കര്‍ണാടകയില്‍ നിന്ന് കേരളത്തിലെ സിവില്‍ സമൂഹം പഠിക്കേണ്ടത്

കര്‍ണാടകം തെരഞ്ഞെടുപ്പില്‍ സിവില്‍ സമൂഹം എങ്ങനെ ഇടപെട്ടു എന്നും അത് കേരളം പോലൊരു സംസ്ഥാനത്ത് എത്രമാത്രം വിജയകരമായി നടപ്പാക്കാമെന്നുമുള്ള ഒരു ചര്‍ച്ച അനിവാര്യമാണെന്ന് തോന്നുന്നു. അതിനുള്ള ഒരു ആമുഖമായിട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. വിശദമായ സംവാദങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്. അതിനു ആദ്യമായി അവിടെ നടന്നത് എന്താണെന്ന് അറിയണം.

കര്‍ണാടകയിലെ അനുഭവങ്ങള്‍

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരിയ ഒരു പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നല്ലോ ആ തെരഞ്ഞെടുപ്പ് ഫലം. അവിടെ ബിജെപിയുടെ ദയനീയ പരാജയത്തിനും കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയത്തിനും കാരണമായ നിരവധി ഘടകങ്ങളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, കോണ്‍ഗ്രസ്ഡിലെ അനൈക്യത്തിന് വിരാമമായത്, സിദ്ധാരാമയ്യയുടെ പ്രതിഛായ , ഡികെ ശിവകുമാര്‍ എന്ന പിസിസി അധ്യക്ഷന്റെ ദൃഢനിശ്ചയവും ബലവും, സര്‍ക്കാരിന്റെ അഴിമതി, വിലക്കയറ്റം, വര്‍ഗീയ വിഭജനപരിപാടികള്‍, വികസനമെന്ന പേരില്‍ നടത്തിയ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ..ഇവയെല്ലാം ഏറെ ഉയര്‍ത്തിക്കാട്ടപ്പെട്ടതാണ്. എന്നാല്‍ സിവില്‍ സമൂഹത്തിലെ ഒരു വലിയ സംഘം മാസങ്ങളായി അവിടെ ഏറെ താഴെ തട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങളില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

ഈ ഇടപെടലിന് ഒട്ടനവധി സവിശേഷതകള്‍ ഉണ്ടായിരുന്നു. ഏറെ വ്യത്യസ്തരും ആത്മാര്ഥതയുള്ളവരും വാളേ ഗൗരവത്തോടെ ജീവിതത്തെ സമീപിക്കുന്നവരുമായ ഒരു കൂട്ടം ആളുകള്‍, അവരുടെ വ്യത്യസ്തത വീക്ഷനഖങ്ങളും അനുഭവങ്ങളും പരസ്പരം അംഗീകരിച്ചു കൊണ്ട് തന്നെ ഒരേ വേദിയില്‍ ഒത്തു ചേര്‍ന്ന് എന്നതാണ് ഒന്നാമത്തെ സവിശേഷത.

ഇങ്ങനെ ഒത്ത്കൂട്ടിയവര്‍ ഒരേയൊരു ജനാധിപത്യ പരിേ്രപക്ഷ്യത്തോടെ ഐക്യപ്പെട്ട ഘടനയില്‍ നിന്ന് കൊണ്ട് ഏതെങ്കിലും കക്ഷിയുടെ വക്താവാകാതെ പ്രവര്‍ത്തിച്ചു എന്നതാണ് രണ്ടാമത്തെ സവിശേഷത. സിവില്‍ സമൂഹത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ തത്വാധിഷ്ഠിതമായി താഴെ തട്ടില്‍ പ്രചാരണം നടത്തി എന്നതാണ് മൂന്നാമത്തെ സവിശേഷത. തത്വാധിഷ്ടിതം എന്നത് കൊണ്ട് പ്രായോഗികമല്ലാത്തതും അരാഷ്ട്രീയവുമായ പ്രവര്‍ത്തനമല്ല അവിടെ നടത്തിയത്. താഴെ തട്ടിലുള്ള യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഏറെ ശ്രദ്ധയോടെയും ക്രിയാത്മകമായും പ്രചാരണരീതികള്‍ രൂപപ്പെടുത്തിയത് എന്നതാണ് നാലാമത്തെ സവിശേഷത. ആ ഫലം കാണിക്കുന്നത് ഈ പ്രവര്‍ത്തനനം വോട്ടിങ് രീതികളില്‍ വ്യക്തമായി പ്രവര്‍ത്തിച്ചു എന്ന് തന്നെയാണ്. മുന്‍കാല തെരഞ്ഞെടുപ്പ് പ്രവര്‍ത്തന അനുഭവങ്ങള്‍ വച്ചുകൊണ്ട് , അവയുടെശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ പറയാം ഈ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിരുന്നു. തീര്‍ത്തും പുതിയ രീതിയിലുള്ള ശ്രമം ആയിരുന്നു ഇത്.

മുമ്പ് തന്നെ പല ഒരുക്കങ്ങളും നടത്തിയിരുന്നു എങ്കിലും അവസാനത്തെ പത്ത് ആഴ്ചകളില്‍ തുടര്‍ച്ചയായി ഏറെ കഠിനമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. സമൂഹത്തെ കുറിച്ചുള്ള അടിസ്ഥാന ധാരണ രൂപപ്പെടുത്തല്‍, വ്യത്യസ്തത ടീമുകളെ തയ്യാറാക്കല്‍, പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍, സാമൂഹ്യ പൊതു മാധ്യമങ്ങളിലൂടെയുള്ള ശക്തമായ പ്രചാരണങ്ങള്‍ ആവിഷ്‌കരിക്കാന്‍, വളണ്ടിയര്‍മാരുടെ ശ്രുംഖലകള്‍ സൃഷ്ടിക്കല്‍ വിവിധ മണ്ഡലങ്ങളിലും ബൂത്തുകളിലും സര്‍വേകള്‍ നടത്തല്‍, ആവശ്യമായ പ്രചാരണമെറ്റീരിയലുകള്‍ തയ്യാറാക്കല്‍ മുതലായവ ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങേണ്ടതായി വന്നു. വിവിധ വിഭാഗങ്ങളുമായി ശക്തമായ ഇടപെടുന്നതും സംസാരിക്കുന്നതും ഏറെ ബുദ്ധിമുട്ടായിരുന്നു.

