ബാലിത്തണ്ടയും നഖമൂര്‍ച്ചയും

കഷ്ടജീവിതത്തില്‍ സ്വന്തം ചോര നീറ്റിയുണ്ടാക്കിയ പാട്ടുകളുടെയും വാക്കുരിയുടെയും അധികാരികള്‍ തങ്ങളാണെന്ന് തെയ്യക്കാരന്‍ പ്രഖ്യാപിക്കുകയാണ്. തെയ്യത്തിന്റെ ഇന്നോളമുള്ള ചരിത്രത്തെ കോലധാരികള്‍ തന്നെ തിരുത്തിയെഴുതുന്നു. തെയ്യം കെട്ടിയാടുന്നവരുടെ കൂട്ടായ യത്നത്തിലൂടെ ഇറങ്ങിയ, ”മുന്നൂറ്റി ഒന്നാമത്തെ രാമായണം, തോറ്റവരുടെ അതിജീവനം ആഖ്യാനം” എന്ന ആദ്യപുസ്തകത്തെ കുറിച്ച് ഗ്രന്ഥകര്‍ത്താവ് വി. കെ. അനില്‍കുമാര്‍.

മുന്നൂറ് രാമായണങ്ങളിലെ ഒന്നാമത്തെ രാമായണത്തെക്കുറിച്ചാണ്. രാമായണം എന്തെന്നറിയുന്നതിന് മുന്നം മനസ്സിലുറച്ചുപോയ ആദ്യത്തെ രാമായണാനുഭവം. മറഞ്ഞുപോയ മനുഷ്യരുടെ പോര്‍വിളിയും നിലവിളിയും വരവിളിയുമുറയുന്ന മണ്ണോര്‍മ്മകള്‍ പഴങ്കാലത്തെ പാടിപ്പൊലിപ്പിക്കുന്നു. തെയ്യം ഒരു നാടിന് പകര്‍ന്നുകൊടുക്കുന്ന അവബോധം പലതാണ്. വീടിനടുത്ത് ആശാരിമാരുടെ ചീര്‍മ്മക്കാവില്‍ ഓലച്ചൂട്ടിലാളുന്ന ബാലിത്തെയ്യം. രാത്രിയെ പിളര്‍ക്കുന്ന ബാലിദൈവത്തിന്റെ വനഗര്‍ജ്ജനങ്ങള്‍. ചെറുപ്പംമുതലേ കണ്ടുകണ്ട് മനസ്സിലുറച്ചുപോയ തെയ്യപ്പെരുമ. ചരിത്രത്തത്തിന്റെ ഇരുളടഞ്ഞ നിലവറകളിലേക്ക് തുറക്കുന്ന താക്കോലാണതെന്ന് പിന്നീട് മനസ്സിലായി. ഇന്ന് നിലനില്ക്കുന്ന രാമസങ്കല്പങ്ങളുടെ ഗരിമയെ ചോദ്യം ചെയ്യുന്നതിനായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉയിര്‍ത്ത രാമായണത്തെയ്യം. നമ്മുടെ മണ്ണില്‍ പൊടിച്ച രാമായണമാണെന്നറിയാതെ ജനങ്ങള്‍ ബാലിത്തെയ്യത്തെ തങ്ങളുടെ സങ്കടങ്ങള്‍ക്കൊപ്പം കൂടിക്കണ്ടു. മണ്ണില്‍ കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ നെടുബാലിയന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവിന്റെ നീറ്റമറിഞ്ഞു. തെയ്യക്കാരനായ മനുഷ്യന്റെ മെയ്‌ക്കെഴുത്തിലെ ആര്യദൈവത്തിന്റെ അമ്പടയാളങ്ങളില്‍ ബാലിക്കൊപ്പം കീറിമുറിഞ്ഞു. ചതി എങ്ങനെ ഒരു ദൈവപ്പിറവിക്ക് നിമിത്തമാകുന്നവുവെന്ന സത്യം വടുകെട്ടിയ തെയ്യശരീരത്തില്‍ നിന്നും വായിച്ചെടുത്തു. തോറ്റുപോയ നിസ്വജനത രാമരാജ്യത്തിന് കീഴ്‌പ്പെടാത്ത സ്വന്തം നാടിന്റെ അഭിമാന്യത്തെ കളിയാട്ടമുറ്റത്ത് നിറയെപ്പൊലിയെക്കണ്ടു.

