ഹിസ് സ്റ്റോറിക്കു പകരം ഹെര്‍സ്റ്റോറി ‘വരീണിയ’ അരങ്ങില്‍ ചരിത്രപാഠം, ധ്വനിപാഠവും
അനില്‍കുമാര്‍ തിരുവോത്ത് പുരുഷന്‍ നിര്‍മ്മിച്ച ചരിത്രം അവ നിര്‍മ്മിക്കുന്നതും അതിന്റെ ധ്വനി പാഠത്തെ പുരുഷാനുഭവത്തിന്റെ മറുപാഠമായി വികസിപ്പിക്കുന്നതും അവതരിപ്പിക്കുന്നതും എന്നും പുരുഷന്‍ തന്നെ. അരങ്ങിലും ഇതുവരെ തൊണ്ടപ്പൊട്ടിക്കരഞ്ഞത് ‘അവനോ’ ‘അവള്‍ക്കു’ വേണ്ടി അവനോ ആണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീ വന്നത് പുരുഷന്റെ കൈപിടിച്ച്, അവള്‍ അരിവാള്‍ ഉയര്‍ത്തുമ്പോള്‍, കുറേക്കൂടി കനമുള്ള ചുറ്റിക ഉയര്‍ത്തിപ്പിടിച്ച് അവനാണ് ചിഹ്നം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ അവന്റെ കഥയില്‍ അവനേക്കാള്‍ കനമുള്ള മനസ്സും ശരീരവും നിലവിളിയും ആക്രോശവും കൊണ്ട് ഒരു സ്ത്രീ അരങ്ങിനെ […]
അനില്‍കുമാര്‍ തിരുവോത്ത്
പുരുഷന്‍ നിര്‍മ്മിച്ച ചരിത്രം അവ നിര്‍മ്മിക്കുന്നതും അതിന്റെ ധ്വനി പാഠത്തെ പുരുഷാനുഭവത്തിന്റെ മറുപാഠമായി വികസിപ്പിക്കുന്നതും അവതരിപ്പിക്കുന്നതും എന്നും പുരുഷന്‍ തന്നെ. അരങ്ങിലും ഇതുവരെ തൊണ്ടപ്പൊട്ടിക്കരഞ്ഞത് ‘അവനോ’ ‘അവള്‍ക്കു’ വേണ്ടി അവനോ ആണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീ വന്നത് പുരുഷന്റെ കൈപിടിച്ച്, അവള്‍ അരിവാള്‍ ഉയര്‍ത്തുമ്പോള്‍, കുറേക്കൂടി കനമുള്ള ചുറ്റിക ഉയര്‍ത്തിപ്പിടിച്ച് അവനാണ് ചിഹ്നം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ അവന്റെ കഥയില്‍ അവനേക്കാള്‍ കനമുള്ള മനസ്സും ശരീരവും നിലവിളിയും ആക്രോശവും കൊണ്ട് ഒരു സ്ത്രീ അരങ്ങിനെ ജൈവമാക്കുകയും ശാസ്ത്രീകരിക്കുകയുമാണ് ‘വരീണിയ’ എന്ന നാടകകൃതിയിലൂടെ. അരങ്ങിലെ ‘വരീണിയ’ അവളുടെ ചരിത്രം തേടുന്നു. അവന്റെ ചരിത്രം അവളുടെ ചരിത്രമായി മാറുന്ന ഒരു പരിണാമത്തെയാണ് അരങ്ങ് സാക്ഷാത്ക്കരിക്കുന്നത്. ‘വരീണിയ’ എന്ന സിവിക് ചന്ദ്രന്റെ നാടകകൃതി അവന്റെ ചരിത്രത്തിന്റെ (History) Subtext (ധ്വനിപാഠം)ആണ്. അരങ്ങിലെ ‘വരീണിയ’ ആ രചിതപാഠത്തിന്റെ ടൗയലേഃ േആണ്. രണ്ട് തരം അട്ടിമറിയാണ് ആ അര്‍ത്ഥത്തില്‍ അരങ്ങില്‍ സംഭവിക്കുന്നത്. കൂടാതെ രണ്ട് തരം ഇടപെടലും വ്യാഖ്യാനവും.