എല്ലാ പ്രതിപക്ഷ കക്ഷികളും ഒരേ തരത്തിലുള്ള ജനകീയാവശ്യങ്ങള്‍ അംഗീകരിക്കുക, അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും ആവശ്യങ്ങളാണ് അവ എന്നുറപ്പു വരുത്തുക, സത്യമായിരുന്നു എന്ന് തെളിഞ്ഞ ദേശീയ തലത്തിലുള്ള ശാസ്ത്രീയ സര്‍വേ ഫലങ്ങള്‍ വച്ച് കൊണ്ട് ജനങ്ങളെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, തുടങ്ങി വ്യത്യസ്ത കോണുകളില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതായി വന്നു. വാര്‍ത്താ ഭാരതി, ഗൗരി മീഡിയ, പീപ്പിള്‍ മീഡിയ തുടങ്ങിയ ജനകീയ മാധ്യമങ്ങളിലൂടെ ഇടപെടാന്‍ കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച യുവജനങ്ങളുടെ അത്യുജ്വലമായ ആവേശം മൂലം വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു. ഭരണത്തിന്റെ ദുഷിച്ച വശങ്ങള്‍ തുറന്നു കാട്ടുന്നതില്‍ ‘ബഹുത്വ’ എന്ന മാധ്യമം വലിയൊരു പങ്കു വഹിച്ചു. അവര്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതില്‍ പ്രവര്‍ത്തിച്ച വ്യത്യസ്ത അനുഭവങ്ങള്‍ ഉള്ളവരുടെ സംഭാവനകളും ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ‘ ബിജെപിയെ തോല്‍പ്പിക്കുക അവര്‍ക്കു വോട്ടു ചെയ്യാതിരിക്കുക’ എന്ന മുദ്രാവാക്യം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ അലയടിച്ചു. ഇതൊരു ചെറിയ നേട്ടമായിരുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യം മുതല്‍ ഏറെ ശ്രദ്ധിച്ചിരുന്നു. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു എങ്കിലും മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വിശ്വാസ്യത നേടിയെടുത്ത നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ ഈ പരിപാടിയില്‍ അണിനിരത്താന്‍ കഴിഞ്ഞു. ഒപ്പം എദ്ദെലു കര്‍ണാടക എന്ന ഈ വേദിയുടെ നിയന്ത്രണങ്ങലും തീരുമാനങ്ങളും പാലിക്കാന്‍ അവരെല്ലാം തയ്യാറായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വളന്റിയര്മാര്ക്ക് ഈ നിലപാട് ഏറെ സ്വാഗതാര്ഹമായിരുന്നു.

ഈ ശ്രമങ്ങളെ മുളയിലേ നുള്ളാന്‍ വേണ്ടി ബിജെപിയും വലതുപക്ഷ ശക്തികളും തുടക്കം മുതലായ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനെ ഏതെങ്കിലും കക്ഷിയുടേതെന്നു സ്ഥാപിക്കാനും പ്രാന്തവല്‍ക്കരിക്കാനും ഇകഴ്ത്തിക്കാട്ടാനും അവര്‍ എപ്പോഴും കാത്തു നിന്നിരുന്നു. എന്നാല്‍ അവര്‍ക്കൊരു പഴുതും നല്‍കാതെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞു. അതുകൊണ്ടെല്ലാം തന്നെ സാധാരണ രീതിയില്‍ ഇത്തരം കൂട്ടായ്മകള്‍ക്കെതിരെ ഉയര്ന്നു വരാവുന്ന ദുഷ്പ്രചാരണങ്ങള്‍- കോണ്‍ഗ്രസിന്റെ വാലാണ്, അവര്‍ ഫണ്ട് ചെയ്യുന്നതാണ്,അവര്‍ പണം നല്‍കാമെന്ന് ഏറ്റിട്ടുണ്ട് ,തുടങ്ങിയവയൊന്നും- ഇപ്പോള്‍ അവര്‍ക്കു ഉന്നയിക്കാന്‍ കഴിയുന്നില്ല. ബിജെപി വിരുദ്ധത എന്നതിനെ ഒരിക്കലും കോണ്‍ഗ്രസ് പക്ഷം എന്ന് പറയാന്‍ കഴിയില്ല. അതിസങ്കീര്‍ണ്ണമായ ഈ ഘട്ടത്തില്‍ തീര്‍ത്തും മഹത്തായ പൊതുതാല്പര്യത്തിനു വേണ്ടി വലിയൊരു കൂട്ടം മനുഷ്യര്‍ നടത്തിയ ശ്രമകരമായ ഈ പ്രവര്‍ത്തനങ്ങല്‍ അനിവാര്യമായിരുന്നു. ഇതൊരു തുടക്കം മാത്രം . ഇനിയും ഏറെ ദൂരം പോകാനുണ്ട്, പഠിക്കാനുണ്ട്, സ്വയം മാറാനുമുണ്ട്.

ആരാണ് സിവില്‍ സമൂഹത്തെ രൂപപ്പെടുത്തുന്നത് ? എന്താണത് ചെയ്യുന്നത്?

എങ്ങനെയാണ് കര്‍ണാടകയിലെ പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ ഒരു സിവില്‍ സമൂഹം പോരാട്ടം നടത്തി ജനാധിപത്യത്തിന്റെ കാവല്‍ നായ ആയി നിലയുറപ്പിച്ചത്? ജനാധിപത്യത്തെ വിലകുറച്ചു കൊണ്ട് വിദ്വേഷത്തിന്റെ അലകള്‍ പടര്‍ത്തിക്കൊണ്ട് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവിടെ ജനാധിപത്യത്തിന്റെ പരിമിതമായ ഒരിടം കണ്ടെത്തി സര്‍ക്കാരിന്റെ പാരാജയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി അവിടെ സിവില്‍ സമൂഹം എന്താണ് ചെയ്തുകൊണ്ടിരുന്നതെന്നു സൂക്ഷ്മമായി പരിശോധിക്കുന്നത് ഉചിതമായിരിക്കും.  In the context of the Congress’s big victory in Karnataka, it would be appropriate to take a closer look at what the civil society has been doing there in the last few years. സിവില്‍ സമൂഹത്തില്‍ സാമൂഹ്യപ്രവര്‍ത്തകരും സാധാരണ മനുഷ്യരും അഭിഭാഷകരും ഡോക്ടര്‍മാരും ഡിസൈനര്മാരും സന്നദ്ധ സംഘടനകളുമെല്ലാം പെടുന്നു. ജാതി, മതം, ലിംഗം, തുടങ്ങിയവയിലെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍ണ് ഇവര്‍. കര്‍ണാടകത്തില്‍ ശക്തമായ ഒരു സിവില്‍ സമൂഹം ഉണ്ടായിരുന്നതും അവര്‍ക്കു ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ഇടപെടാന്‍ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമാണ്. അതെങ്ങനെ സാധ്യമായിഎന്ന ഒരു പഠനമാണിത്.