തൃക്കരിപ്പൂരിലെ കൊയോങ്കര ചീര്‍മ്മക്കാവിലെ ബാലിത്തെയ്യം തട്ടിത്തെറിപ്പിച്ച മേലേരിക്കനല്‍ അണയാതെ ഉള്ളിലെരിഞ്ഞുകൊണ്ടിരുന്നു. വടക്കേന്‍ഭാഗത്തു പുകയുന്ന നിരിപ്പിനെക്കാള്‍ ഉള്ളുവെന്ത തെയ്യക്കാരുടെ നേരനുഭവങ്ങളാണ് മുന്നൂറ്റി ഒന്നാമത്തെ രായാണചിന്തയെ ആളിക്കത്തിച്ചത്. പകരം വെക്കാനില്ലത്ത ജ്ഞാനശാസ്ത്രങ്ങളുടെ അധികാരികളായ എത്രയെത്ര കനലാടിമാര്‍ നമ്മെക്കടന്നുപോയി. രാമായണത്തിന്റെ അന്തസ്സും ആഭിജാത്യവുമുള്ള ഭൂമിക നിഷേധിക്കപ്പെട്ട തെയ്യക്കാരും തെയ്യവും എഴുതാനുള്ള വല്ലാത്ത ഉള്‍പ്രേരണയായി. അനുഷ്ഠാനത്തിനപ്പുറത്തേക്ക് അസ്തിത്വം നിഷേധിക്കപ്പെട്ട ഇതിഹാസസമാനരായ എത്രയോ കോലധാരികള്‍ പകര്‍ന്ന അറിവുകള്‍ എഴുത്തിന് തുണയായി. ചരിത്രം പടിയടച്ച് പുറത്താക്കിയ ഓരോ തെയ്യക്കാരനും ഓരോ ചരിത്രപുസ്തകമാണ്. പക്ഷേ അത് വായിക്കാനുള്ള ലിപിവിജ്ഞാനം ആര്‍ക്കാണുള്ളത്. മണ്ണിന്റെ നേരായി മാറിയ തെക്കുംകര കണ്ണന്‍കര്‍ണ്ണമൂര്‍ത്തിയും സജിത്പണിക്കരും ഓര്‍മ്മയുടെ മറപിളര്‍ന്ന് ഉള്ളിലുറഞ്ഞാടുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബാലിത്തെയ്യം പാതിയില്‍ ഇടറിവീണ ഒരു ദൈവജീവിതം മാത്രമല്ല പറയുന്നത്. നമ്മള്‍ നടന്നു തീര്‍ത്ത വഴികളിലത്രയും ബാലിയുടെ ചോരയിറ്റിവീണിട്ടുണ്ട്. ബാലിപ്പെരുമാള്‍ കഴിഞ്ഞുപോയ കാലത്തിന്റെ ഗോത്രരൂപകമാണ്. പര്‍വ്വതങ്ങളിലും മലങ്കാടുകളിലും വസിക്കംചെയ്യുന്ന ബാലി നമ്മുടെ വീട്ടുമുറ്റത്ത് പിന്നിട്ടുപോയ കാലത്തെക്കൂടി ആടിപ്പൊലിപ്പിക്കുന്നുണ്ട്. കാടോര്‍മ്മകള്‍ കെട്ടുപോയിട്ടില്ലാത്ത ജീവിതത്തെ ബാലി ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. തെയ്യച്ചമയങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ബാലിത്തണ്ടയെന്ന വാലും നഖങ്ങളും. നമ്മുടെ തന്നെ ഗോത്ര സംസ്‌കൃതിയുടെ ആരണ്യകമുദ്രകള്‍. മണ്ണില്‍ നിലനില്‌ക്കേണ്ടുന്ന നീതിയുടെ ശേഷിപ്പുകളായി നെടുബാലിയന്റെ ശൗര്യമുള്ള വാലും പോര്‍വീര്യമുറയുന്ന നഖങ്ങളും കനലാടിമാര്‍ കാത്തുസൂക്ഷിച്ചു. കൊടുംചതിയുടെ കാട്ടുതീയില്‍ എരിഞ്ഞു തീരാതിരിക്കാന്‍ ജന്തുവാസനയുള്ള തെയ്യച്ചമയങ്ങള്‍ക്ക് സവിശേഷസ്ഥാനം കല്പിച്ചു.