സെനറ്റര്‍മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന പൗര ജനങ്ങള്‍ക്കും മുമ്പാകെ, മരണം വരെ പോരാടാന്‍ നിയോഗിക്കപ്പെട്ട ഗ്ലാഡിയേറ്റര്‍മാരുടെ അവസാന രാത്രിയിലാണ് നാടകാരംഭം. അതിലൊരു ഗ്ലാഡിയേറ്റര്‍ സ്പാര്‍ട്ടക്കസ്സാണ്. തടവറയിലേക്ക് വലിച്ചെറിയപ്പെട്ട പുതിയ അതിഥിയോട് പേര് ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന വര്‍ഗ്ഗത്തെ തൊട്ടറിയല്‍, സാഹോദ്യത്തെ തൊട്ടറിയല്‍, സ്വന്തം ചോരയെ തൊട്ടറിയല്‍ പഴയ സ്പാര്‍ട്ടക്കസ്സ് നാടകത്തിന്റെ ദീപ്ത സ്മരണയെ ഉണര്‍ത്തുന്നു. പറഞ്ഞ ചരിത്രത്തിന്റെ ആവര്‍ത്തനം, പക്ഷെ അരങ്ങിലും ഓര്‍മ്മയുടെ കലാപത്തിലേക്കാണ് ഉണര്‍ത്തുന്നത്. മറവിക്കു മേലെ ഓര്‍മ്മയുടെ കലാപം! ചരിത്രത്തെ പുനരാനയിക്കുന്ന ആ രംഗക്രിയയെ മുന്നോട്ടു കൊണ്ടു പോകാനാവാത്തവിധം ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ അരങ്ങിനെ മൂടുന്നു. നേരത്തെ സൂചിപ്പിച്ച പോലെ ചരിത്രത്തിന്റെ രേഖീയമായ ആവര്‍ത്തനാവതരണത്തിന്റെ മേലെ അതിനെ മുറിച്ച് കൊണ്ട്, അവന്റെ ചരിത്രാഖ്യാനത്തിനു മേല്‍ അവളുടെ ചരിത്രാഖ്യാനം ആരംഭിക്കുകയാണ്.
ആദ്യം ഇരയ്ക്ക് മാത്രം സാധ്യമാകുന്ന ഒരു കരച്ചില്‍. ഗോദയുടെ ഉടമ അവളെ (വരീണിയ) സ്പാര്‍ട്ടക്കസ്സിന് നല്‍കുകയാണ്. അടിമ ഒരു ഇരയാണ്. ഇരയുടെ ഇരയാണ് വരീണിയ എന്ന സ്ത്രീ. ഇരയുടെ ഇരയാവാന്‍ മാത്രം പ്രാധാന്യമുള്ള ഒരുവളാണ് സ്ത്രീ എന്ന ചരിത്രത്തിലേക്കാണ് വരീണിയയുടെ രംഗ പ്രത്യക്ഷം. ഇവിടെ ഒന്നിച്ച് സംഭവിക്കുന്ന രണ്ട് കാര്യം: വരീണിയ ചരിത്രത്തിന്റെ ഭാഗമായി വരികയും അവിടെത്തന്നെ നില്‍ക്കാതെ തന്റേതായ ഒരു ചരിത്ര സന്ദര്‍ഭത്തിലേക്ക് പ്രവേശിക്കുകയുമാണ്. ”ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ ഉമ്മകൊണ്ട് ഒരു മയില്‍പ്പീലിയാക്കുക” എന്നൊരു കവിതയുണ്ട് സിവിക്കിന്റേതായി. അതേപോലെ ഓര്‍ക്കാപ്പുറത്തെ ഒരൊറ്റ ഉമ്മ കൊണ്ട് വരീണിയയും സ്പാര്‍ട്ടക്കസ്സും പ്രണയത്തിന്റെ സപ്തവര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന മയില്‍പ്പീലികളാവുന്നു. അവസാന രാത്രിയിലെ ആസ്വാദ്യകരമായ ഒരു രുചിയായി മാത്രം എറിഞ്ഞുകൊടുക്കപ്പെട്ട ഒരു അടിമയുവതിയില്‍ തന്റെ പ്രണയം കണ്ടെത്തുമ്പോള്‍ സ്പാര്‍ട്ടക്കസ്സ് സ്വാതന്ത്ര്യം കൂടി കണ്ടെത്തുന്നു. പക്ഷെ ഏതു കാലത്തുമെന്നപോലെ തത്സമയത്തെ അരങ്ങിലും വരീണിയ വലിച്ചിഴക്കപ്പെടുന്നു. അവളുടെ നിലവിളി അരങ്ങും വേദിയും വിട്ട് ലോകത്തേക്ക് പടരുന്നു.
പിറ്റേന്നത്തെ ഗോദയില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന യോദ്ധാക്കളില്‍, സ്പാര്‍ട്ടക്കസും ഡ്രാബ്രയും ‘നാം വെളിയില്‍ പോകും, യുദ്ധം ചെയ്യും സ്വതന്ത്രരാവും’ എന്ന് പ്രഖ്യാപിക്കുകയും അടിമക്കലാപം ആരംഭിക്കുകയും… യുദ്ധത്തില്‍ പിടിക്കപ്പെട്ട അനേകായിരം സ്പാര്‍ട്ടക്കസ്സുമാരില്‍ സ്പാര്‍ട്ടക്കസ്സും പിടിക്കപ്പെട്ടിരിക്കാം, വധിക്കപ്പെട്ടിരിക്കാം. ”പക്ഷെ വരീണിയ ജീവിച്ചിരിക്കുന്നു. സ്പാര്‍ട്ടക്കസ്സില്‍ അവള്‍ക്കുണ്ടായ ആ കുഞ്ഞും” എന്ന് അടിമകളില്‍ ഒരാള്‍ പ്രഖ്യാപിക്കുമ്പോള്‍, ധ്വനിപാഠമായി മുഴങ്ങുന്നത് ”ഇതാ ചരിത്രം മറ്റൊരു ചാലിലേക്ക് വഴിമാറി ഒഴുകുകയാണ്, History, Herstory ആയിത്തീര്‍ന്നിരിക്കുന്നു.” എന്നാണ്. ”അടിമകള്‍ക്കു മാത്രമായി ഒരു ദൈവമുണ്ടെങ്കില്‍, ആ ദൈവത്തോട് ഞാന്‍ നമുക്കൊരു ഒരു പെണ്‍കുഞ്ഞിനെ പ്രാര്‍ത്ഥിക്കും. ഞങ്ങള്‍ ആണുങ്ങള്‍ ചെയ്ത സര്‍വ്വ പാപങ്ങള്‍ക്കും പ്രായശ്ചിത്തം ചെയ്യാനൊരു മകള്‍” എന്ന് സ്പാര്‍ട്ടക്കസ്സ് പറഞ്ഞത് ആണുങ്ങളുടെ ലോകത്തിന്റെ അതിരില്ലാ പരിമിതി അറിഞ്ഞതുകൊണ്ടാവാം. കുരിശേറ്റപ്പെട്ട സഖാവിനു മുന്നില്‍ കുഞ്ഞിനെ നീട്ടി ”മരിക്കൂ, സഖാവേ, സമാധാനമായി” എന്ന് വരീണിയ പറയുന്നത് ചരിത്രത്തിനുള്ള ഒരു സമാധാനമായല്ല, വരും കാലത്തിനുള്ള വാഗ്ദാനമായാണ്. ചരിത്രം ഇനി രചിക്കുക ‘ഇവളാണ്’ എന്ന ഉറപ്പ്.
കോഴിക്കോട് ‘വരീണിയ’ അരങ്ങേറിയത് ക്രിസ്ത്യന്‍ കോളജിന്റെ മുറ്റത്താണ്. മൂന്നുഭാഗം പ്രേക്ഷകരാല്‍ മറയ്ക്കപ്പെട്ടതും ഒരു ഭാഗം കഥാപാത്രങ്ങളുടെ പോക്കുവരവിനും പിന്നകമ്പടിക്കാരുടെ ഇരിപ്പിടവുമാണ്. ഒരു ഭാഗം തുറന്ന് മൂന്നുഭാഗം മൂടിയ മുഖപ്പരങ്ങിനെ നേരെ മറിച്ചിട്ട ഒരു അരങ്ങു സമ്പ്രദായം. ഒരു പക്ഷെ, ഏതൊരു കാണിയുടെ മറവില്‍ നിന്നും ഒരു സ്പാര്‍ട്ടക്കസ്, ഒരു വരീണിയ പ്രത്യക്ഷപ്പെടാവുന്ന ഒരിടമാണ് സദസ്സ്. സദസ്സിന്റെ പിന്നാമ്പുറം മറ്റൊരു രംഗസ്ഥലം. അടിമകള്‍ സ്വാതന്ത്ര്യമാഘോഷിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും അങ്ങനെ വിപ്ലവം ഉത്സവമാക്കുന്നതും, അവിടെ ഏതിടവും അരങ്ങാവുന്നു. ആരും കഥാപാത്രമാകാവുന്ന ഒരു അനിശ്ചിതത്വത്തിനു നടുവിലാണ് പ്രേക്ഷകന്‍. സ്പാര്‍ട്ടക്കസ്സിന്റെ കഥയില്‍ നിന്ന് എപ്പോഴാണ് വരീണിയയുടെ ചരിത്രത്തിലേക്ക് നാടകം വഴിമാറുന്നതെന്ന് പ്രേക്ഷകന്‍ അറിയുന്നില്ല. അഥവാ അവന്റെ ചരിത്രം അവളുടെ ചരിത്രമായി രൂപാന്തരപ്പെടുന്നത് നാടകത്തിനകത്തെ ഒരു ജൈവ പരിണാമമാണ്. ഒടുവില്‍ അരങ്ങിലെ വരീണിയമാരുടെ ഘോഷയാത്രയില്‍ സദസ്സിലെ വരീണിയമാര്‍ അണിചേരുന്നതോടെ ചരിത്രം അതിന്റെ വൃത്തം പൂര്‍ത്തിയാക്കുകയും നാടകം അതിന്റെ ദൗത്യം ആരംഭിക്കുകയും ചെയ്യുന്നു. ഇക്കാലമത്രയും സ്ത്രീയായും ഇരയായും തങ്ങളെ തറച്ചിട്ട എല്ലാ കുരിശുകള്‍ക്കും രംഗസ്ഥലത്ത് തീപിടിക്കുമ്പോള്‍, ആ അഗ്നിയില്‍ ഘോഷയാത്ര ആഘോഷമാകുമ്പോള്‍ രംഗസ്ഥലം പൂര്‍ണ്ണ വെളിച്ചത്തിലാവുകയും…
‘വരീണിയ’ സ്ത്രീ നൈതിക ബോധത്തിന്റെ നാടക രൂപന്തരമാണ്. അരങ്ങിലെ രാഷ്ട്രീയ സംവാദം എന്ന ആശയത്തിന്റെ തുടര്‍ച്ചയായി അരങ്ങിലെ സ്ത്രീ സംവാദവുമാണ് ഈ നാടകം. സ്ത്രീയെ അഭിസംബോധന ചെയ്യുന്ന നാടകം മാത്രമല്ല സ്ത്രീ അഭിസംബോധന ചെയ്യുന്ന നാടകം കൂടിയാണ് ‘വരീണിയ.’ രചിത പാഠത്തില്‍ നിന്ന് ധ്വനിപാഠത്തെ വ്യക്തതയോടെ, പുറത്തെടുക്കാന്‍ രോഷ്‌നി സ്വപ്നക്കും, എമിലിനും സാധിച്ചിട്ടുണ്ട്. ഔചിത്യം എന്നത് ഒരു പഴയ നാടക നിയമമാണ്. വെളിച്ച വിതാനവും സംഗീതവും ഔചിത്യ ബോധത്തിന് ചേര്‍ന്നതു തന്നെ.
കോഴിക്കോട് സണ്‍ഡേ തിയേറ്ററും റെഡ്‌യങ്ങ്‌സ് വെള്ളിമാടുകുന്നും ഒരുക്കിയ വേദിയിലായിരുന്നു ‘വരീണിയ’യുടെ ആദ്യ അവതരണം. ഹിസ് സ്റ്റോറിയെ ഹെര്‍സ്റ്റോറിയാക്കാനുള്ള ശ്രമങ്ങള്‍ കുറച്ചുകൂടിയുണ്ടാകും. തുടര്‍ന്നുള്ള അവതരണങ്ങളിലെന്നാശിക്കുക.
കടപ്പാട് – പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in