ഈ പരീക്ഷണം തെരഞ്ഞെടുപ്പ് രംഗത്തു ഏറെ പുതുമയുള്ളതായിരുന്നു. അത് ഇപ്പോള്‍ വിജയിക്കുകയും ചെയ്തു. ബിജെപിയുടെ ഉയര്‍ച്ചയെ ഈ സംസ്ഥാനത്തെങ്കിലും തടയാന്‍ ഇത് വഴി കഴിഞ്ഞു. എന്നാല്‍ ഇത് മഹത്തായ ഒരു ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിന് ആദ്യ പടിയായി മാത്രമേ കാണാന്‍ കഴിയൂ. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെങ്കിലും ഈ പരീക്ഷണം കൂടുതല്‍ വികസിപ്പിച്ചു കൊണ്ട്, വിവിധ വിഭാഗം ജനങ്ങളെ യോജിപ്പിച്ചു കൊണ്ട് , മെച്ചപ്പെട്ട ഒരു ഭാവിലയിലേക്കു മുന്നേറാനുള്ള ആത്മവിവിശ്വാസം നല്‍കുന്നുണ്ട്. ഇതില്‍ ഉയര്‍ന്നു വന്ന ആവേശം ശുഭസൂചകമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള സമരപോരാട്ടങ്ങള്‍ക്കു ആവേശം നല്‍കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിലും 2024 ലും സമാനമായ പരീക്ഷണങ്ങള്‍ നടത്താണ് ഉള്ള വഴി കാട്ടുന്നു. സ്വയം നിര്‍മ്മിക്കാനും പുനര്‌നിര്മ്മിക്കാനും വേണ്ട അല്‍പ സാമ്യം നമുക്കിത് വഴി കിട്ടുന്നു. ഈ വിജയകരമായ പരീക്ഷണത്തിന്റെ സന്ദേശം സുഹൃത്തക്കള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും മറ്റു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. അവൈറ്റിയുള്ള പല ജനകീയ പ്രസ്ഥാനങ്ങളും ഇത് പഠിക്കാന്‍ താല്പര്യം എടുക്കുന്നുണ്ട്

മൊത്തത്തില്‍ എടുത്താല്‍ ഈ പരീക്ഷണം ഒരു വലിയ അനുഭവവിദ്യാഭ്യാസമായിരുന്നു എന്ന് പറയേണ്ടതില്ല. ഇതില്‍ നിരവധി കുറവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ പല കോണുകളില്‍ നിന്നും ഗഹനമായി വിശകലനം ചെയ്യേണ്ടതുണ്ട്. ഈ ഫലങ്ങളില്‍ എദ്ദെലു കര്‍ണാടക എന്ന പ്രയത്നം എത്രമാത്രം സ്വാധീനം ചെലുത്തിയെന്നു വസ്തുനിഷ്ഠമായി വിശകലനം ചെയ്യേണ്ടതുണ്ട്. അതില്‍ നമ്മടെ പങ്കെന്തായിരുന്നു, ഓരോയിടത്തും നാമെടുത്ത സ്‌റ്റെപ്പുകള്‍ശരിയായിരുന്നുവോ എന്നൊക്കെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ അനുഭവങ്ങള്‍ വച്ച് കൊണ്ട് ഓരോ സംസ്ഥാനത്തും അവരവര്‍ക്കു യോജിച്ച വിധത്തിലുള്ള കര്‍ണാടക മാതൃക രൂപപ്പെടുത്തേണ്ടതുണ്ട്.

ഈ പരിശ്രമത്തില്‍ ഓരോരുത്തരുടെയും പങ്കുകളെ പ്രകീര്‍ത്തിക്കുമ്പോഴും നമ്മള്‍ വിനയാന്വിതരാകേണ്ടതുണ്ട്. വരും കാലങ്ങളും ജനകീയ മുന്നേറ്റങ്ങള്‍ക്കൊപ്പം യോജിക്കാവുന്ന മുഴുവന്‍ പേരെയും ചേര്‍ത്തുകൊണ്ട് ആവേശത്തോടെ ഗൗരവത്തോടെ നില്‍ക്കുമെന്ന് നമ്മള്‍ സ്വയം പ്രഖ്യാപിക്കേണ്ടതുണ്ട്. ഒരുപാട് ചെയ്യാനുണ്ട്. അതുകൊണ്ട് ഈ ലക്ഷ്യം സാധ്യമാണെന്ന ബോധ്യത്തോടെ നാം ഐക്യത്തോടെ നില്‍ക്കുക.

ഈ ശ്രമങ്ങള്‍ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്.

2019 ഡിസംബറില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ട് ബിജെപി എംപി ആയ തേജസ്വി സൂര്യ നടത്തിയ ഒരു പ്രസംഗത്തില്‍ മുസ്ലിങ്ങളെല്ലാം പങ്ചര്‍ ഒട്ടിക്കുന്നവരാണെന്നു (പങ്ചര്‍ വാലാസ്) പറയുകയും ആ സമൂഹത്തിനു മേല്‍ വെറുപ്പിന്റെ കരിമഴ പെയ്യിക്കുകയും ചെയ്തു. പൗരത്വ ഭേദഗതിയെയും ദേശീയ പൗരത്വ രെജിസ്റ്ററിനെയും പിന്തുണച്ചു കൊണ്ടും വിദ്വേഷത്തിന്റെ വിഷം ചീറ്റിക്കൊണ്ടും അയാള്‍ നിരവധി ഇടങ്ങളില്‍ പ്രസംഗിച്ചു. ഇതില്‍ സഹികെട്ട ഒരു കൂട്ടം വ്യക്തികളും സംഘടനകളും ചേര്‍ന്ന് നവ ഭാരതീയരു എന്ന വിശാലമായ ഒരു ഐക്യനിര രൂപപ്പെടുത്തിക്കൊണ്ട് അയാളുടെ ജയനഗറിലുള്ള ഓഫിസിനു മുന്നിലേക്ക് ഒരു പ്രതിഷേധക് മാര്‍ച്ച് സംഘടിപ്പിച്ചു. ദളിത്, മുസ്ലിം, ക്രിസ്ത്യന്‍ , സ്ത്രീ, ഭിന്നലിംഗക്കാര്‍, ഇടതുപക്ഷ ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ അണിനിരന്ന ഈ കൂട്ടായ്മയില്‍ അയ്യായിരത്തോളം പേര് പങ്കെടുക്കുകയും ഭരണഘടനാ സംരക്ഷിക്കുമെന്നും പൗരത്വഭേദഗതിയെ എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചു.

രാജ്യമാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി കര്‍ണാടകയിലും ബംഗളൂരുവിലും ഉയര്‍ന്നുവന്നതിന്റെ തുടക്കമായിരുന്നു 2019 ഡിസംബര്‍ മാസത്തില്‍ ബംഗളൂരു ടൌണ്‍ ഹാളില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം. സമ്മേളനം പരാജയപ്പെടുത്തതാണ് തലേന്ന് തന്നെ നഗരത്തില്‍ 144 പ്രഖ്യാപിച്ചു. ആ വിളക്കുകളില്‍;ലാം ലംഘിച്ചു കൊണ്ട് ആയിരങ്ങള്‍ ടൌണ്‍ ഹാളിലേക്ക് ഒഴുകിയെത്തി. പലരെയും പോലീസ് തടഞ്ഞുവക്കുകയും ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുകയും ചെയ്തെങ്കിലും കൂടുതല്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ പോലീസ് ആ ശ്രമം ഉപേക്ഷിച്ചു. സമ്മേളനം അവസാനിച്ചതോടെ പിടിച്ചു വച്ചവരെയെല്ലാം വിടാന്‍ പോലീസ് തയ്യാറായി.

.ബിജെപി സര്‍ക്കാരിന്റെ എല്ലാ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്കുമെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നു വന്നു. ഈ പ്രതിഷേധങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെ തീരുമാനം മാറ്റിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും സിവില്‍ സമൂഹത്തിനു കര്‍ണാടകയിലെ ജനങ്ങളുമായി ഒരു അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞു.

കോവിഡ് മഹാമാരി കാലത്തും സിവില്‍ സമൂഹം അവരുടെ സമ്മര്‍ദ്ദം തുടര്‍ന്ന് കൊണ്ടിരുന്നു. മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികള്‍ക്കാവശ്യമായ ബസുകളും സമാശ്വാസ സൗകര്യങ്ങളും നല്കാത്തതിനെതിരെയും . മഹാമാരിയെ തന്നെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും മെഴുകുതിരി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. മേഴ്‌സി മിഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച സിവില്‍ സമൂഹക്കൂട്ടായ്മ സര്‍ക്കാര്‍ ചെയ്യേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാമാരി ഒന്നടങ്ങിയപ്പോള്‍, ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കൊണ്ട് വന്നു. കേന്ദ്രത്തിന്റെ കര്‍ഷകനിയമങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഭൂപരിഷ്‌കരണ നിയമത്തിനെതിരെയും കര്‍ഷകരുടെ സംഘടനകളും ദളിത് സംഘടനകളും ട്രേഡ് യൂണിയനുകളും അടങ്ങുന്ന ഒരു മഹാസഖ്യം 2020 സെപ്റ്റംബര്‍ 28 നു ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്ന് കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചു.

ദളിത് സമര സംഘടനകളുടെ നീലക്കൊടികളും കര്‍ണാടക കര്‍ഷകരുടെ പച്ച ഷാളുകളും ട്രേഡ് യൂണിയനുകളുടെ ചുവപ്പു കൊടികളും കര്‍ണാടകയുടെ ചുവപ്പും മഞ്ഞയും ചെന്ന കൊടികളും കൂടിക്കലര്‍ന്ന ഒരു മഹാ മഴവില്ലായി അത് മാറി. നഗരത്തിലെ ഓട്ടോ തൊഴിലാളില്‍ യൂണിയനുകളും കര്‍ണാടക രക്ഷണ വേദിക തുടങ്ങിയ സംഘടനകളും പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നു. എല്ലാ ജില്ലകളിലും ഒട്ടുമിക്ക താലൂക്കുകളിലും കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം നടന്നു. കര്‍ഷകരുടെ സ്ത്രീ സംഘടനയായ ‘നമ്മൂറ ഭൂമി നമാഗിരാലി’ സ്വന്തം കൃഷിയിടങ്ങളില്‍ നിന്ന് കൊണ്ട് പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി.

എല്ലാ മേഖലകളിലും ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. ആ മേഖലകളിലെല്ലാം ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരികയും ചെയ്തു. 2022 ന്റെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ തികച്ചും മനുഷ്യത്വരഹിതമായ ഒരു ഉത്തരവിറക്കി.ഈ പീഡന നീക്കത്തിനെതിരെ വ്യാപകമായി പരാതികള്‍ നല്‍കാന്‍ ബഹുത്വ കര്‍ണാടകം, എസഐഒ തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിച്ചു. ഈ ഒരു വിഷയത്തിലാണ് ആവശ്യമായ രീതിയില്‍ സിവില്‍ സമൂഹ പ്രതിരോധം ഉയര്‍ന്നു വരാതിരുന്നത്. ഇതിനെതുടര്‍ന്ന് ഹലാല്‍ ഭക്ഷണം നിരോധിക്കുന്നതിനും മുസ്ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കുന്നതിനും ആവശ്യപ്പെടുക വഴി അവരുടെ ആത്മാഭിമാനത്തെ കൂടുതല്‍ മുറിപ്പെടുത്തി. സര്‍ക്കാരിന്റെ ഈ ഇസ്ലാം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ അവരുടെ സമൂഹത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നു വന്നു. ഇതിനെതിരെ ബഹുത്വ കര്‍ണാടക സംഘടിപ്പിച്ച ഒരു പ്രതിഷേധം ആദ്യം പോലീസ് തടഞ്ഞു എങ്കിലും പിന്നീട് അനുവദിച്ചു. സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം സംഘടനകള്‍ തന്നെ തങ്ങളുടെ കടകള്‍ അടച്ചു ഒരു സന്നദ്ധ ഹര്‍ത്താല്‍ നടത്തി.

ഈ വിദ്വേഷപ്രചരണങ്ങളെ പ്രതിരോധിക്കുന്നതിനായും സമാശ്വസിപ്പിക്കുന്നതിനായും ഉഡുപ്പിയില്‍ സിവില്‍ സമൂഹം നടത്തിയ ‘സമരസായ നടികെ, സമഭാവേ സമവേഷ’ (സൗഹാര്‍ദ്ദത്തിനായി ഒരുനടത്തം, സഹജീവനത്തിനായി ഒരു സമ്മേളനം ) പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത മതപുരോഹിതന്മാര്‍ അടക്കം വിവിധ ജീവിതതുറകളില്‍ പെട്ട പതിനായിരത്തിലധികം പേര്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തി വിദ്വേഷത്തെ ചെറുക്കാനും സ്‌നേഹത്തോടെ ജീവിക്കാനും ആഹ്വാനം ചെയ്തു. ഈ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വിപുലമായ സാമൂഹ്യമാധ്യമ പ്രചാരണങ്ങളില്‍ കര്‍ണാടകയുടെ വൈവിധ്യപൂര്ണമായ സാംസ്‌കാരിക പാരമ്പര്യം ഓര്‍മ്മിപ്പിക്കുന്ന കുവെംപു , ശാന്ത ശിശുനാല, അക്ക മഹാദേവി, ബസവണ്ണ തുടങ്ങിയവരുടെ ഉദ്ധരണികള്‍ വ്യാപകമായി നിറഞ്ഞു നിന്നു. ഹുളി വേഷയും മറ്റു നാടോടി നൃത്തങ്ങളും കൊണ്ട് സമൃദ്ധമായിരുന്ന സൗഹൃദ നടത്തം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റി.. സൗഹൃദ നടത്തത്തിന് ആവേശം പകര്‍ന്ന വിപ്ലവ കവികളായ കുവെംപു, ബസവണ്ണ, തുടങ്ങിയവരുടെ ഗീതങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കി.

ബഹ്മണാധിപത്യ മൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി പുരോഗമനചിന്തകരുടെ രചനകള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുകയും ബസവണ്ണ പോലുള്ളവരെ വ്യാഖ്യാനിച്ചു ജാതി വ്യവസ്ഥയുടെ വക്താക്കളുമാക്കി. ഇതിനെതിരായ പ്രക്ഷോഭങ്ങളില്‍ ദളിത്, മുസ്ലിം ഗ്രൂപ്പുകള്‍ക്കും വിദ്യാഭ്യാസവിദഗ്ധര്‍ക്കുമൊപ്പം പിന്നോക്ക വിഭാഗത്തില്‍ പെട്ട മഠങ്ങളും അതിലെ പുരോഹിതരും തെരുവില്‍ ഇറങ്ങി. സമ്മര്‍ദ്ദത്തിന് വഴങ്ങായ് ചില ഭാഗങ്ങള്‍ സര്‍ക്കാരിന് പിന് വലിക്കേണ്ടി വന്നു. ബിജെപിയുടെ ബ്രഹ്മാധിപത്യ സ്വഭാവം ഈ പോരാട്ടങ്ങളിലൂടെ തുറന്നു കാട്ടപ്പെട്ടു.

സമാവേശ പോലുള്ള ആവേശകരമായ സിവില്‍ സമൂഹ ഇടപെടലുകള്‍ സര്‍ക്കാരിന്റെ നിരവധി ജനവിരുദ്ധ നയങ്ങളെ ശക്തമായി വെല്ലുവിളിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തുമുള്ള സ്ത്രീകള്‍ തങ്ങള്‍ക്കു തൊഴിലും ഉള്ള തൊഴിലിനു മാന്യമായ വേതനവും സ്ഥിരതയും ആവശ്യപ്പെട്ടുകൊണ്ട് സമരരംഗത്തിറങ്ങി. കരാര്‍ ജീവനക്കാര്‍ക്ക് ബൊമ്മെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താമെന്നു നല്‍കിയിരുന്ന ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങി. ദേശീയ ഗ്രാമീണ്‍ആരോഗ്യ മിഷന്‍ പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി സമരം ചെയ്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ വേണ്ടിവോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാരിനെ നാണം കെടുത്തിക്കൊണ്ട് അംഗനവാടി ജീവനക്കാര്‍ ജനുവരിയിലെ കൊടും തണുപ്പത്ത് മൂന്നു ദിവസംതെരുവില്‍ കിടന്നു സമരം ചെയ്തു.

സ്ത്രീകളുടെ ഗ്രൂപ്പുകളും സര്‍ക്കാരിനെ തറപറ്റിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ഗാര്‍ഹിക ലൈംഗിക പീഡനങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കു സമാശ്വാസമായിരുന്ന സാന്ത്വന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ സ്ത്രീകള്‍ ശക്തമായി രംഗത്തിറങ്ങി. അന്തര്‍ദേശീയ വനിതാ ദിനമായ മാര്‍ച് എട്ടു ഹിജാബ് നിരോധനത്തിനെതിരായ ആവേശകരമായ സമരത്തിനുള്ള അവസരമായി മാറി.

ബള്‍കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളാക്കപ്പെട്ടവരെ വെറുതെ വിട്ടതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ ‘നവേദ്ദു നിലദിദ്ദാരെ’ എന്ന സംഘടന വലിയൊരു പരിപാടി സംഘടിപ്പിച്ചു. കേവലം ഒപ്പുശേഖരണത്തിനു പകരം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു കൊണ്ട് ജനങ്ങളുമായി സംസാരിച്ചു ആയിരക്കണക്കിന് പോസ്റ്റ് കാര്‍ഡുകള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനയച്ചു കൊടുത്തു.

കടുത്ത അടിച്ചമര്‍ത്തലുകളും വിദ്വേഷ പ്രചാരണങ്ങളും നിരവധി വ്യത്യസ്ത ഗ്രൂപ്പുകളെ ഒരുമിപ്പിക്കാന്‍ സഹായകമായി. പലകാരണങ്ങള്‍ കൊണ്ട്വിഘടിച്ചു പോയിരുന്ന ദളിത് സംഘര്‍ഷ സമിതിയുടെ വ്യത്യസ്ത വിഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്നുകൊണ്ട് മഹാ നിര്‍വ്വാണ ദിവസമായ ഡിസംബര്‍ ആറിന് ഒരു മഹത്തയ ജനകീയ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെ പേര്‍ അതില്‍ പങ്കെടുത്തു. ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താനും മതംമാറ്റ നിരോധന നിയമം, ഗോവധ നിരോധന നിയമം, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരായ നിയമങ്ങള്‍ തുടങ്ങിയവയെല്ലാം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്താനും ആ സമ്മേളനം തീരുമാനിച്ചു. ഹോയ്ല, മാഡിഗ സമുദായങ്ങള്‍ ഒന്നിച്ചു നിന്ന് കൊണ്ട് ആന്തരിക സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

വളരെയധികം ഇടിഞ്ഞുപോയ തേങ്ങയുടെ വില സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തെങ്ങു കര്‍ഷകര്‍ ഈ വര്ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തിപ്തറിനില്‍ ഒരു മാസം നീണ്ട സമരം നടത്തി. ഈ പ്രക്ഷോഭകരെ ഭയന്ന് കൊണ്ട് ആ മണ്ഡലത്തില്‍ ബിജെപി നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലി റദ്ദാക്കേണ്ടി വന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ ജനാധിപത്യപരവും ജനകീയവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി നിരവധി സിവില്‍ സമൂഹ സംഘടനകള്‍ രംഗത്തിറങ്ങി. വിവിധ വിഭാഗം ജനങ്ങളുടെ സര്‍ക്കാര്‍ വിരുദ്ധവികാരം ഏകീകരിക്കുന്നതിനായി പലജില്ലകളില്‍ നിന്നായി ദേവനൂര്‍ മഹാദേവ, റഹ്മത് ടാരിക്കാരെ, ദു.സരസ്വതി, പുരുഷോത്തമ ബില്‍വാലേ തുടങ്ങിയ സാംസ്‌കാരിക നേതാക്കളും ബുദ്ധിജീവികളും നേതൃത്വം നല്‍കിക്കൊണ്ട് ‘എദ്ദേലു കര്‍ണാടകം’ (കര്‍ണാടക ഉണരുക) എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. ഈ മുന്നണി ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു- പുതിയ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട് എന്നുറപ്പാക്കല്‍ ആദ്യപടിയായിരുന്നു.സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ പത്രസമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തി. സര്‍ക്കാര്‍ നയങ്ങള്‍ മൂലം ജനങ്ങള്‍ നേരിട്ട വിഷമതകള്‍ വിവരിക്കുന്ന ലഘുലേഖകള്‍ ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്തു.

ചേരികളില്‍ ജീവിക്കുന്നവരുടെ സംഘടനയായ ‘സ്ലം ജന ആന്ദോളന്‍ കര്‍ണാടക’ വീടുകള്‍ തോറും കയറി ഇറങ്ങി ചേരിനിവാസികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സ്റ്റിക്കറുകള്‍ എത്തിച്ചു. കര്‍ഷകരും ദളിതരും തൊഴിലാളികളും ഒന്ന് ചേര്‍ന്ന് രൂപം നല്‍കിയ ‘സംയുക്ത ഹൊരാറ്റ’ അവരുടെ പ്രകടന പത്രിക പ്രസിദ്ധീകരിച്ചു.

വിദ്വേഷപ്രചാരങ്ങള്‍ക്കെതിരെയും അവ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ശക്തമായ പ്രചാരണം ഏറ്റവും പ്രധാനമായിരുന്നു. എന്തെല്ലാമാണ് വിദ്വേഷപ്രചാരണങ്ങളെന്നും അതിനെതിരെ സാധാരണ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കണമെന്നും വിശദീകരിക്കുന്ന ലഘുലേഖകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഈശ്വരപ്പ, മുനിര്തന എന്നീ നേതാക്കള്‍ക്കെതിരെ ഈ വിഷയത്തില്‍ കേസുകള്‍ എടുപ്പിക്കാനായി.

മറ്റു രാഷ്ട്രീയ കക്ഷികളുടെ പ്രകടനപത്രികകള്‍ പുറത്തു വരുന്നതിനു മുമ്പ് തന്നെ സിവില്‍ സമൂഹം ഒരു ജനകീയ പ്രകടനപത്രിക പ്രസിദ്ധീകരിക്കുകയും അവയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തങ്ങളുടെ പ്രകടനപത്രികകളില്‍ ഉള്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

കര്‍ണാടകയുടെ വൈവിധ്യം നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ബഹുത്വ കര്‍ണാടക എന്ന വിശാല സഖ്യം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ കക്ഷികള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായിട്ടുള്ള ഈ അവലോകനങ്ങള്‍ തയ്യാറാക്കിയത് അക്കാദമിക വിദഗ്ധരും സിവില്‍ സമൂഹത്തിലെ ഉന്നതരും ചേര്‍ന്നായിരുന്നു. ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഒന്നൊന്നായി ഇതില്‍ ചൂണ്ടക്കാട്ടി. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ ഇല്ലായ്മയില്‍ എങ്ങനെയാണ് കര്‍ണാടക നമ്പര്‍ വണ്‍ ആകുന്നതെന്നു വിദ്യാഭ്യാസ റിപ്പോര്‍ട്ട് തെളിയിച്ചു. ഇന്ദിരാ കാന്റീനുള്ള ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കല്‍, മഹാമാരിക്കാലത്തു സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഡ്രൈ റേഷന്‍ നിര്‍ത്തലാക്കല്‍ , കന്നുകാലികളെ കൊല്ലുന്നത് തടയല്‍ നിയമം വഴി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പോഷകാഹാരത്തിലുണ്ടായ തകര്‍ച്ച മുതലായവ മൂലം പൊതു സമൂഹത്തിലെ പോഷകാഹാരക്കുറവ് അത് സംബന്ധിച്ച റിപ്പോര്‍ട്ട് തുറന്നു കാട്ടി.

ദില്ലിയിലെ മേലാളന്‍ സര്‍ക്കാരിന് മുന്നില്‍ മുട്ട് മടക്കിയതിനാല്‍ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ പരാജയപ്പെട്ടു എന്ന് കാണിക്കുന്നതായിരുന്നു ഫെഡറല്‍ റിപ്പോര്‍ട്ട്. എല്ലാ റിപ്പോര്‍ട്ട് കാര്‍ഡുകളിലും സര്‍ക്കാരിന്റെ സ്‌കോര്‍ ഗ്രേഡ് കേവലം ഇ യും എഫും ആയിരുന്നു. ഈ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് കൊണ്ട് മറ്റു നിരവധി സിവില്‍ സമൂഹ ഗ്രൂപ്പുകള്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഘുലേഖകള്‍ വഴിയും വ്യാപകമായി പ്രചാരണം നടത്തി വിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ചു.

‘ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍’ എന്ന മിഥ്യാപ്രചരണം തുറന്നു കാട്ടിക്കൊണ്ട് ഇതൊരു ‘ട്രബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍’ ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു എന്നാണു ഫലങ്ങള്‍ കാണിക്കുന്നത്. വരും നാളുകളിലും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തെരുവില്‍ തുടരുന്നതാണെന്നും അവര്‍ പ്രഖ്യാപിച്ചു.

ബിജെപി പരാജയപ്പെട്ടേപ്പാള്‍ അധികാരത്തില്‍ വന്നിരിക്കുന്നത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ ചെയ്ത ഗുരുതരമായ തെറ്റുകളെ മറക്കാന്‍ രാഷ്ട്രരെയാ ബോധമുള്ള ആര്‍ക്കും കഴിയില്ല. ഇന്നത്തെ ഈ ദുരവസ്ഥ സൃഷ്ടിച്ചതില്‍ അവര്‍ക്കുള്ള പങ്കിന് മാപ്പു കൊടുക്കാനും കഴിയില്ല. അവരുടെ പഴയ തെറ്റുകള്‍ തിരുത്തി ഇപ്പോള്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ പാലിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പു പറയാന്‍ കഴിയുക? ഇവിടെ നമ്മുടെ അവസ്ഥ ചെകുത്താന് ആഴക്കടലിനുമിടക്കാന്. ജനങ്ങളുടെ കാലുകള്‍ കോണ്‍ഗ്രസ് കെട്ടുകയാണ്. എങ്കിലും അവര്‍ക്കു നടക്കാം. പക്ഷെ ബിജെപി കാലുകള്‍ വെട്ടിക്കളയുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.. നമുക്ക് അറിയാവുന്ന ചെകുത്താനായ കോണ്‍ഗ്രസ് ഭരണത്തില്‍ നമുക്ക് സമരം ചെയ്യാനുള്ള ഇടാമെങ്കിലും കിട്ടും. എന്നാല്‍ വലിയ ദുഷ്ട ശക്തികളുടെ പിന്തുണയുള്ള ഫാഷിസത്തിന്റെ ഭീകര ഭരണത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ പോലും ഇടമുണ്ടാകില്ല.

ഇന്ന് ഫാഷിസ്റ്റ് ശക്തികള്‍ ഭരണത്തില്‍ മാത്രമല്ല സാമ്പത്തിക ശക്തിയായും സാമൂഹ്യ മാധ്യമങ്ങളെയും ഒരു വികൃത പ്രത്യയശാസ്ത്രമാണ് ഇവിടെ നിലനില്‍ക്കുന്നു. നിയമസഭാ- പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകളില്‍ അവരെ തോല്‍പ്പിക്കുക എന്നത് പ്രധാനമാണെങ്കിലും അതൊരു വശം മാത്രമാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ അടിയുറച്ച ധാരണകളെയും ആചാരങ്ങളെയും തിരുത്താന്‍ ഒട്ടനവധി വളവുകളും പിരിവുകളുമുള്ള പാതകളിലൂടെ ദീര്‍ഘദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട് അങ്ങനെയേ അന്തിമമായി ഇവരുടെ പരാജയം ഉറപ്പാക്കാന്‍ കഴിയു. അവരുമായി തെരുവില്‍ നേരിട്ട് അനേകവിഭാഗങ്ങള്‍ പോരാട്ടത്തിനെത്തുമ്പോള്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ. അതിനായി നമ്മെ സ്വയം ഒരുക്കുക എന്നതാണ് ഇനിയുള്ള കടമ.

കേരളത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുക ?

