യുപി നിയമസഭാതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

2017 മേയില്‍ നിലവില്‍ വന്ന ഉത്തര്‍പ്രദേശ് നിയമസഭയൂടെ കാലാവധി 2022 മെയ് 14 ന് അവസാനിക്കുകയാണ്.സ്വാഭാവികമായും ഈ കാലയളവിനുള്ളില്‍ കാലാവധി തീരുന്ന ഇന്ത്യയിലെ മറ്റ് അഞ്ച് സംസ്ഥാന നിയമസഭകളോടൊപ്പം ഉത്തര്‍പ്രദേശിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. 2017 ല്‍ 403 നിയമസഭ സീറ്റുകളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള കക്ഷിനില ബിജെപി – 314, എസ് പി – 58, ബി എസ് പി – 23, കോണ്‍ഗ്രസ്സ് – 7 എന്നിങ്ങനെയാണ്.നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭരണകക്ഷിയായ ബിജെപിക്ക് എന്ന പോലെ പ്രതിപക്ഷ കക്ഷികളായ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി,കോണ്‍ഗ്രസ്സ് എന്നിവയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്.

സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം അവര്‍ വളരെ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന ഒന്നാണ് ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്.മൃഗീയ ഭൂരിപക്ഷത്തോടെ കൈവശം വെച്ചു ഭരിച്ചു കൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശ് കൈവിട്ടു പോവുക എന്നത് നിലവിലെ സാഹചര്യത്തില്‍ തികച്ചും ആത്മഹത്യപരം തന്നെയാണ്. അതുകൊണ്ട് ഏത് വിധേനേയും, എന്ത് വില കൊടുത്തും ഉത്തര്‍ പ്രദേശ് നിലനിറുത്തുക എന്നതില്‍ കുറഞ്ഞുള്ള ഒരു അജണ്ടയും ബിജെപിക്ക് ചിന്തിക്കുവാന്‍ കൂടി കഴിയുന്നതല്ല. 2017 മൃഗീയമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്താന്‍ സാധിച്ച അനുകൂല രാഷ്ട്രീയ സാഹചര്യം ഇന്നും നിലവിലുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. അതിനേക്കാള്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് എന്ന് ബിജെപി കേന്ദ്രങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അത് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള, അല്ലെങ്കില്‍ അവയെ കണക്കിലെടുക്കാതെയുള്ള തികച്ചും അവാസ്തവമായ ഒരു കണക്ക് കൂട്ടലാണ് എന്ന് പറയേണ്ടി വരും. അതിന് പ്രധാന കാരണം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത് ഭരണത്തിന്റെ ഓരോ മേഖലകളിലും ഇടംപിടിച്ച സംഭവവികാസങ്ങള്‍ തന്നെയാണ് .2017 ല്‍ ഭരണത്തിലേറി മൂന്നാം മാസത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ ചികിത്സാ വിഭാഗത്തില്‍ ഒക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം എഴുപത് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയായ അതിദാരുണമായ സംഭവമുണ്ടായത്. ഭരണ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമായ ആ സംഭവത്തെ തുടര്‍ ന്നിങ്ങോട്ട് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും ഉത്തര്‍ പ്രദേശ് കാഴ്ചവെച്ചത് കൂത്തഴിഞ്ഞ ഒരു സംസ്ഥാന ഭരണത്തിന്റെ നേര്‍കാഴ്ചകളായിരുന്നു. നഗര പ്രദേശങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ മാത്രമേ അതിന്റെ രൗദ്രത നമുക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ സാധിക്കു. മനുഷ്യ ജീവനേക്കാള്‍ ഇന്ന് ഉത്തര്‍പ്രദേശില്‍ പരിഗണന ലഭിക്കുന്നത് നാല്‍ക്കാലികളായ പശുക്കള്‍ക്കാണ്.പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ സംസ്ഥാന പാതകളും തകര്‍ന്ന് ശോചനീയമായ അവസ്ഥയില്‍ കിടക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്ഥാനത്ത് നാടെങ്ങും അത്യന്താധുനിക സജ്ജീകരണങ്ങളോടെ ആധുനികരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഗോചികിത്സാ കേന്ദ്രങ്ങള്‍.

ഗോരഖ്പ്പൂര്‍ മെഡിക്കല്‍ കോളേജില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു വീണു മരിക്കാന്‍ ഇടയായത് അവിടെ ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന് ഇതിനോടകം വിതരണം ചെയ്ത ഓക്‌സിജന്‍ സിലിണ്ടറുകളുടെ തുക ദീര്‍ഘനാളായിട്ടും നല്‍ക്കാത്തത് കൊണ്ടായിരുന്നു എന്ന വസ്തുത കൂടി ഇതോടൊപ്പം കൂട്ടി വായിക്കുക. യോഗിഭരണത്തിന്‍ കീഴില്‍ പരിഗണന ലഭിക്കുന്നത് മനുഷ്യ ജീവനുകള്‍ക്കാണോ പശുക്കള്‍ക്കാ ണോ എന്ന് തിരിച്ചറിയുക. തലസ്ഥാനനഗരമായ ലഖ്നൗവില്‍ ഉള്‍പ്പെടെ തെരുവുകള്‍ നിറയെ ഉടമസ്ഥരുപേക്ഷിച്ച രോഗം വന്ന്, പട്ടിയും കുറുക്കനും ശരീരഭാഗങ്ങള്‍ കടിച്ചു പറിച്ചു, രക്തം ഒലിപ്പിച്ചു ഈച്ചയാര്‍ന്ന് കൂട്ടമായി നടന്നു നീങ്ങുന്ന പശുക്കളും. ജനസംഖ്യ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങള്‍ പട്ടിക ജാതി പട്ടിവര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിവര്‍ നിരന്തരവും ക്രൂരവുമായ വേട്ടയാടലിനു വിധേയരായി കൊണ്ടിരിക്കുമ്പോള്‍ ഉന്നാവോ, ഹത്രാസ് പോലെയുള്ള വിരലിലെണ്ണാവുന്ന സംഭവങ്ങള്‍ മാത്രം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു പുറം ലോകം അറിയുന്നു.ഒരു മതേതര ജനാധിപത്യ സംവിധാനത്തിലെ ഭരണാധികാരി എന്ന നിലയില്‍ ഇവയൊന്നും തന്നെ യോഗി ആദിത്യനാഥിനെ ഒട്ടും അലോരസപ്പെടുത്തുന്നില്ല എന്നു വേണം അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ നിന്നും മനസ്സിലാക്കാന്‍.ഒരു മത നിരപേക്ഷ ജനാധിപത്യ ഭരണ സംവിധാനത്തിലെ ഭരണാധികാരി എന്ന നിലയില്‍ നിന്നും മാറി ഒരു മത നേതൃത്വ ഭരണാധികാരി എന്ന നിലയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുന്നത് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന് കല്ലിടുക, ഗോ സംരക്ഷണം, കുംഭമേളയ്ക്കും മറ്റ് വാര്‍ഷീകോത്സവങ്ങള്‍ക്കും വേണ്ട വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുക, മുഗള്‍ രാജാക്കന്മാരുടെയും ഇസ്ലാമിക ചുവയോട് കൂടിയ നാമധേയങ്ങളുള്ള സ്ഥലപ്പേരുകള്‍ ഹൈന്ദവവല്‍ക്കരിക്കുക തുടങ്ങിയവയാണ്. കൂനിന്മേല്‍ കുരുവെന്ന പോലെ, കേന്ദ്ര സര്‍ക്കാരിന്റെ മൗനാനുവാദത്തോട് കൂടി അനുനിമിഷം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഡീസല്‍ പെട്രോള്‍ പാചക വാതക വിലക്കയറ്റവുമെല്ലാം ജീവിതം ദുസ്സഹമാക്കിയ ഉത്തര്‍പ്രദേശിലെ മദ്ധ്യവര്‍ഗ്ഗ സമൂഹത്തിന്റെ മനസ്സില്‍ ജാതിമത ഭേദമന്യേ സര്‍ക്കാറിനെതിരായ പ്രതി ഷേധാഗ്‌നി ഉയര്‍ന്ന് വന്നിട്ടുണ്ട്. പക്ഷെ, അത് സര്‍ക്കാരിനെതിരായ വിധിയെഴുത്തായി മാറുമോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബിജെപിക്കെതിരായ ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷി.അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയാണ്. സോഷ്യലിസ്റ്റ് ആചാര്യനായ ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യയുടെ അനുയായിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭി ച്ച മുലായം സിംഗിന്റെ നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിയായി ആ പേരില്‍ ആരംഭിച്ചു പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടിയാണെങ്കിലും ഡോക്ടര്‍ ലോഹ്യയും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും ഉയര്‍ത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയമൂല്യങ്ങളൊക്കെ വഴിയില്‍ ഉപേക്ഷിച്ചു അതില്‍ നിന്നും കടകവിരുദ്ധമായ പാതയിലൂടെയാണ് സമാജ്വാദി പാര്‍ട്ടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.ജനങ്ങളുടെ പാര്‍ട്ടിയെന്ന അവസ്ഥയില്‍ നിന്നും മാറി ഉത്തര്‍പ്രദേശിലെ പ്രബല പിന്നോക്ക സമുദായമായ യാദവരുടെ പാര്‍ട്ടിയായിട്ടാണ് അത് അറിയപ്പെടുന്നത്. പുറമെയാണ് എക്കാലവും സോഷ്യലിസ്റ്റ് പ്രസ്ഥാനം നഖശിഖാന്തം എതിര്‍ത്ത് കൊണ്ടിരുന്ന കുടുംബ രാഷ്ട്രീയവും അതിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടി സ്ഥാപക നായ മുലായം സിംഗിന്റെയും ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും സ്വന്തക്കാരും ബന്ധക്കാരും ചാര്‍ച്ചക്കാരുമടങ്ങിയ കുടുംബ വൃന്ദത്തിന്‍ കീഴിലാണ് ആ പാര്‍ട്ടിയുടെ നേതൃത്വം.ഇതൊക്കെയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തേരോട്ടത്തിന് അല്‍പമെങ്കിലും പ്രതിരോധം തീര്‍ത്തിരിക്കുത് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയാണ് എന്നുള്ള കാര്യത്തില്‍ ഒട്ടും സംശയത്തിന് അവകാശമില്ല. തൊട്ടടുത്ത സംസ്ഥാനമായ ബിഹാറിലേത് പോലെതന്നെ രാഷ്ട്രീയ വിഷയങ്ങളെക്കാള്‍ ജാതി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒരു സംസ്ഥാനമാണ് ഉത്തര്‍ പ്രദേശും. മുസ്ലിം പിന്നോക്ക ദളിത് ഐക്യ രാഷ്ട്രീയം കൊണ്ട് മാത്രമേ ബിജെപി അഴിച്ചു വിട്ടിരിക്കുന്ന യാഗാശ്വത്തെ തടഞ്ഞു നിറുത്തിവാന്‍ കഴിയു എന്ന് തെളിയിച്ചിട്ടുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഡോക്ടര്‍ അംബേദ്കര്‍ക്ക് ശേഷം ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെയാകെ നേതൃത്വം അവകാശപ്പെട്ടു കൊണ്ട് രംഗത്ത് വന്ന കുമാരി മായാവതിയുടെ തട്ടകം കൂടിയാണ് ഉത്തര്‍പ്രദേശ്. ഒരു തവണ ഒറ്റയ്ക്കും മറ്റ് കക്ഷികളുടെ പിന്തുണയോടു കൂടിയും പലതവണ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിട്ടുള്ള കുമാരി മായാവതിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കേണ്ടിയിരുന്ന മറ്റൊരു നേതാവ്. പക്ഷെ സമീപകാലത്തായി ഉണ്ടായ അവരുടെ, ബിജെപിയോടുള്ള മൃദുസമീപനം ഉള്‍പ്പെടെയുള്ള പല രാഷ്ട്രീയ നിലപാടുകളും ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.

ദേശീയതലത്തില്‍ ബിജെപിക്കെതിരായ രാഷ്ട്രീയപോരാട്ടത്തിന് നേതൃത്വം നല്‍കുന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ഉത്തര്‍പ്രദേശിലെ സ്ഥിതി വളരെ പരിതാപകരമാണ്.ഒരു കാലത്ത് രാജ്യത്തിന് പ്രധാനമന്ത്രിമാരെയും നിരവധിയായ ദേശീയ നേതാക്കളേയും സംഭാവന ചെയ്യുവാന്‍ വരെ പ്രാപ്തി യുണ്ടായിരുന്ന, ഒറ്റയ്ക്ക് ഭരണത്തിലെത്താനും മുഴുവന്‍ ലോക്‌സഭാ സീറ്റിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഒറ്റയ്ക്ക് വിജയിപ്പിക്കാനും ശക്തിയുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഇന്ന് ഉത്തര്‍പ്രദേശില്‍ പ്രാദേശിക കക്ഷികളുടെ ദയാദാക്ഷീണ്യവും പ്രതീക്ഷിച്ചു നില്‍ക്കേണ്ട അവസ്ഥയാണ്. സമീപ കാലത്തായി ലഖിമ്പുര്‍ സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കാന്‍ തയ്യാറായതും അതിനെ തുടര്‍ന്ന് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഇടപെടലും പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷക സമൂഹത്തിനിടയില്‍ അവരോടുള്ള വ്യക്തിപരമായ ആരാധന മനോഭാവത്തിന് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും അത് രാഷ്ട്രീയമായി കോണ്‍ഗ്രസ്സ് അനുകൂല നിലപാടായി പരിവര്‍ത്തനം ചെയ്യപ്പെടാന്‍ സാധിക്കുമോ എന്ന് കണ്ടറിയേണ്ടത് തന്നെയാണ്. വളരെ ദുര്‍ബ്ബലവും ശിഥിലവുമാണ് കോണ്‍ഗ്രസ്സിന്റെ ഉത്തര്‍പ്രദേശിലെ സംഘടനാ സംവിധാനങ്ങ ള്‍. പാരമ്പരാഗതമായി കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്ന ഉത്തര്‍ പ്രദേശിലെ മുസ്ലിം ജനവിഭാഗം തൊണ്ണൂറുകളില്‍ രാജീവ് ഗാന്ധി അയോധ്യയില്‍ ശിലാന്യാസത്തിന് റാംലാല മന്ദിറിന്റെ വേദി തുറന്നു കൊടുത്തതോട് കൂടി കോണ്‍ഗ്രസ്സില്‍ നിന്നും അകന്നു. ആ മുറിവ് ഉണക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കോണ്‍ഗ്രസ്സ് സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനം ഉത്തരേന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗമായ മുസ്ലീങ്ങളെ പൂര്‍ണ്ണമായും കോണ്‍ഗ്രസ്സില്‍ നിന്നും അകറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ഘടകകക്ഷിയായി കൂട്ടിയതാണ് പല നിയോജക മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടിക്ക് അവരുടെ ഉറച്ച പിന്തുണക്കാരായ മുസ്ലിം ജനവിഭാഗത്തിന്റെ വോട്ടുകള്‍ നഷ്ട്ടപ്പെടാന്‍ ഇടയാക്കിയത് എന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചു വന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ ഫലമായി അവര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കുമായി ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന ബ്രാഹ്മണരടക്കമുള്ള മുന്നോക്ക സമുദായ അംഗങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് ലഭിച്ചതുമില്ല. ഇതൊക്കെയാണ് അവസ്ഥയെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വം ഇപ്പോഴും എഴുപതുകളിലെ അവരുടെ വസന്തകാലത്തിന്റെ ഓര്‍മ്മകളില്‍ അഭിരമിക്കുകയാണ്. ചുരുക്കത്തില്‍ വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മതേതര ചേരിക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു കോട്ടം സംഭവിക്കുവാന്‍ ഇടയാവുകയാണെങ്കില്‍ അതിലേക്ക് വലിയ സംഭാവനകള്‍ ചെയ്യുന്ന രാഷ്ട്രീയ ഘടകങ്ങളായിരിക്കും ബിജെപിയോട് മൃദു സമീപനം സ്വീകരിക്കുന്ന മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയുടെ നിലപാടുകളും, മൃദു ഹിന്ദുത്വ സമീപന നയങ്ങള്‍ പിന്തുടരുന്ന സോണിയ രാഹുല്‍ പ്രിയങ്ക ത്രയങ്ങള്‍ നയിക്കുന്ന കോണ്‍ഗ്രസ്സും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കുന്ന മറ്റൊരു സുപ്രധാന ഘടകമാണ് സംസ്ഥാനത്തിന്റെ ചില പോക്കറ്റുകളില്‍ ചില പ്രത്യേക സമുദായാംഗങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാന്നിധ്യം. പടിഞ്ഞാറന്‍ യു പിയില്‍ മുന്‍പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ പൗത്രനും അജിത് സിംഗിന്റെ പുത്രനുമായ ജയന്ത് ചൗധുരിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷകരായ ജാട്ട് സമുദായക്കാര്‍ക്കിടയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയ ലോക്ദള്‍, കിഴക്കന്‍ യുപിയിലെ അസംഗഡ്,ബല്ലിയ,ബസ്ഥി, ചന്ധൗളി, ഡിയോരിയ,ഘാസിപുര്‍, ഗൊരഖ്പൂര്‍, ജാണ്‍പൂര്‍, ഖുഷിനഗര്‍, മഹാരാജ്ഗഞ്ച്, മാവു, മിര്‍സപൂര്‍, സന്ത് കബീര്‍ നഗര്‍, സന്ത് രാവിദാസ് നഗര്‍, സോണ്‍ഭദ്ര, വാരാണസി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പൂര്‍വ്വാഞ്ചല്‍ എന്നറിയപ്പെടുന്ന മേഖലയിലെ ക്ഷത്രീയ വംശജര്‍, ഭൂമിഹാര്‍ വിഭാഗക്കാര്‍ എന്നിവര്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ സ്ഥാപിച്ച സമാജ് വാദി ജനത പാര്‍ട്ടി എന്നിവ ശക്തമായ ബിജെപി വിരുദ്ധ നിലപാട് പിന്തുടരുന്ന മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ്. ഒറ്റയ്ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സമാജ് വാദി ജനത പാര്‍ട്ടിക്കായില്ലെങ്കിലും അവര്‍ പിടിക്കുന്ന വോട്ടുകള്‍ ആ മേഖലയിലെ 159 നിയോജകമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനെ വലിയ തോതില്‍ എളുപ്പമാക്കി കൊടുക്കും. കര്‍ഷക പ്രക്ഷോഭവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ മേഖലയിലെ 77 സീറ്റുകളിലെ അനായാസ വിജയം ബിജെപിക്ക് നേടിക്കൊടുത്ത സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന്റെ അസാന്നിധ്യവും ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കും. പടിഞ്ഞാറന്‍ ബിജെപിക്ക് സംഭവിക്കുവാന്‍ പോകുന്ന സീറ്റ് നഷ്ട്ടം പൂര്‍വ്വാഞ്ചല്‍ മേഖല കൊണ്ട് പരിഹരിക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. അതിന്റെ വ്യക്തമായ തെളിവാണ് അടുത്ത ദിവസങ്ങളില്‍ പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ ആരംഭം കുറിച്ച ഒന്‍പത് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഗോരഖ്പൂര്‍ കേന്ദ്രവും.

കര്‍ഷക സമരം,രൂക്ഷമായ വിലക്കയറ്റം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാനം സര്‍ക്കാരുകള്‍ക്ക് കീഴില്‍ സംസ്ഥാനത്തെ ന്യുനപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ സമസ്ത മേഖലകളിലും നടമാടുന്ന കടുത്ത ഹിന്ദുവര്‍ഗ്ഗീയത, കോവിഡിനെ കൈകാര്യം ചെയ്തത്തിലെ വീഴ്ചകള്‍ തുടങ്ങി ഒട്ടനവധി ദേശീയ സംസ്ഥാന പ്രാദേശിക വിഷയങ്ങളുടെ പേരില്‍ ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതിനെ എങ്ങനെ ഫലപ്രദമായി ഏകോപിക്കുവാനും മുഖ്യഎതിരാളിയായ ബിജെപിക്കെതിരായ പോരാട്ടമായി മാറ്റുവാന്‍ കഴിയുന്നു എന്നതിനെ ആശയിച്ചായിരിക്കും രണ്ടായിരത്തി ഇരുപത്തിരണ്ടിലെ യു പി നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം കുടികൊള്ളുന്നത്. പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചു എന്ന് പറയാറായിട്ടില്ല. ദീപാവലിക്കും ചാറ്റ് പൂജയ്ക്കും ശേഷം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകളും ചിന്തകളും ചൂട് പിടിച്ചു വരുന്നതേയുള്ളു. അതില്‍ സുപ്രധാനമായ പങ്ക് വഹിക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളു.

(ലേഖകന്‍ സമാജ് വാദി ജനത പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply