സംഘപരിവാറിനെ രാഷ്ട്രീയമായി പ്രതിരോധിക്കണം
അനുദിനമാവര്‍ത്തിക്കുന്ന ദളിത് – സ്ത്രീ പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു ഗാന്ധിജയന്തി കൂടി കടന്നുപോയത്. യുപിയാണ് അതിന്റെ ഏറ്റവും പ്രധാന കേന്ദ്രമെങ്കിലും ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ കാര്യമായ അന്തരമൊന്നുമില്ല എന്നതാണ് ശരി. എന്നാല്‍ യുപിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ജനാധിപത്യത്തിന്റേയും സാമൂഹ്യനീത്ിയുടേയും എല്ലാ പരിധികളേയും ലംഘിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ കയ്യേറ്റം ചെയ്തതിലൂടെ അവക്കൊന്നും ഒരു വിലയും തങ്ങള്‍ കൊടുക്കുന്നില്ല എന്നാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി എത്രയോ ദളിത് സ്ത്രീ പീഡനങ്ങളാണ് യുപിയില്‍ നിന്നു പുറത്തുവരുന്നത്. കൂട്ടബലാല്‍സംഗങ്ങള്‍ മാത്രമല്ല, അതിനുശേഷം ഇരയുടെ കൈവെട്ടുക, കാല്‍ വെട്ടുക, നാവറുക്കുക, കൊന്നു കളയുടെ തുടങ്ങിയ ഭീകരതകളും ആവര്‍ത്തിക്കുന്നു. തീര്‍ച്ചയായും വാളയാറില്‍ ഉണ്ടായതിന്റെ ഏറ്റവും ക്രൂരതയാര്‍ന്ന മുഖം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പോലും ഇത്തരം സംഭവങ്ങളില്‍ പ്രതികളായിരുന്നു. കോടതിയില്‍ കേസെത്തുമ്പോള്‍ ഇരയുടെ വീട്ടുകാരേയും സാക്ഷികളേയും മറ്റും കൊന്നുകളയാനും ഇവര്‍ മടിക്കുന്നില്ല. ഭരണകൂടം ഇതിനെല്ലാം എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ തന്നെ വീട്ടുകാരുടെ സമ്മതമില്ലാതെ അര്‍ദ്ധരാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പെണ്‍കുട്ടിയുടെ വീട് സായുധപോലീസ് വളഞ്ഞിരിക്കുന്നു. അവിടേക്ക് ആരെങ്കിലും വരാനോ പുറത്തുപോകാനോ സമ്മതിക്കുന്നില്ല. പോലീസ് മാത്രമല്ല, ജില്ലാ മജിസ്‌ട്രേറ്റ്‌പോലും വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് രാഹുല്‍ ഗാന്ധിയെപോലുള്ള ഒരു നേതാവിനെ സാധാരണ പോലീസുകാര്‍ കയ്യേറ്റം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്.
തീര്‍ച്ചയായും ഇതൊന്നും ലിംഗനീതിയുടെ മാത്രം പ്രശ്‌നമല്ല. പച്ചയായ ജാതീയപീഡനം കൂടിയാണ്. യുപിയില്‍ ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങളെപോലെ ഇതിലും പ്രതികള്‍ സവര്‍ണ്ണവിഭാഗങ്ങള്‍ തന്നെ. തൊട്ടുകൂട്ടായ്മ മൂലം സവര്‍ണ്ണര്‍ ദളിതരെ ബലാല്‍സംഗം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്ന ഒരു കോടതിവിധി നിലനില്‍ക്കുന്ന രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്. ഇക്കാര്യത്തില്‍ തൊട്ടുകൂടായ്മയൊന്നുമില്ല എന്നതാണ് ആ വിധി പ്രഖ്യാപിച്ച കോടതി തിരിച്ചറിയാത്തത്. ഒരു കാഷായവേഷധാരിയാണ് ഇപ്പോള്‍ യുപി ഭരിക്കുന്നതെന്നത് യാദൃശ്ചികമാണെന്നു കരുതാനാകില്ല. ഇന്ത്യന്‍ ഭരണഘടനക്കു പകരം മനുസ്മൃതി പുനസ്ഥാപിക്കുക, ജനാധിപത്യത്തിനു പകരം ഫാസിസം നടപ്പാക്കുക, മതേതരത്വത്തിനു പകരം ഹിന്ദുത്വം രാജ്യം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് ആ കാഷായവേഷധാരി എന്നുതും യാദൃശ്ചികമല്ല. ഇത്തരം സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്നത് എന്നതും യാദൃശ്ചികമല്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ സംഭവങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ല. തങ്ങളുടെ ദീര്‍ഘകാലലക്ഷ്യം നേടുന്ന പ്രക്രിയയില്‍ സംഘപരിവാര്‍ പ്രധാനമായും ശത്രുപക്ഷത്തു നിര്‍ത്തിയിരിക്കുന്നവര്‍ പ്രധാനമായും ഈ വിഭാഗങ്ങളാണല്ലോ. ഇവര്‍ക്കേറ്റവും ഭീഷണിയായ ഇന്ത്യന്‍ ഭരണഘടനക്കു പകരം സ്ഥാപിക്കാനുദ്ദേശിക്കുന്ന മനുസ്മൃതിയിലെ നിര്‍ദ്ദേശങ്ങളാണ് വാസ്തവത്തില്‍ നടപ്പാക്കപ്പെടുന്നത്.
രാജ്യം നേരിടുന്ന, ഇനി കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്ന വര്‍ഗ്ഗീയരാഷ്ട്രീയം തന്നെയാണ് ഇവിടേയും പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടത്. പ്രത്യേകിച്ച് ഈ ഗാന്ധിജയന്തി ദിനത്തില്‍. ആ രാഷ്ട്രീയമാകട്ടെ ഇന്നോ ഇന്നലേയോ ആരംഭിച്ചതുമല്ല. സ്വാതന്ത്ര്യത്തിനുമുന്നെ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുക എന്നതുതന്നെയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും അതിന് അനുകൂലമായിരുന്നു. എന്നാല്‍ നേതൃത്വത്തിലേക്കുള്ള ഗാന്ധിയുടെ വരവായിരുന്നു അന്നതിനു പ്രധാന തടസ്സമായത്. താനൊരു സനാതനഹിന്ദുവാണെന്നും വര്‍ണ്ണാശ്രമത്തില്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞിരുന്നെങ്കിലും മതേതരരാഷ്ട്രം എന്നതുതന്നെയായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. ്‌ദ്ദേഹം പറഞ്ഞ രാമരാജ്യം ഇന്നു നാം കേള്‍ക്കുന്ന രാമരാജ്യത്തില്‍ നിന്നും ഏറെ അകലെയുമാണ്. അപ്പോഴും ഈ രാഷ്ട്രീയ.പരിണാമങ്ങളില്‍ ഗാന്ധിയെ കൂടി പ്രതിസ്ഥാനത്തുനിര്‍ത്തുന്ന ദളിത് വിഭാഗങ്ങളുണ്ട്. ് അവര്‍ക്കതിന് അതിന്റേതായ ന്യായങ്ങളുമുണ്ട്. അവ ശരിയുമാണ്. ജാതിവിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന അംബേദ്കര്‍ – ഗാന്ധി സംവാദങ്ങളില്‍ മിക്കവാറും അംബേദ്കര്‍ തന്നെയായിരുന്നു ശരിയെന്നും കാണാം. അപ്പോഴും വര്‍ഗ്ഗീയരാഷ്ട്രവാദികള്‍ക്ക് തൊട്ടുമുന്നിലെ തടസ്സം ഗാന്ധിയായിരുന്നു. അതിനാലാണ് അദ്ദേഹത്തെ അവര്‍ ഉന്മൂലനം ചെയ്തതും.
പതിറ്റാണ്ടുകളുടെ രാഷ്്ട്രീയചരിത്രങ്ങളിലൂടെ ഇന്ന് ഈ ശക്തികള്‍ തങ്ങളുടെ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ പ്രഖ്യാപനമാണ് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തെ വിധി. മറ്റെല്ലാ ഭരണകൂചട സ്ഥാപനങ്ങളേയും പോലെ കോടതിയേയും അവര്‍ നിയന്ത്രിക്കുന്നു. ഭൂരിപക്ഷമില്ലെങ്കിലും പാര്‍ലിമെന്റില്‍ നിയമങ്ങള്‍ പാസാക്കുന്നു. നേരത്തെ സൂചിപ്പിച്ചപോലെ ഭരണഘടനക്കു പകരം മനുസ്മൃതി പുനസ്ഥാപിക്കുന്നതിന്റെ റിഹേഴ്‌സലുകളാണ് ഈ നടക്കുന്നതൊക്കേയും. അതിനാല്‍ തന്നെ ഈ വിഷയത്തെ ലിംഗ – ജാതി വിഷയങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായി കൂടിയാണ് ജനാധിപത്യ – മതേതരവാദികള്‍ നേരിടേണ്ടത്. അത്തരം നീക്കത്തിനു കോണ്‍ഗ്രസ്സ് തുടക്കമിട്ടത് ആശാവഹമാണ്. തീര്‍ച്ചയായും രാജ്യത്തെ ഈയവസ്ഥയിലെത്തിച്ചതില്‍ കോണ്‍ഗ്രസ്സിനും പങ്കുണ്ട്. ബാബറി മസ്ജിദ് വിഷയത്തിലും അങ്ങനെതന്നെ. അപ്പോഴും ഗാന്ധിയുടെ കാലം മുതല്‍ ഇപ്പോഴും ആ പാര്‍ട്ടിയില്‍ വ്യത്യസ്ഥധാരകളുണ്ട്. നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം തുടരുമ്പോള്‍ ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് ഇടമുണ്ട്.
ഇത്തരം സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസക്തി ശക്തമാകുന്നത്. നെഹ്്‌റു കുടുംബത്തിന്റെ പാരമ്പര്യത്തില്‍ തന്നെയാണ് അദ്ദേഹം നേതൃത്വത്തില്‍ വന്നതെങ്കിലും തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന, ജനാധിപത്യത്തിലും മേതതരത്വത്തിലും സാമൂഹ്യനീതിയിലും അടിയുറച്ചു വിശ്വസിക്കുന്ന നേതാവാണദ്ദേഹം. പരമ്പരാഗത നേതാക്കളില്‍ നിന്നുള്ള വ്യത്യസ്ഥമായ ശൈലികളെ വിമര്‍ശിക്കുകയല്ല, പിന്തുണക്കുകയാണ് നാം വേണ്ടത്. ഇന്ത്യക്കിന്നാവശ്യം അത്തരം വ്യത്യസ്ഥമുഖമാണ്. നെഞ്ചളവിന്റേതല്ല, വിനയത്തിന്റെ വലുപ്പമാണ് ആധുനികകാല ജനാധിപത്യം ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയുമൊക്കെ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണക്കേണ്ട്ത് ജനാധിപത്യ മതേതരവാദികളുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. മറുവശത്ത് ചന്ദ്രശഖര്‍ ആസാദിന്റേയും മറ്റും നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭങ്ങളും നടക്കട്ടെ. അപ്പോഴും ഈ പോരാട്ടത്തില്‍ ഒരു രാഷ്ട്രീയമുഖം അനിവാര്യമാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ഹിന്ദുത്വരാഷ്ട്രവും മനുസ്മൃതിയും സ്ഥാപിക്കുക എന്ന ലക്ഷ്യത്തെ തകര്‍ക്കാന്‍ അതനിവാര്യമാണ്. അതാകട്ടെ വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ആരംഭിക്കുകയും വേണം. അത്തരമൊരു അവസ്ഥയിലേക്ക് ഉയരാന്‍ രാജ്യത്തെ ജനാധിപത്യ മതേതര ശക്തികള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ഇരുണ്ടതായി മാറുമെന്നതില്‍ സംശയമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in