മേല്‍ വിവരിച്ച കര്‍ണാടക അനുഭവങ്ങള്‍ വച്ച് കൊണ്ട് വര്‍ഗീയ ഫാഷിസത്തെ കേരളത്തിലും തോല്‍പ്പിക്കാന്‍ എന്ത് ചെയ്യണം? കേരളം കര്‍ണാടകയില്‍ നിന്നും എല്ലാ വിധത്തിലും തീര്‍ത്തും വ്യത്യസ്ത മാണ്. വര്‍ഗീയ ഫാഷിസത്തിന് അവിടത്തെപ്പോലെ ശക്തമായ രാഷ്ട്രീയാടിത്തറ കേരളത്തിലില്ല എന്നത് ഇപ്പോഴത്തെ നമുക്കറിയാവുന്ന യാഥാര്‍ഥ്യം. എന്നാല്‍ ഇവിടെയും തങ്ങളുടെ വേരുകള്‍ ആഴത്തില്‍ കൊണ്ടുവരാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ 2019ലെ പോലെ ഒരു വിജയം ഉണ്ടാകാന്‍ സാധ്യതയില്ലെന്നവര്‍ക്കു തന്നെ അറിയാം. അതുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ കേരളം പോലുള്ള സംസ്ഥാനങ്ങളെ അവര്‍ ലക്ഷ്യമാക്കുന്നുണ്ട്. അതിനായി വിവിധ തന്ത്രങ്ങള്‍ അവര്‍ സ്വീകരിക്കും.മതന്യുനപക്ഷങ്ങള്‍ക്കു കൃത്യമായ ആധിപത്യമുള്ളതിനാലാണ് തങ്ങള്‍ക്കു കേരളത്തില്‍ കടന്നുകയറാന്‍ കഴിയാത്തതെന്നവര്‍ കാണുന്നു ചില മതന്യുനപക്ഷ സമുദായങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട് . മണിപ്പൂരിലെയും മറ്റും സംഭവങ്ങള്‍ കൊണ്ട് അതത്ര എളുപ്പമാവില്ലെന്നു പറയാം. എങ്കിലും അവര്‍ .ശ്രമിക്കും.. ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കലും പരസ്പരവിദ്വേഷം വളര്‍ത്തലും അവരുടെ തന്ത്രങ്ങളില്‍ പെടുന്നു. ഇപ്പോള്‍ ഇരു മുന്നണികളിലുമായി നില്‍ക്കുന്ന ചില കക്ഷികളെഅടര്‍ത്തിയെടുക്കാനും അവര്‍ ശ്രമിച്ചേക്കാം. ബിജെപിക്ക് ഏതെങ്കിലും വിധത്തില്‍ മുന്നോട്ടു പോകാനുള്ള സാധ്യത തെളിഞ്ഞാല്‍ ഇങ്ങനെ പലരും ചാടാന്‍ സാധ്യതയുണ്ട് താനും.

അതുകൊണ്ട് തന്നെ അവരുടെ എല്ലാ സാധ്യതകളും അടച്ചു കളയുക എന്നത് ഏതൊരു ജനാധിപത്യ പക്ഷക്കാരുടെയും അനിവാര്യ കടമയാണ്. തങ്ങള്‍ക്കു തല്‍ക്കാലം ഗുണകരമാകുമെങ്കില്‍ മുന്നണികള്‍ തന്നെ ഇവരുമായി ചില അന്തര്‍ധാരകള്‍ ഉണ്ടാക്കിയേക്കാം എന്ന ഒരു തോന്നലും ചിലര്‍ക്കുണ്ട്. അതെല്ലാം അസാധ്യമാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയില്ല. മറിച്ച് അതിനു സിവില്‍ സമൂഹ ഇടപെടലുകള്‍ ആവശ്യമായി വരാം.

കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ ശാക്തിക ബലം അനുസരിച്ച് എല്‍ഡിഎഫും യുഡിഎഫുമാണ് ഏറെ മുന്നിലുള്ളത്. അതുകൊണ്ട് തന്നെ മിക്കപ്പോഴും പ്രധാന മത്സരം അവര്‍ തമ്മിലാകും. അങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു സിവില്‍ സമൂഹത്തിന്റെ കടമ എന്താണ് എന്ന് നിര്‍വ്വചിക്കപ്പെടണം. ബിജെപി നിര്‍ണ്ണായകമായ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മണ്ഡലം ഉണ്ടെങ്കില്‍ അവിടെ എങ്ങനെയാകണം സിവില്‍ സമൂഹം ഇടപെടേണ്ടത്? ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ ഒരു അവസ്ഥ സിവില്‍ സമൂഹത്തിനു മുന്നിലുണ്ട്.

കേരളത്തിലെ സിവില്‍ സമൂഹം

ആരാണ് കേരളത്തിലെ സിവില്‍ സമൂഹം? ജനാധിപത്യ ഘടനയില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം നിരവധി കൂട്ടായ്മകള്‍ ഉയര്‍ന്നു വരാറുണ്ട്. അവ രൂപപെടുത്തുന്ന ഒരു പൊതു മണ്ഡലം ഉണ്ടാകും. കക്ഷി രാഷ്ട്രീയം പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പേ പത്തൊമ്പതാം നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും നിരവധി സാമൂഹ്യപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഉടലെടുത്തിരുന്നു. നവോത്ഥാനം എന്ന പൊതു പേരിലാണ് അവ അറിയപ്പെടുന്നതെങ്കിലും പലതും നവീകരണ പ്രസ്ഥാനങ്ങള്‍ ആയിരുന്നു. മിക്കപ്പോഴും ഏതെങ്കിലും ഒരു സമുദായത്തിന്റെ സആമൂഹ്യ പദവി നിശ്ചയിക്കുന്നതിനായിരുന്നു പോരാട്ടങ്ങള്‍. എന്നാല്‍ അവയെല്ലാം പൊതു മണ്ഡലത്തില്‍ നിര്‍ണ്ണായക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. തിരുവിതാംകൂറില്‍ എല്ലാവര്ക്കും പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശം നല്‍കുന്ന നിയമം ഉണ്ടായിരുന്നെങ്കിലും മഹാതം അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രയോടെയാണ് അത് പ്രയോഗത്തിലായത്. അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. എല്ലാ സമുദായങ്ങളിലും ചലനം ഉണ്ടാക്കാന്‍ അതിനു കഴിഞ്ഞു എന്ന് കാണാം. വൈക്കം സത്യാഗ്രഹം സഖ്മ്പന്ധിച്ചുള്ള സംവാദങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ നവോത്ഥാന പ്രസ്ഥാനവുമായി കണ്ണി ചേര്‍ക്കപ്പെടുമ്പോള്‍ നിരവധി ആന്തരിക വൈരുധ്യങ്ങള്‍ കക്ഷികളിലും ഈ സാമൂഹ്യ പ്രസ്ഥാനങ്ങളിലും ഉണ്ടാകുന്നു എന്നതാണത്. പിന്നീട് രാഷ്ട്രീയ കക്ഷികള്‍ സമൂഹത്തില്‍ മേല്‍ക്കൈ നേടിയതോടെ ഈ സംഘര്ഷങ്ങള് വര്‍ധിക്കുകയും ചെയ്യുന്ന്‌നതായി കാണാം.

എന്നാല്‍ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന കടമകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ വിമുഖരായിരുന്നു. തന്നെയുമല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് മുന്‍ ഗണന വന്നതോടെ ഒരു വിഭാഗത്തെയും പിണക്കാന്‍ കഴിയാതെ വരികയും സാമൂഹ്യ ചലനങ്ങള്‍ നിലച്ചു പോകുകയും ചെയ്തു എന്ന് പറയാം. ചിലപ്പോഴെങ്കിലും അവരില്‍ പലരും തിരിച്ചു നടക്കാന്‍ പോലും ധൈര്യം കാട്ടുന്നുണ്ട്.മറ്റു സംസ്ഥാനങ്ങളില്‍ എന്ന പോലെ കേരളത്തില്‍ ശക്തവും സ്വതന്ത്രവുമായ ഒരു പൊതു മണ്ഡലമോ സിവില്‍ സാമൂഹമോ ഇല്ലാതെ പോയതെന്തു കൊണ്ട് എന്ന് പരിശോധിക്കേണ്ടി വരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് അവര്‍ തുടങ്ങി വച്ച കടമകള്‍ ആര്‍ നിര്‍വ്വഹിക്കുന്നു ?

കേരളത്തിലെ ഇടതുപക്ഷ മേല്‍ക്കൈ പലപ്പോഴും സിവില്‍ സമൂഹത്തിന്റെ ഇടപെടലുകളെ ദുര്ബലമാക്കിയിട്ടുണ്ട് എന്ന സത്യം നിഷേധിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ളതെല്ലാം അരാഷ്ട്രീയമാണ്. എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടെങ്കിലുമായി കേരളത്തിലെ (മറ്റിടങ്ങളിലെന്ന പോലെ) കക്ഷിരാഷ്ട്രീയം അങ്ങേയറ്റം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നും കാണാം. കക്ഷികളും മുന്നണികളും തമ്മില്‍ നയപരമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. വികസന സാമ്പത്തിക നയങ്ങള്‍ എല്ലാം ഒന്ന് തന്നെയാണ്. എന്നാല്‍ ഏതു കക്ഷി അധികാരത്തില്‍ വന്നാലും അവരുടെ തെറ്റായ നയങ്ങള്‍ക്കെതിരായ ശക്തമായ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരാറുണ്ട് താനും. അത്തരം സമരങ്ങള്‍ക്ക് വേണ്ടി ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടാറുണ്ട്. എന്നാല്‍ ആ പ്രശ്‌നം തീര്‍ന്നു കഴിഞ്ഞാല്‍ അത് പിരിഞ്ഞു പോകുകയും ചെയ്യും.രാഷ്ട്രീയ നേതാക്കളില്‍ ചിലരെങ്കിലും സ്വന്തം കക്ഷിയുടെ നിലപാടുകള്‍ അവഗണിച്ചു കൊണ്ട് ജനകീയ സമരങ്ങള്‍ക്കൊപ്പം നിന്ന അനുഭവങ്ങളും നമുക്കുണ്ട്. വി എസ് അച്യുതാനന്ദനും വി എംസുധീരനും മറ്റും ഇത്തരത്തില്‍ സിവില്‍ സമൂഹവുമായി അടുത്തു ബന്ധപ്പെട്ടവരാണ്. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും അവര്‍ക്കു സ്വന്തം കക്ഷികളില്‍ അനുഭവിക്കേണ്ടതായി വന്നിട്ടുമുണ്ട്.

ഒരു തെരഞ്ഞെടുപ്പ് കാലത്തു സജീവമായി നില്‍ക്കുന്ന സമരങ്ങളിലെ പ്രവര്‍ത്തകര്‍ മിക്കവാറും അന്ന് ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരായിരിക്കും. മിക്കപ്പോഴും ഇത്തരം സമരങ്ങളെ പിന്തുണക്കാന്‍ പ്രതിപക്ഷമെന്ന നിലയില്‍ ബിജെപി തയ്യാറാകാറുമുണ്ട്. ഈ അവസരം ഒരിക്കലും സംഘപരിവാറിന് അനുകൂലമായി മാറാന്‍ അനുവദിക്കാതിരിക്കുക എന്നത് ഇന്നത് സിവില്‍ സമൂഹങ്ങളുടെ ഒരു പ്രധാന കടമയാണ്.

പരിസ്ഥിതി, മനുഷ്യാവകാശങ്ങള്‍, ലിംഗസമത്വം, ഭിന്നലിംഗമടക്കമുള്ളവരുടെ പ്രശ്ങ്ങള്‍ മുതലായവയാണ് ഇവിടെ വളര്‍ന്നു വന്ന സാമൂഹ്യപ്രസ്ഥാനങ്ങള്‍.ഒപ്പം ആദിവാസികള്‍ ഭൂമിക്കും മറ്റു അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി വിവിധ രീതികളില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ ജാതിയില്ലാതായി എന്ന രൂപത്തില്‍ നടന്ന പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്ന ദളിത് പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. ഭൂപരിഷകരണത്തിന്റെ ഗുരുതരമായ പോരായ്മകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ചെങ്ങറ, അരിപ്പ, തൊവരിമല തുടങ്ങായ സമരങ്ങള്‍ ഉയര്‍ന്നു വന്നു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം മുതലായ വിഷയങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങളി രാഷ്ട്രീയ കക്ഷികള്‍ക്ക് പുറത്തു നിന്നുള്ള ഇടപെടലുകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഏറിയും കുറഞ്ഞും സ്വാധീനിച്ചിട്ടുണ്ട് എന്നും കാണാം. മിക്ക മണ്ഡലങ്ങളിലും വാശിയേറിയ മത്സരം നടക്കുകയും ഒന്നോ രണ്ടോ ആയിരം വോട്ടുകള്‍ ജയാപജയം നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സാഹചര്യത്തെ വരുമ്പോള്‍ ഇത്തരം നിലപാടുകള്‍ ജയാ പരാജയങ്ങളില്‍ നിര്‍ണ്ണായകമാകുന്നു. അത്തരം ഘട്ടങ്ങളില്‍ സിവില്‍ സമൂഹങ്ങളുടെ കടം കൂടുതല്‍ ശ്രദ്ധയോടെ ആയിരിക്കണം.

സൂക്ഷ്മ തലത്തില്‍ നിരവധി സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കുന്ന, ഒറ്റബനവധി ജനകീയ സമരങ്ങള്‍ നടക്കുന്ന കേരളത്തില്‍ സിവില്‍ സമൂഹത്തിനു നിര്‍ണ്ണായകമായ ഒരു പങ്കു വഹിക്കാനുണ്ട് എന്ന് തന്നെ പറയേണ്ടി വരും. അത് ഏറെ ശ്രദ്ധയോടെ ആസൂത്രണം ചെയ്യുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply