ലോകം ഉഷ്ണതരംഗങ്ങളുടെ പിടിയില്‍
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ താപനില കുതിച്ചുയര്‍ന്നതിന് പല ഘടകങ്ങളാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏഴു കൊല്ലങ്ങളില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട എല്‍ നിനോ പ്രതിഭാസമാണ് കടുത്ത ചൂടിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ വന്‍ കരകളില്‍ ഉണ്ടായിട്ടുള്ള കനത്ത ഉഷ്ണ തരംഗങ്ങളാണ് മറ്റൊരു പ്രധാന കാരണം.
174 വര്‍ഷം മുമ്പ് ലോകമെമ്പാടും താപനില അളക്കുവാന്‍ തുടങ്ങിയതിനു ശേഷമുള്ള നാളുകളിലെ ഏറ്റവും ഉയര്‍ന്ന താപനില 2023 ജൂണിലാണ് ഉണ്ടായിരിക്കുന്നത് എന്ന് അമേരിക്കന്‍ സ്ഥാപനമായ എന്‍ഓഎഎ പ്രഖ്യാപിച്ചിരുന്നു.
ജൂലൈയില്‍ ആദ്യത്തെ 20 ദിവസങ്ങളില്‍ 18 ദിവസങ്ങളിലും ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ജൂലൈ 3ന് 17.01 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ അടുത്ത ദിവസം തന്നെ മാധ്യമങ്ങള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടായി അതിനെ രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ അടുത്ത നാളുകളില്‍ അത് പിന്നെയും വര്‍ദ്ധിച്ച് ജൂലൈ 6 എത്തിയപ്പോള്‍ 17.23 ഡിഗ്രി ആയി ഉയര്‍ന്നു.
ഇതു വായിക്കുന്നവര്‍ക്ക് സ്വാഭാവികമായും മേല്‍പ്പറഞ്ഞ ശരാശരി താപനില 17 ഡിഗ്രി എന്നത് കുറഞ്ഞ അളവല്ലേ, നമ്മുടെ നാട്ടില്‍ പോലും 30 ഡിഗ്രിക്ക് മേല്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ എന്നൊക്കെ സംശയം തോന്നാം. ആഗോള ശരാശരി താപനില എന്നത് ഏതെങ്കിലും ഒരു പ്രദേശത്തെ താപനില അല്ല. ഇത് കരയിലും കടലിലും ധ്രുവപ്രദേശങ്ങളിലെ ഐസ് പാളികളിലും മലമുകളിലെ മഞ്ഞുമേഖലകളിലും ഒക്കെയുള്ള താപനിലകളുടെ ശരാശരിയാണ്. ഇപ്പറഞ്ഞതില്‍ മഞ്ഞു മേഖലകളില്‍ താപനില പലപ്പോഴും പൂജ്യത്തിന് താഴെ ആയിരിക്കുകയും ചെയ്യുന്നുണ്ട്. ഇതു കൊണ്ടാണ് ശരാശരി 17 ഡിഗ്രിയായിരിക്കുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇപ്രകാരം താപനില കുതിച്ചുയര്‍ന്നതിന് പല ഘടകങ്ങളാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏഴു കൊല്ലങ്ങളില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട എല്‍ നിനോ പ്രതിഭാസമാണ് കടുത്ത ചൂടിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ വന്‍ കരകളില്‍ ഉണ്ടായിട്ടുള്ള കനത്ത ഉഷ്ണ തരംഗങ്ങളാണ് മറ്റൊരു പ്രധാന കാരണം.
താപനില വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍
ഉഷ്ണതരംഗങ്ങള്‍ മുഖ്യമായും രണ്ടു തരത്തിലാണ് ഉള്ളത്. Heat Domesന്റെ രൂപീകരണവും, Anticyclonesന്റെ വരവും ആണ് ഉഷ്ണതരംഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമുദ്രങ്ങളിലെ ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതും അത്യുഷ്ണത്തിന് കാരണമാവുന്നുണ്ട്.
ആത്യന്തികമായി നാം എത്തിച്ചേര്‍ന്നിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി തന്നെയാണ് വര്‍ത്തമാന കാല അത്യുഷ്ണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ കൂടുതലായി അന്തരീക്ഷത്തിലേക്ക് തുറന്നു വിടപ്പെടുന്നതിന്റെ ഫലമായി ഭൗമഗ്രഹം കൂടുതല്‍ ചൂടുള്ളതായി മാറുന്നു. ഇതിന് പുറമേയാണ് കടുത്ത കാലാവസ്ഥാ മാറ്റങ്ങള്‍, നേരത്തേ സൂചിപ്പിച്ചതു പോലെയുള്ള സംഭവങ്ങള്‍ ഒക്കെ ഉണ്ടാവുന്നത്. ഇവയുടെ ആവൃത്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
2015ല്‍ പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ 196 രാജ്യങ്ങള്‍ സംയുക്തമായി തീരുമാനിച്ചത് വ്യാവസായിക പൂര്‍വ്വ കാലഘട്ടത്തെ അപേക്ഷിച്ച് താപ നില വര്‍ദ്ധനവ് 2 ഡിഗ്രിയില്‍ കൂടരുത് എന്നായിരുന്നു. കഴിയുന്നതും 1.5 ഡിഗ്രിയില്‍ കൂടാതെ നോക്കണം എന്നും അന്ന് തീരുമാനിക്കപ്പെട്ടു. ഇതിന് കാരണം, 1.5 ഡിഗ്രിയ്ക്ക് അപ്പുറത്തേയ്ക്ക് താപ നില വര്‍ദ്ധിച്ചാല്‍ പോലും അത് പരിസ്ഥിതിയേയും മനുഷ്യരുടെ ആരോഗ്യത്തെയും ഭക്ഷ്യസുരക്ഷയേയും ജൈവ വൈവിദ്ധ്യതയേയും സാമൂഹികസ്ഥിരതയേയും ബാധിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ Inter Govermental Panel on Climate Change (IPCC)ന്റെ സമീപകാല റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത് 19ാം നൂറ്റാണ്ട് മുതല്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി താപനില ഇതിനോടകം തന്നെ 1.1 ഡിഗ്രി വര്‍ദ്ധിച്ചതിനാല്‍ 2030നും 2052നും ഇടയില്‍ 1.5 ഡിഗ്രി താപ നില വര്‍ദ്ധനവ് മറികടക്കുക തന്നെ ചെയ്യുമെന്നാണ്. ഇത് കോടിക്കണക്കിന് ജനങ്ങളെയാണ് ദുരിതത്തിലാഴ്ത്താന്‍ പോകുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നാം നമ്മുടെ പ്രവൃത്തികള്‍ മൂലം വലിയൊരു ദുരന്തത്തെ സൃഷ്ടിച്ചതിന്റെ ഫലമായി ഈ ലോകത്തെ, വിശേഷിച്ചും അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളിലെയും സമൂഹങ്ങളിലെയും ജനവിഭാഗങ്ങള്‍, കടുത്ത ദുരിതമനുഭവിക്കാന്‍ പോവുകയാണ്.
ഉഷ്ണതരംഗ ദുരിതങ്ങള്‍
ലോകത്തിന്റെ നല്ലൊരു ഭാഗവും ചുട്ടുപൊള്ളുകയാണ് എന്നത് വസ്തുതയാണ്. എന്നാല്‍ അവയുടെ കാരണങ്ങള്‍ ഓരോ പ്രദേശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. അമേരിക്കയിലും അല്‍ജീരിയയിലും heat domes ആണ് ഉഷ്ണ തരംഗങ്ങള്‍ അഴിച്ചു വിട്ടിരിക്കുന്നതെങ്കില്‍ യൂറോപ്പില്‍ ആകമാനം വീശിയടിക്കുന്ന, ആഫ്രിക്കയില്‍ നിന്നും ഉയിര്‍ക്കൊണ്ട രണ്ട് Anticyclone കളാണ് കാരണം.
എന്താണ് മേല്‍പ്പറഞ്ഞ Heat Domes, Anticyclones എന്നും അവ എപ്രകാരമാണ് ഉഷ്ണതംരഗങ്ങള്‍ ഉണ്ടാക്കുന്നത് എന്നും മനസ്സിലാക്കാന്‍ ശ്രമിക്കാം. Anticyclone എന്നത് ഒരു ഉന്നത മര്‍ദ്ദ സംവിധാനമാണ്. ഇതില്‍ വായു ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തിച്ചേരാന്‍ താഴേക്ക് സഞ്ചരിക്കുന്നു. വായുവിന്റെ തന്മാത്രകള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുമ്പോള്‍ അവ കൂടുതല്‍ ചൂടുള്ളതായിത്തീരുന്നു. ഇത് ആ പ്രദേശത്ത് വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ സൃഷ്ടിക്കുന്നു. ഇവിടെ കാറ്റ് മന്ദഗതിയിലുള്ളതും ശാന്തവുമായിരിക്കും. വായുവിന്റെ ദിശ ആകാശത്തു നിന്നും താഴേക്ക് ആയതിനാല്‍ മേഘങ്ങള്‍ രൂപപ്പെടുന്നില്ല.
മറിച്ച് Heat domesന്റെ കാര്യത്തില്‍ ഇതുണ്ടാകുന്ന പ്രദേശത്ത് ഉന്നത മര്‍ദ്ദം ദിവസങ്ങളോളമോ ആഴ്ചകളോളമോ നിലനില്‍ക്കുന്നതായി കാണാന്‍ സാധിക്കും. ഒരു പാത്രത്തിനകത്ത് അടപ്പിട്ട് കുറേ സമയത്തേയ്ക്ക് അടച്ചു വെച്ചിരിക്കുന്നതിന് സമാനമാണ് ഇത്. എത്രത്തോളം ഇത് നീണ്ടു നില്‍ക്കുന്നുവോ അത്രത്തോളം സമയം ചൂട് കൂടിയിരിക്കും. ഇത്തരത്തില്‍ ഏറെ നേരം നിലകൊണ്ടാല്‍ അത് മാരകമായ ഉഷ്ണതരംഗങ്ങള്‍ സൃഷ്ടിക്കും.
മേല്‍പ്പറഞ്ഞ രണ്ടു പ്രതിഭാസങ്ങളും കാലാവസ്ഥാ പ്രതിസന്ധിയുടെ സൃഷ്ടികളാണെന്ന് പറയാന്‍ കഴിയില്ല എന്നിരിക്കിലും കാലാവസ്ഥാ പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള താപനിലയുടെ വര്‍ദ്ധനവ് (ഇതാണല്ലോ 2015ലെ പാരീസ് ഉടമ്പടിയിലും ഐപിസിസി റിപോര്‍ട്ടുകളിലുമൊക്കെ ചര്‍ച്ചയായിട്ടുള്ളത്) ഈ ഉഷ്ണതരംഗ പ്രതിഭാസങ്ങളെ ശക്തിപ്പെടുത്താന്‍ വലിയ കാരണമായിട്ടുണ്ട് എന്നത് വസ്തുതയാണ്.
എല്‍നിനോ സാഹചര്യങ്ങള്‍
നേരത്തേ സൂചിപ്പിച്ചതുപോലെ ലോകത്തെമ്പാടും കടുത്ത ചൂട് സൃഷ്ടിക്കാന്‍ എല്‍നിനോ സാഹചര്യങ്ങള്‍ കാരണമാവുന്നുണ്ട്. ഭൂമദ്ധ്യരേഖാ പസിഫിക് (ശാന്ത) സമുദ്രത്തിലെ ജലത്തിന്റെ താപനില അസാധാരണമായി ഉയരുന്നതുമായി ബന്ധപ്പെട്ട കാലവസ്ഥയെയാണ് എല്‍നിനോ പ്രതിഭാസം കൊണ്ട് സൂചിപ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ വിശിഷ്ട ഏജന്‍സിയായ World Matereological Organisation (WMO)യാണ് ഏഴു വര്‍ഷത്തിനിടയില്‍ ആദ്യമായി എല്‍നിനോ പ്രതിഭാസം ഉണ്ടായതായി പ്രഖ്യാപിച്ചത്. (ആദ്യമായി 1600ല്‍ തെക്കനമേരിക്കയിലെ പെറു, ഇക്വഡോര്‍ കടല്‍ത്തീരത്ത് സ്പാനിഷ് മീന്‍പിടിത്തക്കാര്‍ ആണ് എല്‍നിനോ പ്രതിഭാസം തിരിച്ചറിഞ്ഞത്) 2023 ജൂണില്‍ പസിഫിക് സമുദ്രത്തില്‍ ജലത്തിന്റെ താപനില 0.5 ഡിഗ്രിയില്‍ കൂടിയതായി അമേരിക്കയിലെ ദേശീയ സമുദ്രാന്തരീക്ഷ സംവിധാനമായ എന്‍ഓഎഎ കണ്ടെത്തിയിരുന്നു. ഇത് എല്‍നിനോ പ്രതിഭാസമായി പ്രഖ്യാപിക്കപ്പെട്ടു. ണങഛയും എന്‍ഓഎഎയും എല്‍നിനോയുടെ പ്രത്യാഘാതങ്ങള്‍ വരുന്ന ഒരു കൊല്ലത്തേക്ക് താപനില ഉയര്‍ത്തുകയും കാലാവസ്ഥാ പാറ്റേണുകള്‍ മാറ്റി മറിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള പ്രദേശങ്ങളിലും സമുദ്രങ്ങളിലും താപ നില റെക്കോഡുകള്‍ ഭേദിക്കുമെന്നും WMO ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉഷ്ണതരംഗങ്ങളുടെ മാരക സ്വഭാവം
ഉയര്‍ന്ന താപനിലയൊടോപ്പം ഈര്‍പ്പമുള്ള അവസ്ഥ (humidtiy)യും കൂടി ഉണ്ടായാല്‍ ഉഷ്ണതരംഗങ്ങള്‍ മാരക സ്വഭാവം കൈവരിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ വിയര്‍പ്പ് ആവിയായി പോകാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവും. ഇത് ശരീരത്തിന്റെ താപനില സാധാരണ നിലയില്‍ സ്ഥിരപ്പെടാന്‍ സാദ്ധ്യമാവാത്ത അവസ്ഥയിലേക്ക് നയിക്കുകയും അത് സൂര്യാഘാതത്തിന് കാരണമാവുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. 40 ഡിഗ്രിക്ക് മുകളില്‍ ശാരീരിക താപനില ഉയരുന്ന വേളയിലാണ് ഇത് സംഭവിക്കുന്നത്.
2023 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ ഘര്‍ഘര്‍ എന്ന സ്ഥലത്ത് ഒരു യോഗത്തില്‍ പൊരിവെയിലത്ത് പങ്കെടുത്തു കൊണ്ടിരുന്നവരില്‍ സൂര്യാഘാതമേറ്റ് 13 പേര്‍ മരണപ്പെടുകയും 600ല്‍ പരം ആളുകള്‍ തളര്‍ന്നു വീഴുകയും ചെയ്തു. 2023 ജൂണ്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ കുറഞ്ഞത് 54 പേരെങ്കിലും സൂര്യാഘാതമേറ്റ് മരണപ്പെടുകയുണ്ടായി.
ഉഷ്ണതരംഗങ്ങളാല്‍ കഴിഞ്ഞ വര്‍ഷം യൂറോപ്പിലാകമാനം 62,000ഓളം ആളുകള്‍ താപ സംബന്ധമായ കാരണങ്ങളാല്‍ മരണപ്പെട്ടുവെന്ന് Nature Medicine പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം രേഖപ്പെടുത്തുന്നു.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിച്ച രാജ്യങ്ങള്‍ ഇനിപ്പറയുന്നു. (രാജ്യങ്ങളുടെ ലിസ്റ്റ് വാസ്തവത്തില്‍ അപൂര്‍ണമാണ്). എന്നിരുന്നാലും ആഗോളതലത്തില്‍ ഒരു ധാരണ ഉണ്ടാക്കാന്‍ ഇത് ഉപകാരപ്പെടും. വടക്കേ അമേരിക്ക യുഎസിലെ കാലിഫോര്‍ണിയ, അരിസോണ എന്നീ പ്രദേശങ്ങളും കനഡയും പരിശോധിക്കാം.
കാലിഫോര്‍ണിയ
കാലിഫോര്‍ണിയയില്‍, വിശേഷിച്ച് മരുഭൂമി പ്രദേശങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്. ഡത്ത് വാലി നാഷണല്‍ പാര്‍ക്കില്‍ 54.4 ഡിഗ്രി ചൂട് ജൂണ്‍ 17ന് രേഖപ്പെടുത്തി. അതു പോലെ ജൂലൈ 15ന് 53.3 ഡിഗ്രി രേഖപ്പെടുത്തി. ഇത് ലോകത്ത് ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടിയ രേഖപ്പെടുത്തപ്പെട്ട ചൂടാണ്. (ചൂട് 57 ഡിഗ്രി വരെ എത്തിയെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.)
വരള്‍ച്ചയും കാട്ടുതീയും ഉഷ്ണതരംഗങ്ങള്‍ സൃഷ്ടിച്ച അവസ്ഥ കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ത്തു. ജൂലൈയില്‍ കാലിഫോര്‍ണിയയുടെ 85 ശതമാനം പ്രദേശങ്ങളും വരള്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ടെന്ന് അമേരിക്കയിലെ വരള്‍ച്ചാ നിരീക്ഷക സ്ഥാപനം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ദശലക്ഷത്തില്‍ പരം ഏക്കര്‍ ഭൂമിയാണ് അഗ്നി ബാധയ്ക്ക് ഇരയായിട്ടുള്ളത്. വൈദ്യുതി തടസ്സങ്ങളും ജലലഭ്യതക്കുറവും കാലിഫോര്‍ണിയയെ ബാധിച്ചു.
കാലിഫോര്‍ണിയയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രമായി താപസംബന്ധമായ കാരണങ്ങളാല്‍ ചുരുങ്ങിയത് 25 പേരെങ്കിലും മരണമടഞ്ഞിട്ടുണ്ട്.
അരിസോണ
അമേരിക്കയിലെ തെക്കുപടിഞ്ഞാറുള്ള സ്റ്റേറ്റാണ് അരിസോണ. 2023 ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഗുരുതരവും ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്നതുമായ ഉഷ്ണതരംഗങ്ങള്‍ അരിസോണയില്‍ ഉണ്ടായി. ജൂണ്‍ 13ന് ശേഷം അരിസോണയിലെ ചൂട് മൂന്നക്ക ഫാരന്‍ഹീറ്റില്‍ നിന്ന് താഴേക്ക് വന്നിട്ടില്ല. 44 ഡിഗ്രിയോ അതില്‍ കൂടുതലോ ചൂട് അവിടെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അരിസോണയില്‍ ഈ വര്‍ഷം സൂര്യതാപമേറ്റ് 12 പേര്‍ മരണമടഞ്ഞിട്ടുണ്ട്. സൂര്യതാപവുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങളാല്‍ വേറെ 50 പേര്‍ മരിച്ചതായും സംശയിക്കുന്നു. മുതിര്‍ന്നവരെയും വീടില്ലാത്തവരെയും ആണ് മാരകമായ അവസ്ഥയിലേക്ക് പൊതുവേ ഉഷ്ണ തരംഗങ്ങള്‍ എത്തിക്കുന്നത്. ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു.
അരിസോണയില്‍ എയര്‍ കൂളറുകളുടെ ഉയര്‍ന്ന ഉപഭോഗം നിമിത്തം വൈദ്യുതിയുടെ ആവശ്യകതയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. വൈദ്യുതി തടസ്സങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് കൂടുതല്‍ ദുരിതങ്ങളിലേക്ക് ജനങ്ങളെ വലിച്ചിഴച്ചിരിക്കുന്നു.
ഉയര്‍ന്ന ചൂട് അരിസോണയില്‍ അഗ്നി ബാധകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇവ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളെ അവിടെ നിന്ന് നിര്‍ബന്ധിതമായി കൂടിയൊഴിപ്പിക്കുകയും ചെയ്തു.
അരിസോണയില്‍ വര്‍ഷങ്ങളായി ഉള്ള വരള്‍ച്ചയെ ഉഷ്ണതരംഗങ്ങള്‍ കൂടുതല്‍ വഷളാക്കിത്തീര്‍ത്തു. മണല്‍ക്കാറ്റ്, മിന്നല്‍പ്രളയങ്ങള്‍, ഉരുള്‍പൊട്ടലുകള്‍ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത ഇത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
കനഡ
കനഡയില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ ഉഷ്ണ തരംഗങ്ങളോടൊപ്പം നിരവധി തവണ കാട്ടുതീയും ഉണ്ടായി. കിഴക്കന്‍ കനഡയില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ താപവര്‍ദ്ധന അറ്റ്ലാന്റിക് കടല്‍ത്തീരം മുതല്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ അഗ്നിക്കിരയാക്കി. വരണ്ട കാലാവസ്ഥയും ശക്തമായ ഇടിമിന്നലുകളും നൂറുകണക്കിന് അഗ്നിബാധകള്‍ക്കാണ് വഴി തെളിച്ചത്. ദശലക്ഷക്കണക്കിന് ആളുകളെ ഈ ദുരന്തങ്ങള്‍ നേരിട്ട് ബാധിച്ചു.
യൂറോപ്പ്
യുറോപ്പിലെ ചില പ്രധാനപ്പെട്ട രാജ്യങ്ങളിലെ അവസ്ഥ പരാമര്‍ശിക്കുന്നത് ഉഷ്ണതരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കും.
ഇറ്റലി
ജൂലൈ പകുതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ഉഷ്ണതരംഗങ്ങളുടെ ഫലമായി താപനില 45 ഡിഗ്രി മറി കടന്നു.
ഇറ്റലിയിലെ മെറ്റീരിയോളജിക്കല്‍ സൊസൈറ്റി ഒരു ഉഷ്ണതരംഗത്തിന് ഇട്ടിരിക്കുന്ന പേര് സെര്‍ബേറസ് (Cerberus) എന്നാണ്. ‘ലോകമാകെ കടുത്ത പനി പിടി കൂടിയിരിക്കുന്നു. ഇറ്റലി അത് നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുന്നു ‘Italian Meteorological SociteybpsS തലവിയായ ലൂക്കാ മെര്‍ക്കാലി പ്രസ്താവിക്കുന്നു.
കടുത്ത ചൂടില്‍ ഇതിനോടകം ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടതായി ഔദ്യോഗികമായി ഇറ്റലിയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 44 വയസ്സുകാരനായ ഒരു റോഡ് നിര്‍മാണത്തൊഴിലാളിയായിരുന്നു പണിക്കിടെ കുഴഞ്ഞുവീണു മരിച്ചത്. ഇതിനെ തുടര്‍ന്ന് ഇത്തരം ചൂടുള്ള സന്ദര്‍ഭങ്ങളില്‍ തൊഴിലെടുപ്പിക്കുന്നതിനെതിരേ തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്. റോമില്‍ നിരവധി ടൂറിസ്റ്റുകള്‍ കടുത്ത ചൂടില്‍ മോഹാലസ്യപ്പെട്ടു വീണു.
ഇറ്റലിയിലെ റോം, ഫ്ളോറന്‍സ്, ബോലോഗ്ന അടക്കമുള്ള 27 നഗരങ്ങളില്‍ ഉഷ്ണതരംഗം മൂലം ജൂലൈ പകുതിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കയായിരുന്നു.
ഇതൊന്നും ഈ വര്‍ഷത്തില്‍ നടാടെ ഉണ്ടായ പ്രതിഭാസമല്ല. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ 18,000 പേരോളം ഉഷ്ണതരംഗങ്ങളുടെ ഫലമായി മരണപ്പെടുകയുണ്ടായി.
യൂറോപ്പില്‍ മിക്കയിടത്തുമെന്ന പോലെ ഇറ്റലിയിലും മിക്ക വീടുകള്‍ക്കും എയര്‍കണ്ടീഷനിങ്ങ് (എസി) സൗകര്യമില്ല. ഇത് ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. എന്നിട്ടും പുറത്ത് നടന്നാല്‍ സംഭവിക്കാവുന്ന നിര്‍ജലീകരണം കൊണ്ടുള്ള കുഴപ്പം ഒഴിവാക്കാന്‍ വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. മദ്യം ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. റോം പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൂളിങ്ങ് സ്റ്റേഷന്‍, സൗജന്യ ജല വിതരണം, ആരോഗ്യ പരിചരണ സൗകര്യം ഒക്കെ നടപ്പാക്കുന്നുണ്ട്.
ഇപ്പോള്‍ പുതിയ ഉഷ്ണ തരംഗം, പേര് ചാറണ്‍ (Charon) രംഗത്ത് വന്നിട്ടുണ്ട്. 2021ല്‍ ഇറ്റലിയിലെ സിസിലി ദ്വീപില്‍ ഉണ്ടായ 48.8 ഡിഗ്രി ചൂടിനെ ഇത് മറികടന്നേക്കും എന്ന് കണക്കുകൂട്ടുന്നുണ്ട്.
യുകെ
കഴിഞ്ഞ വര്‍ഷം എക്കാലത്തേക്കാളും വലിയ താപ നില യുകെയില്‍ രേഖപ്പെടുത്തിയത് ജൂലൈയിലായിരുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ ചാറണ്‍ ഉഷ്ണതരംഗം യൂറോപ്പില്‍ പലയിടത്തും നാശങ്ങള്‍ വിതയ്ക്കുമ്പോഴും കാര്യമായ പോറല്‍ ഇംഗ്ലണ്ടിന് ഇതു വരെ ഏല്‍ക്കേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതേ സമയം 2022ലാണ് യു കെയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 2022 ജൂലൈ 19ന് യുകെയില്‍ താപനില 40 ഡിഗ്രി മറികടന്നു. കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് 11.4 സെന്റിമീറ്റര്‍ കടല്‍ നിരപ്പ് ഉയരുകയുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് യുകെയില്‍ വരും വര്‍ഷങ്ങളില്‍ സമാനമായ കുഴപ്പങ്ങള്‍ ഉണ്ടാവാനാണ് സാദ്ധ്യത എന്നാണ്.
ജര്‍മ്മനി
ജര്‍മ്മനിയില്‍ താപനില 37 ഡിഗ്രിയോളം എത്തിയിട്ടുണ്ട്. ഇത് തന്നെ അഭൂതപൂര്‍വ്വമായ സംഭവമാണ് അവിടെ. ഇത് പുതിയ തൊഴില്‍ രീതികള്‍ക്കുള്ള ആഹ്വാനമാണ് ജര്‍മ്മനിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഫിസിഷ്യന്‍മാരുടെ ഫെഡറല്‍ അസോസിയേഷന്‍ തലവനായ ജോഹന്നാസ് നെസ്സന്‍ ആവശ്യപ്പെടുന്നത് വേനല്‍ക്കാലങ്ങളില്‍ അതിരാവിലെ ജോലി തുടങ്ങുകയും ഉച്ചനേരത്ത് മയക്കത്തിനും വിശ്രമത്തിനും സമയം നല്‍കുകയും ചെയ്യുക എന്നതാണ്.
ജര്‍മ്മന്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ, ഓരോ കമ്പനികളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത് എന്നിരിക്കെ എത്രത്തോളം ഇത് നടക്കുമെന്നത് യൂണിയനുകളുടെ സമ്മര്‍ദ്ദത്തെയും ചര്‍ച്ചകളെയും ഒക്കെ ആശ്രയിച്ചിരിക്കും.
സ്പെയിന്‍
സ്പെയിന്‍ അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാനറി ഐലണ്ടില്‍ ഉണ്ടായ തീപ്പിടിത്തം അവിടെ അന്തരീക്ഷത്തില്‍ ഉണ്ടായ കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായതായിരുന്നു. ഈ അഗ്നിബാധ ദിവസങ്ങളോളം തുടരുകയായിരുന്നു. 3500 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. 20 വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. 4000ഓളം പേര്‍ക്ക് അവിടെ നിന്ന് മാറിപ്പോകേണ്ടതായി വന്നു. അവിടെ പുറത്തിറങ്ങുന്ന ആളുകളോട് പുകയും പൊടിയും ഏല്‍ക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കാനും കഴിയുന്നതും വീട്ടിനുള്ളില്‍ കഴിയാനും നിര്‍ദ്ദേശമുണ്ടായി.
വിശ്വകലാകാരനായിരുന്ന സാല്‍വദോര്‍ ദാലിയുടെ നാടായ വടക്കു കിഴക്കന്‍ കാറ്റലോണിയയില്‍ താപ നില 45 ഡിഗ്രി മറി കടന്നു. ബാലെയാറിക് ഐലന്റില്‍ 44 ഡിഗ്രിയ്ക്ക് അടുത്ത് ചൂട് എത്തി.
നിരവധി പ്രദേശങ്ങളില്‍ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ ജനങ്ങളോട് ചൂട് കൂടിയ സമയത്ത് പുറത്തിറങ്ങാതിരിക്കാനും നിര്‍ജലീകരണം ഒഴിവാക്കാന്‍ വെള്ളം കുടിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജൂലൈയിലെ ആദ്യത്തെ 17 ദിവസങ്ങളിലെ ചൂട് 2015ലെയും 2022ലെയും ചൂട് കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന താപനില ഉണ്ടായ സമയത്തായിരുന്നു.
ഗ്രീസ്
ഗ്രീസില്‍ ഇതെഴുതുന്ന വേളയിലടക്കം ആഴ്ച്ചകളായി ഉഷ്ണതരംഗങ്ങള്‍ ശക്തമായി തുടരുകയാണ്. ചില പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രി കടന്നിരിക്കുന്നു. ഇതിന്റെ ഫലമായി ഗ്രീസില്‍ കടുത്ത വരള്‍ച്ച ഉണ്ടായിരിക്കുന്നു. മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നത് സസ്യജാലങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഗ്രീസില്‍ ഗുരുതരമായ അവസ്ഥയാണ് ഉഷ്ണതരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ ഒരു ഡസനിലേറെ അഗ്നി ബാധ ഉണ്ടായി. ഇത് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയെ ഭസ്മമാക്കി. നിരവധി വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും കത്തി നശിച്ചു. ടൂറിസ്റ്റുകള്‍ അടക്കം ജനങ്ങളെ നിര്‍ബന്ധിതമായി പുറത്താക്കേണ്ടി വന്നു. തീ ഉണ്ടാക്കി വിട്ട പുക അന്തരീക്ഷത്തെ മലിനമാക്കുകയും ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു.
പവര്‍ കട്ടുകള്‍, ജലക്ഷാമം, ഗതാഗതതടസ്സങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ധിപ്പിച്ച് സമീപ കാല ഉഷ്ണ തരംഗങ്ങള്‍ അതീവ ഗുരുതരമായ അവസ്ഥ ഗ്രീസില്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഏഷ്യ
ഏഷ്യയില്‍ ചൈനയും ഇറാഖും സൗദി അറേബ്യയും ഉഷ്ണ തരംഗങ്ങള്‍ മൂലം ഏറ്റവും വഷളായ അവസ്ഥയില്‍ എത്തിയ രാജ്യങ്ങളില്‍ പെടുന്നു. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ചൈനയുടെ കാര്യം മാത്രം പരിശോധിക്കാം.
ചൈന
ചൈനയില്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം മുതല്‍ പരിശോധിച്ചാല്‍ 2023ല്‍ റെക്കോര്‍ഡ് ചൂടാണ് രാജ്യത്തെമ്പാടും രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും ഉയര്‍ന്ന ചൂട് കുറയാതെ നിലകൊള്ളുകയാണ്.
കൂടിയ ചൂട് ചൈനയില്‍ ജീവഹാനിക്ക് കാരണമായതായും സൂര്യതാപമേര്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു കൂടാതെ കൂടിയ ചൂട് നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ വിളകളുടെ നാശത്തിനും കാരണമായി. ഇത് ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് വിലക്കയറ്റത്തിലേക്ക് നയിച്ചു.
ചില പ്രദേശങ്ങളില്‍ ജൂലൈ 16ന് താപനില 52 ഡിഗ്രി മറികടന്നതായി റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് 2015ലെ 50 ഡിഗ്രിയുടെ റെക്കോഡ് ഭേദിച്ചു.
താപനില വര്‍ദ്ധനവ് ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിലേക്ക് നയിച്ചു. പ്രാദേശിക സര്‍ക്കാരുകള്‍ വൈദ്യുതിയുടെ ഉപഭോഗം പരിമിതമെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ഗമന കവാടത്തില്‍ ചൂടു കുറയ്ക്കുന്നതിന് ഐസ് കട്ടകളുടെ ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.
കടുത്ത ചൂട് ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ഒഴിവാക്കാന്‍ ളമരല സശിശ എന്ന കണ്ണും മൂക്കും വായും ഒഴിച്ച് മറ്റെല്ലാ മുഖഭാഗങ്ങളും മൂടുന്ന ആവരണം ചൈനീസ് വനിതകള്‍ ഉപയോഗിക്കുന്നതും ഈ സമയത്ത് കാണാന്‍ കഴിയും.
വടക്കേ ആഫ്രിക്ക
വടക്കേ ആഫ്രിക്കയിലെ അല്‍ജീരിയയില്‍ താപനില 50 ഡിഗ്രി കടന്നു കൊണ്ട് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ ചൂടു കാരണമുള്ള മരണനിരക്ക് 34 കഴിഞ്ഞു.
അതുപോലെ അയല്‍ രാജ്യമായ ടുണീഷ്യയിലും 50 ഡിഗ്രിക്കടുത്ത് താപനില എത്തിയിട്ടുണ്ട്. മുമ്പ് സൂചിപ്പിച്ച രാജ്യങ്ങളിലേതു പോലുള്ള സകല ബുദ്ധിമുട്ടുകളും ഇവിടെയും ഉണ്ടായിട്ടുണ്ട്.
തീര്‍ച്ചയായും ലോകത്തിന്റെ സകലഭാഗങ്ങളിലും ഉഷ്ണതരംഗങ്ങള്‍ വിനാശം വിതച്ചു കൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഫലസ്തീനിലും സിറിയയിലും ജോര്‍ദ്ദാനിലും ഒക്കെ സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അമേരിക്കയും ചൈനയും
2016ലെ കണക്കനുസരിച്ച് ലോകത്തെ മൊത്തം ഹരിതഗൃഹ വാതകങ്ങളുടെ 43 ശതമാനവും സൃഷ്ടിക്കുന്നത് അമേരിക്കയും ചൈനയും കൂടിയാണ്.
പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ രണ്ടു രാജ്യങ്ങളും തങ്ങളുടെ ഭാഗത്തു നിന്നുള്ള വാതക നിര്‍ഗമനങ്ങള്‍ പരിമിതപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2025 ഓടു കൂടി ഹരിതഗൃഹവാതകങ്ങളുടെ തോത് 2005 ലുണ്ടായിരുന്നതിനേക്കാള്‍ 26.28 ശതമാനം വെട്ടിക്കുറയ്ക്കാമെന്നായിരുന്നു അമേരിക്ക വാഗ്ദാനം ചെയ്തത്. ചൈനയാകട്ടെ 2030ഓടെ ഹരിതഗൃഹവാതകങ്ങളുടെ പരമാവധി അളവ് കൂടാതെ നിര്‍ത്തുമെന്നും ഫോസിലേതര ഊര്‍ജ പങ്കാളിത്തം 20 ശതമാനം കൂടി 2030 ആവുമ്പോഴേക്കും വര്‍ദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
വിരോധാഭാസം എന്തെന്നു വെച്ചാല്‍ ഫോസില്‍ ഇന്ധന ഉടമസ്ഥരായ കോര്‍പറേറ്റുകള്‍ക്ക് അമേരിക്കയുടെയും ചൈനയുടെയും സര്‍ക്കാരുകള്‍ക്ക് മേല്‍ നല്ല സ്വാധീനമുണ്ട്. അതു പോലെ തന്നെ ഇതേ കോര്‍പറേറ്റുകള്‍ തന്നെയാണ് പലപ്പോഴും ഫോസിലേതര ഊര്‍ജ്ജനിലയങ്ങളുടെ വക്താക്കളായി രംഗത്തു വരുന്നതും.
അമേരിക്കയും ചൈനയും തങ്ങളുടെ രാഷ്ട്രീയ പക്ഷപാത നിലപാടുകളുടെ ഭാഗമായി പാരീസ് ഉച്ചകോടിയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്. അവയ്ക്കുള്ള മുന്‍ഗണന നല്‍കുന്നതിന് വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
2023 ജൂലൈയില്‍ അമേരിക്കയുടെ കാലാവസ്ഥാ പ്രതിനിധി ചൈനയുടെ സീ സെന്‍ഹുവായുമായി ബീജിങ്ങില്‍ വെച്ച് സമീപകാലത്ത് ഇരു രാജ്യങ്ങളിലും സംഭവിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയുണ്ടായി. എന്നാല്‍ ഒരു ഉടമ്പടിയും ഇതിന്റെ ഭാഗമായി ഉണ്ടായില്ല. ചൈനീസ് പ്രസിഡന്റ് ജീന്‍ പിങ് ഒടുവില്‍ പറഞ്ഞത് ചൈന സ്വന്തം തീരുമാനങ്ങളനുസരിച്ച് ഹരിതഗൃഹവാതക ലഘൂകരണ നടപടികള്‍ കൈക്കൊള്ളും എന്നായിരുന്നു.
അമേരിക്കയുടെ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിക്കുകയും ട്രംപ് കാലാവസ്ഥാ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ചൈനയില്‍ കെട്ടിയേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ചൈന ഇതിലൊക്കെ പ്രതിഷേധിച്ച് തങ്ങളുടെ ഹരിതഗൃഹവാതക ലഘൂകരണ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു ചെയ്തത്. ഇപ്പോള്‍ രണ്ടു രാജ്യങ്ങളിലും ഉഷ്ണ തരംഗങ്ങള്‍ ദുരിതങ്ങള്‍ വിതച്ചിട്ടും ലോകത്തെ ഏറ്റവും വലിയ മലിനീകരണ സ്രഷ്ടാക്കള്‍ക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുന്നത്.
പരിഹാരമെന്ത്?
ലോകത്തെമ്പാടും കാലാവസ്ഥാ പ്രതിസന്ധി ഗുരുതരമായ ഉഷ്ണതരംഗങ്ങളായും പ്രളയമായുമൊക്കെ പ്രത്യക്ഷപ്പടുകയും മുന്‍കാല റെക്കോഡുകളെ ഭേദിക്കുകയും അവയുടെ വിനാശം ദീര്‍ഘകാലത്തേക്ക് തുടരുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി മനുഷ്യസൃഷ്ടിയാണ് എന്ന് ശാസ്ത്രജ്ഞര്‍ അടക്കം വിദഗ്ധര്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ചതു പോലെ പരസ്പരം മല്‍സരിക്കുന്ന അമേരിക്കയുടെയും ചൈനയുടെയും സാമ്രാജ്യത്വ മുന്നണികളും Global North എന്ന് വിളിക്കപ്പെടുന്ന സമ്പന്നരാഷ്ട്രങ്ങളുമാണ് ഇതിന് മുഖ്യ ഉത്തരവാദികള്‍. സാമ്രാജ്യത്വ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്ന, അവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങളില്‍ നിന്ന് കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം പ്രതീക്ഷിക്കുന്നത് അബദ്ധമാവും എന്നു തന്നെയാണ് ഇന്നു വരെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
ആയതിനാല്‍ തന്നെ ബദല്‍ പരിഹാരനടപടികള്‍ കൈക്കൊള്ളാന്‍ പറ്റിയ തരത്തില്‍ മനുഷ്യന്‍ പ്രകൃതിയുടെ അധികാരിയല്ലെന്നും പ്രകൃതിയുടെ ഭാഗം മാത്രമാണെന്നുമുള്ള ആശയത്തെ മുന്നോട്ടു നയിക്കുന്ന നവ ഇടത് ചിന്തകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.
കടപ്പാട് – മറുവാക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in