ലോകാധിപതിയായ രാമനെതിരെ ബാലി സ്വന്തം ജീവരക്തം ചീന്തിപ്പാടിയ രാമായണപ്പാട്ടുകളുണ്ടാക്കിയത് മുഖ്യധാരാസമൂഹം ഒരു വിലയും കല്പിച്ചിട്ടില്ലാത്ത തെയ്യക്കാരാണ്. തെയ്യമെന്ന അതിവിപുലമായ വിജ്ഞാനത്തിന്റെ ഉടമസ്ഥരും അവകാശികളും തെയ്യക്കാരല്ലാതെ മറ്റാരുമല്ല. തെയ്യക്കാരന്‍ അവന്റെ ജ്ഞാനാധികാരം ഈ സമൂഹത്തോടുച്ചത്തില്‍ വിളിച്ചുപറഞ്ഞ വെളിപാടുകളാണ് ഉള്ളുപിടഞ്ഞ് അവന്‍ പാടിയ തോറ്റംപാട്ടുകള്‍. പക്ഷേ പുതിയ കാലം പുതിയ ലോകക്രമം തെയ്യക്കാരെ അവഗണനയുടെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിര്‍ത്തി. തെയ്യത്തിനും തെയ്യവിജ്ഞാനീയത്തിനും പുതിയ അവകാശികളുണ്ടായി. ഒരു കാട്ടുമൃഗത്തെ അതിന്റെ സ്വാഭാവിക പ്രകൃതിയിലേക്ക് തുറന്നുവിടുന്നതുപോലെ തെയ്യത്തിന്റെ ആട്ടവും പാട്ടും രാമായണവും തെയ്യക്കാര്‍ക്ക് തിരികെ നല്കുക. ആ തിരിച്ചറിവാണ് ഈ ഗ്രന്ഥരചനയുടെ ആധാരം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്നൂറ്റൊന്നാമത്തെ രാമായണത്തിലേക്കുള്ള വനയാത്രകള്‍ ഒട്ടും എളുപ്പമായിരുന്നില്ല. തോറ്റം പാട്ടിന്റെയും തെയ്യം അനുഷ്ഠാനത്തിന്റെയും കഠിനപഥങ്ങള്‍. ബാലിത്തെയ്യം കെട്ടിയാടിയ തെയ്യക്കാരുമായുള്ള ദീര്‍ഘസംഭാഷണങ്ങള്‍, രാമായണത്തിന്റെ ചോരക്കറയുണങ്ങാത്ത കാവുകളിലൂടെയുള്ള സഞ്ചാരങ്ങള്‍. തെയ്യത്തിന്റെ ഗവേഷണവഴികളിലല്ല ബാലിയുടെ ബലിപ്പാട്ടുകള്‍ കണ്ടെടുത്തത്. ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പിടിതരാത്ത തെയ്യജീവിതത്തിന്റെ എകര്‍ന്ന കൊമ്പിലേക്ക് തന്നെയാണ് നടന്നത്. മുന്നില്‍ കൈവിളക്ക് പിടിച്ച് ഒരുപാടു പേരുണ്ടായിരുന്നു. മാങ്ങാട് ദാസന്‍പെരുവണ്ണാന്‍, കുഞ്ഞിമംഗലം രാജേഷ്‌പെരുവണ്ണാന്‍, സജീവ്കുറുവാട്ട്, മാറ്റാങ്കീല്‍ കണ്ണപെരുവണ്ണാന്‍, തലോറ മുത്തുകൃഷ്ണന്‍ ആചാരി, തമ്പാന്‍വിശ്വകര്‍മ്മന്‍ അങ്ങനെ ചില പേരുകള്‍ മാത്രമിവിടെ കുറിക്കുന്നു. തെയ്യത്തിലെ രാമായണ വിചാരങ്ങള്‍ മുമ്പേതന്നെ മുന്നൂറ്റിയൊന്നാമത്തെ രാമായണം, എട്ടാമത്തെ വന്‍മരം, കുരങ്ങുകളിക്കാരുടെ കെണി എന്നിങ്ങനെയായി ദേശാഭിമാനി, പച്ചക്കുതിര, ട്രൂകോപ്പി എന്നീ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ സ്വന്ത്രവും സമ്പൂര്‍ണ്ണവുമായ ഒരൊറ്റ ആഖ്യാനത്തിലേക്ക് വഴിമാറുകയാണ്. എഴുത്തിന്റെ വിഷമസന്ധികളില്‍ പിതൃസമാനമായ വാത്സല്ല്യത്തോടെ കൂടെ നിന്ന അതിയടം കുഞ്ഞിരാമന്‍പെരുവണ്ണാന്‍. സുഹൃത്തും ഗരുതുല്ല്യനുമായ വൈ.വി. കണ്ണന്‍മാസ്റ്റര്‍. ഈ ഉദ്യമം ഇവരെക്കൂടാതെ പൂര്‍ണ്ണമാകില്ല.

കഷ്ടജീവിതത്തില്‍ സ്വന്തം ചോര നീറ്റിയുണ്ടാക്കിയ പാട്ടുകളുടെയും വാക്കുരിയുടെയും അധികാരികള്‍ തങ്ങളാണെന്ന് തെയ്യക്കാരന്‍ പ്രഖ്യാപിക്കുകയാണ്. തെയ്യത്തിന്റെ ഇന്നോളമുള്ള ചരിത്രത്തെ കോലധാരികള്‍ തന്നെ തിരുത്തിയെഴുതുന്നു. ആദ്യമായി തെയ്യക്കാരുടെ നേതൃത്വത്തില്‍ ഒരു പുസ്തകമിറങ്ങുകയാണ്. തെയ്യം കെട്ടിയാടുന്നവരുടെ കൂട്ടായ യത്‌നത്തിലൂടെ ആദ്യപുസ്തകം വെളിച്ചപ്പെടുന്നതില്‍ അതിയായ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. ചില കണ്ടുമുട്ടലുകള്‍ പുതിയ ചരിത്രത്തിന് തിരിതെളിയിക്കുന്നതാണ്. നിരന്തരം എഴുതുവാനും അത് പുസ്തകമാക്കുവാനും നിര്‍ബന്ധിച്ച് കൂടെനിന്ന സതീശന്‍മോറാഴ. പലതായി ചിതറിക്കിടക്കുന്ന തെയ്യംകെട്ട് സൂഹത്തെ ഒരുകുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമകരമായ ഉദ്യമത്തിനാണ് ഉത്തരമലബാര്‍ തെയ്യം അനുഷ്ഠാന അവകാശസംരക്ഷണ സമിതി തുടക്കം കുറിച്ചിരിക്കുന്നത്. ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യപുസ്തകം ബാലിരാമായണം വായനക്കാരിലേക്കെത്തുകയാണ്.

രാമായണവും തെയ്യവും അറ്റം കാണാത്ത കടലാഴങ്ങളാണ്. വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് ജീവിതങ്ങളെ സമന്വയിക്കാനുള്ള ശ്രമമാണ്. രാമായണപാരായണ സംസ്‌കാരം നിലനിന്നിട്ടില്ലാത്ത ഒരു നാടിന്റെ രാമായണവിചാരമാണിത്. അടിമുടി ചോരയില്‍ മുങ്ങിയ തെയ്യത്തില്‍ രാമായണം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന അന്വേഷണം. തുളുനാടിന്റെ നിറത്തിലും വാക്കിന്റെ വളര്‍മ്മയിലുമാണ് രാമായണത്തെയ്യത്തെ നിറപ്പിച്ചെഴുതിയിരിക്കുന്നത്. ബലിയായ ബാലിദൈവം ശേഷിപെട്ട മലങ്കാടും മാല്ല്യവാന്‍ പര്‍വ്വതവും കാട്ടുപൂക്കളുടെ സൗരഭ്യവും പുതുകാലത്തെ കാനനക്കാഴ്ചകളാണ്. വായനയുടെ പുതുവിചാരങ്ങള്‍ക്കായി വനചിഹ്നങ്ങളായ ബാലിത്തണ്ടയും നഖമൂര്‍ച്ചയും മൃഗസുഗന്ധവും കലങ്ങിമറിയുന്ന കാലവും തയ്യാറായിരിക്കുന്നു.

പിടഞ്ഞുവീണവന്റെ ചോര ഇനി സംസാരിക്കട്ടെ….

മുന്നൂറ്റി ഒന്നാമത്തെ രാമായണം – തോറ്റവരുടെ അതിജീവനം ആഖ്യാനം
വി കെ അനില്‍കുമാര്‍

ഉത്തരമലബാര്‍ തെയ്യം അനഷ്ഠാന അവകാശ സംരക്ഷണ സമിതി, കണ്ണൂര്‍
ഫോണ്‍ – 9744969304, 6282955278
വില – 250

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply