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നയമായി അംഗീകരിക്കുന്നത്. അദ്വാനിയുടെ രഥയാത്ര സൃഷ്ടിച്ചുകൊണ്ടിരുന്ന കമണ്ഡല്‍ രാഷ്ട്രീയത്തിനും ഹിന്ദുവര്‍ഗ്ഗീയ ധ്രുവീകരണത്തിനും വി.പി.സിംഗ് കണ്ട ബദല്‍ കൂടിയായിരുന്നു മണ്ഡല്‍ എന്ന് കരുതാവുന്നതാണ്. മണ്ഡല്‍ ഹിന്ദിമേഖലയില്‍ ശക്തമായ പിന്നോക്കജാതി രാഷ്ട്രീയ ശാക്തീകരണത്തിനു കാരണമായി. ഉത്തര്‍പ്രദേശിന്റെയും ബീഹാറിന്റേയും രാഷ്ട്രീയ ഭൂമികയെ മണ്ഡല്‍ മാറ്റിമറിച്ചു.
മണ്ഡല്‍ രാഷ്ട്രീയം സാഫല്യമടഞ്ഞത് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് തന്നെയാണ്. 1992 ബാബ്‌റിമസ്ജിദ് തകര്‍ത്തുകൊണ്ട് ഹിന്ദു വര്‍ഗ്ഗീയതയെ ഹിന്ദുവോട്ടായി പരാവര്‍ത്തനം ചെയ്തുവെങ്കിലും, ബി.ജെ.പിയുടെ കമണ്ഡല്‍ രാഷ്ട്രീയം മണ്ഡല്‍ രാഷ്ട്രീയത്തിനു മുന്നില്‍ തിരഞ്ഞെടുപ്പുകളില്‍ അടിയറവ് പറയുന്ന സന്ദര്‍ഭമാണ് തൊണ്ണൂറുകളിലും അതിനുശേഷവും ഹിന്ദിമേഖലയില്‍ നമ്മള്‍ കണ്ടത്. ’90കളില്‍ ഉയര്‍ന്നുതാഴ്ന്ന തിര മടങ്ങിവരുന്നത് 2002ല്‍ ഗുജറാത്തിലായിരുന്നു. ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്നു എന്നതുതന്നെയാണ് ഇന്നും മോദിയുടെ രാഷ്ട്രീയ മൂലധനം. 2014ല്‍ ബി.ജെ.പി.യുടെ നേതൃത്വനിരയിലേക്ക് ഉയരാനും ഹിന്ദിമേഖലയിലെ അനിഷേധ്യനേതാവായി ഉയരാനും മോദിയെ സഹായിച്ചതും സഹായിച്ചുകൊണ്ടിരിക്കുന്നതും അതേ മൂലധനമാണ്. അയോധ്യയില്‍ ബാബ്‌റിപള്ളി നിലനിന്നിരുന്ന അതേ ഇടത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനു തറക്കല്ലിടാന്‍ കഴിഞ്ഞതോടെ മന്ദിര്‍രാഷ്ട്രീയത്തിന്റെ പിതൃത്വവും മോദി കൈക്കലാക്കി.
അടുത്തവര്‍ഷം അയോദ്ധ്യയിലെ കെട്ടിടസമുച്ചയത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നതോടുകൂടി മന്ദിര്‍ രാഷ്ട്രീയം ഒരു വൃത്തം പൂര്‍ത്തിയാക്കും. അതു സാക്ഷാത്ക്കരിച്ച ധ്രുവീകരണവും ഹിന്ദു-ഹിന്ദുത്വ രാഷ്ട്രീയമണ്ഡലവും അനേക വര്‍ഷങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തെ സ്വാധീനിച്ചുകൊണ്ടിരിക്കാനാണ് സാധ്യത.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മണ്ഡല്‍-ലോഹ്യ രാഷ്ട്രീയത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടു പോന്ന ജനതാപരിവാരത്തിന് രാഷ്ട്രീയാധികാരം ലഭ്യമാക്കി. യു.പി.യില്‍ സമാജ്‌വാദി പാര്‍ട്ടിയും ബീഹാറില്‍ ലാലുപ്രസാദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയജനതാദളും നിതീഷ് കുമാറിന്റെ ജനതാദള്‍ യുവും ദീര്‍ഘകാലം അധികാരത്തില്‍ വരുന്നത് അങ്ങനെയാണ്. കാലക്രമേണ ഈ രാഷ്ട്രീയപാര്‍ട്ടികള്‍ കുടുംബപാര്‍ട്ടികളായി മാറിയെങ്കിലും ആ പാര്‍ട്ടികളുടെ കാഡര്‍ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ മനസ്സുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സ്-ബി.ജെ.പി ധാരകളുടെ പുറത്ത് നിലകൊള്ളുന്ന ഒരു മൂന്നാമിടമാണ് ജനതാപരിവാരത്തിന്റെ രാഷ്ട്രീയസ്ഥലി.
അതിന് ഇന്നും ഗ്രാമീണ കാര്‍ഷിക മേഖലയില്‍ വേരോട്ടമുണ്ട്. ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം തന്നെയാണ് അതിന്റെ രാഷ്ട്രീയ കാതല്‍. നേതാക്കളുടെ ബി.ജെ.പി കോംപ്രമൈസുകള്‍ നിലനില്‍ക്കുമ്പോള്‍ പോലും ഇന്ത്യയിലെ ജാതിവിരുദ്ധപ്രസ്ഥാനങ്ങളുടെ മനസ്സ് ആ രാഷ്ട്രീയത്തിന് മനസ്സിലാകും. ഭക്തിപ്രസ്ഥാനത്തിന്റെ സാംസ്‌കാരിക ധാരകള്‍ മുതല്‍ ഫൂലേ-പെരിയാര്‍ -അംബേദ്കറൈറ്റ് ജാതിവിരുദ്ധ ആധുനികതയുടെ രാഷ്ട്രീയവഴികളുമായി അതിനു ചേര്‍ന്നുപോകാന്‍ കഴിയും. പിന്നോക്കജാതി രാഷ്ട്രീയത്തിന്റെ കുപ്പായമിട്ടിരിക്കുന്ന ഈ മൂന്നാം രാഷ്ട്രീയത്തിന്റെ തുടരുന്ന പ്രസക്തി അത് ജാതി എന്ന ഗണത്തെ ഒരു രാഷ്ട്രീയ ഗണമായിത്തന്നെ കാണുന്നുവെന്നതും ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ അത് ഇന്നും നിര്‍ണ്ണായക ഘടകമായി തുടരുന്നത് തിരിച്ചറിയുന്നുവെന്നതുമാണ്.
ദേശീയപ്രസ്ഥാനത്തിന്റെ ഉപരിവര്‍ഗ്ഗ മേല്‍ജാതി സ്വഭാവത്തിന് ഒരു രാഷ്ട്രീയ ബദല്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം കേന്ദ്രീകൃതമായ, അതുകൊണ്ട് തന്നെ സമഗ്രാധിപത്യപ്രവണതകള്‍ ഉള്ളതുമായ രാഷ്ട്രനിര്‍മ്മാണ പരിപാടികളെ പ്രതിരോധിക്കുന്ന ഉപദേശിയതാ പ്രസ്ഥാനങ്ങളുമായി സഖ്യത്തില്‍ ഏര്‍പ്പെടാനും ഈ മൂന്നാമിട രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പ്രധാനം മൂന്നാമിടത്തെ ഇന്ന് പ്രതിനിധാനം ചെയ്യുന്ന മണ്ഡല്‍ രാഷ്ട്രീയത്തിന് അതിന്റെ രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ്സിനേയും ബി.ജെ.പിയേയും വലിയ അളവില്‍ സ്വാധീനിക്കുവാന്‍ കഴിഞ്ഞുവെന്നതാണ്.
മണ്ഡല്‍ രാഷ്ട്രീയമാണ് ആദ്യമായിട്ട് കോണ്‍ഗ്രസ്സിന്റെ ഉയര്‍ജാതി മേല്‍ക്കോയ്മയിലുള്ള മുന്നണി-പാര്‍ട്ടി (Coalition-Party) സംവിധാനത്തിലൂന്നിയ രാഷ്ട്രീയ ഘടനയെ നിഷ്പ്രഭമാക്കിയത്. കോണ്‍ഗ്രസ് സമവായം എന്ന് വിളിക്കാവുന്ന രജനി കോത്താരിയുടെ സങ്കല്‍പ്പനം ഉപയോഗിച്ചു പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് സിസ്റ്റം ഈ രാഷ്ട്രീയം-ഹിന്ദു ഉയര്‍ജാതികള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ഒരു കൂട്ടുമുന്നണിയെ-ഹിന്ദുമേല്‍ജാതി നേതൃത്വത്തില്‍ അധികാരത്തില്‍ ഉറപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ നേതൃത്വത്തിലേക്ക് പിന്നോക്കജാതികളില്‍ നിന്നുള്ള നേതാക്കള്‍ കടന്നുവന്നിട്ടില്ല എന്നല്ല, പക്ഷേ അധീശത്വം എപ്പോഴും ഹിന്ദു ഉയര്‍ജാതി പ്രതിനിധികളുടെ പക്കല്‍ തന്നെയായിരുന്നു. അറുപതുകളില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ശിഥിലീകരണം ആരംഭിച്ചിരുന്നുവെങ്കിലും കേരളത്തിലെ കേരളാ കോണ്‍ഗ്രസ്സിന്റെ ഉദയം മുതല്‍ 69ല്‍ ദേശീയതലത്തിലുണ്ടായ പിളര്‍പ്പുമൊക്കെ വെറും വ്യക്തിത്വ തര്‍ക്കങ്ങള്‍ മാത്രമായിരുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളകുന്നത് എണ്‍പതുകളിലാണ്. മണ്ഡലിനും കമണ്ഡലിനും ദേശീയതലത്തില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും എന്നാല്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡല്‍വല്‍ക്കരണത്തിനു പലയിടത്തു വിധേയമായിക്കഴിഞ്ഞിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷം മൂലം തമിഴ്‌നാട്ടിലാണ് ആദ്യമിതു സംഭവിച്ചത്. രാജഗോപാലാചാരിയുടെ ഉയര്‍ജാതി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ആദ്യം ചോദ്യം ചെയ്തത് 1920കളിലാണെങ്കിലും അതിന്റെ പ്രത്യക്ഷാനുഭവം കാമരാജിന്റെ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ഉയര്‍ച്ചയാണ്. 1954ല്‍ മദ്രാസ് മുഖ്യമന്ത്രിയായി കാമരാജ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഒരു വലിയ സാമൂഹ്യവിപ്ലവം തന്നെയായിരുന്നു. തന്റെ പിന്നോക്കജാതി സ്വത്വത്തെക്കുറിച്ച് കാമരാജ് ഒരിക്കലും സംസാരിച്ചില്ലെങ്കിലും കാമരാജിന്റെ ഭരണനേതൃത്വവും രാഷ്ട്രീയകാഴ്ചപ്പാടും ജാത്യാതീത ആധുനിക സമൂഹനിര്‍മ്മിതിയെ വിഭാവനം ചെയ്തിരുന്നു. ഇന്ന് തമിഴ്‌നാട് കൈവരിച്ചിരിക്കുന്ന സാമൂഹ്യ പുരോഗതിക്ക് അടിത്തറ പാകിയത് കാമരാജാണ്.
സമാനമായ ഒരു പ്രക്രിയ ദേവരാജ് അരശിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകത്തിലും മാധവ്‌സിംഗ് സോളങ്കിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലും യശ്‌വന്ത് ചവാന്റെ കാലത്ത് മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ സംഭവിക്കുകയുണ്ടായി. പിന്നോക്ക ജാതിരാഷ്ട്രീയത്തിന്റെയും പ്രാന്തവല്‍ക്കരിക്കപ്പെട്ടുപോന്ന മറ്റ് സമുദായങ്ങളുടേയും പ്രാതിനിധ്യം നേതൃനിരയില്‍ കൊണ്ടുവരുന്നതായിരുന്നു ഈ മാറ്റങ്ങള്‍. എന്നാല്‍ ഹിന്ദിമേഖലയിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഇതിനു തയ്യാറായില്ല എന്നു പറയാം.
മണ്ഡലാനന്തരം കോണ്‍ഗ്രസ്സ് യു.പി.യിലും ബീഹാറിലും തകരുകയും മറ്റിടങ്ങളില്‍ പിടിച്ചു നില്‍ക്കുകയും ചെയ്തതിനു ഒരു കാരണം അവര്‍ പരിമിതമായിട്ടാണെങ്കില്‍ പോലും നടപ്പിലാക്കിയ സോഷ്യല്‍ എന്‍ജിനിയറിംഗാണ്. സമാനമായ ഒരു പാതയില്‍ കൂടി 1990 കളില്‍ ബി.ജെ.പി യും സഞ്ചരിക്കുന്നുണ്ട്. ഗോവിന്ദാചാര്യ ബി.ജെ.പി യുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്ന കാലത്ത് ബി.ജെ.പി അസംഖ്യം ഒ.ബി.സി സമുദായങ്ങളില്‍പ്പെട്ട നേതാക്കളെ സംസ്ഥാനനേതൃത്വത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. മധ്യപ്രദേശില്‍ ഉമാഭാരതിയും ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിംഗും ഗുജറാത്തില്‍ നരേന്ദ്രമോദിയുമൊക്കെ ബി.ജെ.പി യുടെ സംസ്ഥാന നേതൃത്വങ്ങളില്‍ ഇടംപിടിക്കുന്നത് മണ്ഡലിനോടുള്ള പ്രതിരോധം എന്ന നിലയിലാണ്. ബ്രാഹ്മണ്‍-ബനിയ പാര്‍ട്ടി എന്ന സ്വഭാവം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടും അതില്‍കൂടി ഹിന്ദിമേഖലയില്‍ മണ്ഡല്‍ തുടക്കമിട്ട സാമൂഹ്യചലനത്തിന്റെ ഭാഗവാക്കാകാനും വേണ്ടിയാണ് ഗോവിന്ദാചാര്യ ഇത്തരമൊരു ദിശാമാറ്റം നേതൃരംഗത്ത് നിര്‍ദ്ദേശിച്ചത്. മണ്ഡലിന്റെ രാഷ്ട്രീയസ്വാധീനം ബി.ജെ.പിക്ക് എതിരായി തിരിക്കാതിരിക്കാന്‍ ഇത് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു ശിരഹൗശെ്‌ല ഹിന്ദുപാര്‍ട്ടിയാണ് ബി.ജെ.പി ഇന്നെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും മണ്ഡല്‍വല്‍ക്കരണമെന്നത് ഒരു അടവുനയം മാത്രമായിരുന്നു. മണ്ഡല്‍ രാഷ്ട്രീയത്തിന്റെ കാതല്‍ പ്രതിനിധാനത്തില്‍ കൂടി ജാതിവ്യവസ്ഥയെ പരാജയപ്പെടുത്തല്‍ രണ്ട് കൂട്ടരും അംഗീകരിച്ചുവെന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പിയാകട്ടെ സവര്‍ക്കറുടെ ‘ഹിന്ദുത്വ’ പ്രത്യയശാസ്ത്രം സ്വീകരിക്കുക വഴി ആര്‍.എസ്.എസ്സിന്റെ പാതയില്‍ നിന്നും വഴിമാറുന്നുമുണ്ട്. സ്വയം ഒരു കാഡര്‍ പാര്‍ട്ടിയായി മാറാന്‍ ‘ഹിന്ദുത്വ’ ബി.ജെ.പി യെ സഹായിച്ചേക്കാമെന്ന് ഈ പ്രക്രിയയ്ക്ക് നേതൃത്വം കൊടുത്ത അദ്വാനി കരുതിയിട്ടുണ്ടാവണം. മോദി അമിത്ഷാ നേതൃത്വം കാഡര്‍ പാര്‍ട്ടിയില്‍ നിന്നും ബി.ജെപി യെ ഒരു മാസ്സ് പാര്‍ട്ടിയായി രൂപാന്തരണം ചെയ്യുന്നുണ്ട്. ബി.ജെ.പി. പരിവാരമെന്നത് ഇന്ന് ഒരു പ്രത്യയശാസ്ത്ര കാലാവസ്ഥയാണ്. മണ്ഡല്‍ രാഷ്ട്രീയത്തേയും ഒരു പരിധിവരെ ഹിന്ദു എന്ന വിശാല സ്വത്വത്തില്‍ സ്വാംശീകരിക്കാനും അങ്ങിനെ അതിന്റെ വിപ്ലവമൂല്യത്തെ ഇല്ലാതാക്കാനും ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സംവരണം ബ്രാഹ്മണ്യ പാരമ്പര്യങ്ങള്‍ പുനഃസ്ഥാപിക്കല്‍ ഭരണഘടനയ്ക്കു പകരം ഹൈന്ദവ ആചാരഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപിടിക്കല്‍ എന്നു തുടങ്ങി ഒരു പ്രതി വിപ്ലവത്തിന് മോദി തുടക്കമിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ തന്റെ ഒ.ബി.സി സ്വത്വത്തെക്കുറിച്ച് വാചാലനാകുന്നുണ്ടെങ്കിലും ഒരു നവബ്രാഹ്മണ്യവ്യവസ്ഥയുടെ സ്ഥാപനത്തിന് നേതൃത്വം നല്‍കുകയാണ് പ്രധാനമന്ത്രിയായിരിക്കെ മോദി ചെയ്തു പോരുന്നത്. രാമമന്ദിര്‍ ശിലാചടങ്ങിലെ പ്രത്യേക സാന്നിധ്യവും പാര്‍ലമെന്റിലെ ചെങ്കോല്‍ സമര്‍പ്പണവും ഓര്‍ക്കുക. പുരോഹിതര്‍ക്ക് പ്രാധാന്യം നല്‍കുന്ന, അവരാശീര്‍വദിക്കുന്ന രാജസമാനമായ ഒരു ഭരണാധികാരിയായാണ് മോദി തന്നെ പ്രജാസമക്ഷം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭരണത്തിന്റെ ഭരണകൂടത്തിന്റെ ഭാഷതന്നെ ചാതുര്‍വര്‍ണ്ണ്യ സംവിധാനത്തിന്റെ സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ക്ഷാത്രവീര്യമാണ് ഭരണാധികാരിക്ക് വേണ്ടതെന്നും പ്രജകള്‍ കടമകള്‍ നിറവേറ്റിയാല്‍ മതി, അവകാശങ്ങളെപ്പറ്റി സംസാരിക്കരുത് എന്നുമുള്ള കാഴ്ചപ്പാടിന്റെ വേരുകള്‍ ഈ പാരമ്പര്യത്തില്‍ തന്നെയാണ് തേടേണ്ടത്.
ഈ രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് പ്രതിപക്ഷം ജാതി സെന്‍സസ്സും ഒ.ബി.സി. സംവരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബീഹാറിലെ ജാതി സര്‍വ്വേ ഈ രാഷ്ട്രീയത്തിന് ഇന്ധനം നല്‍കും.
മണ്ഡല്‍ 2.0 എന്ന സന്ദര്‍ഭത്തിന്റെ പ്രത്യേകത കോണ്‍ഗ്രസ്സ് നേതൃത്വം മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നു എന്നതാണ്. സോണിയ രാഹുല്‍ഗാന്ധി നേതൃത്വം സ്ത്രീ സംവരണത്തില്‍ ഒ.ബി.സി ക്വോട്ട ആവശ്യപ്പെട്ടതും ജാതി സെന്‍സസ്സിനെ പ്രചരണ ആയുധമാക്കുന്നതും മണ്ഡല്‍ 2.0 ന്റ ഒപ്പം നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അശോക് ഗെഹ്‌ലോട്ട് ഭൂപേഷ് ബാഗേല്‍ എന്നീ മുഖ്യമന്ത്രിമാര്‍ ഇത്തരമൊരു രാഷ്ട്രീയത്തെ സഹായിക്കും. മാലി എന്ന ഒ.ബി.സി സമുദായത്തില്‍ നിന്നും വരുന്ന ഗെഹലോട്ട് തന്റെ ഭരണത്തെ മാലി മോഡല്‍ ഓഫ് ഗവേര്‍ണന്‍സ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. തോട്ടക്കാരുടെ ജാതിയാണ് മാലി. രാജസ്ഥാന്‍ എന്ന തോട്ടത്തെ പരിപാലിക്കുന്ന മാലിക്കാണ് താന്‍ എന്ന് ഗെഹ്‌ലോട്ട് തന്നെത്തന്നെ വിശേഷിപ്പിക്കുന്നു. പ്രഥമ സേവക് എന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രി ഇപ്പോള്‍ അതു പറയാറില്ല. ‘ഇത് മോദിയുടെ വാഗ്ദാനം’ എന്നാണ് സ്വന്തം പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി ഇപ്പോള്‍ അവകാശപ്പെടാറുള്ളത്.
യു.പി, ബീഹാര്‍ സംസ്ഥാനങ്ങളിലെ ഒ.ബി.സി വിഭാഗങ്ങള്‍ ഇന്ന് പലപാര്‍ട്ടികളിലാണ്. അവരിലെ ഭൂരിപക്ഷ സമുദായങ്ങളായ യാദവരൊഴികെയുള്ളവരെ ബി.ജെ.പി തങ്ങള്‍ക്കൊപ്പം കൂട്ടിയിട്ടുണ്ട്. കമണ്ഡല്‍ രാഷ്ട്രീയം അവര്‍ക്ക് ഇന്ന് സ്വീകാര്യമാണ്. ബ്രാഹ്മണ്യ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രപരിസരം തിരസ്‌ക്കരിക്കേണ്ട ആവശ്യവും ഇപ്പോളവര്‍ക്കില്ല അതിനുവേണ്ടുന്ന പ്രത്യയശാസ്ത്ര പ്രവര്‍ത്തനമൊന്നും ഇപ്പോള്‍ ഒരു പാര്‍ട്ടിയും നടത്തുന്നില്ല; ലോഹ്യയും പിന്നീട് കാന്‍ഷിറാമുമാണ് ഹിന്ദി മേഖലയില്‍ അത്തരമൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശ്രമിച്ചവര്‍. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാവും സ്റ്റാലിന്റെ മകനുമായ ദയാനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ വിമര്‍ശിച്ചപ്പോള്‍ മണ്ഡല്‍ പാര്‍ട്ടികള്‍ നിശബ്ദത പാലിച്ചത് ഇക്കാരണത്താലാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സ്വീകാര്യത അവരെ ഭയപ്പെടുത്തുന്നു. അതിനെ നേരിടാനുള്ള പ്രത്യയശാസ്ത്ര സ്ഥൈര്യമോ, സംഘടനാമിടുക്കോ ഇന്ന് മണ്ഡല്‍ രാഷ്ട്രീയത്തിനില്ല. വേറിട്ട രീതിയില്‍ അത് ചെയ്യുന്നത് ഒരുപക്ഷേ രാഹുല്‍ ഗാന്ധിയായിരിക്കണം. ഭാരത് ജോഡോയാത്രയും മറ്റും ബദല്‍ രാഷ്ട്രീയ ഭാവന അവതരിപ്പിച്ചിരുന്നുവല്ലോ! ഇനി കാണേണ്ടത് മണ്ഡല്‍ 2.0 ല്‍ ഭാരതജോഡോയുടെ രാഷ്ട്രീയം എങ്ങനെ ഇഴുകിച്ചേരുമെന്നതാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാതിയുടെ പേരില്‍ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു എന്ന് മോദി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ജാതി രാഷ്ട്രീയത്തിന് ക്ലാസ്സ് രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടാണ് മോദി മറുപടി നല്‍കാന്‍ ശ്രമിക്കുന്നത്. കുടുംബപാരമ്പര്യത്തില്‍ മാത്രമാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സിന്റെ പിന്‍കാലബാധ്യതകള്‍ പേറുന്നത് എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. ജാതി മത ബോധത്തെക്കാള്‍ ഒരു യൂറോപ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിന്റെ പ്രകൃതമാണ് അയാളില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ ഒരു അടവ് നയത്തിലുപരിയായി കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനതലത്തിലുള്ള ഗതിമാറ്റവുമായി അവതരിപ്പിക്കാന്‍ രാഹുലിന് കഴിഞ്ഞേക്കും. എന്നാല്‍ സംഘടന എന്ന നിലയില്‍ ആ പാര്‍ട്ടിയില്‍ അത് സാധിക്കുമോ എന്ന് കണ്ടറിയണം. നിലവിലുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ജാതിസ്വഭാവം മണ്ഡല്‍ 2.0 നൊപ്പം നില്‍ക്കാന്‍ ആ പാര്‍ട്ടിയെ സഹായിക്കുമോ?
മണ്ഡലിന്റെ സ്‌കൂള്‍ വേറെയാണ്. അവിടെയല്ലല്ലോ കോണ്‍ഗ്രസ്സുകാര്‍ പഠിച്ചത്. ഉത്തര്‍പ്രദേശ് ബീഹാറിന്റെ കാര്യം വിടുക, കേരളത്തില്‍പോലും കോണ്‍ഗ്രസ്സിന് മണ്ഡല്‍ രാഷ്ട്രീയം പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല. സ്ത്രീകള്‍ ജാത്യാതീതമായി ഒ.ബി.സി കളാണെന്നും ഒ.ബി.സി എന്നാല്‍ അദര്‍ ബാക്ക്‌വേഡ് ക്ലാസ്സസ് എന്നാണ് നിര്‍വ്വചനം അവര്‍ക്ക് സംവരണം ആവശ്യമുണ്ടെന്നും പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടില്‍ ആദ്യമായി അവതരിപ്പിച്ചത് ലോഹ്യയായിരിക്കണം. ആ അര്‍ത്ഥത്തില്‍ സ്ത്രീ പ്രാതിനിധ്യം ഒരു മണ്ഡല്‍ രാഷ്ട്രീയ അജണ്ടയാണ്. ശരദ് യാദവിനെപ്പോലെയുള്ളവര്‍ അതിനെ എതിര്‍ത്തു എന്നത് മറ്റൊരു വൈരുദ്ധ്യം, അവരുടെ ഭീതിയും ജാതിയുടെ സാമൂഹ്യ മൂലധനത്തെക്കുറിച്ചുള്ള ധാരണയില്‍ നിന്നും ഉയര്‍ന്നുവന്നതാണെങ്കില്‍ പോലും.
ഏതായാലും, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന പ്രചാരണ പരിപാടികള്‍ നല്‍കുന്ന സൂചന 2024 ലെ പൊതുതിരഞ്ഞെടുപ്പ് മണ്ഡല്‍ കമണ്ഡല്‍ എന്ന ദ്വന്ദ്വത്തെ മുന്‍നിര്‍ത്തിയായിരിക്കും എന്നു തന്നെയാണ്. ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഒ.ബി.സികള്‍ക്കു പുറകെയാണ്. മണ്ഡല്‍ 2.0 ന് ക്വോട്ടാരാഷ്ട്രീയത്തിനപ്പുറത്ത് പുതുതായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കാണേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അന്ധര്‍ ആനയെ വിവരിച്ചതുപോലെ ‘ഒ.ബി.സി’ എന്ന രാഷ്ട്രീയ സമുദായത്തെപ്പറ്റി പല വീക്ഷണങ്ങള്‍ അവതരിപ്പിക്കുക എന്നതിലപ്പുറം സമഗ്രമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല.
കടപ്പാട് പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in